എൻ്റെ ഗുരുനാഥനെ ഓർക്കുമ്പോൾ: കലാമണ്ഡലം ഹൈദരലി
എൻ്റെ ഗുരുനാഥനെ ഓർക്കുമ്പോൾ
കഥകളി സംഗീത പ്രതിഭയായ കലാമണ്ഡലം ഹൈദരാലി എഴുതിയ ‘ഓർത്താൽ വിസ്മയം’ എന്ന ലേഖനസമാഹാരത്തിൽ തൻ്റെ ഗുരുനാഥനായ കലാമണ്ഡലം നീലകണ്ഠൻ നമ്പീശനെ ഓർക്കുകയും ആദരിക്കുകയും ചെയ്യുന്നു. കാലാകാലങ്ങളിലായി കഥകളി എന്ന കലയ്ക്ക് ഗുണകരമായ നിരവധിമാറ്റങ്ങൾ സംഭവിച്ചതിനാലാണ് ഇന്നു കാണുന്ന ആകർഷണീയതയും ജനപ്രിയതയും അതിനു കൈവന്നത്. പഴയ കാലത്ത് മൈക്കില്ലായിരുന്നു. കഥകളിപ്പാട്ടുകാർ അന്ന് ഉറക്കെ സദസ്യർ കേൾക്കാനായി പാടണം. അങ്ങനെ തൊണ്ടപൊട്ടി പാടുമ്പോൾ വരികളിലെ ഭാവം നഷ്ടമാവും. സ്വരം താഴ്‌ത്തേണ്ടിടത്തു താഴ്ത്താനും ഉയർത്തേണ്ടിടത്തുയർത്താനും സാധിക്കുമ്പോഴാണ് പാട്ട് അർത്ഥഭരിതമാകുന്നത്. ഒപ്പം സംഗീതനിർഭരമാകുന്നത്. അതിനു മൈക്കിൻ്റെ വരവു സഹായകമായി. ഹൈദരലി പറയുന്നു: ഒച്ചക്കാരൻ മെച്ചക്കാരനാകുന്ന ഇക്കാലത്തും മൈക്കിൻ്റെ കാര്യം നമ്മൾ വിസ്മരിച്ചു പോകുന്നു. കഥകളിപ്പാട്ട് ‘ഉറക്കെ പാടുന്നവനാണ് മിടുക്കൻ’ എന്ന യാഥാസ്ഥിതിക ചിന്തയാൽ മൈക്കിനെ അവഗണിക്കുകയാണ്. ഭാവത്തിനു ചേർന്ന സംഗീതമാണ് ഇന്നത്തെ കാലത്തിനാവശ്യം എന്ന നിലപാടാണ് ഹൈദരലി സ്വീകരിക്കുന്നത്. മുമ്പ് പാട്ടായിരുന്നത് ഇന്ന് സംഗീതമായി മാറി. കൂടുതൽ പേരെ ആകർഷിക്കാൻ അതു കാരണം സാധിച്ചു. കഥകളിസംഗീതം വളർന്നത് വെങ്കിടകൃഷ്ണ ഭാഗവതരിലൂടെയാണ്. അദ്ദേഹത്തിൻ്റെ ശിഷ്യനാണ് കലാമണ്ഡലം നീലകണ്ഠൻ നമ്പീശനാശാൻ. ശാസ്ത്രീയാടിസ്ഥാനത്തിൽ പാടുന്നവരാണ് പ്രസിദ്ധരായിത്തീർന്നത്. കഥകളിഗാന ഗന്ധർവൻ എന്നാണ് നമ്പീശനാശാനെ വിശേഷിപ്പിക്കുന്നത്.
കലാമണ്ഡലം ഹൈദരലി തൻ്റെ പഠനം ആരംഭിച്ചത് കലാമണ്ഡലം നീലകണ്ഠൻ നമ്പീശനാശാൻ്റെ കീഴിലാണ്. 1957 ആഗസ്തിലാണ് ശിഷ്യത്വം സ്വീകരിച്ചത്. ശിഷ്യത്വം സ്വീകരിച്ചതിനു ശേഷമാണ് ഗുരുവിൻ്റെ മഹിമ ഹൈദരലിക്കു ബോദ്ധ്യമായത്. അദ്ദേഹത്തിൻ്റെ ശിഷ്യനാകാൻ സാധിച്ചത് ഭാഗ്യമായി.
