കലാമണ്ഡലം ഹൈദരലി

കലാമണ്ഡലം ഹൈദരലി.

കഥകളിസംഗീതത്തിൽ അദ്വിതീയനായ കലാകാരനാണ് കലാമണ്ഡലം ഹൈദരലി. ജാതിമതഭേദങ്ങൾക്കപ്പുറം കഥകളിസംഗീതത്തെ ജനകീയമാക്കിയ സംഗീതജ്ഞൻ എന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കാം.

1946 ൽ തൃശ്ശൂർ ജില്ലയിലെ ഓട്ടുപാറയിൽ വെളുത്താട്ടിൽ മൊയ്തുട്ടിയുടെയും തച്ചോടി പാത്തുമ്മയുടെയും മകനായാണ് ജനിച്ചത്. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം 1957 കേരള കലാമണ്ഡലത്തിൽ ചേർന്നു. കലാമണ്ഡലം നീലകണ്ഠൻ നമ്പീശൻ ആയിരുന്നു അദ്ദേഹത്തിൻറെ ഗുരു. കഥകളി സംഗീതത്തിൽ നിഷ്നാതനായ ഹൈദരലി965 ഫാക്ട് കഥകളി സ്കൂളിൽ ചൊല്ലിയാട്ട ഭാഗവതരായി. പിന്നീട് കേരള കലാമണ്ഡലത്തിൽ വിസിറ്റിംഗ് പ്രൊഫസറായി. 2006 ജനുവരിയിൽ ഒരു അപകടത്തിൽപ്പെട്ട് നിര്യാതനായി. മഞ്ജുതരം എന്ന കൃതി അദ്ദേഹത്തിൻറെ ആത്മകഥയാണ്. ഓർത്താൽ വിസ്മയം എന്ന ആത്മകഥാപരമായ ലേഖനങ്ങൾ അടങ്ങിയ മറ്റൊരു കൃതിയും അദ്ദേഹത്തിൻറെതായി ലഭ്യമായിട്ടുണ്ട്. കഥകളി സംഗീതത്തെ സാധാരണക്കാരനിലേക്ക് എത്തിച്ച പ്രതിഭയാണ് ഹൈദരലി കഥകളി സംഗീതത്തിന്റെ ലളിത മനോഹര ഭാവങ്ങൾ ആസ്വാദകനു പകരാൻ അദ്ദേഹത്തിനു കഴിഞ്ഞു. കഥകളി സംഗീതത്തിലും കർണാടക സംഗീതത്തിലും ചില പരീക്ഷണങ്ങൾ നടത്തി നോക്കുകകൂടി ചെയ്തു. 

മഞ്ജുതരം (ആത്മകഥ)

കലാമണ്ഡലം ഹൈദരലിയുടെ പ്രശസ്തമായ ആത്മകഥയാണ് മഞ്ജുതരം. കഥകളിസംഗീതത്തിൻറെ മേഖലയിൽ വേറിട്ട സ്വരമായിരുന്നു ഹൈദരാലിയുടേത്. ഈ കൃതിക്ക് അവതാരിക എഴുതിയത് പ്രസിദ്ധ കഥകളി നടനായ കലാമണ്ഡലം ഗോപിയാണ്. അദ്ദേഹം എഴുതുന്നു: “ഹൈദരലി എനിക്ക് എത്രയും പ്രിയപ്പെട്ട അനുജനായിരുന്നു. ചെറുപ്പം മുതൽ ‘ഗോപിയേട്ടാ’ എന്ന് അയാൾ എന്നെ വിളിച്ചു പോന്നു. അതീവ ഹൃദ്യമായ അടുപ്പത്തിന്റെ ഈണം ആ വിളിയിലുണ്ടായിരുന്നു. തികഞ്ഞ സ്വാതന്ത്ര്യത്തോടെ ഹൈദരലി തൻറെ ജീവിതത്തിലും കലയിലും ഇടപഴകി.നിഷ്കളങ്കമായ മനസ്സായിരുന്നു അയാളുടെ തെല്ലും അഹങ്കാരമില്ല. അരങ്ങിലും അണിയറയിലും സദസ്സിലും സാത്വികവും വിനയാന്വിതവുമായ പെരുമാറ്റം.’’ 

