മനസ്വിനി:ചങ്ങമ്പുഴ കൃഷ്ണപിള്ള

കാൽപ്പനിക പ്രസ്ഥാനത്തിൻ്റെ അമരക്കാരനായ കവിയാണ് ചങ്ങമ്പുഴ കൃഷ്ണപിള്ള. 1911 മുതൽ 1948 വരെയുള്ള ഹ്രസ്വമായ ജീവിത കാലയളവിൽ അദ്ദേഹം വിവാദങ്ങളുടെ കളിത്തോഴനുമായി. വൈകാരികതയും വ്യക്തിപരതയും ആദർശോന്മുഖതയും ഭാവനാത്മകതയും ചങ്ങമ്പുഴക്കവിതകളുടെ മുഖലക്ഷണങ്ങളാണ്. ഇവ കാൽപ്പനികതയുടെ നവ്യഭാവങ്ങളെ പ്രതിനിധീകരിക്കുക കൂടി ചെയ്യുന്നു. മലയാളികളെ വളരെയധികം സ്വാധീനിച്ച കവിയാണ് ചങ്ങമ്പുഴ. അദ്ദേഹത്തിൻ്റെ കവിതകളിൽ വിഷാദാത്മകതയുടെ ഛായ കാണാം. ഭൗതികമായ സുഖഭോഗമോഹങ്ങൾ ജീവിതത്തെ ബാധിച്ചെങ്കിലും അദ്ദേഹത്തിൻ്റെ രചനകളെയും കാവ്യവ്യാപാരങ്ങളെയും തടയിടാൻ അവയ്ക്കായില്ല. ജീവിതം തന്നെ കവിതയാക്കി മാറ്റിയ കവി എന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കാം. എരുമേലി പരമേശ്വരൻ പിള്ള ചങ്ങമ്പുഴക്കവിതകളെക്കുറിച്ച് ഇപ്രകാരം എഴുതുന്നു:

 “ആത്മദുഃഖം അസാധാരണമായ ചമൽക്കാരത്തോടെ ആവിഷ്കരിക്കുന്നതോടൊപ്പം സമൂഹത്തിൻ്റെ ചലനങ്ങൾ പകർത്താനും ചങ്ങമ്പുഴ തയ്യാറായി. അവിടെയാണ് ചങ്ങമ്പുഴക്കവിതയുടെ ജനകീയസ്വഭാവം വ്യക്തമാകുന്നത്. സ്വന്തം ജീവരക്തത്തിൻ്റെ നിറവും മണവും ചൂടും കലർന്നതാണ് ചങ്ങമ്പുഴയുടെ കവിത. ചങ്ങമ്പുഴക്കവിത പൊതുവെ റിയലിസത്തിൽ പെടുന്നു. അതേസമയം കാൽപ്പനികതയുടെ ശക്തമായ സ്വാധീനവും അദ്ദേഹത്തിൻ്റെ കവിതകളിൽ ഉണ്ട്” (മലയാള സാഹിത്യം കാലഘട്ടങ്ങളിലൂടെ, പുറം 258). ചങ്ങമ്പുഴക്കവിതയുടെ സവിശേഷതകളായി എരുമേലി എടുത്തു പറയുന്ന ഘടകങ്ങൾ ചുവടെ നല്കുന്നു:

  • ഭാഷാലാളിത്യം
  • ആഖ്യാന സൗകുമാര്യം
  • പ്രേമാനുഭൂതിയുടെ ഊഷ്മളത
  • ഗാനാത്മകത
  • തീവ്ര വിഷാദാത്മകത
  • സഹാനുഭൂതി
  • പ്രകൃതിഭംഗിയുടെ നിറപ്പകിട്ടാർന്ന വർണ്ണനകൾ
  • വാങ്മയചിത്രങ്ങൾ
  • ആത്മപ്രതിഫലനം

ഈ സവിശേഷതകൾ പ്രതിഫലിക്കുന്ന മനോഹരമായ കാവ്യമാണ് മനസ്വിനി. ചങ്ങമ്പുഴയ്ക്ക് കവിത ആത്മാർത്ഥതയുടെ അർപ്പണമായിരുന്നു. ചങ്ങമ്പുഴ പറഞ്ഞ വാക്കുകൾ പ്രഫ. എം.കെ.സാനു മാസ്റ്റർ ‘ചങ്ങമ്പുഴ കൃഷ്ണപിള്ള നക്ഷത്രങ്ങളുടെ സ്നേഹഭാജനം’ എന്ന കൃതിയിൽ പരാമർശിച്ചിട്ടുണ്ട്. 

