ആരോഗ്യ നികേതനം - പാർട്ട് 1 :
പ്രശസ്ത ബംഗാളി സാഹിത്യകാരനാണ് താരാശങ്കർ ബാനർജി (1898-1971). 1953 ലാണ് ആരോഗ്യ നികേതനം പ്രസിദ്ധീകരിച്ചത്. 1962 ൽ പത്മശ്രീ പുരസ്കാരവും 1967 ൽ ജ്ഞാനപീഠ പുരസ്കാരവും അദ്ദേഹത്തിനു ലഭിച്ചു. സാഹിത്യകാരൻ, രാഷ്ട്രീയ- സാമൂഹിക-സാംസ്കാരിക പ്രമുഖൻ എന്നീ നിലകളിൽ പ്രശസ്തനാണ്. ഇന്ത്യൻഭാഷകളിൽ വെച്ച് ഏറ്റവും മികച്ച നോവൽ എന്നു വിലയിരുത്തപ്പെട്ട കൃതിയാണ് ആരോഗ്യ നികേതനം. ഈ നോവൽ മലയാളത്തിലേക്കു വിവർത്തനം ചെയ്തിരിക്കുന്നത് നിലീനാ ഏബ്രഹാം ആണ്. 1961ലാണ് ഈ വിവർത്തനം. പ്രാരംഭം, അന്ത്യം എന്നിവ കൂടാതെ 37 അദ്ധ്യായങ്ങൾ ഈ കൃതിയിലുണ്ട്. 1950 ൽ നടക്കുന്ന കഥയായിട്ടാണ് ഇതിൻ്റെ ആഖ്യാനം. നാഡീപരിശോധനയിലൂടെ രോഗനിർണ്ണയവും മരണകാല നിർണ്ണയവും നടത്താൻ സമർത്ഥനായ ഒരു പാരമ്പര്യ വൈദ്യൻ്റെ ജീവിതമാണ് ഈ നോവലിൽ അപഗ്രഥിക്കുന്നത്.
ആരോഗ്യനികേതനമെന്ന ചികിത്സാലയത്തെ പരാമർശിച്ചു തന്നെയാണ് നോവൽ പ്രാരംഭം തുടങ്ങുന്നത്. ദേവീപുരം ഗ്രാമത്തിലാണ് മൂന്നു തലമുറയായി ചികിത്സ നടത്തിവരുന്ന മശായ് കുടുംബത്തിൻ്റെ ചികിത്സാലയം. എൺപതു വർഷം മുമ്പു സ്ഥാപിക്കപ്പെട്ട ഈ കെട്ടിടം ഇപ്പോൾ ശോച്യാവസ്ഥയിലാണ്. എപ്പോഴും ഇടിഞ്ഞു പൊളിഞ്ഞു വീഴാം. ഇത് സ്ഥാപിച്ചത് ജഗത്ബന്ധു വൈദ്യമഹാശയനാണ്. ജഗത് ബന്ധുമശായ് എന്നു വിളിക്കും. അതു സ്ഥാപിക്കെ, തൻ്റെ സുഹൃത്തായ ഠാക്കൂർദാസ് മിശ്ര യോട്, ഞങ്ങളുടെ വംശമുള്ളിടത്തോളം കാലം ഇതു നിലനില്ക്കുമെന്ന് അഭിപ്രായപ്പെട്ടു. ഒരിക്കലും ക്ഷയിക്കാത്ത തൊഴിലാണിതെന്നും പഴകുന്തോറും വിലകൂടുമെന്നും ഏറ്റവും ലാഭമുള്ള തൊഴിലാണിത്. ആരും ആരെയും ചതിക്കുന്നില്ല - കൊടുക്കുന്നവനും വാങ്ങുന്നവനും ലാഭമുണ്ട് -അദ്ദേഹം പറഞ്ഞു. ഠാക്കൂർദാസ് മിശ്രയ്ക്ക് ഇതത്ര രുചിച്ചില്ല. നിങ്ങൾക്കു ലാഭമുണ്ടാകും. പക്ഷേ, രോഗിക്കു ലാഭമുണ്ടാകുമെന്നു പറയുന്നത് ഏതർത്ഥത്തിലാണ്? ഒരു കൂട്ടർക്ക് ആരോഗ്യലാഭവും മറുകൂട്ടർക്ക് സേവനലാഭവുമുണ്ടാകുന്നു. യുധിഷ്ഠിരൻ യക്ഷനുനല്കിയ ഉത്തരവും അതായിരുന്നുവെന്ന് ജഗത് മശായ് വ്യക്തമാക്കുന്നു. ലാഭാനാമുത്തമം കിം? ലാഭാനാം ശ്രേയ ആരോഗ്യം. ഏറ്റവും ശ്രേഷ്ഠമായ ലാഭം ആരോഗ്യമാണ്. ചീരകൊണ്ട് (പുരാണപ്രസ്താവം കൊണ്ട് ) മീനിൻ്റെ മണം മൂടിവെക്കാനാകില്ലെന്ന് മിശ്ര പറയുന്നു. എന്നാൽ, വാതം പിടിപ്പെട്ട മിശ്രയെ ജഗത് മശായി ചികിത്സിച്ചു സുഖപ്പെടുത്തുകയും ‘ലാഭാനാം ശ്രേയ ആരോഗ്യം’ എന്നു ആരോഗ്യ നികേതനത്തിൻ്റെ ചുവരിൽ മിശ്ര എഴുതിവെക്കുകയും ചെയ്തു.
