ചവിട്ടുനാടകസ്വരൂപം

കേരളത്തിന്റെ ക്രൈസ്തവ തനിമ വിളിച്ചോതുന്ന വീരരസപ്രധാനമായ കലയാണ് ചവിട്ടുനാടകം. കേരളത്തിൻ്റെ തനതു കലാരൂപങ്ങളിൽ പ്രധാനപ്പെട്ട ഒന്നായി ചവിട്ടുനാടകത്തെ പരിഗണിച്ചുവരുന്നു. മദ്ധ്യകേരളത്തിൽ അധിവസിക്കുന്ന ക്രൈസ്തവസമൂഹത്തിനിടയിലാണ് ഈ കലാരൂപം ഉത്ഭവിക്കുകയും പ്രചരിക്കുകയും ചെയ്തത്. കേരളത്തിൻ്റെ തനത് ദൃശ്യകലാപൈതൃകവും യൂറോപ്യൻ നാടകസംസ്കാരവും സമ്മേളിക്കുന്ന സങ്കര കലാരൂപമാണിത്. പതിനഞ്ചാം നൂറ്റാണ്ടിൽ കേരളത്തിൽ കടന്നുവന്ന പോർച്ചുഗീസുകാരാണ് ഈ കലാരൂപം പ്രോദ്ഘാടനം ചെയ്തതെന്ന് വിശ്വസിച്ചുവരുന്നു. ക്രൈസ്തവ വിശ്വാസം പ്രചരിപ്പിക്കാനും വീരപുരുഷ ചരിതങ്ങൾ ജനങ്ങളിലെത്തിക്കാനുമാണ് ഈ കലാരൂപം ഉപയോഗിക്കപെട്ടത്. കേരളത്തിൽ പരമ്പരാഗതരീതിയിൽ കഴിഞ്ഞു വന്ന സുറിയാനി ക്രിസ്ത്യാനികളുടെ മദ്ധ്യത്തിൽ ലത്തീൻ കത്തോലിക്കാ സ്വാധീനം കടന്നുവന്ന കാലത്താണ് ഈ കലാരൂപം പ്രചരിച്ചത്. യൂറോപ്യൻ മദ്ധ്യകാലനാടകങ്ങളുടെയും കഥകളി, കളരിപ്പയറ്റ് മുതലായ കേരളീയ കലകളുടെയും സ്വാധീനം ഇതിൽ പ്രകടമാണ്. പാദങ്ങൾ കൊണ്ട് താളാത്മകമായി തറയിൽ ചവിട്ടി ആടുന്നത് കൊണ്ടാണ് ചവിട്ടുനാടകമെന്ന പേര് ലഭിച്ചത്. തടികൊണ്ട് നിർമ്മിച്ച തട്ടിലാണ് (സ്റ്റേജ്) ഇത് അവതരിപ്പിക്കാറ്. അതിനാൽ തട്ടുപൊളിപ്പൻ എന്ന പേരുകൂടി ഇതിനുണ്ട്. നാടകത്തിലുടനീളം ചുവടുകൾക്ക് വലിയ പ്രാധാന്യമുണ്ട്. പന്ത്രണ്ട് തരം ചുവടുകൾ ഇതിലുണ്ടെന്ന് പറയപ്പെടുന്നു. കഥാപാത്രങ്ങൾ പാടുകയും അഭിനയിക്കുകയും ചെയ്യുന്നതിനോടൊപ്പം താളാത്മകമായി ചവിട്ടുകയും ചെയ്യുന്നത് കാണികളെ ഹരം കൊള്ളിക്കുന്നു. ചരിത്രപ്രസിദ്ധമായ യുദ്ധങ്ങളും വീരഗാഥകളുമാണ് സാധാരണയായി ചവിട്ടുനാടകത്തിന് പ്രമേയമാകുന്നത്. 'കാറൾസ്മാൻ ചരിതം' 'ജെനോവ', 'ബ്രിജീത്ത ചരിതം' എന്നിവയാണ് ഏറ്റവും കൂടുതൽ അവതരിപ്പിക്കപ്പെടുന്ന നാടകങ്ങൾ. തിന്മയ്‌ക്കെതിരെയുള്ള നന്മയുടെ വിജയമാണ് പലപ്പോഴും ഇത്തരം നാടകങ്ങളിലെ സന്ദേശം. 

