ചങ്ങമ്പുഴയുടെ ഭൂമിയും ആകാശവും: കെ.എസ്.രവികുമാർ

 ചങ്ങമ്പുഴക്കവിതയെ സംബന്ധിച്ച് ആഴത്തിലുള്ള പഠനമാണ് ‘ചങ്ങമ്പുഴയുടെ ഭൂമിയും ആകാശവും.’ ചങ്ങമ്പുഴക്കവിത ചൈതന്യം കൈവരിച്ച വഴികളെന്തൊക്കെയെന്ന് അദ്ദേഹം അന്വേഷിക്കുന്നു.

  • ‘കേരളീയാധുനികതയുടെ കാലത്തെ മലയാള സാഹിത്യത്തെ പൊതുവിലും മലയാളത്തിലെ ആധുനികതാ പ്രസ്ഥാനത്തെ വിശേഷിച്ചും അഭിസംബോധന ചെയ്യുന്നവ’ എന്ന് ലേഖകനായ കെ.എസ്. രവികുമാർ തന്നെ വിശേഷിപ്പിക്കുന്ന ലേഖനങ്ങൾ അടങ്ങിയ കൃതിയാണ് ‘ആധുനികതയുടെ അപാവരണങ്ങൾ.’ ലേഖനങ്ങളെ ആറു ഭാഗങ്ങളാക്കി തിരിച്ചിരിക്കുന്നു. അതിൽ ‘കവിത, നോവൽ,നിരൂപണം തുടങ്ങിയ വിഭാഗങ്ങളിൽ പെട്ട കൃതികളെയും പ്രശ്നങ്ങളെയും സംബന്ധിക്കുന്നവ’ എന്ന വിഭാഗത്തിൽ പെടുന്ന ലേഖനമാണ് ‘ചങ്ങമ്പുഴയുടെ ഭൂമിയും ആകാശവും’. ചങ്ങമ്പുഴ കൃഷ്ണപിള്ള മലയാള സാഹിത്യത്തിലെ പ്രമുഖ കവിയാണ്. 1911 മുതൽ 1948 വരെയാണ് കവിയുടെ ജീവിതകാലം. കാൽപ്പനികതയും റിയലിസവും കവിതകളിൽ ചാലിച്ച് സംഗീതാത്മകമായ പദശയ്യകളാലും വാങ്മയചിത്രങ്ങളാലും മലയാളി സഹൃദയനെ വിസ്മയം കൊള്ളിച്ച, അന്നും ഇന്നും ആരാധകവൃന്ദത്തിനു കുറവില്ലാത്ത ചങ്ങമ്പുഴയെന്ന കവിയെക്കുറിച്ചുള്ള ലേഖനത്തിലെ മുഖ്യാശയങ്ങൾ ഇവിടെ സംഗ്രഹിക്കാം. 
  • ഈ ലേഖനശീർഷകം ‘ചങ്ങമ്പുഴയുടെ ഭൂമിയും ആകാശവും’ എന്നതാണ്. ചങ്ങമ്പുഴ കൃഷ്ണപിള്ളയെന്ന കവി എവിടെ നിന്നാണ് ഊർജ്ജം സംഭരിച്ചിരുന്നത്, അദ്ദേഹത്തിൻ്റെ കവിത അടിയുറച്ചു നില്ക്കുന്നത് എവിടെയാണ് എന്നിങ്ങനെയുള്ള വിഷയങ്ങൾ ഇതിൽ ചർച്ചചെയ്യുന്നു.
  • ഒരു കാലഘട്ടത്തിൻ്റെ ആസ്വാദനസംസ്കാരത്തെ മാന്ത്രികരീതിയിൽ മാറ്റിയെടുത്ത കവിയെന്ന് ചങ്ങമ്പുഴയെ ലേഖകൻ വിശേഷിപ്പിക്കുന്നു. 
  • പരമ്പരാഗതമായ കാവ്യരീതികളിൽ നിന്നും വഴിമാറിനടന്ന കവിയായ ചങ്ങമ്പുഴ,  പാരമ്പര്യത്തിൽ നിന്നും ഊർജ്ജം ഉൾക്കൊണ്ടു.
  •  നാട്ടുകവിതാ പാരമ്പര്യത്തിൻ്റെ ഈണങ്ങളും താളങ്ങളും സ്വന്തം കവിതയ്ക്കു പകർന്നു.
