മഴവില്ലും ചൂരൽവടിയും: എൻ.വി.കൃഷ്ണവാര്യർ


‘മഴവില്ലും ചൂരൽവടിയും’-N V

എൻ.വി.കൃഷ്ണവാര്യരുടെ കാലികപ്രസക്തിയുള്ള കവിതയാണ്, ‘മഴവില്ലും ചൂരൽവടിയും.’ മനുഷ്യനെന്ന ജന്തുവർഗ്ഗത്തിൻ്റെ അക്രമാസക്തിയെയും അധികാരക്കൊതിയെയും വിമർശിക്കുന്ന കവിതയാണിത്. മഴവില്ല് വളരെ ഭംഗിയുള്ളതും എല്ലാവരെയും ആകർഷിക്കുന്നതുമായ പ്രകൃതി വിസ്മയമാണ്. വർണ്ണങ്ങളുടെ വിലാസത്താൽ പ്രേക്ഷകരെ രോമാഞ്ചമണിയിക്കുന്ന ഈ പ്രകൃതിപ്രതിഭാസം എങ്ങനെ മാനത്തെത്തിയെന്നതിനെ സംബന്ധിച്ച് ബൈബിൾ പഴയനിയമത്തിൽ ഒരു കഥയുണ്ട്. ഉൽപ്പത്തി 9 ൽ ഇപ്രകാരം പറയുന്നു: പ്രളയാനന്തരം ദൈവം നോഹയേയും മക്കളേയും അനുഗ്രഹിച്ചു. എന്നിട്ട് അതൾ ചെയ്തു: ഭൂമിയിൽ പെറ്റുപെരുകാനും നിറയാനും നിങ്ങൾക്കു സാധിക്കും. ഭൂമിയിലെ മറ്റു ജീവികൾക്കെല്ലാം നിങ്ങളെപ്പറ്റി പേടിയും നടുക്കവുമുണ്ടാകും. ഇതര ജീവജാലങ്ങളെയെല്ലാം മനുഷ്യൻ്റെ കയ്യിലാണ് ദൈവം ഏൽപ്പിച്ചത്. ദൈവം സ്വന്തം പ്രതിച്ഛായയിലാണത്രേ മനുഷ്യനെ സൃഷ്ടിച്ചത്. ഇനിമേൽ ഒരിക്കലും പ്രളയം ഭൂമിയിലെ ജീവജാലങ്ങളെ നശിപ്പിക്കില്ലെന്നും അത്തരം പ്രളയം ഉണ്ടാകില്ലെന്നും ദൈവം എല്ലാ ജീവജാലങ്ങളുടെയും പേരിൽ ഉടമ്പടി ചെയ്യുകയുണ്ടായി. ആ ഉടമ്പടിയുടെ അടയാളമായി ദൈവം തൻ്റെ വില്ല് മേഘത്തിൽ വെച്ചു. അതാണു മഴവില്ല്. താനും ഭൂമിയും തമ്മിലുള്ള ഉടമ്പടിയുടെ അടയാളമായാണ് ദൈവം അതിനെ വീക്ഷിച്ചത്. ദൈവം ഇതുകൂടിപ്പറഞ്ഞു: “ഞാൻ ഭൂമിക്കു മുകളിൽ മേഘങ്ങളെ വരുത്തുകയും മേഘങ്ങളിൽ വില്ല് പ്രത്യക്ഷപ്പെടുകയും ചെയ്യുമ്പോൾ എൻ്റെ ഉടമ്പടി, എനിക്കു നിന്നോടും എല്ലാ ജീവികളോടുമുള്ള ഉടമ്പടി ഞാൻ ഓർമ്മിക്കും: ഇനി മേൽ ഒരിക്കലും വെള്ളം എല്ലാ ജീവജാലങ്ങളെയും നശിപ്പിക്കുന്ന പ്രളയമായിത്തീരുകയില്ല.” വില്ല് ഉടമ്പടിയുടെ അടയാളമാണ്. ‘മഴവില്ലും ചൂരൽവടിയും’ എന്ന കവിതയിൽ പെൻഷൻ പറ്റിയ താസിൽദാരായാണ് ദൈവത്തെ അവതരിപ്പിക്കുന്നത്. 