എന്നാൽ ഈ ചികിത്സാലയത്തിന് ആരോഗ്യനികേതനമെന്ന പേരിട്ടത് ജഗത്ബന്ധു മശായുടെ മകൻ ജീവൻദത്ത മശായുടെ കാലത്താണ്.
ആരോഗ്യ നികേതനം ആരംഭിച്ച സന്ദർഭത്തിൽ ഗ്രാമം ഐശ്വര്യസമൃദ്ധമായിരുന്നു. എന്നാൽ ഇന്ന് നാടിൻ്റെ സ്ഥിതി ദയനീയമാണ്. ആധുനികചികിത്സാലയങ്ങൾ നവാഗ്രാമിലും മറ്റും ഇടംപിടിച്ചിരിക്കുന്നു. സർട്ടിഫിക്കറ്റുള്ള അലോപ്പതി ഡോക്ടർമാർ, പരമ്പരാഗത വൈദ്യരെ വെല്ലുവിളിച്ചു കൊണ്ട് നാട്ടിൽ സുലഭമായിരിക്കുകയാണ്.
ജീവൻമശായുടെ ചികിത്സയുടെ ഏറ്റവും വലിയ സവിശേഷത അദ്ദേഹം രോഗിയുടെ നാഡി പരിശോധിച്ച് രോഗവിവരവും മരണകാലവും മനസ്സിലാക്കുമെന്നതാണ്. നാഡി പരിശോധിക്കുന്നതിനായി മാത്രം നിരവധിപേർ എത്താറുണ്ട്. സ്വന്തം പുത്രനായ വനവിഹാരിയുടെ നാഡി പരിശോധിച്ച് മരണകാലം പറഞ്ഞയാളാണ് ജീവൻ മശായി.
നിരവധി മരണങ്ങൾ, കരച്ചിലുകൾ, ഹൃദയം പിളർക്കുന്ന സന്ദർഭങ്ങൾ ഒക്കെ അദ്ദേഹം അഭിമുഖീകരിച്ചിട്ടുണ്ട്. ചികിത്സിച്ചിട്ടു കാര്യമില്ലെന്നറിഞ്ഞാലും അദ്ദേഹം അവസാനനിമിഷം വരെ ശ്രമിക്കും. മരണവീട്ടിലെ അദ്ദേഹത്തിൻ്റെ ഇരിപ്പ് അനങ്ങാതെ, മഹാവൃക്ഷസമാനമാണ്. ആളുകൾ പറയും: അവർ കരിങ്കല്ലുകളാണ്. ജീവൻ മശായുടെ ഭൂതകാലാനുഭവങ്ങളെയും വർത്തമാനകാലാനുഭവങ്ങളെയും സമന്വയിച്ച്, ഓർമ്മകളും ചിന്തകളും കൂട്ടിക്കലർത്തിയാണ്, നോവൽ മുന്നോട്ടുപോകുന്നത്.
