സൂത്രധാരൻ നാടകം: കെ.ടി. മുഹമ്മദ് (ഒരു ആസ്വാദനം)

കെ.ടി. മുഹമ്മദ്

ജീവിതഗന്ധമുള്ള നാടകങ്ങളുടെ രചയിതാവാണ് കെ.ടി. മുഹമ്മദ്. അത്യന്തം ദീർഘവും അർത്ഥവത്തുമായ ഒരു നാടക ജീവിതമാണ് കെ.ടി. മുഹമ്മദിൻ്റേതെന്ന് മലയാളനാടകസാഹിത്യ ചരിത്രകാരനായ വയലാ വാസുദേവൻ പിള്ള വിലയിരുത്തുന്നു. 1952 ൽ എഴുതിയ ‘കണ്ണുകൾ’ എന്ന ചെറുകഥയോടെ അദ്ദേഹം പ്രശസ്തനായി. 1949 ൽ ‘വെളിച്ചം വിളക്കന്വേഷിക്കുന്നു’ എന്ന നാടകം ‘ഊരും പേരും’ എന്ന പേരിൽ അവതരിപ്പിച്ചു. തുടർന്നാണ് ‘ഇതു ഭൂമിയാണ്’ (1955)എന്ന പരിവർത്തനോന്മുഖമായ നാടകം എഴുതിയത്. “നല്ല മതത്തിൻ്റെ ലക്ഷ്യം നല്ല മനുഷ്യൻ എന്നായിരിക്കണമല്ലോ. നല്ല മനുഷ്യൻ എന്നു പറഞ്ഞാൽ വികസിക്കുകയും വളരുകയും ചെയ്യുന്ന മനുഷ്യൻ എന്ന് എല്ലാവരെയും പോലെ ഞാനും അർത്ഥമാക്കുന്നു. കാരണം, ഇത് ഭൂമിയാണ്”- എന്ന് നാടകത്തിൻ്റെ ആമുഖത്തിൽ കെ.ടി. മുഹമ്മദ് പ്രസ്താവിച്ചു. തൻ്റെ പുരോഗമന നിലപാടുകൾ തുറന്നു പറയുകയും നാടകങ്ങളിലൂടെ ജനങ്ങളിലെത്തിക്കുകയും ചെയ്തു. മുസ്ലീംസമുദായത്തിലെ ദുരാചാരങ്ങൾ, സ്ത്രീയുടെ അടിമത്തം, നിരക്ഷരത സ്വാതന്ത്ര്യമില്ലായ്മ മുതലായ പ്രശ്നങ്ങൾ നാടകത്തിൻ്റെ രൂപത്തിനു ചേരുംവിധം മനോഹരമായി അവതരിപ്പിക്കാൻ അതിൽ കെ.ടി.യ്ക്കു സാധിച്ചിട്ടുണ്ട്. ‘കാഫർ’, ‘കറവറ്റ പശു’, ‘ചുവന്ന ഘടികാരം’, ‘സൃഷ്ടി’, ‘സ്ഥിതി’, ‘സംഹാരം’, ‘സാക്ഷാൽക്കാരം’, ‘കടൽപ്പാലം’, ‘രാഷ്ട്രഭവൻ’, ‘നാൽക്കവല’,’അസ്ഥിവാരം’ എന്നിങ്ങനെ നിരവധി നാടകങ്ങൾ വിവിധ കലാസമിതികളുടെ രംഗാവതരണങ്ങൾക്കായി അദ്ദേഹം എഴുതി. ഗ്രാമീണ സദസ്സുകൾക്കിഷ്ടപ്പെടുന്ന സാമൂഹിക പ്രസക്തിയുള്ള പ്രമേയങ്ങളാണ് അദ്ദേഹം തൻ്റെ നാടകങ്ങളിൽ അവതരിപ്പിച്ചത്. സാമൂഹിക തിന്മകളും കുടുംബജീവിതത്തിലെ വിവിധ പ്രശ്‌നങ്ങളും പ്രമേയമാക്കപ്പെട്ടു. അമേച്വർ നാടകങ്ങളെയും പ്രഫഷണൽ നാടകസമീപനങ്ങളേയും ഒരു പോലെ ഉൾക്കൊള്ളാനും രണ്ടു നാടകധാരകളേയും പോഷിപ്പിക്കാനും കെ.ടി പരിശ്രമിച്ചു. സമൂഹജീവിതവുമായി അടുത്തിടപഴകുന്നവയും വ്യക്തമായ പുരോഗമനസന്ദേശം അവതരിപ്പിക്കുന്നവയുമാണ് കെ.ടി.യുടെ നാടകങ്ങൾ. നാടകവേദിയിൽ കാലികമായ മാറ്റങ്ങൾ കൊണ്ടുവരുന്നതിനാവശ്യമായ പരീക്ഷണങ്ങൾ നടത്താനും അദ്ദേഹം ശ്രമിച്ചു. കഥയിലും കഥാപാത്രങ്ങളിലും ഈ പരീക്ഷണങ്ങൾ പുതുചലനമുളവാക്കി.


നാടകം ഒരു ജീവിതസത്യം വ്യഞ്ജിപ്പിക്കണമെന്നും അതിലേക്ക് പരിവർത്തനാത്മകമായ ഇതിവൃത്തം ആവശ്യമാണെന്നും നാടകീയ സന്ദർഭങ്ങൾ അവശ്യമായും ഉണ്ടാകണമെന്നും എൻ. കൃഷ്ണപിള്ള അഭിപ്രായപ്പെടുന്നു. [കൃതി- ‘എന്താണ് നാടകം’]. ഈ പരിപ്രേക്ഷ്യത്തിൽ വളരെ മികച്ച സാമൂഹികനാടകങ്ങളാണ് കെ.ടി. രചിച്ചിട്ടുള്ളതെന്നു വിലയിരുത്താവുന്നതാണ്.

