എന്താണ് വംശഹത്യ?
ജൂത - പോളിഷ് വംശജനായ റാഫേൽ ലംകിൻ എന്ന അഭിഭാഷകനാണ് വംശഹത്യ എന്ന പദത്തെ ലോകത്തിനു മുന്നിൽ അവതരിപ്പിക്കുന്നത്. വംശഹത്യ അല്ലെങ്കിൽ ജെനൊസൈഡ് എന്ന വാക്കിലെ ‘ ജെനൊ’ എന്ന ഗ്രീക്കുപദത്തിന് വംശം /വർഗ്ഗം എന്നർത്ഥം. ‘സൈഡ്’ എന്നാൽ ഹത്യ. വംശഹത്യ മാനവരാശിക്കും മാനവികതയ്ക്കുമെതിരെയുള്ള മഹാപാതകവും കുറ്റവുമാണ്.
വംശഹത്യാപഠന ശാഖ തന്നെ പല സർവകലാശാലകളിലും നിലവിൽ വന്ന സാഹചര്യത്തിൽ ഈ പദം വളരെ പ്രസക്തിയുള്ളതാണ്. ‘വംശഹത്യയുടെ ചരിത്രം’ എന്ന കൃതിയെഴുതിയത് ദിനകരൻ കൊമ്പിലാത്ത് ആണ്. ഈ കൃതിയുടെ അവതാരികയിൽ, അവതാരികാകാരനും സാഹിത്യനിരൂപകനുമായ പി.കെ. രാജശേഖരൻ വംശഹത്യയാണെന്ന് നിർവചിക്കുന്നു. “വെറും കൂട്ടക്കൊലയല്ല, ഒരു ജനഗണത്തിൻ്റെ സഞ്ചിതസ്വത്വത്തെ അക്രമാസക്തമായി ഉന്മൂലനം ചെയ്യലാണ് ജെനൊസൈഡ് എന്ന വംശഹത്യ. ഒരു സംസ്കാരത്തെ പൂർണ്ണമായി നശിപ്പിക്കുന്ന ഹീനമായ പ്രവൃത്തിയാണത്. അതിൻ്റെ ഭാഗമായി ആ സമൂഹത്തിൻ്റേ തായുള്ള സാമൂഹികസ്ഥാപനങ്ങൾ നശിപ്പിക്കുന്നു; മനുഷ്യവ്യക്തികളെ ശാരീരികമായി ഇല്ലാതാക്കുന്നു. സംസ്കാരസംഭാവനകളെ ഹനിക്കുന്നു. ഇങ്ങനെ പലപല ദിശകളിലൂടെയാണ് വംശഹത്യയുടെ ഫലങ്ങൾ ലോകം അനുഭവിക്കേണ്ടി വരുന്നു. ഏറ്റവും കൂടുതൽ കൊല്ലപ്പെടുന്നത് സ്ത്രീകളും കുട്ടികളുമാണ്. രേഖപ്പെടുത്തപ്പെട ചരിത്രത്തിലെമ്പാടും വംശഹത്യയുടെ കരാളത കാണാം.
രണ്ടാം ലോകയുദ്ധാവസാനത്തിൽ മാത്രമാണ്, 1948 ലാണ് വംശഹത്യയ്ക്ക് കഠിനവും ഹീനവുമായ കുറ്റകൃത്യം എന്ന നിലയിൽ ആധികാരികമായ നിയമപ്രാബല്യം കൈവന്നത്. വംശഹത്യയെന്നു കേൾക്കുമ്പോൾ പെട്ടെന്ന് ഓർമ്മവരിക ഹിറ്റ്ലറുടെ ജൂത വേട്ടയാണ്. ലക്ഷക്കണക്കിന് നിരപരാധികളാണ് കൊല്ലപ്പെട്ടത്. പലവിധ പടയോട്ടങ്ങൾ നടന്ന പുരാതന കാലത്തും കൊളൊണിയൽ അധിനിവേശകാലത്തും, എന്തിന്, ഇരുപതാംനൂറ്റാണ്ടിലും ഒരു വർഗ്ഗം മറ്റൊരു വർഗ്ഗത്തെ ആക്രമിച്ചു നശിപ്പിക്കുന്ന, ഉന്മൂലനം ചെയ്യുന്ന, പ്രക്രിയ തുടർന്നു വന്നു. 1904-1908 കാലത്ത് ജർമൻ സാമ്രാജ്യം ചില ആഫ്രിക്കൻ ഗോത്രങ്ങളെ നശിപ്പിച്ചു. ഓട്ടോമൻ തുർക്കികൾ 1915 - 19 കാലത്ത് അർമേനിയൻ, അസീറിയൻ സമൂഹത്തെ കശാപ്പു ചെയ്തു.
