ജ്ഞാനപ്പാനയിലെ ദർശനത്തിൻ്റെ പ്രസക്തി
ജ്ഞാനപ്പാനയുടെ സൗന്ദര്യം അതിൻ്റെ ഭാഷയിലും ആഖ്യാനത്തിലും സാഹിത്യത്തിലും ഉള്ളടങ്ങിയതാണ്. വേദങ്ങളിലും ഉപനിഷത്തുകളിലും പരാമർശിക്കപ്പെടുന്ന ജീവിത ദർശനം എത്ര ലളിതമായാണ് അദ്ദേഹം അവതരിപ്പിച്ചത്! സരള പദങ്ങൾ, ഹൃദ്യമായ ശൈലി ! പറയുന്നതോ വൻജീവിത ദർശനവും!
കൃഷ്ണഭക്തനായിരുന്ന പൂന്താനത്തിനു ജീവിതത്തോടുള്ള അനിർവചനീയമായ ഭക്തിയും പ്രേമവും പ്രകടിതമാകുന്നു ജ്ഞാനപ്പാനയിൽ. പേര് സൂചിപ്പിക്കുന്നതുപോലെ ജ്ഞാനപ്പാന അറിവിൻ്റെ പാട്ടാണ്. തിരിച്ചറിവിലേക്ക് മനുഷ്യനെ നയിക്കുന്ന പാട്ട്. ജാതിഭേദമെന്യ ഏവർക്കും ആസ്വദിക്കാവുന്നതും പ്രാപിക്കാവുന്നതുമായ മേഖലയായി സാഹിത്യത്തെ പരുവപ്പെടുത്താൻ അദ്ദേഹം ശ്രമിച്ചു.
ഭാഷയും ആഖ്യാനവും
പൂന്താനം എഴുതുന്ന കാലഘട്ടത്തിൽ മണിപ്രവാളം, പാട്ട് എന്നീ സാഹിത്യ പ്രസ്ഥാനങ്ങൾ അവയുടെ അപചയദശയിലെത്തിയിരുന്നു. എഴുത്തച്ഛനിലൂടെ മലയാളഭാഷ അതിൻ്റെ അസ്തിത്വം കണ്ടെത്തുകയും ചെയ്തു. മണിപ്രവാളമായിരുന്നു കാവ്യരചനയ്ക്ക് നമ്പൂതിരിമാർ ആശ്രയിച്ചിരുന്ന സാഹിത്യ രൂപം. അത് സാമൂഹികവും സാംസ്കാരികവുമായി അധീശത്വം പ്രാപിച്ച വരേണ്യ/അഭിജാത വർഗ്ഗത്തിൻ്റെ സാഹിത്യോപാധിയായിരുന്നു. കീഴാളവിഭാഗങ്ങൾക്ക് അത് കയ്യെത്താവുന്നതിലും അകലെയായിരുന്നു. മണിപ്രവാളസാഹിത്യമാകട്ടെ, അച്ചീവർണ്ണനകളാൽ, അവരുടെ അവയവം പ്രതിയുള്ള വിവരണങ്ങളാൽ അരോചകവുമായിരുന്നു. ജാതിവ്യവസ്ഥിതിയിൽ അധിഷ്ഠിതമായ സാമൂഹികവ്യവസ്ഥിതിയെ രൂപംകൊണ്ടും ഭാവംകൊണ്ടും താങ്ങിനിർത്തുന്ന ഭാഷാസ്വരൂപമായി മണിപ്രവാളം പരിണമിച്ചു. പാട്ടുപ്രസ്ഥാനമാകട്ടെ തമിഴിൻ്റെ രീതി പിന്തുടരുകയും ബ്രാഹ്മണരല്ലാത്ത കവികളുടെ ഇഷ്ട വ്യവഹാരരൂപമായി പരിണമിക്കുകയും