വീട്ടിലേക്കുള്ള വഴി:ഡി. വിനയചന്ദ്രൻ

ഡി.വിനയചന്ദ്രൻ എഴുതിയ മികവുറ്റ കവിതയാകുന്നു ‘വീട്ടിലേക്കുള്ള വഴി’. ഗൃഹാതുരതയും അസ്തിത്വദുഃഖവും സമ്മാനിക്കുന്ന അനുഭവമായി വീടും വീട്ടിലേക്കുള്ള വഴിയും, പരിണമിക്കുന്നു. ശുദ്ധമായ ദാർശനികാടിത്തറ പണിതാണ് ഈ കവിതയെ വിനയചന്ദ്രൻ ഭാവസുന്ദരമാക്കുന്നത്. ഈ കവിതയിലെ മുഖ്യകഥാപാത്രത്തെ ഉണ്ണി എന്നു വിളിക്കാം. ഉണ്ണി പ്രവാസിയാണ്. പ്രവാസം ദേശത്തെയും കാലത്തെയും കൂട്ടിയിണക്കുന്ന ഉപജീവനാർത്ഥമുള്ള വാസമാണ്. ദേശസങ്കല്പവും അതിരുകളുമാണ് പ്രവാസമെന്ന അനുഭവത്തെ സിദ്ധാന്തവത്കരിക്കാനുള്ള ഘടകമായത്. തൻ്റെ നാടിനെക്കുറിച്ചുള്ള ഓർമ്മകൾ ഉണ്ണിയിൽ വിമ്മിട്ടം ഉളവാക്കുന്നു. 

വീടുമായി ഉണ്ണിയെ ബന്ധിപ്പിക്കുന്ന വികാരമായിരുന്നു അമ്മ. എന്നാൽ അമ്മയുടെ വിയോഗം ഉണ്ണിയ്ക്ക് വീടുമായുള്ള ബന്ധങ്ങളെയും ശിഥിലമാക്കുന്നു.

പ്രവാസിയായ ഉണ്ണിയോട് വീട്ടിലേക്കെന്നാണ് പോകുന്നതെന്ന് കൂട്ടുകാർ ചോദിക്കുന്നു. കൂട്ടുകാർ മാത്രമല്ല, പുസ്തകക്കൂട്ടങ്ങളും ഓമനിച്ചു വളർത്തിയ തൈമുല്ലയും കൊച്ചരിപ്രാവും ഈ ചോദ്യം ആവർത്തിക്കുന്നു. അതുപോലെ കലണ്ടറിലെ ചുകന്നഅക്ഷരങ്ങളും (ചൂട്ടു കത്തിച്ചു കിടക്കുന്ന) അതോർമ്മിപ്പിക്കുന്നു. ചോദ്യത്തിൻ്റെ നൈരന്തര്യം ഉണ്ണിയെ ആകുലനാക്കുന്നു.

കവി എഴുതുന്നു:

“ഉള്ളിലേതോ ഗുഹാശില്പം 
നിറയെയും പൂർവലിപികൾ”

മനസ്സിൻ്റെ അബോധതലത്തിൽ പഴയകാല ഓർമ്മകൾ കൂടിക്കിടക്കുകയാണ്. ഒരിക്കലും തിരിച്ചുകിട്ടിയിട്ടില്ലാത്ത, എന്നാൽ വിട്ടുപിരിയാതെ വട്ടം കറങ്ങുന്ന പ്രണയവും വിഷാദവും വിരഹവും ഉള്ളിലെന്നും കൂടെയുണ്ട്. വീട്ടിൽ നിന്നുണ്ടായിട്ടുള്ള മുറിവുകളും അതുണ്ടായ ദിനവും അത്തരം അസ്വസ്ഥത നിറഞ്ഞ രാത്രികളും വീട്ടിൽ നിന്നിറങ്ങുമ്പോൾ അനുഭവപ്പെട്ട അനാഥത്വവും പ്രതീക്ഷകളും ഇപ്പോഴും കൂടെത്തന്നെയുണ്ട്. എന്നാൽ, ഉണ്ണി ചിന്തിക്കുന്നത്, അമ്മയില്ലാത്തവർക്ക് ഏതു വീടാണുള്ളത് എന്നതാണ്. അവർക്ക് വീടില്ല. 

