ആരോഗ്യ നികേതനം ഭാഗം 2
ആരോഗ്യ നികേതനം ഭാഗം 2
(ഒന്നാംഭാഗം വായിക്കുക)
ജീവൻ മശായ് - പഠനം, പ്രണയം, വിവാഹം
നാശകാരിണിയും വഞ്ചകിയുമായ, ജീവൻമശായുടെ ജീവിതത്തെ വ്യർത്ഥമാക്കിയ ഒരുവൾക്കു വേണ്ടി അദ്ദേഹം കുലീനവംശത്തിൽ പിറന്ന ഒരാളുമായി വഴക്കുണ്ടാക്കി. കഴിവുണ്ടായിട്ടും മെഡിക്കൽ കോളേജിൽ ചികിത്സാ പഠനം പൂർത്തിയാക്കാനായില്ല. ഡോക്ടർപരീക്ഷ പാസ്സായിരുന്നുവെങ്കിൽ അത്തർ ബൗ ഈ വീട്ടിലെത്തുമായിരുന്നില്ല. ഇത്തരം അനുഭവങ്ങൾ, തൻ്റെ ജീവിതത്തെയും കാഴ്ചപ്പാടുകളെയും മാറ്റിമറിച്ച സംഭവങ്ങൾ ഓർക്കുകയാണ് ജീവൻ മശായ്.
കാര്യബോധമില്ലാത്ത യൗവനമേ ! സ്വന്തം ശക്തിയും കഴിവും ഓർക്കാതെ മത്സരത്തിന് ഇറങ്ങരുതേയെന്ന് ഇപ്പോൾ അദ്ദേഹം പ്രാർത്ഥിച്ചു പോകുന്നു.
നവഗ്രാമിൽ നിന്ന് പ്രൈമറി പരീക്ഷ പാസ്സായി ജീവൻ ഡോക്ടർ മാട്രിക്കുലേഷനു പഠിക്കാൻ കാന്ദിക്കു പോയി. കാന്ദിരാജ് ഹൈസ്കൂളിൽ നിന്നും മട്രിക്കുലേഷൻ പാസ്സായിട്ട് ബർദ്വാൻ മെഡിക്കൽ സ്കൂളിൽ ചേരുകയാണ് ലക്ഷ്യം. ആധുനിക വൈദ്യശാസ്ത്രം പഠിച്ചിട്ട് രംഗലാൽ ഡോക്ടറെപ്പോലെ ചുറ്റിനടക്കുമെന്ന് ജീവൻ സ്വപ്നം കണ്ടു. ജീവനെ സംബന്ധിച്ചു പണത്തിനു കുറവില്ല. സ്നേഹമയനായ പിതാവുമുണ്ട്. കാന്ദിയിൽ വെച്ച് ഒരു ദരിദ്രാദ്ധ്യാപകൻ്റെ മകളോട് ജീവൻദത്തയ്ക്ക് പ്രണയം തോന്നി. അവൾക്ക് 12 വയസ്സായിരുന്നെങ്കിലും ദേഹവും മനസ്സും പതിനാറുവയസ്സുള്ള കോളേജുകുമാരികളേക്കാൾ പൂർണ്ണയായിരുന്നു. മൂക്കാതെ പഴുത്തതല്ല, നേരത്തേ പഴുത്ത ഫലം പോലെയാണ് മഞ്ജരി എന്നുപേരുള്ള, തൻ്റെ സഹപാഠി ബങ്കിമിൻ്റെ സോദരി. അവൾ ജീവനെ ആകർഷിച്ചു. ബങ്കിം ആകൃഷ്ടനായത് ജീവൻ്റെ കയ്യിലുള്ള വിശേഷപ്പെട്ട പുകയിലയാലാണ്. ബങ്കിമിൻ്റെയും മഞ്ജരിയുടെയും പിതാവായ നവകൃഷ്ണസിംഗ് ജീവൻ്റെ പാരമ്പര്യത്തിൽ ആകൃഷ്ടനായി. മഞ്ജരിയുടെ അമ്മയ്ക്ക് ജീവൻ്റെ കുടുംബവുമായി ബന്ധമുണ്ടെന്നും സ്ഥാപിച്ചു. അലോപ്പതി പഠിക്കാനാണ് വന്നതെന്നറിഞ്ഞപ്പോൾ നവകൃഷ്ണ (സിംഗ്) ബാബു സന്തുഷ്ടനായി. മഞ്ജരിയുടെ അമ്മയെ പരിചയപ്പെടാൻ നിർദ്ദേശിച്ചു. മഞ്ജരി കൊച്ചനിയനുമായി ‘ആനി പാനി’
