ആരോഗ്യ നികേതനം ഭാഗം 3
ആരോഗ്യ നികേതനം ഭാഗം 3
(ഭാഗം 1, 2 എന്നിവ വായിക്കുക.)
ജീവൻമശായും രംഗലാൽ ഡോക്ടറും അലോപ്പതി പഠനവും
ഒരു ഡോക്ടർ ആകണമെന്ന് ജീവൻ മശായ് ആഗ്രഹിച്ചു. അദ്ദേഹം മാതൃകയാക്കാനാഗ്രഹിച്ചതോ, രംഗലാൽ ഡോക്ടറെയും. വെളുപ്പുനിറം. ആരോഗ്യമുള്ള ശരീരം. തീക്ഷ്ണദൃഷ്ടികൾ. പ്രതിഭയുടെ പ്രതിഫലനം കാണാം. മിതഭാഷി. കൾക്കശമായി പറയും. പുരാതന ബ്രാഹ്മണ കുടുംബത്തിൽ ജനിച്ചു. കൗമാരത്തിൽ അച്ഛനുമായി തെറ്റി വീട്ടിൽ നിന്നും ഇറങ്ങി. ജാതിയെയും മതത്തെയും വക വെക്കുന്നില്ലെന്ന് സ്വന്തം അച്ഛൻ്റെ മുഖത്തു നോക്കി പറഞ്ഞു. ഹൈസ്കൂൾ മാസ്റ്ററായി ഉയർന്നപ്പോഴാണ് ചികിത്സാവിദ്യയിൽ ആകൃഷ്ടനായത്. ഒരു ഡോക്ടറുമായുണ്ടായ സൗഹൃദം തകർന്നതോടെ ജോലിയുപേക്ഷിച്ച് മയൂരാക്ഷി നദിക്കരയിൽ ബംഗ്ലാവു പണിതു. തുടർന്ന് പഠനം ആരംഭിച്ചു. സഹായിയായ മനായുടെ പരിശ്രമത്തിൽ ശ്മശാനത്തിൽ നിന്ന് ശവം ശേഖരിച്ച് കീറിമുറിച്ചായി ശരീരശാസ്ത്രപഠനം. അഞ്ചാറു വർഷത്തെ കഠിനസാധന. തുടർന്ന് ആരും സുഖപ്പെടുത്താത്ത രോഗികൾ ഉണ്ടെങ്കിൽ സുഖപ്പെടുത്താമെന്ന പ്രഖ്യാപനവും. ഡോക്ടറുടെ സാമർത്ഥ്യം കണ്ട ജനം ആശ്ചര്യപ്പെട്ടു. ധാരാളം പണം സമ്പാദിച്ച ശേഷം ഭൂപീബോസിൻ്റെ മുന്നിലൂടെ ആഡംബരത്തിൽ സഞ്ചരിച്ച് പ്രതികാരം ചെയ്യാൻ ജീവനാഗ്രഹിച്ചു.
അത്തർ ബൗവിൽ മൂന്നു പെണ്മക്കളും ഒരു മകനും ഉണ്ടായി. പ്രശസ്തിയും പ്രതിഷ്ഠയും ധാരാളം ലഭിക്കുകയും ചെയ്തു. രോഗവും രോഗലക്ഷണവും മാത്രമല്ല, അന്ധയും ബധിരയും പിംഗളകേശിനിയുമായ മൃത്യുവിൻ്റെ പാദസ്പർശം ജീവൻ മശായിക്ക് ഇന്നറിയാൻ കഴിയും.
തൻ്റെ പിതാവിൽ നിന്ന് വിദ്യ അഭ്യസിക്കുകയും രംഗലാൽഡോക്ടറിൽ നിന്ന് അലോപ്പതിയുടെ സത്യം മനസ്സിലാക്കുകയും ചെയ്തതോടെ ജീവൻ മശായിയുടെ ചികിത്സാവൈദഗ്ദ്ധ്യം കൂടുതൽ പേരുകേട്ടു. പിതാവിൻ്റെ മരണശേഷമാണ് അലോപ്പതി പഠിക്കാൻ കൂടുതൽ താൽപ്പര്യം കാട്ടിയത്.
