അന്വേഷണം:ജി. ശങ്കരക്കുറുപ്പ്

ജി. ശങ്കരക്കുറുപ്പു (മഹാകവി ജി.) രചിച്ച പ്രതീകാത്മക കവിതയാണ് ‘അന്വേഷണം’. മിസ്റ്റിസിസത്തിൻ്റെ അഥവാ യോഗാനുഭൂതിയുടെ വിശിഷ്ടമായ തലങ്ങളിലേക്കും ഈ കവിത പ്രവേശിക്കുന്നു. 1931 ൽ എഴുതിയ ഈ കവിത ജി.യുടെ ഇമേജിനെ പെട്ടെന്നുയർത്തിയെന്ന് പ്രശസ്ത നിരൂപക എം. ലീലാവതിട്ടീച്ചർ’ മലയാള കവിതാ സാഹിത്യ ചരിത്ര’ത്തിൽ അഭിപ്രായപ്പെടുന്നു. 1931 ഡിസംബറിൽ എറണാകുളത്തെ സാഹിത്യ പരിഷത് സമ്മേളനത്തിൽ വായിച്ചതാണ് ഈ കവിത. ഹിന്ദു ലേഖകൻ ‘A poet suddenly rises’ എന്നാണ് ഈ കവിതയെഴുതിയ ജി.യെക്കുറിച്ചു വാർത്ത കൊടുത്തത്. ‘അന്വേഷണം’ മനുഷ്യാത്മാവിൻ്റെ ഈശ്വരാന്വേഷണമത്രെ. ഇതിൽ നായകസ്ഥാനത്തു വിരാജിക്കുന്ന കാറ്റ് മനുഷ്യൻ്റെ പ്രതീകം തന്നെ. ഈശ്വരനെതേടുകയാണവൻ. ഈശ്വരൻ പ്രണയസ്വരൂപിയാണല്ലോ. വിവിധ രൂപഭാവങ്ങളിലായിരിക്കും ആ ചൈതന്യം നമ്മുടെ മുന്നിൽ പ്രത്യക്ഷീഭവിക്കുക.
കവിയുടെ ആരായലിൽ നിന്നുമാണ് കവിത ആരംഭിക്കുന്നത്. “അല്ലയോ കൊച്ചുതെന്നലേ, ആരെയാണ് അതിർകവിഞ്ഞ പ്രേമത്താൽ വ്യഗ്രത പൂണ്ട് താങ്കൾ തേടുന്നത്? അന്വേഷണമല്ലാതെ മറ്റൊരു ചിന്തയും അങ്ങേയ്ക്കില്ല. ഒട്ടും വിശ്രമവുമില്ല. രാവും പകലും ഭ്രാന്തനെപ്പോലെ ഓട്ടം തന്നെ. താങ്കളുടെ ഈ ഉന്മാദജന്യമായ പെരുമാറ്റം കണ്ടിട്ട് പാവം, ഈ കൊച്ചുപൂവ് പകച്ച് മേലും കീഴും നോക്കുകയാണ്. പ്രിയയുടെ പേര് അവ്യക്തമായി നീ ഉച്ചരിക്കുന്നുണ്ട്., പ്രേമത്തിൻ്റെ ലഹരി കാരണം നിൻ്റെ കാലുറയ്ക്കുന്നില്ലല്ലോ. മറ്റൊരാൾക്കും ഇപ്രകാരം ദിവ്യപ്രണയത്തിൽ നിന്നും ഉളവായ ഉന്മാദം ലഭിക്കില്ല. സത്യത്തിൽ നിന്നോടെനിക്ക് അസൂയ തോന്നുകയാണ്. വേഗം തിരയൂ. മുളങ്കാടിൻ്റെ അന്തസ്സില്ലാത്ത ചിരി നീ പരിഗണിക്കേണ്ട.”