  •  കവിതയെ ജനകീയതയുടെ ഉയരങ്ങളിലെത്തിച്ചു.
  • ലാളിത്യം, ഗാനാത്മകത, വൈകാരികത എന്നിവയാണ് ചങ്ങമ്പുഴക്കവിതകളുടെ ആകർഷണവും സവിശേഷതയും.
  • നാടൻശീലുകളിൽ കവിത രചിച്ച ചങ്ങമ്പുഴ മുഖ്യധാരാ കവികൾ പരിഗണിക്കാതിരുന്ന നാടൻഗാനമേഖലയെ ഉപയോഗിച്ച് തൻ്റെ കാവ്യസ്വത്വം പടുത്തുയർത്തി.
  • ബാഷ്പാഞ്ജലിയെന്ന ആദ്യകാവ്യസമാഹാരത്തിൽത്തന്നെ നാടൻശീലുകളുടെ ഉപയോഗം പ്രകടമാകുന്നു.
  • ഭാഷാസാരള്യം: കേൾക്കുന്ന മാത്രയിൽ അർത്ഥം മനസ്സിലാക്കാവുന്ന, അല്ലെങ്കിൽ ഭാവം വ്യക്തമാവുന്ന ഭാഷയിൽ കവിതകളെഴുതി.
  •  പാശ്ചാത്യ കവിതയുടെ ആഖ്യാനതന്ത്രങ്ങളും രൂപപരമായ സവിശേഷതകളും ചങ്ങമ്പുഴ പ്രയോജനപ്പെടുത്തി.
  • ആംഗലഭാഷ (ഇംഗ്ലീഷ്)യിലെ കാൽപ്പനിക കവിതയെ പിന്തുടർന്ന ചങ്ങമ്പുഴ പാശ്ചാത്യ കാവ്യസംസ്കാരത്തെ സ്വന്തം കവിതകളിൽ ലയിപ്പിച്ചു.
  • ചങ്ങമ്പുഴക്കവിതയുടെ സ്വാച്ഛന്ദ്യവും സാരള്യവും മാധുര്യവും പ്രസന്നതയും എടുത്തു പറയേണ്ടതാണ്.
  •  ചങ്ങമ്പുഴീകരണം: ചങ്ങമ്പുഴീകരണം എന്ന പ്രയോഗം കെ. അയ്യപ്പപ്പണിക്കരുടെ വക.
  • എന്താണ് ചങ്ങമ്പുഴീകരണം? “മറ്റു ഭാഷകളുടെയും സാഹിത്യങ്ങളുടെയും സ്വാധീനതയിൽ പ്രവർത്തിക്കുമ്പോഴും പരകീയവും കടമെടുത്തതുമായ അംശങ്ങളെ പൂർണ്ണമായി സ്വാംശീകരിച്ചു തൻ്റേതു മാത്രമാക്കി വായനക്കാരനു മുന്നിൽ അവതരിപ്പിക്കുന്ന ചങ്ങമ്പുഴയുടെ സിദ്ധിയെയാണ് ചങ്ങമ്പുഴീകരണം എന്നു വിശേഷിപ്പിക്കുന്നത്.
  • രമണൻ പ്രസിദ്ധീകരിച്ചതോടെ ചങ്ങമ്പുഴ മലയാളികളുടെ പ്രിയകവിയായി. ആരണ്യകഗാഥ എന്ന കാവ്യവിഭാഗത്തിലതിനെ ഉൾപ്പെടുത്താം.
  • റിയലിസത്തെ റൊമാൻ്റിസിസത്തിലൊളിപ്പിച്ച് മധുരസ്വപ്നങ്ങളുടെ മണ്ഡലത്തിൽ വിഹരിക്കുന്ന ഒരു തോന്നൽ ഉളവാക്കുന്ന വിധം വർണിക്കുന്നതാണ് ഈ കലാസമ്പ്രദായമെന്ന് രമണനെഴുതിയ അവതാരികയിൽ പ്രശസ്ത നിരൂപകനായ ജോസഫ് മുണ്ടശ്ശേരി അഭിപ്രായപ്പെടുന്നു.  
  • ചങ്ങമ്പുഴയുടെ രമണൻ എഡ്മണ്ട് സ്പെൻസറുടെ ‘ഷെപ്പേർഡ്സ് കലണ്ടർ’ എന്ന ആരണ്യവിലാപ കാവ്യത്തെ മാതൃകയാക്കിയാണെഴുതിയത്.
