നാലാം കുളി : എച്ച്. നാഗവേണി
സാമൂഹികപ്രാധാന്യമുള്ള നിരവധി കൃതികളുടെ രചയിതാവാണ് എച്ച്. നാഗവേണി. കന്നട ഭാഷയിലാണ് നാഗവേണിയുടെ രചനകൾ. ഇന്ന് സമകാലീന കന്നട സാഹിത്യത്തിലെ പേരെടുത്ത എഴുത്തുകാരിയാണവർ. ദക്ഷിണ കന്നട ജില്ലയിൽ ഹൊന്നാകട്ടെ ഗ്രാമത്തിലാണ് ജനനം. തുളുനാടിന്റെ ഭാഗമാണ് ദക്ഷിണകന്നട ജില്ല. ഹമ്പിയിലെ കന്നടസർവകലാശാലയിൽ ലൈബ്രേറിയയായി ജോലി നോക്കി വരുന്നു. പ്രാദേശികസംസ്കാരത്തിന്റെ മുദ്രകൾ വഹിക്കുന്നവയാണ് നാഗവേണിയുടെ കഥകൾ. അതോടൊപ്പം സ്ത്രീകളുടെ വിമോചനസ്വപ്നങ്ങളും അവർ സാഹിത്യത്തിൽ ആവിഷ്കരിച്ചിട്ടുണ്ട്. കർണ്ണാടക സാഹിത്യഅക്കാദമി അവാർഡ് ഉൾപ്പെടെ നിരവധി സാഹിത്യപുരസ്കാരങ്ങൾ അവർക്കു ലഭ്യമായിട്ടുണ്ട്.
പ്രാദേശികമായ സംസ്കാരത്തനിമയും സ്ത്രീ സ്വത്വാവസ്ഥയും സമർത്ഥമായി സന്നിവേശിക്കപ്പെട്ട കഥയാണ് എച്ച്. നാഗവേണിയുടെ നാക്കനേ നീറു, അഥവാ നാലാം കുളി. ഈ കഥ മലയാളത്തിലേക്കു വിവർത്തനം ചെയ്തിട്ടുള്ളത് പ്രഗത്ഭവിവർത്തയായ പാർവതി ജി.ഐത്താളാണ്.
മലയാളി വായനക്കാരെ സംബന്ധിച്ച് നാലാംകുളി പ്രാധാന്യമർഹിക്കുന്നത് രണ്ടുവിധത്തിലാണ്. ഒന്ന്, പ്രാദേശികത്തനിമയുള്ള ഒരു കഥയുടെ വിവർത്തനമെന്ന നിലയിൽ. രണ്ട്, സാമൂഹികപ്രാധാന്യമുള്ള പ്രമേയം ചർച്ചചെയ്യുന്ന കഥയെന്ന രീതിയിൽ.
ഇതിൽ ആദ്യത്തെ സമീപനം വിശകലനം ചെയ്താൽ, വിവർത്തനമെന്ന പ്രക്രിയ മൂർത്തവും സജീവവുമാകുന്നത് വായനക്കാരിലേക്ക് സ്രോതഭാഷാകൃതിയിലെ ആശയങ്ങൾ ഏറ്റക്കുറവില്ലാതെ പകരുമ്പോഴാണെന്നുള്ളത് എല്ലാവർക്കുമറിയുന്ന കാര്യമാണ്. എന്നിരുന്നാലും പ്രാദേശികമുദ്രകൾ പതിഞ്ഞ ഒരു കഥ വിവർത്തനം ചെയ്യുകയെന്നത് ക്ലേശം നിറഞ്ഞ പ്രക്രിയയാണ്. തുളു സംസ്കൃതിയുടെ ഘടകങ്ങൾ അലിഞ്ഞുചേർന്ന കഥയാണ് നാലാം കുളി. ഗ്രാമീണ ഭാഷാപ്രയോഗങ്ങളും ആചാരാനുഷ്ഠാനങ്ങളെയും ഉത്സവാഘോഷങ്ങളെയും സാമുദായികരീതികളെയും ജാതിവിഭാഗങ്ങളെയും പരാമർശിക്കുന്ന നിരവധി വാക്കുകളും പ്രയോഗങ്ങളും കഥയിൽ കാണാം. അതിനെ വിവർത്തക കൈകാര്യം ചെയ്തിട്ടുള്ളത് അവശ്യം വേണ്ട അടിക്കുറിപ്പുകൾ നല്കിക്കൊണ്ടാണ്. ഉദാഹരണത്തിന്, ‘മിനിഞ്ഞാന്നത്തെ പൊയിന്തൽ മാസത്തിലെ വെളുത്തവാവിൻ്റെ ദിവസം തന്നെ പോയിരുന്നു’ എന്നതിൽ ‘മിനിഞ്ഞാന്ന്’ എന്ന പദം ഗ്രാമീണതമുറ്റി