എന്താണ് ആത്മകഥ?
ആത്മകഥ
എന്താണ് ആത്മകഥ? ഒരാളിൻ്റെ ജീവചരിത്രം അയാൾ തന്നെ എഴുതുന്നതാകുന്നു ആത്മകഥയെന്ന സാഹിത്യ രൂപം. ഇംഗ്ലീഷിൽ ഇതിന് Autobiography എന്നു പറയുന്നു. ജീവചരിത്രാംശങ്ങൾ ആത്മകഥയുടെ ഭാഗമായി കടന്നുവരുന്നു. ജീവചരിത്രപ്രസ്ഥാനത്തിൻ്റെ ഭാഗമായാണ് ആത്മകഥകളെയും പരിഗണിക്കാറ്. ഒരു വ്യക്തിയുടെ ആത്മാംശം ഏറ്റവും കൂടുതൽ സ്ഫുരിക്കുന്ന സാഹിത്യമേഖലയാണത്. എഴുത്തുകാരൻ്റെ അനുഭവങ്ങളും ഓർമ്മകളും ഉൾക്കാഴ്ച്ചകളും ആത്മകഥാ സാഹിത്യത്തിനു നിറം പകരുന്നു. Andre Maurois എന്ന എഴുത്തുകാരൻ ഇപ്രകാരം പറയുന്നു:
“ ഒരു നല്ല ആത്മകഥാകാരൻ അപഗ്രഥനാത്മക സർഗ്ഗശക്തിയും ജീവിതവീക്ഷണവും മനുഷ്യവർഗ്ഗത്തിൻ്റെ ഏകത്വത്തിൽ വിശ്വാസവും ഉള്ളവനും നിർവ്യക്തികവും വസ്തുനിഷ്ഠവുമായ സമീപനം സ്വന്തം ജീവിതചിത്രീകരണത്തിൽ പുലർത്തുന്നവനും ആയിരിക്കണം.”
ആത്മകഥ എന്തിനുവേണ്ടി എഴുതുന്നുവെന്നതിനെക്കുറിച്ച് ചിന്തകനായ കെ.പി.കേശവമേനോന് ചില അഭിപ്രായങ്ങളുണ്ട്. കെ.സി. മാമൻ മാപ്പിളയുടെ ജീവിതസ്മരണകൾ എന്ന ആത്മകഥയ്ക്കെഴുതിയ അവതാരികയിൽ അദ്ദേഹം അതു പ്രകടിപ്പിക്കുന്നു:
“ആത്മകഥ എഴുതുവാൻ ഒരാളെ പ്രേരിപ്പിക്കുന്നത് പല കാരണങ്ങളുമായിരിക്കും. തൻറെ ജീവിതത്തിൽ ഉണ്ടായ പല സംഭവങ്ങളും തന്നെത്തന്നെ ഒരു പുതിയ വെളിച്ചത്തിൽ കാണുന്നതിന് അയാളെ സഹായിച്ചുവെന്ന് വരാം. സ്വന്തം നേട്ടത്തിലുള്ള അഭിമാനവും അത് മറ്റുള്ളവരെ അറിയിക്കുവാനുള്ള അടക്ക വയ്യാത്ത ആഗ്രഹമായിരിക്കാം മറ്റൊരാളെ ആത്മകഥ എഴുതുവാൻ പ്രേരിപ്പിക്കുന്നത്. മനുഷ്യരെ സേവിക്കുന്നതിൽ നിന്നും സഹായിക്കുന്നതിൽ നിന്നും ഉണ്ടായ സംതൃപ്തി എന്ത് വലിയ അനുഗ്രഹമായിരുന്നു തന്റെ ജീവിതത്തിൽ എന്ന് സമകാലികരെയും ഭാവിതലമുറയെയും അറിയിക്കുവാനുള്ള വ്യഗ്രതയായിരിക്കാം വേറെ ചിലർക്കു ലഭിക്കുന്ന പ്രേരണ”
ഇപ്രകാരം ആത്മകഥാരചനയ്ക്കു പിന്നിൽ പല കാരണങ്ങളുമാകാം. തെറ്റിദ്ധരിക്കപ്പെട്ട തന്നെ സമൂഹത്തിനു മുന്നിൽ പ്രകാശനം ചെയ്യാൻ ചിലർക്ക് താൽപ്പര്യം കാണാം. എന്തായാലും സ്വത്വപ്രകാശനമാണ് ആത്മകഥയുടെ സ്വരൂപം. എന്നാൽ, ഇത്തരം സാഹിത്യരൂപങ്ങളുടെ രചനയ്ക്കു പിന്നിൽ ചില പരിമിതികളുമുണ്ട്.
ലജ്ജ കൊണ്ട് ചില വാസ്തവ സംഗതികൾ ആത്മകഥയിൽ നിന്നും മറച്ചുവെക്കാനിടയുണ്ട് - ഒരു പക്ഷേ, അത്തരം സംഭവങ്ങൾ നിർണ്ണായകവുമാകാം. അപ്പോൾ, സത്യത്തെ മറച്ചുപിടിക്കുകയാണ് അയാൾ ചെയ്യുന്നത്.
ജന്തുസഹജമായ മറവി പല പ്രധാന സംഗതികളും വിവരിക്കപ്പെടുന്നതിന് തടസ്സമാകാം.
നിഷ്പക്ഷതയെന്നത് അസാദ്ധ്യമാകുമ്പോൾ - തന്നെ സമർത്ഥിക്കാനുള്ള, തൻ്റെ തെറ്റുകളുടെ പക്ഷം ചേർന്നു വാദിക്കാനുള്ള ശ്രമം കൂടുന്നു.
ജീവിതത്തെ പൂർണ്ണമായി ആവിഷ്കരിക്കുന്നില്ലെന്ന പരിമിതിയും ആത്മകഥയ്ക്കുണ്ട്. ജീവിതം ഇനിയും ബാക്കി നില്ക്കുന്നു.
ആത്മകഥയ്ക്കു നിശ്ചിത രൂപമില്ല.
Autobiography എന്ന പദം 1797 ലാണ് ആദ്യമായി ഉപയോഗിക്കപ്പെട്ടതെങ്കിലും എ.ഡി. നാലാം ശതകത്തിൽ എഴുതപ്പെട്ട Confessions എന്ന കൃതിയെ ഏറ്റവും പഴക്കം ചെന്ന ആത്മകഥയായി കരുതുന്നു.
സ്മരണകൾ, കത്തുകൾ, ആത്മാഖ്യാനങ്ങൾ, ഡയറിക്കുറിപ്പുകൾ എന്നിങ്ങനെ ആത്മകഥയ്ക്കു വകഭേദങ്ങൾ കാണാം.
മലയാളത്തിൽ ആത്മകഥയെന്ന പേരിൽ ആദ്യമുണ്ടായ കൃതി വൈക്കത്ത് പാച്ചു മൂത്തതിൻ്റേതാണ്. - 1875
ആത്മകഥയുടെ ലക്ഷണമൊത്ത ആദ്യത്തെ കൃതി സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ എൻ്റെ നാടുകടത്തൽ -1912 ആണ്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