“ആത്മാവിൻ്റെ സത്യത്തിനു യുക്തിയില്ല. യുക്തിയുണ്ടെങ്കിലേ മറ്റൊരാളെ പറഞ്ഞു മനസ്സിലാക്കാൻ കഴിയൂ. അതില്ലാത്തിടത്ത് സഹിക്കുക തന്നെ ഗതി. കവിതയെഴുത്ത് അവിടെ ആശ്വാസത്തിൻ്റെ സംഗീതം സൃഷ്ടിക്കുന്നു. അതോടൊപ്പം കവിത ആത്മാർത്ഥതയുടെ സ്പന്ദനത്തിൽ ഹൃദയസ്പൃക്കായി മാറുകയും ചെയ്യുന്നു.” (പുറം 83). 

മാനസികസംഘർഷങ്ങളകറ്റാനും മനസ്സിലുള്ളതുപറയുവാനുമുള്ള ഉപാധിയായിരുന്നു അദ്ദേഹത്തിനു കവിത.

വ്യക്തിജീവിതത്തിൽ ചങ്ങമ്പുഴ നിരവധി പ്രതിസന്ധികളെ നേരിട്ടിട്ടുണ്ട്. ഭൂരിഭാഗവും അദ്ദേഹത്തിൻ്റെ ചപലതകളാൽ തന്നെ സൃഷ്ടിക്കപ്പെട്ടവയാണ്. കുടുംബജീവിതത്തിൽ പോലും അസ്വസ്ഥത സൃഷ്ടിക്കാൻ അദ്ദേഹത്തിൻ്റെ ചാപല്യങ്ങൾ കാരണമായി. മദ്യപാനവും പരസ്ത്രീബന്ധങ്ങളും കുടുംബജീവിതം കലുഷമാക്കി. അതോടൊപ്പം ക്ഷയരോഗത്തിൻ്റെ ആക്രമണം ആരോഗ്യത്തെയും ബാധിച്ചു. എന്നാൽ അദ്ദേഹത്തിൻ്റെ സഹധർമ്മിണിയായ ശ്രീദേവി ചങ്ങമ്പുഴ ഇത്തരം സാഹചര്യങ്ങളെ ആത്മധൈര്യത്തോടെ നേരിടുയും ഭർത്തൃശുശ്രൂഷ നിർവഹിക്കുകയും ചെയ്തു. താൻ നിരന്തരം ആക്ഷേപിക്കുകയും ഭർത്സിക്കുകയും ചെയ്തിട്ടും ഭാര്യ അവളുടെ ധർമ്മം അനുഷ്ഠിക്കുന്നത് ചങ്ങമ്പുഴയെ അമ്പരപ്പിക്കുകയും അദ്ദേഹം സന്തോഷിക്കുകയും ചെയ്തു. 1947 ലാണ് മനസ്വിനി എന്ന കവിത എഴുതുന്നത്. 1940 കളുടെ പ്രാരംഭത്തിൽ ചങ്ങമ്പുഴയെ ഹഠാദാകർഷിച്ച ഒരു സ്ത്രീയുണ്ടായിരുന്നു. ദേവി എന്നായിരുന്നു അവരുടെ പേര്. ചങ്ങമ്പുഴയെ ആഴത്തിൽ സ്വാധീനിക്കുകയും പ്രണയിക്കുകയും ചെയ്ത ദേവിയുടെ സ്വരൂപം മനസ്വിനിയിൽ കാണാം. അരോടൊപ്പം, തീവ്രമായി തന്നെ സ്നേഹിച്ച ഭാര്യയുടെ സമർപ്പണവും ചങ്ങമ്പുഴ മനസ്വിനിയിൽ ആവിഷ്കരിച്ചിട്ടുണ്ട്. ഒരു സ്ത്രീയിൽ തന്നെയുള്ള ഭാര്യ, കാമിനി എന്നീ വ്യത്യസ്തഭാവങ്ങളുടെ സമന്വയമാണ് മനസ്വിനി.