ഗോഷ്ഠ കർമ്മകാരുടെ മകനായ മോത്തി ഡോക്ടറെ തിരക്കിവന്നിരിക്കുകയാണ്. അവൻ്റെ അമ്മ കുളക്കടവിൽ വീണു കാലുപൊട്ടിക്കിടപ്പാണ്. അസഹ്യമായ വേദനയുണ്ട്. ഡോക്ടർ എത്തുമ്പോഴേക്കും മോത്തി സൗകര്യങ്ങളൊരുക്കിയിരുന്നു. വൃദ്ധ ക്ഷീണിച്ച് ദുഃഖിച്ച് കാൽമുട്ട് നീരു ബാധിച്ചു കിടക്കുകയാണ്. ഡോക്ടർ സ്പർശിച്ചപ്പോൾ അവർ നിലവിളിച്ചു. ഡോക്ടർ നാഡി നോക്കി. പനിയുണ്ട്. കുത്തിവെപ്പും പട്ടിണി കിടക്കലും വേണ്ടെന്നായി അവർ. പട്ടിണികിടക്കാനവൾക്ക് സാധിക്കില്ലെന്ന് ഗോഷ്ഠ പറഞ്ഞ അനുഭവത്തിൽ നിന്നും ഡോക്ടർ ക്കറിയാം. യഥാർത്ഥത്തിൽ അവൾ പനിബാധിച്ചപ്പോൾ പട്ടിണി കിടക്കേണ്ടതിനു പകരം ഭക്ഷണം കട്ടുതിന്നുകയായിരുന്നു. ഇതോർമ്മവന്നപ്പോൾ വൃദ്ധ ലജ്ജിച്ചു. വൃദ്ധയ്ക്ക് നല്ലപോലെ ഭക്ഷണം നല്കാൻ അദ്ദേഹം നിർദ്ദേശിച്ചു. വേദനയുണ്ടെങ്കിൽ ചൂടുപിടിക്കട്ടെ. അപ്പോൾ മരുന്നൊന്നുമില്ലേ? അതിനർത്ഥം ഞാൻ ഇനി ജീവിക്കുകയില്ലെന്നാണോ? വൃദ്ധ ആശങ്കപൂണ്ടു. മശായിയുടെ നേരെ വിചിത്രമായ നോട്ടം പായിച്ചു. മരുന്നിന്ന് രോഗം ഭേദമാക്കാനേ കഴിയൂ. മരണം തടയാനാകില്ല. ഇനി മരിക്കുന്നതിന് എന്തിനാ വിഷമം? പറ്റുമെങ്കിൽ ഏതെങ്കിലും പുണ്യസ്ഥലത്തേക്കു പോകൂ, ഗംഗാതീരം വളരെ നല്ലതാണെന്നു പറഞ്ഞുകൊണ്ട് ഡോക്ടർ ഇറങ്ങി.
വൃദ്ധയ്ക്ക് മരിക്കാൻ താൽപ്പര്യമില്ല. ബന്ധങ്ങളിൽ ഒട്ടിക്കിടക്കുകയാണ് ആ മനസ്സ്. തൻ്റെ ഭാരിച്ച ശരീരവുമായി ഡോക്ടർ നടന്നു. വഴിയിൽ കുട്ടികളോടു വർത്തമാനം പറഞ്ഞു. ആരോഗ്യനികേതനത്തിൽ സേതാബ് മുക്കർജി കാത്തിരിപ്പുണ്ടായിരുന്നു. സേതാബാണ് പ്രിയസുഹൃത്ത്. രണ്ടുപേരും വരാന്തയിലിരുന്ന് ചതുരംഗം കളിക്കെ മഴയാരംഭിച്ചു. സേതാബ് തണുക്കുന്നെന്നു പറഞ്ഞു. പനി പരിശോധിക്കാൻ കൈ നീട്ടാൻ പറഞ്ഞുപ്പോൾ സേതാബിനു കോപം വന്നു. ബലമായി നോക്കാൻ ശ്രമിച്ചെങ്കിലും സേതാബ് കൈവലിച്ചു. കുതറി മാറി സേതാബ് നടന്നു. ഡോക്ടർ ആശങ്കയോടെയിരുന്നു. സേതാബിൻ്റെ വീട്ടിലേക്കു പോയാലും നാഡി നോക്കാൻ വിടില്ല. ദേഷ്യപ്പെടും. മഴയുമുണ്ട്.
പിറ്റേന്ന് രാവിലെ സേതാബിനെ കണ്ടു. സേതാബിൻ്റെ ഭാര്യയ്ക്ക് സേതാബ് വലിയ വിഷയമല്ല. എന്നാൽ സേതാബില്ലെങ്കിൽ താൻ വല്ലാതെ ബുദ്ധിമുട്ടും. നാഡി പരിശോധിച്ചു. പനിയില്ല. സേതാബ് ഭക്ഷണപ്രിയനാണ്. ഭാര്യയുടെ തീറ്റിയെപ്പറ്റി പരിഭവവുമുണ്ട്. ഇനിയും ജീവിക്കാൻ ഒരുപാടു കാലമുണ്ടെന്ന് സേതാബിനോടു പറഞ്ഞു. ബിസ്ക്കറ്റ് മേടിച്ചു കൊടുത്തയക്കാമെന്നു വാക്കു നല്കി ഡോക്ടർ ഇറങ്ങി. സാധാരണഗതിയിൽ ഡോക്ടറെ കണ്ടാൽ ആൾക്കാർ വിടില്ല. രോഗികളുടെ നാഡി പരിശോധിക്കാൻ നിർബന്ധിക്കും. പുതിയ ആരോഗ്യകേന്ദ്രത്തിനു സമീപത്തു കൂടിയാണ് യാത്ര. ഒരു വശത്ത് ചാരിറ്റബിൾ ഡിസ്പെൻസറി. പുതിയ ആരോഗ്യകേന്ദ്രം മറുഭാഗത്തും വരുന്നു. നിരവധി വിഭാഗങ്ങൾ. കിടക്കകൾ. ലാബ് സൗകര്യം. നാട്ടിൽ രോഗങ്ങൾ വളർന്നുവരികയാണ്. ആശുപത്രികൾ നല്ലതു തന്നെ.
