അങ്ങേവീട്ടിലേയ്ക്ക്: ഇടശ്ശേരി (സംക്ഷേപം)
അങ്ങേവീട്ടിലേയ്ക്ക്: ഇടശ്ശേരി
ശക്തിയുടെ കവി എന്ന വിശേഷണത്തിനർഹനായ കവിയാണ്ഇടശ്ശേരി. കാൽപ്പനികപ്രസ്ഥാനത്തിൻ്റെ സ്വാധീനതയിൽ അഭിരമിച്ച മലയാളകവിതയ്ക്ക് അതിൻ്റെ മൂർദ്ധന്യദശയിൽ റിയലിസത്തിൻ്റെ വെളിച്ചം കാട്ടി വഴി തെളിയിക്കാൻ മുൻകൈയെടുത്ത കവികളിൽ പ്രമുഖനാണ് ഇടശ്ശേരി ഗോവിന്ദൻ നായർ. [മറ്റുള്ളവർ വൈലോപ്പിള്ളി ശ്രീധരമേനോൻ, എൻ.വി.കൃഷ്ണവാര്യർ, പി. കുഞ്ഞിരാമൻ നായർ എന്നിവരാണ്.]
‘ഗാർഹികജീവിതത്തിൻ്റെ അസാധാരണമായ രാഗങ്ങളും സാധാരണമനുഷ്യൻ്റെ
സ്നേഹങ്ങളും ദൗർബല്യങ്ങളും ഭീരുതകളും പകകളും മറ്റുമാണ്” ഇടശ്ശേരിയുടെ കാവ്യപന്ഥാവിനെ നിർണ്ണയിച്ചതെന്ന വീക്ഷണമാണ് ഡോ. എം.ലീലാവതിട്ടീച്ചർ പ്രകടിപ്പിക്കുന്നത്. ഉളളത് ഉള്ളതുപോലെ, വസ്തൃത അതിഭാവുകത്വം കൂടാതെ ആവിഷ്കരിക്കുകയെന്ന റിയലിസ്റ്റിക് രീതിയാണ് ഇടശ്ശേരി സ്വീകരിച്ചത്. ജീവിതത്തിലെ സാധാരണ സംഭവങ്ങളെ അസാധാരണമായ കാവ്യഭംഗിയോടെ അദ്ദേഹം അവതരിപ്പിച്ചു. എന്നാൽ അതൊക്കെ തൻ്റേതായ ദർശനസമീപനങ്ങൾ മുൻനിർത്തിയാണ് സംഭവിച്ചത്. മാർക്സിയൻ ആശയങ്ങളും ഗാന്ധിയൻ സമീപനവും അദ്ദേഹത്തിൻ്റെ വീക്ഷണങ്ങളെ സ്വാധീനിച്ചിട്ടുണ്ട്. ലീലാവതിട്ടീച്ചർ ഈ സമീപനത്തെ വിശകലനം ചെയ്യുന്നത് ഇപ്രകാരമാണ്: “തനിക്ക് ആവിഷ്കരിക്കാനുണ്ടായിരുന്ന ഗൗരവപ്പെട്ട ദർശനങ്ങൾക്കു പശ്ചാത്തലമായി നിത്യജീവിത സംഭവങ്ങളെയോ സാധാരണവസ്തുക്കളെയോ സരളമാനുഷബന്ധങ്ങളേയോ ഉപയോഗിച്ചു.”
ഏതു ദർശനമായാലും സാധാരണമനുഷ്യൻ അനുഭവിക്കുന്ന വ്യഥകളും വിയോഗങ്ങളുമാണ് അദ്ദേഹം പ്രമേയമാക്കിയത്. ഒറ്റപ്പെടലും ദാരിദ്ര്യദുഃഖവും ചൂഷിതരുടെ സങ്കടങ്ങളുമൊക്കെ വിഷയമായി. “സമൂഹനിഷ്ഠമായ ആശയത്തിൻ്റെ മൂർത്തതകൊണ്ടും അന്ത:സ്പർശിയായ വിപ്ലവബോധം കൊണ്ടും ചടുലവും സമുജ്ജ്വലവുമാണ് ഇടശ്ശേരിയുടെ കവിതകൾ” എന്ന് എരുമേലി പരമേശ്വരൻ പിള്ള പ്രശംസിക്കുന്നു.