നില്ക്കുന്നതും കഥയുടെ ഗ്രാമീണപശ്ചാത്തലത്തിന് അടിയുറപ്പു നല്കുന്നതുമാണ്. എന്നാൽ ‘പൊയിന്തൽ’ മലയാളിവായനക്കാരന് സുപരിചിതമായ പദമല്ല. അതിനാൽ അടിക്കുറിപ്പായി, തുളുവിലെ ഒരു മാസം എന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം അടിക്കുറിപ്പുകൾ വായനക്കാരന് തടസ്സമില്ലാത്ത ആസ്വാദനം പ്രദാനം ചെയ്യും. സ്ഥാനം, ബസള, സുഗ്ഗി, കട്ട്സല, ഗുത്ത്, പഗ്ഗു, ബേഷ മുതലായ സാംസ്കാരിക തനിമയാർന്ന പദങ്ങൾക്കും അടിക്കുറിപ്പു മുഖേനയുള്ള വിശദീകരണം നല്കിയിട്ടുണ്ട്.
കട്ട്സല, തെയ്യത്തിൻ്റെ വാളാണെങ്കിൽ; ഗുത്ത് തുളുനാട്ടിലെ ബണ്ട് ജാതിക്കാരിൽ ഏറ്റവും പഴയ കുടുംബക്കാർ താമസിക്കുന്ന ഇടങ്ങളാണ്. പാർവതി ജി.ഐത്താൾ എന്ന വിവർത്തക ഈ കഥയുടെ പ്രാദേശിക-സാംസ്കാരികത്തനിമകൾ ചോർന്നുപോകാതെ വായനക്കാരിലേക്കു പകരുകയാണ്.
രണ്ടാമതായി, തുളുനാട്ടിലെ ആചാരാനുഷ്ഠാനങ്ങളും സാംസ്കാരിക ഘടകങ്ങളും വേണ്ടരൂപത്തിൽ പ്രതിപാദിക്കുന്നതിനോടൊപ്പം, തുളുനാട്ടിലെ സ്ത്രീകൾ അനുഭവിക്കുന്ന സമ്മർദ്ദങ്ങളും അവതരിപ്പിക്കുന്നു. ഇതിലെ മുഖ്യസ്ത്രീകഥാപാത്രങ്ങൾ രുക്കുമാചാർത്തിയും കിന്നിയുമാണ്. സാന്ദർഭികമായ സൂചനകൾ മാത്രമാണ് മറ്റു സ്ത്രീകഥാപാത്രങ്ങളെ സംബന്ധിച്ചു നല്കിയിട്ടുള്ളത്. സീനാചാരിയുടെ ഭാര്യയാണ് രുക്കുമാചാർത്തി. അവരുടെ മകനാണ് ശിവപ്പൻ. ശിവപ്പൻ്റെ ഭാര്യയാണ് ചെന്നാചാരിയുടെ മകളായ കിന്നി. തെയ്യത്തിൻ്റെ മുഖവും വാളും മണിയും ഉണ്ടാക്കിക്കൊടുക്കുന്ന ആശാരികുടുംബം സമീപദേശങ്ങളിൽ ഇതുമാത്രമാണുള്ളത്. വിശ്വകർമ്മപുരാണത്തിന് അനുയോജ്യമായ ആചാരങ്ങൾ നിറവേറ്റിയ ശേഷമേ തെയ്യത്തിൻ്റെ പണി തുടങ്ങാവൂയെന്ന് വലിയച്ഛനിൽ നിന്നും (ശിവപ്പാചാരി) ശിവപ്പൻ മനസ്സിലാക്കിയിരുന്നു. വലിയച്ഛനിൽ നിന്നും വംശപാരമ്പര്യമായി കിട്ടിയ തെയ്യം മുഖംമൂടികളുടെ രൂപരേഖയും അതിൻ്റെ നിർമ്മാണസൂത്രവും പാരമ്പര്യവഴിക്കു വന്നതായിരുന്നു. ഈ ശുദ്ധാചാരങ്ങളും അനുഷ്ഠാനങ്ങളും ഇതുവരെ അയാൾ മറികടന്നിട്ടില്ല. അയിത്തം വന്നാൽ (അശുദ്ധിയുളവായാൽ) തെയ്യത്തിൻ്റെ കോപം കുടുംബത്തിനുമീതെ പതിക്കുമെന്നും വലിയ ദോഷം സംഭവിക്കുമെന്നും അദ്ദേഹം ഭയന്നു. ഈ ഭയം പാകിയത് സീനാചാരിയാണ്. അത് ശിവപ്പനിൽ വളർന്നു വലുതായിരിക്കുന്നു.
