ആസ്സാം പണിക്കാർ: വൈലോപ്പിള്ളി

 ആസ്സാം പണിക്കാർ

പ്രവാസജീവിതത്തിൻ്റെ തീക്ഷ്ണമുഖം അവതരിപ്പിക്കുന്ന ശക്തമായ കവിതയാണ് ‘ആസ്സാം പണിക്കാർ’. വൈലോപ്പിള്ളി ശ്രീധരമേനോനാണ്, ഈ എല്ലുറപ്പുള്ള കവിതയുടെ രചയിതാവ്. 1940-42 കാലഘട്ടത്തിൽ രണ്ടാം ലോകയുദ്ധകാലത്തു പട്ടാളപാളയങ്ങൾ നിർമ്മിക്കുന്നതിനായി ആസ്സാമിലേക്കു പോയും വന്നുമിരുന്ന തൊഴിലാളിസംഘങ്ങളിലൊന്നിനെ വിഷയമാക്കി എഴുതിയ കവിതയാണിത്. കടുത്തപട്ടിണിയാണ്, കൊടും ദാരിദ്ര്യമാണ് മലയാളികളെ മറ്റൊരു ദേശത്തു ജോലി നോക്കാൻ പ്രേരിപ്പിച്ചത്. സുഖകരമായ അനുഭവങ്ങളല്ല അവർക്കുണ്ടായത്. പട്ടിണിയും പരിവട്ടവുമുണ്ടെങ്കിലും സ്വന്തം നാടു തന്നെയാണ് മഹത്തരം എന്ന കാഴ്ച്ചപ്പാടിലേക്ക് അവർ എത്തിച്ചേരുകയാണ്. 

പ്രവാസം ഉപജീവനാർത്ഥമുള്ള യാത്രയും വാസവും അടങ്ങിയതാണ്. തൻ്റെ പ്രിയപ്പെട്ടവരെയും പ്രിയനാടിനെയും വേർപിരിഞ്ഞു കഴിയേണ്ട സാഹചര്യമാണ്, തീർത്തും അപരിചിതമായ സാമൂഹിക സാംസ്കാരിക മണ്ഡലത്തിൽ വ്യാപരിക്കേണ്ട അവസ്ഥയാണ്, പ്രവാസികൾക്കുണ്ടാകുന്നത്. പലരും ഇതിനോടു പരിചയപ്പെട്ടു പ്രവർത്തിക്കും. എന്നിരുന്നാലും ഭൂതകാലസ്മരണകളുടെ വേദനകൾ, ഗൃഹാതുരത തീവ്രമായി അവരെ പിടികൂടുകയും ചെയ്യും. ‘ആസ്സാംപണിക്കാർ’ എന്ന കവിതയിൽ ജനിച്ച നാടിനോട്, അതു സമ്മാനിച്ച കഷ്ടതകളോട് കടുത്ത വെറുപ്പോടുകൂടിയാണ് ആൾക്കാർ പണിക്കായി ആസ്സാമിലേക്കു പോകുന്നത്. പക്ഷേ തിരികെ വരുന്നത് നാടിൻ്റെ ആരാധകരായിട്ടാണ്. നാടിനോടുള്ള ഹൃദയബന്ധം മുറിച്ചുമാറ്റാൻ സാധിക്കാത്ത സാധുക്കളാണ് ആസ്സാംപണിക്കാരെന്നും ആസ്സാം പണിക്കാരെന്നതിലൂടെ ആസ്സാമിൽ ജോലിക്കു പോയ മലയാളികളാണെന്നും ഉപജീവനാർത്ഥം മലയാളികൾ ദേശാന്തരഗമനം ആരംഭിച്ചുവെന്നും ഈ കവിത ബോദ്ധ്യപ്പെടുത്തുന്നു.

ആശയ വിവരണം:

