അഭിമുഖവും കക്കട്ടിലിൻ്റെ സർഗ്ഗസമീക്ഷയും
അഭിമുഖവും കക്കട്ടിലിൻ്റെ സർഗ്ഗസമീക്ഷയും
അക്ബർ കക്കട്ടിലിൻ്റെ സർഗ്ഗ സമീക്ഷയെന്ന കൃതിയുടെ സവിശേഷത, അഭിമുഖകാരൻ അക്ബർ കക്കട്ടിൽ തന്നെ എന്നതാണ്. അദ്ദേഹം മലയാളത്തിലെ പ്രശസ്തനായ ചെറുകഥാകൃത്തും നോവലിസ്റ്റുമാണ്. മലയാളസാഹിത്യത്തിലെ മുതിർന്ന തലമുറയിലെ പ്രഗത്ഭരായ എഴുത്തുകാരെ നേരിട്ട് ഇൻ്റർവ്യൂ ചെയ്തു തയ്യാറാക്കിയ കൃതിയാണ് ‘സർഗ്ഗസമീക്ഷ’. ഈ കൃതിയിൽ 25 അഭിമുഖങ്ങളാണുള്ളത്.
1. വൈക്കം മുഹമ്മദ് ബഷീർ
2. പൊൻകുന്നം വർക്കി
3. തകഴി ശിവശങ്കരപ്പിള്ള
4. തിക്കോടിയൻ
5.എൻ.എൻ. പിള്ള
6.എം. കൃഷ്ണൻ നായർ
7.കോവിലൻ
8. സുകുമാർ അഴീക്കോട്
9.മലയാറ്റൂർ രാമകൃഷ്ണൻ
10. വിലാസിനി
(എം.കെ.മേനോൻ)
11.എൻ.പി.മുഹമ്മദ്
12.ഒ.വി.വിജയൻ
13. അയ്യപ്പപ്പണിക്കർ
14. ടി. പത്മനാഭൻ
15. ഓ.എൻ.വി.കുറുപ്പ്
16. മാധവിക്കുട്ടി
17. വി.കെ.എൻ
18. സുഗതകുമാരി
19. എം.ടി.
20. കാക്കനാടൻ
21. യു.എ. ഖാദർ
22. പുനത്തിൽ കുഞ്ഞബ്ദുള്ള
23.സേതു
24.മുകുന്ദൻ
25. സക്കറിയ
മലയാളത്തിലെ പ്രതിഭാധനരായ എഴുത്തുകാരാണ് ഇവരെല്ലാം. അഭിമുഖത്തെ സംബന്ധിക്കുന്ന സാമ്പ്രദായിക സമീപനങ്ങളെ മറികടക്കുന്ന സമീപനമാണ് കക്കട്ടിലിൻ്റേത്. അഭിമുഖമെന്നു കേട്ടാൽ, രാഷ്ട്രീയനേതാക്കളുമായി നടത്തുന്ന സംഭാഷണമെന്ന അർത്ഥമാണ് മനസ്സിലുളവാകുക. പുതിയ തലമുറയിൽപ്പെട്ട ഒരെഴുത്തുകാരൻ മുതിർന്നവരായ മുൻഗാമികളുമായി നടത്തുന്ന സർഗ്ഗസംവാദമെന്ന രൂപത്തിലാണ് സർഗ്ഗസമീക്ഷയിലെ അഭിമുഖങ്ങളെ കാണാനാവുക. സംവാദത്തിനു മുന്നേ അവരുടെ രചനകൾ കക്കട്ടിൽ വീണ്ടും വായിക്കും. അതിനെ മുൻനിർത്തി ചോദ്യങ്ങൾ റെഡിയാക്കും. വ്യത്യസ്ത പ്രകൃതക്കാരും, പലയിടങ്ങളിൽ വസിക്കുന്നവരുമാണ് നമ്മുടെ എഴുത്തുകാർ. അവരെ കണ്ടെത്തുകയെന്നതു തന്നെ സാഹസം. മേൽപ്പറഞ്ഞ പ്രതിഭകളുമായി അദ്ദേഹത്തിന് അടുത്തിടപഴകാൻ സാധിച്ചു. അവരുടെ മാനസികലോകവുമായി സമ്പർക്കത്തിലായി. തൻ്റെ ഓരോ അഭിമുഖവും തനിക്ക് സമ്പന്നമായ അനുഭൂതിയാണ് സമ്മാനിച്ചതെന്ന് കക്കട്ടിൽ അഭിപ്രായപ്പെടുന്നു. വിലാസിനിയുടെ (എം.കെ.മേനോൻ) നിർദ്ദേശപ്രകാരമാണ്, എഴുത്തുകാരുടെ ജീവചരിത്രക്കുറിപ്പുകളും അവരുടെ സംഭാവനകളെ സംബന്ധിച്ച നിരൂപണവും തുടർന്ന് അഭിമുഖവും ഇടം പിടിച്ചത്.