നാസി ജൂതവേട്ട (1933 - 45), ബംഗ്ലാദേശിലെ വംശഹത്യ - 1971, കംബോഡിയയിലെ ഖമറൂഷ് ഭരണം നടത്തിയ വംശഹത്യ (1975-79), ഇറാഖി ഭരണകൂടം നടത്തിയ കുർദുകളുടെ വംശഹത്യ (1988), ആഫ്രിക്കയിലെ ഹുടു ഗോത്രം നടത്തിയ വംശഹത്യ(1994) എനിങ്ങനെ വംശഹത്യകൾ ഇരുപതാം നൂറ്റാണ്ടിലും നിരവധി നടന്നു. ഇരുപത്തൊന്നാം നൂറ്റാണ്ടിലും ഈ മനുഷ്യധ്വംസനം നടന്നു വരുന്നു. ഇതിന് അന്ത്യം ഉണ്ടാകാനും പോകുന്നില്ല. അത്രമാത്രം വൈരുദ്ധ്യങ്ങളാണ് ലോകത്താകെ. അധികാരവും രാഷ്ട്രീയവും ന്യൂനപക്ഷ വിരോധവും വിശ്വാസ വിരോധവും വംശീയ / ദേശീയ ഭേദങ്ങളും വംശഹത്യയ്ക്കു പിന്നിൽ പ്രവർത്തിക്കുന്നു. ഒരു രാഷ്ട്രത്തേയോ വംശീയ വിഭാഗത്തെയോ ഉന്മൂലനം ചെയ്യൽ, ഒരു ജനഗണത്തിൻ്റെ അസ്തിത്വം നശിപ്പിക്കൽ, കൂട്ടക്കുരുതി എന്നിങ്ങനെ പല രീതികളിലും വംശഹത്യ നിർവചിക്കപ്പെട്ടിട്ടുണ്ട്.
പി.കെ. രാജശേഖരൻ എഴുതുന്നു: “നിർവചനഭേദങ്ങളും സമീപനഭേദങ്ങളുമുള്ള വംശഹത്യയെ പല വിഭാഗങ്ങളായി വിഭജിക്കാൻ കഴിയും. കോളനീകരിക്കുന്നതിനു മുന്നോടിയായുള്ള വികസന വംശഹത്യ, സാമൂഹികമേൽക്കൊയ്മയ്ക്കു വേണ്ടിയുള്ള പ്രതികാര വംശഹത്യ, അധികാര സ്ഥാപനത്തിനു വേണ്ടിയുള്ള സ്വേച്ഛാധിപത്യ വംശഹത്യ,ജനതയിൽ ഒരു വിഭാഗം ജീവിതാർഹരല്ലെന്നു തീരുമാനിച്ചുള്ള പ്രത്യയശാസ്ത്ര വംശഹത്യ തുടങ്ങിയ സംവർഗ്ഗങ്ങളിൽ പ്പെടുന്നവയാണ് മിക്ക വംശോന്മൂലനങ്ങളും.”
അർമേനിയൻ വംശഹത്യ
1915 മുതൽ 1919 വരെ നടന്ന അർമേനിയൻ വംശഹത്യയ്ക്കു നേതൃത്വം നല്കിയ വ്യക്തിയായിരുന്നു യുവതുർക്കികളിലൊരാളായ തലത് പാഷ. പതിനെട്ടു ലക്ഷത്തോളം വരുന്ന അർമേനിയൻ ക്രിസ്ത്യാനികളുടെ കൂട്ടക്കുരുതിയാണ് നടന്നത്. ഒന്നാം ലോകയുദ്ധകാലത്താണ് ഈ ഹത്യയെന്നതിനാൽ തുർക്കികൾ ഇപ്പോഴും അത് കുറ്റകരമാണെന്ന് സമ്മതിച്ചിട്ടില്ല. 1991 ൽ സോവിയറ്റ് യൂനിയനിൽ നിന്നും അർമേനിയ മുക്തമായപ്പോൾ അവരാദ്യം ചെയ്തത് അർമേനിയൻ വംശഹത്യയുടെ സ്മാരകം കെട്ടിപ്പടുക്കുകയായിരുന്നു.അർമേനിയ സ്ഥാപിച്ച ജെനൊസൈഡ് മ്യൂസിയം, അർമേനിയയിൽ നിന്നും മനുഷ്യർ ചുട്ടുപൊള്ളുന്ന മരുഭൂമിയിലേക്ക് മരണത്തിൻ്റെ അകമ്പടിയോടെ യാത്രചെയ്യാൻ നിർബന്ധിതരാവുകയായിരുന്നു. ഒരു തയ്യാറെടുപ്പും കൂടാതെ വീട് വിട്ട് ക്രൂരമായ പീഡനങ്ങളിലേക്കും മരണത്തിലേക്കും യാത്ര ചെയ്തവർ. വ്യക്തമായ ഹത്യാ രേഖകളാണ് മ്യൂസിയത്തിലുള്ളത്. അർമേനിയൻ വംശഹത്യയുടെ വിശദാംശങ്ങൾ ലോകം അറിഞ്ഞത് 1990 കൾക്കു ശേഷമാണ്.