ഈയൊരു സവിശേഷകുടുംബത്തിലുണ്ടായ സംഭവമാണ് ഈ കഥയുടെ പ്രമേയം. നാലാംകുളിയെന്ന ശീർഷകം സൂചിപ്പിക്കുന്നത് രജസ്വലയായതിനു ശേഷമുള്ള നാലാമത്തെ കുളിയെന്നാണ്. ഈ സന്ദർഭത്തിൽ സ്ത്രീയെ അശുദ്ധയായാണ് പരിഗണിക്കുന്നത്. അഞ്ചാംകുളിയും കഴിഞ്ഞാലേ അവൾ ശുദ്ധയാകൂ. കിന്നിയുടെ അച്ഛനായ ചെന്നാചാരി ഒറ്റക്കോലമെന്ന വിശേഷപ്പെട്ട തെയ്യത്തിന് മകളെയും മരുമകനെയും ക്ഷണിക്കാൻ വന്നിരുന്നു. പത്തുദിവസം മുന്നേ മകളെ അങ്ങോട്ടയക്കണമെന്നാണ് ചെന്നാചാരി കുടുംബത്തെ ക്ഷണിച്ചുകൊണ്ടു പറഞ്ഞത്.
അയാൾ പുറത്തിറങ്ങിയ സന്ദർഭത്തിൽ തന്നെ മരുമകളെ പറഞ്ഞയക്കുന്നതിലുള്ള പ്രതിഷേധം രുക്കുമാചാർത്തി പ്രകടിപ്പിച്ചു.”പത്തീസം എന്തിനാ? ഇപ്പോഴേ കൂട്ടിക്കൊണ്ടുപോയ്ക്കൂടെ?”
നാലാംകുളിക്ക് ദേഹത്തു വെള്ളമൊഴിക്കുമ്പോഴാണ് ഭർത്താവിൻ്റെ അമ്മ പറഞ്ഞ വാക്കുകൾ ഓർമ്മ വന്നത്. അപ്പോൾത്തന്നെ ഭർത്താവിനെ കണ്ടു കാര്യം പറയാമെന്നു വിചാരിച്ചു തെയ്യമുറിയിലേക്ക് ഓടിക്കയറി. അപ്പോഴേക്കും ശുദ്ധം തെറ്റിച്ചുവെന്ന് ആരോപിച്ച് ശിവപ്പൻ അവളെ കണ്ണും മൂക്കുമില്ലാത്ത വിധം അടിച്ചവശയാക്കി. അലറിക്കരഞ്ഞ കിന്നിയെ സഹായിക്കാനെത്തിയ അമ്മായിയമ്മയോട് ഞങ്ങളുടെ പ്രശ്നം ഞങ്ങൾ തീർത്തോളാമെന്നും കിന്നി പറഞ്ഞു. ശിവപ്പനോട് തീർത്താൽ തീരാത്ത കോപം തോന്നി അവൾക്ക്.