ദേവി ചങ്ങമ്പുഴയിൽ ചെലുത്തിയ സ്വാധീനത്തെക്കുറിച്ച് എം.കെ. സാനു മാസ്റ്റർ ഇപ്രകാരം എഴുതുന്നു:

“എല്ലാറ്റിലും പ്രധാനം, ദേവി ചങ്ങമ്പുഴയിൽ ചെലുത്തിയ സ്വാധീനമാണ്. മലിനമാർഗ്ഗങ്ങളിൽ നിന്ന് അദ്ദേഹത്തെ പിന്തിരിപ്പിക്കുന്ന ഒരു പവിത്രീകരണ ശക്തിയായിട്ടാണ് ആ സ്വാധീനം പ്രവർത്തിച്ചത്… ആത്മപ്രേമത്തിൻ്റെ അതിർത്തികൾക്കപ്പുറത്തേക്കു പറന്നുയരാൻ ചങ്ങമ്പുഴക്കവിതയ്ക്കു പ്രേരണയരുളിയത് ദേവിയുടെ ആത്മാർപ്പണസന്നദ്ധമായ പ്രണയമാണ് '’ (പുറം 112). 

ചങ്ങമ്പുഴയിൽ ശക്തമായ പ്രേരണ ചെലുത്തിയ ദേവിയുടെ അലൗകിക സൗന്ദര്യവും ഭാര്യയായ ശ്രീദേവി നയിച്ച പ്രാരബ്ധതയുടെ കയ്പും ഒന്നാകുന്ന മനോഹരരചനയാണ് മനസ്വിനി. 

ആശയം:

ചങ്ങമ്പുഴയ്ക്ക് കവിത ലഹരിയായിരുന്നു. ആകസ്മികമായി തന്നിലൂടെ ഒരു മിന്നൽ പായുകയും താനങ്ങനെ തനിയേ എല്ലാം മറന്ന് എഴുതിപ്പോവുകയുമാണ്. ഈ സന്ദർഭത്തിൽ ചങ്ങമ്പുഴയുടെ ഹൃദയം സംഗീതഭരിതമാകുന്നു. ആ തരംഗമാലകളിൽ തളർന്നു വീണ് കവി ചേതന എങ്ങോട്ടോ ഒഴുകിപ്പോവുന്നു. കവിത എഴുതിപ്പോയ സന്ദർഭമാണ് കവി വിചാരത്തിൽ പെടുന്നത്. കവിത എഴുതുക, കവിത എഴുതിപ്പോവുക - ഇവ രണ്ടും രണ്ടാണ്. സ്വയം മറന്ന അവസ്ഥയുണ്ടാകുന്നത് കവിത എഴുതിപ്പോയ സന്ദർഭത്തിലാണ്. മനസ്വിനി അത്തരമൊരു രചനയാണ്.

അലൗകികമായ, ദിവ്യവും ശ്രേഷ്ഠവുമായ പരിവേഷത്തോടുകൂടി പ്രസരിക്കുന്ന പ്രഭാതവും ആ മഹിമകളോടെ ശോഭിക്കുന്ന പ്രണയിനിയുമാണ് മനസ്വിനിയുടെ ആദ്യവരികളിലെ ആകർഷണം. മഞ്ഞത്തെച്ചിപ്പൂങ്കുല പോലെ ഭംഗി വഴിയുന്ന പ്രഭാതത്തിൽ ലളിതയും ശാലീനയുമായ കാമിനി ആനന്ദത്തിൻ്റെ സുവർണ്ണ രശ്മി പോലെ കവിയുടെ മുന്നിൽ പ്രതൃക്ഷയായി. [വാക്കുകളും വർണ്ണനകളും ലോഭമില്ലാതെ ആസ്വാദകനെ അപരലോകത്തേക്കു നയിക്കുന്ന കാഴ്ച ഇവിടെ ആരംഭിക്കുന്നു. ]

ക്ഷേത്രത്തിൻ്റെ പൊന്നൊളി ഗോപുരം അകലെ നിന്നും സുവർണ്ണപ്രഭ ചൊരിഞ്ഞു. ക്ഷേത്രസമീപമുള്ള പൊന്നിൻ കൊടിമരത്തിൽ നിന്നും പല നിറത്തിലുള്ള ഭംഗിയുള്ളതും രസകരവുമായ കൊടി പാറിക്കളിച്ചു. 

[പ്രണയിനിയുടെ ദിവ്യരൂപത്തിന് അഭൗമമായ പശ്ചാത്തലമൊരുക്കാനുള്ള വെമ്പലിലാണ് കവി ].

നീലക്കാടുകളാകുന്ന മേൽക്കുപ്പായം ധരിച്ച, മഞ്ഞിൽ കുതിർന്ന മഹാപർവതങ്ങളിൽ പ്രഭാതകിരണങ്ങളാൽ പ്രകാശിക്കുന്ന ജലകന്യക സ്വർണ്ണരശ്മികളാൽ കണിവയ്ക്കുമ്പോൾ, അദൃശ്യശരീരികളും അർത്ഥികളുടെ ഇഷ്ടം സാധിച്ചുനല്കുന്നവരുമായ കാനനദേവതകൾ വീണമീട്ടും പോലെ കാടുകൾ കളകള നാദം പൊഴിക്കാനാരംഭിച്ചു. വെയിലിൻ്റെ ശോഭയിൽ മഞ്ഞലകൾ മായുകയും ഇലകളുടെ മർമ്മരം മരക്കൂട്ടങ്ങളിൽ ഒഴുകുകയും ചെയ്തു.

[അദ്വിതീയമായ വർണ്ണനാപാടവമാണ് ചങ്ങമ്പുഴയുടേത് എന്നു തെളിയിക്കാൻ സമർത്ഥമായ വരികളാണ് മേല്പറഞ്ഞ പ്രകൃതി വർണ്ണനകളിലടങ്ങിയിട്ടുള്ളത്.]

പശ്ചാത്തലവർണ്ണന കഴിഞ്ഞു. എന്താണ് കവി കണ്ടത്? ഈറൻ വസ്ത്രത്തിൽ മറഞ്ഞ, ഒരു പൊന്നല പാറി മിനുങ്ങിയ ദേവിയുടെ ശരീരം അയഥാർത്ഥ സങ്കല്പനങ്ങളാൽ വലയം ചെയ്യപ്പെട്ട സത്യമെന്ന പോലെ എൻ്റെ മുന്നിൽ  വിളങ്ങി. 

“മിത്ഥ്യാവലയിതസത്യോപമരുചി -
തത്തി ലസിച്ചൂ മമ മുന്നിൽ”

അലൗകികദർശനമെന്ന  മട്ടിലാണ് കവി അതു വീക്ഷിക്കുന്നത്. 

 ദേവൻ്റെ കൃപ പുരണ്ട (ക്ഷേത്രത്തിൽ നിന്നും ലഭ്യമായ) ചന്ദനക്കുറി കുളിരാർന്ന നിൻ്റെ നെറ്റിയിൽ അണിഞ്ഞിട്ടുണ്ട്. അതോടൊപ്പം നെറ്റിയിൽ വീണു കിടക്കുകയാണ് കരിവണ്ടിൻ കൂട്ടങ്ങൾക്കു സമാനം മനോഹരങ്ങളായ കുറുനിരകൾ!

എല്ലാ നന്മകളുടെയും കേദാരമായ ചെന്താമരപ്പൂവ് വളരെ ഭംഗിയിൽ വിടർന്ന പോലെ രണ്ടു മനോഹര കരിങ്കൂവളപ്പൂവുകളെ (കണ്ണുകൾ) ചൂടിക്കൊണ്ട് നിൻ്റെ മുഖം നിലാവു പൊഴിച്ചു.