കെ.ടി.യുടെ ‘സൂത്രധാരൻ’ എന്ന നാടകം ഒരേ സമയം പരീക്ഷണോന്മുഖതയും പുരോഗമനവീക്ഷണവും ഉൾച്ചേർന്നതാണ്. സമൂഹത്തെ വികലമാക്കുന്ന ചൂതാട്ടത്തെയും ലഹരിയെയും വിലക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുകയെന്ന സദുദ്ദേശ്യമാണ് ഇതിനുള്ളത്. വ്യക്തിയുടെ അന്തസ്സും സ്വാതന്ത്ര്യവും പരിഗണിക്കപ്പെടണം. സമതയും സ്വാതന്ത്ര്യവും പരിഗണനയും നൽകികൊണ്ടാകണം സ്ത്രീകളോട് ഇടപഴകേണ്ടതെന്നും, അവരും സമൂഹജീവികളാണെന്നും ഈ നാടകം വ്യക്തമാക്കുന്നു. ചോദിച്ചതെല്ലാം അനുവദിച്ചും വാശിപിടിച്ചതെല്ലാം സാധിച്ചു കൊടുത്തുമല്ല മക്കളെ വളർത്തേണ്ടത്. കാര്യങ്ങൾ മനസ്സിലാക്കാനുള്ള പ്രാപ്തിയാണ് മക്കൾക്കുണ്ടാകേണ്ടത്. 

ഭർത്താവിന് ഭാര്യയുടെ മീതെയെന്ന പോലുള്ള അവകാശം ഭാര്യയ്ക്ക് ഭർത്താവിനു മീതെയുമുണ്ട്. പണമല്ല, ജീവിതമാണ്, ജീവിതത്തിൻ്റെ സുഘടിതത്വമാണ് പ്രധാനം എന്ന് ഈ നാടകം വ്യക്തമാക്കുന്നു. സ്നേഹവും പരസ്പരബന്ധവും വിശ്വാസവും ഐക്യവുമുള്ള കുടുംബം സമാധാനത്തിൻ്റെയും സന്തോഷത്തിൻ്റെയും പതാക വഹിക്കുന്നു. സമൂഹത്തിനു മാതൃകയാകുന്നു. കുടുംബബന്ധങ്ങളേക്കാളും മൂല്യം പണത്തിനുണ്ടെന്നു കരുതുന്നത് അസംബന്ധമാണ്. പണം കൊണ്ട് എന്തും മേടിക്കാനാകും പക്ഷേ, ജീവിതമൂല്യങ്ങളും സ്നേഹബന്ധങ്ങളും വിലയ്ക്കു വാങ്ങാനാകുന്നവയല്ല. ലഹരിയും ചൂതാട്ടവും വ്യക്തിയെ തകർക്കുന്നു. കുടുംബബന്ധങ്ങളെ അവ പിഴുതെറിയുന്നു. സാമൂഹികബോധത്തെ അവ നിലംപരിശാക്കുന്നു. വ്യക്തിയെ ഒറ്റപ്പെട്ടവനും ദുർബലനുമാക്കുന്നു. മാനസികവും ശാരീരികവുമായി തകർന്ന് പാപഭാരത്താൽ സമ്മർദ്ദത്തിൽ പെട്ട് അകാലമരണത്തിനിരയാക്കുന്നു. ഇത്തരം ദൂഷ്യങ്ങൾക്കെതിരായ ചൂണ്ടുവിരലാണ് ‘സൂത്രധാരൻ’.

