സിനിമാനിരൂപണം സ്കൂൾ തലത്തിൽ.....(കുറിപ്പ് )
സിനിമയെ അടിസ്ഥാനമാക്കി ധാരാളം കാര്യങ്ങള്‍ ചെറു ക്ളാസ്സില്‍ നിന്നേ
പഠിച്ചു വരുന്നുണ്ട് . സിനിമയ്ക്ക് പല വിഭാഗങ്ങള്‍ ഉണ്ട്. അതിലൊന്ന്
ഫീച്ചര്‍ ഫിലിമുകളാണ്. രണ്ടാമതായി ഡോക്യുമെന്ററികള്‍. മൂന്നാമതായി
ഡോക്യുഫിക്ഷനുകള്‍. ഫീച്ചര്‍ ഫിലിമുകള്‍ കഥാചിത്രങ്ങളാണ്. കഥയാണ് അതിന്റെ
അടിസ്ഥാനം. അപ്പോള്‍ സങ്കല്പവും സാഹിത്യവും ഒക്കെ അതില്‍
നിര്‍ണ്ണായകമാണ്.

സിനിമയുടെ കച്ചവടപരത ആ വ്യവസായം നേരിടുന്ന വലിയൊരു പ്രശ്നമാണ്. സിനിമയെ ലാഭമുണ്ടാക്കാനുള്ള ഉപാധിയായി കരുതുന്നവര്‍ അതിന് സമൂഹത്തില്‍ സൃഷ്ടിക്കാന്‍ കഴിയുന്ന മൂല്യങ്ങളെക്കുറിച്ച് ബോധവാന്മാരായി കൊള്ളണമെന്നില്ല. ബ്ളാക്ക് മണി, കുഴല്‍പ്പണം , വെളുപ്പിക്കാന്‍ കുത്തകക്കാരും, വ്യവസായികളും അധോലോകക്കാരും സിനിമാപിടുത്തത്തിലൂടെ ശ്രമിക്കാറുണ്ട് എന്നത് പരസ്യമായ രഹസ്യമാണ്. ഇത്തരക്കാര്‍ നിര്‍മ്മാതാക്കളാകുമ്പോള്‍ സിനിമയുടെ മൂല്യത്തിന് ഇടിച്ചില്‍ സംഭവിക്കുന്നു. ആക്ഷനും സ്റ്റണ്ടും ഗ്ളാമര്‍ പ്രകടനങ്ങളും രസം കൂട്ടാന്‍ ധാരാളം പാട്ടുകളും പീഡനരംഗങ്ങളും ഒക്കെയാണ് അതില്‍ കുത്തിനിറക്കുന്നത്. ജീവിതത്തിന്റെ തുടിപ്പുകള്‍ വഹിക്കാത്ത ഒരു കലാസൃഷ്ടിയും കാലാതിവര്‍ത്തിയാകുന്നില്ല. ഇത്തരം മലീമസമായ സിനിമകള്‍ നമ്മുടെ നാടിന്റെ സംസ്കാരത്തെയും ദോഷകരമായി സ്വാധീനിക്കുന്നു. നാടിന്റെ മഹത്തായ പാരമ്പര്യവും, ജനങ്ങളുടെ സാമൂഹിക ബോധവും , സഹിഷ്ണുതയും ജലരേഖകളായി മാറുന്നു. മഹത്തും ത്യാഗനിര്‍ഭരവുമായ സമരപോരാട്ടങ്ങള്‍ പുച്ഛച്ചിരി കൊണ്ടു മൂടുന്ന പുതുതലമുറയെ ഇത്തരം സിനിമകള്‍ സൃഷ്ടിക്കുന്നു.
പണത്തിനും സ്വാര്‍ത്ഥതയ്ക്കും മറ്റെന്തിനേക്കാളും പ്രാധാന്യമുള്ള കാലം. വലുപ്പച്ചെറുപ്പങ്ങള്‍ പണത്തൂക്കത്തിലാണെന്ന് ചിന്തിക്കുന്നസമൂഹം.ഉപഭോഗസംസ്കാരത്തിന്റെതായ കൂരമ്പുകള്‍ ഏതൊരു സാധാരണക്കാരനെയും കുത്തി മുറിവേല്പിക്കുന്നു. അഴിമതിയും അനീതിയും സ്വജനപക്ഷപാതവും നാടുനീളെ മലിനത നിറയ്ക്കുന്നു. കക്ഷിരാഷ്ട്രീയത്തിന് ചോരയുടെ ഗന്ധം . നാടന്‍പാട്ടുകളും ആചാരങ്ങളും അനുഷ്ഠാനങ്ങളും കെട്ടുകാഴ്ചകളായി മാറുന്നു. യുദ്ധം ഉത്സവമാണ്, ചാനലുകള്‍ക്കും, സമൂഹത്തിനും. ആസുരത തിങ്ങിയവരാകുന്നു നമ്മള്‍. നന്മയുടെ, ആദര്‍ശത്തിന്റെ ഒരു കണികപോലും എങ്ങുമില്ല. ഉള്ളുപൊള്ളയായവര്‍.കറുത്ത പണവും കറുത്ത മനസ്സും എമ്പാടും. ഇരകളുടെ നേര്‍ക്ക് ബഹുമുഖങ്ങളുമായി പുത്തന്‍ ആയുധങ്ങളുമായി വേട്ടക്കാര്‍......