ചൂരൽവടിയാകട്ടെ, മർദ്ദനത്തിനുള്ള ഉപകരണവും മർദ്ദകവർഗ്ഗത്തിൻ്റെ കയ്യിലുള്ള പീഡനോപകരണവുമാണ്. ചൂരൽവടിയെ, അതിൻ്റെ അധികാരപ്രയോഗശക്തിയെ, സാധാരണക്കാർ ഭയക്കുന്നു. അച്ചടക്കം സ്ഥാപിക്കാനും അക്രമം ലഘൂകരിക്കാനും അല്ലെങ്കിൽ ഇല്ലായ്മ ചെയ്യാനും ചൂരൽവടി പ്രയോഗം ഉണ്ടാകാം. എന്നാൽ, ചൂരൽവടി മനുഷ്യസമുദായത്തിന് തമ്മിലടിക്കാനും സ്വയം നശിക്കാനുമുള്ള ഉപാധി കൂടിയാണ്. തമ്മിൽത്തല്ലി, ജാതിയുടെയും മതത്തിൻ്റെയും ദേശത്തിൻ്റെയും വർണ്ണത്തിൻ്റെയും രാഷ്ട്രീയത്തിൻ്റെയും വ്യക്തിവൈരാഗ്യത്തിൻ്റെയും പേരിൽ വഴക്കിട്ട് സഹോദരനെ, ബന്ധുവിനെയൊക്കെ നിഹനിക്കാൻ ചൂരൽവടി കാരണമാകുന്നു. ഇങ്ങനെയുള്ള വശങ്ങൾ അതിനുണ്ട്. അത് മർദ്ദനോപകരണമാണെന്ന വസ്തുതയ്ക്കാണ്, സ്വന്തം വംശത്തെ ഉന്മൂലനം ചെയ്യാനുള്ള ഉപാധിയെന്ന വസ്തുതയ്ക്കാണ് ഊന്നൽ നല്കേണ്ടത്. 

വെയിൽ താഴ്ന്ന നേരം - സായാഹ്നത്തിൽ - കടലോര വഴിയിലൂടെ ദൈവം നടക്കാനിറങ്ങി. കാറ്റിലുലയുന്ന കുപ്പായവും സിൽക്കു ധോത്തിയുമാണ് വേഷം. കയ്യിൽ ചൂരൽവടിയുമുണ്ട്. പെൻഷൻ പറ്റിയ താസീൽദാരു തന്നെ. ജനം അങ്ങനെ കരുതി.

കാറുകൾ തൻ്റെ മീതെ കയറാതിരിക്കാൻ ഒതുങ്ങിയാണ് യാത്ര. ഉയരുന്ന പൊടി ശരീരത്തിൽ അസ്വസ്ഥത സൃഷ്ടിക്കാതിരിക്കാൻ മൂക്കിൽ തൂവാല ചേർത്തുപിടിച്ചിട്ടുണ്ട്. മനുഷ്യൻ്റെ യാന്ത്രികമായ വികസനത്വര ദൈവത്തിൽപ്പോലും അസ്വസ്ഥത നിറച്ചിട്ടുണ്ടെന്ന് വ്യക്തമാകുന്നു. മനുഷ്യനെ ഒരു പാഠം പഠിപ്പിക്കണമെന്ന് ദൈവം കരുതിയിട്ടുണ്ടാകാം. 

അത്ഭുതം തന്നെ! ദൈവം അവിടെ നിന്നു. അദ്ദേഹം ആകാശത്തേക്കു നോക്കി.  കാർമേഘങ്ങൾ നിരന്നു പരന്ന് ഇരുളാനാരംഭിച്ചിരിക്കുന്നു. 

കിഴക്കുഭാഗത്തതാ, വർണ്ണോജ്ജ്വലമായ മഴവില്ലു കാണുന്നു. അതിൻ്റെ ഒരറ്റം അങ്ങാടിയുടെ മേൽപ്പുര മീതെ ചുംബിക്കുന്നു. മറ്റേയറ്റം, തെങ്ങിൻ തോപ്പിനപ്പുറം മറയുകയാണ്. 