ജനിച്ച ദേശം വിട്ട് വളരെ വളരെ അകലെയുള്ള ആസ്സാമിൽ പണിക്കു പോകുന്നവരാണ് ഞങ്ങൾ എന്ന ആമുഖ വിവരണത്തോടെയാണ് കവിതയാരംഭിക്കുന്നത്. തീവണ്ടി കുതിച്ചു പായുന്നു. പക്ഷേ, അതിനും മുന്നേ കുതിക്കുകയാണ് ചിന്തകൾ. കാറ്റു വീശുമ്പോളിളകുന്ന സസ്യസമൃദ്ധിയോടുകൂടിയ താഴ്‌വരയും പാടവും അരികിൽ ചെറുമാവുകൾ നട്ടുപിടിപ്പിച്ച പാതയോരങ്ങളും തെങ്ങും കമുകും നിറഞ്ഞ തോപ്പുകളും സസ്യശ്യാമളമായ പുരയിടങ്ങളും പിന്നിട്ടുകൊണ്ട്, പതഞ്ഞൊഴുകുന്ന നദികളും ജനവാസകേന്ദ്രങ്ങളും വീടുകളുമൊക്കെ പിന്നിട്ടു കൊണ്ടു യാത്ര തിരിക്കുകയാണ്. തീവണ്ടിയിൽ നിന്നു നോക്കുമ്പോൾ ഇവയൊക്കെ പിന്നാലെ ഓടിയണയുന്നതായും വഴിതടയാനായി തുനിഞ്ഞെത്തുന്നതായും തോന്നുന്നു. എന്നാൽ ഒന്നിനും ഞങ്ങളുടെ ഈ യാത്രയെ തടയാനാകില്ല. കനത്ത ഇരുമ്പുകൊണ്ടു നിർമിതമായ തീവണ്ടിയുടെ യന്ത്രശക്തി (മുഷ്ടി) തീർച്ചയായും എല്ലാ വിലക്കുകളെയും അതിലംഘിക്കുമെന്ന കാര്യം ഉറപ്പ്.

കിഴക്ക് അധിവസിക്കുന്ന സഹ്യപർവതത്തെയും തുളച്ച് അതങ്ങനെ ചീറിപ്പായട്ടെ. ആസ്സാംപണിക്കാരുടെ കാലികാവസ്ഥ കവി വിവരിക്കുന്നു:

വലിയ തീവണ്ടി കയറിപ്പോകിലും
വയറിന്മേൽ മുന്നോട്ടിഴയുന്നോർ ഞങ്ങൾ”

വയറ്റുപ്പിഴപ്പിനായാണ് ആസ്സാമിൽ പണിക്കു പോകുന്നത്. വയറാണ്, വിശപ്പാണ് മുഖ്യപ്രശ്നം. വിശപ്പകറ്റുവാനുള്ള സാഹസിക യത്നത്തിലാണ് തങ്ങൾ ഏർപ്പെട്ടിരിക്കുന്നത്. കവി ആസ്സാംപണിക്കാർക്കായി വ്യക്തമാക്കുന്നു:

കുടികളെങ്ങനെ വിലക്കും ഞങ്ങളെ?
ചുടുമിഴിനീരിലൊരൊറ്റ വറ്റുണ്ടോ?”

നീറുന്ന ജീവിതപ്രയാസങ്ങളെയാണ് കവി തുറന്നവതരിപ്പിക്കുന്നത്. തങ്ങൾ ആസ്സാമിലേക്കു പുറപ്പെടുന്നതു തടയാൻ സ്വന്തം വീട്ടുകാർക്കുപോലും സാധിക്കില്ല. കാരണം, ചുടുകണ്ണീർ കൊണ്ട് ചോറു കിട്ടില്ല. കരഞ്ഞതുകൊണ്ടു പ്രയോജനമില്ലെന്നർത്ഥം. അതു ചോറു കൊണ്ടുവന്നു തരില്ല. ഇക്കാരണത്താൽ തന്നെ, ദുസ്സഹമായ പട്ടിണിയനുഭവിക്കുന്ന തങ്ങളെ, അതു പരിഹരിക്കാനായി യാത്രയാകുന്ന തങ്ങളെ തടയാൻ ആരാധനാലയങ്ങൾക്കും സാധിക്കില്ല. ഇപ്പോൾ പടച്ചവൻ പരദേശത്തിലാണെന്നും കവി സൂചിപ്പിക്കുന്നു. പട്ടിണിയും രോഗമരണവും നിറഞ്ഞുനില്ക്കുന്ന ഈ നാട്ടിലെങ്ങനെയാണ് ദൈവസാന്നിദ്ധ്യമുണ്ടെന്നു പറയുക? അന്യദേശക്കാർ സമൃദ്ധിയിൽ കഴിയുന്നുവെങ്കിൽ അവിടെയല്ലേ ഈശ്വരനുള്ളത്? ഇവിടെ, നമ്മുടെ നാട്ടിൽ മരണം പല്ലിളിച്ചുകൊണ്ട് ജോലിക്കിറങ്ങുകയാണ്. ജോലിക്കിറങ്ങുന്നത് മനുഷ്യരല്ല മരണമാണെന്നർത്ഥം. മനുഷ്യർക്കു ചെയ്യാൻ ഇവിടെ ജോലിയില്ല എന്നു പറഞ്ഞാൽ രൂക്ഷമായ തൊഴിലില്ലായ്മ കാരണമാണ് പട്ടിണിമരണങ്ങൾ വർദ്ധിക്കുന്നത് എന്ന നിഗമനത്തിൽ ആസ്വാദകനെത്തുന്നു. ജനിച്ചതുതൊട്ടേ കണ്ടു വളർന്ന, നമ്മെ വളർത്തിയ നാടിനെ പിരിയുന്നതെങ്ങനെ? ഈ സന്ദർഭത്തിൽ, സ്വന്തം നാടിനെ വിമർശിക്കാനും കവി ആസ്സാം പണിക്കാർക്കായി തയ്യാറാകുന്നു. കവി എഴുതുന്നു:

“ അറിയുമേ ഞങ്ങ,ളറിയും നീതിയും 
നെറിയും കെട്ടൊരീപ്പിറന്ന നാടിനെ! 
അതിഥികൾക്കെല്ലാമമര ലോകമി -
ക്കിതവി ഞങ്ങൾക്കു നരകദേശവും”

നാടിനോടുള്ള പ്രതിഷേധം ഇവിടെ പ്രകടമാണ്. ജീവിക്കാനുള്ള ഒരു വകയും ഈ നാടു സമ്മാനിക്കുന്നില്ല. നീതിയും നെറിയുമില്ലാത്ത നാട്. പാവപ്പെട്ടവർക്ക് ജീവനം സാദ്ധ്യമാകാത്ത ഇടം. എന്നാൽ, പുറമേ നിന്നും ഇവിടെ വന്നവർക്ക് ഇത് സ്വർഗ്ഗമാണ്. എന്നാൽ നാട്ടുകാർക്കിതു നരകദേശവുമാണ്. 

കവി തുടർന്നു പറയുന്നു:

മദിപ്പിക്കും, കനിക്കിനാവുകൾ കാട്ടി -
ക്കൊതിപ്പിക്കും, പക്ഷേ കൊടുക്കുകില്ലവൾ”

നാടിൻ്റെ ആസുരമായ പ്രകൃതം കവി അവതരിപ്പിക്കുകയാണ്. മദിപ്പിക്കുകയും കൊതിപ്പിക്കുകയും ചെയ്യുമെങ്കിലും അവൾ ഒന്നും കൊടുക്കില്ല. മോഹങ്ങളും സ്വപ്നങ്ങളും വാനോളമുയർത്തുമെങ്കിലും ഒന്നു പോലും സാദ്ധ്യമാക്കാനുള്ള സാഹചര്യം അവൾ സൃഷ്ടിക്കില്ല. സമൃദ്ധമായ ഭക്ഷണവും തൊഴിലും മനോഹര സ്വപ്നം മാത്രമാണ്. അല്പമാത്രഭക്ഷണം കഴിച്ച് എങ്ങനെയാണ് കഴിഞ്ഞു കൂടുക? അദ്ധ്വാനിക്കുന്നവർക്കു പോലും ഇത്തിരി ഭക്ഷണം മാത്രം കിട്ടുന്നു. വിശന്നുതളർന്ന് ജനം മരണത്തിനിരയാവുകയാണ്. സഹ്യപർവതത്തിൻ്റെയും അറബിക്കടലിൻ്റെയും തടവു ഭേദിച്ച് മനസ്സിൻ്റെ സങ്കടങ്ങൾ അകറ്റട്ടെ. നാട്ടിലെ ശ്വാസം ഒരു മുറിബീഡിപ്പുകയായി അന്യനാട്ടിൽ തള്ളട്ടെ. അതിനുള്ള സ്വാതന്ത്ര്യം ലഭിക്കട്ടെ. 