കളിക്കുകയായിരുന്നു. മഞ്ജരി കറങ്ങിക്കൊണ്ട് ആരെയെങ്കിലും തള്ളിയിടാൻ തക്കം നോക്കുമ്പോഴാണ് ജീവനും ബങ്കിമും പ്രവേശിച്ചത്. ആളറിയാതെ അവൾ ജീവനെ തളളി. എന്നിട്ട് നിലത്തുവീണു പൊട്ടിച്ചിരിക്കാനാരംഭിച്ചു. ചേട്ടനെയല്ല തള്ളിയതെന്നു മനസ്സിലായപ്പോൾ അവൾ ലജ്ജിച്ച് അകത്തേക്കോടി. ബങ്കിമിൻ്റെ അമ്മയുമായി പരിചയപ്പെട്ടപ്പോൾ അവരകന്ന ബന്ധുവാണെന്നു മനസ്സിലായി. അപ്പൂപ്പൻ്റെയും പൗത്രൻ്റെയും ബന്ധമാണ് ജീവനും ബങ്കിമും തമ്മിലുള്ളത്. ബങ്കിം അപ്പൂപ്പനെ കാട്ടിത്തരാമെന്നു പറഞ്ഞ് മഞ്ജരിയെ വിളിച്ചു. മഞ്ജരി ആക്ഷേപിച്ചു, ഇതപ്പൂപ്പനല്ല, കാട്ടുപന്നിയാ! എന്ന് ബങ്കിമിനോടു പറഞ്ഞു. അമ്മ മഞ്ജരിയോട് ജീവനെ നമിക്കാൻ ആവശ്യപ്പെട്ടു. അവൾ അനുസരിച്ച്, പരിഹാസമോടെ ചിരിക്കാൻ തുടങ്ങി. ജീവനാകട്ടെ, മഞ്ജരിയെ താൻ ജയിക്കുമെന്ന് പ്രതിജ്ഞ ചെയ്തു. എന്നാൽ, ഒരു വരേണ്യ കുടുംബത്തിലെ ഉഗ്രനും അഹങ്കാരിയുമായ ചെറുപ്പക്കാരൻ തടസ്സമായുണ്ടായിരുന്നു. ഭൂപീ ബോസ്. ആ സ്ഥലത്തെ പേരെടുത്ത തെമ്മാടിയായിരുന്നു അയാൾ. ഭൂപിയും ബങ്കിമിൻ്റെ സ്നേഹിതനായിരുന്നു. മഞ്ജരിയിൽ അയാൾക്കും ആഗ്രഹമുണ്ടായിരുന്നു.
സഹപാഠികൾ എതിർത്തിട്ടും മഞ്ജരിയെ നേടാനായി ജീവൻ യത്നിച്ചു. ഇഷ്ടം പോലെ പണമൊഴുക്കി. സുഗന്ധദ്രവ്യങ്ങൾ മേടിച്ചു നല്കി. മഞ്ജരിയുടെ വീട്ടിലേക്കാവശ്യമായ വസ്തുക്കൾ എത്തിച്ചു. മഞ്ജരിക്കു നല്കിയവയിൽ പലതും ഭൂപിയുടെ കയ്യിലാണെത്തുന്നതെന്ന് ജീവനറിഞ്ഞില്ല. കടുത്ത മത്സരമായിരുന്നു. വ്യാഘ്രമായ ഭൂപിയും വരാഹമായ ജീവനും തമ്മിൽ. ആഡംബരങ്ങൾക്ക് ജീവൻ കുറവു വരുത്തിയില്ല.