വഴിയിൽ ഹരിഹരൻ കമ്പൗണ്ടർ. വിശേഷങ്ങൾ ചോദിച്ചു. പെൻസിലിൻ്റെ (മരുന്ന്) യുഗമാണിതെന്ന് ഡോക്ടർ അഭിപ്രായപ്പെട്ടു. അപ്പോഴാണ്, മോത്തിയുടെ അമ്മയെ നോക്കാൻ പോയ പ്രദ്യോത് ഡോക്ടർ വരുന്നുണ്ടെന്ന വിവരം അറിഞ്ഞത്. മോത്തി തന്നെ വിശ്വസിക്കാതെയല്ലേ വേറെ ഡോക്ടറെ വിളിച്ചത്? ഡോക്ടർ വല്ലാതായി. പ്രദ്യോത് കൽക്കത്തക്കാരനാണ്. മോത്തിയുടെ അമ്മയെ കണ്ടെന്നു പറഞ്ഞു. എക്സ് - റേ എടുത്താലേ പറയാൻ കഴിയൂ. ഉള്ളിൽ എല്ലൊടിഞ്ഞിട്ടുണ്ട്. ചികിത്സിച്ചാൽ സുഖമാകുമെന്നാണ് ഈ ഇംഗ്ലീഷു-അലോപ്പതി - ചികിത്സകൻ്റെ പക്ഷം. മശായി ഇതു നിഷേധിക്കുന്നു. എല്ലൊന്നും ഒടിഞ്ഞിട്ടില്ല. വേദന ഓരോ സ്ഥലത്താണു വരുന്നത്. അതൊരു മരണകാരണമാകാം.
പ്രദ്യോത് കർക്കശമായി പറഞ്ഞു: നിങ്ങൾ ഗംഗയിലേക്ക് അയക്കാൻ ഏർപ്പാടു ചെയ്തല്ലേ പോന്നത്? തള്ളയാകെ പേടിച്ചുവിറച്ചിരിക്കുന്നു. അവളെ മരിക്കാൻ ഞാൻ സമ്മതിക്കില്ലെന്ന് പ്രദ്യോത് വാദിച്ചു. എന്നാൽ മശായ് പറഞ്ഞു, തള്ള താനേ മരിക്കും. മൂന്നു മാസം. പരമാവധി ആറുമാസം. അതിനകം പോകും. ഇങ്ങനെ മരണകാലം പറയരുതെന്നും ആധുനിക വൈദ്യശാസ്ത്രം ഏറെ പുരോഗമിച്ചെന്നും പ്രദ്യോത് തർക്കിച്ചു. ഇതൊക്കെ മനുഷ്യത്വമില്ലായ്മയാണെന്നാണ് അദ്ദേഹത്തിൻ്റെ വാദം. അല്പം പോയി തിരിച്ചുവന്നിട്ട് ആ യുവാവായ ഡോക്ടർ പരുഷഭാവത്തോടെ, പറഞ്ഞു:
‘ മുറിവൈദ്യമല്ലാതെ വേറെ ചികിത്സയില്ലാതിരുന്ന കാലത്ത് ചെയ്തതൊക്കെയിരിക്കട്ടെ. പക്ഷേ, ശാസ്ത്രീയമായ ഏർപ്പാടുകളുള്ള ഈ കാലത്ത്, ആളുകൾക്ക് അതിനു സൗകര്യമുള്ളപ്പോൾ, മുറിവൈദ്യം ചെയ്യുന്നത് ഭയങ്കരമായ അപരാധമാണ്. വേറെ വല്ല നാട്ടിലുമായിരുന്നെങ്കിൽ നിങ്ങളെ ശിക്ഷിച്ചേനെ”- ജീവൻ മശായ് സ്തബ്ധനായി. ഏതായാലും ഇതൊന്നും അദ്ദേഹത്തിനു പുത്തരിയല്ല. അഭിപ്രായവ്യത്യാസവും അവജ്ഞയും നേരിട്ടിട്ടുണ്ട്. എങ്കിലും അവസാന വിജയം മശായിക്കു തന്നെയായിരിക്കും. മശായ്ക്ക് തെറ്റുപറ്റിയില്ലെന്ന്.
