ശരിയേത് ? തെറ്റേത് ? (അഭിപ്രായം)


          ശിരോവസ്ത്രം ധരിച്ച യുവതിക്ക് എന്‍ട്രന്‍സ് പരീക്ഷയെഴുതാന്‍ കഴിഞ്ഞില്ല. സഭ അപലപിച്ചു.
ഇതാണ് ഇന്നത്തെ വര്‍ഗ്ഗീയ വാര്‍ത്ത. പരീക്ഷകളില്‍പ്പോലും വിഷം ചീറ്റാന്‍ സമര്‍ത്ഥരായ ആള്‍ക്കാര്‍ ഇന്നാട്ടിലുണ്ട്. സുപ്രീം കോടതി വ്യക്തമാക്കിയതാണ്, പരീക്ഷക്കായി ഒരു ദിവസം മതപരമായ വേഷഭൂഷകള്‍ , വ്യക്തിയെ തിരിച്ചറിയുന്നതിന് അവ സഹായകമല്ല എങ്കില്‍ ഒഴിവാക്കുന്നതു കൊണ്ട് മതവിശ്വാസം തകരില്ല എന്ന്.
        ഇക്കാര്യത്തില്‍ മതമൌലിക വാദികള്‍ ഇടപെടേണ്ടതില്ല. സര്‍ക്കാര്‍ സര്‍ക്കാരിന്റെ വഴിക്കും മതം മതത്തിന്റെ വഴിക്കും നീങ്ങുക. ഭരണപരമായ കാര്യങ്ങളില്‍ മതം ഇടപെടരുത്. ഇടപെടീക്കരുത്.
മതവാദികള്‍ എല്ലായ്പ്പോഴും മറക്കുന്ന ഒരു കാര്യമുണ്ട്. ഇത് ഹിന്ദുവിന്റെയോ മുസ്ളീമിന്റെയോ ക്രിസ്ത്യാനിയുടേയോ ഇതര മതക്കാരുടെയോ സ്വന്തം ഇന്ത്യയല്ല. ഇത് നായരുടേയോ ഈഴവന്റെയോ സുന്നിയുടേയോ മുജാഹിദിന്റെയോ സുറിയാനിയുടേയോ കത്തോലിക്കന്റെയോ മാത്രം നാടല്ല. എല്ലാ മതക്കാരും ജാതിക്കാരും വേണ്ടുന്ന പരിഗണന ഇവിടെ നേടുന്നുണ്ട്.ഇതിലൊന്നും കമ്പം കാട്ടാത്ത ലക്ഷക്കണക്കിന് ഇന്ത്യക്കാരുമുണ്ട്. പക്ഷേ, പണ്ട് കുമാരനാശാന്‍ പാടിയ പോലെ, (കവിത- ഗ്രാമവൃക്ഷത്തിലെ കുയില്‍) പാവങ്ങളുടേത് അതത് മതത്തിലേയും ജാതിയിലേയും സമ്പന്നന്മാര്‍ നേടിയെടുക്കുന്നു എന്നു മാത്രം.
എല്ലാ ജാതി മത ശക്തികളും ഓര്‍ക്കേണ്ട ഒരു കാര്യമുണ്ട്. ഇത് ഇന്ത്യക്കാരന്റെ ഇന്ത്യയാണ്. ഇവിടെ പുലരേണ്ടത്  മതനിരപേക്ഷതയാണ്. അതില്‍ ഒരു മതക്കാരനും ഒരു ജാതിക്കാരനും ,ഒരു വിഭാഗത്തിനും പ്രത്യേക പരിഗണനയില്ല. ഹിന്ദുവിനും മുസ്ളീമിനും ക്രിസ്ത്യനും വീതം വെച്ചെടുക്കാനുള്ള പാട്ടസ്ഥലമല്ല ഭാരതം. നായര്‍ക്കും ഈഴവനും നമ്പൂതിരിക്കും മറ്റു പല ജാതിക്കാര്‍ക്കും വിലപേശാനുള്ളതല്ല, നമ്മുടെ അസ്തിത്വം.
ഇങ്ങനെയുള്ള സാഹചര്യം ഇവിടെ വരുത്തിയതില്‍ വോട്ടു ബാങ്കു മാത്രം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയപാര്‍ട്ടികള്‍ക്കു പങ്കുണ്ട്. പിന്നോക്കം നില്ക്കുന്ന, ഏതു മതത്തിലെയും ജാതിയിലേയും പട്ടിണിപ്പാവങ്ങള്‍ക്ക് വേണ്ടി വാദിക്കാന്‍ ആരുണ്ട് ? പട്ടികജാതിയിലും പട്ടിക വ്ര‍ഗ്ഗത്തിലും ഒ ബി സി യിലും കിട്ടുന്ന ആനുകൂല്യം പിടിച്ചു പറ്റാനായി ട്രെയിന്‍ തടഞ്ഞും