‘സർഗ്ഗസമീക്ഷ’ എന്ന കക്കട്ടിലിൻ്റെ അഭിമുഖപ്പുസ്തകത്തിൽ, Study, Lifesketch, Interview എന്ന ക്രമത്തിലാണ് ഓരോ എഴുത്തുകാരൻ്റെയും പ്രായാനുസൃതമായാണ് ക്രമീകരിച്ചിട്ടുള്ളത്. 1992 അവസാനം വരെ ഓരോ എഴുത്തുകാരനും എഴുതിയിട്ടുള്ള കൃതികളുടെ സമ്പൂർണ്ണപട്ടിക ഓരോ അഭിമുഖാനന്തരവും നല്കിയിട്ടുണ്ടു്. എന്നാൽ, എല്ലാ സർഗ്ഗധനരേയും ഉൾക്കൊള്ളിക്കാനായിട്ടില്ല. അത് ഈ കൃതിയുടെ ന്യൂനതയായി കാണാനാകില്ല. കാരണം, അത് അസാദ്ധ്യമാണ്. നിരവധി സാഹിത്യകുതുകികളുടെ അർപ്പണം ആവശ്യമുള്ള ജോലിയാണ്.‘സർഗ്ഗസമീക്ഷ’ യ്ക്ക് അവതാരികയെഴുതിയത് വി.കെ. മാധവൻകുട്ടിയാണ്. പ്രസിദ്ധ മാദ്ധ്യമപ്രവർത്തകനും എഴുത്തുകാരനുമാണ് അദ്ദേഹം. ‘നിരീക്ഷണത്തിലെ നിറഭേദങ്ങൾ’ എന്ന പേരിലാണ് അവതാരിക. പുതിയ തലമുറയിലെ പ്രമുഖനായ ഒരു കഥാകൃത്തും നോവലിസ്റ്റും തൻ്റെ മുതിർന്ന മുൻഗാമികളെ ഗൗരവപൂർവം സമീപിക്കുകയാണെന്ന് വിലയിരുത്തുന്നു. “ഒരു സർഗ്ഗാത്മക സാഹിത്യകാരൻ്റെ മറ്റൊരു നിലയ്ക്കുള്ള മാനസികസഞ്ചാരം” എന്നാണ് ഈ കൃതിക്ക് മാധവൻകുട്ടി നല്കുന്ന വിശേഷണം. മഹത്തായ സ്രഷ്ടാക്കളെ അടുത്തറിയാനാകുന്നു. അവരുടെ കൃതികൾ എഴുതാനിടയായ പശ്ചാത്തലം വ്യക്തമാകുന്നു. രചനയുടെ പിന്നിലുള്ള അണിയറരഹസ്യങ്ങൾ അറിയാൻ സാധിക്കുന്നു. അഭിമുഖത്തിന് സർഗ്ഗധനരെ തിരഞ്ഞെടുക്കുമ്പോൾ കക്കട്ടിൽ പ്രകടിപ്പിച്ച ശ്രദ്ധയും വൈവിദ്ധ്യവും അഭിനന്ദനീയമാണെന്ന് അവതാരികാകാരൻ വിലയിരുത്തുന്നു. നോവൽ, ചെറുകഥ, നാടകം, കവിത എന്നീ മേഖലകളിൽ നിന്നെല്ലാം എഴുത്തുകാരുണ്ട്.
അക്ബർ കക്കട്ടിലിൻ്റെ നിരൂപണ വൈദഗ്ദ്യം ബോദ്ധ്യമാകുന്നുണ്ട്, സർഗ്ഗസമീക്ഷയിൽ. സ്വാഭാവികതയും ആർജ്ജവവുമുള്ളവയാണ് അഭിമുഖചോദ്യങ്ങൾ. ഓരോ എഴുത്തുകാരനും സമൂഹത്തിലുള്ള സവിശേഷമായ സ്ഥാനത്തെ കക്കട്ടിൽ അംഗീകരിക്കുന്നു. ഉദാഹരണത്തിന് ബഷീറിനെ പരിചയപ്പെടുത്തുന്നത് ഇപ്രകാരമാണ്: “സ്വാനുഭവങ്ങളെ കഥയുടെ രൂപത്തിൽ അവതരിപ്പിച്ച് അനുഭവതീവ്രതയേറിയ ഒരു ലോകം നമ്മുടെ മുമ്പിൽ തുറന്നിട്ട കഥാകാരനാണ് ബഷീർ.” മറ്റൊരു ഉദാഹരണം:
“ഭരണകൂടത്തോടു പടവെട്ടി ജോലി വലിച്ചെറിയുകയും എഴുതിയതിൻ്റെ പേരിൽ ആദ്യമായി ജയിൽശിക്ഷയനുഭവിക്കുകയും ചെയ്ത മലയാള കഥാകൃത്താണ് പൊൻകുന്നം വർക്കി”- ഇപ്രകാരം എഴുത്തുകാരെ അടയാളപ്പെടുത്താൻ അദ്ദേഹത്തിനു സാധിക്കുന്നു. മലയാളസാഹിത്യത്തിന് ലഭിച്ച മികച്ച അവലോകന /ജീവരേഖ/അഭിമുഖകൃതിയായി സർഗ്ഗസമീക്ഷയെ പരിഗണിക്കാം.


അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