തൻ്റെ മുത്തച്ഛനായ ദീനബന്ധു ദത്ത മഹാശയന് ഈ പരിജ്ഞാനം പകർന്നത് വൈദ്യകുലതിലകൻ കൃഷ്ണദാസ് സെൻ കവിരാജ മഹാശയനിൽ നിന്നാണ്. അന്നത്തെ പ്രബലരായ റായ് ചൗധരി വംശത്തിൻ്റെ പിന്തുണയോടെ നവാഗ്രാമിൽ ഒരു പാഠശാല തുറന്നു. ദീനബന്ധുദത്ത അവിടെ പഠിപ്പിക്കുകയും റായ്ചൗധരിയുടെ കണക്കുകൾ എഴുതുകയും ചെയ്തു. ആ വംശത്തിലെ മൂത്ത കാരണവരുടെ ഏകപുത്രന് സന്നിപാതജ്വരം പിടിപ്പെട്ടു. എല്ലാവരും പ്രതീക്ഷ കൈവിട്ടെങ്കിലും കൃഷ്ണദാസ് സെൻ പ്രതീക്ഷ കൈവിട്ടില്ല. രോഗിയെ ശുശ്രൂഷിക്കാൻ ധീരനും കഠിനപ്രയത്നം ചെയ്യുന്നവനുമായ ഒരാൾ വേണം. ദീന ബന്ധുദത്ത അതേറ്റെടുത്ത് രോഗിയെ ശുശ്രൂഷിച്ചു. രോഗം നിശ്ശേഷം മാറി. ഉപഹാരങ്ങൾ വാഗ്ദാനം ചെയ്യപ്പെട്ടെങ്കിലും ദത്ത സ്വീകരിച്ചില്ല. എന്നാൽ, കവിരാജ് കൃഷ്ണദാസ് ഒരു സമ്മാനം നല്കാൻ തയ്യാറായി: ചികിത്സാവിദ്യ. സ്ഥിരബുദ്ധിയായ, ദുരാഗ്രഹിയല്ലാത്ത ഈ ചെറുപ്പക്കാരനെ ചികിത്സ പഠിപ്പിക്കാൻ അദ്ദേഹം തയ്യാറായി. മശായ് എന്ന സ്ഥാനപ്പേര് ആദ്യം ദീനബന്ധു ദത്തയ്ക്കാണു ലഭിച്ചത്. ദീനബന്ധുവിൻ്റെ മകനാണ് ജഗദ് ബന്ധു. പിതാവിൽ നിന്ന് എല്ലാ വിദ്യയും അഭ്യസിച്ചു. ജഗദ്ബന്ധു പാരമ്പര്യവൈദ്യം മാത്രമല്ല, സംസ്കൃതം പഠിച്ച് ആയുർവേദവും അഭ്യസിച്ചു. രോഗികളെ യാതൊരു ദുരാഗ്രഹവുമില്ലാതെ ശുശ്രൂഷിച്ചു. അദ്ദേഹത്തിൻ്റെ പെരുമാറ്റം മാധുര്യം നിറഞ്ഞതായിരുന്നു. ഇങ്ങനെ പല ചിന്തകളിൽ മുഴുകി ആരോഗ്യ നികേതനത്തിലെത്തിയതറിഞ്ഞില്ല. അവിടെ രോഗികൾ കാത്തുനിൽപ്പുണ്ട്. പഴയ പ്രതാപമില്ലെങ്കിലും അദ്ദേഹത്തിൽ വിശ്വാസമർപ്പിച്ച ചിലരുണ്ട്. അവരെ കൈവെടിയാൻ അദ്ദേഹത്തിനു സാധിക്കില്ല. താൻ ചികിത്സ നിർത്തുകയാണെന്നു പറഞ്ഞപ്പോൾ മക്ബൂൽ ആശ്ചര്യപ്പെടുന്നു. ദാന്തു ഘോഷാൽ കടുത്ത വലിവും ചുമയും കാരണം വന്നിരിക്കുകയാണ്. പുകവലിച്ചത് അതിൻ്റെ തീവ്രത കൂട്ടി. ഈ തെറ്റിന് ഡോക്ടർ അയാളെ ശകാരിക്കുന്നു. അമർകുടി ഗ്രാമത്തിലെ പരാൻഖാൻ ഡോക്ടറെ കൂട്ടാനായി വന്നിട്ടുണ്ട്. അയാളുടെ മൂന്നാമത്തെ ഭാര്യയ്ക്കു സുഖമില്ല. ചാപിള്ള പ്രസവിച്ചതാണ്. രോഗം മാറണമെന്ന് അവൾക്കു താൽപ്പര്യമില്ലെന്ന് ഡോക്ടർക്കു തോന്നി. അതിനാൽ രോഗം ഭേദമുണ്ടെങ്കിലും കുറഞ്ഞിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഓരോ രോഗിയുടെയും മാനസികവും ശാരീരികവുമായ കാര്യങ്ങൾ മാത്രമല്ല, കുടുംബപരവും പാരമ്പര്യപരവുമായ കാര്യങ്ങളടക്കം ഡോക്ടർക്കറിയാം. ഇതു ചികിത്സയെ ഏറെ സഹായിക്കുന്നു.