“അമ്മയില്ലാത്തവർക്കേതു വീട്?
ഇല്ല വീട്, എങ്ങെങ്ങുമേ വീട്”

-വല്ലാത്ത ആകുലാവസ്ഥയാണ് പ്രവാസി അനുഭവിക്കുന്നത്. അമ്മയാണ് വീട് എന്ന തിരിച്ചറിവ് ഇവിടെ കാണാം. തിരിച്ചറിവുകളുടെ സമൃദ്ധിയിൽ ഉണ്ണി വിരാജിക്കുന്നു. വീട് അമ്മയുടെ സ്നേഹത്താൽ പ്രഭ ചൊരിയുന്ന ഇടമാണ്. അമ്മയില്ലാത്ത വീട് സുഖമുള്ള ഓർമ്മകൾ പ്രദാനം ചെയ്യാത്ത ഇടമാണ്. യഥാർത്ഥത്തിൽ അമ്മ വീട്ടിലുണ്ടെന്ന പ്രതീക്ഷയും, ആ സ്നേഹസ്വരൂപത്തിൻ്റെ സാന്നിദ്ധ്യവുമാണ് ഓരോ പ്രവാസിയെയും വീടുമായി ബന്ധിപ്പിക്കുന്ന കണ്ണി. അമ്മയുടെ സാമീപ്യവും വാത്സല്യവും ഏറെ പ്രാധാന്യമുള്ളതാണ്. അത് നിസ്വാർത്ഥവും കരുണാമയവുമാണ്. 

 അമ്മയില്ലാത്ത വീട്ടിലേക്കു പോകണമെന്ന ആഗ്രഹം ഉണ്ണിക്കില്ല. അപ്പോൾ, കാട്ടുവഴികളും കടത്തിണ്ണകളും റെയിൽ സ്റ്റേഷനും സത്യാഗ്രഹപ്പന്തലും മറ്റും അഭയമാകുന്നു. അവ അമ്മയില്ലാത്തവൻ്റെ വീടാകുന്നു. സ്വച്ഛന്ദപ്രയാണവും സ്വേച്ഛാപരമായ പ്രവൃത്തികളും (രാഷ്ട്രീയ ചർച്ചകളും മറ്റും)  നിർവഹിക്കാനാകുന്നു. ജീവിതം, ദിവാസ്വപ്നങ്ങളുടെ (മനോരാജ്യങ്ങളുടെ) കൂടാകുന്നു. ഒടുങ്ങാത്ത രോഗം മാത്രമാണവ സമ്മാനിക്കുന്നത്. കൂട്ടുകാർ ഇത്തരം സങ്കീർണ്ണമായ അവസ്ഥകളിലും എപ്പോൾ വീട്ടിലേക്കു പോകുന്നുവെന്ന ചോദ്യം ഉണ്ണിയോട് ഉന്നയിക്കുന്നു.

ഇത്തരം ചോദ്യങ്ങൾ ഉണ്ണിയെ മറ്റു ചില ചിന്തകളിലേക്കു നയിക്കുന്നു. മകൻ്റെ വരവും പ്രതീക്ഷിച്ചിരിക്കുന്ന അമ്മയെ ഓർക്കുന്നു. തൻ്റെ കണ്ണീര് വിശുദ്ധമാണെന്നു കരുതുന്ന പെങ്ങൾ അവളുടെ ആവശ്യങ്ങൾ സാധിക്കാൻ ഉണ്ണിയുടെ ഉള്ളിലെ സ്നേഹത്തെ ചൂഷണം ചെയ്യാം. അയൽവീട്ടിലെ സ്ത്രീകളിലൊരാളിൽ കണ്ണ് ഉടക്കാനും ഇടറാനും സാദ്ധ്യതയുണ്ട്. ഓരോരോ കാര്യങ്ങൾ പറഞ്ഞ്, അവ സാധിക്കാനും സഹായിക്കാനും ആവശ്യപ്പെട്ടും അല്ലാതെയും നേരം മതിയാവാതെ ഇരുന്നു പറയുമോ?