സ്ത്രീകളുടെ പ്രതിഷേധം
കിന്നി
കിന്നി ശിവപ്പൻ്റെ ഭാര്യയും കഥയിലെ മുഖ്യകഥാപാത്രവുമാണ്. അവൾ ശിവപ്പൻ്റെ തല്ലേറ്റ് ശക്തമായ പ്രതിഷേധത്തിലാണ്. കരഞ്ഞും വിശന്നിരുന്നുമുള്ള സ്വാഭാവിക പ്രതികരണങ്ങൾക്കു പുറമേ ശിവപ്പനെ വിചാരണചെയ്യുന്നുമുണ്ട് കിന്നി. കല്യാണം കഴിച്ചതിനു ശേഷം ഇന്നലെ ആദ്യമായാണ് ശിവപ്പൻ അടിച്ചത്. ശിവപ്പനോടു മിണ്ടാതെയും ശിവപ്പൻ മിണ്ടാൻ വന്നപ്പോൾ എതിർത്തും തൊടാൻ സമ്മതിക്കാതെയുമൊക്കെ അവൾ പ്രതിഷേധിച്ചു. ഭർത്താവിനോടുള്ള കോപം വെള്ളം വലിക്കുന്ന കയറിന്മേൽ കാണിച്ചു. തൻ്റെ ഭർത്താവിനെ വല്ല ഭൂതമോ പ്രേതമോ ആവേശിച്ചിട്ടാകുമോ അദ്ദേഹം ഇങ്ങനെ ക്രൂരമായി തന്നെ മർദ്ദിച്ചത്? കിന്നിയുടെ ആലോചനകൾ ആണധികാരത്തെ ചോദ്യം ചെയ്യുന്നതാണ്: “ ഞാൻ ശുദ്ധമുറീൽ പോണെങ്കില് അഞ്ചാം കുളി കഴിഞ്ഞിരിക്കണം പോലും. അത്ര ശുദ്ധാചാരമുണ്ടെങ്കില് മൂന്നാംകുളിയന്ന് രാത്രീല് വന്ന് തൊടാമോ? അപ്പോൾ ശുദ്ധാ ചാരം എവിടെ പോണ്? അപ്പോൾ ശുദ്ധാചാരത്തിനു കേടുവരുന്നില്ലേ? എന്നെ തട്ടി,തടവി, തൊട്ട് ഞാനുണ്ടാക്കിക്കൊടുത്തതെല്ലാം തിന്ന്, കുളിക്കാതെ ശുദ്ധ മുറീലേക്കു പോയി ഗണപതിക്ക് ചന്ദനത്തിരി കത്തിച്ച് വെച്ചാല് തെയ്യത്തിന് അശുദ്ധിയാവില്ലേ? ഇതെന്ത് ശുദ്ധാചാരാണ്?”
കിന്നിയുടെ ഈ ചിന്ത, ശുദ്ധാശുദ്ധങ്ങളെയും ആചാരാനുഷ്ഠാനങ്ങളെയും തങ്ങളുടെ ഇച്ഛയ്ക്കു വളച്ചൊടിക്കുന്ന പുരുഷാധികാരത്തിനെതിരായ പ്രഹരമായി മാറുന്നു. കിന്നിയെ സാന്ത്വനിപ്പിക്കാൻ ശിവപ്പൻ പരമാവധി ശ്രമിക്കുന്നുണ്ട്. എന്നാലവൾ വഴങ്ങുന്നില്ല. അവളുടെ ആത്മാഭിമാനത്തെ കടുത്ത രീതിയിൽ ചോദ്യം ചെയ്യുന്നതായി ശിവപ്പൻ്റെ പ്രഹരം. ശിവപ്പനോട് രൂക്ഷമായ ഭാഷയിൽ അവൾ പ്രതികരിക്കുന്നു. “നോക്ക്, എന്നെ തൊടാൻ വരണ്ട നിങ്ങൾ … മിണ്ടാതിരുന്നാൽ നിങ്ങൾക്കു തന്നെ നല്ലത്. തെണ്ടിയെപ്പോലെ എൻ്റെ മുമ്പിലും പിന്നാലും നടന്നാല് ഞാൻ വെറുതേ ഇരിക്കില്ല”