  • കേരളപ്രകൃതിയുടെ തനിമയാർന്ന ആവിഷ്കരണം, കേരള വാമൊഴി പാരമ്പര്യത്തിൻ്റെ സഹജമായ ഗാനാത്മകത മുതലായവ രമണൻ്റെ പ്രത്യേകതകളാണ്. 
  • പാശ്ചാത്യസങ്കേതങ്ങളെ മലയാളത്തനിമയുടെ രൂപഭാവങ്ങളിലേക്ക് ചങ്ങമ്പുഴ സ്വാംശീകരിച്ചു.
  • യൂറോപ്യൻ സാഹിത്യത്തിൽ നിന്ന് ആരണ്യകകാവ്യങ്ങളുടെ കമനീയശില്പത്തെ ഒന്നാമതായി നമ്മുടെ ഭാഷയിലവതരിപ്പിച്ചത് ചങ്ങമ്പുഴയാണെന്ന് മുണ്ടശ്ശേരി നിരൂപിക്കുന്നു.
  • തൻ്റെ 21-ാം വയസ്സിൽ ‘An Anthology of World Poetry’ യിലെ 150 ൽ പരം പദ്യങ്ങൾ ഒരു കൊല്ലത്തിനുള്ളിൽ അനുകരണരൂപത്തിൽ പകർത്തി.
  • ചങ്ങമ്പുഴയുടെ പല സ്വതന്ത്ര കൃതികളിലും പാശ്ചാത്യ കവിതയുടെ സ്വാധീനത പ്രകടമാണ്.
  • ടെന്നിസൻ്റെ ചില കവിതകൾ പരിഭാഷപ്പെടുത്തിയിട്ടുണ്ടെങ്കിലും ചങ്ങമ്പുഴയെ കൂടുതൽ സ്വാധീനിച്ചത് കീറ്റ്സ്, ഷെല്ലി, ബൈറൻ, ബ്രൗണിങ്ങ് തുടങ്ങിയ കവികളാണ്. ചങ്ങമ്പുഴ തന്നെ ഇതു വ്യക്തമാക്കിയിട്ടുണ്ട്.
  • ‘മോഹിനി’ എന്ന ചങ്ങമ്പുഴക്കാവ്യത്തിന് ബ്രൗണിങ്ങിൻ്റെ ‘പ്രൊഫീറിയാസ് ലവർ’ എന്ന കൃതിയോടു വിധേയത്വമുണ്ട്.
  • എന്നാൽ ആ കൃതിയിലെ നായകൻ്റെ മാനസികവ്യാപാരങ്ങൾ ഇംഗ്ലീഷിലേതിൽ നിന്നും വ്യത്യസ്തമത്രെ.
  •  പരിഭാഷാപരിശ്രമങ്ങൾ ചങ്ങമ്പുഴയുടെ മൗലിക രചനകളെയും സ്വാധീനിച്ചു. പരോക്ഷമായെങ്കിലും പാശ്ചാത്യപ്രഭാവം പ്രകടിപ്പിച്ച എഴുത്തുകാരനായി ചങ്ങമ്പുഴ. എങ്കിലും അതിനെ കീഴ്പ്പെടുത്തും മട്ടിൽ അദ്ദേഹത്തിൻ്റെ മൗലികത ഉയർന്നു വിഹരിച്ചു.
  • ചങ്ങമ്പുഴയുടെ കാവ്യസ്വത്വത്തിൽ മലയാള കവിതയുടെ നാട്ടു പാരമ്പര്യവും പാശ്ചാത്യ കവിതയിലെ കാൽപ്പനിക സംസ്കാരവും സമന്വയിക്കുന്നുവെന്ന് കെ.എസ്. രവികുമാർ സമർത്ഥിക്കുന്നു.


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹിമവാൻ്റെ മുകൾത്തട്ടിൽ: രാജൻ കാക്കനാടൻ, ഭാഗം1

സഭാപ്രവേശം - കുഞ്ചൻ നമ്പ്യാർ

കരുണ - കുമാരനാശാൻ