അങ്ങേവീട്ടിലേയ്ക്ക്: ഇടശ്ശേരി (ആശയതലം)
അങ്ങേവീട്ടിലേയ്ക്ക്: ഇടശ്ശേരി (ആശയതലം)
ദരിദ്രനായ താൻ മകളുടെ ഭർത്താവിൻ്റെ ഗൃഹത്തിലേക്ക്, അവളെക്കാണാനെന്ന പേരിൽപ്പോലും കയറിച്ചെല്ലരുതെന്ന തീർപ്പാണ്, പ്രിയപ്പെട്ട മകളെ ഒരുവൻ്റെ കയ്യിലേല്പിക്കെ മകൾക്കായി അയാൾ [ആ വൃദ്ധൻ] നല്കിയ സ്ത്രീധനം. ദരിദ്രപിതാവും മകളുടെ ഭർത്താവും തമ്മിലുള്ള സാമ്പത്തികാന്തരം കവി ഇവിടെ വ്യക്തമാക്കുന്നു. സാമ്പത്തിക ശ്രേഷ്ഠത സാമൂഹികാന്തസ്സു നിർണ്ണയിക്കുന്ന ഘടകമായി മാറുന്നുണ്ട്. സ്ത്രീധനം നല്കാൻ പണമില്ലെങ്കിൽ മകളെ കാണാൻ വരേണ്ട. അവൾ സുന്ദരിയാകയാൽ ധനികന് അവളെ കയ്യൊഴിയാനും കഴിയുന്നില്ല. നാട്ടുകാരുടെ ഭാഷ്യമാകട്ടെ, അച്ഛൻ ദരിദ്രനാണെങ്കിലും അവൾക്ക് ഭാഗ്യമുണ്ട്, യോഗമുണ്ട് എന്നതാണ്. എത്ര ശ്രമിച്ചാലും ചിലത് പരസ്പരം ചേരില്ലെന്ന് കവി. താമര സൂര്യനെ പ്രണയിക്കുന്നത് ചെളിയിൽ പൂണ്ടിട്ടാണ്. പത്തായം കതിർമണികളുടെ സൂക്ഷിപ്പിനുപയോഗിക്കുന്നു. അവിടെ വൈക്കോൽച്ചണ്ടിക്ക് കാര്യമില്ല. വൃദ്ധൻ്റെ ദരിദ്രമായ അവസ്ഥയെയാണ് വൈക്കോൽച്ചണ്ടി, ചേറിൽ ത്താണ താമരപ്പൂവ് എന്നീ പ്രയോഗങ്ങളിലൂടെ സൂചിപ്പിക്കുന്നത്. സൂര്യൻ, പത്തായത്തിലെ കതിർമണി മുതലായ പ്രയോഗങ്ങൾ ജാമാതാവിൻ്റെയും മകളുടെയും സമ്പന്നാവസ്ഥയെയും പരാമർശിക്കുന്നു.
ജാമാതാവ് നഗരവാസിയായ പരിഷ്കാരിയാണ്. അയാളെ ലഭിച്ചത് തൻ്റെ മകൾക്ക് നല്ല യോഗമുള്ളതിനാലാണ്. (നാട്ടുകാർക്കും ഇതു പറയാം). തനിക്കിനി ആവലാതികളില്ല. തൻ്റേതായ അലച്ചിലും കടങ്ങളുമായി, പൂർണ്ണചന്ദ്രനു ജന്മം നല്കിയ സമുദ്രത്തെപ്പോലെ (വീചിമാലി) കഴിഞ്ഞോളാം. എങ്കിലും അവളെ ഒരു നോക്കു കാണാൻ മനസ്സുഴറുന്നു. തൻ്റെ പൊന്നോമനക്കുഞ്ഞല്ലേ. ഓർക്കുമ്പോൾ സങ്കടത്താൽ കണ്ണുനിറയുന്നു. അവളെ കല്യാണം കഴിപ്പിച്ചയച്ചതല്ലേ? വിറ്റതല്ലല്ലോ എന്ന് അവളുടെ അമ്മ നിർബന്ധിക്കുന്നു. കണ്ണടച്ചാൽ പോലും മുന്നിൽ അവളാണ്. “എന്നെ നിങ്ങളൊക്കെ ഇങ്ങനെ ഉപേക്ഷിച്ചല്ലോ!” എന്നവൾ പറയുന്നതായി വൃദ്ധനു തോന്നി. നില്ക്കക്കള്ളിയില്ലാതെ അയാൾ വീടുവിട്ടിറങ്ങി. വടിയൂന്നി നടന്നു. പടികടക്കുമ്പോൾ, തൻ്റെ അഭിമാനചിന്ത മനസ്സിനെ വീട്ടിലേക്കു തന്നെ പിടിച്ചു വലിക്കുന്നു.
