കിഴവനും ക്രാക്കാത്തുവ്വയും: എസ്.കെ.പൊറ്റെക്കാട്
കിഴവനും ക്രാക്കാത്തുവ്വയും
എസ്.കെ.പൊറ്റെക്കാടിൻ്റെ മികച്ച യാത്രാവിവരണങ്ങളിലൊന്നാണ് ‘ഇൻഡോനേഷ്യൻ ഡയറി’. അതിലെ രസകരമായ ഒരു അദ്ധ്യായമാണ് ‘കിഴവനും ക്രാക്കാത്തൂവ്വയും’. ഇതിലെ കിഴവൻ, പ്രശസ്ത അമേരിക്കൻ നോവലിസ്റ്റായ ഏണസ്റ്റ് ഹെമിങ് വേയുടെ The Old Man and the Sea എന്ന നോവലിലെ മുഖ്യകഥാപാത്രമായ സാൻ്റിയാഗോവാണ്. ക്രാക്കാത്തൂവ്വയാകട്ടെ, ഇൻഡോനേഷ്യയിലേക്കുള്ള കടൽയാത്രാ മദ്ധ്യേ എസ്.കെ.പൊറ്റെക്കാടിൻ്റെ ദൃഷ്ടിയിൽ പെട്ട Krakatoa - ക്രാക്കടോവ - എന്ന അഗ്നിപർവതവുമാണ്. ക്രാക്കടോവയെ മലയാളീകരിച്ച എസ്.കെ. നമ്മുടെ ഭാഷയ്ക്കു സമ്മാനിച്ച രസികൻ പേരാണ് ക്രാക്കാത്തൂവ്വ. ഈ സരസമായ വിജ്ഞാനാന്വേഷണമാണ് എസ്.കെ.യുടെ കൃതികളുടെ ജീവൻ. ഇൻഡോനേഷ്യൻ ഡയറിയുടെ സവിശേഷത ഇതിൽ നിന്നും മനസ്സിലാക്കാം - അതിൽ ചരിത്രവും സാഹിത്യവും സംസ്കാരവും സമ്മേളിച്ചിരിക്കുന്നു.
സിങ്കപ്പൂരിൽ നിന്ന് ജക്കാർത്തയിലേക്കു പുറപ്പെടുന്ന ‘പ്ലാൻച്യസ്സ്’ എന്ന കപ്പലിലാണ് എസ്.കെ.പൊറ്റെക്കാട് ഇൻഡോനേഷ്യയിലേക്കു യാത്രതിരിക്കുന്നത്. പുതിയ അനുഭവങ്ങൾക്കു വേണ്ടി ഡെക്കിലാണ് അദ്ദേഹം യാത്ര ചെയ്യുന്നത്. എന്തുകൊണ്ടാണ് സാധാരണക്കാർ യാത്രചെയ്യുന്ന ഡെക്ക് അദ്ദേഹം തിരഞ്ഞെടുത്തത്? ‘യാത്രാക്കപ്പലുകളിലെ അപ്പർ ക്ലാസ്സുകളിൽ കൃത്രിമത്വം നിഴലിക്കുന്ന അന്തരീക്ഷവും പൊങ്ങച്ചക്കാരായ യാത്രക്കാരുമായിരിക്കും ഉണ്ടായിരിക്കുക. എന്നാൽ അകൃത്രിമമായ അനുഭവങ്ങളും നിർമ്മല സൗന്ദര്യവും സാധാരണക്കാരുടെ വ്യവഹാരങ്ങളിൽ കാണണമെങ്കിൽ കപ്പൽഡെക്കിൽ യാത്ര ചെയ്യണം എന്ന് എസ്.കെ. ചിന്തിച്ചു. അദ്ദേഹം എഴുതുന്നു: “പലമാതിരി ജീവിതങ്ങളുടെ ഒരു തുറന്ന സങ്കേതമാണ് ഡെക്ക്. അവിടെ മനുഷ്യനെ മനുഷ്യനായിത്തന്നെ കാണാം.”