വംശഹത്യയുടെ കാരണം 1915 -17 ൽ അർമേനിയയിലെ ക്രിസ്ത്യൻ ന്യൂനപക്ഷം റഷ്യയുമായി സഹകരിച്ചുവെന്നതാണ്. ഇത് വംശഹത്യയല്ല, യുദ്ധമാണെന്ന് തുർക്കി പറയുന്നു. എന്നാൽ സത്യം അതല്ല. അമേരിക്കൻ പ്രസിഡണ്ടായിരുന്ന ജോ ബൈഡൻ അർമേനിയയിൽ നടന്നത് മോശപ്പെട്ട വംശഹത്യയാണെന്ന് സമ്മതിക്കുന്നു.
ഓട്ടോമൻ സാമ്രാജ്യത്തിനു കീഴിലായിരുന്നു അർമേനിയ. പുരാതന ക്രിസ്തുമത വിശ്വാസികൾ മാത്രം പാർക്കുന്ന സ്ഥലം. അവിടെ 15 - 18 ലക്ഷം പേരാണ് കൂട്ടക്കുരുതിക്കിരയായത്. ലോകത്തിലെ ഏക ക്രിസ്ത്യൻ രാഷ്ട്രമാണ് അർമേനിയ.
അർമേനിയക്കാരെ വേട്ടയാടാൻ ആരംഭിക്കുന്നതിൻ്റെ സൂചനകൾ പ്രത്യേകനികുതി അടിച്ചേല്പിച്ചാണ് തുടങ്ങിയത്. തുടർന്ന് കൊള്ള, കൊല, കൂട്ടബലാത്സംഗങ്ങൾ എന്നിവ അരങ്ങേറി. ഇതൊക്കെ സൈനിക നിർദേശത്തിൻ്റെ ഭാഗമായിരുന്നു. വംശഹത്യ കൊടുങ്കാറ്റിൽ ഇരകൾ ഇരകൾ മാത്രമാണ്, അവരുടെ സമീപനങ്ങൾ ഒരിക്കലും തിരിച്ചറിയുന്നില്ലെന്ന് ദിനകരൻ കൊമ്പിലാത്ത് എഴുതുന്നു. അതായത്, ചെറിയൊരു വിഭാഗം റഷ്യയോട് കാണിച്ച താൽപ്പര്യമാണ് കൂട്ടക്കുരുതിക്കു കാരണമായത്. വലിയൊരു പക്ഷം ഓട്ടോമൻ സാമ്രാജ്യത്തോട് ചേർന്നു നില്ക്കുന്നവരായിരുന്നു. അതു പരിഗണിക്കപ്പെട്ടില്ല.
ആദ്യം അർമേനിയൻ പുരുഷരെ നോട്ടമിട്ടു. നാടുവിട്ടു പോകണം. പോകാൻ വിസമ്മതിച്ചപ്പോൾ 13 വയസ്സിനു മുകളിലുള്ള പുരുഷന്മാരെയെല്ലാം കൊല്ലാൻ തീരുമാനിച്ചു. പിന്നെ പലായനം. തുടർന്ന് മർദ്ദനം, പീഡനം, വേട്ട. ദുരിതം നിറഞ്ഞ യാത്ര മരണത്തിൽ കലാശിച്ചു. ചെറുത്തു നില്ക്കാനൊരുങ്ങിയവരെ കൊന്നൊടുക്കി. ഹമീദിയൻ കൂട്ടക്കൊല അപ്രകാരമാണ് സംഭവിച്ചത്. മനുഷ്യർ ഇറച്ചി ത്തുണ്ടുകൾ മാത്രമായി.



അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