ആചാരങ്ങളുടെ ബന്ധനത്തിൽ പെടുമ്പോൾ മൺമറഞ്ഞ പൂർവികർ വന്ന് കുശലം ചോദിക്കാം. വീട്ടിലേക്കുള്ള യാത്രയുടെ പൂർവപശ്ചാത്തലം ഉണ്ണിയുടെ ചിന്തകളെ ഗഹനമാക്കുന്നു. വീട്ടിലേക്കെന്നു പോകുന്നുവെന്ന് കൂട്ടുകാർ ചോദിക്കുന്നു. യഥാർത്ഥത്തിൽ ഏതു വീട്? എന്താണു വീട്? വീടെന്നു പറയുമ്പോൾ രക്തബന്ധങ്ങൾ. ഹൃദയബന്ധങ്ങൾ. ചേട്ടൻ, ചേച്ചി, അനുജൻ, അനുജത്തി, അച്ഛൻ, അമ്മ - ദുഃഖത്തിലൊരാശ്രയം എന്ന ചിന്തയിൽ ഒരുമിച്ചു കഴിയുന്ന വേണ്ടപ്പെട്ടവർ. എൻ്റെ, എൻ്റെ എന്നു കരുതിയവരൊക്കെ അന്യരായി മാറുന്നു. കാലം മുന്നോട്ടു പോകെ, വ്യക്തികളുടെ പ്രായം വർദ്ധിക്കെ, ബന്ധങ്ങൾ ദൃഢമാവുകയല്ല, ശിഥിലമാവുകയാണെന്ന് ഉണ്ണി തിരിച്ചറിയുന്നു. മുഖംമൂടികൾ. പരിഹാസവും മാന്യതയുടെ ഗർവും. പുച്ഛം. ഇല്ലാത്ത സ്നേഹം ഉണ്ടെന്ന് അഭിനയം. ബന്ധനത്തിൽ ജീവൻ ബലി നല്കേണ്ടി വരുന്ന കിളിയുടെ അവസ്ഥ. ശരീരമില്ലാതെ വാനിലലയുന്ന കിളിക്കൊഞ്ചൽ. 

തൻ്റെ സമകാലികാവസ്ഥയാണ് ഇതിലൂടെ ആവിഷ്കരിക്കുന്നത്. കൂട് വീടു തന്നെയാകുന്നു. കൂടു നഷ്‌ടമായിട്ടും വാനിൽ കിളിനാദമുയരുന്നു. കൂട് ശരീരവുമാകാം. കിളിനാദം ആത്മാവും. സ്വത്വം നഷ്ടപ്പെട്ട, അസ്തിത്വത്തിനു ക്ഷതമേറ്റ മനുഷ്യൻ്റെ, വീടുനഷ്ടമായ മനുഷ്യൻ്റെ വിലാപമാകുന്നു ഈ കവിത. കുടുംബബന്ധങ്ങൾക്കുപോലും ശാശ്വതത്വമില്ല. 

എന്നാണ് വീട്ടിലേക്കു പോകുന്നത്? എന്തൊക്കെയാണ് വീട്ടിലേക്കു മേടിക്കുന്നത്? ആരൊക്കെയാണ് കൂട്ടുകാർ? വീട്ടിലേക്കായി എൻ്റെ ഈ സഞ്ചിയിൽ കൊള്ളുന്ന നാട്ടിലെ വിത്തുകളും സങ്കടപ്പാട്ടുകളുമുണ്ട്. ഓർക്കുന്തോറും ദുഃഖമേകുന്ന, എന്നാൽ ആ ദുഃഖം നിലാവായി മാറുന്ന നാട്ടിലെ പ്രേമകഥകളുണ്ട്. എടുത്ത പ്രതിജ്ഞകളുണ്ട്. പൂഴി, പൂക്കൾ, പച്ചിലക്കുമ്പിൾ, മേഘനിശ്വാസം - ‘എൻ്റെ’ എന്ന അലിവുറ്റ ചിന്തയുണ്ട്. അതോടൊപ്പം തന്നെ എൻ്റേതെന്ന ഒന്നില്ലെന്ന വിരക്തിയുടെ ദാർശനികശോഭയും കൂടെയുണ്ട്. നാട്ടിൽ നിന്നുകൊണ്ടുവന്നത് നാട്ടിലേക്കു തന്നെ മടക്കാനാണോ ഉണ്ണിയുടെ ഭാവം എന്ന സംശയം ഉയരുന്നു. ‘കാടാറുമാസമേ നാടാറുമാസമേ’ എന്ന വരിയിൽ പ്രവാസത്തിൻ്റെ ദൈർഘ്യം ഉണ്ട്. 