ചെയ്തു. സംസ്കൃതഭാഷയോട് അന്ധമായ വിധേയത്വം പ്രകടിപ്പിച്ച മണിപ്രവാളത്തിൽ നിന്നും വ്യത്യസ്തമായി പ്രാദേശികഭാഷയെ ഉപയോഗിക്കാനും വളർത്താനും ഭക്തിനിർഭരമായ സാഹിത്യം പടുത്തുയർത്താനും പാട്ടുകവികൾ ശ്രമിച്ചു. മലയാളഭാഷയെ മുന്നോട്ടു നയിക്കാനും പുരോഗമനത്തിനുതകുന്ന ചിന്താഗതികൾ സാഹിത്യത്തിലൂടെ പകർന്നു നല്കാനും അവർ പരിശ്രമിച്ചു. നമ്പൂതിരിക്കവികൾ ക്ക് പാട്ടും സ്വീകാര്യമായി. ആഢ്യനമ്പൂതിരിമാരാൽ ആക്ഷേപിക്കപ്പെട്ടെങ്കിലും അവർ ഭാഷാസ്നേഹത്താൽ മലയാളികളുടെ മനസ്സിലിടം നേടി. അപ്രകാരമുള്ള ഒരു കവിയാണ് പൂന്താനം. ലളിതമായി ഗീതാദർശനം പകരുന്നതിലൂടെയും പ്രാദേശികഭാഷയെ ആശയ പ്രചാരണത്തിനുപയോഗിക്കുന്നതിലൂടെയും ഭക്തിപ്രസ്ഥാനത്തെയും പൂന്താനം സജീവമാക്കിയെന്നു പറയാം.
പ്രശസ്ത നിരൂപകൻ ഡോ.പി.സോമൻ എഴുതുന്നു: “ഭക്തി പ്രസ്ഥാനത്തിലെ കവികൾ കൃതികൾ രചിച്ചത് ആലാപനത്തിനുവേണ്ടിയാണ്. അവ ശ്രോതൃസദസ്സുകളിൽ പാടുകയും ജനകീയമനസ്സുകളിലേക്കു പകരുകയും ചെയ്തിരുന്നു. ജനങ്ങളുടെ നാടോടി ശീലുകളും കാവ്യരൂപങ്ങളും അവർ അതിന് ഉപയോഗിച്ചു. ചെറുശ്ശേരിയും എഴുത്തച്ഛനും പൂന്താനവും നാടോടിസാഹിത്യത്തിൻ്റെ രൂപവും താളവും സ്വീകരിച്ചാണ് മലയാള ഭക്തി സാഹിത്യത്തിൻ്റെ മേൽപ്പുര പണിഞ്ഞത്.”- പൂന്താനത്തിന് സാഹിത്യത്തിലും സമൂഹത്തിലുമുള്ള ഇടം ഈ പരാമർശം വെളിപ്പെടുത്തുന്നു (പൂന്താനം പാഠവും പഠനവും).
പതിനാറാം നൂറ്റാണ്ടിൻ്റെ മദ്ധ്യകാലം മുതൽ പതിനേഴാം നൂറ്റാണ്ടിൻ്റെ മദ്ധ്യകാലം വരെ പൂന്താനം ജീവിച്ചിരുന്ന കാലയളവായി പണ്ഡിതർ രേഖപ്പെടുത്തുന്നു. സന്താനഗോപാലം, ജ്ഞാനപ്പാന, ഭാഷാകർണ്ണാമൃതം എന്നീ കൃതികൾ പൂന്താനത്തിൻ്റെതു തന്നെയെന്ന് ഒരു സംശയവുമില്ലാതെ തെളിഞ്ഞിട്ടുണ്ട്.