ഈ നാടകം പരീക്ഷണവ്യഗ്രത കൂടി പ്രകടിപ്പിക്കുന്നു. സൂത്രധാരനും നിർമ്മാതാവും നാടക കഥാപാത്രങ്ങളായി വരുന്നു. ‘സൂത്രധാരൻ’ എന്ന സങ്കൽപ്പനം പ്രാചീന സംസ്‌കൃതനാടകങ്ങളിൽ ഉള്ളതാണ്. ഇന്നത്തെ സംവിധായകൻ്റെ റോളാണ് പഴയ സൂത്രധാരനുള്ളത്. നിർമ്മാതാവ് ആധുനിക സിനിമകളിലും പ്രൊഫഷണൽ നാടകങ്ങളിലും സാമ്പത്തിക സഹായം നൽകുന്ന, എങ്ങനെയും മുടക്കുന്ന പണത്തേക്കാളും ലാഭമുണ്ടാക്കണമെന്ന ആഗ്രഹം വെച്ചു പുലർത്തുന്ന കച്ചവടതാൽപ്പര്യമുള്ള വ്യക്തിയാണ്. അയാളിൽ നിന്ന് മര്യാദകളോ നീതിയോ സാമൂഹികപ്രതിബദ്ധതയോ പ്രതീക്ഷിക്കാനാവില്ല. സെക്സിനുള്ള സാധ്യത ഒഴിവാക്കരുതെന്ന് നിർമ്മാതാവ് പറയുന്നുണ്ട്. നാടകത്തിൽ, ഓരോ രംഗവും പ്രണയത്താലോ സംഘർഷത്താലോ രോദനത്താലോ നൃത്ത വിശേഷങ്ങളാലോ എങ്ങനെ കൊഴുപ്പിക്കാമെന്നു മാത്രമാണയാൾ ചിന്തിക്കുന്നത്. പണത്തിനു മീതെ പരുന്തും പറക്കില്ലെന്ന് അയാൾ കരുതുന്നു. ഒരു സന്ദർഭത്തിൽ സൂത്രധാരനോടിത് പറയുന്നുമുണ്ട്. ‘യഥാർത്ഥ സൂത്രധാരൻ’ പണമാണെന്നും അവനാണ് ലോകവും ജീവിതവും നിയന്ത്രിക്കുന്നതെന്നും പണമുള്ളേടത്ത് പ്രകാശവും ഇല്ലാത്തിടത്ത് കൂരിരുട്ടുമാണെന്നും, പണമാണ് എല്ലാം എന്നും നിർമ്മാതാവ് പറയുന്നത് ആധുനികജീവിതത്തിൻ്റെ കാഴ്ചകളിൽ അഭിരമിക്കുന്ന വ്യക്തിയായതിനാൽ കൂടിയാണ്. കലയെ സാമൂഹിക പ്രതിബദ്ധതയുള്ള ഘടകമായി അയാൾ കാണുന്നില്ല. കല അയാൾക്കു കച്ചവടമാണ്. സംസ്‌കാരത്തെ വ്യവസായമായി കാണുന്നവ്യക്തിയാണയാൾ. നൂറുരൂപാ നോട്ടുകളുടെ കെട്ടുയർത്തിയുള്ള നിർമ്മാതാവിൻ്റെ വാദങ്ങൾ പ്രേക്ഷകൻ്റെ മനസ്സിൽ പണത്തേക്കാളും മൂല്യമുള്ളവയുണ്ടെന്ന അഭിപ്രായം ഉണ്ടാക്കുന്നു. അദ്ധ്വാനിക്കാൻ തയ്യാറല്ലാത്തവനാണ് ഭാഗ്യം അന്വേഷിക്കുന്നതെന്നാണ് നിർമ്മാതാവിൻ്റെ പക്ഷം. ലോട്ടറികളും ചൂതാട്ടവും കുലുക്കിക്കുത്തും സൂചിയേറും കുതിരപ്പന്തയവുമൊക്കെ അതിൻ്റെ ഭാഗമാണ്. അദ്ധ്വാനിക്കാതെ പെട്ടെന്ന് സമ്പന്നരാവാൻ ആഗ്രഹിക്കുന്നവരാണ് ഇതിനു പിന്നാലെ പായുന്നത്. സ്വന്തം ഭാര്യയെ പണയം വെച്ചു പോലും ചൂതാടിയവരാണ് പഴയ രാജാക്കന്മാരെന്ന് സൂത്രധാരൻ പറയുന്നു. പ്രേക്ഷകരെ ചിന്തിപ്പിക്കാൻ പോന്ന വിഷയങ്ങളിലേക്കുള്ള പ്രവേശകമായി പല രംഗങ്ങളിലും കടന്നുവരുന്ന സൂത്രധാരനും നിർമ്മാതാവും തമ്മിലുള്ള ഭാഷണം പരിണമിക്കുന്നു.

നാടകത്തിൻ്റെ ഇതിവൃത്തത്തിലും കഥാഗതിയിലും സൂത്രധാരൻ ഇടപെടുന്നുണ്ട്. നിർമ്മാതാവിനനുകൂലമായി കഥ മാറ്റാനും വൈകാരികത കുത്തിനിറയ്ക്കാനും അയാൾ തയ്യാറല്ല. ചില കച്ചവടസിനിമകളിലും പ്രൊഫഷണൽ നാടകങ്ങളിലും ആദായമുണ്ടാക്കാനായി, ഇത്ര പാട്ട്, നൃത്തം, സംഘർഷം, ഹരമുണ്ടാക്കുന്ന ലൈംഗികാവേശങ്ങൾ മുതലായവ നിർമ്മാതാവിനു വേണ്ടി കഥയെ പൂർണ്ണമായും അട്ടിമറിച്ചു ചിത്രീകരിക്കുന്ന രീതിയുണ്ടല്ലോ. ആ രീതിയോട് സഹകരിക്കാത്ത, അതിനോടു വിയോജിപ്പുള്ളയാളാണ് ഈ നാടകത്തിലെ സൂത്രധാരൻ. എഴുതപ്പെട്ടിട്ടുള്ള കഥയെ നിയന്ത്രിക്കുകയും സ്ഥലകാലക്രിയകളെ വിശദീകരിക്കുകയും ചെയ്യലാണ് തൻ്റെ ജോലിയെന്ന ബോദ്ധ്യം സൂത്രധാരനുണ്ട്. നിർമ്മാതാവിൻ്റെ ദുരാഗ്രഹത്തിനു കുടപിടിക്കാൻ അയാൾ തയ്യാറല്ല. താൻ സംവിധാനം ചെയ്യാൻ പോകുന്ന സാമൂഹികപ്രസക്തിയുള്ള നാടകത്തിൻ്റെ ഇതിവൃത്തം നിർമ്മാതാവിനായി വ്യക്തമാക്കുകയാണയാൾ. പണത്തോടുള്ള അത്യാർത്തിയിൽ ഭാഗ്യപരീക്ഷണത്തിനും ലഹരിക്കും അടിമയായി ജീവിതം വ്യർത്ഥമാക്കുന്ന സാധാരണക്കാരെ ആ വിപത്തിൽ നിന്നും മോചിപ്പിക്കുകയെന്ന സാമൂഹികസന്ദേശം നൽകുകയെന്നതാണ് സൂത്രധാരൻ ലക്ഷ്യമാക്കുന്നത്. ഈ നാടകത്തിൽ സൂത്രധാരൻ നേരിട്ട് വേദിയിൽ പ്രത്യക്ഷനായി ഇതിവൃത്തഗതിയെ നിയന്ത്രിക്കുന്നതും കഥാപാത്രങ്ങളുമായി സംവദിക്കുന്നതും കാണാം. നിർമ്മാതാവ് ലാഭാധിഷ്ഠിത മനോഭാവത്തോടെ തൻ്റെ മനസ്സിലുള്ള കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ വേണ്ട മാറ്റങ്ങൾ പകർന്ന് അതിനെ സമൂഹത്തിന് അനുഗുണമാക്കി മാറ്റുകയാണ് സൂത്രധാരൻ.