ചവിട്ടുനാടകത്തെ സൂക്ഷ്മമായി അപഗ്രഥിക്കുന്ന കൃതിയാണ് സെബീനാ റാഫിയുടെ ‘ചവിട്ടുനാടകം’. ചവിട്ടുനാടകസംഗീതം, ചുവടുകൾ, അഭിനയനൃത്യങ്ങൾ, മേളം, വേഷം, നാടകാഭ്യസനം, അരങ്ങേറ്റം, നാടകത്തട്ട്, കട്ടിയക്കാരൻ, സ്തുതിയോഗർ, തോടയപ്പെൺകൾ എന്നിങ്ങനെയുള്ള വിവിധ വേഷങ്ങൾ, ചില രംഗങ്ങൾ, പൊലിക്കൽ, മംഗളം മുതലായ ചടങ്ങുകൾ എന്നിവയൊക്കെ ഇതിൽ വിവരിക്കുന്നു.


1. സംഗീതപ്രധാനം

തുടക്കം മുതൽ ഒടുക്കംവരെയും സംഗീതത്തിന് പ്രാമുഖ്യം നൽകി രൂപപ്പെടുത്തിയ നൃത്തനാടകങ്ങളാണ് ചവിട്ടുനാടകങ്ങൾ. തൗര്യത്രികം എന്ന് നാട്യശാസ്ത്രം [ഭരതമുനിയാൽ എഴുതപ്പെട്ടത്] അനുശാസിക്കുന്ന നൃത്തവും ഗീതവും വാദ്യവും ഉചിതമാം വിധം ഇതിൽ അടങ്ങിയിരിക്കുന്നു. നടന്മാരാണ് പാടുക. പിന്നണിക്കാർ നടന്മാരുടെ പാട്ടിനനുസരിച്ചുപാടുന്നു. പാടിയഭിനയിച്ചുള്ള ചുവടുവെക്കലിന്, ഇതിവൃത്താനുസൃതമായ പശ്ചാത്തല സംഗീതവും താളമേളങ്ങളും കൊഴുപ്പേകുന്നു. സന്ദർഭോചിതമായ സംഗീതം കഥാപാത്രങ്ങളുടെ സ്വഭാവിഷ്‌കാരവും രസപ്രകടനവും എളുപ്പമാക്കുന്നു. സംഗീതം നിറഞ്ഞ തമിഴു വൃത്തങ്ങളിലാണ് ചവിട്ടുനാടകഗീതങ്ങൾ രചിക്കപ്പെട്ടിട്ടുള്ളത്. പ്രാസഭംഗി വേണ്ടുവോളം നല്കുന്നു. താളലയങ്ങൾ ദീക്ഷിച്ച് ശാസ്‌ത്രീയമായി സംവിധാനം ചെയ്യപ്പെട്ടവയാണ് ഗാനങ്ങൾ. അതിനാൽ ആരും ആകൃഷ്‌ടരാകും.

2. ചുവടുകൾ

നൃത്തപ്രധാനവുമാണ് ചവിട്ടുനാടകം. സംഗീതത്തോടൊത്തു പോകും വിധത്തിലാണ് ചുവടുകൾ. താണ്ഡവപ്രധാനമാണ് ചവിട്ടുനാടകം. സ്ത്രീവേഷങ്ങൾക്കു പതിഞ്ഞ ചുവടുകളുമുണ്ട്. ചുവടുകൾ 12 വിധം. ഇരട്ടിപ്പുകൾ, കലാശങ്ങൾ, ഇടക്കലാശങ്ങൾ, കവിത്തങ്ങൾ എന്നിങ്ങനെയുള്ള വൈവിദ്ധ്യം അടിസ്ഥാന ചുവടുകൾക്കുണ്ട്. അടിസ്ഥാന ചുവടുകൾ ഇടകലർത്തിയിട്ടുള്ളതാണ് കവിത്തം. കവിത്തം തെറ്റാതെ ചവിട്ടിയാൽ വലിയ കൈയടി കിട്ടും. 