ജ്ഞാനപ്പാനയെക്കുറിച്ചു പണ്ഡിതന്മാർ
തനി മലയാളത്തിൻ്റെ മർമ്മം കണ്ട കവിയെന്നാണ് ഉള്ളൂർ കേരളസാഹിത്യചരിത്രത്തിൽ പൂന്താനത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. ഭദ്രകാളീക്ഷേത്രത്തിൽ ദേവീപ്രീതിക്കായി നടത്തുന്ന കൊട്ടും പാട്ടും സേവയും പാനയെന്നുമറിയപ്പെടുന്നുണ്ട്. ഈ അവസരത്തിൽ ചൊല്ലുന്ന പാട്ടുകൾ ദ്രുതകാകളി , തരംഗിണി വൃത്തങ്ങളിലാണു രചിച്ചിട്ടുള്ളത്.
ആകൃതി കൊണ്ടു ലഘുവെങ്കിലും അകൃത്രിമമായ രാമണീയകം കൊണ്ട് അത്യന്തം മഹത്തായ കൃതിയെന്നാണ് ജ്ഞാനപ്പാനയെ ഉള്ളൂർ വിശേഷിപ്പിച്ചത്.
2.പൂന്താനം 3.കുഞ്ചൻ നമ്പ്യാർ”
(കേരള സാഹിത്യ ചരിത്രം).
പൂന്താനത്തിൻ്റെ ഏറ്റവും സവിശേഷമായ സിദ്ധി അദ്ദേഹത്തിൻ്റെ ഭക്തിതന്നെയാണെന്ന് പ്രൊഫ. എൻ. കൃഷ്ണപിള്ള അഭിപ്രായപ്പെടുന്നു. കവിത പോലും അതു കഴിഞ്ഞാണ്. “പൂന്താനത്തിൻ്റെ ആദിമസിദ്ധിയും അന്തിമസിദ്ധിയും ഭക്തിയാണെന്ന്” അദ്ദേഹം വീക്ഷിക്കുന്നു (കൈരളിയുടെ കഥ). ഭക്തിയും ജ്ഞാനവും തമ്മിൽ അദ്ദേഹത്തിനു വ്യത്യാസമില്ല. ഭക്തിപാരമ്യം കൊണ്ടുണ്ടാകുന്ന ഉണർവിനെയാണ് പൂന്താനം ജ്ഞാനമായി പരിഗണിക്കുന്നത്. കറകളഞ്ഞ ഭക്തികാവ്യമാണ് ജ്ഞാനപ്പാന. എൻ. കൃഷ്ണപിള്ളയുടെ നിലപാടുകൾ ശ്രദ്ധേയമാണ്.
പ്രഫ. എസ്. ഗുപ്തൻ നായരുടെ വിശകലനത്തിൽ ജ്ഞാനപ്പാനയ്ക്കു തുല്യമായി ജ്ഞാനപ്പാന മാത്രമേയുള്ളൂ. തത്ത്വജ്ഞാനത്തെ ഇതിലധികം സരളമായി പ്രതിപാദിക്കുന്ന മറ്റൊരുഗ്രന്ഥമില്ലെന്നും അദ്ദേഹം പറയുന്നു. ജ്ഞാനപ്പാന ഭക്തിപ്പാന യാണെന്ന് അദ്ദേഹം സമർത്ഥിക്കുന്നു. ജനസാമാന്യത്തിൻ്റെ കൃതിയായിട്ടാണ് അതിനെ പരിഗണിക്കുന്നത്. ഭക്തിയും തത്വചിന്തയും ഇടകലർന്ന പ്രത്യേക മാർഗ്ഗം അവതരിപ്പിച്ച, കാലത്തിൻ്റെ പ്രതിനിധിയായി പി.കെ. പരമേശ്വരൻ നായർ മലയാളസാഹിത്യ ചരിത്രത്തിൽ പൂന്താനത്തെ പിന്താങ്ങുന്നു. കാലഘട്ടത്തിൻ്റെ പ്രാതിനിധ്യമുള്ള കവിതയാണ് പൂന്താനത്തിൻ്റേത്.