ആസ്സാമിലെ വനങ്ങൾ കൂത്തിനുള്ള പൂവനങ്ങളല്ലെന്നത് ഞങ്ങൾ തിരിച്ചറിയുന്നു. അവമാനിച്ചും മർദ്ദിച്ചും അവിടെ ചൂഷകരായ മേലാളർ ഞങ്ങളെ അടിമകൾ എന്ന മട്ടിൽ ജോലി ചെയ്യിക്കാം. അവിടത്തെ കാടുകൾ സർപ്പങ്ങളാൽ നിറഞ്ഞതാണ്. അവ ദംശിച്ചുവെന്നു വരാം. മരണം കൊതുകിൻ്റെ രൂപത്തിലുമണയാം. ‘വിരിഞ്ഞ മൃത്യുവിൻ പരാഗവുമേന്തി’ എന്നാണ് കവിഭാവന. മൃത്യുവാകുന്ന പുഷ്പത്തിൻ്റെ പരാഗരേണുക്കളെന്ന പോലെ മലമ്പനി രോഗാണുക്കൾ കൊതുകുകളുടെ ചുംബനത്തിലൂടെ തേടിവന്നുവെന്നു വരാം. ഹൃദയബന്ധങ്ങളെ അവ ശിഥിലമാക്കാം. എന്നിരുന്നാലും വിയർപ്പിന് കൂലി കിട്ടുമല്ലോ. വിശപ്പിനു ചോറും കിട്ടും. ആഗ്രഹിച്ചതുപോലെ ഞങ്ങൾ കഴിയട്ടെ. പിന്നെ പടച്ചവനോ ചെകുത്താനോ എന്തു വേണമെങ്കിലും ആയ്ക്കോട്ടെ!

കവിതയുടെ രണ്ടാം ഭാഗം ആസ്സാമിൽ നിന്നും തിരിച്ചു വരുന്ന കൂട്ടങ്ങളുടെ ചിന്തകളാൽ ഭരിതമാണ്. തീവണ്ടി കിതച്ചു പായുമ്പോൾ, നാടിനെക്കുറിച്ചുള്ള ചിന്തകൾ മുന്നേ കുതിക്കുകയാണ്. എത്രകാലമായി സ്വന്തം നാടു പിരിഞ്ഞിട്ട് ! ഈ മലനാടിൻ്റെ കാഴ്ച ഞങ്ങളെ സംബന്ധിച്ച് ഏറ്റവും മാധുര്യമേറിയതാണ്. അസംഖ്യം കൊക്കുകൾ പറന്നുല്ലസിക്കുന്ന പാടങ്ങളും, സുന്ദരങ്ങളായ മേടുകളും, കാറ്റത്ത് മുടിയിളകി രസിക്കുന്ന തെങ്ങുകളും കമുകുകളും, അതിനിടയിൽ പുഞ്ചിരി പൊഴിക്കുന്ന വീടുകളും എന്തൊരു ഹൃദ്യമായ കാഴ്ചയാണ്! മാവിൻപൂക്കൾ നിറഞ്ഞ പാതയും, നാട്ടിമ്പുറം സ്വപ്നം കാണുന്ന നഗരങ്ങളും ഒക്കെ യാത്രികർ കാണുന്നു. പഴയ കൂട്ടുകാർ സ്നേഹമോടെ ഓടിയണയുകയാണ്. എപ്പോഴൊക്കെ ഒരു തെങ്ങെങ്കിലും കണ്ടോ, അപ്പോഴൊക്കെ ഈ പിറന്ന നാടിനെ ഞങ്ങളോർത്തു. വൃത്തിയും വെണ്മയുമുള്ള വേഷം ധരിച്ചു കണ്ടിടത്ത് ഈ മലനാടിനെ ഞങ്ങൾ ഓർമ്മിച്ചു. ഈ നാടിനെ നരകമാക്കുന്ന, ചൂഷകവൃന്ദങ്ങളായ നരകീടങ്ങളെ ഇന്നു ഞങ്ങൾ അറിയുന്നു. അവരോട് ഭാവികാലം പക വീട്ടുക തന്നെ ചെയ്യും. ഇവിടെ ഈ പഴയ മണ്ണിൽ ജീവിതം പടർത്താൻ സാധിക്കുകയാണെങ്കിൽ ഞങ്ങൾക്കതുമതി. വയറിൻ്റെ വിശപ്പ് അടക്കുവാനാണ് ഞങ്ങൾ പോയത്. ഹൃദയത്തിൻ്റെ വിശപ്പ് അടക്കുവാനാണ് ഞങ്ങൾ തിരികെ പോരുന്നത്. ഇവിടെ കവിയുടെ മനോഹരവരികൾ കാണാം:

നിറഞ്ഞിരിക്കിലും ദരിദ്രമീ രാജ്യം,
നിറന്നിരിക്കിലും വികൃതമെങ്കിലും
ഇവിടെ സ്നേഹിപ്പാ,നിവിടെയാശിപ്പാ,
നിവിടെ ദുഃഖിപ്പാൻ കഴിവതേ സുഖം!”