രംഗലാൽ ഡോക്ടർ ജീവനെ ഇഷ്ടപ്പെട്ടതെന്തുകൊണ്ടാണ്? നാട്ടുവൈദ്യന്മാരൊക്കെ അലോപ്പതിയെ ശപിച്ച് വീട്ടിലിരിക്കുമ്പോൾ ജീവിതത്തിൽ പരാജയം സമ്മതിക്കാതിരുന്നയാളാണ് ജീവൻ. അലോപ്പതി പഠിക്കാനൊരുങ്ങി. ജീവനുള്ള ഒരു മനുഷ്യനാണെന്നതുകൊണ്ടാണ് ജീവൻ മശായിയെ രംഗലാൽ ഡോക്ടർ ഇഷ്ടപ്പെട്ടത്. ഫീസു വാങ്ങാതെ ചികിത്സിക്കരുതെന്നു രംഗലാൽ ഡോക്ടർ മശായിയെ ഉപദേശിച്ചു. മനുഷ്യൻ ജോലി ചെയ്യുന്നത് പണം സമ്പാദിക്കാനാണ്. ആരെയും ചതിക്കാനോ മോഷ്ടിക്കാനോ തട്ടിപ്പറിക്കാനോ പാടില്ല. പക്ഷേ, ചെയ്യുന്ന ജോലിക്ക് കൂലി വാങ്ങാൻ മടിക്കരുത്.
രംഗലാൽ ഡോക്ടർ അത്ഭുതമനുഷ്യനായിരുന്നു. കഠിനമായ ഭാഷയിൽ സംസാരിക്കുന്ന പ്രകൃതം. ഇതേ ഭാഷയിൽത്തന്നെയാണ് ജീവനോടും ആദ്യം സംസാരിച്ചത്. എന്നാൽ ജഗദ്മശായിയുടെ നാഡീ പരിജ്ഞാനത്തിനു മുന്നിൽ കീഴ്പെട്ടുനില്ക്കേണ്ട അവസ്ഥയും രംഗലാൽ ഡോക്ടർക്കുണ്ടായിട്ടുണ്ട്. അലോപ്പതി ചികിത്സയിലുണ്ടാകുന്ന മുന്നേറ്റങ്ങളും ഗ്രാമത്തിൽ പുതിയ ഡോക്ടർമാർ വരുന്നതും അവർ സ്വാഗതം ചെയ്യപ്പെടുന്നതുമൊക്കെ ജീവൻ ശ്രദ്ധിച്ചു. കിശോരാണ് രംഗലാൽ ഡോക്ടറ പരിചയപ്പെടാനുള്ള കാരണമാകുന്നത്. കിശോരിന് ഒരസുഖം വന്നു. പുതിയ ഡോക്ടറായ ഹരീശ് നോക്കി. ഫലിച്ചില്ല. കിശോർ ബോധമില്ലാതെ കിടക്കുകയായിരുന്നു. ജീവൻ ദത്ത നാഡി പരിശോധിച്ചു. പനി മാറുമെന്നും ടൈഫോയ്ഡ് ചെറിയ തോതിലുണ്ടെന്നും കഫദോഷം ഉണ്ടെങ്കിലും അതു മൂലവ്യാധിയല്ലെന്നും പറഞ്ഞു. ഹരീശ് ഡോക്ടർ പറയുന്നത് കടുത്ത ജലദോഷമാണ് മൂലവ്യാധിയെന്നാണ്. അപ്പോഴാണ്