ഒരു നിശ്വാസത്തോടെ കാറ്റ് സ്വന്തം ശരീരത്തെ തടവി തൊണ്ടയിടറി ഇപ്രകാരം മറുപടി പറഞ്ഞു:  “മഹാത്മാവേ, അങ്ങയുടെ അനുമാനം തെറ്റല്ല. പ്രേമസ്വരൂപത്തിൻ്റെ മുഖദർശനത്തിനായി ഞാൻ അലയുകയാണ്. നിരവധി വർഷങ്ങളായ്, ഞങ്ങൾ വേർപിരിഞ്ഞിട്ട്. ആ സ്മരണ എന്നെ വല്ലാതെ അസ്വസ്ഥനാക്കുന്നു. വളരെപ്പണ്ട്, തീവ്രമായ ഉറക്കം വിട്ട് ഞാനുണർന്ന സന്ദർഭത്തിൽ എൻ്റെ നെഞ്ചോടണഞ്ഞു കിടന്നിരുന്ന എൻ്റെ ഓമലാളെ കാണാനായില്ല. ഭൂമിയും ആകാശവും ദുഃഖത്തോടെ ഒന്നും മിണ്ടാതെ നില്പായിരുന്നു. എൻ്റെ രാഗം - പ്രിയയോടുള്ള പ്രണയം - അളക്കാനാകാം അവൾ എന്നിൽ നിന്നുമകന്നത്. അവൾ കടന്നുപോകെ, മനോഹരമായ ആ മുടിക്കെട്ടിൽ നിന്നും വെൺതാര സമാനം പ്രഭ ചൊരിയുന്ന ഒന്നോ രണ്ടോ മന്ദാരപ്പൂക്കൾ ഊർന്നുവീണിരുന്നു. അവൾ പോകെ കൊലുസ്സുകളുടെ കിലുക്കം കേട്ടിരുന്നു. പക്ഷേ, ഞാൻ ചിന്തിച്ചത് പക്ഷികളുടെ ഗാനമാണ് അതെന്നായിരുന്നു. അവളുടെ പാദങ്ങളെ അലങ്കരിച്ചിരുന്ന ചെമ്പഞ്ഞിച്ചാറിൻ്റെ പാടു കണ്ട് ഞാൻ ചിന്തിച്ചത് അതു പുലരിത്തുടുപ്പാണെന്നായിരുന്നു. സുവർണ്ണമോതിരമവൾ ഊരിയിട്ടിരുന്നു. പക്ഷേ, മൂഢനായ ഞാൻ കരുതിയത് അത് സൂര്യബിംബമാണെന്നായിരുന്നു. അവളുടെ ഓർമ്മയ്ക്ക് ആകാശത്തിലേക്കവൾ എറിഞ്ഞ പട്ടുതൂവാല വെറും മേഘശകലമാണെന്നു കരുതി ഞാൻ എടുത്തു സൂക്ഷിച്ചില്ല. ഇളംചെമപ്പു നിറമുള്ള കടലാണെന്നു കരുതി, അവളുടെ ചെമന്ന കാലടികൾ പതിഞ്ഞ വിരി ഞാൻ ചുംബിച്ചില്ല. അവളെ വേർപിരിഞ്ഞന്നുമുതൽ ആ രസസ്വരൂപത്തെ നാലു ദിക്കിലും തേടിക്കൊണ്ടിരിക്കുകയാണ് ഞാൻ! കവി വ്യക്തമാക്കുന്നു:
“ കണ്ടവരില്ലാ പാരിൽ; കണ്ടുവെന്നുരപ്പവർ കണ്ടവരല്ലാ; കാണാൻ ഞാൻ സ്വയം യത്നിക്കേണം”
എൻ്റെ ഓമലാളെ ഇതുവരെ ആരും കണ്ടിട്ടില്ല. ചിലർ കണ്ടുവെന്നു പറയുന്നു. പക്ഷേ, അവർ അപ്രകാരം പറയുന്നുവെന്നേ ഉള്ളൂ. യഥാർത്ഥത്തിൽ അവർ കണ്ടവരല്ല. കാണാൻ ഞാൻ സ്വയം അദ്ധ്വാനിക്കേണ്ടതുണ്ട്. ഈ വരികൾ വിശകലനം ചെയ്താൽ ഈശ്വരചൈതന്യത്തെയാണ് കൊച്ചുതെന്നൽ തേടുന്നതെന്നു വ്യക്തമാവും. 
എന്തായാലും, ഞാനന്വേഷിക്കുന്ന പ്രേമഭാജനം തീരെയില്ലെന്നു പറയുന്ന നാവ് ഞാൻ വിശ്വസിക്കില്ല. മനോഹരങ്ങളായ ആ മുല്ലപ്പൂക്കൾ മുകരുമ്പോൾ, പ്രിയയുടെ മനോഹരമായ മുഖത്തെ സുഗന്ധം ഓർത്തു പോകുന്നു. അരുവിയിൽ ദാഹം തീർക്കാൻ ചുണ്ടു സ്പർശിക്കെ, ആ പ്രകാശമാനമായ കവിളിൻ്റെ തണുപ്പ് ഓർമിച്ചുപോകുന്നു. മനസ്സ് ഓർമ്മകളാൽ ഉന്മത്തമാവുകയാണ്. ഞാനന്വേഷിക്കുന്ന ഓമൽ ഒരു സങ്കല്പം മാത്രമാണെങ്കിൽ ഇത്രമാത്രം സ്മരണകൾ എന്നെ വലയം ചെയ്യില്ലല്ലോ. വളരെ മൃദുവായ തളിരിൻ കൈത്തണ്ട മീതെ, മഞ്ഞാകുന്ന വെൺവിരിക്കിടക്ക മീതെ, ഒട്ടും തന്നെ മനശ്ശാന്തി എനിക്കു കിട്ടുന്നില്ല. എന്തായാലും ഒരിക്കൽ അവളുടെ സമീപത്തു ചെല്ലാമെന്ന ആശയാണ് എൻ്റെ ശക്തിയായി നില്ക്കുന്നത്. 