നമ്പീശനാശാൻ്റെ മനസ്സ് നിഷ്കളങ്കവും ലോലവുമായിരുന്നു. കാഴ്ചയിൽ ഗൗരവക്കാരനെന്നു തോന്നും. തീണ്ടലും തൊടീലും ആഢ്യത്തവും നിറഞ്ഞ പലതരം ഹിന്ദുക്കൾക്കിടയിൽ അഹിന്ദുവായ - ഹിന്ദുവല്ലാത്ത - മുസ്ലീമായ -ഒരുവൻ ഒട്ടു വർഷം തള്ളിനീക്കിയത് നമ്പീശനാശാൻ്റെയും ശിവരാമൻ നായരാശാൻ്റെയും പ്രോത്സാഹനം കൊണ്ടാണെന്ന് ഹൈദരലി ഓർക്കുന്നു. പ്രതിസന്ധികളിൽ നിന്നും കരകയറാൻ ആ വാത്സല്യം ഉപകരിച്ചു. നമ്പീശനാശാൻ പാടിത്തരുന്നത് പെട്ടെന്നു പഠിക്കാൻ സാധിച്ചു. പക്ഷേ, കഥ പഠിക്കാൻ ബുദ്ധിമുട്ടി. ചിലപ്പോഴൊക്കെ നല്ല ‘പെട’ കിട്ടി. ക്ലാസ്സിൻ്റെ ആരംഭം കണ്ടാലറിയാം,ആശാനു സന്തോഷമുള്ള ദിനമാണോ അല്ലയോ എന്ന്. പെട തന്നാൽ വൈകുന്നേരം വാത്സല്യത്തോടെ കാപ്പി തരും. നീയെനിക്കൊരു മകനെപ്പോലെയാണ്, നന്നാകണം എന്നുപദേശിക്കും.
നമ്പീശനാശാൻ വേദിയിലേക്കു വന്നാൽ സദസ്സുണരും. ഉടുപ്പും വരവും രാഗവും ഒക്കെ അത്ര വിശേഷപ്പെട്ടതാണ്. കനത്ത ശരീരം, അക്ഷരസ്ഫുടത, ശ്രുതി ജ്ഞാനം, തൻ്റേടം, പ്രൗഢി ഇവയൊത്താൽ നമ്പീശനാശാനായി. മൈക്ക് അദ്ദേഹത്തിനൊരു വിഷയമേയല്ല. രണ്ടോമൂന്നോ അടി അകലെ നിന്നാലും ശബ്ദം മീതെ കേൾക്കും. തന്നെപ്പോലുള്ളവർ പാടുമ്പോൾ മൈക്ക് ഞങ്ങളുടെ വായ്ക്കകത്താകുമെന്ന് ഹൈദരലി തമാശാപൂർവം ചിന്തിക്കുന്നു.
നമ്പീശനാശാൻ്റെ ശിഷ്യവാത്സല്യം സമത്വദർശനത്തിലധിഷ്ഠിതമാണ്. എല്ലാവരും ഒരുപോലെയാണ്. ഹൈദരലിയുടെയും ശങ്കരൻ എമ്പ്രാന്തിരിയുടെയും അരങ്ങേറ്റം നിശ്ചയിച്ചപ്പോൾ, ഹൈദരലി പൊന്നാനി - മുഖ്യ പാട്ടുകാരൻ - പാടണമെന്നായിരുന്നു ആശാൻ്റെ തീരുമാനം. പൂണൂലി നല്ല, കഴിവിനാണ് ആശാൻ പരിഗണന നല്കിയത്. അദ്ദേഹത്തിൻ്റെ മഹത്വത്തിന് നല്ലൊരുദാഹരണമാണിത്.
അരങ്ങേറ്റ പരിശീലനത്തിനിടെ നമ്പീശനാശാൻ്റെ പ്രഹരം ഹൈദരലിയുടെ ഇടത്തെ ചെവിക്കു ദോഷകരമായി. ഇതറിഞ്ഞില്ലെങ്കിലും, വല്ലായ്മ തോന്നിയ നമ്പീശനാശാൻ ഹൈദരലിയെ വിളിച്ച് കാപ്പിപലഹാരങ്ങൾ നല്കി.
കലാമണ്ഡലത്തിൽ നിന്നും അരങ്ങേറ്റം നടത്തുന്ന ഏകമുസ്ലീം ബാലൻ എന്ന നിലയിൽ ഹൈദരലി ചർച്ചാവിഷയമായി. ആൾക്കാർ തടിച്ചുകൂടി. കിട്ടിയ ഓണപ്പുടവകൾ ഗുരുവിൻ്റെ കാൽക്കൽ സമർപ്പിച്ചു.