രംഗലാൽ ഡോക്ടർ വന്നത്. ജീവൻ ഇരുപത്തൊന്നാം ദിനമോ ഇരുപത്തിനാലാം ദിനമോ പനി മാറുമെന്ന് അഭിപ്രായപ്പെട്ടു. ഇത് രംഗലാൽ ഡോക്ടർക്കു പിടിച്ചില്ല. രോഗിയെ പരിശോധിച്ച ശേഷം അദ്ദേഹവും ടൈഫോയ്ഡുണ്ടെന്നു സ്ഥിരീകരിച്ചു. സ്വന്തമായി മരുന്നു തയ്യാറാക്കി നല്കുന്ന രീതിയാണു രംഗലാലിനുള്ളത്. രോഗം മാറാൻ എത്ര ദിവസമെടുക്കുമെന്ന് കിശോരിൻ്റെ പിതാവു ചോദിച്ചപ്പോൾ തനിക്കറിഞ്ഞുകൂടെന്നായി രംഗലാൽ. എന്നാൽ, 22-24 ദിവസത്തിനകം ഭേദപ്പെടുമെന്നായി ജീവൻ. ജീവനെ രംഗലാൽ ഡോക്ടർ പരിചയപ്പെട്ടു. കുടുംബത്തിൻ്റെ നാഡീപരിജ്ഞാനം അദ്ദേഹം നേരിട്ടനുഭവിച്ചതാണ്. പക്ഷേ, അതൊക്കെ ഞങ്ങളുടെ ശാസ്ത്രത്തിനതീതമാണെന്ന് അദ്ദേഹം പറഞ്ഞു. ജീവൻ പറഞ്ഞപോലെ 24-ാം ദിനം പനി മാറി. വിവരം രംഗലാലിനെ അറിയിച്ചു. ജീവനെ ആശീർവാദം അറിയിച്ചു. ജീവന് സന്തോഷമായി. രംഗലാൽ ഡോക്ടറെ പ്രണാമം ചെയ്യാൻ പോയി. രംഗലാലിൻ്റെ വാക്കുകളിൽ ഈശ്വരനും വിധിക്കും സ്ഥാനമില്ല. തനിക്ക് അലോപ്പതി പഠിക്കാനാഗ്രഹമുണ്ടെന്ന് ജീവനറിയിച്ചു. ജഗദ്മശായി നല്ല നിലയിലായിരുന്നല്ലോ, പിന്നെയെന്താ പഠിക്കാഞ്ഞതെന്ന് ഡോക്ടർ ചോദിച്ചു. ജീവൻ ആ കഥ പറഞ്ഞു. കേട്ടപ്പോൾ ഡോക്ടർ പൊട്ടിച്ചിരിക്കാൻ തുടങ്ങി. ഓ! നീയായിരുന്നോ ദൂപീ ബോസിൻ്റെ സുന്ദരൻ മൂക്കു ചതച്ചത്! ഡോക്ടർ അത്ഭുതപ്പെട്ടു. ഭൂപി ചികിത്സ തേടി ഡോക്ടറുടെ സമീപമെത്തിയിരുന്നു. ലിവർ കുടി കാരണം കേടായിരിക്കുന്നു. സിഫിലിസും ബാധിച്ചിട്ടുണ്ട്. ജീവനെ പഠിപ്പിക്കാമെന്ന് ഡോക്ടർ ഏറ്റു. ഭൂപീബോസ് അധികകാലം ജീവിച്ചിരിക്കില്ല. അവൻ്റെ ഭാര്യയാണെങ്കിൽ (മഞ്ജരി)തിന്നാൻ പാടില്ലാത്തത് ഒളിച്ചു നല്കുന്ന അമ്മമാരെപ്പോലെയാണ്. നല്കാൻ പാടില്ലാത്ത മദ്യം ഭൂപിയുടെ മനസ്സു നോക്കി എത്തിച്ചു നല്കിയിട്ട് അധികം കുടിക്കല്ലേ -കുറേശ്ശേ കുടിക്കു എന്നു പറയും. ഇവൾ മരണത്തെ ക്ഷണിച്ചു വരുത്തി ഭർത്താവിനെ ഏല്പിച്ചു കൊടുക്കുകയാണ്. അതെല്ലാം മറക്കാൻ ഡോക്ടർ പറഞ്ഞു. ജീവൻ പഠനത്തിൽ നിമഗ്നനായി.