ഒറ്റപ്പത്തിയുള്ള, എന്നാൽ ആയിരം ഉടലുകൾ ചുറ്റിപ്പിണഞ്ഞ ഒരു മണിനാഗം ചന്ദനലതയിൽ മുഖം കീഴ്പ്പോട്ടാക്കി ഭംഗിയിൽ ശയിക്കുന്നതുപോലെ അല്ലയോ വിമലേ,(പരിശുദ്ധ) ചെറിയ പനിനീർപ്പൂവിനാൽ അലങ്കരിച്ച നിൻ്റെ മുടിക്കെട്ട് ശോഭിച്ചു. അതിമനോഹരമായ ഗാനം പോലെയും, നന്മനിറഞ്ഞ കാവ്യം പോലെയും എൻ്റെ മനസ്സു നിന്നെയോർത്തു.

[അതിസുന്ദരമായ വർണ്ണനയാണ് തുടർന്നു വരുന്നത്. ഇത് തൻ്റെ മനസ്സിൻ്റെ അവാച്യമായ ആനന്ദത്തിൻ്റെ പ്രസരണമാകുന്നു.]

തുടുതുടെയൊരു ചെറു കവിത വിടർന്നൂ
തുഷ്ടി തുടിക്കും മമഹൃത്തിൽ!
ചൊക ചൊകയൊരു ചെറു കവിത വിടർന്നു
ചോര തുളുമ്പിയ മമ ഹൃത്തിൽ”

മേൽപ്പറഞ്ഞ പശ്ചാത്തലത്തിൽ ദേവിയുടെ ദിവ്യമായ കാഴ്ച്ച കവിയെ പരമമായ കാവ്യരസത്തിൽ ആറാടിക്കുന്നു. കവിയുടെ ഹൃദയത്തിൽ തുടുതുടുത്ത ഒരു കവിത വിടരുകയാണ്. കടുത്ത ചുവപ്പു നിറത്തോടുകൂടിയ ആ കവിത രക്തം തുളുമ്പിയ കവിയുടെ ഹൃദയത്തിൽ വിടർന്നുല്ലസിച്ചു.

കവിക്ക് ഇനി പറയാനുള്ളത് സ്വന്തം കവിതയെക്കുറിച്ചു തന്നെ. 

മലരൊളിതിരളുംമധുചന്ദ്രികയിൽ
മഴവിൽക്കൊടിയുടെ മുനമുക്കി,
എഴുതാനുഴറീ കൽപ്പന ദിവ്യമൊ -
രഴകിനെ - എന്നെ മറന്നൂ ഞാൻ.
മധുരസ്വപ്ന ശതാവലി പൂത്തൊരു
മായാലോകത്തെത്തീ ഞാൻ!
അദ്വൈതാമല ഭാവസ്പന്ദിത
വിദ്യുന്മേഖല പൂകീ ഞാൻ!”

പൂവിൻപ്രകാശത്തിൽ പുരണ്ട തേനിനു സമാനം മാധുര്യമാർന്ന നിലാവിനെ മഷിയാക്കി, മഴവിൽക്കൊടി തൂലികയാക്കി ഒരമൂർത്തഭാവന ആവിഷ്കരിക്കാൻ ഞാനൊരുങ്ങെ, സ്വയം മറന്നുപോയി. നൂറുകണക്കിന് മധുര സ്വപ്നങ്ങൾ പൂത്ത വിശിഷ്ടമായ മായാലോകത്ത് ഞാൻ എത്തിച്ചേർന്നു. ഏകീഭാവമുള്ളതും വിശുദ്ധവുമായ ഭാവങ്ങൾ സ്പന്ദിക്കുന്ന വിദ്യുന്മേഖലയിലേക്ക് ഞാൻ പ്രവേശിച്ചു. ഇത് കവിതയെക്കുറിച്ചുള്ള ചങ്ങമ്പുഴയുടെ സങ്കല്പനമാണ്.

