അർമേനിയൻ വംശഹത്യയും ഷോഗോമാൻ ടെലീരിയനും
അർമേനിയൻ വംശഹത്യയും ഷോഗോമാൻ ടെലീരിയനും
![]() |
| Soghoman Tehlirian |
അർമേനിയൻ വംശഹത്യ വിഷയമാക്കുന്ന വീഡിയോ പോഡ്കാസ്റ്റാണ് മേൽപ്പറഞ്ഞത്. ട്രൂ കോപ്പി തിങ്ക് എന്ന വെബ് പോർട്ടലിലാണ് ഇതു പ്രസിദ്ധീകരിച്ചിട്ടുള്ളത്. തയ്യാറാക്കിയത് ഡാർക്ക് ടൂറിസ്റ്റും സാമൂഹിക പ്രവർത്തകനും ചാനൽസംവാദ പ്രമുഖനുമായ സജി മാർക്കോസാണ്. ഈ സന്ദർഭത്തിൽ എന്താണ് ഡാർക്ക് ടൂറിസമെന്നത് വ്യക്തമാക്കേണ്ടി വരുന്നു.
ഡാർക്ക് ടൂറിസം: മനുഷ്യവംശചരിത്രത്തിൽ പ്രകൃതിദുരന്തങ്ങളും മനുഷ്യ നിർമ്മിത ദുരന്തങ്ങളും അപകടങ്ങളും യുദ്ധങ്ങളും നിരവധി നിരവധി അത്യാഹിതങ്ങളും പലയിടങ്ങളിലുമായി നടന്നിട്ടുണ്ട്. മനുഷ്യൻ്റെ സ്വാതന്ത്ര്യവാഞ്ഛയും അതു കൈവരിക്കുന്നതിനുള്ള പ്രയത്നങ്ങളും നിരവധി ചരിത്രസംഭവങ്ങൾക്കു കാരണമായി. സ്വാതന്ത്ര്യ സമരങ്ങൾ, അടിച്ചമർത്തലുകൾ, കൂട്ടക്കൊലകൾ, വംശഹത്യകൾ- ഇവ നടന്ന പ്രദേശങ്ങളും കോട്ടകൊത്തളങ്ങളും ജയിലുകളും ഇന്നും ഭൂമുഖത്തുണ്ട്. ആൻഡമാൻ നിക്കോബാർ ദ്വീപിലെ കാലാപാനി എന്ന ജയിൽ സമുച്ചയവും ജാലിയൻവാലാബാഗ് കൂട്ടക്കൊല നടന്ന സ്ഥലവും മറ്റും ഉദാഹരണം. ഇത്തരം സ്ഥലങ്ങളിലെ തേങ്ങലുകൾ പുതിയ തലമുറയ്ക്ക് ഒരു പാഠമാകുന്നു. വംശഹത്യകൾ പോലുള്ള മാനവികവിരുദ്ധ നടപടികൾ അവ ആവർത്തിക്കാതിരിക്കാനുള്ള താക്കീതായും കലാശിക്കുന്നു. ഇവയുടെ ചരിത്രത്തിലേക്ക് പ്രവേശിക്കാനായി മനുഷ്യർ നടത്തുന്ന യാത്രകളും അതിന് അതാതു രാജ്യങ്ങൾ നല്കുന്ന പ്രോത്സാഹനവും ഒത്തു ചേരുമ്പോൾ ഡാർക്ക് ടൂറിസം സഫലമാകുന്നു. ദുരന്തങ്ങളും ദുരിതങ്ങളും സമ്മാനിച്ച ചരിത്ര ഇടങ്ങളിലേക്കുള്ള, ആ ഇരുണ്ട ഭൂമികയിലേക്കുള്ള യാത്രകളാണ് ഡാർക്ക് ടൂറിസത്തിന് പ്രോത്സാഹനമാകുന്നത്. അങ്ങനെ ഇത്തരം ഇടങ്ങളിലേക്ക് നിരവധി യാത്രകൾ നടത്തിയ വ്യക്തിയാണ് സജി മാർക്കോസ്.