“അഭിമാനിയാം ചിത്തം പിറകോട്ടതിമാത്ര-
മമറി വലിയുന്നൂ, വിറ്റ പയ്യിനെപ്പോലെ”
തനിക്കു പരിചിതമായ വീടും പറമ്പും ഉപേക്ഷിച്ച് പോകാൻ വിറ്റതാണെങ്കിലും പശു വിസമ്മതം പ്രകടിപ്പിക്കുന്നതുപോലെ അഭിമാനം നിറഞ്ഞ വൃദ്ധ മനസ്സ് പിന്നോട്ടായുകയാണ്.
പോകേണ്ടെന്നു വലിക്കുകയാണ്. എന്നാലും വൃദ്ധൻ മുന്നോട്ടു നടന്നു. പാടവും കുന്നും കേറിക്കഴിഞ്ഞാൽ ഉച്ച കഴിയുമ്പോഴേക്കും പട്ടണത്തിലെത്താം. വൃദ്ധനാണെങ്കിൽ ജീവിതത്തിലെ ഉച്ച (നല്ല കാലം) പിന്നിട്ടിരിക്കുകയാണ്. കിതച്ചു കിതച്ച് പലതും ആലോചിച്ച് അയാൾ പട്ടണത്തിലേക്കു നടന്നു.
പോകുന്ന വഴിയിൽ കുരുന്നായിരുന്ന മകളെ കൂടെ കൂട്ടി അമ്പലത്തിലേക്കു പോയ സന്ദർഭം ഓർമിച്ചു. അവളെക്കാളും വേഗത്തിൽ കഴ ചാടിക്കടന്നതിന് അങ്ങനെ അവൾക്ക് നാണക്കേടുണ്ടാക്കിയതിനു ശിക്ഷയായി, അവളെ വഴി നീളെ എടുത്തു നടക്കേണ്ടി വന്നു. വഴിയിൽ, ദാ, മകളെ ചേർത്ത പള്ളിക്കൂടം ചിരിച്ചു നില്ക്കുന്നു. അവളെ ചേർത്ത് ക്ലാസ്സിലെ കൊച്ചു ബെഞ്ചിലിരുത്തി ഇറങ്ങിപ്പോരുമ്പോൾ, ഇനിയെന്താകും മുഖം കനപ്പിച്ചിരിക്കുന്ന അവളുടെ ഭാവം എന്നോർത്ത് ചുറ്റുവട്ടത്ത് സമയം കഴിച്ചു കൂട്ടിയത് അയാളോർത്തു. അപ്പോഴേക്കും ഓർമ്മ തകർത്തുകൊണ്ട് ഒരു അയൽക്കാരൻ, അമ്മാവൻ എങ്ങോട്ടാ എന്നു ചോദിച്ചു. വെറുതെ ചന്തയ്ക്കാണെന്ന് അയാൾ മറുപടി പറഞ്ഞു. അവളെ പഠിപ്പിച്ചു. കാതിലും കഴുത്തിലുമൊക്കെ പൊന്നിട്ടു. പിന്നെ കല്യാണം കഴിപ്പിച്ചു. വീടുവിട്ട് പോകുമ്പോൾ, കണ്ണുനിറച്ച് ചോദിക്കുകയാണ് മകൾ - അച്ഛൻ എന്നാണിനി എന്നെ കൂട്ടാൻ വരിക? ആ നിസ്സഹായാവസ്ഥയെ കവി ഇപ്രകാരം വർണ്ണിക്കുന്നു:
“വിൽക്കാതെ തന്നെ തെറ്റെന്നുടമ നഷ്ടപ്പെട്ടു നില്ക്കുമന്നില്പിൽത്തനിക്കെന്തൊരുത്തരമുള്ളൂ?”