സിംഗപ്പൂരിലെ ഒരു സുഹൃത്ത് സമ്മാനിച്ച ഒരു കെട്ട് ഇംഗ്ലീഷ് പുസ്തകങ്ങൾ എസ്.കെ.യുടെ കയ്യിലുണ്ടായിരുന്നു. കടൽ യാത്രയായതിനാൽ , കടൽ വിഷയമാകുന്ന ‘കിഴവനും കടലും’ എന്ന ഹെമിങ് വേയുടെ പുതിയ നോവൽ വായിക്കാൻ (ആ പുസ്തകം ആ കൂട്ടത്തിലുണ്ടായിരുന്നു) അദ്ദേഹത്തിന് അവസരവും കിട്ടി. സായാഹ്ന സമുദ്രഭംഗി ആസ്വദിക്കാനും കാറ്റുകൊണ്ടു വായിക്കാനും മൂന്നാം ക്ലാസ്സിൻ്റെ മുകൾഡെക്ക് പറ്റിയ സ്ഥലമാണെന്ന് മനസ്സിലാക്കി എസ്.കെ. കയറിച്ചെല്ലുന്നു.
'കിഴവനും ക്രാക്കാത്തൂവ്വയും' എന്ന അദ്ധ്യായം ജക്കാർത്തയിലേക്കുള്ള യാത്രാമദ്ധ്യേ കപ്പലിൽ എസ്.കെ. കാണുകയും അനുഭവിക്കുകയും ചെയ്ത സംഭവങ്ങളാലും കാഴ്ചകളാലുമാണ് ആരംഭിക്കുന്നത്. നോംബോ എന്ന കപ്പൽവേലക്കാരൻ്റെ പരിചരണവും സഹയാത്രികരുടെ പെരുമാറ്റവും വേഷവിധാനവും ഇടപെടലും ഒക്കെ ഹൃദയഹാരിയായി എസ്.കെ. വർണ്ണിക്കുന്നു. സഹയാത്രികരായ ജാവക്കാരുടെ സഹായമനോഭാവവും സ്നേഹവും കാരണം ഡെക്കിൽ എസ്.കെ.യ്ക്ക് ഒരസൗകര്യവുമുണ്ടായില്ല. ഒരു മാന്യാതിഥിയായി അവർ പരിഗണിച്ചു.
എസ്.കെ.യുടെ കട്ടിലിനു പത്തുവാര അകലെയുള്ള പൈപ്പ് - പൈപ്പിനെ SK വിശേഷിപ്പിക്കുന്നത് തണ്ണീർക്കുഴൽ എന്നാണ് - “കഴുത്തു നീട്ടി നില്ക്കുന്ന തണ്ണീർക്കുഴലിനടുത്ത് പെണ്ണുങ്ങളുടെ ബഹളം” എന്ന മട്ടിലെഴുതുമ്പോൾ, വായിക്കുന്നവർക്ക് ഇത് അന്യദേശമല്ലെന്ന തോന്നലുളവാകും.
സ്ത്രീലോകം, മത്സ്യവേട്ട, രാക്ഷസൻ്റെ വിശ്വരൂപം, അഷ്ടദംഷ്ട്രൻ, ക്രാക്കത്തൂവ്വാ, ഒരു അഗ്നിപർവ്വതം പൊട്ടുന്നു എന്നിങ്ങനെ ആറ് ഉപശീർഷകങ്ങളിലൂടെയാണ് ഈ അദ്ധ്യായം കടന്നുപോകുന്നത്.
സ്ത്രീലോകം : കപ്പൽഡെക്കിൽ പല തരക്കാരും പ്രകൃതക്കാരുമായ വ്യക്തികളുണ്ട്. അതിൽ സ്ത്രീ ജനങ്ങളുമുണ്ട്. അഞ്ചാറ് ഇൻഡോനേഷ്യൻ കുടുംബങ്ങളിലെ സ്ത്രീകൾ. ഒരു ‘ഡച്ച് വൈഫി’- ഉരുളൻ തലയണ - നെയും കെട്ടിപ്പിടിച്ചു കിടക്കുന്നു ചുവന്ന പട്ടു ഫ്രോക്കുധരിച്ച മിശ്രവർഗ്ഗക്കാരിപ്പെണ്ണ്. അവളുടെ ഭാവഹാവാദികൾ എസ്.കെ. സസൂക്ഷ്മം വീക്ഷിക്കുന്നു. എപ്പോഴും കരയാൻ പോകുന്ന മട്ടിലുള്ള അവളുടെ മൂത്തമ്മ (ഉറപ്പില്ല), വിഷാദഭാവക്കാരിയായ മറ്റൊരു ചുവന്ന ഫ്രോക്കുകാരി. വലിയ സ്വർണ്ണവട്ടക്കണ്ണി കാതുകളിൽ തൂക്കിയ ഒരു കോങ്കണ്ണിച്ചി, സ്വർണ്ണപ്പല്ലുകാട്ടി, അതിൻ്റെ തിളക്കം കാട്ടിയുറങ്ങുന്ന ഒരു ജാവക്കാരിയും മറ്റുമുളവാക്കിയ കാഴ്ചകൾ രസാവഹവും വർണ്ണസങ്കുലവുമാണ്. ഇതിനിടെയാണ് കിഴവനും കടലും വായിക്കാനായെടുത്തത്.
