എന്താണ് അഭിമുഖം?
അഭിമുഖം (Interview)
അഭിമുഖം എന്ന വാക്കിന് മുഖത്തോടു മുഖം എന്ന അർത്ഥമാണുള്ളത്. അഭിമുഖകർത്താവും അതു ചെയ്യപ്പെടുന്നയാളും മുഖാമുഖമിരുന്ന് ആശയവിനിമയം നടത്തുന്ന രീതിയെ അഭിമുഖമെന്നു വിളിക്കുന്നു.
വളരെ പ്രാധാന്യമുള്ള വിവരസ്രോതസ്സായി അഭിമുഖങ്ങൾ ഈ കാലയളവിൽ പരിണമിച്ചു കഴിഞ്ഞു. മിക്ക സന്ദർഭങ്ങളിലും ഇത് നിർവഹിച്ചു കാണുന്നത് മാദ്ധ്യമപ്രവർത്തകരാണ്. അവർ നല്കുന്ന വാർത്തകളുടെ മുഖ്യമായ ആധാരം അഭിമുഖങ്ങളാണ്. അഭിമുഖത്തിനുള്ള അടിസ്ഥാന പ്രേരണ അറിവുതേടൽ തന്നെ. അറിവാർജ്ജിക്കുവാനും വ്യക്തിവിവരങ്ങൾ സമാഹരിക്കാനും നിലപാടുകൾ തേടാനും വസ്തുതാ ശേഖരണത്തിനും വ്യക്തിത്വപരിചയത്തിനുമൊക്കെ അഭിമുഖങ്ങൾ ഉപയോഗിക്കുന്നു. അറിവിൻ്റെ സ്രോതസ്സായ വ്യക്തിയും അറിവു തേടുന്നവനും തമ്മിലുള്ള സമഞ്ജസമായ പാരസ്പര്യത്തിലാണ് അഭിമുഖത്തിൻ്റെ ജീവൻ. പൊതുസമൂഹത്തിൻ്റെ ശ്രദ്ധയ്ക്കും അറിവിനുമായി ഒരു വ്യക്തിയെ സമൂഹത്തിനു മുന്നിൽ അന്വേഷകൻ അവതരിപ്പിക്കുന്ന ധർമ്മത്തെ അഭിമുഖം എന്നു നിർവചിക്കാം. അഭിമുഖം ചെയ്യുന്നയാളിൻ്റെ ജിജ്ഞാസയെ തൻ്റെ അറിവു പ്രകാശനം ചെയ്തു തൃപ്തിപ്പെടുത്തുകയാണ്. സംവാദങ്ങളെയും അഭിമുഖമെന്ന രീതിയിൽ പരിഗണിക്കാം. അഭിമുഖം ചെയ്യുന്നയാൾ ചെയ്യപ്പെടുന്നയാളെക്കുറിച്ചു നന്നായി മനസ്സിലാക്കിയിരിക്കണം. അയാളുടെ സംരംഭങ്ങൾ, കൃതികൾ, പശ്ചാത്തലം, സാമൂഹികമായ ഇടപെടലുകൾ, ലഭിച്ച പുരസ്കാരങ്ങൾ, വ്യക്തികാര്യങ്ങൾ ഇവയെക്കുറിച്ചൊക്കെ സാമാന്യമായി അറിയണം. എങ്കിലേ ഉചിതമായ ചോദ്യങ്ങളിലൂടെ അയാളുടെ വ്യക്തിത്വത്തിലേക്കു പ്രവേശിക്കാനാകൂ. വായനക്കാർക്ക്/ പ്രേക്ഷകർക്ക് അഭിമുഖം ഒരു മുതല്ക്കൂട്ടാവണമെങ്കിൽ നല്ല തയ്യാറെടുപ്പ് അനിവാര്യമാണ്. ചോദ്യങ്ങൾ പക്വതയുള്ളതും സൂക്ഷ്മതയുള്ളതും വിവരിക്കാൻ പ്രേരിപ്പിക്കുന്ന മട്ടിൽ പോസിറ്റീവുമാകണം. ജമാൽ കൊച്ചങ്ങാടി, ക്ലാസിക് അഭിമുഖങ്ങൾ എന്ന കൃതിയിൽ ഓറിയാന ഫാലസിയെന്ന പ്രശസ്ത അഭിമുഖകർത്താവിൻ്റെ അഭിപ്രായം പരാമർശിച്ചിരിക്കുന്നു: “ എൻ്റെ മുമ്പിലിരിക്കുന്നയാളെ വെറുക്കുകയാണെങ്കിൽ പോലും ഞാൻ പ്രണയം നടിക്കുന്നു. തുറന്ന പെരുമാറ്റത്തിലൂടെ എല്ലാം തുറന്നു പറയാൻ പ്രേരിപ്പിക്കുന്നു... ഒരു ഇൻ്റർവ്യൂ എന്നാൽ എന്നെ സംബന്ധിച്ചിടത്തോളം പ്രണയത്തിൻ്റെ, പോരാട്ടത്തിൻ്റെ, സംഭോഗത്തിൻ്റെ കഥയാണ്.”