ഈ സന്ദർഭത്തിൽ ദൈവം ആദി പ്രളയം കഴിഞ്ഞപ്പോൾ നോഹയ്ക്കു നല്കിയ വാഗ്ദാനവും മണ്ണോടും മനുഷ്യനോടും എല്ലാ ചരാചരങ്ങളോടും എന്നേക്കുമായി ചെയ്ത കരാറും ഓർത്തു. അതിൻ്റെ ഭാഗമായാണല്ലോ തൻ്റെ ദിവ്യവില്ല് അന്നത്തെ മേഘത്തിൽ വെച്ചത്. മനുഷ്യരോടും അവരുടെ മക്കളോടും അവർ വളർത്തുന്ന മാടുകളോടും പക്ഷികളോടും മാനുകളോടുമൊക്കെ ചെയ്തതാണ് ആ വാഗ്ദാനം. പെട്ടകത്തിൽ കയറി രക്ഷപ്പെട്ട എല്ലാ സൃഷ്ടികൾക്കും വേണ്ടിയാണ് ഈ വാഗ്ദാനം നടത്തിയത്. കാറുകൾ തൻ്റെ മീതേ തട്ടാതിരിക്കാൻ ഒതുങ്ങി, മൂക്കിൽ തൂവാലചേർത്ത് നടക്കെ, കിഴവൻ താസീൽദാരുടെ കയ്യിലെ വടിയുടെ അത്ഭുതവർണ്ണം ആരെങ്കിലും ശ്രദ്ധിച്ചുവോയെന്ന് കവി ചോദിക്കുന്നു. വഴിവക്കിൽ കണ്ട ചൂരൽ ധൃതിയിൽ ചെന്നെടുത്തപ്പോൾ, മഴവില്ല് ആകാശത്തിലുണ്ടോയെന്ന് ആഹ്ലാദത്താൽ മദോന്മത്തനായ മനുഷ്യൻ ഓർത്തില്ല. [ദൈവം കരാറിൽ നിന്നും പിൻവാങ്ങി. മനുഷ്യന് തിരിച്ചടി ആസന്നമായി. വില്ല് ദൈവം തിരിച്ചെടുത്തു.]

ദൈവത്തിൻ്റെ ചൂരൽവടി മനുഷ്യൻ കരസ്ഥമാക്കുന്നു. മർദ്ദനോപാധികളോട് മനുഷ്യൻ കാട്ടുന്ന ആസക്തി ഒരിക്കലെങ്കിലും സർഗാത്മകതയോട് അവൻ പ്രകടിപ്പിക്കുന്നില്ല. മത്സരിക്കാനും തമ്മിൽത്തല്ലാനും വെട്ടാനും കുത്താനും ജയിക്കാനുമാണ് അവനു മോഹം. അതിനായി മറ്റുള്ളവരെ ഭയപ്പെടുത്താനും കീഴ്പ്പെടുത്താനുമായി ആയുധങ്ങൾ തേടുന്നു. ദൈവം മനുഷ്യനുമായും മറ്റുജന്തുക്കളുമായും ഒക്കെ ചെയ്ത കരാറിൽ നിന്നും പിൻവാങ്ങിയിരിക്കുകയാണ്. ആ ഉടമ്പടി അപ്രസക്തമായിത്തീർന്നിരിക്കുന്നു. അതിനാൽ വളരെ വേഗം തന്നെ പ്രളയം ആഗമിക്കാം. സർവ്വനാശമായിരിക്കും ഫലം. 

ആലോചനാശൂന്യമായ മനുഷ്യൻ്റെ പെരുമാറ്റത്തെയും, ഭാവനയില്ലായ്മയേയും പരോപകാര പ്രവണത നിറഞ്ഞ, നന്മ നിറഞ്ഞ, സഹിഷ്ണുത നിറഞ്ഞ ജീവിതം നയിക്കാനുള്ള വൈമനസ്യത്തെയും ആക്ഷേപിക്കുന്ന കവിതയായി ‘മഴവില്ലും ചൂരൽവടിയും’ എന്ന കവിതയെ കാണാം. മനുഷ്യൻ വലിയ ദുരന്തത്തെ അഭിമുഖീകരിക്കുകയാണെന്ന സന്ദേശം ഇതിൽ അടങ്ങിയിരിക്കുന്നു.



അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സഭാപ്രവേശം - കുഞ്ചൻ നമ്പ്യാർ

ഹിമവാൻ്റെ മുകൾത്തട്ടിൽ: രാജൻ കാക്കനാടൻ, ഭാഗം1

കരുണ - കുമാരനാശാൻ