രാത്രിയിൽ ക്ഷീണിച്ച് ബോധമറ്റ് കാട്ടിൽ വീണു പോകുമ്പോൾ ആരും കാണാതെ ഓമലാൾ അടുത്തു വരും. തണുത്ത കയ്യാൽ തടവും. അപ്പോഴേക്കും സന്തോഷത്തോടെ ഞാൻ പിടഞ്ഞെഴുന്നേൽക്കും. പക്ഷേ, അവളെ കാണാനാകില്ല. വിലപിക്കുക മാത്രമേ പിന്നെ വഴിയുള്ളൂ. 
ഉറങ്ങുന്ന കടലിനെ ചെന്നുണർത്തി, അല്ലയോ തോഴാ, എൻ്റെ ഓമലെവിടെയെന്നു പറഞ്ഞു തരണേ എന്നപേക്ഷിക്കും. അവൻ എങ്ങനെയാണ് പ്രതികരിക്കുകയെന്നോ?
“ ദീനനാമിവൻ ഭ്രാന്തനാണെന്നു ചിന്തിച്ചാവാം ഫേനപ്പല്ലിറുമ്മിക്കൊണ്ടുറക്കെ ഗർജ്ജിക്കുന്നു”
കാമ്യകനായ എനിക്കു ഭ്രാന്താണെന്നു കരുതി കടൽ തൻ്റെ തിരകളാകുന്ന പല്ലിറുമ്മി ഭയപ്പെടുത്തി. വൃക്ഷത്തിൻ്റെ തലപ്പു പിടിച്ചു കുലുക്കി ഞാൻ, അവളെ അന്വേഷിച്ചു. അവയവങ്ങൾ വിറപൂണ്ട് മരം ‘അയ്യോ, കണ്ടില്ല’ എന്നു മറുപടി പറയുന്നു. ധ്യാനനിശ്ചലം നിലകൊള്ളുന്ന പർവതത്തെ ചൂണ്ടിക്കാട്ടി, സ്വർഗ്ഗത്തിനു മുന്നിൽ വീണു വിലപിക്കെ, താനറിഞ്ഞില്ലീ വിഷയം എന്ന് സ്വർഗ്ഗം മൗനത്താൽ വ്യക്തമാക്കി. ഞാനനുഭവിക്കുന്ന ദുസ്സഹമായ വിരഹം അവസാനമില്ലാത്തതോ?
കൊച്ചുതെന്നൽ മറുപടി പറഞ്ഞ് അവസാനിപ്പിക്കുന്നു. നിഗൂഢമായ ഒരു സ്വത്വത്തെയാണ് തെന്നൽ തേടുന്നത്. അതിനോട് നിർവ്യാജമായ ഭക്തിയും പ്രേമവും അതു വെച്ചുപുലർത്തുന്നു. എങ്ങനെയെങ്കിലും ആ പ്രേമസ്വരൂപത്തിനെ കാണാനും അങ്ങനെ അന്വേഷണം അവസാനിപ്പിക്കാനും ആഗ്രഹമുണ്ട്. പക്ഷേ, അന്വേഷണം കൂടുതൽ സങ്കീർണ്ണമാവുകയാണ്. ഈശ്വരചൈതന്യത്തെ / അഥവാ പ്രകൃതിചൈതന്യത്തെത്തന്നെയാണ് തെന്നൽ അന്വേഷിക്കുന്നത്. ഈശ്വരസാക്ഷാത്കാരത്തിലൂടെ സായൂജ്യം പ്രാപിക്കാനുള്ള ത്വര തെന്നൽ പ്രകടമാക്കുന്നു. എന്നാൽ ഒരു വരിയിലും തൻ്റെ പ്രേമഭാജനമെന്തെന്ന് തെന്നൽ വ്യക്തമാക്കുന്നില്ല. അനുവാചകന് ഊഹിക്കാനുള്ള അവസരം ലഭിക്കുന്നു. വാക്കുകളും വരികളും പകർന്ന അർത്ഥസാന്ദ്രമായ മൗനം യഥാർത്ഥ പ്രശ്നത്തിലേക്ക് അവനെ എത്തിക്കുകയും ചെയ്യുന്നു. ഇതിലാണ്, ഈ നിഗൂഢാത്മകമായ പ്രതിപാദനത്തിലാണ് അന്വേഷണമെന്ന കവിതയുടെ പൊരുൾ ശയിക്കുന്നത്.  


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹിമവാൻ്റെ മുകൾത്തട്ടിൽ: രാജൻ കാക്കനാടൻ, ഭാഗം1

സഭാപ്രവേശം - കുഞ്ചൻ നമ്പ്യാർ

കരുണ - കുമാരനാശാൻ