നമ്മുടെ നാടിൻ്റെ നന്മയും സൗഭാഗ്യങ്ങളും കവി ആസ്സാം പണിക്കാർക്കായി അവതരിപ്പിക്കുന്നു. ഈ മലയാളനാട്ടിൽ അതിൻ്റേതായ പ്രാരബ്ധങ്ങളും കഷ്ടതകളുമുണ്ടെങ്കിലും ഇവിടെ ജീവിക്കാനാകുന്നത് സൗഭാഗ്യം തന്നെ. സന്തോഷമായാലും സന്താപമായാലും ഒരുമിച്ചനുഭവിക്കാമല്ലോ. ഇവിടെയുള്ള പ്രിയതമമാരും കുട്ടികളും അവിടത്തെ തണുപ്പിലും ഇരുട്ടിലും തളർന്ന ഞങ്ങൾക്ക് സാന്ത്വനമായി. പനി ബാധിച്ചപ്പോൾ നാട്ടിലെ പരദൈവങ്ങൾക്ക് നേർച്ചകൾ പ്രാർത്ഥിച്ചു. കൈവിരിച്ച് സ്നേഹമോടെ പുണരാൻ അണയുകയാണ് വിവശമെങ്കിലും ഈ കേരളം. ആസ്സാമിൽ രോഗത്താലും മറ്റും മരണമടഞ്ഞവർ ഇവരെത്തുന്നതിനും മുന്നേ കേരളത്തിൽ തിരിച്ചെത്തിയിട്ടുണ്ടാകാം. ഒരു മഴയിരമ്പം പോലെ ഒരാരവം മുഴങ്ങുന്നതു കേൾക്കുന്നില്ലേ? അത് ഈ പുകവണ്ടി വരുന്ന ശബ്ദമല്ല. അത് ഞങ്ങളുടെ ആഹ്ലാദം വിളംബരം ചെയ്യുന്നതാണ്. പുതുമഴ പോലെ ഇതാ, കൃതാർത്ഥരായി ഞങ്ങൾ തിരിച്ചെത്തിയിരിക്കുന്നു. കുടിയിൽ ഞങ്ങളെ കാത്തിരിക്കുന്ന സ്നേഹ ധാമങ്ങളേ, പ്രിയപ്പെട്ട കുരുന്നു മക്കളേ, പഴയ സുഹൃത്തുക്കളേ, ധനവും ആരോഗ്യവും നശിച്ചാലും പ്രിയപ്പെട്ടവരുടെ അടുക്കൽ തിരിച്ചെത്തി പുന:സ്സമാഗമക്കുളിർമയെന്ന അമൂല്യ സമ്പത്ത് കരസ്ഥമാക്കുകയെന്നതാണ് ഏറ്റവും വലിയ ഭാഗ്യം. അതാണ് ശ്രേഷ്ഠമായ അഭിവൃദ്ധിയും.

ഉപജീവനത്തിനായി ആസ്സാമിലേക്കു പോവുകയും അവിടെ കഷ്ടതയാർന്ന ജീവിതം നയിക്കുകയും രോഗത്തിനടിപ്പെടുകയും ചെയ്ത പ്രവാസികളുടെ ദുഃഖപൂരിതമായ മനസ്സും സാമൂഹികസ്ഥിതികളുമാണ് ആസ്സാം പണിക്കാർ എന്ന കവിത ചർച്ച ചെയ്യുന്നത്. നാട്ടിൽ നിന്നു യാത്രതിരിക്കുമ്പോൾ നാടിൻ്റെ ഇല്ലായ്മകളെ ദുഷിക്കുന്നുവെങ്കിലും ആ ഇല്ലായ്മകൾ പോലും സൗഭാഗ്യമാണെന്ന തിരിച്ചറിവിലേക്ക് സാഹചര്യങ്ങൾ അവരെയെത്തിക്കുന്നു. പ്രവാസത്തിൻ്റെ തീക്ഷ്ണമായ മുഖമാണ് ആസ്സാം പണിക്കാർ അവതരിപ്പിക്കുന്നത്. ഒപ്പം, ജീവിതത്തിൻ്റെ അനിശ്ചിതത്വവും പ്രസ്തുത കവിത അനാവരണം ചെയ്യുന്നു.




അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹിമവാൻ്റെ മുകൾത്തട്ടിൽ: രാജൻ കാക്കനാടൻ, ഭാഗം1

സഭാപ്രവേശം - കുഞ്ചൻ നമ്പ്യാർ

കരുണ - കുമാരനാശാൻ