രംഗലാൽ തൻ്റെ നോട്ടുബുക്കുകൾ ജീവൻദത്തയ്ക്കു കൊടുക്കും. ദത്ത വീട്ടിലിരുന്ന് അതെല്ലാം വായിക്കും. പതിവു ചികിത്സയ്ക്കു പോവുകയും ചെയ്യും. ചിലയിടങ്ങളിൽ രംഗലാൽ ഡോക്ടർക്കൊപ്പം പോകും. ഡോക്ടർ മഞ്ചലിൽ. ജീവൻ നടക്കും. ആദ്യം ശവം കീറിയപ്പോൾ തന്നെ വല്ലാതെ ഛർദ്ദിച്ചു. എന്നാൽ സർജറിക്കായി അഞ്ചുവയസ്സുള്ള കുട്ടിയുടെ ശവം കൊണ്ടുവന്നപ്പോൾ ജീവൻ പിന്മാറി. എൻ്റെ മകൾ ഇതുപോലെ തന്നെയായിരിക്കുമെന്നു പറഞ്ഞു. രംഗലാൽ രൂക്ഷമായി നോക്കിയെങ്കിലും പിന്നെ മൃദുവായി. ജീവൻദത്തയുടെ പെരുമാറ്റത്തിൽ ഗുരു നിരാശനായി. ജീവനെ എപ്രകാരം രൂപപ്പെടുത്തണമെന്നു വിചാരിച്ചോ അതു സാധിച്ചില്ല.
ഈ സമയത്ത് ഒരാൾ വന്നു വിളിച്ചു. പ്രശസ്ത കുടുംബത്തിൽ നിന്നാണ്. അവിടത്തെ ഗൃഹനായികയ്ക്ക് ഭയങ്കരമായ അസുഖം. രണ്ടു മണിക്കൂർ മുമ്പ് കാൽ തട്ടി മറിഞ്ഞു വീണു. പിന്നീട് ശരീരം വില്ലുപോലെ വളഞ്ഞിരിക്കുന്നു. ഭയങ്കര വേദന. സംസാരിക്കാനാകില്ല. വാ കൂടിപ്പോയിരിക്കുന്നു. ജീവൻഡോക്ടറും ഗുരുവിനെ പിന്തുടർന്നു. രോഗിണിയുടെ അവസ്ഥ ദുരിതമയമാണ്. തൊടുമ്പോഴൊക്കെ വിലാപമാണ്. ജീവനോട് നാഡി നോക്കാൻ പറഞ്ഞു. തൻ്റെ ഗുരു പരീക്ഷിക്കുകയാണ്. പരാജയപ്പെടരുത്. ഏകാഗ്രതയുടെ പരമകാഷ്ഠയിലെത്തി. ക്ഷീണിതമായ സ്പന്ദനം ജീവൻ അനുഭവിച്ചു. വില്ലുവാതമല്ലെന്ന് ജീവൻ സ്ഥിരീകരിച്ചു. ഗുരുവും അതംഗീകരിച്ചു. ഒരു മുറി മരുന്ന് താൻ പ്രയോഗിക്കാമെന്ന് ജീവൻ ഏറ്റു. വളരെ ക്ഷമയും ത്യാഗവും ഉപയോഗിച്ച് ആ ചികിത്സ അദ്ദേഹം നിർവഹിച്ചു. പ്രതിസന്ധി ഘട്ടം തരണം ചെയ്തു. ഇതിൻ്റെ ക്രെഡിറ്റിൽ മുക്കാൽ പങ്കും ജീവൻ്റേതു തന്നെയെന്നു ഡോക്ടർ സമ്മതിച്ചു.
രംഗലാൽ ഡോക്ടറെ ശു(കാചാര്യനായി ജീവൻ വിശേഷിപ്പിക്കാറുണ്ട്. ജീവനെ കചനോട് താരതമ്യപ്പെടുത്തുകയാണ് രംഗലാൽ ഡോക്ടർ.
ജീവനിലെ ഡോക്ടർ പൂർണ്ണനാകുന്നത് രംഗലാൽ ഡോക്ടറുടെ കയ്യൊപ്പോടുകൂടിയാണ്.
മരണം അന്ധയും ബധിരയുമായതെങ്ങനെ?