‘നാടും നഗരവും വീടും ചുടലയും എൻ്റെ കളിപ്പാംകുളം’ എന്ന വാക്യം, പ്രതീക്ഷകളസ്തമിച്ചു നിരാശാബാധിതനായിരിക്കുന്ന ആത്മാവിനെ സൂചിപ്പിക്കുന്നു. കളിപ്പാംകുളം ഉമയമ്മ റാണിയുടെ മക്കളെ മാടമ്പികൾ മുക്കിക്കൊന്ന ജലാശയമാണ്. താനൊരു സ്വയംമരണത്തിനു വിധേയനാവുകയാണെന്ന ചിന്തയിൽ നിന്നാണ് ഈ ആശയം കടന്നുവരുന്നത്. ഭ്രമകൽപ്പനകൾ ഉണ്ണിയെ വരിഞ്ഞുകെട്ടിയിരിക്കുന്നു. മനസ്സിൻ്റെ വിഹ്വലതയെ അതാവിഷ്കരിക്കുന്നു. ആരാണ് താനിടുന്ന കല്ലു മുങ്ങിയെടുക്കുകയെന്ന് കവി ചോദിക്കുന്നു. ഈ സന്ദർഭത്തിലാണ് ഭ്രമഭാവനകൾ കടന്നുവരുന്നത്. സൂര്യനാണോ? ചന്ദ്രനാണോ അതു ചെയ്യുക? ചന്ദ്രനുറങ്ങിയ രാവിലെപ്പൂക്കളാണോ? (ചന്ദ്രനുറങ്ങിയ രാവിലെപ്പൂക്കൾ എന്ന പ്രയോഗത്തിൽ ചന്ദ്രസമാനം പ്രകാശിക്കുന്ന, ഭംഗിയുള്ള പൂക്കൾ എന്നും അർത്ഥം കല്പിക്കാം) സന്ധ്യയ്ക്കു പാടുന്ന ഭ്രാന്തൻ കിനാക്കളോ? കുന്നിലെപ്പൂക്കൾ ഇറുക്കുവാൻ പോകുന്ന ഉണ്ണിക്കിടാവോ? (തൻ്റെ ബാലഭാവത്തെ ആവിഷ്കരിക്കുന്നു) അല്ലാ, മതിമറന്ന് പുഴക്കടവിൽ വീണുമയങ്ങുന്ന പ്രവാസിയാണോ? ഗൃഹാതുര സങ്കല്പനങ്ങളെ പ്രതിനിധീകരിക്കുന്നു കവി.

'വീട്ടിൽ നിന്നാണോ വരുന്നത്? പെട്ടിയിൽ നാട്ടുവിഭവങ്ങളെന്തൊക്കെ? കൂട്ടുകാർക്ക് എന്തു സമ്മാനമാണുള്ളത്? ഉത്തരം: പെട്ടിയിൽ ഊരിലെ പഞ്ഞം. ദാരിദ്ര്യം വിട്ടൊഴിയാത്ത പ്രവാസത്തെ ഇവിടെ പരാമർശിക്കുന്നു. വിഫലസമരങ്ങളുടെ വീരഗാഥകൾ ഈ പെട്ടിയിലടങ്ങിയിരിക്കുന്നു. ഓർമ്മകൾ ഉള്ളടങ്ങുന്ന വ്യത്യസ്ത നിറത്തിലുള്ള നാലഞ്ചു തൂവലുകളുണ്ട്. നാലഞ്ചു വാടിയ പൂവിതളുമുണ്ട്. കൂടാതെ പാപപരിഹാരാർത്ഥം ഞാൻ ഗംഗയിൽ മുങ്ങിയെടുത്ത 108 ശ ശിലകളുമുണ്ട്. അമ്മൂമ്മ ഉണ്ണിക്കു നല്കിയ സന്ധ്യനാമവും അപ്പൂപ്പൻ്റെ വകയായി ലഭിച്ച രാമായണം കിളിപ്പാട്ടും അമ്മ പണ്ട് ഉണ്ണിക്കു നല്കിയ വെള്ളിക്കൊലുസും വിശ്വാസവും പ്രാർത്ഥനാമന്ത്രവുമുണ്ട്.

