സഞ്ചാരസാഹിത്യം: കുറിപ്പ്

[കിഴവനും ക്രാക്കാത്തൂവ്വയും]

കേരളം കണ്ട ഏറ്റവും വിഖ്യാതനായ സഞ്ചാരസാഹിത്യകാരനാണ് എസ്.കെ. പൊറ്റെക്കാട്. ഗതാഗത സൗകര്യങ്ങളും ആശയവിനിമയ സജ്ജീകരണങ്ങളും ഇന്നത്തെപ്പോലെ കാര്യക്ഷമമല്ലാതിരുന്ന കാലഘട്ടത്തിൽ ലോകമെമ്പാടും തൻ്റെ സുഹൃദ്ബന്ധങ്ങളുടെ അടിസ്ഥാനത്തിൽ ചുറ്റിസഞ്ചരിച്ച്, തൻ്റെ പ്രിയ മലയാളികൾക്കായി സഞ്ചാരാനുഭവങ്ങൾ ആഖ്യാനം ചെയ്ത സാഹസികയാത്രികനാണ് അദ്ദേഹം. നോവൽ, ചെറുകഥാ സാഹിത്യമെന്നപോലെ സഞ്ചാരസാഹിത്യത്തെ ജനപ്രിയസാഹിത്യരൂപമാക്കി പരിവർത്തിപ്പിക്കാൻ അദ്ദേഹത്തിനു സാധിച്ചു. യാത്രാവിവരണ / സഞ്ചാരസാഹിത്യത്തിൻ്റെ കുലപതിയായി മലയാളത്തിൽ അദ്ദേഹത്തെ വിശേഷിപ്പിക്കുന്നു. ഒരു സാദാസഞ്ചാരിയുടെ അനുഭവവിവരണമെന്നതിലുപരി മനോഹരവർണ്ണനകളാലും ഹൃദ്യമായ പ്രതിപാദനത്താലും ചരിത്രവസ്തുതകളാലും ഭൂമിശാസ്ത്രവിവരണങ്ങളാലുമൊക്കെ അറിവും അനുഭൂതിയും പകരുന്ന സാഹിത്യസഞ്ചയമായി യാത്രാവിവരണം മാറിയിരിക്കുന്നു. കാപ്പിരികളുടെ നാട്ടിൽ -1951,സിംഹഭൂമി (1954 - 58 രണ്ടു ഭാഗങ്ങൾ), ഇന്നത്തെ യൂറോപ്പ് - 1955, പാതിരാസൂര്യൻ്റെ നാട്ടിൽ -1956, സോവിയറ്റ് ഡയറി - 1957,ഇൻഡോനേഷ്യൻ ഡയറി - 1958, ബാലിദ്വീപ്-1958, ലണ്ടൻ നോട്ട്ബുക്ക് - 1970, ക്ലിയോപാട്രയുടെ നാട്ടിൽ - 1977, മുതലായവ വളരെ ആസ്വാദ്യകരമായ യാത്രാവിവരണങ്ങളാണ്. വായനക്കാരനെ താൻ കാണുന്ന കാഴ്ച്ചകളിലേക്കു നയിക്കുന്ന, തൻ്റെ ഒപ്പം കൂട്ടുന്ന മട്ടിലാണ് എസ്.കെ തൻ്റെ യാത്രാവിവരണങ്ങൾ രചിച്ചത്. 

യാത്രയെ സംബന്ധിക്കുന്ന ആഖ്യാനമാണ് യാത്രാവിവരണം. സഞ്ചാരസാഹിത്യമെന്നും വിളിക്കാം. ഇന്ന് വായനക്കാരനു പ്രിയപ്പെട്ട സാഹിത്യരൂപമായി അതു മാറിയിട്ടുണ്ടെങ്കിൽ അതിൻ്റെ കാരണക്കാരൻ എസ്.കെയാണ്. അതിരുകൾ അപ്രസക്തമായിത്തീർന്ന, ടൂറിസത്തിൻ്റെ സാദ്ധ്യതകൾ വർദ്ധമാനമായ, ആശയവിനിമയവും അറിവു സമ്പാദനവും വേഗത കൈവരിച്ച ഈ കാലഘട്ടത്തിൽ മികവുറ്റ സാഹിത്യരൂപമായി അത് അംഗീകരിക്കപ്പെട്ടിരിക്കുന്നു. 

ആധുനിക കാലഘട്ടത്തിൽ ട്രാവൽ മാഗസിനുകളും ട്രാവൽ വ്ലോഗുകളും ട്രാവൽ ബ്ലോഗുകളും സോഷ്യൽ മീഡിയയിലെ യാത്രാകുറിപ്പുകളും ഫോട്ടോകളും വീഡിയോകളും യാത്രാകുതുകം വർദ്ധിപ്പിക്കുന്നു. 

മലയാളത്തിലെ ആദ്യത്തെ യാത്രാവിവരണം വർത്തമാനപ്പുസ്തകം എന്ന കൃതിയാണ്. ഇതെഴുതിയത് പാറേമ്മാക്കിൽ തോമാ കത്തനാർ എന്ന പുരോഹിതനാണ്. 1790- 99 കാലയളവിലാണ് അതിൻ്റെ രചനയെങ്കിലും, ആ കൃതി അച്ചടിക്കപ്പെടുന്നത് 1936 ൽ മാത്രമാണ്. മലയാളത്തിൽ അച്ചടിക്കപ്പെട്ട ആദ്യയാത്രാവിവരണമെന്ന ബഹുമതി ലഭിച്ചിട്ടുള്ളത് പരുമലത്തിരുമേനി (ഗീ വർഗ്ഗീസ് മാർഗ്രിഗോറിയസ് മെത്രാപ്പൊലീത്ത) രചിച്ച ഊർശ്ലേം യാത്രാവിവരണമാണ്. 1895 ൽ. ഊർശ്ലേം എന്നത് യരൂശലേമാണ്. അവിടേക്കു നടത്തിയ യാത്രാനുഭവങ്ങളാണ് ഊർശ്ലേം യാത്രാവിവരണം.

യുവാക്കൾക്ക് സഞ്ചാരം വിദ്യാഭ്യാസത്തിൻ്റെ ഒരു ഭാഗമാണെന്നും മുതിർന്നവരെ സംബന്ധിച്ച് അനുഭവത്തിൻ്റെ ഭാഗമാണെന്നും പ്രശസ്ത ചിന്തകനായ ഫ്രാൻസിസ് ബേക്കൺ അഭിപ്രായപ്പെടുന്നു.

വിജ്ഞാനവും വിനോദവും അനുഭവവും അനുഭൂതിയും ഒരുപോലെ കൈമാറുന്ന നവീന സാഹിത്യശാഖയായി സഞ്ചാര സാഹിത്യത്തെ /യാത്രാവിവരണത്തെ പരിഗണിക്കാം. 

ganeshanmalayalam@gmail.com  9495900209


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സഭാപ്രവേശം - കുഞ്ചൻ നമ്പ്യാർ

ഹിമവാൻ്റെ മുകൾത്തട്ടിൽ: രാജൻ കാക്കനാടൻ, ഭാഗം1

കരുണ - കുമാരനാശാൻ