ഇതിവൃത്തം:

ഒരു ഇടത്തരം കുടുംബത്തിലെ സന്തതിയാണ് ജയദേവൻ. അച്ഛൻ്റെ പേര് പരമു. പരമു പലചരക്കു കച്ചവടക്കാരനാണ്. ജയൻ കുറച്ചു പഠിച്ചെങ്കിലും കടയിൽ അച്ഛനെ സഹായിക്കുകയാണ്. പണം വെച്ചു ചീട്ടുകളിക്കുന്ന ക്ലബ്ബിൽപെട്ട ജയൻ തൻ്റെ പണം മുഴുവൻ കളിച്ചും മദ്യപിച്ചും തീർക്കുന്നു. കാശിനു വേണ്ടി മാതാപിതാക്കളുമായി വഴക്കുണ്ടാക്കുന്നു. ചൂതാട്ടത്തിന് കീഴ്പെട്ട അവൻ അപ്രകാരമാകാൻ പിതാവും മാതാവും കാരണമാണ്. ചുരുങ്ങിയത് രണ്ടു ലക്ഷത്തോളം രൂപയെങ്കിലും താൻ കളഞ്ഞു കുളിച്ചെന്ന് ജയൻ പറയുന്നുണ്ട് . സൂത്രധാരൻ ഉപദേശിക്കുന്നുണ്ടെങ്കിലും, കളിച്ച് പോയ കാശൊക്കെ തിരികെ നേടുന്നതു വരെ താനിത് നിർത്തില്ലെന്ന് വാശിയോടെ പ്രഖ്യാപിക്കുകയാണയാൾ. ഭാഗ്യം എന്നെങ്കിലും തന്നെ കടാക്ഷിക്കാതിരിക്കില്ല. ഏതു പട്ടിക്കും ഒരു ദിവസമുണ്ടല്ലോ എന്നാണ് ജയൻ്റെ വാദം. അച്ഛൻ്റെ രോഗവും സഹോദരിയുടെ കെട്ടുപ്രായവും ജയന് വിഷയമല്ല. അവനതൊന്നും കാണുന്നില്ല. അവരെ സ്നേഹിക്കാനോ വിശ്വസിക്കാനോ അവൻ തയ്യാറാകുന്നില്ല. സ്വന്തം സഹോദരിയുടെ ആഭരണം (കമ്മൽ) പിടിച്ചുപറിക്കാനും അച്ഛൻ്റെ പണപ്പെട്ടി പൊളിച്ചെടുക്കാനുമാണ് അവൻ തുനിയുന്നത്. ജയൻ്റെ അമ്മയുടെ പേര് രോഹിണിയെന്നാണ്. മകനെ ആവോളം സ്നേഹിക്കുന്ന മാതാവ്. സഹോദരിക്കും ചേട്ടനെ ഇഷ്‌ടമാണ്. പക്ഷേ, അവരുടെ നിസ്വാർത്ഥ സ്നേഹത്തിൻ്റെ വില മനസ്സിലാക്കാൻ മദ്യത്തിനും ചൂതാട്ടത്തിനും വഴിപ്പെട്ട അവൻ്റെ മനസ്സിനു കഴിയുന്നില്ല. ആ വീട്ടിലെ വേലക്കാരിയായ അമ്മിണി ജയനെ സ്നേഹിക്കുന്നവളാണ്. പക്ഷേ ആ വിവരം ജയനോ വീട്ടുകാരോ അറിഞ്ഞില്ല. അവൾക്ക് ആ വീട്ടുകാരോട് നല്ല സ്‌നേഹമുണ്ട്., ആത്മാർത്ഥതയുമുണ്ട്. അമ്മിണി ഈ നാടകത്തിലെ മികച്ച കഥാപാത്രവുമാണ്. ലഹരിയുടെ വിപത്ത് നേരിട്ടനുഭവിച്ചവളാണ് അമ്മിണി. പിതാവിൻ്റെ മദ്യപാനവും ധൂർത്തുമാണ് അവളുടെ കുടുംബത്തെ നശിപ്പിച്ചത്.

വിവാഹം കഴിപ്പിച്ചാൽ ജയൻ്റെ സ്വഭാവത്തിൽ മാറ്റമുണ്ടാകുമെന്ന് പ്രതീക്ഷിച്ച അച്ഛനമ്മമാർ അവന് ഹെഡ് കോൺസ്റ്റബിളായി പെൻഷൻ പറ്റിയ കേശവനാശാൻ്റെ മകളായ സുശീലയെ വധുവായി കണ്ടെത്തുന്നു. വിവാഹത്തിൻ്റെ ഭാഗമായി കേശവനാശാൻ തരാനുദ്ദേശിച്ച 25000 രൂപ തനിക്കു വേണമെന്നും എങ്കിലേ വിവാഹത്തിനു സമ്മതിക്കുകയുള്ളുവെന്നും ജയൻവാശിപിടിച്ചു. എന്തായാലും ഭാവിവധുവായ സുശീല ജയനെ നന്നാക്കിയെടുക്കുമെന്ന് അവർ പ്രതീക്ഷിക്കുന്നു. ജയൻ്റെ വിവാഹത്തോടെ അമ്മിണി ആ വീട്ടിൽ നിന്നും പോകുന്നു. 