ഡോ. എം ലീലാവതിട്ടീച്ചർ ഭക്തിയുടെ സഹചാരിയായ വിരക്തി തത്വശാസ്ത്രത്തേയും പൂന്താനം പ്രചരിപ്പിച്ചുവെന്ന് അഭിപ്രായപ്പെടുന്നു. ആസ്വാദകനെ ഉദ്ബുദ്ധമാക്കുന്ന- ഉണർത്തുന്ന - കവിതയാണ് പൂന്താനത്തിൻ്റേത്. പാനപ്പാട്ടിൻ്റെ ഉപജ്ഞാതാവായി പൂന്താനത്തെ പരിഗണിക്കുന്നു, കെ. വാസുദേവൻ മൂസ്സത്. ആർജവത്വവും അനുഭവാത്മകത്വവും അകൃത്രിമലാളിത്യവും നിറഞ്ഞുനില്ക്കുന്ന വരികളാണ് പൂന്താനത്തിൻ്റേതെന്ന് പ്രശസ്ത നിരൂപകൻ കെ.പി.ശങ്കരൻ പരാമർശിക്കുന്നു. പൂന്താനം കവിത പുരോഗമന സാഹിത്യം തന്നെയാണെന്ന് കാലഘട്ടത്തെയും സമൂഹത്തെയും വിലയിരുത്തി സി.അച്യുതമേനോൻ നിലപാടെടുക്കുന്നു. ഭക്തിപ്രസ്ഥാനത്തിൻ്റെ ലക്ഷണമൊത്ത നായകനാണ് പൂന്താനമെന്ന് പി. ഗോവിന്ദപ്പിള്ള ചൂണ്ടിക്കാട്ടുന്നു.
ആശയം :
ഭക്തിനശിച്ച ഒരു സമുദായത്തെ ഭക്തിയുടെ പാതയിലേക്ക് നയിക്കുകയെന്ന ദൗത്യമാണ് പൂന്താനം ഏറ്റെടുത്തത്. ജാതിവ്യവസ്ഥിതി സൃഷ്ടിച്ച കലുഷമായ സാമൂഹികാന്തരീക്ഷവും നാടുവാഴി - ജന്മി വർഗ്ഗ ചൂഷണവും വിദേശികളുടെ ആഗമനം സൃഷ്ടിച്ച സങ്കീർണ്ണാവസ്ഥയും സമൂഹത്തിൽ ആകെക്കൂടിയുളവായ ആശയക്കുഴപ്പവും സാമൂഹികബന്ധങ്ങളെ ശിഥിലമാക്കി. അഭിജാതവർഗ്ഗം ഭോഗലാലസതയിലും അർത്ഥശൂന്യമായ വ്യാപാരങ്ങളിലും അഭിരമിച്ചു. സമൂഹത്തെ നേരായവഴിയിലേക്കു നയിക്കാൻ ഭക്തിമാർഗ്ഗത്തിലേക്ക് ജനങ്ങളെ തിരിക്കുകയെന്ന ഉപാധിയാണ് ഭക്തി പ്രസ്ഥാന നായകർ സ്വീകരിച്ചത്. അതു തന്നെ പൂന്താനവും കർമ്മപാതയായി കണ്ടു. ധർമത്തെക്കുറിച്ചും അധർമ്മത്തെക്കുറിച്ചുമുള്ള ചിന്ത കൈവിട്ട് തോന്നുംപടി ജീവിക്കുന്ന ഉപരിവർഗ്ഗത്തെ വിമർശിക്കുകയാണ്. മണ്ണിനും പെണ്ണിനും പൊന്നിനും വേണ്ടി തമ്മിൽ കലഹിക്കുകയും ഈശ്വരനെ വിസ്മരിക്കുകയും ചെയ്യുന്നു. ഭാവിയിൽ എന്താണു സംഭവിക്കുകയെന്ന് ഒരാൾക്കുമറിയില്ല. ഈ ദേഹം എന്നു ചേതനയറ്റുവീഴുമെന്ന് പറയാനുമാവില്ല. ഇന്നു കണ്ട ആളെ നാളെ കാണുന്നില്ല. രണ്ടു നാലു ദിനംകൊണ്ട് ഒരാളെ പല്ലക്കിലേറ്റുന്നതും, രാജാവിനെ പിച്ചക്കാരനാക്കുന്നതുമൊക്കെ ഈശ്വരവൈഭവങ്ങളാണ്. പലതരം അധർമ്മങ്ങൾ ചെയ്തു തിമർക്കുന്ന ജനത്തെ മോക്ഷത്തിൻ്റെ പരമാർത്ഥം ബോദ്ധ്യപ്പെടുത്തേണ്ടതുണ്ട്. നാമൊക്കെ ഇഹലോകജീവിതത്തിൽ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നത് കർമ്മം കാരണമാണ്. കർമം മൂന്നുവിധം. പുണ്യകർമം, പാപകർമം, ഇവ രണ്ടും ചേർന്ന കർമം. ആദ്യത്തേത് പൊന്നുകൊണ്ടും രണ്ടാമത്തേത് ഇരുമ്പു കൊണ്ടും മൂന്നാമത്തേത് പൊന്നു കൊണ്ടും ഇരുമ്പു കൊണ്ടും സമ്മിശ്രമായി നിർമിച്ചതാണ്. ബ്രഹ്മാവുമുതൽ ഈച്ച ഉറുമ്പും വരെ കർമത്തിൽ അധിഷ്ഠിതമായാണു പ്രവർത്തിക്കുന്നത്. സവിശേഷമായ ലോകത്തിൻ്റെ വൈശിഷ്ട്യം പൂന്താനം അവതരിപ്പിക്കുന്നു. കർമഫലം എല്ലാവരും അനുഭവിക്കുന്നു. അല്പകാലം കൊണ്ട് നിരവധിജന്മങ്ങൾ എടുക്കാൻ നമുക്കു സാധിക്കുന്നു. നന്മ ചെയ്തു പോയവർക്ക് സ്വർഗ്ഗത്തിൽ പ്രവേശിക്കാനാകുന്നു. സുകൃതം തീരുമ്പോൾ ഭൂമിയിൽ പതിക്കുകയും വ്യത്യസ്ത ജന്മങ്ങൾ ആർജ്ജിക്കുകയും ചെയ്യുന്നു. ദുരിതം ഉണ്ടാക്കുന്നവർ നരകത്തിലെത്തുന്നു. ചീത്തപ്രവൃത്തികൾ ചെയ്തവൻ നീച കുലത്തിൽ പിറക്കുന്നു. കർമത്തിന്നനുസരിച്ചാണ് പുനർജന്മങ്ങൾ ഉണ്ടാകുന്നത്. അസുരന്മാർ സുരന്മാരാകുന്നു. ദേവന്മാർ മരങ്ങളുമാകുന്നു. ആട് ചത്ത് ആനയായി പിറക്കുന്നു. നരി ചത്ത് നരനായും, നാരി ഓരിയായും, ക്രൂരനായ രാജാവ് ചത്ത് കൃമിയായും, ഈച്ച പൂച്ചയായും പിറക്കുന്നു. ഭൂമിയിൽ നിന്നാണ് കർമങ്ങൾ അനുഭവിക്കുന്നത്. ഭൂമിയിൽ നിന്നാണ് ജീവൻ കൈവരിക്കുന്നതും. നമ്മൾ ചെയ്ത കർമഫലം നാം അനുഭവിച്ചേ പറ്റൂ. കർമഫലം അവസാനിക്കുമ്പോൾ വീണ്ടും നേടേണ്ടി വരുന്നു.