ഇങ്ങനെ സമൂഹം കുത്തിയൊലിച്ചില്ലാതെയാകുന്ന സന്ദര്‍ഭത്തില്‍ കലയ്ക്ക് ഒരുപാട് കാര്യങ്ങള്‍ നിര്‍വഹിക്കാനുണ്ട്. പൌരന്മാരെ ആദര്‍ശശുദ്ധിയുള്ളവരാക്കാനും, മൂല്യങ്ങള്‍ക്കുപിന്നില്‍ അണിനിരക്കുന്നവരാക്കുവാനും, സാമൂഹിക പ്രതിബദ്ധത ഉയര്‍ത്തിപ്പിടിക്കാനും അതിന് ബാദ്ധ്യതയുണ്ട്. അത് നിറവേറ്റാന്‍ ശ്രമിക്കാതെ സമൂഹത്തില്‍ ആസുരത നിറയ്ക്കുന്ന സിനിമകളെ , പുതുതലമുറയില്‍ വിഷബീജം കുത്തിവെയ്ക്കുന്ന വിപത്തുകളെ നമുക്ക് അപലപിക്കാം. ജീവിതത്തിന്റെ കലര്‍പ്പറ്റതും, സമൂഹത്തിന്റെ സത്യസന്ധതയാര്‍ന്നതുമായ മുഖം നാടിന്റെ പുരോഗതിക്കുതകുമാറ് ഹൃദ്യമായി അവതരിപ്പിക്കുന്ന സിനിമകളെ നമുക്കു സ്വാഗതം ചെയ്യാം.
സിനിമാനിരൂപണം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ടത് -----
- നല്ലൊരു സിനിമ തെരഞ്ഞടുക്കണം..
- അതിന്റെ പേര്, സംവിധായകന്‍, തിരക്കഥാകൃത്ത്, കഥാകൃത്ത്, അഭിനേതാക്കള്‍ ഇവരാരെന്ന് ഒാര്‍മ്മയുണ്ടായിരിക്കണം
- ഏതൊക്കെ വേഷങ്ങളിലാണ് അവര്‍ നടിച്ചത് എന്നു നോക്കണം
- എന്താണ് പ്രസ്തുത സിനിമയുടെ പ്രമേയം ?(പ്രമേയം ഒന്നോ രണ്ടോ വാക്യങ്ങളില്‍ പറയാം. ആയത്, എന്താണ് പടം മുമ്പോട്ടുവെക്കുന്ന സന്ദേശം എന്നു വ്യക്തമാക്കുന്നതുമായിരിക്കും )
- കഥ ചുരുക്കിപ്പറയണം
- കഥയുടെ പോരായ്മകള്‍, / അഭിനേതാവ് കഥാപാത്രത്തെ ശരിക്കും ഉള്‍ക്കൊണ്ടോ , / അഭിനേതാവിന് കിട്ടിയ വേഷം യോജിക്കുന്നതു തന്നെയോ / മുതലായ കാര്യങ്ങളും ചൂണ്ടിക്കാട്ടാം.
- സാങ്കേതിക മികവ് എങ്ങനെ ? (ഇതിനെ സംബന്ധിച്ച് ധാരണയില്ലെങ്കില്‍ നിലവാരം ഏകദേശം പറഞ്ഞുപോയാല്‍ മതി ഉദാ. കലാസംവിധാനം നന്നായിട്ടുണ്ട്, ക്യാമറ --ഛായാഗ്രഹണം --മികച്ചത് / ശരാശരി / മോശം , ചിത്രസംയോജനം മികച്ചത് / ശരാശരി / മോശം )
- എന്താണ് ഈ പടം സമൂഹത്തിന് നല്കുന്ന സംഭാവന ? (സാമൂഹിക പ്രസക്തി) ഈ വിഷയത്തിനാകണം ഊന്നല്‍ നല്കേണ്ടത് .
- മൌലികമായ ചില ചിന്തകള്‍ എങ്കിലും ഉണ്ടായിരിക്കണം.
- വേണ്ടിടത്ത് രണ്ടുമൂന്ന് പ്രസക്തങ്ങളായ ദൃശ്യങ്ങള്‍ ചൂണ്ടിക്കാട്ടി വിശദീകരിക്കാന്‍ സാധിക്കണം.
- നിരൂപണത്തിന് തലക്കെട്ടു നല്കണം.
- ഖണ്ഡിക തിരിച്ച് മേല്പറഞ്ഞ ഓരോ കാര്യവും അമിതമായി പരന്നു പോകാതെ നല്ല വാക്കുകളില്‍, ചെറിയ വാക്യങ്ങളില്‍ ലളിതമായി എഴുതണം.
* * * *
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