എന്റെ കേരളം - പ്രസംഗം HS

 ബഹുമാന്യ സദസ്സിന് എന്റെ വിനീതമായ കൂപ്പുകൈ


ഇന്ന് എനിക്ക് പ്രസംഗിക്കാനായി കിട്ടിയ വിഷയം എന്റെ കേരളം - നമ്മുടെ ഭൂമി എന്നതാണ്. നമുക്കറിയാം - വളരെ സവിശേഷമായ ഒരു ചരിത്രവും സംസകാരവും നമുക്കുണ്ട്. ഇവിടെ നിലവിലുണ്ടായിരുന്ന ജാതിമതാന്ധതയോടും ജന്മിത്വത്തോടും അടരാടിക്കൊണ്ടാണ്, ജീർണ്ണത നിറഞ്ഞ ഒരുകാലഘട്ടത്തെ നിവാരണം ചെയ്തുകൊണ്ടാണ് നാം ആധുനിക കേരളം പടുത്തുയർത്തിയത്. അയ്യാ വൈകുണ്ഠസ്വാമികളും ശ്രീനാരായണഗുരുവും ചട്ടമ്പിസ്വാമികളും വി.ടി.ഭട്ടതിരിപ്പാടും വാഗ്ഭടാനന്ദനും ആനന്ദതീർത്ഥസ്വാമികളും ഒക്കെ ഉദാഹരണങ്ങൾ മാത്രം. കെ.കേളപ്പൻ, പി.കൃഷ്ണപ്പിള്ള എ.കെ.ഗോപാലൻ തുടങ്ങിയ നേതാക്കളിലൂടെ രാഷ്ട്രീയാവേശവും സാമൂഹികനീതിക്കുവേണ്ടിയുള്ള പടയൊരുക്കവും ശക്തമായി. 1936 ൽ എ.കെ.ഗോപാലൻ മദിരാശിയിലേക്കു നയിച്ച പട്ടിണിജാഥ വളരെ പ്രസിദ്ധമാണ്. സാമൂഹികനീതിക്കുവേണ്ടിയുള്ള പ്രവർത്തനത്തിൽ ഒരുപാട് ത്യാഗങ്ങൾ ഇവർക്ക് സഹിക്കേണ്ടി വന്നിട്ടുണ്ട്. വരേണ്യ വിഭാഗത്തിന്റെയും ഭരണകൂടത്തിന്റെയും തല്ലും കുത്തും ചവിട്ടും ഒക്കെ കൊണ്ടു. ജയിൽവാസം പുത്തരിയല്ലാതായി. കൂട്ടത്തിൽ ചിലർ രക്തസാക്ഷികളായി. എന്തിനു വേണ്ടിയാണിതൊക്കെ? നല്ലൊരു കേരളത്തിനു വേണ്ടി. ജനകീയഭരണത്തിനു വേണ്ടി. സാമൂഹികനീതിക്കു വേണ്ടി. പാവപ്പെട്ടവരുടെ ഉയർച്ചയ്ക്കു വേണ്ടി. 


പത്തൊമ്പതാം നൂറ്റാണ്ട് എന്ന സിനിമ കണ്ടവർ ഈ കൂട്ടത്തിലുണ്ടാകും. നങ്ങേലി എന്ന സ്ത്രീ രാജവാഴ്ചയോട്, അതിന്റെ ക്രൂരമായ കരം പിരിവിനോട് ശക്തമായി പ്രതികരിച്ചത് എങ്ങനെയാ? സ്വന്തം മുലകൾ അറുത്തു നല്കിയാണ്. പലതരം കരങ്ങൾ ഫ്യൂഡൽകാലഘട്ടത്തിലെ നാടുവാഴികൾ തോന്നും പോലെ ഏർപ്പെടുത്തിയിരുന്നു. മുലക്കരവും തലക്കരവും ഒക്കെ അതിൽപ്പെടും. ഇന്ന്, ജനാധിപത്യ വ്യവസ്ഥിതി നിലനില്ക്കുന്ന നമ്മുടെ നാട്ടിൽ അറപ്പുളവാക്കുന്ന നികുതിപിരിവുകളോ, ഭീഷണികളോ ഇല്ലെന്നു പറയാം. സ്വാത്രന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും ഗുണമാണ് നാം അനുഭവിക്കുന്നത്.


ശ്രീനാരായണഗുരുവിന്റെ സന്ദേശങ്ങളെ നെഞ്ചിലേറ്റുന്ന സമീപനമാണ് നമുക്കുള്ളത്. ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന് പറഞ്ഞതാരാ? നാരായണ ഗുരുവാണല്ലോ. സംശയമില്ലല്ലോ. എന്നാൽ ആദ്യം കല്ലിനാൽ വിഗ്രഹപ്രതിഷ്ഠകൾ നടത്തിയ ഗുരു കണ്ണാടി പ്രതിഷ്ഠകളിലേക്ക് മാറി. എന്തിന്? അവനവൻ ദൈവം എന്ന വിശാല കാഴ്ചപ്പാട് ഉണ്ടാക്കാൻ. തുടർന്ന് ക്ഷേത്രങ്ങളല്ല, വിദ്യാലയങ്ങളാണ് വേണ്ടത് എന്ന് അദ്ദേഹം പറഞ്ഞു. ഇതാണ് വിപ്ലവം. അറിവിലൂടെയും ബോധവത്കരണത്തിലൂടയുമാണ് ഒരു സമൂഹം ഉണരുന്നത്. ഉയരുന്നത്. പ്രതികരിക്കുന്നത്. പ്രതിരോധിക്കുന്നത്.