ഷോഗോമാൻ ടെലീരിയൻ എന്ന വീരപുരുഷൻ:
അർമേനിയൻ ജനതയ്ക്ക് ടെലീരിയൻ വീരപുരുഷനാണ്. തങ്ങളുടെ വംശത്തെ ഉന്മൂലനത്തിൻ്റെ വക്കിലെത്തിച്ച വംശഹത്യയുടെ ആസൂത്രകനായ തലാത് പാഷയെ വെടിവെച്ചുകൊന്ന ധീരൻ എന്നതാണ് ഷോഗോമാൻ ടെലീരിയൻ്റെ സവിശേഷത. അദ്ദേഹത്തെ അർമേനിയൻ ജനത കൊണ്ടാടുന്നു. എന്താണ് അർമേനിയയിൽ സംഭവിച്ചത്?
ഒരു കേസ്
1925 ഏപ്രിൽ നാലിന് ബർലിൻ ഹൈക്കോടതിയിൽ നടക്കുന്ന ഒരു കേസ് പ്രതിപാദിച്ചു കൊണ്ടാണ് പോഡ്കാസ്റ്റ് ആരംഭിക്കുന്നത്. ഒരു കൊലപാതകക്കേസ്. പ്രതി ഷോഗോമാൻ ടെലീരിയൻ. കുറ്റം തെളിയിക്കപ്പെട്ടു. എം.ആർ. ഗ്രിഗോറിയസ് എന്ന പ്രതിഭാഗം വക്കീൽ മാനസിക അസ്വാസ്ഥ്യമാണ് കാരണമെന്ന് വാദിച്ചെങ്കിലും പ്രതി അതു നിഷേധിച്ചു. മാനസികാസ്വാസ്ഥ്യമില്ലെന്നും കൊലപാതകം നടത്തിയത് താനാണെന്നും എന്നാൽ പ്രതി താനല്ലെന്നും അയാളാണ് (തലാത് പാഷ) പ്രതിയെന്നും വ്യക്തമാക്കി. പ്രതി കുറ്റം ചെയ്തെന്ന് സംശയാതീതമായി തെളിഞ്ഞിരിക്കുന്നുവെന്ന് കോടതി വിധി പറഞ്ഞു. പക്ഷേ, പ്രതി ശിക്ഷാർഹനല്ല. വളരെ അസാധാരണമായ വിധി. ടെലീരിയനെ കോടതി വെറുതെ വിട്ടു. അദ്ദേഹം സെർബിയയിൽ കുടിയേറി. എന്നാൽ തുർക്കി ഏജൻ്റുകൾ അദ്ദേഹത്തെ തിരിച്ചറിഞ്ഞു. താസമിലീഖിയ എന്ന പേരിലാണ് ടെലീരിയൻ അവിടെ കഴിഞ്ഞിരുന്നത്. പിന്നീട് സെർബിയയിൽ നിന്ന് പലായനം ചെയ്തു. അവസാനം അമേരിക്കയിൽ എത്തിച്ചേർന്നു. ജീവിതാവസാനം വരെ കുടുംബ സമേതം അവിടെ കഴിച്ചു കൂട്ടി.
സജി മാർക്കോസ് ടെലീരിയൻ്റെ പേരിലൂടെയാണ് അർമേനിയയെക്കുറിച്ചറിഞ്ഞത്. അത് ലോകത്തെ ഏക ക്രിസ്ത്യൻരാജ്യമാണെന്നറിയാം. ഓൺലൈനിൽ ഒരാളെ (എഫ്രൈം റഫായേൽ) പരിചയപ്പെട്ടു. ടെലീരിയനെക്കുറിച്ചുള്ള അന്വേഷണമാണ് അയാളെ അടുപ്പിച്ചത്. റഫായേലിൻ്റെ വല്യമ്മ, മർസ, വംശഹത്യയെ അതിജീവിച്ച സ്ത്രീയാണ്.
