മാധവിക്കുട്ടി / കക്കട്ടിൽ അഭിമുഖം (ഭാഗം1)
മാധവിക്കുട്ടി: കക്കട്ടിൽ അഭിമുഖം (ഭാഗം1)
1932 മാർച്ച് 31 ന് പുന്നയൂർക്കുളത്താണ് കമലാദാസ് എന്ന മാധവിക്കുട്ടി ജനിച്ചത്. പാലക്കാടുജില്ലയിലെ പൊന്നാനിത്താലൂക്കിലാണ് പുന്നയൂർക്കുളം. നാലപ്പാട്ട് ബാലാമണിയമ്മയാണ് അമ്മ. പ്രശസ്ത കവയിത്രി. അച്ഛൻ വി.എം. നായർ. പതിമൂന്നാം വയസ്സിൽ കമലാദാസ് വിവാഹിതയായി. ഭർത്താവ് മാധവദാസ്.
പത്താം വയസ്സിൽ കുഷ്ഠരോഗി എന്ന കഥ പ്രസിദ്ധീകരിച്ചു. മാതൃഭൂമി ആഴ്ച്ചപ്പതിപ്പിൽ. 1955 ൽ ആദ്യകഥാസമാഹാരം പുറത്തിറങ്ങി. 27 കഥാസമാഹാരങ്ങൾ. 12 നോവലുകൾ. ആകെ 68 കൃതികൾ. ഇംഗ്ലീഷ് കവിതാസമാഹാരങ്ങളുമുണ്ട്. എൻ്റെ കഥ 15 വിദേശഭാഷകളിലേക്കു വിവർത്തനം ചെയ്യപ്പെട്ട കൃതിയാണ്. 1964 ലെ ഏഷ്യൻ പെൻ പോയട്രി പ്രൈസ് കമലാദാസിനാണ് ലഭിച്ചത്. 1969 ൽ തണുപ്പ് എന്ന ചെറുകഥാസമാഹാരം കേരള സാഹിത്യ അക്കാദമിയുടെ ചെറുകഥയ്ക്കുള്ള അവാർഡു നേടി. വയലാർ അവാർഡടക്കം മൂല്യമുള്ള പല പുരസ്കാരങ്ങളും അവർക്കു ലഭിച്ചിട്ടുണ്ട്. ദേശീയവും അന്തർദേശീയവുമായ തലത്തിൽ ആദരവു ലഭിച്ച എഴുത്തുകാരിയാണ് മാധവിക്കുട്ടി. പിന്നീട് കമലാ സുരയ്യ എന്ന പേര് മതം മാറി സ്വീകരിച്ചു. 2009 മെയ് 31 ന് അന്തരിച്ചു.
സ്ത്രീത്വത്തിൻ്റെ സജീവ സാന്നിദ്ധ്യമെന്ന നിലയിലാണ് കക്കട്ടിൽ മാധവിക്കുട്ടിയെ വീക്ഷിക്കുന്നത്. ഇതൾപോലുള്ള കണ്ണുകളിൽ പ്രേമവും കാര്യണ്യവും കലർന്ന ദീപ്തിഭാവം കാണാമെന്ന് കക്കട്ടിൽ എഴുതുന്നു. നിഷ്കളങ്കമായ ചിരിയും വള്ളുവനാടൻ ശൈലിയിലുള്ള സംസാരവും അവരുടെ പ്രത്യേകതയാണ്.
മാധവിക്കുട്ടി പ്രതിഭാധനയാണ്. യഥാർത്ഥ പേര് കമലാദാസ് എന്നാണ്. ഇംഗ്ലീഷിൽ കമലാദാസ് എന്ന പേരിൽ തന്നെ അറിയപ്പെടുന്ന കവയിത്രിയും, മാധവിക്കുട്ടിയെന്ന പേരിലറിയപ്പെടുന്ന മലയാള ചെറുകഥാകൃത്തും നോവലിസ്റ്റും ആത്മകഥാകൃത്തുമാണ്.
അക്ബർ കക്കട്ടിൽ തൻ്റെ വീക്ഷണങ്ങൾ അഭിമുഖത്തിന് ആമുഖമെന്ന നിലയ്ക്ക് അവതരിപ്പിക്കുന്നു.
മനുഷ്യമനസ്സിൻ്റെ ലോലവും ചഞ്ചലവുമായ വശങ്ങളെ കഥകളിൽ അവർ അനാവരണം ചെയ്യുന്നു. “ഹൃദയത്തിൻ്റെ ആഴങ്ങളിൽ അസ്വാസ്ഥ്യം പടർത്തുന്ന അനുഭവങ്ങൾ സ്വന്തം രക്തത്തിൽ മുക്കി എഴുതിയവയാണ് മാധവിക്കുട്ടിയുടെ രചനകൾ” എന്ന് കക്കട്ടിൽ എഴുതുന്നു. അപ്രിയസത്യങ്ങളെ ആവിഷ്കരിക്കാനുള്ള ധൈര്യം അവർക്ക് സ്വായത്തമാണ്.
