ഇതാണു ശരി (അഭിപ്രായം)


             നീലകണ്ഠശര്‍മ്മയുടെ ഹൃദയത്തിന് മാത്യു അച്ചാടന്റെ ഹൃദയത്തിനു പകരം നില്ക്കാന്‍ പററുമെങ്കില്‍ അതിനെയാണ് മനുഷ്യത്വം എന്നു പറയുന്നത്. ഇവിടെ നീലകണ്ഠശര്‍മ്മ ഹിന്ദുവാണ് എന്നോ മാത്യു അച്ചാടന്‍ അന്യമതക്കാരനാണ് എന്നോ പരാമര്‍ശിക്കാന്‍ ആഗ്രഹിക്കുന്നില്ല. ആഗ്രഹിക്കുന്നത് രണ്ടു പേരും മനുഷ്യരാണ് എന്നത് ഓര്‍മ്മിപ്പിക്കാനാണ്.ഒരേ അവയവഘടനയുള്ള, രക്തത്തിന് ഒരേ നിറമുള്ള, ഒരേ നാട്ടില്‍ കഴിയുന്ന, എന്നാല്‍ വളര്‍ന്ന സാഹചര്യവശാല്‍ മതം മാത്രം ഭിന്നരായ രണ്ടു പേര്‍. നീലകണ്ഠ ശര്‍മ്മയുടെ ഉദാരത വാനോളം വാഴ്ത്തപ്പെടേണ്ടതാണ്. അതേപോലെ അദ്ദേഹത്തിന്റെ ഹൃദയം സ്വീകരിക്കുവാനുള്ള
മാത്യുവിന്റെയും കുടുംബത്തിന്റെയും മതേതര തീരുമാനവും പ്രശംസാര്‍ഹമാണ്. കാരണം കപടമതചിന്ത വന്നു പെട്ടിരുന്നുവെങ്കില്‍ അവരത് നിരസിക്കുമായിരുന്നു, അത്തരം ചില സംഭവങ്ങള്‍ വിദേശങ്ങളില്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ കപടമതചിന്ത പ്രചരിപ്പിക്കുകയാണ് വോട്ടു ലക്ഷ്യമാക്കി ഇവിടെ ചിലര്‍.



               ഞങ്ങള്‍ നിലവിളക്കു കത്തിക്കില്ല, കാരണം ഞങ്ങള്‍ക്ക് അതു പരിചയമില്ല, അല്ലെങ്കില്‍ ഞങ്ങളുടെ സമ്പ്രദായത്തില്‍ അതില്ല എന്നൊക്കെ പറയുന്ന , ശിരോവസ്ത്രം വിശ്വാസ കാര്യമാണ്, അതില്‍ കോടതി ഇടപെടാന്‍ പാടില്ല എന്നു പറയുന്ന, ചെറിയ കാര്യങ്ങളെ പര്‍വതീകരിക്കുന്ന അഭിനവ നേതാക്കന്മാര്‍ക്ക് (മതനേതാക്കളായാലും രാഷ്ടീയക്കാരായാലും, രണ്ടും ചേര്‍ന്നവരായാലും -- ഇത്തരക്കാരാണ് നാടിന്റെ ശാപം) ഇതിനെക്കുറിച്ച് എന്തു പറയാനുണ്ടാകും ? കര്‍ദ്ദിനാള്‍ എന്തു പറയും ? നിലവിളക്കു കത്തിക്കുന്നതും കത്തിക്കാതിരിക്കുന്നതും വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളുടെ ഭാഗമായിരിക്കാം. അതംഗീകരിക്കുന്നു. അത് ഒരു നാടിന്റെ സാംസ്കാരികമുദ്രയാണെങ്കില്‍ ഉള്ള അനിഷ്ടത്തെ മറച്ചുവെച്ച് അതില്‍ പങ്കെടുക്കുന്നതല്ലേ സാസ്കാരികവും ഹൃദയപരവുമായ യോജിപ്പ് ? വേദിയിലുള്ള മറ്റുള്ളവര്‍ ചെയ്യുമ്പോള്‍‌ അവരോടു കൂടിയുള്ള ആദരവല്ലേ അത് ? സര്‍ക്കാര്‍ കാര്യങ്ങളില്‍ എന്തു ശിരോവസ്ത്രം ? അതിനെന്തു പ്രസക്തി ? അതു നിര്‍ബന്ധമുള്ളവര്‍ മതകാര്യങ്ങള്‍ മാത്രം നോക്കി ക്ഷേത്രത്തിലോ പള്ളിയിലോ കൂടിയാല്‍ പോരേ ? എന്തിന് സര്‍ക്കാരിനും സമൂഹത്തിനും ബാദ്ധ്യതയാകുന്നു ?

             മണ്ണാശ കൊണ്ടും പെണ്ണാശ കൊണ്ടും നശിക്കുന്ന ലോകത്തെക്കുറിച്ച് കവി പാടിയിട്ടുണ്ട്. അതു ശരിയായിരിക്കാം. അങ്ങനെ ധാരാളം ചിന്താക്കുഴപ്പങ്ങള്‍ സമൂഹത്തില്‍ രക്തച്ചൊരിച്ചിലിനു കാരണമായിട്ടുണ്ട്. എന്നാല്‍ തൊട്ടതിലും പിടിച്ചതിലും മുഴുവന്‍ വര്‍ഗ്ഗീയ കാര്‍ഡിടുന്നവരെ , ജാതി - മത വര്‍ഗ്ഗ ഭേദമെന്യേ ഒന്നിച്ച് രാഷ്ട്രത്തിന്റെ നന്മക്കായി തുരത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.മതത്തിന്റയും ജാതിയുടേയും പേരില്‍ എന്തുമാകാം എന്ന നില വന്നിരിക്കുന്നു. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ വര്‍ഗ്ഗീയവികാരം ഇളക്കിയാലേ വിജയികളാകാന്‍ പറ്റൂ എന്ന് കരുതുന്ന സങ്കുചിത മനസ്കരുടെ സംഘടനകള്‍ അപകടമാണ് വരുത്തിവെക്കുന്നത്. കണ്ണിണകൊണ്ടു കടുകു വറുക്കുന്ന പെണ്ണിനെ കണ്ടാലടങ്ങുമോ പൂരുഷന്‍ എന്ന് കവി ചോദിച്ചിട്ടുണ്ട്. ഇന്ന് കണ്ണിണ കൊണ്ടു കടുകു വറുക്കുന്നത് ജാതിമതാദികളാണ്. അതു കണ്ടാല്‍ നേതാക്കള്‍ എങ്ങനെ സഹിച്ചിരിക്കും ?


                ഇവിടെ ശിരോവസ്ത്രമല്ല ചാനലുകള്‍ ചര്‍ച്ച ചെയ്യേണ്ടത്, മാനവിക മൂല്യങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്ന ആ ദാനമാണ്. മാനവികതയുടെ തലത്തില്‍ നിന്നുകൊണ്ട് അതാരും ചര്‍ച്ച ചെയ്തില്ല. ആര്‍ക്കതു വേണം, ഏതു ചാനലുിന് അതു റേറ്റിംഗം ഉണ്ടാക്കും , അല്ലേ ?  ഏതായാലും, സമാധാനത്തോടെ ഏവര്‍ക്കും ജീവിക്കാന്‍ പറ്റുന്ന നാടായി ഇതു മാറട്ടെ. പരസ്പരമുള്ള ബന്ധങ്ങള്‍ ദൃഢമാകട്ടെ. ജാതി മാതാദികള്‍ അപ്രസക്തമാകട്ടെ.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹിമവാൻ്റെ മുകൾത്തട്ടിൽ: രാജൻ കാക്കനാടൻ, ഭാഗം1

കരുണ - കുമാരനാശാൻ

സഭാപ്രവേശം - കുഞ്ചൻ നമ്പ്യാർ