3.അഭിനയനൃത്യങ്ങൾ

സംഗീതത്തിനും നൃത്തത്തിനും മാത്രമല്ല, അഭിനയത്തിനും നൃത്യത്തിനും ചവിട്ടുനാടകത്തിൽ സ്ഥാനമുണ്ട്. ഗീതനൃത്തങ്ങളോട് സമരസപ്പെട്ടുള്ള നൃത്യാഭിനയങ്ങളാണ് ചവിട്ടുനാടകത്തിലുള്ളത്. കഥാപാത്രത്തോട് ഇഴുകിച്ചേർന്നുള്ള ഭാവാഭിനയം ഓരോ നടനും നിർവഹിക്കണം. കഥാപാത്രങ്ങൾ പാടുന്നു; അഭിനയിക്കുന്നു; മുദ്രകൾ കാണിക്കുന്നു; ചുവടു വെയ്ക്കുന്നു - ഇതൊക്കെ ഒരുമിച്ചു ചെയ്യുകയെന്നത് ക്ലേശകരം തന്നെ. എങ്കിലും പരിശീലനവും വാസനയും ഇത് അനായാസമാക്കുന്നു.

4. കളരിയുമായുള്ള അടുപ്പം

വീരരസം ജീവനായ കലയാണിത്. പടവെട്ട് നാടകത്തിലെ അനിവാര്യഘടകവുമാണ്. മൂർച്ചയുള്ള വാളുകളാണ് ഉപയോഗിക്കാറ്. അതിനായി നടന്മാർ അഭ്യാസങ്ങളും അടവുകളും ശീലിക്കാറുണ്ട്. പിന്നീട്,ആ രംഗം കൈകാര്യം ചെയ്യുന്നവർ മാത്രം പഠിച്ചാൽ മതിയെന്നായി. ഇപ്പോൾ, സൂത്രത്തിൽ ചില പയറ്റുമുറകൾ പഠിച്ചുവെക്കുമെന്നായി. പ്രേക്ഷകരുടെ കണ്ണിൽ പൊടിയിടാൻ! [കാലം പ്രസ്തുത കലയുടെ സ്വഭാവത്തിലും മായം വരുത്തിയിരിക്കുന്നു.]

5. പിന്നണി സംഗീതം

ചവിട്ടുനാടകങ്ങളിലെ കഥാപാത്രങ്ങൾ ധീരത, ശ്രേഷ്ഠത എന്നീ ഗുണങ്ങളുള്ളവരായിരിക്കും. വീരശൂരപരാക്രമികളുമാണവർ. ചെണ്ട, മദ്ദളം, ഇലത്താളം എന്നിങ്ങനെയുള്ള ഘനവാദ്യങ്ങളാണ് ചവിട്ടുനാടകത്തിൽ ഉപയോഗിക്കുന്നത്. വീര രൗദ്രഭാവങ്ങളെ പൊലിപ്പിക്കാൻ ഇവ സഹായിക്കുന്നു. കലാശങ്ങൾക്കും മറ്റും ചെണ്ട കൂടിയേ കഴിയൂ. ലാസ്യപ്രധാനമായ പതിഞ്ഞാട്ടങ്ങൾക്ക് മൃദംഗം, തബല എന്നിവ ഉപയോഗിക്കുന്നു. 