എന്താണ് അവളുടെ ചോദ്യത്തിനു മറുപടി പറയുക? അവളുടെ മീതെയുള്ള അവകാശം നഷ്ടപ്പെട്ടു കഴിഞ്ഞു. അതിന് വിൽപ്പനയൊന്നും വേണ്ടി വന്നില്ല. ദുർബലനും നിസ്സഹായനുമാവുകയാണ് വൃദ്ധൻ. എങ്ങോട്ടാണ് എന്ന ചോദ്യം വീണ്ടും അഭിമുഖീകരിക്കുന്നു. കാശിക്കു പോകുന്നു - താനും വരുന്നോ എന്നായി അയാൾ. ഇങ്ങനെ പറഞ്ഞ് അയാൾ വടിയുന്നി നടന്നു. ലക്ഷ്യസ്ഥാനത്തെത്തി. വൈദ്യുതി വിളക്കുകൾ പ്രകാശിക്കുന്ന മനോഹരമായ മാളിക. ജാമാതാവ് (മകളുടെ ഭർത്താവ്) മാന്യമായ ഉടുപ്പു ധരിച്ച രണ്ടു പേരോട്, അവർ സുഹൃത്തുക്കളാകാം, അവരോടൊത്തിരിക്കുന്നു. ജാമാതാവ് വൃദ്ധനെ കണ്ടു. കണ്ണിൽ സ്വാഗതവുമല്ല, എന്നാൽ പുച്ഛവുമല്ല ഉള്ളത്. സംഭ്രമം മാത്രം. എങ്ങനെ ഇത്തരം ദരിദ്ര ബന്ധുത്വത്തെ നേരിടുമെന്ന വേവലാതി. മകൾ പൂമുഖത്തെത്തി. തൻ്റെ പിതാവിനെ കണ്ടു. ഭർത്താവിൻ്റെ മുഖഭാവം അറിയാനായി നോക്കി. അവൾ നിസ്സഹായയായി നിന്നു. കണ്ണീരണി മിഴികളാൽ അവൾ തൻ്റെ പിതാവിൻ്റെ കാല്ക്കൽ പൂക്കൾ വർഷിച്ചു. കണ്ണുകളാൽ ആദരിച്ചു, പൂജിച്ചുവെന്നർത്ഥം. വൃദ്ധൻ്റെ നിൽപ്പും ഭാവവും കണ്ട സുഹൃത്തുക്കൾ ഇതാരാണെന്ന് ആരാഞ്ഞു. സ്വാഗതം ചെയ്യാനും വയ്യ, ആട്ടിയകറ്റാനും വയ്യ ജാമാതാവു കുഴങ്ങി. മകളാകട്ടെ വല്ലാത്ത പ്രതിസന്ധിയിലായി. അച്ഛൻ്റെ കാല്ക്കൽ വീഴുകയാണോ വേണ്ടത്? പോയി ഒരു മൂലയിലിരുന്നു കരയുകയാണോ വേണ്ടത്? ഈ നില്പ് വയ്യ. പോകുന്നതെങ്ങനെ? നില്ക്കുന്നതും - വൃദ്ധനും കുഴങ്ങി. കാലിൻ്റെ വേദന മറന്നു. ഈ കിഴവൻ നിങ്ങളുടെ ആരാണെന്നു കൂട്ടുകാർ ചോദിച്ചപ്പോൾ ഭാര്യയോട്, ഇയാളെ അപ്പുറത്തെങ്ങാൻ കൊണ്ടുപോയി വല്ലതും കൊടുക്കൂവെന്നു പറഞ്ഞു. കാര്യങ്ങളിങ്ങനെയാണ്, അച്ഛൻ പൊറുക്കൂ, എൻ്റെ പേരിൽ എന്ന് അവൾ അശ്രു നിറഞ്ഞ കണ്ണുകളാൽ കെഞ്ചി. പാടുപെട്ടു സൃഷ്ടിച്ച പുഞ്ചിരിയോടെ വൃദ്ധൻ ചുവടുമാറ്റി, ഭംഗിയായി ഇപ്രകാരം പറഞ്ഞു: വഴി തെറ്റിയതാ. വയസ്സായി. അങ്ങേപ്പുറത്തുള്ള വീട്ടിൽ പോകേണ്ടതാ.” അയാൾ കൂനിക്കൂനി അവിടെ നിന്നിറങ്ങി.
ദാരിദ്ര്യം സൃഷ്ടിക്കുന്ന അപമാനവീകരണം വളരെ കടുത്തതും ദുസ്സഹവുമാണെന്ന് ഈ കവിത വ്യക്തമാക്കുന്നു. മകൾക്കും ഭർത്തൃ വീട്ടിൽ ഒട്ടും സുഖമുണ്ടായിരുന്നില്ലെന്നും വീട്ടുവേലകൾ ചെയ്യാനുള്ള ഉപകരണം മാത്രമായി അവൾ മാറിയെന്നും കവിതയിലെ പരാമർശങ്ങളിൽ നിന്നും വ്യക്തമാണ്. തൻ്റെ ഭർത്താവിനു മുന്നിൽ അവൾക്ക് ഒന്നും പറയാനാകുന്നില്ല. ആണധികാരത്തിനു വിധേയയാണവൾ. മകളുടെ നല്ല ഭാവി മാത്രം വിചാരിച്ച് അവളെ ധനികന് വിവാഹം ചെയ്തു നല്കുമ്പോൾ ഇത്തരം ദുര്യോഗം വരുമെന്ന് അയാൾ ചിന്തിച്ചില്ല. സാമ്പത്തികാവസ്ഥ ഉണ്ടാക്കുന്ന സാമൂഹികമായ അസന്തുലിതാവസ്ഥ ഇതിൽ നിന്നും വ്യക്തമാകുന്നു.


അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