ഒരു ഹോളിദിനത്തിൽ വിലപിടിച്ച സമ്മാനങ്ങളുമായി മഞ്ജരിയുടെ വീട്ടിലെത്തി. വേണ്ടെന്ന് മേനി പറഞ്ഞെങ്കിലും അമ്മ അതെടുത്തു മുകളിലേക്കു പോയി. മഞ്ജരി തനിച്ചായി. അപ്പോൾ ജീവൻ അവളുടെ മുഖത്തു കുങ്കുമം പൂശാൻ ഒരുമ്പെട്ടു. ഞാനും ചായം തേക്കും എന്നു പറഞ്ഞ അവൾ രണ്ടു കയ്യിലും ടാറുമായി വന്നു. പേടിച്ചു പുറകോട്ട് മാറിയ ജീവൻ വാതില്ക്കലേക്ക് വരാഹത്തെപ്പോലെ പാഞ്ഞപ്പോൾ വാതില്ക്കലെത്തിയ ഭൂപിയുമായി ഇടിച്ചു. വീണ ഭൂപി ചീത്തവിളിച്ചു. ജീവൻ ഭൂപിയുടെ മീതെ ചാടി വീണു. മൂക്കിൽ ശക്തമായി ഇടിച്ചു. ചോരചിന്തി. എല്ലാവരും പരിഭ്രമിച്ചു. ഭൂപിയുടെ നാട്. തകർന്നുകൊണ്ടിരിക്കുന്ന ജമിന്ദാർ കുടുംബത്തിലെ യുവാവ്. അത് അതിലും ഭീകരം. അപകടം മണത്ത ജീവൻ സ്വന്തം ഗ്രാമത്തെ ലക്ഷ്യമാക്കി ഓടി. ഒരു പയ്യൻ അടിച്ചതിനു പ്രതികാരം ചെയ്തിട്ട് ഓടിവന്നതാണെന്ന് പിതാവിനോടു പറഞ്ഞു. ഇനി പഠിക്കാൻ പുറത്തയക്കില്ലെന്നായി പിതാവ്. നമ്മുടെ കുലവിദ്യ പഠിക്ക്. ജഗദ്മശായിയുടെ വാക്കു ലംഘിക്കുക സാദ്ധ്യമല്ല. അതിനാലിനി നിർവാഹമില്ലെന്നറിഞ്ഞ ജീവൻ അച്ഛൻ്റെ പാത പിന്തുടരാൻ തീരുമാനിച്ചു.
ജീവൻ്റെ പഠനം ആരംഭിച്ചു. നാഡി നോക്കേണ്ടതെങ്ങനെയെന്നു പറഞ്ഞുകൊടുത്തു. കാലത്തിൻ്റെ ആജ്ഞാവർത്തിയായി വരുന്ന രോഗത്തിന് മരുന്നില്ല; ചികിത്സയുമില്ല. ചികിത്സകൊണ്ടു ജീവിക്കുന്നവരാണെങ്കിലും എപ്പോഴും ഫലം ഉണ്ടാവണമെന്നില്ല. നാഡീബോധം കൊണ്ട് രോഗം ശാന്തമാകുമോ, രോഗിയെ കാലം വിഴുങ്ങുമോ എന്ന്. ജീവൻ അച്ഛൻ പകർന്ന പാoങ്ങൾ ശ്രദ്ധയോടെ കേട്ടു. അദ്ദേഹത്തിൻ്റെ ലക്ഷ്യം രംഗലാൽ ഡോക്ടറുടെ സ്ഥിതി ആർജ്ജിക്കുകയെന്നതായിരുന്നു. കൂടാതെ ധനവും സമ്പത്തും പ്രശസ്തിയും നേടണം. അലോപ്പതി പഠിക്കണമെന്ന ആഗ്രഹത്തിനു പിന്നിൽ ഇതായിരുന്നു. പക്ഷേ, ശാസ്ത്ര തത്ത്വങ്ങൾ കേട്ടിരിക്കെ അവയെല്ലാം മറന്നുപോയതുപോലെ ജീവന് അനുഭവപ്പെട്ടു. മൃത്യുദേവത അന്ധയാണ്, ബധിരയാണ്. രോഗങ്ങൾ അവളെ കൈപിടിച്ച് ഓരോ സ്ഥലത്തേക്കു കൊണ്ടുപോകുന്നു. കാലം, അവളെ നിയന്ത്രിക്കുന്ന ഘടകമാണ്. കാലം പൂർണ്ണമായവർക്ക് പോകേണ്ടിവരും. തൻ്റെ അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ് ജഗദ്മശായ് വിവരിക്കുന്നത്.
