മൊബൈൽകിളി ആത്മത്തെ.......

മൊബൈൽകിളി ആത്മത്തെ ചിലയ്ക്കുമ്പോൾ … റിംഗ്ടോൺ, കോളർടോൺ: കേൾവിയും വായനയും.

അജു കെ. നാരായണൻ, ചെറി ജേക്കബ് കെ.


ദൃശ്യമാദ്ധ്യമങ്ങളുടെ അനന്തമായ സാദ്ധ്യതകളും സാമൂഹികമാദ്ധ്യമങ്ങളുടെ വ്യവഹാര സാധ്യതകളും

വിവരവിനിമയത്തിന്റെയും സാങ്കേതികവിദ്യയുടെയും അപാരസാദ്ധ്യതകളും ഒത്തിണങ്ങിയ അത്യന്താപേക്ഷിതമായ വ്യവഹാരോപകരണമായി മൊബൈൽഫോൺ മാറിക്കഴിഞ്ഞു. ദൃശ്യമാദ്ധ്യമലോകം മൂലധനശക്തികളുടെ കയ്യിലാണ്. സംസ്കാരവ്യവസായത്തിന്റെ അധിനിവേശത്തിന്

കരുത്തേകുന്ന ധർമ്മത്തിലാണ് മൂലധനം. ഈ സാഹചര്യത്തിൽ അജു കെ.നാരായണനും ചെറി ജേക്കബും തയ്യാറാക്കിയ ഈ പഠനം ഏറെ പ്രസക്തിയുള്ളതാണ്.


ഒരു ഫോണുടമയുടെ ഫോണിൽ നിന്നും കേൾക്കുന്ന റിംഗ്ടോൺ അയാളുടെ സ്വത്വത്തെ എങ്ങനെയാണ് പ്രകാശിപ്പിക്കുന്നതെന്ന അന്വേഷണം ഇതിന്റെ ഭാഗമാണ്. കർണ്ണാടക സംഗീതം റിങ്ടോണായി കേൾപ്പിക്കുന്നയാൾക്ക് അതിൽ ഒരു ഇഷ്ടവും ഉണ്ടാകണമെന്നില്ല.

എന്നാൽ ചില സന്ദർഭങ്ങളിൽ മേൽപ്പറഞ്ഞതിന് വിരുദ്ധമായ സാഹചര്യവുമുണ്ടാകാം.


മേഖലാ പഠനത്തിന്റെ അടിസ്ഥാനത്തിൽ 'മൊബൈൽഫോൺ കേരളം' എന്ന ഒരു സംസ്കാരിക വിഭാഗത്തെ സങ്കല്പിക്കാമെന്ന് ലേഖകർ അഭിപ്രായപ്പെടുന്നു. കാരണം, ഓരോ മലയാളിയുടെയും കയ്യിൽ ഒരു ഫോണെങ്കിലുമുണ്ടാകും. മേല്പറഞ്ഞ വിഭാഗ രൂപീകരണത്തിന്റെ അടിസ്ഥാനമെന്താണ്? മൊബൈൽഫോൺ ഒഴിവാക്കിക്കൊണ്ട് ഒരു ക്രയവിക്രയവും അതിന്റെ കൈകാര്യകർത്താവിന് സാദ്ധ്യമല്ലെന്നതാണ് വസ്തുത. 


ഓരോ ഉപഭോക്താവും തങ്ങളുടെ മൊബൈൽഫോൺ ആകർഷകമാക്കാനാവശ്യമായ നടപടികൾ സ്വീകരിക്കാറുണ്ടെന്ന് ലേഖകർ പറയുന്നു. ആകർഷകമായ റിങ് ടോണുകളും കോളർ ടോണുകളും വെക്കുന്നത് അതിന്റെ ഭാഗമാണ്.


ഇവ സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായ തിരഞ്ഞെടുപ്പുകളാണ്. ഇതിൽ അയാളുടെ ആത്മം(self) അടങ്ങിയിരിക്കുന്നു. കമ്പ്യൂട്ടർ ഐക്കണുകൾ ക്രമീകരിക്കുന്നതിലും അതിന്റെ ഡിസൈനിങ്ങും ലേ ഔട്ടും നിർണ്ണയിക്കുന്നതിലും ഉപഭോക്താവിനുള്ള സ്വാതന്ത്ര്യം അയാൾ പ്രയോജനപ്പെടുത്തുകയാണ്.