എതിർത്തെങ്കിലും ശിവപ്പൻ്റെ ശാസനാപൂർണ്ണമായ നിർബന്ധത്തിനു വഴങ്ങി അവൾ അയാളുടെ കൂടെ പുറപ്പെട്ടു. നേത്രാവതി നദിയുടെ കരയിലേക്കായിരുന്നു അവർ പോയത്. കിന്നി ശിവപ്പനെ പഴിച്ച് സംസാരിക്കാനാരംഭിച്ചു. ഇതെന്തോ, ശിവപ്പനു സന്തോഷം പകർന്നു. അതടക്കാനാവാതെ അയാൾ കിന്നിയെ കെട്ടിപ്പിടിച്ചു. ദേഷ്യം അടക്കാനാവാതെ ഭദ്രകാളിയായ കിന്നി ശിവപ്പനെ പിടിച്ചുതള്ളി കവിളത്ത് ഠപ്പേ എന്നടിച്ചു. കിന്നിയുടെ മനസ്സ് മെല്ലെ മെല്ലെ ഉരുകാനാരംഭിച്ചു. നിങ്ങളുടെ ശുദ്ധാചാരോക്കെ പുഴയിലെറിഞ്ഞില്ലെങ്കില് ഞാൻ ജീവിച്ചിട്ടെന്താ കാര്യം? എന്നു ചിന്തിച്ചു. അപ്പോഴാണ് ദേഹത്തു കയറിയ ഉറുമ്പുകളെക്കുറിച്ചവൾ ബോധവതിയായത്. ഉറുമ്പുകളിൽ നിന്ന് കിന്നിയെ രക്ഷിച്ച ശിവപ്പനോടുള്ള ദേഷ്യം കിന്നിക്ക് അടങ്ങി. അങ്ങനെ എല്ലാം കെട്ടടങ്ങി വീട്ടിലെത്തുമ്പോഴേക്കും ഭൈരൻകോഴി ഉമ്മറത്തു കയറി, ശിവപ്പാചാരിയുടെ ശുദ്ധ മുറിയിലുമെത്തി. കോഴിയെ ഓടിക്കാനെത്തിയ രുക്കുമാചാർത്തി കാൽതെറ്റി വീണു. അങ്ങനെ അയല്ക്കാരാൽ ശുശ്രൂഷയേറ്റിരിക്കുമ്പോഴാണ് അവർ തിരികെയെത്തിയത്. രാജ്യവൈദ്യരുടെ അടുത്ത് കൊണ്ടുപോകാം എന്ന് കിന്നി പറയുമ്പോഴേക്കും അയാൾ ക്രോധത്താൽ കിന്നിയുടെ കവിളത്താഞ്ഞടിച്ചു. ശിവപ്പൻ വരമ്പു കയറി പൂജാരിയുടെ വീട്ടിലേക്കു നടന്നു.
അമ്മ പരിക്കേറ്റു കിടക്കുമ്പോഴും ശുദ്ധാശുദ്ധം ദീക്ഷിക്കുന്ന ആചാരഭ്രമക്കാരനായി ശിവപ്പൻ മാറുന്നു. കിന്നിയുടെ പ്രായോഗികബുദ്ധി പോലും അയാൾ പ്രകടിപ്പിക്കുന്നില്ല. രുക്കുമാചാർത്തിയും തന്നെ ഡോക്ടറുടെ സമീപത്തേക്ക് അവൻ കൊണ്ടുപോവാതെ, തെയ്യമുറിയുടെ ശുദ്ധീകരണത്തിനായി പൂജാരിയെ കൊണ്ടുവരാൻ പോകുമോയെന്നു ഭയക്കുന്നു. ഇവിടെയും പ്രഹരം കിന്നി തന്നെ അനുഭവിക്കേണ്ടി വരുന്നു.