മത്സ്യവേട്ട: ഇൻഡോനേഷ്യൻ സമുദ്രത്തിൽ നിന്ന് എസ്.കെ. ആ കിഴവൻ്റെ കൂടെ മെക്സിക്കൻ കടലിടുക്കിലേക്കു സഞ്ചരിക്കുകയാണ്. കിഴവൻ സാൻ്റിയാഗോയുടെ സാഹസികതകൾ. തനിച്ചു പുറം കടലിലേക്ക് ചെറുതോണിയിൽ മീൻപിടിക്കാനായി പുറപ്പെട്ട വൃദ്ധൻ. കടലിലെ മത്സ്യങ്ങളോടു സല്ലപിച്ചും ബേസ്ബാൾ കളി ചിന്തിച്ചും സ്വയം വാദിച്ചും സമയം പോക്കി. പിടികൂടിയ ട്യൂണയുടെ ഇറച്ചി കൊരുത്ത് ഇട്ടപ്പോൾ, ചൂണ്ടയിൽ ഒരു വലിയ രാക്ഷസമത്സ്യം കുടുങ്ങി. തുടർന്ന് വൃദ്ധനും മത്സ്യവും തമ്മിൽ അതിജീവനത്തിനായി പൊരുതുകയാണ്. മത്സ്യം വൃദ്ധനെയും തോണിയെയും വലിച്ച് ഉള്ളിലോട്ടു പായുന്നു. എന്തും സംഭവിക്കാം. ഹവാനാ തീരം കാഴ്ചയിൽ നിന്നകന്നു. കണ്ണി വേണ്ടത്ര അയച്ചു കൊടുത്തും മറ്റും അനായാസമാക്കാൻ ശ്രമിച്ചു. ചുണ്ടക്കയർ കാരണം ചുമലും കൈയും വേദനിക്കാനും മുറിയാനും തരിക്കാനുമൊക്കെ തുടങ്ങി. തൻ്റെ തോണിയേക്കാൾ രണ്ടടി നീളമധികമുള്ള മാർളിൻ മത്സ്യമാണ് കുടുങ്ങിയതെന്ന് വൃദ്ധൻ മനസ്സിലാക്കുന്നു. (രാക്ഷസൻ്റെ വിശ്വരൂപം) തുടർന്ന് അതിനെ കീഴ്പ്പെടുത്താനുള്ള പരിശ്രമമാണ്. വൃദ്ധൻ ചാട്ടുളിയെറിഞ്ഞ് അവനെ കൊല്ലുന്നു. തോണിയുടെ വശത്തോട് അതിനെ ചേർത്തു കെട്ടി. ചോരമണത്ത് അപ്പോഴേക്കും ഒരു വലിയ മാർക്കോ സ്രാവെത്തി. ഇവനാണ് അഷ്ടദംഷ്ട്രൻ. എട്ടു ദംഷ്ട്രകളുള്ളവൻ. ഈർച്ചവാൾപോലുള്ള വായുള്ളവൻ. ആ വായ്ക്കകത്ത് ഉള്ളോട്ടു ചാഞ്ഞു കിടക്കുന്ന എട്ടുവരി പല്ലുകളുണ്ട്. സ്രാവ് മത്സ്യത്തെ കടിച്ച് വലിയൊരു കഷണം മാംസവുമായി താഴ്ന്നു. കിഴവൻ ചാട്ടുളി കൊണ്ടു പ്രഹരിക്കാൻ നോക്കിയെങ്കിലും ചാട്ടുളിയും നഷ്ടമായി. തുടർന്ന് കൊലയാളി സ്രാവുകൾ തോണിക്കു പിന്നാലെ കൂടി. വൃദ്ധൻ കത്തികൊണ്ടും പങ്കായം കൊണ്ടും അവയെ അകറ്റാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. മീനിൻ്റെ നല്ല ഭാഗമൊക്കെ സ്രാവുകൾ കാർന്നെടുത്തു കൊണ്ടുപോയി. മാർളിൻ മത്സ്യത്തിൻ്റെ അസ്ഥിപഞ്ജരം മാത്രം ബാക്കി. അവസാനം തൻ്റെ കൊച്ചുതോണി കരയ്ക്കടുപ്പിച്ചു വൃദ്ധൻ കുടിലിൽ കമ്പിളി പുതച്ചു മുഖം കുനിച്ചുറങ്ങുകയാണ്. അപ്പോൾ അയാൾ ആഫ്രിക്കൻ വനാന്തരങ്ങളിലെ സിംഹങ്ങളെ സ്വപ്നം കണ്ടു. ഒരു വൃദ്ധൻ്റെ അസാമാന്യമായ കരുത്ത് കാണാവുന്ന നോവലാണിത്. കടൽ മുഖ്യവിഷയമാകുന്ന ഈ നോവലിലെ പ്രതിപാദ്യം തൻ്റെ യാത്രാവിവരണത്തിൽ ഉൾച്ചേർക്കുന്നതിലൂടെ തൻ്റെ കടൽയാത്രയ്ക്കു തന്നെ പുതിയമാനങ്ങൾ സൃഷ്ടിക്കുകയും വായനക്കാരന് നൂതനമായ വായനാന്തരീക്ഷം സമ്മാനിക്കുകയുമാണ് ലേഖകൻ. 1951 ലാണ് ഹെമിങ് വേ ഈ നോവൽ രചിക്കുന്നത്. 1952 ൽ പ്രസിദ്ധീകൃതമായി. ഈ നോവൽ എസ്.കെ. ഇപ്രകാരം വിശകലനം ചെയ്യുന്നു: “ പ്രകൃതിയുടെ സഹായകരമായ സമാശ്ലേഷങ്ങളും സംഹാരാത്മകമായ പ്രഹരവിശേഷങ്ങളും മനുഷ്യൻ്റെ ഒടുങ്ങാത്ത പ്രയത്നശീലത്തിൻ്റെ ജ്വാലകളും മധുരസ്വപ്നങ്ങളും കൊണ്ടു നെയ്തെടുത്ത ഒരത്ഭുത ജീവിതകഥാംശമാണ് ഹെമിങ് വേ 127 പേജുകൾ മാത്രമുള്ള ഈ കൊച്ചുനോവലിൽ അവതരിപ്പിച്ചിരിക്കുന്നത്.”
ക്രാക്കാത്തൂവ്വാ :
ക്രാക്കാത്തുവ്വായെന്ന് എസ്.കെ.നാമകരണം ചെയ്ത ക്രാക്കടോവ അഗ്നിപർവതം മാരകമായ സംഹാരശേഷിയുള്ള, അതിനാൽ തന്നെ വിഖ്യാതമായ ഒന്നാണ്. 1883 ലാണ് ഇതിൻ്റെ ഉഗ്രമായ പ്രഹരശേഷി ലോകം കണ്ടറിഞ്ഞത്. 36000 പേരുടെ ജീവൻ നഷ്ടമാവുകയും മൈലുകളോളം ഇതിൻ്റെ ലാവയും പൊടിപടലങ്ങളും നിറയുകയും, പ്രദേശവാസികൾക്കു അനേകം ദിവസം സൂര്യനെ കാണാനാകാത്ത അവസ്ഥയുണ്ടാവുകയും ചെയ്തു.
നോവൽ വായിച്ച എസ്.കെ. മുകൾ ഡെക്കിൽ അസ്തമയക്കാഴ്ച കാണുകയാണ്. അവിടെ ചക്രവാളത്തിനടുക്കെ സമുദ്രവിതാനത്തിൽ തൊപ്പിപോലുള്ള ഒരു കറുത്ത വൃത്തം കണ്ണുകളെ ആകർഷിച്ചു. അത് ഒരു ദ്വീപായിരിക്കാമെന്ന് അദ്ദേഹം ഊഹിച്ചു. ഇതു കണ്ട നോംബോ , ഭയത്തോടെ ക്രാക്കാത്തൂവ്വയാണതെന്നു പറഞ്ഞു. ലോകത്തിലെ ഏറ്റവും ഭയങ്കരനായ അഗ്നിപർവ്വതം. അതു പൊട്ടിത്തെറിച്ച ശബ്ദം 3000 മൈൽ ദൂരെ വരെ സ്പഷ്ടമായി കേട്ടത്രെ. പക്ഷിമൃഗാദികളും സസ്യലതാദികളും സമൃദ്ധമായ ഇടമായിരുന്നു അത്. അതിത്രയും ആപൽക്കാരിയാണെന്ന് ആരും സംശയിച്ചിരുന്നില്ല. പർവതത്തിനു ചില മാറ്റങ്ങൾ കണ്ടപ്പോൾ ഡച്ചു സർക്കാർ ചില ശാസ്ത്രജ്ഞരെ അയച്ചു നോക്കിയിരുന്നു. കുരു പോലെ രണ്ടു പോളകൾ മലയുടെ ശീർഷത്തിൽ രൂപപ്പെട്ടതായി അവർ അറിയിച്ചെങ്കിലും സർക്കാർ തുടർ നടപടികൾ സ്വീകരിച്ചില്ല. ക്യാപ്റ്റൻ ഫെർസനാൻ എന്നൊരു കപ്പിത്താനും അന്വേഷണം നടത്തി. മലയുടെ ശീർഷത്തിലേക്കടുക്കുമ്പോൾ അദ്ദേഹത്തിൻ്റെ കാലുകൾക്ക് അസഹ്യമായ ചൂടനുഭവപ്പെട്ടു. 