തൻ്റെ ഭാര്യയായ അത്തർ ബൗ തന്നെയാണ് തൻ്റെ ജീവിതത്തിലെ വേഷപ്രച്ഛന്നയായ മൃത്യുവെന്ന് ജീവൻദത്തയ്ക്ക് തോന്നിയിട്ടുണ്ട്. സ്വന്തം തലയിലെഴുത്തിനെക്കുറിച്ചു വിലപിക്കാനേ അവൾക്കു നേരമുള്ളൂ. ഒരു ദിവസം ജീവൻ ധൈര്യത്തോടെ പറഞ്ഞു: നിൻ്റെ തലയിൽ ഭഗവാൻ എന്നെയും കെട്ടിവെച്ചിരിക്കുകയാണ്. അതിനാൽ അവിടെ അടിച്ചാൽ കൊള്ളുന്നത് എനിക്കാണ്” കുപിതയായ അത്തർ ബൗ ഒരു കല്ലെടുത്ത് സ്വന്തം നെറ്റിയിൽ അടിച്ചടിച്ചു ചോര വരുത്തുകയായി. ശരീരത്തിനു സുഖമില്ലെന്നു പറഞ്ഞാൽ അത്തർ ബൗ സൗമ്യയായി ശുശ്രൂഷിക്കുകയും ചെയ്യും. അത്തർ ബൗ തൻ്റെ ജീവിതത്തിൽ വ്യാധിയാണ് - വ്യാധി മാത്രമാണ്. മൃത്യു ആ മഞ്ജരിയാണ്. ഇങ്ങനെ ആലോചിക്കുമ്പോഴേക്കും നവഗ്രാമത്തിലെ കിശോർ പ്രത്യക്ഷനായി. മദ്ധ്യവയസ്കൻ. അവിവാഹിതൻ. രാഷ്ട്രീയം ഉപേക്ഷിച്ച് ഇപ്പോൾ ഹോമിയോപ്പതിയുമായി നടക്കുന്നു. എന്തെങ്കിലും ഉപകാരം ആർക്കെങ്കിലും ചെയ്യണമെന്നാഗ്രഹിക്കുന്ന പ്രകൃതം. രംഗലാൽ ഡോക്ടറിലേക്ക് ജീവനെ അടുപ്പിച്ച പ്രധാന ഘടകമായിരുന്നു കിശോർ. ഹെഡ്മാസ്റ്ററായ രത്തൻ ബാബുവിൻ്റെ മകന് അസുഖം. ഒന്നു വരണം. അതിനാണ് കിശോർ എത്തിയത്. കൽക്കത്തയിലെ വലിയ ഡോക്ടർ ചികിത്സിച്ചിരുന്നു. സുഖം തോന്നിയപ്പോൾ നാട്ടിലേക്കു വന്നു. ഹരൻഡോക്ടറെ കാണിച്ചു. ആശുപത്രിയിലെ ഡോക്ടർ പ്രദ്യോത് ബോസിനെയും വിളിച്ചു കാണിച്ചു. പക്ഷേ, ഫലമില്ല. അതിനാലാണ് ജീവൻ മശായിയെ വിളിച്ചത്. ജീവൻ നാഡി നോക്കിയാൽ സ്വൈരം കിട്ടുമെന്നു പറഞ്ഞത് രത്തൻ ബാബുവാണ്. മരണത്തിൻ്റെ കാര്യം കൃത്യമായി പറയുമെന്ന്. ജീവൻ ദത്തയ്ക്ക് വല്ലായ്മ തോന്നി.