ഈ ദിവസം ഡോക്ടർ തൻ്റെ നിർദ്ധനാവസ്ഥയെക്കുറിച്ചു ചിന്തിച്ചു. ക്ഷമകെട്ടവളായ ഭാര്യ -അത്തർ ബൗ വിനെ നോക്കേണ്ടതുണ്ട്. അത്തർ ബൗ ഒരു ബഹളക്കാരിയാണ്. അതിരാവിലെ വലിയ കോധത്തോടുകൂടിയാണ് എഴുന്നേല്ക്കുക. എല്ലാവരെയും ശകാരിക്കും. ഡോക്ടറോട് ഒരു മയവും കാട്ടില്ല. കടുത്ത ഭാഷയിൽ ഉറക്കെ എന്തെല്ലാമോ വിളിച്ചു പറയും. താൻ മറ്റൊരുവളുടെ പകരക്കാരിയായാണ് അവിടെ എത്തിയതെന്ന നൈരാശ്യം അത്തർ ബൗവിൻ്റെ ഉള്ളിലുണ്ട്. വിവാഹം കഴിച്ചുവന്ന നാളുകളിൽ വീട്ടിൽ എല്ലാവർക്കും പ്രിയപ്പെട്ടവളായിരുന്നെങ്കിലും ഭർത്താവായ ജീവൻമശായിക്ക് അവൾ സ്വസ്ഥത നല്കിയില്ല.
പരാൻഖാൻ്റെ വീട്ടിൽ നിന്നെത്തുമ്പോഴേക്കും അത്തർ ബൗ കുപിതയായി നില്ക്കുകയാണ്. നിഷ്ഠുരമായി ശകാരം ചൊരിയുന്നു. മശായിയുടെ ശിഷ്യനും നവഗ്രാമിലെ മുറിഡോക്ടറുമായ ശശിമുഖർജിയെയും മശായിയെയുമാണ് ശകാരിക്കുന്നത്. ശരി വന്ന് എന്തോ പറഞ്ഞിട്ടുണ്ട്. ശശി ഒരു വിചിത്ര പ്രകൃതക്കാരനാണ്. ആരോഗ്യനികേതനത്തിൽ മരുന്നെടുത്തു കൊടുക്കാൻ നിന്ന ശശിയെ അല്പം വൈദ്യവും നാഡി പരിശോധനയും മശായ് പഠിപ്പിച്ചു. ഇടവിടാതെ പുകവലിക്കും. ക്ഷൗരഭയത്താൽ താടിയും മീശയുമൊക്കെ വളർത്തിയിരിക്കുന്നു. ജീവൻ മശായുടെ സന്മനസ്സും ഔദാര്യ മനോഭാവവും ശശി പ്രശംസിക്കുന്നു. പ്രദ്യോത് ഡോക്ടർ പറഞ്ഞ കാര്യങ്ങൾ അത്തർ ബൗ വിനോട് കൊട്ടിഘോഷിച്ചതാണ് അവൾ ദേഷ്യപ്പെടാൻ കാരണം. അതിൽ ശശി ഉപയോഗിച്ച bogus എന്ന വാക്കാണ് അവളെ സംശയാലുവാക്കിയത്. ആ വാക്കിൻ്റെ അർത്ഥമറിയില്ലെങ്കിലും അതത്ര നല്ല വാക്കല്ലെന്ന് അവൾക്കു തോന്നി. യഥാർത്ഥത്തിൽ വി.കെ. മെഡിക്കൽ സ്റ്റോറിലെ വിനയനാണ് അതുവഴി പോവുകയായിരുന്ന ശശിയെ വിളിച്ച് എല്ലാ മുറിവൈദ്യരുടെയും പിഴപ്പ് മുട്ടിക്കുമെന്ന് പ്രദ്യോത് പറഞ്ഞതായി അറിയിച്ചത്.