ഇടശ്ശേരിയുടെ ജീവിതകാഴ്ച്ചപ്പാട് മാനവിക ബോധത്തിലധിഷ്ഠിതമായിരുന്നു. ‘സമ്പത്തിൻ്റെ ദുരഭിമാനവും അഭിജാതതയുടെ അഭിമാനവും’ ‘അങ്ങേവീട്ടിലേയ്ക്ക്’ എന്ന കവിതയിൽ കടന്നുവരുന്നു.
സമാഹാരങ്ങൾ:
അളകാവലി
കറുത്ത ചെട്ടിച്ചികൾ
പുത്തൻകലവും അരിവാളും
വിവാഹസമ്മാനം
തത്വശാസ്ത്രങ്ങളുറങ്ങുമ്പോൾ
കാവിലെപ്പാട്ട്
ഒരു പിടി നെല്ലിക്ക
കുങ്കുമപ്രഭാതം
അന്തിത്തിരി
അങ്ങേവീട്ടിലേയ്ക്ക് -ആസ്വാദനക്കുറിപ്പ്
തൻ്റെ പ്രിയപ്പെട്ട മകൾ സുഖത്തോടെ ജീവിക്കുന്നതു കാണാനാഗ്രഹിച്ച ഒരു പിതാവ് ധനികനായ ഒരുവന് അവളെ വിവാഹം കഴിച്ചു നല്കി. കാണാൻ കൊള്ളാവുന്നവളാണ് മകൾ. ധനികനെ ആകർഷിച്ചതും അതാണ്. എന്നാൽ ധനികൻ വെച്ച ഒരു വ്യവസ്ഥയുടെ മീതെയാണ് വിവാഹം നടന്നത്. നിർധനരായ വധൂബന്ധുക്കളാരും അവളെ കാണാനെന്ന പേരിൽ അങ്ങോട്ടുചെല്ലരുത്. തൻ്റെ ഓമനപ്പുത്രിയെ വിവാഹം കഴിപ്പിച്ചയക്കുമ്പോൾ ഈ സത്യമായിരുന്നു അയാൾ നല്കിയ സ്ത്രീധനം. എങ്കിലും ഭാര്യയുടെ നിർബന്ധത്തിനു വഴങ്ങി, അവൾ നമ്മുടെ മകളല്ലേ, ചെന്നൊരിക്കലെങ്കിലും കാണണ്ടേ, അയാൾ മകളെ ഏറെ നാളുകൾക്കു ശേഷം കാണാൻ ചെല്ലുകയാണ്. വൃദ്ധപിതാവിൻ്റെ വരവ് പ്രതീക്ഷിക്കാത്ത ജാമാതാവ് (മകളുടെ ഭർത്താവ് എന്നർത്ഥം) തൻ്റെ സുഹൃത്തുക്കളുടെ മുമ്പാകെ അന്തിച്ചു നില്ക്കുകയാണ്. മകളാകട്ടെ, അച്ഛനെയെങ്ങനെ സ്വീകരിക്കും, ഭർത്താവിനെന്തു തോന്നും എന്നൊക്കെ ചിന്തിച്ച് സങ്കടപ്പെട്ട് അപ്പുറവുമിപ്പുറവുമല്ലാത്ത മട്ടിൽ നിശ്ചലയായി നില്ക്കുന്നു. വൃദ്ധൻ സന്ദർഭോചിതമായി വഴിതെറ്റിപ്പോയി, വീടുമാറിയതാണ്, പ്രായമായില്ലേ - എന്നും പറഞ്ഞ് അവിടെ നിന്നും ഇറങ്ങുന്നു. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള ഭേദവും സ്ത്രീകൾ അനുഭവിക്കുന്ന അസ്വാതന്ത്ര്യവും കുടുംബ ബന്ധങ്ങളിൽ ധനം ചെലുത്തുന്ന സങ്കീർണ്ണതകളും ഹൃദയാവർജ്ജകമായി അവതരിപ്പിക്കുന്ന കവിത കൂടിയാണ് ‘അങ്ങേ വീട്ടിലേക്ക്’.


അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