ഇതൊക്കെയും ആത്മാവിഷ്കാരത്തിന്റെ ഭാഗമാണ്. ആത്മപ്രകാശനത്തിന്റെ അറ്റമില്ലാത്ത സാദ്ധ്യതകൾ മൊബൈൽഫോണുകൾ തുറന്നു തരുന്നു. മൊബൈൽഫോണിലെ വിവിധ അറകൾ തുറന്നുനോക്കിയാൽ വെളിപ്പെടുന്നത് ഫോണുടമയുടെ "ജീവിതാനുഭവങ്ങളുടെ സ്മരണകളടങ്ങുന്ന നിർമ്മിത സ്വത്വങ്ങളുടെ പ്രതിഫലനങ്ങളാണെന്ന്" വാൾട്ടർ ബെഞ്ചമിൻ എഴുതുന്നു. "എന്റെ ഫോൺ എന്നത് ഞാനെവിടെയെന്നതു മാത്രമല്ല, ഞാനാരാണെന്നതു കൂടിയാകുന്നു." ഇതിന് ഒരു വ്യക്തിയെ സഹായിക്കുന്ന പ്രധാന ഘടകങ്ങളാണ് കോളർടോണും റിംഗ്ടോണും.


കോളർടോണും റിംഗ്ടോണും തിരഞ്ഞെടുക്കുമ്പോൾ ഫോണുടമ താനറിയാതെ സ്വയം നിർവചിക്കുകയാണ്. റിങ് ടോൺ എല്ലാവരും കേൾക്കുന്നു. ഫോണിലേക്ക് വിളിക്കുന്നവർ കോളർ ടോണും കേൾക്കുന്നു. അലസമായ കേൾവിയാണ് മറ്റുള്ളവർ നിർവഹിക്കുന്നതെങ്കിലും പാട്ടിന്റെയും ടോണിന്റെയും തിരഞ്ഞെടുപ്പിലൂടെ സ്വയം വെളിപ്പെടാനാണ് ഫോണുടമ ശ്രമിക്കുന്നത്. അയാൾ തന്റെ സാംസ്കാരിക റോൾ വെളിപ്പെടുത്തുകയാണ്.


സവിശേഷമായ സിനിമാഗാനങ്ങളോ വിപ്ലവഗാനങ്ങളോ മറ്റുള്ളവയോ ടോണുകളായി സെറ്റ് ചെയ്ത ഫോണുടമയെക്കുറിച്ചൊരു വീണ്ടുവിചാരം ടോൺ കേൾക്കുന്നയാൾ നടത്തിപ്പോകും. ഇവിടെയാണ് ടോൺ ശബ്ദവിന്യാസങ്ങൾ സാംസ്കാരികപ്രകടനങ്ങളായി മനസ്സിലാക്കേണ്ടിവരുന്നത്. റിംഗ്ടോൺ സെറ്റു ചെയ്യുന്നത് ഫോണുടമയാണെങ്കിലും കോളർടോൺ സെറ്റുചെയ്യുന്നത് മൊബൈൽ സർവീസ് നല്കുന്നയാളാണ്.


അനുദിനജീവിതത്തിന്റെ ഭാഗമായി മനുഷ്യൻ നടത്തുന്ന ആത്മപ്രകടനങ്ങളെ നാടകമെന്ന് പറയാം. മറ്റുള്ളവർ കാണാനും കേൾക്കാനുമുണ്ടെന്ന ധാരണയിലാണ് നാം നമ്മുടെ ക്രിയകളെ അവതരിപ്പിക്കുന്നത്. 