അനീതിയെ ചെറുക്കാനുള്ള വാസന മനുഷ്യസഹജമായ കർത്തവ്യമാണ്. പ്രദ്യോത് എല്ലാ ഡോക്ടർമാരെയും വിവരമറിയിച്ചു കഴിഞ്ഞു. ആകെക്കൂടി ഒരു ബഹളം സൃഷ്ടിക്കാൻ അയാൾക്കു സാധിച്ചിട്ടുണ്ട്. മരണമെന്തെന്ന് പറയണമെങ്കിൽ ആരും അതിനെ കണ്ടിട്ടില്ല, അതിൻ്റെ സ്വരം കേട്ടിട്ടില്ല. വർണ്ണം,ഗന്ധം, ശബ്ദം, സ്പർശം, രുചി - ഒന്നുമറിയില്ല. മരിക്കും എന്ന് ഒരു ഡോക്ടർ പറഞ്ഞാൽ രോഗി പേടിച്ചുപോകും. ഇതിനേക്കാൾ ഹൃദയഹീനമായ പ്രവൃത്തി വേറെയില്ലെന്നായിരുന്നു പ്രദ്യോതിൻ്റെ വാദം. നവഗ്രാമിൽ ഇപ്പോൾ മൂന്നു ഡോക്ടർമാരാണുള്ളത്. ഒന്ന്, പ്രദ്യോതു തന്നെ. രണ്ട്, നവഗ്രാമത്തിലെ ഹരൻ ഡോക്ടർ. മൂന്ന്, നവഗ്രാമക്കാരനും വൃദ്ധനുമായ ചാരു ബാബു. മറ്റൊരു ഡോക്ടർ കൂടിയുണ്ട് - ചക്രധാരി ബാബു. പ്രാക്ടീസ് ചെയ്യാത്തതിനാൽ ഇദ്ദേഹത്തെ ഡോക്ടറായി പ്രദ്യോത് അംഗീകരിക്കുന്നില്ല. മുറിവൈദ്യത്തിനെതിരായും മരണകാലം പറഞ്ഞ് രോഗികളെ ഭയപ്പെടുത്തുന്നതിനെതിരായും ഒരു പരാതി ജില്ലാ മജിസ്ട്രേറ്റിന് അയക്കണമെന്നാണ് പ്രദ്യോതിൻ്റെ അഭിപ്രായം. ഹരൻ ഡോക്ടർ ജീവൻ മശായിക്ക് അനുകൂലമായ നിലപാടാണെടുത്തത്. ചെറുപ്പത്തിൽ ഒരിക്കൽ അദ്ദേഹമാണ് തന്നെ രക്ഷിച്ചതെന്ന് തുറന്നു പറഞ്ഞു. ആധുനിക വൈദ്യശാസ്ത്രത്തിനു ചികിത്സിച്ചുഭേദമാക്കാനാകാത്ത പല അസുഖങ്ങളും മശായ് ഭേദമാക്കിയിട്ടുണ്ട്. നാഡീപരിജ്ഞാനം അത്ഭുതാവഹവുമാണ്. ചാരുബാബു വൃദ്ധനെ - മശായിയെ ഉപദേശിക്കാമെന്നേറ്റു. വൃദ്ധനോട് ദേഷ്യപ്പെടുന്നത് ഉചിതമല്ലെന്നും പറഞ്ഞു.
മുമ്പ് രംഗലാൽ ഡോക്ടർ, ഭുവൻ ഡോക്ടർ എന്നീ രണ്ടു ഡോക്ടർമാർ നവഗ്രാമിൽ ഉണ്ടായിരുന്നു. പ്രതിഭാശാലിയായിരുന്നു രംഗലാൽ. വിചിത്ര ചികിത്സകൻ. വീട്ടിലിരുന്നു തനിച്ച് ചികിത്സാ ശാസ്ത്രം പഠിച്ചു. പുസ്തകം നോക്കി ശ്മശാനത്തിൽ കുഴിച്ചിട്ട ശവം കൊണ്ടുവന്ന് അതു കീറിയാണ് ശരീരശാസ്ത്രം പഠിച്ചത്. രംഗലാൽ ഡോക്ടറാണ് ജീവൻമശായിയെ ഇംഗ്ലീഷുചികിത്സ - അലോപ്പതി - പഠിപ്പിച്ചത്.
തൻ്റെ പിതാവായ ജഗദ്മശായിയെക്കുറിച്ച് ജീവൻ ഡോക്ടർ ഓർത്തു. അദ്ദേഹമുണ്ടായിരുന്ന കാലത്തെ സമൃദ്ധിയെക്കുറിച്ചു ചിന്തിച്ചു. ജമീന്ദാരി നേടുമ്പോൾ ജഗദ്മശായി മശായി കുടുംബത്തിൻ്റെ മഹത്വമാണ് മുന്നിൽ കണ്ടത്. ഠാക്കൂർദാസ് പരിഹസിച്ചു. “അപ്പോൾ താനും ഇപ്പോൾ ജമീന്ദാരായി. ലക്ഷ്യത്തേക്കാൾ വലുതായി സ്വത്ത്. ഇതുവരെ ആളുകൾ ഒരു മശായ് ആയി ബഹുമാനിച്ചു. ഇനി ഒരു സലാം തന്നിട്ട് ജമിന്ദാർ മശായ് എന്നു വിളിക്കും.” അക്രമങ്ങളെയും പുതിയ ജമീന്ദാർമാരുടെ കടന്നുകയറ്റങ്ങളെയും പ്രതിരോധിക്കാനും പാവങ്ങളെ സംരക്ഷിക്കാനുമായിരുന്നു ജഗദ്മശായി ജമീന്ദാർ പദവി നേടിയത്. അനേകം ആളുകൾക്ക് അഭയമേകി, അദ്ദേഹം.