ജയൻ്റെ വധുവായ സുശീല സാധുപ്രകൃതിയാണ്. അവൾക്ക് ജയനെ നിയന്ത്രി ക്കാനാകുന്നില്ല. വീട്ടുകാരും നിസ്സഹായരാണ്. മകൾ വിവാഹിതയായതോടെ കേശവൻ തനിച്ചാകുന്നു. അവളുടെ കണ്ണുനിറയരുതെന്ന ഡിമാൻഡേ കേശവനുണ്ടായിരുന്നുള്ളൂ. എന്നാൽ സ്ത്രീധനത്തുക ജയൻ കളിക്കളത്തിൽ ഹോമിച്ചു. പിന്നെ, ഭാര്യയുടെ ആഭരണത്തിലായി നോട്ടം. അതും പന്തയം വെച്ചുകളഞ്ഞു. അവൾക്ക് പരാതിയുണ്ടായില്ല. വിവാഹം കഴിഞ്ഞാൽ അവൻ നന്നാകുമെന്നാണ് സുഹൃത്തും ജയൻ്റെ അച്ഛനുമായ പരമു കേശവനോട് പറഞ്ഞിരുന്നത്. ആ വാക്ക് വിശ്വസിച്ച മണ്ടത്തരത്തിന് തനിക്കിതു കിട്ടണമെന്ന് കേശവൻ പറയുന്നു. ഇങ്ങനെയൊരു തെറ്റു പറ്റരുതായിരുന്നു. കേശവൻ വിളിച്ചെങ്കിലും സുശീല പോകാൻ തയ്യാറായില്ല. രോഹിണിയും എതിർത്തു. പരമുവും സങ്കടത്തോടെ, അവളെ കൂട്ടരുതെന്നായി. സുശീല ‘അദ്ദേഹത്തോട്’ (ജയനോട്) ചോദിക്കണമെന്നു പറഞ്ഞപ്പോൾ കേശവൻ ക്ഷുഭിതനായി. അവസാനം പോകാനുള്ള അനുവാദം പരമുവും രോഹിണിയും നൽകി. ഈ പോക്ക് നമ്മുടെ ബന്ധം തകർത്തുകളയുന്നേടത്ത് എത്തിക്കരുതെന്നായിരുന്നു പരമുവിന് പറയാനുണ്ടായിരുന്നത്. സ്ത്രീധനമായുള്ള തുകയും ആഭരണവും താൻ തിരികെ ഏൽപ്പിക്കുമെന്നും പരമു പറഞ്ഞു. പിതാവിനൊപ്പം സുശീല പോവുകയാണ്. 

വീട്ടിലെത്തിയ ജയനെ പരമു പുറത്താക്കി. മകനെന്ന സ്ഥാനത്തിന് അവനിനി അർഹതയില്ല. അതോടെ ജയൻ ക്ലബ്ബിലുള്ള കൊച്ചു മുറിയിൽ താമസം തുടങ്ങി. എല്ലാ മോശം ശീലങ്ങളും വർദ്ധിച്ചു. പുതിയവ ആരംഭിച്ചു. ക്ലബ്ബിലെ ബോയിയായ ഗോപാലൻ ജയൻ്റെ ആഗ്രഹസാദ്ധ്യത്തിന് അമ്മിണിയെ സമീപിച്ചു. നിത്യരോഗിയായ അമ്മയെ ശുശ്രൂഷിക്കാൻ വേണ്ടി വഴിപിഴച്ചവളാകേണ്ടി വന്നു. അമ്മിണിയുടെ അടുത്തേക്കാണ് താനെത്തിയതെന്ന് അവളെ കണ്ടപ്പോളാണ് ജയന് മനസ്സിലായത്. ജയൻ ഒഴിഞ്ഞു പോകുമ്പോൾ, ചേട്ടന് വേണ്ടത് ഒരു സ്ത്രീയെയാണ്, ഞാനൊരു സ്ത്രീയാണ് എന്നവൾ കൈപിടിച്ചു വലിച്ചുകൊണ്ട് ദുഃഖനീരസങ്ങളോടെ പറയുന്നു. കുതറിയ ജയൻ വേഗം കടന്നുപോകെ അവൾ സുശീലയെ കൂട്ടികൊണ്ടു വരണമെന്നും ചേട്ടൻ്റെ സുഖജീവിതം കാണാനാണ് താനാഗ്രഹിക്കുന്നതെന്നും വ്യക്തമാക്കി. അമ്മിണിയോട് ഗോപാലൻ ജയൻ്റെ ലക്കുകെട്ട ജീവിതം വിവരിച്ചു. ഉറ്റവരും ഉടയവരുമില്ലെങ്കിലും ജീവിതത്തെക്കുറിച്ച് വ്യക്തമായ ധാരണയുണ്ട് ഗോപാലന്. 