മുൻവിധികളില്ലാതെ താനേ വാർന്നു വീഴുന്നവയാണ് മാധവിക്കുട്ടിയുടെ രചനകൾ.
തിരഞ്ഞെടുക്കുന്ന വിഷയങ്ങളുടെ അസാധാരണത്വം, മിതത്വം, കഥ പറയുന്നതിൽ പ്രകടമാകുന്ന നിസ്സംഗത എന്നിവ അവരുടെ കഥകളുടെ പ്രത്യേകതകളാണ്. അപൂർവതകൾ നിറഞ്ഞ ഭാവാന്തരീക്ഷം അവരുടെ പല കഥകളിലും പ്രത്യക്ഷമാണ്.
ബാലമനസ്സിൻ്റെ നിഷ്കളങ്കത അവരുടെ കഥാപ്രപഞ്ചത്തിൽ നിറഞ്ഞുകാണാം. വ്യക്തമായ രൂപരേഖയാണ് കക്കട്ടിൽ നല്കുന്നത്: “പരിഷ്കൃതസമൂഹത്തിലെ നാഗരിക വനിതകളുടെ പൊട്ടിത്തെറിച്ച ജീവിതത്തിൻ്റെ ചിത്രങ്ങൾ അവിടെയുണ്ട്. ഭിന്നാഭിപ്രായങ്ങളിലുള്ള മനുഷ്യരുടെ ദൗർബല്യങ്ങളുണ്ട്. സാമൂഹികജീവിതത്തിൻ്റെ പരസ്പരം പൊരുത്തപ്പെടാത്ത ഭിന്നമുഖങ്ങളുണ്ട്. മനുഷ്യബന്ധങ്ങളുടെ ശീതളിമയും ഊഷ്മളതകളുമുണ്ട്. ഗൃഹാതുരത്വത്തിൻ്റെ സ്നേഹസ്മൃതികളുണ്ട്. രതിയുടെ ഇക്കിളിയും തീക്ഷ്ണഗന്ധവുമാണ്. അയുക്തികങ്ങളായ അന്തരംഗചലനങ്ങളുണ്ട്.”
കഥകളിലൂടെ….
ഒരു കഥ പറയാൻ മാധവിക്കുട്ടിക്ക് അധികം വാക്കുകളോ വാക്യങ്ങളോ വേണ്ടെന്നതിന് ഉദാഹരണമാണ് ‘രക്താർബുദം’ എന്ന കഥ. പരിഷ്കൃതലോകത്തിൻ്റെ പൊങ്ങച്ചവും രോഗത്തിലലിയുന്ന മനസ്സിൻ്റെ ആർദ്രത ആ കഥയിലുണ്ട്. ബന്ധങ്ങളുടെ കൊളുത്തുകൾ തിരിച്ചറിയുന്നു.
കുട്ടികൾ മുതിർന്നവരിൽ നിന്നും വ്യത്യസ്തരാകുന്നത് ലോകവീക്ഷണത്തിൻ്റെ കാര്യത്തിലാണ്. താക്കീതുകൾ നിഷ്കളങ്കമായ വാക്കുകളിലൊതുക്കുന്നവരാണ് അവർ. ‘നുണകൾ’ എന്ന കഥ അത്തരമൊരവസ്ഥയെ ചിത്രീകരിക്കുന്നു.
സ്ത്രീ പുരുഷബന്ധങ്ങളുടെ സൂക്ഷ്മതലങ്ങൾ മാധവിക്കുട്ടി തൻ്റെ കഥകളിൽ ആവിഷ്കരിച്ചിട്ടുണ്ട്. സ്ത്രീത്വത്തെ അംഗീകരിക്കാൻ ഒരു പുരുഷൻ വേണമെന്ന നിലപാടാണ് അവർക്കുള്ളത്. ‘സ്വതന്ത്രജീവികൾ’ പോലുള്ള കഥകളിൽ അതു കാണാം.
‘കടൽമയൂരം’ എന്ന കഥയിലെ മുഖ്യകഥാപാത്രമാണ് പ്രൊഫ. രേണുകാദേവി. പുരുഷരോട് മതിപ്പില്ലാത്ത സ്ത്രീയാണ് അവർ.
തന്നെക്കാളും പ്രായംകുറഞ്ഞ ഒരു ചെറുപ്പക്കാരനുമായി ശാരീരികബന്ധത്തിലേർപ്പെട്ട് മൂർച്ഛയിൽ മരിക്കുന്നു. ഇതോടെ അവരുടെ ഈഗോയാണ് മരിക്കുന്നത്.
‘ആട്ടുകട്ടിൽ’ എന്ന കഥയിൽ നായിക പുരുഷനേക്കാൾ വിലമതിക്കുന്നത് കാവൽ കിടക്കുന്ന ഡോബർമാനെയാണ്.