വിചിത്രമായ സംഭവപരമ്പരകളാണ് തൻ്റെ ജീവിതത്തിൽ അരങ്ങേറിയതെന്നു ഡോക്ടർ ഓർത്തു. നാശകാരിണിയും വഞ്ചകിയുമായ ഒരുവൾ അദ്ദേഹത്തിൻ്റെ ജീവിതം അസഹ്യമാക്കിത്തീർത്തു.
(ഭാഗം 2 കൂടി വായിക്കുക)
നോവൽ വിശേഷങ്ങൾ:
സാമൂഹിക പ്രസക്തിയുള്ള നോവൽ.
- പാരമ്പര്യവൈദ്യത്തിൻ്റെ (നാട്ടുവൈദ്യം) പ്രഭാവം വായനക്കാരനെ ബോദ്ധ്യപ്പെടുത്തുന്നു.
- പാരമ്പര്യവൈദ്യവും ആധുനിക ഇംഗ്ലീഷ് ചികിത്സയും തമ്മിലുള്ള വൈരുദ്ധ്യങ്ങളും മത്സരവും ആഖ്യാനം ചെയ്യുന്നു.
- പാരമ്പര്യവൈദ്യത്തിനു മീതെയുള്ള ഇംഗ്ലീഷ് ചികിത്സയുടെ അധീശത്വം ഇവിടെ പ്രകടമാക്കുന്നു.
- ജനങ്ങളുടെ ജീവിതം, പാരമ്പര്യം, കുടുംബം എന്നിവയെക്കുറിച്ചുള്ള ബോദ്ധ്യത്തിൻ്റെ അടിസ്ഥാനത്തിൽ ചികിത്സിക്കാൻ സമർത്ഥരാണ് പരമ്പരാഗത ചികിത്സകർ.
- ആധുനിക ചികിത്സ, അഥവാ അലോപ്പതിയെന്ന ഇംഗ്ലീഷ് ചികിത്സ രക്തപരിശോധന, ആധുനിക മരുന്നുകൾ, എക്സ്-റേ മുതലായവയെ ആശ്രയിക്കുന്നു.
- പരമ്പരാഗത ചികിത്സകർ നാഡി പരിശോധനയിലൂടെ ശരീരത്തിനുള്ളിലെ തകരാറുകൾ കണ്ടെത്തുന്നു.
- സമൂഹവുമായുള്ള അടുത്ത ബന്ധമാണ് പാരമ്പര്യ വൈദ്യന്മാർക്കുള്ളത്.
- ആധുനിക വൈദ്യത്തിനു പിടികിട്ടാത്ത സംഗതികൾ പരമ്പരാഗത വൈദ്യം മനസ്സിലാക്കുകയും സുഖപ്പെടുത്തുകയും ചെയ്യുന്നുണ്ട്. മറിച്ചും ഉദാഹരണങ്ങളുണ്ട്. രണ്ടു ചികിത്സാ രീതികളും സമൂഹത്തിന് ഉപകാരപ്പെടുന്നവയാകയാൽ ആവശ്യാർത്ഥമുള്ള ഇവയുടെ സമന്വയം ഉചിതമായിരിക്കും.
- പരമ്പരാഗത വൈദ്യം എഴുതിത്തള്ളേണ്ട ഒന്നല്ലെന്ന് നോവൽ ബോദ്ധ്യപ്പെടുത്തുന്നു.
- ആധുനിക ചികിത്സ ചെലവു കൂടിയതും നിർദ്ധനർക്ക് അപ്രാപ്യവുമാണ്.
- രോഗികളും ചികിത്സകരും തമ്മിലുള്ള മാനസികൈക്യം ചികിത്സയിൽ നിർണ്ണായകമാണ്.
- പരമ്പരാഗത -നാട്ടു വൈദ്യത്തിൻ്റെ പ്രഭാവം മനസ്സിലാക്കാൻ സാധിക്കുന്നതോടൊപ്പം, കുറേക്കൂടി ശാസ്ത്രീയമായ സമീപനം ആവശ്യപ്പെടുന്നു.
- നാട്ടുവൈദ്യം ആളെക്കൊല്ലിയല്ല.
- നിലീന ഏബ്രഹാമിൻ്റെ വിവർത്തനം സരളവും ആരോഗ്യനികേതനത്തിൻ്റെ സത്ത മലയാളിവായനക്കാരിലെത്തിക്കാൻ പര്യാപ്തവുമാണ്.
********************************
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