6. ചവിട്ടുനാടക വേഷം

വളരെ ഭംഗിയും മേന്മയും ഉള്ള വേഷവിധാനങ്ങളാണ് ചവിട്ടുനാടകത്തിൽ ഉപയോഗിക്കുന്നത്. കണ്ണഞ്ചിക്കുന്ന വർണ്ണമോഹനക്കാഴ്ചകളാണ് വസ്ത്രങ്ങൾ, കിരീടം [ആടയാഭരണങ്ങൾ] മുതലായവ. കഥയ്ക്കും കാലത്തിനും ദേശത്തിനും യോജിക്കുന്ന വേഷങ്ങളാണവ. യൂറോപ്യൻ ചരിത്രകഥകളിലെ വേഷങ്ങൾ അന്നത്തെ പാശ്ചാത്യരീതിയനുസരിച്ചുള്ളതാണ്. പുരാതന ഗ്രീക്ക് റോമൻ ഭടന്മാരെയും ഫ്യൂഡൽ രാജാക്കന്മാരെയും ഓർമ്മിപ്പിക്കുന്നവയാണ് വേഷങ്ങളും ചമയങ്ങളും. [പോർച്ചട്ട, പടത്തൊപ്പി, കാലുറ, ചെങ്കോൽ, കിരീടം, കൈയുറ മുതലായ അലങ്കാരങ്ങൾ]. ഈ വേഷങ്ങൾ കലാപരമായി നിർമ്മിക്കുന്നവർ ഇപ്പോഴും നാട്ടിൻപുറങ്ങളിലുണ്ട്. പടത്തൊപ്പികൾ ലോഹത്തിൽ പണിതതുപോലെ ഭംഗിയിൽ ചെയ്ത്, മുകളിൽ പേനാച്ചി നിരത്തികുത്തിയവയായിരിക്കും. 

7. ആശാൻ

ചവിട്ടുനാടകത്തിലെ ആശാനെ അണ്ണാവി എന്നും വിളിച്ചിരുന്നു. നാടകത്തിലെ ആദ്യവസാനക്കാരൻ ആശാനാണ്. നാടത്തിലെ എല്ലാ ഘടകങ്ങളെക്കുറിച്ചും നല്ല അറിവുള്ളയാളായിരിക്കും ആശാൻ. പയറ്റുവിദ്യകളുമറിയണം. സാഹിത്യവിജ്ഞാനം മലയാളത്തിലും തമിഴിലും വേണം. ഗുരുകുലം രീതിയിൽ കളരികളിലാണ് ചവിട്ടുനാടകം അഭ്യസിക്കുക. പ്രാരംഭമായി, നടന്മാർ ആശാന് വഴങ്ങുന്നു. വഴങ്ങൽ ക്രിയ വളരെ പ്രാധാന്യമുള്ളതാണ്. ആദരണീയസദസ്സിനു മുന്നിൽവെച്ച് ആശാന് ദക്ഷിണ നല്കണം. തുടർന്ന് ആശാൻ അനുഗ്രഹിക്കുന്നു. ആശാന് ശിഷ്യപ്പെട്ട ശേഷം ചുവടി (നാടകഗ്രന്ഥം) വഴങ്ങുന്നു. ചുവടി വഴങ്ങലിലും കാണിക്ക വേണം. ആ പണം പള്ളിയിൽ മരിച്ചവർക്ക് കുർബാന ചൊല്ലിക്കുന്നതിനാണ്. ഗുരുത്വദോഷം ഉണ്ടാകരുതെന്ന വിശ്വാസം ചവിട്ടുനാടകസ്നേഹികൾക്കിടയിലുണ്ട്. അച്ചടക്കവും നിയമവിധേയത്വവും നടന്മാർക്ക് ഉണ്ടാകണം. എങ്കിലേ ശരിയായ അഭ്യസനം നടക്കുകയുള്ളൂ. 