തുമ്പയും കാട്ടുകിളിയും കടത്തുവള്ളവും ഗൃഹാതുരസ്മരണകളുണർത്തി വീട്ടിലേക്കു വിളിക്കുകയാണ്. അതേ വീട്ടിൽ നിന്നും തോറ്റവും ചിങ്ങനിലാവും കരച്ചിലും ഇറങ്ങിപ്പോവുകയും ചെയ്യുന്നു. കരച്ചിൽ വൈകാരികതീക്ഷ്ണതയുടെ പ്രകടനമാകുന്നു.

സ്വാഭാവികമായും ‘വീട്ടിലേക്കുള്ള വഴി’ എന്ന കവിത ദാർശനികമാനമുള്ളതും പ്രവാസിയുടെ അസ്തിത്വവ്യഥയെ ആവിഷ്കരിക്കുന്നതുമാകുന്നു. ഒരു വ്യക്തിയുടെ/ പ്രവാസിയുടെ സ്വത്വം പ്രകാശിതമാകുന്നത് ജനിച്ച ദേശവുമായുള്ള ആത്മബന്ധത്തിലൂടെയാണ്. ആത്മബന്ധം ഊട്ടിയുറപ്പിക്കുന്ന കണ്ണിയാണ് അമ്മ. അമ്മയുടെ വിയോഗം വലിയൊരു വിഷാദ മായും സ്വത്വനിരാസത്തിലേക്കു നയിക്കുന്ന ഘടകമായും മാറുന്നു. അമ്മയില്ലാത്തിടത്തേക്ക് പോകുന്നതെന്തിനെന്ന ചോദ്യവും മനസ്സിലുയരുന്നു. ആർദ്രമായ വ്യക്തിബന്ധങ്ങൾ കാത്തുസൂക്ഷിക്കാൻ കഴിയാതെ വരികയാണ്. ചിതറിയ ജീവിതങ്ങൾ ചുറ്റിലും കാണുന്നു. ഈ സന്ദർഭത്തിൽ, പ്രവാസിയായിട്ടും ഒന്നും നേടാൻ സാധിക്കാഞ്ഞ മനുഷ്യൻ്റെ നൈരാശ്യം പ്രകടമാകുന്നു. കൂട്ടുകാരുടെ ചോദ്യങ്ങൾ ഉണ്ണിയെ വ്യത്യസ്തത നിറഞ്ഞ ജീവിതാശങ്കകളിലേക്കും പ്രത്യാശകെട്ട ജീവിതസാഹചര്യങ്ങളിലേക്കും നയിക്കുന്നു. ഒരു പ്രവാസിയുടെ ഉൾത്തുടിപ്പുകൾ അവതരിപ്പിക്കുന്ന ഈ കവിത പ്രവാസമെന്ന ഭിന്നവും നിഷേധാത്മകവുമായ അർത്ഥതലങ്ങളിലേക്ക് വായനക്കാരനെ കൊണ്ടുപോകുന്നു. ഏകാന്തതയും പ്രത്യാശാനഷ്ടവും കുറ്റബോധവും പശ്ചാത്താപവും സൃഷ്ടിക്കുന്ന ഭ്രമാത്മക സങ്കല്പനങ്ങളിൽ പ്രവാസിയുടെ ജീവിതം ദുസ്സഹമാകുന്നതിൻ്റെ വിശദചിത്രമാണ് ‘വീട്ടിലേക്കുള്ള വഴി’ എന്ന കവിതയെ ആകർഷകമാക്കുന്നത്.


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹിമവാൻ്റെ മുകൾത്തട്ടിൽ: രാജൻ കാക്കനാടൻ, ഭാഗം1

സഭാപ്രവേശം - കുഞ്ചൻ നമ്പ്യാർ

കരുണ - കുമാരനാശാൻ