വല്യമ്മ (മർസ)
മർസയ്ക്ക് കേവലം നാലു വയസ്സുള്ളപ്പോഴാണ് പ്രാണരക്ഷാർത്ഥം നാടുവിടേണ്ടി വന്നത്. ജോർജിയയിലെ ബെട്ടുമിയെന്ന ഗ്രാമത്തിലേക്കാണ് യാത്ര. 600 കി.മീ. നീണ്ട യാത്ര. പിന്നെ കരിങ്കടൽ കടന്ന് ബൾഗേറിയയിൽ കുടിയേറി. സോവിയറ്റു യൂണിയൻ (1917- 1989) തകർന്നതോടെ അർമേനിയ സ്വതന്ത്രമാവുകയും മിർസ തിരിച്ചുവരികയും ചെയ്തു. പഴയ കാലത്തെക്കുറിച്ച് ഇപ്പോൾ അത്ര ഓർമ്മയില്ല. വംശഹത്യയെ അതിജീവിച്ച് ഇന്ന് ഭൂമിയിൽ ജീവിച്ചിരിക്കുന്ന അവസാനത്തെ വ്യക്തിയാകാമവർ. അതിനാലാണ് അവരെ കാണണമെന്ന് ലേഖകൻ ഉറച്ചത്.
അർമേനിയയും ഇന്ത്യയും
വല്യമ്മ മർസ വീട്ടിൽ ടി.വി.യിൽ സീരിയൽ കാണുകയാണ്. അതിലെ കഥാപാത്രങ്ങൾ ഇന്ത്യക്കാർക്കു സുപരിചിതരാണ്. ഇവിടത്തെ ഹിന്ദി സീരിയലുകൾ മൊഴിമാറ്റം നടത്തി അവിടെ പ്രക്ഷേപണം ചെയ്യുന്നു. അതിനാൽ ഇന്ത്യൻ സംസ്കാരവും പെരുമാറ്റരീതികളും അവർക്കറിയാം. ആദ്യമായി അർമേനിയൻ ഭാഷയ്ക്ക് ഒരു ലിപിയുണ്ടായി, ഒരു പുസ്തകം അച്ചടിക്കുന്നത് മദ്രാസിൽ വെച്ചാണ്. ഷമാഹിൻ എന്ന അർമേനിയൻ കച്ചവടക്കാരനാണ് ഇതിനായി യത്നിച്ചത്. വംശഹത്യാവേളയിൽ പലായനം ചെയ്ത ചിലർ മദ്രാസിലും വന്നു. അവിടെ ഒരു അർമേനിയൻ പള്ളിയും ശ്മശാനവുമുണ്ട്. ഒരു അർമേനിയൻകാരൻ സംരക്ഷകനായുണ്ട്. മറ്റുള്ളവരൊക്കെ തിരിച്ചു പോയി. മദ്രാസിൽ വെച്ചാണ് അസ്കരാർ എന്നു പേരുള്ള ആദ്യത്തെ അർമേനിയൻ പത്രം അച്ചടിക്കുന്നത്. പിന്നെയാണ് അർമേനിയയ്ക്ക് ലിപിയുണ്ടാകുന്നത്.
ഇന്ത്യയുമായി ഇപ്രകാരം സാമൂഹികവും സാംസ്കാരികവുമായ ബന്ധം അർമേനിയയ്ക്കുണ്ട്.
വംശഹത്യാസ്മാരകം
ലോകത്തിൽ പ്രധാനപ്പെട്ട വംശഹത്യാസ്മാരകങ്ങളിലൊന്നാണ് അർമേനിയൻ വംശഹത്യാസ്മാരകം. എരബനിലാണ് ഇതു സ്ഥിതിചെയ്യുന്നത്. മണ്ണിനടിയിലാണ് ഇതു കെട്ടിപ്പടുത്തത്. നരകത്തിൻ്റെ രൂപത്തിലാണത്രെ നിർമ്മിതി. ഓരോ നില താഴോട്ടിറങ്ങുന്തോറും പീഡനങ്ങളുടെ ഗൗരവം കൂടുന്നു. കൊലപാതകതീവ്രതയും കൂടും. കൂട്ടിയിട്ട ശവങ്ങളുടെയും അനാഥക്കുട്ടികളുടെയും എണ്ണവും കൂടും.
ഒന്നാം നില:
ഓട്ടോമൻ സാമ്രാജ്യത്തിൻ്റെ അർമേനിയൻ അധിനിവേശം വിശദീകരിക്കുന്നു. അർമേനിയക്കാരുടെ മീതെ അടിച്ചേൽപ്പിച്ച നിയന്ത്രണങ്ങളും നിബന്ധനകളും വ്യക്തമാക്കി. മൃഗവാഹനങ്ങൾ ഉപയോഗിക്കുന്നതു തടഞ്ഞു. കോടതികളിൽ പ്രവേശനമില്ല. വാദിക്കാനും പറ്റില്ല. സ്വാതന്ത്ര്യം ഹനിക്കപ്പെട്ടവരായി, അർമേനിയക്കാർ.