കർമങ്ങൾക്കു വിളനിലമായ പ്രദേശമാണ് നമ്മുടെ ജന്മഭൂമിയായ ഭാരതം. കർമഫലം തീർക്കണമെങ്കിലും ഇവിടെത്തന്നെയാണുചിതം. ഭക്തർക്കും മോക്ഷം ആഗ്രഹിക്കുന്നവർക്കും എല്ലാം നല്കുന്നത് വിശ്വമാതാവായ ഭൂമിയാണ്. ഈ ഭൂമിയെ പരിപാലിക്കുന്നതിനായാണ് ഈശ്വരൻ അവതാരങ്ങൾ കൈക്കൊണ്ടത്. അത്രമാത്രം വിശിഷ്ടമായ ഭൂമി പതിനാലു ലോകത്തിലും ഉത്തമമാണ്. സമുദ്രത്താൽ ചുറ്റപ്പെട്ട ഏഴു ദ്വീപുകൾ. അതിലേറ്റവും വിശേഷപ്പെട്ടത് ജംബുദ്വീപ്. അതിൽ ഉള്ള ഒമ്പതു ഖണ്ഡങ്ങളിൽ ഉത്തമമാണ് ഭാരതമെന്ന ദേശം. ഇതിനെ കർമക്ഷേത്രം എന്ന് മുനിശേഷ്ഠന്മാർ കീർത്തിക്കുന്നു. ഭാരതത്തിലെന്നപോലെ കർമത്തിൽ വ്യാപരിക്കാനും കർമം അവസാനിപ്പിക്കാനും പറ്റിയ മറ്റൊരിടമില്ല. അത്രമാത്രം പ്രസക്തമായ ഇടമാണു ഭാരതം. അതു മാത്രമല്ല, നാലുയുഗത്തിലും ഏറ്റവും നല്ലത് കലിയുഗമാണ്. മോക്ഷം കിട്ടാൻ ഏറ്റവും എളുപ്പം ഈ യുഗത്തിലാണ്. കൃഷ്ണാ, ഗോവിന്ദാ, മുകുന്ദാ, രാമാ എന്നിങ്ങനെ തിരുനാമം ജപിച്ചാൽ തന്നെ മോക്ഷം ലഭ്യമാണ്. അതുകൊണ്ട് മറ്റു പതിമൂന്നു ലോകങ്ങളിലുമുള്ള ജനങ്ങളും, ആറു ദ്വീപുകളിലുള്ളവരും, എട്ടു ഖണ്ഡങ്ങളിലുള്ളവരും, മറ്റു മൂന്നു യുഗങ്ങളി (കൃതയുഗം, ദ്വാപരയുഗം, ത്രേതായുഗം)ലുള്ളവരും മുക്തി കിട്ടായ്കയിൽ വർദ്ധിച്ച ആദരവോടെ ഭാരതത്തെ വണങ്ങുന്നു. ഇവിടെ ഒരു പുല്ലായിട്ടെങ്കിലും ജനിച്ച് സുകൃതം നേടാൻ കൊതിക്കുന്നു. ഈ കാലം കലിയുഗമല്ലേ? പ്രദേശം ഭാരതമല്ലേ? ജന്മം നര (മനുഷ്യ) ജന്മമല്ലേ? അതിനാൽ എല്ലാവരും ഹരിനാമങ്ങൾ ജപിക്കിൻ. നരകത്തെ പേടിക്കുവിൻ. നാം നമ്മുടെ ജന്മത്തെ വെറുതെ പാഴാക്കുകയാണ്. വെറുതെ നശിപ്പിക്കുന്നു. എത്രയെത്ര ജന്മം പിന്നിട്ടാണ് ഇവിടെ വന്നു പിറന്നത്! പലപല ഇടങ്ങളിലും പ്രകൃതത്തിലും കഴിഞ്ഞു. ജലത്തിലും മാലിന്യത്തിലും മണ്ണിലും കഴിഞ്ഞു. മരമായും മൃഗമായും പശുവായും മനുഷ്യ ജന്മത്തിനു മുന്നേ പലപല ജന്മങ്ങൾ കഴിച്ചുകൂട്ടി. അവസാനമാണ് ഭാരതമാതാവിൻ്റെ ഗർഭപാത്രത്തിലെത്തിയത്. അതിൽ പത്തുമാസം അമ്മയുടെ വയറ്റിൽ കഴിഞ്ഞു. പത്തുപന്ത്രണ്ടു വർഷം ഉണ്ണിയായി- ബാലകൻ -ക്കഴിഞ്ഞു. സ്വയം അഭിമാനിച്ചും അഹങ്കരിച്ചും അങ്ങനെ കഴിയുന്നു. എത്രകാലമിരിക്കുമെന്നു പറയാനാവില്ല. നീർക്കുമിള പോലെയുള്ള ദേഹം. അതിൽ ഒരു നിശ്വാസം മാത്രം പ്രകടമാകുന്നു. ആ നിശ്വാസം നേർത്തു നേർത്തില്ലാതാകാൻ ഇത്തിരി നേരമേ വേണ്ടൂ. എന്നിട്ടു പോലും ആരും തിരുനാമങ്ങൾ ചൊല്ലുന്നില്ല. സ്ഥാനവും മാനവും ചൊല്ലി പരസ്പരം കലഹിച്ച് നാണം കെട്ടു നടക്കുകയാണ് ചിലർ. അഹങ്കാരത്തിൻ്റെ ഫലമാകുന്നു പോര്. ബുദ്ധികെട്ട് തമ്മിൽത്തല്ലി നടക്കുകയാണ് മറ്റുചിലർ. ചിലർ സുന്ദരികളുടെ മുന്നിൽ കുഞ്ചിരാമനായി മാറുന്നു. അവളുടെ താളത്തിനൊത്ത് സ്വന്തം നിലയും വിലയും മറന്നു തുള്ളുന്നു. കോവിലകത്തെ സേവകനാണു താനെന്ന് ചിലർ ഞെളിയുന്നു. കൊഞ്ചിച്ചു വളർത്തിയ കുഞ്ഞിനെ കഞ്ഞിക്കു വകയില്ലാത്തതിനാൽ ചിലർ വില്ക്കുന്നു. അമ്മയ്ക്കും അച്ഛനും ഭാര്യയ്ക്കും ഉണ്ണാനുള്ള വക പോലും ചിലർ നല്കുന്നില്ല. പാണിഗ്രഹണം ചെയ്തവളെ സ്വപ്നത്തിൽ പോലും ചിലർ ദർശിക്കുന്നില്ല. നല്ലതുപദേശിക്കുന്നവരെ ശത്രുവിനെപ്പോലെ കാണുന്നു, ആക്ഷേപിക്കുന്നു. വന്ദിക്കേണ്ടവരെ നിന്ദിക്കുന്നു. നമ്മൾ ഉള്ളതിനാലാണ് ഈ ലോകം നില്ക്കുന്നതെന്നാണ് ചിലരുടെ ഭാവം. ബ്രാഹ്മണ്യം കനത്തു പോയെന്നും, ബ്രഹ്മാവു പോലും തൻ്റെ മുന്നിൽ ഒന്നുമല്ലെന്നും ചിലർ. എങ്ങനെയെങ്കിലും പണമുണ്ടാക്കുവാനുള്ള തത്രപ്പാടിലാണ് പലരും. ഉള്ള ധനവും സ്വർണ്ണവും വർദ്ധിപ്പിക്കാനാണ് ശ്രമം. അളവറ്റ ധനം ലഭിക്കുന്നതിനായി യാഗങ്ങളും മറ്റും നടത്തുന്നു. വൃത്തികെട്ട്, ധൂർത്തടിച്ച് ധനത്തെക്കുറിച്ചുമാത്രം ചിന്തിച്ച് മനുഷ്യൻ നശിക്കുന്നു. ധനം എത്ര കിട്ടിയാലും ഒരിക്കലും