ഗോപാലന് ജയനോട് സ്നേഹവും അനുകമ്പയുമുണ്ടെന്നു കാണാം. ജയനെ രക്ഷിക്കണമെന്ന് അവൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. അമ്മിണി സുശീലയെ ചെന്നുകണ്ടു. ഭർത്താവുള്ള ഇടമാണ് ഭാര്യയുടെ ഇടം. പെണ്ണിൻ്റെ കയ്യിൽ സ്നേഹമെന്ന ആയുധമുണ്ടെന്നും അതു നീ പെയോഗിച്ചില്ലെന്നും അമ്മിണി കുറ്റപ്പെടുത്തി. നീ ഒരു ഭാര്യയായിരുന്നില്ല. അടിമയായിരുന്നു. ഭർത്താവിൻ്റെ കൂടെയുള്ള ജീവിതം ഭാര്യയുടെ അവകാശമാണ്. കേശവൻ വിവാഹമോചനം ആവശ്യപ്പെട്ടുകൂടെയെന്നു ചോദിക്കുമ്പോൾ, വിവാഹമോചനം കിട്ടിയാൽ ഞാൻ രക്ഷപ്പെടുമോയെന്നാണ് സുശീല തിരിച്ചുചോദിക്കുന്നത്. കേശവന് തൻ്റെ ചിന്തകൾ ബോദ്ധ്യപ്പെടുത്തി കൊടുക്കാനവൾക്ക് സാധിച്ചു. ഒരിക്കലും താൻ തെറ്റുചെയ്യില്ല. കേശവൻ മകൾക്ക് പോകാനനനുവാദം നൽകി. 

മദ്യപിച്ചുനിന്ന ജയനെ കാണാൻ ജലജ (അനുജത്തി)യെത്തി. അമ്മയ്ക്കു സുഖമില്ലെന്നും കാണാൻ കൂടെ ചെല്ലണമെന്നും അറിയിക്കാനാണ് അവൾ വന്നത്. കൂടെ ചെല്ലാനാകില്ലെന്ന് ജയൻ തീർത്തുപറഞ്ഞു. ജലജ പോയപ്പോൾ ഗോപാലൻ വന്ന് വീട്ടിൽ പോകാനപേക്ഷിച്ചു. അവനെ സ്നേഹിക്കാനാരുമില്ല. അച്ഛനില്ല, അമ്മയുമില്ല. ഒരു പട്ടി പോലും തന്നെ സ്നേഹിക്കാനില്ല. അവൻ ഭാഗ്യവാനാണെന്ന് ജയൻ പറയുന്നു. മുന്നോട്ടും പിന്നോട്ടും നോക്കാതെ ജീവിക്കാമല്ലോ. അപ്പോൾ ഗോപാലൻ പറയുന്ന വാക്കുകൾക്ക് ഏറെ പ്രസക്തിയുണ്ട്: മുന്നോട്ടും പിന്നോട്ടും നോക്കാനില്ലെങ്കിൽ പിന്നെന്തു ജീവിതം! ജയൻ തൻ്റെ മനസ്സു തുറന്നു: തെറ്റുകൾ മുഴുവൻ തൻ്റേതു തന്നെ. കുറ്റം മുഴുവൻ അയാൾ സ്വയം ഏറ്റെടുത്തു. അമ്മയ്ക്ക് തന്നോടുള്ള നിർലോഭമായ സ്നേഹം ജയൻ്റെ മനസ്സിലുണ്ട്. പക്ഷേ, ഈ തടവറയിൽ തൻ്റെ മനസ്സ് മരവിച്ചുപോയിരിക്കുന്നു. സ്നേഹിക്കുന്നവരുടെ മുഖത്തു നോക്കാനോ അവരുടെ മുമ്പിൽ നിൽക്കാനോ തനിക്കൊരു യോഗ്യതയുമില്ലെന്നും ജയൻ തിരിച്ചറിയുന്നു. അവൻ്റെ വാക്കുകളിലത് അടങ്ങിയിട്ടുണ്ട്. ഇവിടെ നിന്നും രക്ഷപ്പെടണമെങ്കിൽ തുലച്ചുകളഞ്ഞ പണം തിരികെ കിട്ടണം. അന്നേ ഇതവസാനിക്കൂ. ജയൻ മദ്യപിച്ചു വശം കെട്ടിരിക്കെയാണ് അമ്മിണിയുടെ വാക്കു കേട്ട് ഉദ്ബുദ്ധയായ സുശീല ക്ലബ്ബിലേക്കെത്തിയത്. വീട്ടിലേക്കു പോകാമെന്നും ഒരുമിച്ചു കഴിയാമെന്നും സുശീല പറഞ്ഞു. ജയൻ തയ്യാറായില്ല. ജയൻ്റെ മദ്യഗ്ലാസ്സെടുത്ത് സുശീല കുടിക്കാനൊരുങ്ങി. ചേട്ടൻ കുടിക്കുന്നത് എനിക്കും കുടിക്കാം. അവളെ ഉന്തിയും തള്ളിയും ജയൻ പുറത്താക്കി. ഗോവണിയിൽ നിന്നും വീണ് നെറ്റി മുറിഞ്ഞു. ഈ സന്ദർഭത്തിൽ അമ്മിണി പ്രവേശിക്കുകയും ജയനോട് ക്രുദ്ധയാവുകയും ചെയ്യുന്നു. പുരുഷന്മാർക്കു മാത്രമല്ല, സ്ത്രീകൾക്കുമുണ്ട് മനസ്സും ശരീരവും. അവർക്കുമുണ്ട് വിചാരങ്ങൾ. വികാരങ്ങൾ. അവൾ പറഞ്ഞു.

