പുതിയ വാതിലുകൾ: എസ്.ശാരദക്കുട്ടി (മുഖ്യാശയങ്ങൾ)
![]() |
| എസ് ശാരദക്കുട്ടി |
ഉത്തരാധുനികതയുടെ സവിശേഷതകളിലൊന്നാണ് പാരഡി അഥവാ ഹാസ്യാനുകരണം എന്നു പറയാം. പാരഡിയെന്നാൽ അനുകരണമാണെന്നു തെറ്റിദ്ധരിക്കരുത്. വിമർശനാത്മകമായ അകലം പാലിക്കുന്ന ആവർത്തനമാണ് പാരഡിയെന്നു ലിൻഡാ ഹച്ചിൻ അഭിപ്രായപ്പെടുന്നു. പാരഡി ഒരേ സമയം ഒന്നിനെ ഉൾക്കൊള്ളുകയും എതിർക്കുകയും ചെയ്യുന്ന വൈരുദ്ധ്യമാണ്.
വായനക്കാർക്ക് വളരെ ഇഷ്ടപ്പെടുന്ന സാഹിത്യ സാമൂഹിക നിരൂപണമാണ് പാരഡി. കണ്ണാടിയിലെ പ്രതിഫലനം പോലെയാണത്. സാമ്യമുണ്ടെങ്കിലും ഒരു വശപ്പിശക് കാണാം. എല്ലാ സാഹിത്യ/കലാ സൃഷ്ടികളും പാരഡിയ്ക്ക് വിധേയമാണ്. ഏതു കൃതിയെയാണോ അനുകരിക്കുന്നത് ആ കൃതിയാണ് നായകസ്ഥാനത്ത്. കവിതയുടെ പാരഡി കവിത തന്നെയാകണമെന്നില്ല. കഥയോ നാടകമോ ആകാം. ഭിന്നരൂപങ്ങളിലും പാരഡിയാകാമെന്നു സാരം. മൂലകൃതി അവതരിപ്പിക്കുന്ന ലോകവീക്ഷണത്തെ എതിർക്കുന്നവയാണ് ഭൂരിഭാഗം പാരഡികളും. മൂലകൃതിയിൽ നിന്നും വാക്കോ പ്രയോഗമോ സന്ദർഭമോ അർത്ഥമോ അടർത്തിയെടുത്ത് പാരഡിയ്ക്കുപയോഗിക്കുന്നു. ഒരു കാലഘട്ടത്തിൽ എഴുതപ്പെട്ട ആശയത്തിന് മറ്റൊരുകാലം വ്യത്യസ്തമായ വ്യാഖ്യാനമാകാം നൽകുന്നത്. അപ്പോൾ, പറയാതെ പോയ ഘടകങ്ങളെ വലുതായി കാണിക്കാൻ പാരഡി ഉപയോഗപ്പെടുന്നു. ടാഗോറെഴുതി അരനൂറ്റാണ്ടു കഴിഞ്ഞ ശേഷമാണ് പാരഡി വരുന്നത്. അന്നു ടാഗോറിനു കാണാൻ പറ്റാത്ത കാര്യങ്ങൾ ഈ പാരഡിയിൽ അടങ്ങിയിരിക്കുന്നു. കാലദൈർഘ്യവും പാരഡിയെഴുത്തുകാരൻ്റെ (അ) രാഷ്ട്രീയ താൽപ്പര്യങ്ങളും വ്യക്തിപരതയും പാരഡിയെ സ്വാധീനിക്കുന്നു. ഹാസ്യാനുകരണങ്ങളിലെ വൈവിദ്ധ്യവും അതിൽ നിറഞ്ഞ വൈരുദ്ധ്യവും കാരണം പാരഡിയെ മുഖ്യമായ ഒരു സാഹിത്യശാഖയായി പരിഗണിക്കാറില്ല. പാരഡിയാണോ പ്രധാനം, മൂലകൃതിയാണോ എന്ന ചോദ്യം അസംഗതമാണ്.
മൂലകൃതിയുടെ നാനാർത്ഥങ്ങളിലേക്കുള്ള ജാലകമാണ് പാരഡി. രൂപവും നിഴലും തമ്മിലുള്ള ബന്ധമാണ് ഇവ തമ്മിലുള്ളത്. രൂപമുണ്ടെങ്കിലേ നിഴലുള്ളൂ. മൂലകൃതിയില്ലെങ്കിൽ പാരഡിയില്ല.