മതിയാകില്ല. പത്തു കിട്ടിയാൽ നൂറും, നൂറു കിട്ടിയാൽ ആയിരവും, ആയിരം കിട്ടിയാൽ പത്തായിരം വേണമെന്നും - ആഗ്രഹങ്ങൾക്ക് പഞ്ഞമില്ല. ആശയാകുന്ന പാശം അതിരില്ലാത്തതാണ്. നല്ലവർ ചെന്ന് ഇത്തിരി ധനം ചോദിച്ചാൽ ദുഷ്ടന്മാർ ഒന്നു പോലും കൊടുക്കില്ല. ചാവുമ്പോൾ ഉടുത്ത വസ്ത്രം പോലും ഒരാൾക്കും കൊണ്ടുപോകാനാകില്ല. ധനത്തിലുള്ള ആശയാൽ ചിലർ സത്യത്തെ തള്ളിക്കളയുന്നു. പശ്ചാത്താപം ഒട്ടുമില്ലാതെ വിശ്വാസവഞ്ചന നടത്തുന്നു. സത്യമെന്നാൽ ബ്രഹ്മമാണെന്ന് നല്ലവർ കരുതുന്നു. എന്നാൽ, വിദ്യയാൽ അറിയേണ്ടത് അറിയാതെ വിദ്വാന്മാരായി നടിക്കുകയാണ് ചിലർ. അത്, കുങ്കുമത്തിൻ്റെ ഗന്ധമറിയാതെ കഴുത കുങ്കുമം ചുമക്കുന്നതുപോലെയാണത്. വിദ്യയുണ്ടെങ്കിലും അതിനാൽ അറിയേണ്ടതെന്തെന്ന് തിരിച്ചറിയാനുള്ള പാടവം ഉണ്ടാവുകയാണ് പ്രധാനം. എല്ലാവരും മോഹം കൊണ്ട് ഭ്രമിക്കുകയാണ്. ആയുസ്സ് ഓരോ നിമിഷവും കുറഞ്ഞുവരികയാണ്. എന്നാൽ മോഹമോ ? മണ്ടിമണ്ടിക്കയറുകയാണ്. ഓണം കഴിഞ്ഞല്ലോ, വിഷു വരാനുണ്ട്, തിരുവാതിരയായില്ലല്ലോ, കുംഭത്തിലാണ് പിറന്നാൾ, വൃശ്ചികത്തിൽ ഒരു ശ്രാദ്ധമുണ്ടല്ലോ, ഒരു ഉണ്ണിയുണ്ടായി വളർത്തി വലുതാക്കി അവനെ വിവാഹം കഴിപ്പിച്ച് അതിൽ ഒരു ഉണ്ണിയുണ്ടായിക്കാണണമെന്നും കൈയിൽ വന്ന നിലം കൈമോശം വരാതെ സൂക്ഷിക്കണമെന്നും മറ്റും ചിന്തിച്ചിരിക്കെ, ശിവ! ശിവ! പാവം ചത്തുപോകുന്നു.
ജീവിതത്തിൻ്റെ നശ്വരതയെക്കുറിച്ചോർക്കാത്ത മനുഷ്യരെ അപലപിക്കാനും, അവരുടെ സ്വാർത്ഥതയെയും അഹങ്കാരത്തെയും തുറന്നുകാട്ടാനും നല്ലതു സംഭവിക്കണമെങ്കിൽ ഈശ്വരനിൽ മനസ്സർപ്പിക്കണമെന്നും വാദിക്കുന്ന ഈ കാവ്യം, ഇരുളാണ്ട ഒരു കാലഘട്ടത്തിലെ വെളിച്ചമായി കലാശിച്ചുവെന്നതാണ് വസ്തുത. ഒരു കാലഘട്ടത്തിലെ തിന്മകളോട് പ്രതികരിച്ച ഈ കാവ്യം അതിനാൽ തന്നെ പുരോഗമനപരമാണ്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