എർവിങ് ഗോഫ്മാൻ

സംസ്കാരപഠിതാവായ എർവിങ് ഗോഫ്മാന്റെ കാഴ്ച്ചപ്പാടിൽ ഒരാൾ മറ്റുള്ളവർക്ക് മുമ്പാകെ പ്രക്ഷേപിക്കുന്ന സിഗ്നലുകളുടെ അടിസ്ഥാനത്തിലാണ് അയാളെക്കുറിച്ചുള്ള ധാരണകൾ അവർ നെയ്തെടുക്കുന്നത്. സ്വന്തം ആത്മത്തെക്കുറിച്ചുള്ള തന്റെ ധാരണയ്ക്കനുസൃതമായാണ് മറ്റുള്ളവർ തിരിച്ചറിയേണ്ടതെന്ന ശാഠ്യം കലർന്ന മുൻവിധികളുടെ ഭാഗമായാണ് അയാൾ സിഗ്നലുകൾ പുറപ്പെടുവിക്കുക. അങ്ങനെ വരുമ്പോൾ ഇത്തരം ആവേഗങ്ങൾ പ്രകടനം എന്ന നിലയിൽ പരിഗണിക്കേണ്ടി വരുന്നു. റിംഗ്ടോൺ സെറ്റു ചെയ്യുന്ന ഫോണുടമയുടെ പ്രവൃത്തികളെ സവിശേഷ സ്വത്വപ്രകടനങ്ങളായി മനസ്സിലാക്കാവുന്നതാണ്.


റിച്ചാർഡ് ബൗമാൻ പ്രകടനത്തെ സംവേദനസംഭവമായും(Communicative event) സംവേദനപ്പെരുമാറ്റമായും കാണുന്നു. സാംസ്കാരിക പ്രകടനം എന്നൊരിനത്തെ ബൗമാൻ വേർതിരിക്കുന്നു. റിങ് കോളർ ടോണുകളെ സാംസ്കാരിക പ്രകടനങ്ങളായി വ്യാഖ്യാനിക്കാം. സാംസ്കാരികപ്രകടനങ്ങളുടെ ഒരു പ്രത്യേകത അവ കൃത്യമായ സ്ഥലകാലങ്ങളിൽ അരങ്ങേറുന്നവയാണെന്നതാണ്. റിംഗ്ടോണുകളെ സ്ഥലകാല പരമായി വിവേചനപൂർവം ഉപയോഗിക്കാൻ ഫോണുടമ ശ്രദ്ധിക്കുന്നു. ചിലയിടങ്ങളിൽ മൊബൈൽ നിശ്ശബ്ദമാക്കുന്നത് ഇതിനാലാണ്. 


റിങ് കോളർ ടോണുകൾ ശബ്ദ സിഗ്നലുകളാണ്. ഇവ ഫോണുടമയുടെ മുഖപ്പുകളായി (facade) പ്രവർത്തിക്കുന്നു. മുഖത്തെ മിനുക്കാനും അതിനാകും, മറച്ചുവെക്കാനുമാകും. യഥാർത്ഥ സ്വത്വത്തിനു പകരം കൃത്രിമസ്വത്വമാകാം ചിലപ്പോൾ അയാൾ മന:പൂർവം പ്രകടിപ്പിക്കുക.

ഒരുവൻ സ്വയം ആയിത്തീരാൻ ആഗ്രഹിക്കുന്ന ഒരു 'ഞാൻ' ഉണ്ടാകും. അതിനായി എപ്പോഴും അവർ പരിശ്രമത്തിലായിരിക്കും. സ്വപ്നത്തിൽ മാത്രമുള്ള ആ സ്വത്വം പ്രതിഷ്ഠിക്കാനുള്ള ശ്രമം നടത്തുന്നത് ഒരു മുഖപ്പായി കലാശിക്കുന്നു. സ്വത്വാർജനത്തിന്റെയും സ്വത്വപ്രകാശനത്തിന്റെയും കുഴക്കുനിറഞ്ഞ മേഖലയാണിത്. ഇതാർജ്ജിക്കാൻ നാം വളരെ സാഹസപ്പെട്ട് പണമുണ്ടാക്കി വിലകൂടിയ ഫോണുകൾ സമ്പാദിക്കുന്നു.


റിങ്ടോണുകളിലെ വൈവിദ്ധ്യം ബന്ധങ്ങളെ തിരിച്ചറിയാൻ ഉപയോഗപ്പെടുന്നുണ്ട്. ചില വ്യതസ്തവും വേറിട്ടതുമായ പ്രകടനമാണ് ഫോണുടയുടേത്. ചിതറിയ ആത്മങ്ങൾ എന്ന പരികല്പനയുടെ പ്രാധാന്യം ഇവിടെ വ്യക്തമാകുന്നു. ആത്‌മം - Self, സ്വത്വം - identity, ഞാൻ - I എന്നീ സങ്കല്പനങ്ങളെ ഏകവചനമായി സംസ്കാരപഠനം സമ്മതിക്കില്ല. ആത്മങ്ങൾ, സ്വത്വങ്ങൾ, ഞാനുകൾ - ഇവയേയുള്ളൂവെന്ന് ലേഖകർ പറയുന്നു. [ബഹുവചനം.]