രുക്കുമാചാർത്തി
ശിവപ്പൻ്റെ അമ്മയായ രുക്കുമാചാർത്തിക്ക്, മകനായ ശിവപ്പൻ തൻ്റെ ഭാര്യയോടു കാട്ടുന്ന അമിതമായ സ്നേഹത്തെക്കുറിച്ചു പരാതിയുണ്ടായിരുന്നു. അവളുടെ ചേലത്തുമ്പിൽ തൂങ്ങുകയാണവൻ. ഓനൊരു പെൺകോന്തനാണെന്ന നിലപാടുമുണ്ടായിരുന്നു. ശിവപ്പൻ കിന്നിയെ മർദ്ദിച്ച ദിവസം അവൾക്കായി ശബ്ദമുയർത്തിയെങ്കിലും കിന്നി മിണ്ടാതിരിക്കാൻ പറഞ്ഞത് രുക്കുമാചാർത്തിക്ക് ക്ഷീണമായി. ഈ ദുരഹങ്കാരിക്ക് കിട്ടിയതൊന്നും പോരായെന്ന നിലപാടിലായിരുന്നു അവർ. കല്യാണം കഴിഞ്ഞ് പുത്തൻദിനങ്ങളിൽ ഈ ലാളിക്കലിനൊക്കെ മണോണ്ടാവും. നാലീസം കഴിഞ്ഞാ നാറാൻ തുടങ്ങുമെന്നായി രുക്കുമാ ചാർത്തി. രുക്കുമാചാർത്തി തിരിക്കല്ലു നിറയെ അരി അരക്കുകയും പലതരം ചിന്തകളിലേർപ്പെടുകയും ചെയ്തുകൊണ്ടിരുന്നു. അഞ്ചാംകുളി വരെ ഓൾ കാക്കണമായിരുന്നു. അതിൽ, കിന്നിക്കെതിരായ മനസ്സ് കുറച്ചു കഴിഞ്ഞപ്പോൾ കിന്നിക്കനുകൂലമായി. ചെറിയ വയസ്സല്ലേ? മുഖവും മൂക്കുറ്റിയും നോക്കാതെ അടിക്കാൻ പാടുണ്ടോ? വളരെ പ്രസക്തമായ ചിന്തകളിലേക്കാണ് രുക്കുമാചാർത്തി എത്തുന്നത്:
“ തെറ്റ് ആരാണ് ചെയ്യാത്തത്? ബെർമ്മദൈവം (ബ്രഹ്മാവ്) ചെയ്തതെന്താണ്? മോളെത്തന്നെ വിവാഹം കഴിച്ചില്ലേ? ഈസ്സരൻ ചെയ്തതെന്താണ്? മോൻ്റെ തലവെട്ടിക്കളഞ്ഞില്ലേ?... ദൈവം എന്തുചെയ്താലും ശരിതന്നെ. അപ്പോൾപ്പിന്നെ മനുഷ്യന്മാർ എന്തെങ്കിലും തെറ്റുചെയ്താൽ കുറ്റം പറേന്നത് എത്ര ശരിയാണ്?”
ദൈവത്തെ വിചാരണ നടത്തി മനുഷ്യൻ്റെ ശരിതെറ്റുകളെക്കുറിച്ച് പര്യാലോചിക്കുകയാണ് രുക്കുമാചാർത്തി. എങ്കിലും അവളുടെ കരഞ്ഞ മുഖം കാണണമെന്ന ആഗ്രഹവും തോന്നി. യഥാർത്ഥത്തിൽ തൻ്റെ നിസ്സഹായാവസ്ഥയാണ് രുക്കുമാചാർത്തി തൻ്റെ ചിന്തകളിലൂടെ പ്രകടമാക്കിയത്. വീണു പരുക്കേറ്റു കിടക്കുമ്പോൾ മകൻ ആശുപത്രിയിലെത്തിക്കുമെന്നു കരുതിയെങ്കിലും അതുണ്ടായില്ല. അവിടെയും ആചാരവിശ്വാസങ്ങൾക്ക് വിധേയയായി വേദനയനുഭവിക്കേണ്ട അവസ്ഥ വന്നുചേർന്നു.