![]() |
| അയ്യപ്പണിക്കർ |
വളരെ ശ്രേഷ്ഠമായിരുന്ന ദേശീയസങ്കൽപ്പത്തിന് അധ:പതനം സംഭവിച്ചിരിക്കുന്നുവെന്നതാണ് അയ്യപ്പപ്പണിക്കരുടെ പാരഡിയുടെ വിഷയം. പ്രാർത്ഥനയിൽ ടാഗോർ കവിത അവസാനിക്കുന്നു [എൻ്റെ നാട് ഉണർന്നെഴുനേൽക്കാൻ അനുഗ്രഹിച്ചാലും]. പാരഡിയാകട്ടെ, സന്ദേഹം നിറഞ്ഞ വെല്ലുവിളിയുയർത്തുന്നു. [അങ്ങേയ്ക്ക് എന്തു ചെയ്യാൻ കഴിയും പ്രഭോ?]. ടാഗോർ വിഭാവനം ചെയ്ത സ്വർഗ്ഗസമാനമായ നാട് ‘പരമോദാരനരകവീഥി’യായി പരിണമിച്ചിരിക്കുന്നു. ദൈവം പോലും നിസ്സഹായനാണ് എന്ന സന്ദേഹം അയ്യപ്പപ്പണിക്കരിലുണ്ട്. ടാഗോർ ഏഴു വസ്തുതകളിലാണ് തൻ്റെ ഗീതത്തിൽ ഊന്നുന്നത്. മനസ്സ്, ജ്ഞാനം, ഐക്യം, സത്യം, പൂർണ്ണത, ദൈവപ്രചോദനം. മനസ്സ് ധൈര്യമുള്ളതാകണം. ജ്ഞാനം സ്വതന്ത്രമാവണം. ഐക്യം വിഭാഗീയശക്തികളിൽ നിന്ന് മോചിതമാകണം. വാക്ക് അസത്യത്തിൻ്റെ ബന്ധനത്തിൽ നിന്ന്. ഇങ്ങനെയാണ് ടാഗോർവീക്ഷണം പോകുന്നത്. ടാഗോർ വിഭാവനം ചെയ്ത സ്വാതന്ത്ര്യവും സമത്വവും നിറഞ്ഞ രാജ്യം വരണമെങ്കിൽ ചിന്തയും പ്രവൃത്തിയും സങ്കുചിതതാൽപ്പര്യങ്ങളിൽ നിന്നു മുക്തമാവണം. എന്നാൽ ഇതൊന്നും സ്വാതന്ത്ര്യാനന്തരം കൈവന്നിട്ടില്ല. എന്താണ് അയ്യപ്പപ്പണിക്കരുടെ പാരഡിക്കവിതകൾ ചെയ്യുന്നത്? ടാഗോർക്കവിതയെ അപനിർമ്മിക്കുകയാണ് പണിക്കർ. ശാരദക്കുട്ടി വ്യക്തമാക്കുന്നു: “സ്വതന്ത്രഭാരതത്തിൽ മനസ്സ്, ബുദ്ധി, ആത്മാവ്, മനുഷ്യത്വം എന്നിവ നേരിട്ട തകർച്ച, തത്ഫലമായുണ്ടായ നേതൃത്വഭ്രാന്ത്, സ്വാർത്ഥതാൽപ്പര്യം, അടിമച്ചിന്തകൾ, വാണിജ്യവൽകൃത സംസ്കാരം, ആത്മീയമൂല്യച്യുതി എന്നിവയുടെ വളർച്ച: ഇതാണ് എവിടെ മനസ്സിൻ്റെ ശ്രദ്ധാകേന്ദ്രങ്ങൾ”. പോസിറ്റീവായ (വിധിരൂപങ്ങൾ) ശക്തികൾ തളരുകയും നെഗറ്റീവായ (നിഷേധരൂപങ്ങൾ) ശക്തികൾ വളരുകയും ചെയ്തിരിക്കുന്നു.
ധീരതയോടെ നിൽക്കേണ്ട മനുഷ്യൻ ഭയവും കാപട്യവും സ്വാർത്ഥതയുമുള്ളവനായി തീർന്നിരിക്കുന്നത് കാലവിപര്യയത്താലാണ്. കക്ഷിതാൽപര്യങ്ങൾ വാത്സല്യപൂർവം സമ്മാനിക്കുന്ന താൽക്കാലിക നേട്ടങ്ങളിൽ ആനന്ദം കണ്ടെത്തുകയാണവൻ. ആത്മാവുപോലും അവസര സേവയ്ക്കുള്ള സന്ദർഭം തേടുകയാണ്. ജനങ്ങളെ വാക്സാമർത്ഥ്യത്താൽ പറ്റിക്കുകയും ചൂഷണം ചെയ്യുകയുമാണ് നേതാക്കന്മാർ. രാഷ്ട്രീയത്തിലെ പുത്രന്മാർ ദുർഗ്ഗന്ധം പരത്തി വിളയാടുന്നു. ആത്മീയസുഖം കച്ചവടച്ചരക്കായി മാറിയിരിക്കുകയാണ്. പ്രണവമന്ത്രം വിദ്വേഷമായിരിക്കുന്നു.