യുവതുർക്കികൾ:
തലാത് പാഷ, ഐവർ പാഷ, ഇസ്മയിൽ പാഷ എന്നീ മൂന്നു പേരാണ് ഓട്ടോമൻ ഭരണകൂടത്തിലെ പ്രധാനപ്പെട്ട മൂന്നു മന്ത്രിമാർ. ഇവരാണ് യുവതുർക്കികൾ എന്നറിയപ്പെട്ടത്. മലയാളത്തിൽ യുവതുർക്കി എന്ന സിനിമയെടുത്തവർ ഇവരാരെന്ന് അന്വേഷിച്ചിട്ടുണ്ടോയെന്ന് ലേഖകൻ ചോദിക്കുന്നു.
നാലാമത്തെ നില കഴിഞ്ഞ് താഴേക്കു പോകുമ്പോൾ തെരുവുകളിൽ ശവം കുന്നുകൂടിയ കാഴ്ച കാണാം. അനാഥക്കുട്ടികൾക്ക് പള്ളികളിൽ അഭയം നല്കി. ഇവരെ ഭരണകൂടം സംരക്ഷിക്കാതെ, സിറിയൻ മരുഭൂമിയിലെ ഡെത്ത് ക്യാമ്പിലേക്കു കൊണ്ടുപോവുകയാണ്. ഡെത്ത് മാർച്ച്. ഈ യാത്രയ്ക്കിടെ 80% പേരും മരുഭൂമിയിൽ മരിക്കും. കൊല്ലാനുള്ള എളുപ്പവഴി. നീണ്ടുപരന്ന വലിയ ബോട്ടുകളിൽ സ്ത്രീകളെയും കുട്ടികളെയും നിറച്ച് കരിങ്കടലിലേക്കു തള്ളിവിട്ട് മുക്കിക്കൊല്ലുന്ന തന്ത്രവുമുണ്ടായിരുന്നു. കപടദേശീയതയുടെ പ്രയോഗഫലമായി ലക്ഷക്കണക്കിന് അർമേനിയക്കാരുടെ ജീവനെടുത്തു.
വംശഹത്യയുടെ കാരണം:
നല്ല കച്ചവടക്കാരായ ക്രിസ്ത്യാനികളായ അർമേനിയക്കാർ, കോൺസ്റ്റാൻ്റിനോപ്പിളിലെ (ഇന്ന് ഇസ്താംബുൾ) മുഖ്യ കച്ചവടക്കാരായിരുന്നു. ഇവർ റഷ്യയുമായി ബന്ധം സ്ഥാപിച്ചാൽ ഓട്ടോമൻ സാമ്രാജ്യത്തിനുണ്ടാകാൻ പോകുന്ന കോട്ടത്തെ സംബന്ധിച്ചുള്ള സാങ്കല്പിക ചിന്തയാണ് വംശഹത്യയിലേക്കു നയിച്ചത്. അതിൻ്റെ മുഖ്യസൂത്രധാരനാണ് തലാത് പാഷ എന്ന യുവതുർക്കി. കപടദേശീയതയെയും മതത്തെയും തുർക്കികൾ ആയുധമാക്കി.
േഷാഗോമാൻ ടെലീരിയൻ
വളരെ വികാരപരമായ വിവരണമാണ് മ്യൂസിയത്തിൽ. കാരണം, വംശഹത്യയ്ക്കിരയായവരുടെ കുടുംബത്തിൽ നിന്നുള്ളവരാണ് വിവരദാതാക്കൾ. ഡെത്ത് മാർച്ചിൽ സിറിയൻ മരുഭൂമിയിലേക്ക് കൊണ്ടുപോകെ ടെലീരിയൻ്റെ അമ്മ മരിച്ചു. ടെലീരിയൻ അമ്മയുടെ മൃതദേഹത്തിനു കാവൽ നിന്നു. ജലപാനമില്ലാതെ, ആഹാരമില്ലാതെ നാലു ദിവസം സിറിയൻ മരുഭൂമിയിൽ കഴിഞ്ഞ ടെലീരിയൻ കൊല്ലപ്പെട്ടവരുടെ ആഭരണങ്ങളും സ്വർണ്ണപ്പല്ലും (ഉണ്ടെങ്കിൽ മോഷ്ടിക്കാനായി വന്ന പട്ടാളക്കാരിൽ നിന്നും രക്ഷപ്പെട്ടു. പ്രതികാരം ചെയ്യാൻ ജീവൻ ബാക്കിയായി. റഷ്യൻ അതിർത്തിയിലെ ഒരു ഗ്രാമത്തിൽ താമസിച്ചു, വളർന്നു.