പുരുഷരുടെ ദൗർബല്യങ്ങളെയും സ്ത്രീകളുടെ കാമനകളെയും അവർ ആവിഷ്കരിച്ചിട്ടുണ്ട്.
‘ചുവന്ന പാവാട’, ‘കുറച്ചു മണ്ണ്,’ ‘പലായനം’, ‘കടലിൻ്റെ വക്കത്ത് ഒരു വീട്’ മുതലായ കഥകൾ സ്ത്രീ പുരുഷബന്ധങ്ങളെ ആവിഷ്കരിച്ചിരിക്കുന്നു.
‘ചന്ദനമരങ്ങൾ’ സ്ത്രീ പുരുഷ പ്രണയബന്ധങ്ങളെക്കാളും ഊഷ്മളമായി സ്ത്രീകൾ തമ്മിലുള്ള പ്രണയത്തെ അവതരിപ്പിക്കുന്നു.
‘അമ്മ’ എന്ന കഥ, മക്കളിൽ നിന്നും കിട്ടാത്ത കരുതലും സ്നേഹവും മറ്റുള്ളവരിൽ നിന്നും അനുഭവിക്കുന്ന ഒരമ്മയുടെ കഥയാണ്.
‘ദയ എന്ന വികാരം’ എന്ന കഥ അർഹിക്കുന്ന സ്‌നേഹം കിട്ടാത്ത ഒരു മകൻ്റെ കഥയാണ്.
മൃത്യു വാസന നിഴലിക്കുന്ന കഥകളും, ദുരൂഹമായ ജീവിത മാനസികാവസ്ഥകളും മാധവിക്കുട്ടിയുടെ കഥകളിലുണ്ട്.
‘എൻ്റെ കഥ’ മാധവിക്കുട്ടിയുടെ ആത്മകഥതന്നെയാണെന്ന് അവർ വരികൾക്കിടയിലൂടെ വ്യക്തമാക്കിയിട്ടുണ്ടെന്ന് കക്കട്ടിൽ പറയുന്നു.
1973 ൽ പുറത്തിറങ്ങിയ ‘എൻ്റെ കഥ’ മലയാള സാഹിത്യത്തിലെ പൊട്ടിത്തെറിയായിരുന്നു.
മാധവിക്കുട്ടിക്ക് നോവലെഴുത്തിൽ വിജയിക്കാനായില്ല എന്നതിന് വ്യക്തമായ കാരണങ്ങൾ നിരത്തുന്നു. കഥയുടെ പരിമിതികളെ മറികടക്കാനായില്ലെന്നതാണ് ഒരു കാരണം. അടിസ്ഥാനപരമായി അവർ ഒരു കവയിത്രിയാണ്. ചുരുക്കി ച്ചെറുതാക്കി എഴുതുന്നതാണ് അവരുടെ വിജയം. ക്രൂരമായ പുരുഷ മേധാവിത്വലോകത്തിൽ സ്ത്രീയുടെ ധീരശബ്ദം ഇംഗ്ലീഷുകവിതയിൽ അവർ പ്രകടിപ്പിക്കുന്നു. തുറന്നുപറച്ചിലുകൾ ചില കഥകളിൽ വിരസതയുമുളവാക്കുന്നു. എങ്കിലും, ചെറുകഥയ്ക്ക് പിരിമുറുക്കമുണ്ടാക്കാനും ഭാവസാന്ദ്രമായ കവിതയുടെ അനുഭൂതിതീവ്രതയുളവാക്കാനും മാധവിക്കുട്ടിക്കു കഴിഞ്ഞുവെന്ന് കക്കട്ടിൽ വിലയിരുത്തുന്നു.
മാധവിക്കുട്ടിയുടെ കൃതികളിൽ ചിലത്:
നോവൽ
മാധവിക്കുട്ടിയുടെ മൂന്നു നോവലുകൾ
മാനസി - 1978
മനോമി - 1988
ചന്ദനമരങ്ങൾ - 1988
കടൽമയൂരം - 1989
പലായനം - 1990
സ്വാതന്ത്ര്യസമര സേനാനിയുടെ മകൾ - 1991
വണ്ടിക്കാളകൾ - 2005
ചെറുകഥാ സമാഹാരങ്ങൾ:
മതിലുകൾ - 1955
പത്തു കഥകൾ - 1958
നരിച്ചീറുകൾ പറക്കുമ്പോൾ -1960
തരിശുനിലം- 1962
ചുവന്ന പാവാട -1964
പക്ഷിയുടെ മണം - 1964
തണുപ്പ് -1967
എന്നെന്നും താര -1994
നഷ്ടപ്പെട്ട നീലാംബരി - 1994
പാരിതോഷികം - 2002
നെയ്പ്പായസം
കവിത
Summer in Culcutta-1965
Only the Soul Knows How to Sing-1996
The Descendants
Old Playhouse and other Poems
Alphabet of the Lust


അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