ഇനി മറ്റൊരു കാര്യം കൂടി പറയാം. ഗുരുവിന് ഒരു ശിഷ്യനുണ്ടായിരുന്നു. സഹോദരൻ അയ്യപ്പൻ. അദ്ദേഹം പ്രഖ്യാപിച്ചു: ജാതിവേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന്. വേണ്ടതെന്താ? ധർമം . ധർമം മാത്രം . ഇത്തരം വളരെ പുരോഗമനപരമായ നിലപാടുകൾ പിറന്ന നാടാണ് നമ്മുടേത്. ഏറ്റവും പരിവർത്തനപരമായ ചിന്തകൾ ഉയർന്ന നാടാണ് നമ്മുടേത്. 


ഇന്ന് കേരളം വികസനത്തിന്റെ കാര്യത്തിൽ കുതിക്കുകയാണ്. നാടിന്റെ സ്പന്ദനങ്ങൾ ഉൾക്കൊള്ളുന്ന വിദ്യാഭ്യാസ വിപ്ലവത്തിനുള്ള അരങ്ങ് ജനകീയ പിന്തുണയോടെ സർക്കാർ ഒരുക്കുകയാണ്. ആരോഗ്യം, ഗതാഗതം, സാമൂഹികസുരക്ഷ ഒക്കെ നല്ല രീതിയിൽ തന്നെ മുന്നോട്ടു പോകുന്നു. അതിൽ എല്ലാവരും സന്തുഷ്ടരാണ്. 


എന്നാൽ മറ്റു ചിലയിടത്തോ?

പത്രം വായിക്കുമ്പോഴും ടി.വി. കാണുമ്പോഴും നാം ഞെട്ടിപ്പോകുന്നു. വാട്സ്ആപ്പും ഫേസുബുക്കും ഒക്കെ വല്ലാത്ത വാർത്തകളാൽ നിറഞ്ഞിരിക്കുന്നു. 

പ്രണയാഭ്യർത്ഥന നിരസിച്ച പെൺകുട്ടിയെ കുത്തി വീഴ്ത്തി. കഴുത്തു മുറിച്ചു. റോഡിലൂടെ നടക്കുന്ന കുട്ടിയെ എടുത്തെറിഞ്ഞു. കാർ ചാരി നിന്ന കുട്ടിയെ ചവിട്ടിത്തെറിപ്പിച്ചു. നോക്കൂ, സ്ത്രീകൾക്കും കുട്ടികൾക്കും വൃദ്ധജനങ്ങൾക്കും എതിരെ അക്രമം വർദ്ധിക്കുകയാണ്. ഇലന്തൂരിൽ അന്ധവിശ്വാസത്തിന്റെ പേരിൽ നരഹത്യ നടന്നിരിക്കുന്നു. നരമാംസം അവർ ഭുജിച്ചുവത്രെ. ഹൊ! എന്തു ഭീകരമാണ് ഈ നാടിന്റെ അധ:പതനമെന്ന് ചിന്തിക്കുന്നവർ പറയുന്നു.


സാക്ഷരകേരളം ഇത്തരം തോന്നിവാസങ്ങൾക്കെതിരെ ശബ്ദിക്കണം. ലഹരിയെന്നാൽ ഇന്ന് കേരളത്തിൽ മദ്യം മാത്രമല്ല. മയക്കുമരുന്നിന്റെ കേന്ദ്രമായി ഇത് മാറുകയാണോ? ഇതിന് നാം അനുവദിക്കരുത്. നേരത്തേ പറഞ്ഞപോലെ നവോത്ഥാനനായകരും നിസ്വാർത്ഥരും ത്യാഗികളായ നേതാക്കന്മാരും സമ്മാനിച്ച ഈ വിശുദ്ധ കേരളത്തെ നീചർക്ക് അടിയറവെക്കരുത് നാം. എല്ലാതരത്തിലുമുളള അക്രമങ്ങൾക്കും പീഡനങ്ങൾക്കും ജാതിമതകലഹങ്ങൾ സൃഷ്ടിക്കാനുള്ള ശ്രമങ്ങൾക്കെതിരെയും സംഘടിക്കണം. ഞാൻ പറയുന്നു: ഇവിടെ ധർമ്മം നടപ്പിലാവണം. അതിനാകട്ടെ നമ്മുടെ യത്നം.


നന്ദി. ജയ്ഹിന്ദ് 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹിമവാൻ്റെ മുകൾത്തട്ടിൽ: രാജൻ കാക്കനാടൻ, ഭാഗം1

കരുണ - കുമാരനാശാൻ

സഭാപ്രവേശം - കുഞ്ചൻ നമ്പ്യാർ