ഹൈദരലിയുടെ പ്രകൃതം വ്യക്തമാക്കുന്ന വസ്തുതാപരമായ വിവരണമാണ് കലാമണ്ഡലം ഗോപി നടത്തിയിട്ടുള്ളത്. കഥകളിപ്പാട്ട് അഭിനയസംഗീതമാണ്. അഭിനയത്തെ പ്രേരിപ്പിക്കുന്നതും പൊലിപ്പിക്കുന്നതുമാകണം അത്. ഈ വിശേഷങ്ങൾ അടങ്ങിയ ഗാനാവതരണത്തിലൂടെ ഹൈദരലി കഥകളിനടന് ആടാനും അഭിനയിക്കാനുമുള്ള വക കൂടുതൽ സുഗമമാക്കി. കഥകളിയെന്നത് വ്യത്യസ്ത കലാമേഖലകളുടെ സമാഗമവും ലയവുമാണെന്ന സത്യം ഹൈദരലി മനസ്സിലാക്കിയിരുന്നു. അഭിനയം, വാദ്യം, പാട്ട്, ചുട്ടി, ആഹാര്യം ഈ സമഗ്രതയെ അദ്ദേഹം ഉൾക്കൊണ്ടു. കലാമണ്ഡലം ഗോപി ഹൈദരലിയുടെ വിശിഷ്ടതയെ ഉചിതമായ വാക്കുകളിലൂടെ വരച്ചുകാട്ടുന്നു. “ കഥകളിപ്പാട്ടിൻ്റെ വിശിഷ്ട പാരമ്പര്യത്തിൽ നിന്ന് അധികമൊന്നും മാറാതെയുള്ള ചില പരിഷ്കരണങ്ങൾക്കേ ഹൈദരലി ശ്രമിച്ചിരുന്നുള്ളൂ. അതാകട്ടെ, അരങ്ങിനും അഭിനയത്തിനും കൂടുതൽ പ്രകാശം നല്കുവാൻ വേണ്ടി മാത്രം. സന്ദർഭത്തിൻ്റെ വൈകാരികത പകരുവാനും. അറിവും ഔചിത്യവും തന്നെ എല്ലാറ്റിനും മാനദണ്ഡം.” കലാമണ്ഡലം ഗോപിയുടെ വാക്കുകൾ കലാമണ്ഡലം ഹൈദരലിയെക്കുറിച്ചുള്ള വ്യക്തമായ രൂപരേഖ നല്കുന്നതാണ്. 

ചെറുപ്പകാലത്തേ അവഗണനകൾ നേരിട്ടയാളാണ് ഹൈദരലി. കലാമണ്ഡലത്തിൽ നിന്നും, കലയുടെ സമുന്നത വിഹായസ്സിൽ നിന്നുപോലും അദ്ദേഹത്തിനത് അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. തൻ്റെ ആത്മകഥയിൽ - അത് ഒരു ലഘുകൃതിയാണെങ്കിൽ പോലും - ചില പരാമർശങ്ങൾ അദ്ദേഹം നടത്തിയിട്ടുണ്ട്. തൻ്റെ വേദനകളും അമർഷങ്ങളും ആ താളുകളിൽ പതിഞ്ഞിട്ടുമുണ്ട്. വളരെ വ്യത്യസ്തമായ സാമൂഹികസാമ്പത്തിക സാഹചര്യത്തിൽ നിന്നാണല്ലോ ഹൈദരലി കലാമണ്ഡലത്തിലെത്തിച്ചേരുന്നത്. ഒരർത്ഥത്തിൽ, കലാമണ്ഡലത്തിൽ മുസ്ലീം മതവിഭാഗത്തിൽ നിന്നും കഥകളിപ്പാട്ടു പഠിക്കാനായെത്തുന്ന ആദ്യ വിദ്യാർത്ഥി. മറ്റു വിദ്യാർത്ഥികളിൽ ഭൂരിഭാഗവും ഹിന്ദുസമുദായത്തിലെ വരേണ്യർ. പുരോഗമനചിന്തകൾ വേരൂന്നിയ നാടും കാലവും. എന്നിട്ടും അദ്ദേഹം അവഗണന നേരിട്ടു. 