ജയന് വല്ലാത്ത കുറ്റബോധം അനുഭവപ്പെട്ടു. എന്നിട്ടും കളിവിട്ടില്ല. കുടുംബസ്വത്തിലെ അവകാശത്തുകയും കളിച്ചുകളഞ്ഞു. പക്ഷേ, പിന്നീട് ഭാഗ്യനക്ഷത്രം ഉദിക്കുകയായിരുന്നു. ഇഷ്‌ടം പോലെ പണം കിട്ടി. സമ്പാദിക്കാനായി സ്വന്തം ജീവിതമാണ് താൻ ചുട്ടുചാമ്പലാക്കിയതെന്ന് പറയുന്നുണ്ട്, ജയൻ. ഈ പണമുണ്ടാക്കാനല്ലേ കുടുംബത്തെ കണ്ണീരു കുടിപ്പിച്ചത്? ഗോപാലൻ പണം ബാഗിലടുക്കി നൽകുന്നു. ജയനിൽ നിന്നും പരമു പണം സ്വീകരിക്കുന്നില്ല. എങ്കിലും അമ്മയെ കാണാൻ അനുവദിക്കുന്നു. അമ്മയെ താൻ ചികിത്സിക്കുമെന്നു പറയുമ്പോൾ, അത്തരം സഹായം വേണ്ടെന്ന് പരമു പറഞ്ഞു. ഉടുപ്പുമാറണ്ടേ എന്ന് ജലജ അമ്മയോടു ചോദിച്ചപ്പോൾ, ‘മാറണം, മരിച്ചേപ്പിന്നെ’യെന്നാണ് രോഹിണിയുടെ മറുപടി. എൻ്റെ ഭാര്യ രോഹിണി മരിച്ചെന്ന് മരണവിവരം പരമു അറിയിക്കെ ജയൻ ഞെട്ടുന്നു. അമ്മയുടെ ശവസംസ്കാരം നടത്താൻ ആ പണം ഉപകരിക്കുമെന്ന് ജയൻ പറയുമ്പോൾ, ‘അതിനു വേണ്ടിയുള്ള നിൻ്റെ കാത്തിരുപ്പാണ് അവളെ കൊന്നതെന്ന്’ പരമു രോഷത്തോടെ മറുപടി പറഞ്ഞു. ജയൻ പണം അമ്മിണിക്കു നൽകാനൊരുങ്ങി. എന്നാൽ ഒരു പൈസ പോലും അതിൽ നിന്നും സ്വീകരിക്കാനവൾ തയ്യാറായില്ല. തൻ്റെ ഭാര്യ സുശീലയെ വിളിക്കാൻ പണവുമായി ചെന്നപ്പോൾ അവളും അയാളെ അകറ്റി. ജയനെ വിശ്വസിക്കാനവൾക്കായില്ല. ജയൻ സമ്പാദിച്ച പണത്തിന് മൂല്യമില്ലെന്നവനറിഞ്ഞു. ഈ പ്രതിസന്ധി ഘട്ടത്തിൽ അമ്മിണി ഇടപെടുന്നു. ജയൻ എല്ലാ തെറ്റുകളും തിരുത്താൻ തയ്യാറായാണ് വന്നത്, സ്വന്തം ജീവിതം തകർക്കരുതെന്ന് സുശീലയാടവൾ ആവശ്യപ്പെട്ടു. തനിക്കും മകൾക്കും വേണ്ടത് അവനിലുള്ള വിശ്വാസമാണെന്ന് കേശവൻ വ്യക്തമാക്കി. അതവനിൽ കാണാൻ സാധിച്ചില്ല. മകളുടെ വേദനയും ജീവിതവും മറക്കുകയാണ് കേശവൻ ചെയ്യുന്നതെന്ന് അമ്മിണി കുറ്റപ്പെടുത്തി. ജയനെ തിരിച്ചയച്ചതിൽ സുശീല പരിതപിച്ചു. അച്ഛൻ പറഞ്ഞുതന്ന പോലെ പ്രവർത്തിച്ചത് ഉചിതമായില്ല. തനിക്ക് പോകണമെന്ന് സുശീല പറഞ്ഞു. കേശവന് അതിഷ്ടമായില്ല. മകൾ തന്നെ ധിക്കരിക്കുകയാണ്. പോകുമ്പോൾ ഒരു കാര്യം ഓർത്തോളൂ. നിൻ്റെ പിന്നിലടയുന്ന ഈ വാതിൽ ഇനിയൊരിക്കലും നിനക്കായി തുറക്കില്ലെന്ന് അയാൾ ശഠിച്ചു. നിരാശനും ദുഃഖിതനും അപമാനിതനുമായ ജയൻ തോൽക്കാനായി വീണ്ടും വീണ്ടും കളിച്ചുകൊണ്ടിരുന്നു. പക്ഷേ, ജയവും സമ്പാദ്യവും കുന്നുകൂടി. പണം അവനെ ഭ്രാന്താവസ്ഥയിലെത്തിച്ചു. മുമ്പ് സ്ഥിരം തോൽവിയായിരുന്നെങ്കിൽ ഇപ്പോൾ തോൽക്കാനാണ് പാട്. നോട്ടുകൾ വാരിക്കൂട്ടി തീ കൊളുത്താനൊരുങ്ങിയെങ്കിലും ഗോപാലൻ തടഞ്ഞു. ഒരു ഉന്മാദാവസ്ഥയിൽ ജയൻ്റെ പണം മോഷ്ടിക്കപ്പെട്ടു.

