മാധവിക്കുട്ടി /കക്കട്ടിൽ അഭിമുഖം (ഭാഗം2)


മാധവിക്കുട്ടി /കക്കട്ടിൽ അഭിമുഖം  (ഭാഗം2)

കുട്ടികളുടെ മനസ്സിലേക്കിറങ്ങി അവരെപ്പോലെ കഥ പറയാൻ മാധവിക്കുട്ടിക്കു വൈഭവമുണ്ട്. അവരിൽ ശിശുസഹജമായ മനസ്സുണ്ട്. പ്രായമാകുമ്പോഴും അതു നിലനിർത്താൻ സാധിക്കുന്നു. പതിനഞ്ചുവയസ്സിലുണ്ടായിരുന്ന കാഴ്ചപ്പാടിലൂടെയാണ് ഇന്നും ലോകത്തെയും ജീവിതത്തെയും നോക്കിക്കാണുന്നത് എന്ന് മാധവിക്കുട്ടി വ്യക്തമാക്കുന്നു.

പ്രഭാതം എന്ന കഥയിലെ കുട്ടി, മാതുവമ്മയുടെ കുടിലിൽ പോയപ്പോൾ ആ കുട്ടിക്ക് രക്ഷാകവചമൊന്നും ഉണ്ടായില്ല. വിധിയെ പ്രതിരോധിക്കണമെങ്കിൽ അസാമാന്യമായ കരുത്തു വേണം.

 ഉണ്ണി എന്ന കഥയിൽ ഒരു സ്ത്രീയുടെ ഭർത്താവ് അപകടത്തിൽ മരിക്കുകയാണ്. താൻ ഒരു ഉണ്ണിയായിരുന്ന കാലത്തെ മാത്രമേ വില മതിച്ചുള്ളൂ. ആത്മാവ് പഴയരൂപം വീണ്ടെടുത്ത് പ്രത്യക്ഷപ്പെടുന്നു. അതു തൻ്റെ ഭർത്താവിൻ്റേതാണെന്നു മനസ്സിലാക്കാൻ ഭാര്യ സമയമേറെയെടുക്കുന്നു.

ഏതു പ്രായത്തിലുള്ള കഥാപാത്രങ്ങളായി മാറാനും സാധിക്കുന്നു. ഒരു പുതുജന്മം എടുക്കുന്നതുപോലെയാണ് മാധവിക്കുട്ടിക്ക് കഥയെഴുത്ത്. കഥാനായികയുടെ ആത്മാവായി മാറുന്നു. ഒരു ഡിറ്റക്ടീവിനെപ്പോലെ കഥാപാത്രത്തെ നിർവികാരതയോടെ അവർ പിന്തുടരുന്നു.

നെയ്പ്പായസം എന്ന കഥ രചിച്ചതിനു പിന്നിൽ ഒരു പശ്ചാത്തലമുണ്ട്. അമ്മ മരിച്ച വിവരമറിയാതെ, ശവദാഹം കഴിഞ്ഞു വരുന്ന പിതാവ് പായസം വിളമ്പി കൊടുക്കുമ്പോൾ പായസം നല്ല രുചിയുണ്ടെന്ന് കുട്ടികൾ പറയുന്നു. കണ്ണീരടക്കാനാവാതെ ഭർത്താവ് രംഗം വിടുന്നു. ഇടത്തരക്കാർ മാത്രം കഴിയുന്ന ബോംബെയിൽ ഒരു കോളനിയിലാണ് ഈ കഥയെഴുതുമ്പോൾ മാധവിക്കുട്ടി താമസിച്ചിരുന്നത്. വീട്ടുകാര്യങ്ങൾ സ്വയം ചെയ്യുന്ന സ്ത്രീകളെ കണ്ടു. അവർ വീട് വൃത്തിയാക്കുന്നു, വസ്ത്രമലക്കുന്നു. അവരുടെ മൂല്യം ഭർത്താക്കന്മാർക്കും മക്കൾക്കും മാത്രമേ അറിയൂ. ഈ യാഥാർത്ഥ്യം എഴുത്തുകാരിയെ അലട്ടി. ഭാര്യ മരിച്ചു കിടക്കുമ്പോൾ ലീവിനെക്കുറിച്ചു ചിന്തിക്കേണ്ടി വരുന്ന ഭർത്താവ് മദ്ധ്യവർഗ്ഗത്തിൻ്റെ ദുഃഖകരമായ സ്പർശമായി അവർ കണ്ടു. അത്തരം കഥകൾ എഴുതുമ്പോൾ ഒരേ സമയത്തു ചിരിക്കുകയും കരയുകയും ചെയ്യാറുണ്ടെന്ന് എഴുത്തുകാരി സാക്ഷ്യപ്പെടുത്തുന്നു. 