വംശഹത്യയിൽ നിന്നും രക്ഷപ്പെട്ട ചില അർമേനിയക്കാർ ഒത്തുചേർന്നു - അമേരിക്കയിലെ ബോസ്റ്റണിൽ. അവരുടെ ഹിറ്റ്ലിസ്റ്റിൽ ഒന്നാം പേര് തലാത് പാഷയുടേതായിരുന്നു. നതാലി എന്ന സംഘനേതാവ് ടെലീരിയനെ കണ്ടെത്തുകയും പാഷയെ വധിക്കാനുള്ള നിയോഗം ഏൽപ്പിക്കുകയും ചെയ്തു. ബെർലിനിൽ പാഷ സുഖിച്ചു വസിക്കുകയാണ്. ടെലീരിയന് അവിടെയെത്താനുള്ള യാത്രാ രേഖകൾ നല്കി. ഒറ്റ ബുള്ളറ്റു മാത്രമുള്ള ഒരു തോക്കും. ഒറ്റ ശ്രമത്തിൽ തന്നെ വധിക്കണം. പിടിക്കപ്പെട്ടാൽ സ്വന്തം ഉത്തരവാദിത്വം. ടെലീരിയൻ ബർലിനിലേക്കു താമസം മാറ്റി. തലാത് പാഷ സഹായികളില്ലാതെ നടക്കുന്ന സമയം ശ്രദ്ധിച്ചു. ഒരു ദിനം വൈകീട്ട് പാഷ തനിച്ചു നടക്കെ, ടെലീരിയൻ പാഷയെ അഭിമുഖീകരിക്കുകയും തലയിൽ വെടിയുതിർക്കുകയും ചെയ്തു. തലച്ചോറു തകർന്നു. അന്ന് ടെലീരിയന് 25 വയസ്സ്. തോക്കുചൂണ്ടെ, തലാത് പാഷയെന്ന നീചൻ്റെ കണ്ണിൽ ഭയം നിഴലിക്കുന്നത് ടെലീരിയർ കണ്ടു. വംശഹത്യയിൽ നിന്നു കഷ്ടിച്ചു രക്ഷപ്പെട്ട മാർഗ്രിഗോറിയസ് ടെലീരിയനു വേണ്ടി കോടതിയിൽ ഹാജരായി.
സജി മാർക്കോസ് എഴുതുന്നു:
“വംശീയതയെക്കുറിച്ചു സംസാരിക്കുന്ന ഭരണകൂടങ്ങൾ മനസ്സിലാക്കേണ്ടതുണ്ട്: വ്യത്യസ്തമായ ആഹാരരീതിയുള്ളതുകൊണ്ട്, വ്യത്യസ്തമായൊരു ദൈവത്തെ ആരാധിച്ചതുകൊണ്ട്, വ്യത്യസ്തമായ ആചാരങ്ങൾ പുലർത്തുന്നതുകൊണ്ട് ഒരു മനുഷ്യൻ തൻ്റെ ശത്രുവാണെന്ന് പ്രഖ്യാപിക്കുന്ന നിലയിലേക്ക് എങ്ങനെ മനുഷ്യനു മാറാൻ പറ്റുന്നു!”
വംശഹത്യയുടെ ചരിത്രം ആവർത്തിക്കപ്പെടാതിരിക്കാനാണ് നാം യത്നിക്കേണ്ടത്. അതിനാൽ വെറുപ്പിൻ്റെ പ്രത്യയശാസ്ത്രത്തെ ഉപേക്ഷിക്കുകയാണ് വേണ്ടത്. ഇനിയും പാതകമരുതെന്ന സന്ദേശമാണ് വംശഹത്യാസ്മാരകങ്ങൾ നല്കുന്നത്.



അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