1883 ആഗസ്തിൽ ക്രാക്കാത്തൂവ്വായുടെ മൂളൽ ഗർജ്ജനമായി. ചുട്ടുപഴുത്ത ലാവ തിളച്ചു തൂവി. പൊടിപടലാദികൾ സൂര്യനെ മറച്ചു. ലാവയൊഴുകിയടിഞ്ഞ സമുദ്രജലത്തിലൊരു ഭാഗം ആവിയായി മാറി. തിരകൾ ആഞ്ഞുയരുകയും സംഹാര താണ്ഡവം നടത്തുകയും ചെയ്തു. വാതകവും പുകയും നീരാവിയും ഒക്കെച്ചേർന്നുള്ള സമ്മർദ്ദം കാരണമാണ് അഗ്നിപർവതം പൊട്ടിത്തെറിച്ചത്. ആഗസ്ത് 26 നായിരുന്നു സ്ഫോടനമുണ്ടായത്. പോളകൾ പൊട്ടി. ആറ്റംബോബു സ്ഫോടനശബ്ദത്തേക്കാളും പല മടങ്ങു തീവ്രമായിരുന്നു ക്രാക്കത്തൂവാ സ്ഫോടന ശബ്ദം. വായുവിലും വെള്ളത്തിലും പ്രതിചലനങ്ങൾ രൂക്ഷതരമായി. ഉഗ്രമായ കാറ്റും ഭീകരമായ തിരമാലകളും ഉണ്ടായി. പൊട്ടിത്തെറിക്കു ശേഷം ഒരു വർഷത്തോളം പൊടിപടലങ്ങൾ ഭൂഗോളാന്തരീക്ഷത്തിൽ പാറിപ്പറന്നു. അരമൈൽ പൊക്കമുണ്ടായിരുന്ന മലയുടെ സ്ഥാനത്ത് പൊട്ടിത്തെറിക്കു ശേഷം അവശേഷിച്ചത് ആയിരം അടി താഴ്ച്ചയുള്ള ഒരു അടുപ്പുകുഴി മാത്രം. മുമ്പെങ്ങും ദൃശ്യമായിട്ടില്ലാത്ത വർണ്ണവിന്യാസങ്ങളാൽ വിസ്മയം അന്തരീക്ഷത്തിൽ രൂപപ്പെടാനും അഗ്നിപർവതസ്ഫോടനം കാരണമായി.
ഈ യാത്രാവിവരണഖണ്ഡത്തിൽ ഹെമിങ് വേയുടെ കിഴവനും കടലും എന്ന നോവൽ പരിചയപ്പെടുത്തുവാനും ക്രാക്കത്തൂവ്വായുടെ ചരിത്രപരമായ സവിശേഷതകൾ രേഖപ്പെടുത്തുവാനുമാണ് എസ്.കെ.പൊറ്റെക്കാട് ശ്രമിച്ചത്. സാധാരണക്കാരായ മലയാളിവായനക്കാരെ സംബന്ധിച്ച് അറിവും ഉദ്വേഗവും പകരാൻ ഈ ഉദ്യമത്തിലൂടെ എസ്.കെ.യ്ക്ക് സാധിച്ചിട്ടുണ്ട്. അനിതരസാധാരണമായ ഭാഷാസിദ്ധിയാൽ സന്ദർഭാനുസൃതമായ വിവരണങ്ങളും വർണ്ണനകളും നടത്താൻ അദ്ദേഹം ശ്രമിച്ചു. ഇൻഡോനേഷ്യൻ ഡയറി ഈ പുതുമകളിലൂടെ അനിർവചനീയമായ അനുഭൂതി പകരുന്ന യാത്രാവിവരണമായി കലാശിച്ചിരിക്കുന്നു.
ganeshanmalayalam@gmail.com 9495900209
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