ഇതാണ് വാസ്തവം. അഭിമുഖം തനിക്ക് താൽപ്പര്യമില്ലാത്ത, [അത് വ്യക്തിപരമോ ആശയ പരമോ രാഷ്ട്രീയമായോ ഒക്കെയാകാം] വ്യക്തിയുമായാണെങ്കിൽ പോലും കൃത്രിമമായെങ്കിലും അയാളോട് സ്നേഹം നടിക്കേണ്ടതുണ്ട്. സ്നേഹത്തിൻ്റെ ഭാഷയിലൂടെ, ശാരീരിക മുദ്രകളിലൂടെ, അയാളെ കൂടുതൽ പറയാൻ പ്രേരിപ്പിക്കുകയാണ്. എല്ലാവരും അഭിമുഖഭാഷണത്തെ സ്നേഹിക്കുന്നവരല്ല. ഇൻ്റർവ്യൂ അഗ്നിപരീക്ഷയാണെന്നു പറഞ്ഞുകൊണ്ട് അതിൽ നിന്നും അകന്നു നിൽക്കുന്നവരുണ്ട്. നേതാക്കന്മാർ, സാഹിത്യ സാംസ്കാരികനായകന്മാർ, സിനിമാ താരങ്ങൾ, സ്പോർട്സ് താരങ്ങൾ, വിവിധ മേഖലകളിലെ പ്രശസ്തർ, അപൂർവനേട്ടം കൈവരിക്കുന്നവർ എന്നിങ്ങനെ ഒരു ദിനം വിവിധ മേഖലകളിൽ ഇൻ്റർവ്യൂവിന് വിധേയമാകുന്നവരുടെ എണ്ണം ബൃഹത്താണ്. ഷെർലക് ഹോംസിൻ്റെ രചയിതാവായ ആർതർ കോനൻ ഡോയൽ ഒരിക്കലും അഭിമുഖക്കാരെ ഇഷ്ടപ്പെട്ടില്ല. ഒരു എഴുത്തുകാരൻ്റെ വ്യക്തിപരമായ കാര്യങ്ങളറിഞ്ഞിട്ട് ജനത്തിനെന്തു പ്രയോജനമാണുള്ളതെന്ന് അദ്ദേഹം ചോദിക്കുന്നു. അത് അധാർമ്മികത നിറഞ്ഞ ഒന്നാണെന്നാണ് അദ്ദേഹം കരുതുന്നത്. Alice in Wonderland എന്ന കൃതിയുടെ രചയിതാവായ ലൂയി കരോളും അഭിമുഖക്കാരെ ഇഷ്ടപ്പെട്ടില്ല. അഭിമുഖക്കാരുടെ അനൗചിത്യം വെറുത്തയാളാണ് ജി.കെ. ചെസ്റ്റർട്ടൺ. അസംബന്ധ ചോദ്യങ്ങളാണ് അദ്ദേഹത്തെ പ്രകോപിതനാക്കിയത്. ഓറിയാന ഫാലസി എന്ന മാദ്ധ്യമപ്രവർത്തക, അവർ നിരവധി അഭിമുഖങ്ങൾ നടത്തിയിട്ടുണ്ടെങ്കിലും അഭിമുഖക്കാരെ കളിയാക്കുന്നത്, “അന്യൻ്റെ തോട്ടത്തിലെ പൂ പറിച്ച് സ്വന്തമെന്നു പറഞ്ഞു വിൽക്കുന്നവരെ”ന്നാണ്. (ജമാൽ കൊച്ചങ്ങാടി,17)
നല്ലൊരെഴുത്തുകാരൻ അഭിമുഖസംഭാഷണത്തെ ഒരു കലാസൃഷ്ടി തന്നെയാക്കുന്നു. ഇൻ്റർവ്യൂ ചെയ്യാൻ സമീപിക്കുന്നവരെ നേരിടാനുള്ള അസാമാന്യ സാമാർത്ഥ്യം പ്രകടിപ്പിച്ച വ്യക്തിയാണ് റൂസ് വെൽറ്റ്. കാരണം, ഇൻ്റർവ്യൂ മനസ്സുകൾ തമ്മിലുള്ള വ്യവഹാരമാണ്. സ്വയം വെളിപ്പെടുത്താനും സന്ദേശം നല്കാനുമുള്ള അവസരം പ്രയോജനപ്പെടുത്തുകയാണ് മിടുക്കന്മാർ ചെയ്യുക. പരിചയസമ്പന്നരായ വ്യക്തികൾ തങ്ങളുടെ വ്യക്തിത്വത്തിൻ്റെ പ്രഭാപ്രസരത്തിൽ അഭിമുഖക്കാരെ വീഴ്ത്തിയെന്നു വരും.