സുശീല ജയനെത്തേടിയെത്തി. പക്ഷേ, ജയന് അവളെ ഉൾക്കൊള്ളാനായില്ല. വന്നിടത്തേക്കു തന്നെ മടങ്ങിക്കൊള്ളൂ. ചീട്ടുകൊട്ടാരത്തിൽ ജീവിതം നഷ്ടപ്പെടുത്തിയവനാണു താൻ. എല്ലാം നഷ്ടമായിരിക്കുന്നു. ആഗ്രഹങ്ങൾ മണ്ണടിഞ്ഞിരിക്കുന്നു. തൻ്റെ പണം ആരോ മോഷ്ടിച്ചിരിക്കുകയാണ്. എല്ലാ പ്രതീക്ഷകളും തകർന്നിരിക്കുന്നു. എന്നിട്ടും സുശീല ജയനെ വിട്ടുപോകാൻ തയ്യാറായില്ല. ജയൻ്റെ പണം കണ്ടിട്ടല്ല അവൾ വന്നത്. അദ്ദേഹത്തിൻ്റെ കൂടെ ജീവിക്കാനാണ്.

താൻ ചെയ്ത തെറ്റുകളോർത്ത് ജയൻ വിതുമ്പി. അമ്മിണി കടന്നുവരികയും പ്രശ്നപരിഹാരം സാധിക്കുകയും ചെയ്യുന്നു. ‘പണമല്ല, മനുഷ്യമനസ്സുകളാണ് കാര്യം’ എന്നവൾ വ്യക്തമാക്കുന്നു. നായികാനായകന്മാർ ധനശൂന്യരാണെങ്കിലും സ്നേഹം മുൻനിർത്തി ഒന്നിക്കുന്നു. സൂത്രധാരൻ്റെ ഭാഷ്യത്തിൽ നാടകം ഇവിടെ അവസാനിക്കുന്നു.

പക്ഷേ, നാടകത്തിൻ്റെ അന്ത്യഭാഗം നിർമ്മാതാവിന് തീരെ ഇഷ്ടമായില്ല. ശുഭപര്യവസായിയാകണം നാടകം എന്നായിരുന്നു അദ്ദേഹത്തിൻ്റെ നിലപാട്. ‘പണമില്ലാതെ നായികാ നായകരെങ്ങനെ ജീവിക്കും? ഇത് എന്തോന്ന് ക്ലൈമാക്സ്?’ ഇതാണ് നിർമ്മാതാവിൻ്റെ ചോദ്യം. അപ്പോഴാണ് അമ്മിണിയോട് സൂത്രധാരൻ എന്തോ പിറുപിറുത്തത്. അമ്മിണി ഗോപാലനെ വിളിച്ചു. ഗോപാലൻ താൻ പറഞ്ഞിട്ട് പണം സുരക്ഷിതമായി മാറ്റിയിരുന്നുവെന്ന രഹസ്യം അവൾ വെളിപ്പെടുത്തി. എല്ലാർക്കും സന്തോഷമായി. അവിടെയെത്തിയ കേശവൻ മകളെ അനുഗ്രഹിക്കുന്നു. എല്ലാവരും സന്തോഷിക്കുന്നു. ഇത് നിർമ്മാതാവിൻ്റെ ക്ലൈമാക്സാണ്. ഇതിൽ പണത്തിനാണ് പ്രാധാന്യം.

തൻ്റെ ക്ലൈമാക്സിനെക്കുറിച്ച് സൂത്രധാരൻ ഇപ്രകാരം പറയുന്നു: “നിർമ്മാതാവേ എൻ്റെ ക്ലൈമാക്സ് മനസ്സിൻ്റെയും മനുഷ്യൻ്റെയും ക്ലൈമാക്സ് ആയിരുന്നു. വികാരം ത്രസിക്കുന്ന ജീവിതത്തിൻ്റെ ക്ലൈമാക്സ് ആയിരുന്നു. ഇത് നിങ്ങളുടെ ക്ലൈമാക്സ്. പണവും പരുന്തുമുള്ള നിങ്ങളുടെ ക്ലൈമാക്സ്. കഥാപാത്രങ്ങളെ കരഞ്ഞു കളിപ്പിക്കുന്ന സിനിമാക്കാരുടെ ക്ലൈമാക്സ്”. 

ജയനും സുശീലയും തമ്മിലുള്ള ധനത്തിൻ്റെ മുഖമുദ്രയില്ലാത്ത ബന്ധമാണ് സൂത്രധാരൻ പ്ലാൻ ചെയ്തത്. എന്നാൽ, പണത്തിൻ്റെ സാന്നിദ്ധ്യത്തിൽ തന്നെയുള്ള ക്ലൈമാക്സ് നിർമ്മാതാവിനെ തൃപ്തിപ്പെടുത്താനായി ഒരുക്കേണ്ടി വന്നു.

കലയ്ക്കു നേരിടുന്ന ഈ തകർച്ചയ്ക്ക് മുഖ്യകാരണം ധനത്തിൻ്റെ ആധിക്യവും സ്വാധീനവും പണമുണ്ടാക്കാനുള്ള ആർത്തിയുമാണെന്ന സത്യം തുറന്നവതരിപ്പിക്കുന്ന കാലിക പ്രസക്തിയുള്ള നാടകമാണ് സൂത്രധാരൻ എന്നു പറയാം. സമൂഹത്തിനു സംഭവിച്ചുകൊണ്ടിരിക്കുന്ന പരിതാപകരമായ വീഴ്ച്ചയും, കല സംസ്കാര വ്യവസായത്തിൻ്റെ കാലത്തിൽ പുരോഗമന വിമുഖമായി, ധനപ്രൗഢിക്കു കീഴടങ്ങി വഴിമാറി സഞ്ചരിക്കുന്നതും നാടകകൃത്ത് ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു. 




 



അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

എസ്.കെ.പൊറ്റക്കാട്: സഞ്ചാരസാഹിത്യത്തിലെ അതികായൻ

കരുണ - കുമാരനാശാൻ

നീർമാതളം പൂത്ത കാലം : മാധവിക്കുട്ടി