ഈ വിദ്യുന്മേഖല വികാരങ്ങളുടെ പ്രസരണത്തെയാണ് ഉൾക്കൊള്ളുന്നത്.

ഇതുവരെ നായികയുടെ അസുലഭമോഹനമായ ചിത്രം വരയ്ക്കുന്ന കവി, ഒരു ദൗർഭാഗ്യത്തിൽപെട്ട്, കാലാന്തരത്തിൽ, അവളുടെ സൗന്ദര്യം നഷ്ടമായതു ചിത്രീകരിക്കുന്നു. തീവ്രമായ വസൂരിബാധയാൽ അവളുടെ ശരീരം വല്ലാതെ വിരൂപമായി. മനോഹരമായ രൂപമുള്ള അവൾ കോലം കെട്ട മട്ടിലായി. മിന്നലിനു സമാനമായ ശോഭ കെട്ടു. മുടി കൊഴിഞ്ഞു. മുഖം കലകൾ നിറഞ്ഞു വികൃതമായി. പൊന്നിൻ്റെ ശോഭയും നഷ്ടമായി. എല്ലാം വല്ലാത്ത കറുപ്പായി. നിൻ്റെ ശരീരം വെറും തൊണ്ടു പോലെയായി. ഊർജ്ജസ്വലതയില്ലാത്ത ഒന്നായി പരിണമിച്ചുവെന്നർത്ഥം. കാണാൻ പറ്റാത്ത വിധത്തിൽ അന്ധത ബാധിച്ചു. കേൾവിയും പോയി. വെണ്ണ പോലും തോൽക്കും മട്ടിലുള്ള നിൻ്റെ ശരീരത്തിൻ്റെ മാർദ്ദവം വടുക്കൾ നഷ്ടമാക്കി. 

തുടർന്ന്, കവി തന്നെത്തന്നെ പഴിക്കുന്നു. ജാതകദോഷമാണിത്. അല്ലായെങ്കിൽ എന്തിനാണ് നീ വന്ന് എൻ്റെ ഭാര്യാപദവി സ്വീകരിച്ചത്? കവി തൻ്റെ ജീവിതത്തിനു വന്നുഭവിച്ച ചില അശുഭസംഭവങ്ങളും സൂചിപ്പിക്കുന്നു. പല പല സ്ത്രീകൾ എൻ്റെ സമീപത്തേക്കു വന്നു. വന്നവർ എന്നോടു പണം ആവശ്യപ്പെട്ടു. ഞാൻ നടുങ്ങി. പല പല കാമുകിമാരും വന്നു. വന്നവർ പദവികൾ വാഴ്ത്തി. ഞാൻ നടുങ്ങി. എന്നാൽ നീ, കിന്നരകന്യകയ്ക്കു സമാനം ചിരിച്ചു കൊണ്ട് എന്നോടു പറഞ്ഞു: എനിക്ക് വേണ്ടത് അങ്ങയുടെ പൊന്നോടക്കുഴൽ മാത്രമാണ്. നിൻ്റെ പുല്ലാങ്കുഴൽ എന്നെ സംബന്ധിച്ച് പൊന്നോടക്കുഴലാണ്. 

ഇതു കേൾക്കെ പുളകത്താൽ ഞാൻ ഒരു പുതിയ ലോകത്തിലെ യുവരാജാവായി. ഇന്ന് ഞാൻ ആ നാടുഭരിക്കുന്ന ചക്രവർത്തിയാണ്. എന്നാൽ, സ്വയം എനിക്കു വേണ്ടി ഹനിച്ച നിന്നെയോർത്ത് എൻ്റെ മനസ്സ് നീറുന്നു.

വീടിൻ്റെ തിണ്ണയിലേക്കു ഞാൻ പ്രവേശിക്കവേ അമ്പരപ്പിക്കുന്ന കാഴ്ചയാണു കണ്ടത്. കണ്ണുകളും കാതുകളുമില്ലെങ്കിലും അതിമനോഹരമായ പുഞ്ചിരി എങ്ങനെയാണ് ചുണ്ടിൽ വിരിയുന്നത്? കാഴ്ച നഷ്ടപ്പെട്ടെങ്കിലും സേവനത്താൽ ഗൃഹം സുന്ദരമാക്കുന്ന, പ്രഭ ചൊരിയുന്ന പൊൻതിരികളാണവ.