ആശാൻ ശിഷ്യരെ അടിസ്ഥാനച്ചുവടുകൾ അഭ്യസിപ്പിക്കുന്നു. ചുവടുകൾ ഉറക്കാൻ അത്യധ്വാനം വേണം. ദീർഘകാല പരിശീലനവും വേണം. ചുവടുകളുറച്ചാൽ ആയുധമുപയോഗിച്ചുള്ള അടവുകളും തടവുകളും പഠിപ്പിക്കും. ചുവടുകളും അത്യാവശ്യം പയറ്റുമുറകളും ശീലിച്ചശേഷമാണ് ചൊല്ലിയാട്ടം-നാടകാഭ്യസനം- ആരംഭിക്കുന്നത്. ഓരോ കഥാപാത്രവും നിശ്ചയിച്ചു നൽകുന്നതിനും ചില ചിട്ടവട്ടങ്ങളും കീഴ് വഴക്കങ്ങളുമുണ്ട്. പാരമ്പര്യവും മറ്റും പരിഗണിക്കും. പരമ്പരാഗതമായി പതശീലിച്ചുവരുന്ന കുടുംബങ്ങളിലുള്ള ശിഷ്യർക്ക് വാസന കൂടും. അരങ്ങേറ്റമാകുമ്പോഴേക്കും ആശാനു വഴങ്ങിയ ശിഷ്യരിൽ നാലിലൊന്നു കിട്ടിയാൽ ഭാഗ്യം! പഠനകാലത്തെ ആശാൻ്റെ നിത്യച്ചെലവുകൾ ശിഷ്യർ വഹിക്കണമെന്നാണ് വ്യവസ്ഥ. പഠിപ്പിക്കുന്നതിന് പ്രതിഫലം വാങ്ങാറില്ല.

8. അരങ്ങേറ്റം

നാട്ടുകാരുടെ ഉത്സാഹവും ആഘോഷങ്ങളുടെ കാലമായതിനാലുള്ള ആഹ്ലാദവും ഒക്കെ നിറഞ്ഞുനിൽക്കുന്ന അന്തരീക്ഷത്തിലാകും അരങ്ങേറ്റം നടക്കുക. വലിയൊരു ആഘോഷത്തിൻ്റെ പ്രതീതിയുണ്ടാകും. ബന്ധുക്കളേയും സ്നേഹിതരേയുമൊക്കെ ക്ഷണിച്ചുവരുത്തും. എല്ലാവരുടേയും ഉദാരമായ സംഭാവനകളുമുണ്ടാകും. തട്ട്, അണിയറ, വിളക്ക് മുതലായവ തയ്യാറാക്കിയ ശേഷം സന്ധ്യയോടെ നാടകമുണ്ടെന്ന അറിയിപ്പ് എന്നമട്ടിൽ ഒന്നാം കേളി പെരുക്കുന്നു. രാത്രി എട്ടൊൻപതു മണിയോടെ രണ്ടാം കേളിയും മൂന്നാം കേളിയും. തുടർന്ന് തുറന്ന സ്റ്റേജിൽ നാടകം. ഇപ്രകാരം ചിട്ടകൾ കൊണ്ടും കലാപരമായ പ്രവർത്തനങ്ങൾ കൊണ്ടും മറ്റുകലകളുമായുള്ള സഹവർത്തിത്വം കൊണ്ടും ആസ്വാദകരെ പിടിച്ചിരുത്തുന്ന അവതരണഭംഗിയാലും ശ്രദ്ധേയമായ ചവിട്ടുനാടകം ഒരു ജനകീയ കലയായി പരിണമിച്ചു. ഈ കലയിലെ കഥാപാത്രങ്ങളെ സംബന്ധിച്ച വിവരണം മറ്റൊരു ബ്ലോഗിലാകാം.




അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കരുണ - കുമാരനാശാൻ

എസ്.കെ.പൊറ്റക്കാട്: സഞ്ചാരസാഹിത്യത്തിലെ അതികായൻ

നീർമാതളം പൂത്ത കാലം : മാധവിക്കുട്ടി