ഇതിനെ സംബന്ധിച്ച് ഒരു കഥ ജഗദ്മശായി ജീവനോടു പറയുന്നുണ്ട്. പ്രജാപതിയായ ബ്രഹ്മാവ് സൃഷ്ടി നടത്തിക്കൊണ്ടിരുന്നു. ലയവും മൃത്യുവുമില്ല. സൃഷ്ടികൾ അസംഖ്യമായി. അപ്പോൾ ഒരു ദയനീയ ശബ്ദവും ദുർഗ്ഗന്ധവും അദ്ദേഹം അനുഭവിച്ചു. തൻ്റെ ഒരു സൃഷ്ടി നാശം നേരിടുകയാണ്. ഭൂമി അസംഖ്യം ജീവജാലങ്ങളാൽ നിറഞ്ഞിരിക്കുന്നു. പ്രജാപതി ധ്യാനനിമഗ്നനായി. അദ്ദേഹം പിംഗളകേശിനിയും പിംഗളനേത്രിണിയും പിംഗ ഇവർണ്ണയുമായ, ശരീരത്തിൽ കാഷായമണിഞ്ഞ ഒരുവൾക്ക് പിറവി നല്കി. താനാരാണെന്നും കർമ്മമെന്താണെന്നും അവൾ ആരാഞ്ഞു. തൻ്റെ പുത്രിയായ മൃത്യുവാണു നീ എന്ന് അദ്ദേഹം മറുപടി പറഞ്ഞു. സൃഷ്ടിയെ സംഹരിക്കുകയാണ് ചെയ്യേണ്ടത്.
ഒരു നാരിയുടെ കർത്തവ്യമാണോ ഇതെന്ന് അവൾ വ്യസനിച്ചു. ഈ കുടിലവും കഠിനവുമായ കർമ്മം ചെയ്യാനാകില്ലെന്ന് അവൾ പറഞ്ഞു. കഴിയണമെന്ന് പ്രജാപതിയും. അവൾ തപം ചെയ്തു. ഭഗവാൻ പ്രത്യക്ഷനായി. തൻ്റെ കർത്തവ്യത്തിൽ നിന്നും ഒഴിവാക്കണമെന്നായി അവൾ. പ്രജാപതി അതു തള്ളി. വീണ്ടും തപസ്സു ചെയ്തു. ഒരേ ആവശ്യം. അത് നിരാകരിക്കപ്പെട്ടു. മൂന്നാമതും തപസ്സു ചെയ്തു. അതേ വരം ചോദിച്ചു. അവളുടെ ചുണ്ടു വിറച്ചു. കണ്ണീർ നിറഞ്ഞു. അവളുടെ കണ്ണീർ ഭൂമിയിൽ വീഴരുത്. സൃഷ്ടി ചാമ്പലാകും. അത് ബ്രഹ്മാവ് ഏറ്റുവാങ്ങി. ആ കണ്ണീർത്തുള്ളികളിൽ നിന്ന് ചില കുടില മൂർത്തികൾ പുറത്തുവന്നു. അവരാണ് രോഗങ്ങൾ. ഇവർ നിൻ്റെ സൃഷ്ടിയാണെന്നും അവരായിരിക്കും അവളുടെ സഹചാരികളെന്നും ബ്രഹ്മാവ് പറഞ്ഞു. താൻ ചെയ്യുന്ന പാപം തന്നെ ബാധിക്കില്ലേ എന്നായി അവളുടെ സംശയം. സകല പാപപുണ്യങ്ങൾക്കും അതീതയാണ് നീ എന്നു ബ്രഹ്മാവു പറഞ്ഞു. മനുഷ്യൻ അനാചാരവും അമിതാചാരവും വ്യഭിചാരവും കൊണ്ട് രോഗബാധിതനാകെ നീ അവനു വേദനയിൽ നിന്നു മുക്തി നല്കണം. പക്ഷേ, ഈ മരണരംഗം കാണേണ്ടേ? വേദന കാണേണ്ടേ? കരച്ചിൽ കേൾക്കേണ്ടേ? ഭഗവാൻ പറഞ്ഞു. നീ അന്ധയും ബധിരയുമാകട്ടെ. ബാഹ്യലോകം നിന്നെ അസ്വസ്ഥമാക്കില്ല.
ഇതിൽപരമാണ് മൃത്യുദേവത അന്ധയും ബധിരയുമായത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