ഓർത്താൽ വിസ്മയം: കലാമണ്ഡലം ഹൈദരലി
ഓർത്താൽ വിസ്മയം
ആത്മകഥാപരമായ ലേഖനങ്ങൾ അടങ്ങുന്ന കൃതിയാണ്, കഥകളി സംഗീതത്തിലെ സമുജ്ജ്വല പ്രതിഭയായ കലാമണ്ഡലം ഹൈദരലിയുടെ ‘ ഓർത്താൽ വിസ്മയം’. പ്രസ്തുതകൃതിക്കെഴുതിയ അവതാരികയിൽ എം.ടി.വാസുദേവൻ നായർ ഇപ്രകാരം അഭിപ്രായപ്പെടുന്നു:
“ഓർത്താൽ വിസ്മയം തന്നെ. കേരളത്തിൽ വരേണ്യവർഗ്ഗക്കാർ മേധാവിത്തം പുലർത്തിയിരുന്ന കഥകളിയുടെ പ്രഖ്യാത വിദ്യാലയത്തിലേക്ക് ഒരു മുസ്ലീം ബാലൻ കടന്നുചെല്ലുന്നു. ആശങ്കകളോടെ, അധൈര്യത്തോടെ, എങ്കിലും പ്രതീക്ഷകളോടെ. വെങ്കിടകൃഷ്ണഭാഗവതരുടെ ഛായാചിത്രത്തിനു ചുവട്ടിൽ നീലകണ്ഠൻ നമ്പീശൻ്റെ കാൽക്കൽ ദക്ഷിണ വെച്ച് ഒരു മുസ്ലീം ബാലൻ കഥകളിസംഗീതം പഠിക്കാൻ ആരംഭിക്കുന്നു. വാത്സല്യം വാരിക്കോരിക്കൊടുക്കുമെങ്കിലും പഠിപ്പിൽ വിട്ടുവീഴ്ച്ചയോ അശ്രദ്ധയോ കാട്ടിയാൽ നിർദ്ദയം ശിക്ഷിക്കുന്ന ഗുരു. ആ ഗുരുവിൻ്റെ പ്രതീക്ഷയ്ക്കൊത്തു ശിഷ്യൻ വളരുന്നു. അരങ്ങേറ്റത്തിൽ ഹൈദരലി പൊന്നാനിയും (പ്രധാന ഗായകൻ) പിൽക്കാലത്തു വിഖ്യാതനായ ശങ്കരൻ എമ്പ്രാന്തിരി ശിങ്കിടിയുമാവണമെന്ന് നമ്പീശൻ നിശ്ചയിച്ചപ്പോൾ അദ്ദേഹം ഈ ശിഷ്യനിലുള്ള വിശ്വാസം നിശ്ശബ്ദമായി പ്രകടിപ്പിക്കുകയായിരുന്നു… കളിയരങ്ങിലെയും സംഗീതത്തിലെയും ചില വൈകല്യങ്ങളെപ്പറ്റി ഹൈദരലി പറയുമ്പോൾ പാരമ്പര്യവാദികൾക്ക് അസ്വാസ്ഥ്യമുണ്ടാകുന്നത് സ്വാഭാവികമാണ്. പക്ഷേ, കഥയോടും സംഗീതത്തോടുമുള്ള ഹൈദരലിയുടെ പ്രതിബദ്ധതയെ നമുക്കു നിഷേധിക്കാനാവില്ല. കാരണം, അതാണ് ഹൈദരലിക്ക് ജീവിതം.”
എം.ടി.യുടെ വാക്കുകൾ ഹൈദരലിയുടെ ശോഭനീയ പ്രവൃത്തികൾക്ക് ആസ്വാദ്യകരമായ വർണ്ണം പകരുന്നു.
കഥകളിജീവിതത്തിലെ അവിസ്മരണീയാനുഭവങ്ങൾ വിവരിക്കുന്ന ലേഖനങ്ങളുടെ സമാഹാരമാണ് ഓർത്താൽ വിസ്മയം. കഥകളി അവതരണവുമായും സംഗീതവുമായും ബന്ധപ്പെട്ട ചില തിരിച്ചറിവുകളും വീണ്ടുവിചാരങ്ങളും അതിൽ ഉൾക്കൊള്ളുന്നു. കൃഷ്ണൻനായരാശാൻ, നമ്പീശനാശാൻ, കൃഷ്ണൻകുട്ടി പുതുവാൾ, യേശുദാസ് മുതലായവരെപ്പറ്റിയുള്ള ഉചിതവും സരസവുമായ അനുഭവവിവരണങ്ങൾ ഈ കൃതിയിലുണ്ട്. കഥകളി അവതരണത്തിലെ പാകപ്പിഴകളെക്കുറിച്ചും സംഗീതാലാപനത്തിലെ അക്ഷരവൈകല്യങ്ങളെക്കുറിച്ചും തൻ്റേതായ കാഴ്ച്ചപ്പാടുകൾ ഹൈദരലി അവതരിപ്പിച്ചു. കളിയരങ്ങിലും സംഗീതത്തിലുമുള്ള പാകപ്പിഴകളെക്കുറിച്ചു ഹൈദരലി ഉദ്ദേശ്യശുദ്ധിയോടെയാണ് തൻ്റെ വാദഗതികൾ അവതരിപ്പിച്ചത്. ഇവ പാരമ്പര്യവാദികളിൽ അസ്വസ്ഥതയുളവാക്കി. സമൂഹത്തെ പിന്നോട്ടു കൊണ്ടുപോകുന്നതിനാകരുത് മനുഷ്യൻ്റെ പ്രവർത്തനങ്ങൾ. അതിൻ്റെ പുരോഗതിയാണ് നാം ലക്ഷ്യമാക്കേണ്ടത്. ജാതീയവും മതപരവുമായ ഭേദകൽപ്പനകൾ സമൂഹത്തിൻ്റെ പുരോഗതിയിലും വ്യക്തിയുടെ വളർച്ചയിലും സൃഷ്ടിക്കുന്ന തടസ്സങ്ങൾ വലുതാണ്. പലപ്പോഴും ഇതു മറികടക്കുകയെന്നത് അസാദ്ധ്യവുമാണ്. ഇത്തരം വൈതരണികളെ തരണം ചെയ്തു കൊണ്ടുള്ള വളർച്ചയാണ് ഹൈദരലിയുടേതെന്ന് അദ്ദേഹത്തിൻ്റെ ജീവിതപാഠം സമൂഹത്തെ ഓർമ്മിപ്പിക്കുന്നു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