അയ്യപ്പപ്പണിക്കരുടെ കവിതാരീതിയുടെ മികച്ച സവിശേഷതയെന്ന് ശാരദക്കുട്ടി വിശേഷിപ്പിക്കുന്നത് അതിൻ്റെ വൈവിദ്ധ്യമാണ്. ശാരദക്കുട്ടി വ്യക്തമാക്കുന്നു: “ഒരേ താളത്തിൽ ഒരേ രീതിയിലുള്ള കവന സപര്യയല്ല അദ്ദേഹത്തിൻ്റേത്. കാൽപ്പനികതയുടെ ദീപ്തിയും ആദ്ധ്യാത്മികതയുടെ ഔന്നത്യവും ആക്ഷേപഹാസ്യത്തിൻ്റെ മൂർച്ചയും ഒരേ തിളക്കത്തോടെ അനായാസതയോടെ കൈകാര്യംചെയ്യാൻ കഴിയുന്ന ചുരുക്കം ഇന്ത്യൻ കവികളിലൊരാളാണ് പണിക്കർ”.
ക്രൂരഫലിതവും കറുത്ത ഹാസ്യവും (black humour) വിപരീതോക്തികളും അയ്യപ്പപ്പണിക്കരുടെ കവിതകളിൽ കാണാം. പാരഡിക്കവിതകളിൽ ഇവ പ്രത്യക്ഷമായും പരോക്ഷമായും കടന്നുവരുന്നു. ഉത്തരാധുനികതയുടെ വക്താവാണ് താനെന്ന തോന്നലുളവാക്കാൻ ഈ കവിതകൾ സഹായകമാണ്. വിപരീതോക്തിയും മിത്തുകളുടെ അപനിർമ്മിതിയും ഇന്ത്യൻ ഉത്തരാധുനികതയുടെ ഉപകരണങ്ങളാണെന്ന് ബംഗാളികവിയും നിരൂപകനുമായ അഞ്ജൻ സെൻ വാദിക്കുന്നു. അയ്യപ്പപ്പണിക്കരുടെ ചില കവിതകളിലും പാരഡിക്കവിതകളിലും ഈ രണ്ടു ഗുണങ്ങളും കാണാം.
മിഖായേൽ ബക്തിൻ പാരഡി പോലെയുള്ള അനുകരണങ്ങളുടെ പ്രാധാന്യം ചൂണ്ടിക്കാട്ടുന്നു. ഭാഷയുടെ മേൽക്കോയ്മയിൽ നിന്നും വസ്തുതകളെ മോചിപ്പിക്കാൻ അവ ഉപകരിക്കും. ടാഗോറിൻ്റെ വാക്കുകൾക്ക് അന്നുണ്ടായിരുന്ന അർത്ഥമല്ല, മാദ്ധ്യമകമ്പോള നിയന്ത്രിതമായ ഇന്നത്തെ അധിനിവേശാന്തരീക്ഷത്തിലുള്ളത്. മൂലകൃതിയിലെ വാക്കുകൾക്കപ്പുറത്തേക്കു നോക്കാൻ പിൽക്കാല വായനക്കാർ നിർബന്ധിതരാക്കുന്നു. മൂലകൃതിയോടുള്ള ആദരവ് ചോരാതെ, മറ്റൊരു ഭാഷയിലെഴുതപ്പെട്ട കവിതയുടെ മേലുള്ള പ്രതിപ്രവർത്തനം സ്വന്തം ഭാഷയിൽ നടത്തുകയും അതിലൂടെ ഭൂത -വർത്തമാനങ്ങളുടെ വ്യത്യാസം ചിത്രീകരിക്കുകയുമാണ് 'എവിടെ മനസ്സ് ' എന്ന കവിത.
പാരഡിയേക്കാൾ ഇന്നത്തെ (ഉത്തരാധുനിക) സമൂഹത്തിൽ സങ്കര (Pastiche) ത്തിനാണ് പ്രാധാന്യമെന്ന് ഫ്രഡറിക് ജെയിംസൺ എന്ന ഉത്തരാധുനിക ചിന്തകൻ അഭിപ്രായപ്പെടുന്നു. ശൂന്യമായ പാരഡിയാണ് Pastiche. പാരഡിയുടെ അന്തിമ ലക്ഷ്യമോ ആക്ഷേപഹാസ്യസ്വഭാവമോ അതിനില്ല. അത് ചിരിയുണർത്തില്ല. ജെയിംസൻ്റെ വാദഗതികളിൽ നിന്നകന്നു നിൽക്കുന്നവയാണ് പണിക്കരുടെ കവിതകൾ. ആധുനികർ ഉദ്ഘോഷിച്ച വിപ്ലവാത്മതയെ പാരഡിക്കു വിധേയമാക്കുകയാണ് ഉത്തരാധുനികയുഗമെന്ന് ഈഗിൾടൺ പ്രസ്താവിക്കുന്നു. ഉദ്ദേശ്യശുദ്ധിയുള്ള ഹാസ്യചിത്രങ്ങളാണ് അയ്യപ്പപ്പണിക്കരുടെ പാരഡി ക്കവിതകൾ. പുതിയ ആവിഷ്കാരസാദ്ധ്യതകളിലേക്കുള്ള വാതിലുകൾ തുറക്കുകയാണവയെന്ന് ശാരദക്കുട്ടി നിരീക്ഷിക്കുന്നു.


അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