ആ പ്രകാശമുള്ളപ്പോൾ ഇരുളിൽ തപ്പേണ്ട കാര്യം എനിക്കെന്താണുള്ളത്? ദുഷിച്ച ശീലങ്ങളും ചിന്തകളും ഇടയ്ക്കിടെ എല്ലാ കരുത്തും എടുത്തു പുറത്തുവരാൻ ശ്രമിക്കുമ്പോഴും അവ അവസാനം പരാജയപ്പെടുകയാണ്. കാരണം, നീ പകരുന്ന ശക്തിയാണ്. 

ഇവിടെ ചങ്ങമ്പുഴയുടെ ജീവിതത്തിൽ സ്വധീനം ചെലുത്തിയ ദേവിയുടെ സ്നേഹപൂർണ്ണമായ നിർബന്ധം എം.കെ. സാനുമാസ്റ്റർ വിവരിച്ചിട്ടുണ്ട്. തൻ്റെ സഹധർമ്മിണീ പദത്തിൽ കാമിനിയെ പ്രതിഷ്ഠിക്കുകയാണോ ചങ്ങമ്പുഴ ചെയ്തത്? ചങ്ങമ്പുഴയുടെ ചീത്തശീലങ്ങൾ നിയന്ത്രിക്കാനായി അവൾ ഇടപെട്ടിരുന്നു. ഭാര്യയായ ശ്രീദേവിയാകട്ടെ സൗമ്യയും ഭർത്താവിൻ്റെ ദുശ്ശീലങ്ങളിൽ ദുഃഖിതയുമായിരുന്നു. ഈ ഭാഗങ്ങളിൽ ഭാര്യ- കാമിനീ സങ്കല്പനങ്ങൾ ലയിക്കുന്നതു കാണാം. ചങ്ങമ്പുഴയുടെ ജീവിത സാഹചര്യങ്ങളും സങ്കല്പനങ്ങളും കൂടിക്കുഴയുന്നു. ഭാര്യയുടെ അവസ്ഥകൾ കാമിനിയിൽ പ്രതിഫലിക്കുന്നു. ഭാര്യ കാമിനിയാകുന്നു.

“പ്രതിഷേധ സ്വരമറിയാതെഴുമ-
പ്രതിമ ഗുണാർദ്ര മനസ്വിനി നീ”

ഒട്ടും പ്രതിഷേധിക്കാതെ ഭർത്തൃപരിചരണം നടത്തിയ സ്ത്രീ രത്നമാണ് ശ്രീദേവി ചങ്ങമ്പുഴ. സുസ്ഥിരമായ ചിത്തസ്ഥൈര്യമാർന്ന ആർദ്രമനസ്സോടുകൂടിയ സതിയാണ് നീയെന്ന് ചങ്ങമ്പുഴ വാഴ്ത്തുന്നു. എന്നാലും എന്തോ പിടികിട്ടാത്ത, സങ്കീർണ്ണമായ ദുഃഖം നിൻ്റെ കരളിൽ തങ്ങുന്നതായി ഞാനറിയുന്നു. ഭാവങ്ങൾ പ്രസരിപ്പിക്കാൻ അസമർത്ഥമായ ആ മുഖത്തിൻ്റെ ചുളിവുകളിൽ ചിന്താവൈവശ്യത്തിൻ്റെ ഭാഗമായുള്ള നെടുവീർപ്പുകൾ ഉയരാറുണ്ടെന്നും ഞാനറിയുന്നു. തനിച്ചിരിക്കുമ്പോൾ ആ കവിൾ അശ്രുക്കളാൽ നനയുന്നു. നല്ല കൊടുങ്കാറ്റും പേമാരിയുമുള്ള ഇടവപ്പാതിപ്പാതിരയിൽ ശരത്കാല രാത്രിയിലെന്ന പോലെ ശാലിനിയായ നീ ഉറക്കത്തിലമരുമ്പോൾ എന്തോ ഒരു പ്രകമ്പനം ഉള്ളിൽ നിന്നും ഉരുവം കൊള്ളാറില്ലേ? സിരകൾ ഞെട്ടിത്തരിക്കാറില്ലേ? കാട്ടാളൻ്റെ അമ്പേറ്റ പൈങ്കിളി വേദനിച്ചു പിടയുമ്പോലെ, നിൻ്റെ മുറിവേറ്റ മനസ്സ് പിടികിട്ടാത്ത ഒരു വേദനയിൽ പിടയാറില്ലേ?