പ്രദ്യോത് മശായിയോടു പറഞ്ഞത് ഉചിതമായില്ലെന്ന് കിശോർ പറഞ്ഞു. നാഡിപരിശോധിച്ചുള്ള ചികിത്സ തെറ്റാണെന്ന് ബോദ്ധ്യമുണ്ടെങ്കിൽ പ്രദ്യോതിനു ശകാരിക്കാമെന്ന് മശായി വ്യക്തമാക്കി. ഹരൻ ഡോക്ടറും സമീപത്തുണ്ട്. പെട്ടെന്ന് തീവ്രമാകാൻ സാദ്ധ്യതയുള്ള രോഗമാണ്. ഭേദമാക്കൽ പക്ഷേ, അസാദ്ധ്യവുമല്ല. തൻ്റെ കുലചികിത്സാരീതിയനുസരിച്ചുള്ള മരുന്നു നല്കാമെന്ന് മശായ് പറഞ്ഞു. തൻ്റെ മരുന്നു കൊണ്ട് ഒരു ദോഷവും വരില്ലെന്ന് ഹരൻ ഡോക്ടറോടു പറയുകയും ചെയ്തു.
മരുന്നുണ്ടാക്കി നല്കാനുള്ള ഉത്സാഹത്തോടെ ജീവൻ ഡോക്ടർ പുറപ്പെട്ടു. ഒറ്റ ദിവസം കൊണ്ടുതന്നെ രത്തൻ ബാബുവിൻ്റെ മകൻ്റെ ഇക്കിൾ നിർത്തിക്കാണിക്കും. വഴിയിൽ വെച്ച് നിശി ഠാക്കൂർ അന്വേഷിച്ചു. നിശി ഠാക്കൂറിൻ്റെ പേരക്കിടാവിനു സുഖമില്ല. വയറ്റിലാണ്. മെലിഞ്ഞ് എല്ലിൻ കൂടായ പെൺകുട്ടി. പ്രായം കൊണ്ട് കുട്ടിയാണെങ്കിലും അവൾ ഒരു മാതാവാണ്. 12- ആം വയസ്സിലും 14 -ആം വയസ്സിലും അവൾ പ്രസവിച്ചു. യമൻ അമ്മയെ വിഴുങ്ങാനെത്തിയിരിക്കുകയാണെന്നു മശായി ചിന്തിച്ചു. പുതിയ ഡോക്ടർമാരെ കാണിച്ചു. ചെലവു സഹിക്കാനാകില്ല. തകിടെഴുതിക്കെട്ടി. വഴിപാടു നേർന്നു. രക്ഷയില്ല. ഇതിന് ഒരു മരുന്നേയുള്ളൂ - ആയുർവേദമരുന്ന് - ജലബരണം. വിഷമം പിടിച്ച ഈ രോഗത്തിന് വിഷം തന്നെ മരുന്ന്. നാഡിയിൽ അദ്ദേഹം മരണത്തിൻ്റെ പദദ്ധ്വനി കേട്ടു.
ഇക്കിളിനുള്ള മരുന്നു തയ്യാറാക്കി. കഴിക്കേണ്ട വിധവും പഥ്യവും എഴുതിക്കൊടുത്തയച്ചു. ഒരു യാത്ര കഴിഞ്ഞ് ജഗദ്മശായിയും മകനും തിരിച്ചുവരുമ്പോൾ നവകൃഷ്ണ സിംഗിൻ്റെ എഴുത്തുണ്ടെന്നറിഞ്ഞു. തൻ്റെ മകളുടെ പേരിൽ നാട്ടിൽ ദുഷ്പേരു പരക്കുകയാണെന്ന് നവകൃഷ്ണസിംഗ് എഴുതിയിരിക്കുന്നു. ഭൂപി ജീവനെയും മഞ്ജരിയെയും ചേർത്ത് അപവാദങ്ങൾ പ്രചരിപ്പിക്കുകയാണ്. ജീവൻ അവളുടെ ശരീരത്തിൽ സ്പർശിച്ചുവെന്നാണ് ആരോപണം. നിങ്ങൾ ഉപേക്ഷിച്ചാൽ പിന്നെ എൻ്റെ മകളെ ഗംഗയിൽ ഒഴുക്കുകയേ നിവൃത്തിയുള്ളൂ - നവകൃഷ്ണൻ എഴുതിയിരിക്കുന്നു.
ഇതു കേട്ട് അമ്മ കോപിച്ചു. താനൊരു ദോഷവും ചെയ്തിട്ടില്ലെന്ന് അമ്മയുടെ കാലു തൊട്ടുകൊണ്ട് ജീവൻ പറഞ്ഞു. ജീവന് മനസ്സിൽ അവളെ ഇഷ്ടമാണ്. വിവാഹത്തിനുള്ള ഏർപ്പാടുകൾ ചെയ്യൂ -ജഗദ്മശായ് പറഞ്ഞു. സ്ത്രീധനമൊന്നും വേണ്ട.
കൈനീട്ടിയാൽ ചന്ദ്രബിംബം കൈപ്പിടിയിലാക്കാമെന്ന അവസ്ഥയിലായി ജീവൻ. പ്രത്യാശയുടെ ആനന്ദം തുളുമ്പി. ജീവൻ സന്തോഷം കൊണ്ടു മതി മറന്നു. വിവാഹക്കാര്യം കേട്ട മഞ്ജരി ഇപ്പോൾ പുഞ്ചിരിച്ചു. സുഹൃത്തുക്കളായ സേതാബിനെയും സുരേന്ദ്രനെയും വിവരമറിയിച്ചു. സൂത്രത്തിൽ കൈക്കലാക്കിയ കത്തു കാണിച്ചു. മഹോത്സവസമാനമായ ഒരുക്കങ്ങൾ തുടങ്ങി. ജഗദ്മശായുടെ ഏക മകൻ്റെ കല്യാണമാണ്. സദ്യ,വാദ്യമേളം, വെടിക്കെട്ട്, നാടോടിനൃത്തങ്ങൾ - ഒക്കെയൊരുക്കി. എല്ലാം തയ്യാറായി കല്യാണത്തിന് പത്തുദിനം മുമ്പേ ഒരെഴുത്തുമായി ആൾ വന്നു. “എൻ്റെ മകൾ മിനിയാന്ന് രാത്രി കോളറ പിടിച്ചു മരിച്ചു പോയി.” എല്ലാ സുഖ സ്വപ്നങ്ങളും തകർന്നു. ഠാക്കൂർദാസ് മിശ്ര എഴുത്തുകൊണ്ടു വന്നയാളെ പിടികൂടി ചോദ്യം ചെയ്തപ്പോൾ അവൻ സത്യമെല്ലാം പറഞ്ഞു. മഞ്ജരി കോളറ പിടിച്ചു മരിച്ചുവെന്നത് കള്ളമാണ്. അവളും ഭൂപീ ബോസും തമ്മിലുള്ള വിവാഹം കഴിഞ്ഞു. മഞ്ജരി തൻ്റെ മുഖത്തു നോക്കി പൊട്ടിച്ചിരിക്കുന്നതു പോലെ ജീവനു തോന്നി. കടുത്ത വഞ്ചന. ആജീവനാന്ത വഞ്ചനയിൽ നിന്നും തൻ്റെ മകൻ രക്ഷപ്പെട്ടതാണെന്നു ജഗദ്മശായി ജീവനോടു പറഞ്ഞു. അശാന്തിയുടെ തീയിലിട്ട് നിന്നെ അവൾ ജീവിതം മുഴുവൻ നീറ്റിയേനെ. മനസ്സിനെ ബലപ്പെടുത്തൂ.
ദൂതൻ പറഞ്ഞതിൽ നിന്നും, ചതിച്ചത് നവകൃഷ്ണസിംഗല്ലെന്നു വ്യക്തമായി. മഞ്ജരിയും ബങ്കിമും അവരുടെ അമ്മയുമാണ് ചതിച്ചത്.