ഹൈവേകള്‍ തടഞ്ഞും ഗവ. ഓഫീസുകള്‍ക്ക് തീവെച്ചും പ്രക്ഷോഭം നടത്തുന്നവരുടെ നാടാണ് ഭാരതം. അങ്ങനെ പ്രക്ഷോഭം നടത്തുന്നവര്‍ക്ക് പിന്തുണ നല്കി അവരുടെ വോട്ടു വിഴുങ്ങുന്നതാണ് ഇവിടത്തെ രാഷ്ട്രീയം. തൂക്കിക്കൊല്ലാന്‍ വിധിക്കപ്പെട്ട 267 പേരുടെ ജീവന്‍ ബോംബു വെച്ചു തകര്‍ത്ത ഭീകരനാണ് യാക്കൂബ് മെമന്‍- - അയാളെ തൂക്കിക്കൊല്ലാന്‍ വിധിച്ചത് അയാള്‍ ഒരു മുസ്ളീം ആയതിനാലാണെന്ന് പരസ്യമായി പറയുന്ന വര്‍ഗ്ഗീയ ഫാസിസം ഇവിടെ ഉണ്ട്. മത തീവ്രവാദികളാല്‍ കൈപ്പത്തി വെട്ടിമാറ്റപ്പെട്ട ജോസഫ് എന്ന പ്രൊഫസര്‍ക്ക് അര്‍ഹമായ പിന്തുണ കൊടുക്കാത്ത ഒരു ഇടതുപക്ഷ രാഷ്ടീയവും ഇവിടെ ഉണ്ട്. യാക്കൂബ്മെമനെ പോലുള്ള തീവ്രവാദികളെ തൂക്കിക്കൊല്ലരുത്, കാരണം ഞങ്ങള്‍ വധശിക്ഷക്കെതിരാണ് എന്നു പറയുന്ന ഒരു കമ്യൂണിസ്റ്റു പാര്‍ട്ടി ഇവിടെയുണ്ട്. അദ്ധ്യാപകനെ മതമൌലികവാദികള്‍ ചവിട്ടിക്കൊന്ന നാടാണിത്. ഇവരൊക്കെക്കൂടി ഇന്ത്യയെ വര്‍ഗ്ഗീയവെറിയുള്ളവരുടെ നാടാക്കിത്തീര്‍ത്തിരിത്തുന്നു.
        ഏതു മതമൌലികവാദിക്കും ധൈര്യത്തോടെ ഇടപെടാനുള്ള സ്പേസ് ഇവിടെ രാഷ്ടീയകക്ഷികള്‍ അവരുടെ അയഞ്ഞ നിലപാടും അടവുവിഡ്ഢിത്തങ്ങളും കൊണ്ട് നല്കിക്കഴിഞ്ഞു. ഭരിക്കുന്നത്   ബിജെപിയാണ്, അതുകൊണ്ട് മുസ്ളീം, ക്രിസ്ത്യന്‍ മുതലായ വിഭാഗങ്ങളില്‍ പെടുന്ന ഏതെങ്കിലും കുറ്റവാളിക്കെതിരേയുള്ള പൊലീസ് /ജുഡീഷ്യറി നീക്കത്തെ വര്‍ഗ്ഗീയതായി അപലപിക്കുന്നത് തെറ്റാണ്. ഏതു മതത്തില്‍ പെട്ടവരായാലും കുറ്റവാളികള്‍ കുറ്റവാളികള്‍ തന്നെ. അവര്‍ക്കു നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ നല്കി മാതൃകകാട്ടണം.
        ഏതായാലും ശിരോവസ്ത്രം ധരിച്ചതിന്റെ പേരിലല്ല വിവാദം ഉണ്ടാക്കേണ്ടത്....... സ്വയം ചോദിക്കൂ, സുഹൃത്തേ, പരീക്ഷയെഴുതുമ്പോള്‍ എന്തിനു ശിരോവസ്ത്രം ? വിദ്യാഭ്യാസ മേഖലയില്‍ എല്ലാതരം മത ചിഹ്നങ്ങളും അപ്രസക്തവും അപ്രായോഗികവുമാണ്. സ്വന്തം മതത്തിന്റെ പ്രചാരണമല്ല ഒരു വിദ്യാര്‍ത്ഥി നിര്‍വഹിക്കേണ്ടത്. സര്‍വമതസാഹോദര്യമാണ് അവന്‍ ഉയര്‍ത്തേണ്ട മുദ്രാവാക്യം. കലാലയങ്ങളെയെങ്കിലും മതനിരപേക്ഷമാക്കുക എന്നതാണ് എന്റെ അഭിപ്രായം.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹിമവാൻ്റെ മുകൾത്തട്ടിൽ: രാജൻ കാക്കനാടൻ, ഭാഗം1

കരുണ - കുമാരനാശാൻ

സഭാപ്രവേശം - കുഞ്ചൻ നമ്പ്യാർ