പ്രചോദനപരമായ ക്ലാസ്സുകളായിരുന്നു അദ്ദേഹത്തിൻ്റേത്. ഹൈദരലി പാടുന്നതിൻ്റെ മേന്മ അദ്ദേഹം മറ്റുള്ളവരുടെ മുന്നിൽ അംഗീകരിക്കുകയും, അങ്ങനെ വേണം പാടാനെന്ന് അഭിനന്ദിക്കുകയും ചെയ്തു. അമ്പലങ്ങളിൽ പാടാൻ കൂടെക്കൊണ്ടുപോകാനാകില്ലെന്നതിൽ അദ്ദേഹം വ്യസനിച്ചു. അദ്ദേഹത്തോടൊപ്പം പാടാൻ കലാമണ്ഡല പഠന വേളയിൽ സാധിച്ചില്ല. എന്നാൽ പുറത്തുവന്ന ശേഷം ചില അവസരങ്ങൾ കിട്ടിയിട്ടുണ്ട്. അദ്ദേഹത്തോടൊപ്പം പാടുന്നത് ഒരനുഭൂതിയാണെന്ന് ഹൈദരലി ഓർക്കുന്നു. തെറ്റാൻ ഭാവിക്കുമ്പോൾ മാത്രമേ കൂടെപ്പാടുകയുള്ളൂ. ശിഷ്യൻ്റെ പാട്ടും കേൾക്കട്ടെ എന്നാണ് മനോഭാവം. വരികൾ കിട്ടാതായാൽ തുറിച്ചൊരു നോട്ടമുണ്ട്. ദഹിച്ചു പോകും. കലാമണ്ഡലത്തിൽ നിന്നും വീട്ടിലേക്കുള്ള വഴിക്കാശു തന്നും അദ്ദേഹം സഹായിക്കാറുണ്ടെന്ന് ഹൈദരലി ഓർക്കുന്നു.
അരങ്ങിലും കളരിയിലും ഒരുപോലെ ശോഭിക്കാൻ ആശാനു സാധിച്ചു. അരങ്ങിൽ പാടിത്തകർക്കുമ്പോൾ തന്നെ കളരിയിൽ മികവുറ്റ പ്രഗത്ഭ ശിഷ്യരെ വാർത്തെടുക്കാനും അദ്ദേഹത്തിനു സാധിച്ചുവെന്നത് മറ്റുള്ളവരിൽ നിന്നും നമ്പീശനാശാനെ വ്യത്യസ്തനാക്കിയ വിഷയമാണ്.
നമ്പീശനാശാൻ്റെ മാസ്റ്റർപീസ് രാഗം ‘തോടി’യാണ്. വളരെ വിസ്തരിച്ച് ആ രാഗം പാടും. നളചരിതം അദ്ദേഹത്തിൻ്റെ സംഗീതം കൊണ്ടാണ് പ്രശസ്തമായതെന്ന് ഹൈദരലി പറയുന്നു. ഗുരുവായൂരിൽ ക്ഷേത്രനടയിൽ കുചേലദിനത്തിൻ്റെ ഭാഗമായി വഴിപാടായി കുചേലവൃത്തത്തിലെ വരികൾ ചൊല്ലുമ്പോൾ ഹൈദരലിയെ കൊണ്ടുപോകാൻ സാധിക്കാത്തതിലുള്ള വിഷമം നമ്പീശനാശാൻ പ്രകടിപ്പിച്ചിരുന്നു. അവൻ നന്നാകും, മിടുക്കനാകും എന്നായിരുന്നു അദ്ദേഹത്തിനുള്ള ഉറപ്പ്. ആ ഗുരുകടാക്ഷമാണ് തൻ്റെ കരുത്ത്. അദ്ദേഹത്തിൻ്റെ ചരമം വലിയ നഷ്ടമാണ് കഥകളി ലോകത്തിനു വരുത്തി വെച്ചത്. അദ്ദേഹം സൃഷ്ടിച്ല നാദബ്രഹ്മത്തിൻ്റെ അലയൊലി എന്നും നിലനില്ക്കും.
ഗുരു എന്ന വാക്കിൻ്റെ അർത്ഥം അന്ധകാരത്തെ, തമസ്സിനെ, അകറ്റുന്നവൻ എന്നാണ്. അതായത് ഗുരു വെളിച്ചമാകുന്നു. ഒരു വ്യക്തിയുടെ മൂല്യങ്ങളെ വർദ്ധിപ്പിക്കുന്നതിലും അയാളുടെ അറിവും കഴിവും വികസിപ്പിക്കുന്നതിലും മികച്ചഗുരുക്കൾ വഹിക്കുന്ന പങ്ക് സീമാതീതമാണ്. നമ്പീശനാശാനിൽ ഹൈദരലി കണ്ടത് തനിക്ക് മാതൃകയാക്കാവുന്ന സച്ചരിതമാണ്.
ganeshanmalayalam@gmail.com 9495900209
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