വർണ്ണവും നിഴലും വെളിച്ചവും ശബ്ദവും വന്നെത്താത്ത നിൻ്റെ ലോകം, ഇരുട്ട് കട്ട കെട്ടിയ ഒരു പാതാളം തന്നെ. ഇത്തിരി വെളിച്ചത്തിന് ഒരു മിന്നാമിനുങ്ങു പോവുമില്ല. എല്ലാം ഇരുളാണ്, ഇരുൾ മാത്രം. നിന്നോടുള്ള താൽപ്പര്യത്താൽ ഞാൻ അരികിൽ നില്ക്കുമ്പോൾ നീല നിലാവിൽ കുളിച്ചു നില്ക്കുന്ന വനമേഖലയെന്നതുപോലെ അവിടെ നിഴലുകളാടാം. അത് അല്പനേരം മാത്രമാണ്. പിന്നീട് വീണ്ടും ഇരുൾ വന്നു മൂടുന്നു. എന്തൊരു ദുർവിധിയാണിത്!

നിൻ്റെ കഥയോർത്ത് എൻ്റെ കരളുരുകുകയാണ്. ഏതോ സങ്കല്പത്തിൽ അതു വിലയിക്കുന്നു. അപ്പോൾ അനിർവചനീയമായ ആനന്ദത്താൽ എന്റെ മനസ്സ് പുളകമണിഞ്ഞു. 

വേദന വേദന ലഹരി പിടിക്കും
വേദന! ഞാനിതിൽ മുഴുകട്ടേ
മുഴുകട്ടേ മമ ജീവനിൽ നിന്നൊരു
മുരളീ മൃദുരവമൊഴുകട്ടേ

വേദന! വേദന! വേദന ചങ്ങമ്പുഴയ്ക്ക്  ലഹരിയാകുകയാണ്. തൻ്റെ പ്രിയതമയെയോർത്തുള്ള വേദന. ശാരീരികവും മാനസികവുമായ പീഡകൾ. സഹിക്കാൻ പറ്റാത്ത അവസ്ഥയിലും കവിത ആശ്വാസമാകുന്നു. എൻ്റെ  ജീവനിൽ നിന്നും മനോഹരമായ ഓടക്കുഴൽ നാദം ഒഴുകട്ടേ! എന്നു കവി കൊതിക്കുന്നിടത്ത് കാവ്യം സമാപിക്കുന്നു. വേദനകളെ അനുഭൂതിയാക്കിയ കവിയാകുന്നു ചങ്ങമ്പുഴ.

ഇവിടെയും ചങ്ങമ്പുഴ തൻ്റെ കാവ്യസമീപനം വ്യക്തമാക്കുകയാണ്. തൻ്റെ കവിത വൈകാരികതീവ്രതയുടെ സാക്ഷ്യപത്രമാണെന്ന് അദ്ദേഹം തെളിയിക്കുന്നു. ജീവിതത്തിൽ ഏകാന്തതയുടെ ചുറ്റുപാടിൽ കഴിയേണ്ടി വന്ന കവിയുടെ നിലപാടുകളും വികാരാധിക്യവും ഭാവനാപരതയും മനസ്വിനിയെ വേറിട്ട ഒന്നാക്കുന്നു.




അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹിമവാൻ്റെ മുകൾത്തട്ടിൽ: രാജൻ കാക്കനാടൻ, ഭാഗം1

സഭാപ്രവേശം - കുഞ്ചൻ നമ്പ്യാർ

കരുണ - കുമാരനാശാൻ