തൻ്റെ കഥകളിൽ തനിക്കു സുപരിചിതമായ കഥാപാത്രങ്ങളാണ് ഉണ്ടാവുക. ഗ്രാമവും നഗരവും രചനകളിൽ നിറയുന്നു. ഗ്രാമീണതയും നാഗരികതയും ഒരേ നാണയത്തിൻ്റെ ഇരു വശങ്ങളാണ്. ഇവ രചനയ്ക്കു സഹായകമായിട്ടുണ്ട്.

എഴുത്തിൽ തൻ്റെ മുഖ്യഗുരു Instinct -അന്തർജ്ഞാനം - ആണെന്ന് മാധവിക്കുട്ടി പറയുന്നു. മണത്തറിയാനുള്ള ആ കഴിവിനെ ഉപയോഗിക്കാറുണ്ട്.

പക്ഷിയുടെ മണം മരണത്തിൻ്റെ അനുഭവമാണ് ആഖ്യാനം ചെയ്യുന്നത്. തുണിക്ക് ചായം നല്കുന്ന വിഭാഗമാണെന്നു കരുതി ഡൈയിങ് എന്ന ബോർഡു വെച്ച, മരണം എളുപ്പമാക്കിക്കൊടുക്കുന്ന സ്ഥാപനത്തിലേക്ക് കയറിച്ചെന്ന് കേടായ ലിഫ്റ്റിൽ കുടുങ്ങിപ്പോകുന്ന യുവതിയുടെ കഥയാണത്. ഭർത്താവിനൊപ്പം കൽക്കത്തയിൽ താമസിക്കുന്ന വേളയിൽ ഒരു ഉദ്യോഗം കിട്ടാൻ ശ്രമിക്കെ, ജീർണ്ണിച്ച ഒരു കെട്ടിടത്തിൽ പ്രവേശിച്ചു. ലിഫ്റ്റ് കേടായിരുന്നു. ഭയങ്കരശബ്ദത്തോടെ അത് കൂരിരുട്ടിൽ മുങ്ങി. മരിച്ചില്ല. മരിക്കാമായിരുന്നുവെന്ന് പിന്നീടു പല പ്രാവശ്യം തോന്നി.