ഭൈരൻ കോഴി
ഭൈരൻകോഴിയും ഇതിലെ ഒരു കഥാപാത്രമാണ്. തുളുസംസ്കാരത്തിൻ്റെ ഭാഗമായുള്ള ജീവജാലങ്ങൾ പ്രസ്തുത കഥകളിൽ അതിൻ്റെ സമൃദ്ധിയോടെ ആവിഷ്കൃതമാകുന്നു. ഭൈരൻ പൂവൻകോഴിയാണ്. പുരുഷരാൽ സ്ത്രീകളെത്രത്തോളം വഞ്ചിതരാകുന്നുവെന്നതിന് ഭൈരൻ കോഴി ഒരു തെളിവാണ്. സീനാചാരിയും ശിവപ്പനുമൊക്കെ ഉയർത്തുന്ന ആണധികാരപ്രശ്നങ്ങൾ തന്നെയാണ് ഭൈരൻകോഴിയും ഉന്നയിക്കുന്നത്. തുളു സ്ത്രീകളെ (പൂവൻ) കോഴികൾ പോലും വട്ടം കറക്കുന്നു. ആ നിസ്സഹായ സാഹചര്യമാണ് ഈ കഥ വ്യത്യസ്തമാക്കുന്നത്. ചിത്തൂർലി രാമൻ്റേതാണ് ഭൈരൻകോഴി. ചിത്തൂർലി രാമൻ്റെ മുറ്റത്ത് രുക്കുമാചാർത്തിയുടെ വഴക്കു കേട്ടുകൊണ്ട് അവളുടെ കൺമുമ്പിൽത്തന്നെ വലുതായവനാണ് ഭൈരൻ കോഴി. കെഞ്ചി എന്ന പിടക്കോഴിയുമായുള്ള പ്രണയം നേത്രാവതിക്കരയിലേക്കു പുറപ്പെട്ട കിന്നിയെ നാണിപ്പിച്ചിരുന്നു. ഭൈരൻകോഴിയെ രുക്കുമാ ചാർത്തിക്ക് വലിയവിശ്വാസമായിരുന്നു. അതിരാവിലെ കൃത്യമായി എഴുന്നേറ്റ് അരി അരയ്ക്കാൻ പ്രേരിപ്പിക്കുന്നത് ഈ ഭൈരൻ കോഴിയാണ്. എന്നാൽ പൊയിന്തൽ വെളുത്തവാവിൽ അവൻ പാതിരാവിൽ തന്നെ എണീറ്റു കൂവി രുക്കുമാചാർത്തിയെ എഴുന്നല്പിച്ച് അരി അരപ്പിച്ചിരുന്നു. അതിലുള്ള നീരസം രുക്കുമാചാർത്തിയുടെ പെരുമാറ്റത്തിൽ പ്രകടമായിരുന്നു.
നേത്രാവതിക്കരയിൽ ശിവപ്പൻ കിന്നിയെയും കൂട്ടിപ്പോയ സന്ദർഭത്തിൽ പിടയോടൊത്ത് അതുവരെ കറങ്ങിത്തിരിഞ്ഞ ഭൈരൻ കോഴി ശിവപ്പൻ്റെ ശുദ്ധമുറിയിലേക്കു പ്രവേശിച്ചത് കൂടുതൽ കുഴപ്പങ്ങൾക്കു കാരണമാവുകയും ചെയ്തു.
കഥയുടെ വിശേഷങ്ങൾ:
- സാമൂഹിക പ്രസക്തിയുള്ള കഥയാണ് നാലാംകുളി.
- അന്ധവിശ്വാസജടിലമായ സമൂഹത്തിൽ തിരസ്കൃതരാകുന്ന സ്ത്രീകളുടെ സാമൂഹികാവസ്ഥ വിവരിക്കുന്നു.
- തുളു സംസ്കാരവും നാടോടിത്തനിമയും പ്രതിപാദിക്കുന്നു.
- ആണധീശത്വം എല്ലാ ജീവജാലങ്ങളിലും പ്രകടമാണ്.
- വിവർത്തനമെന്ന നിലയിൽ തുളുസംസ്കാരത്തെ പരിചയപ്പെടുവാനുള്ള സാഹചര്യം മലയാളിവായനക്കാർക്കു ലഭിക്കുന്നു.
- ലളിതവും,സുതാര്യവുമായ ഭാഷ. ഗ്രാമീണാനുഭവങ്ങളെയും ഗ്രാമീണ സംസാരരീതിയെയും അതുപോലെ തന്നെ ലക്ഷ്യഭാഷയിലേക്കു പകരുന്നതിൽ വിവർത്തക വിജയിച്ചിരിക്കുന്നു.
മുഖ്യകഥാപാത്രങ്ങൾ:
രുക്കുമാചാർത്തി
ശിവപ്പൻ
കിന്നി
ഭൈരൻ കോഴി
മറ്റുള്ള കഥാപാത്രങ്ങൾ:
സീനാചാരി
ചെന്നാചാരി
ചിത്തൂർലി രാമൻ
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