‘ തിരസ്കൃതനായിട്ടാണ് ഞാൻ ജനിച്ചതും വളർന്നതും. അനേകം നിർഭാഗ്യങ്ങളോടൊപ്പം സംഭവിച്ച ചില ഭാഗ്യങ്ങളുടെ പേരിലാണ് ഞാനിന്നും ജീവിക്കുന്നതെന്ന്” ഹൈദരലി ആത്മകഥയുടെ ആമുഖത്തിൽ പറയുന്നു.

ബാല്യകാല ചിന്തകളും അനുഭവങ്ങളും കുടുംബാംഗങ്ങളുമൊത്തുള്ള രംഗങ്ങളുമൊക്കെ വികാരനിർഭരമായി അദ്ദേഹം അവതരിപ്പിക്കുന്നു. അവയിൽ നൊമ്പരവും മാധുര്യവുമുണ്ട്. കലാമണ്ഡലം നീലകണ്oൻ നമ്പീശനടക്കമുള്ള ഗുരുക്കന്മാരെയും അവർ ചെലുത്തിയ സ്വാധീനവും ‘മഞ്ജുതര’യിൽ വിവരിക്കുന്നു.

ഫാക്ടിൽ ചൊല്ലിയാട്ടഭാഗവതരെന്ന തസ്തികയിൽ നിയമനം കിട്ടിയത് തൻ്റെ ജീവിതത്തിലെ വഴിത്തിരിവാണെന്ന് ഹൈദരലി പറയുന്നു. “എം.കെ.കെ. നായർ എന്ന മഹത് വ്യക്തി അന്നവിടെ എന്നെ നിയമിച്ചില്ലായിരുന്നുവെങ്കിൽ കലാമണ്ഡലം ഹൈദരലി എന്ന കഥകളി ഗായകൻ ഉണ്ടാവുമായിരുന്നില്ല. എനിക്ക് മറ്റേതെങ്കിലും മേൽവിലാസമാകുമായിരുന്നു.”

ഫാക്ടിലെ ജോലിക്കാലത്താണ് ജീവിതത്തിൽ ഉയരാൻ ഹൈദരലിക്കു സാധിച്ചത്. തന്നിലെ ഗായകനെ ഉണർത്തിയതും ഉത്തേജിപ്പിച്ചതും എം.കെ.കെ. നായരാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

കഥകളി ഗായകൻ മാത്രമായിരുന്നില്ല, ഹൈദരലി. നല്ലൊരു ചിത്രകാരനുമായിരുന്നു. കഥകളിയും കഥകളിസംഗീതവും അനുഭവിക്കുന്ന അവഗണനയിൽ ശക്തമായ പ്രതിഷേധം അദ്ദേഹത്തിനുള്ളിലുണ്ടായിരുന്നു. എങ്കിലും കഥകളി ഗായകനായി ഒതുങ്ങിപ്പോകാതെ സിനിമ, സാഹിത്യം എന്നിവയിലൊക്കെ മുഴുകാനും അദ്ദേഹത്തിനു സാധിച്ചു. 





അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സഭാപ്രവേശം - കുഞ്ചൻ നമ്പ്യാർ

കരുണ - കുമാരനാശാൻ

നീർമാതളം പൂത്ത കാലം : മാധവിക്കുട്ടി