കഥ, കഥയാണ്, ചരിത്രമല്ലെന്ന് ‘എൻ്റെ കഥ’യെ അടിസ്ഥാനമാക്കി അവർ വീക്ഷിക്കുന്നു. താൻ വിവാഹജീവിതത്തിൽ മടുപ്പ് അനുഭവിക്കുന്നവരെ മാത്രമേ പരിചയപ്പെട്ടിട്ടുള്ളൂ എന്നാണ് മാധവിക്കുട്ടി പറയുന്നത്. അതിനാൽ ഇത്തരം കഥാപാത്രങ്ങൾ അവരുടെ കഥകളിൽ സമൃദ്ധമാണ്. സ്വന്തം വിവാഹജീവിതത്തെത്തന്നെ ഉദാഹരണമായി അവതരിപ്പിക്കുന്നു. പെൺകുട്ടികൾ തമ്മിലും മനോഹരമായ പ്രേമമുണ്ടാകാം. അതിൻ്റെ അടിസ്ഥാനത്തിലാണ് ചന്ദനമരങ്ങൾ രചിച്ചത്. തൻ്റെ സദാചാരനിയമങ്ങളുടെ തറക്കല്ലായി നില്ക്കുന്നത് ഹൃദയമാണ് -പ്രേമമാണ്. ഔപചാരിക വിദ്യാഭ്യാസത്തിൻ്റെ കുറവ് തനിക്ക് അനുഭവപ്പെടാറുണ്ടെന്ന് സത്യസന്ധതയോടെ മാധവിക്കുട്ടി വെളിപ്പെടുത്തുന്നു. ആന്തരികജീവിതത്തിന് പ്രാധാന്യം കൽപ്പിച്ചാൽ ഒരു സ്ത്രീയുടെയും രചന മോശമാകില്ല. 

സ്ത്രീ കഥാപാത്രങ്ങളെ പൂർണ്ണതയോടെ അവതരിപ്പിക്കാൻ പുരുഷന്മാർക്കാവില്ല. എഴുത്തുകാരിൽ അമ്മയോടാണ് - ബാലാമണിയമ്മ - കൂടുതൽ ഇഷ്ടം. പ്രകൃതിയിലെ ചരാചരങ്ങൾ ബാലാമണിയമ്മയ്ക്കു കുട്ടികളായിരുന്നില്ല. മൃഗങ്ങളെ അവർക്കു സ്നേഹിക്കാനും സാധിച്ചില്ലെന്ന് മാധവിക്കുട്ടി പറയുന്നു. പിന്നെ സുഗതകുമാരിയെയാണിഷ്ടം. രാജലക്ഷ്മി ആത്മഹത്യചെയ്തുവെന്ന് വിശ്വസിക്കാനാകുന്നില്ല. എഴുതിത്തീർക്കാൻ ഒരുപാടുണ്ടാവുമ്പോൾ അവർക്ക് ആത്മഹത്യചെയ്യാനാകില്ലെന്നാണ് മാധവിക്കുട്ടിയുടെ നിലപാട്. മഹാഭാരതത്തിൽ ഏറ്റവും തിളക്കമുറ്റ കഥാപാത്രമായി മാധവിക്കുട്ടി കാണുന്നത് ദ്രൗപദിയെയാണ്. വെളിപ്പെടുത്താത്ത പലതും അവളിലുണ്ടാകാം. നാലു പരപുരുഷരുടെ ലാളന അനുഭവിക്കേണ്ടി വന്നതിനാലാണ് ദ്രൗപദി ദുഃഖപുത്രിയായത്. താനൊരു ഫെമിനിസ്റ്റാണെന്ന് മാധവിക്കുട്ടി പ്രഖ്യാപിക്കുന്നു. സ്ത്രീക്ക് പുരുഷനെ ആവശ്യമുണ്ടെന്ന് പഠിച്ചറിഞ്ഞ ഫെമിനിസ്റ്റാണ് താൻ എന്നാണ് മാധവിക്കുട്ടി പറയുന്നത്.

അക്ബർ കക്കട്ടിൽ തൻ്റെ അന്വേഷണങ്ങളിലൂടെ മാധവിക്കുട്ടിയുടെ രചനകളുടെ പൊരുൾ കണ്ടെത്തുന്നു. രചനകളിൽ വ്യക്തമാക്കാനാകാത്ത വൈയക്തികമായ നിലപാടുകൾ പ്രകാശിപ്പിക്കുന്ന വേദിയായും അഭിമുഖം പരിണമിക്കുന്നു.


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സഭാപ്രവേശം - കുഞ്ചൻ നമ്പ്യാർ

കരുണ - കുമാരനാശാൻ

എസ്.കെ.പൊറ്റക്കാട്: സഞ്ചാരസാഹിത്യത്തിലെ അതികായൻ