ജമാൽ കൊച്ചങ്ങാടി എഴുതുന്നു: “ഇൻ്റർവ്യൂ സജീവമാകുന്നത് അതിൽ ഭാഗഭാക്കാകുന്ന രണ്ടു പേരുടെയും പ്രതിപ്രവർത്തനം കൊണ്ടാണ്. അരങ്ങിൽ ഒരേ സമയം ഒന്നിച്ചഭിനയിക്കുന്ന രണ്ടു നടന്മാരെപ്പോലെ, കൊടുത്തും കൊണ്ടുമുള്ള സംയുക്തപ്രവർത്തനത്തിലൂടെ അതു ചടുലമാകുന്നു”.മഹാത്മാഗാന്ധി / ഹെൻ്റ ബ്രയ്ൽസഫോസ്, കാൾമാർക്സ് / ആർ. ലാൻഡർ, ലെനിൻ / ക്ലാരാ സെത്കിൻ, സ്റ്റാലിൻ / എച്ച്.ജി. വെൽസ്, മാവോ സെ തുങ്ങ് /എഡ്ഗാർ സ്നോ, ഹിറ്റ്‌ലർ /സിൽവസ്റ്റർ വീറെക്ക്, മുസ്സോളിനി / എമിൽ ലുദ് വിഗ്,
എന്നീ അഭിമുഖങ്ങൾ വിവിധ രാഷ്ട്രീയ/ പ്രത്യയശാസ്ത്രകാരന്മാരുടെ നിലപാടുകൾ അറിയാനുള്ള വേദിയായി. ‘ക്ലാസിക് അഭിമുഖങ്ങൾ’ എന്ന കൃതിയിൽ ജമാൽ കൊച്ചങ്ങാടി ഇവ ഉൾക്കൊള്ളിച്ചിരിക്കുന്നു. നേതാക്കന്മാരുടെ ചിന്തകളും നിലപാടുകളും അറിയാനുള്ള വേദിയായി ‘ക്ലാസിക് അഭിമുഖങ്ങൾ’ (2007) മാറിയിരിക്കുന്നു. മലയാളിവായനക്കാരന്, ചരിത്രവും സംസ്കാരവും സാഹിത്യവും ജീവിതത്തിൻ്റെ ഭാഗമായി കരുതുന്നവർക്ക് അനുഗ്രഹമാണ് ഈ അഭിമുഖങ്ങൾ നിറഞ്ഞ കൃതി.
പാബ്ലോ പിക്കാസോ, സ്റ്റീഫൻ ഹോക്കിങ്ങ്, എഡ്വേഡ് സെയ്ദ്, ടോൾസ്റ്റോയി, മാർക്വേസ്, ജിദ്ദു കൃഷ്ണമൂർത്തി, ലൂയി ബോർഹെസ്, മിലൻ കുന്ദേര, ഫ്രോയ്ഡ്, നെരൂദ, ഹെമിങ് വേ, സാർത്ര് , സിമോൺ ദി ബുവാ, തർക്കോവ്സ്കി, ചാർളി ചാപ്ലിൻ, ലതാ മങ്കേഷ്കർ, അരുന്ധതി റോയി മുതലായവ പ്രഗത്ഭമതികളുമായുള്ള മിടുക്കരും പ്രശസ്തരുമായ അഭിമുഖക്കാരുടെ അഭിമുഖങ്ങളാണിതിൽ അടങ്ങിയിട്ടുള്ളത്. ജമാൽ കൊച്ചങ്ങാടിയ്ക്ക് അഭിനന്ദനങ്ങൾ.
ജമാൽ കൊച്ചങ്ങാടിയുടെ ക്ലാസിക് അഭിമുഖങ്ങൾ എന്ന കൃതി പോലെ തന്നെ, മലയാളത്തിലെ അഭിമുഖ സാഹിത്യത്തിനു മികച്ച സംഭാവനയാണ് സർഗ്ഗസമീക്ഷ എന്ന അക്ബർ കക്കട്ടിലിൻ്റെ കൃതി.


അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