ജീവൻ്റെ ഇടിയേറ്റ ഭൂപി ഇത് എല്ലാവരും ചേർന്നുള്ള ഗൂഢാലോചനയാണെന്ന് ആരോപിച്ചു. കുടുംബമാകെ അസ്വസ്ഥമായി. അമ്മ മഞ്ജരിയെ പ്രാകി. ഞാൻ അവനെ കൊല്ലുമെന്നു പറഞ്ഞ ബങ്കിമിൻ്റെ മുഖത്ത് നവകൃഷ്ണ സിംഗ് അടിച്ചു. ആരെ കൊല്ലും? ഭൂപീ ബോസ് അപവാദങ്ങൾ പറഞ്ഞുകൊണ്ടിരുന്നു. ജഗദ്മശായ് വിവാഹ സമ്മതമറിയിച്ചയച്ച കത്ത് കിട്ടിയ ഉടൻ നവകൃഷ്ണസിംഗ് കാന്ദിയിൽ നിന്ന് നാട്ടിലേക്കു പോന്നു. അവധി അപേക്ഷിക്കാൻ സ്കൂളിലേക്കു പോയ ബങ്കിമിൻ്റെയും ഭൂപിയുടെയും തകർന്ന ബന്ധം കൂടുതൽ ദൃഢമായി. ബങ്കിമാണ് മടങ്ങിവന്ന് എല്ലാം കുഴപ്പത്തിലാക്കിയത്.
ദൂതനായി വന്നയാൾ പറഞ്ഞത്: അവർ വരൻ ഡോക്ടറാകുമെന്നു കരുതി. എന്നാൽ ജഗദ്മശായ് എഴുത്തിൽ, മകൻ അലോപ്പതിക്കു പോകുന്നില്ലെന്ന് പറഞ്ഞിരുന്നു. അതോടെ അമ്മ മുഖം തിരിച്ചു. മകൾ മുഖം വീർപ്പിച്ചു. ഒരു വൈദ്യനെ ആരു ബഹുമാനിക്കുമെന്നതായിരുന്നു ചോദ്യം. നവകൃഷ്ണസിംഗ് അവരെ ശകാരിച്ചു. ഭൂപീബോസ് ഒരു കാള സർപ്പക്കുഞ്ഞാണെന്നും അതിൻ്റെ വിഷം കൊണ്ട് നിൻ്റെ മകളുടെ ശരീരം നീലിച്ചുവെന്നും അയാൾ ഭാര്യയോടു പറഞ്ഞു. ഈ സന്ദർഭത്തിലാണ് ബങ്കിം തിരിച്ചു വന്നതും വീട്ടിൽ രണ്ടു ദിനം ലഹള നടന്നതും. രാത്രിയിൽ നവകൃഷ്ണസിംഗൊഴികെ മൂവരും കാന്ദിയിലേക്കു പോന്നു. ഇരുപത്തൊമ്പതിനു കല്യാണവും നടന്നു.
വിശ്വാസവഞ്ചനയ്ക്ക് കേസുകൊടുക്കണമെന്ന് ഠാക്കൂർദാസ് പറഞ്ഞു. പക്ഷേ, ജഗദ്മശായി അതിനോടു യോജിച്ചില്ല. നല്ല ഒരു പെൺകുട്ടിയെ കണ്ടുപിടിക്കാൻ ആവശ്യപ്പെട്ടു. ആദ്യം കല്യാണം. ശേഷമാകാം കേസും കൂട്ടവും. എല്ലാവരും കച്ചകെട്ടിയിറങ്ങി. സദ് വംശത്തിലുള്ള സുന്ദരിയായ പെൺകുട്ടിയെ തേടി. അതാണ് അത്തർ ബൗ. ആദ്യനാൾ തന്നെ അവളെ നെഞ്ചോടടുപ്പിച്ചപ്പോൾ അവൾ തന്നെ വിടാനാവശ്യപ്പെട്ടു. താങ്കൾ ദയ തോന്നിയിട്ടാണ് തന്നെ കല്യാണം കഴിച്ചതെന്നും, ദാസിയായി വന്നവൾ ദാസിയായിത്തന്നെ ജോലി ചെയ്ത് വല്ലതും തിന്നു കഴിഞ്ഞോളാമെന്നും സ്നേഹവും ആദരവും തനിക്കുള്ളതല്ലെന്നും അവൾ പറഞ്ഞു. അത്തർ ബൗ ഇന്ന് ഒരു അഗ്നിപർവതമാണ്.
(മൂന്നാംഭാഗം കാണുക)
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