കൊജിറ്റോ ( Cogito)

പതിനേഴാം നൂറ്റാണ്ടിലെ ദാർശനികനായ റെനെ ദെക്കാർത്ത് ആണ് കൊജിറ്റോ എന്ന ആശയം അവതരിപ്പിച്ചത്. കൊജിറ്റോ എന്നതിന് വ്യക്തമായൊരു നിലപാടുണ്ട്. ഞാൻ ചിന്തിക്കുന്നതു കൊണ്ട് ഞാനുണ്ട് എന്നതാണത്. ശരീരത്തിൽ നിന്നു വ്യത്യസ്തമായി മനസ്സിന്റെ യാഥാർത്ഥ്യത്തെ അത് അംഗീകരിക്കുന്നു. ശരീരം ഒരു ഭൗതികവസ്തുവാണ്. സ്ഥലത്തിലാണ് അതിന്റെ ഇടപാടുകൾ. യാന്ത്രികമായി ചലിക്കുന്ന പുറം മാത്രമാണ് ശരീരത്തിനുള്ളത്.. മനസ്സ് അകം മാത്രമുള്ള ഭൗതികതയ്ക്കുമപ്പുറമുള്ള യാഥാർത്ഥ്യമാണ്. ശരീരത്തെ ഘടകങ്ങളാക്കി വിഭജനം നടത്താവുന്നതാണ്. മനസ്സിനെ വിഘടിപ്പിക്കാൻ സാദ്ധ്യമല്ല. ദെക്കാർത്തിന്റെ ചിന്തകളെ ഉത്തരാധുനികചിന്തകനായ സ്ലാവോജ് സിസക്ക് പരിഷ്കരിക്കുന്നു. ''കൊജിറ്റോ എന്ന ആത്മത്തെ കല്ലുപോലുറച്ച ഒന്നായി അദ്ദേഹം വിവക്ഷിക്കുന്നില്ല. അതിനെ ശൂന്യ ഇടമായാണ് കാണുന്നത്. ഏതു തരത്തിൽ നിറയ്ക്കാനും ഒഴിക്കാനും സാധിക്കുന്ന രൂപമില്ലാത്ത ഗർഭാശയമാണത് എന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ഫോണുടമയുടെ മനസ്സിനെ, ടോൺസെറ്റിങ്ങിലൂടെ പലനേരങ്ങളിൽ പലതായി കാണുന്ന ആ ആത്മത്തെ ഈ സിസേക്കിയൻ കാഴ്ച്ചപ്പാടിൽ വിശദീകരിക്കാനാകും.


മൊബൈൽഫോൺ സമ്പദ് വ്യവസ്ഥ നിലവിലുണ്ട്. സമ്പത്താണ് ഫോണുടമയുടെ കലാപരതയുടെ അടിസ്ഥാനം. റിംഗ്ടോൺ ഇഷ്ടാനുസരണം സെറ്റാക്കാൻ കൂടുതൽ മികച്ച ഫോൺ വേണം. കൂടുതൽ പണവും വേണം. ഫോണിനു മാത്രമല്ല, മൊബൈൽ കുത്തകക്കമ്പനികൾക്കും കൂടുതൽ പണം വേണം. നമ്മുടെ ഇച്ഛകളും സ്വാതന്ത്ര്യവും പണം കൊടുത്ത് നേടേണ്ട ഒന്നായിത്തീർന്നിരിക്കുന്നു. പണമില്ലാത്തവരുടെ ഇച്ഛകൾക്ക് ഒരു വിലയുമില്ലെന്നു മാത്രമല്ല, അവർ കുത്തകകളുടെ പരസ്യവണ്ടികളാക്കപ്പെടുകയും ചെയ്യുന്നു. അവരുടെ ഫോൺ കേൾപ്പിക്കുന്നത് കമ്പനിയുടെ പരസ്യമാണ്. പണം നല്കി താൽപ്പര്യമുള്ള കോളർടോൺ സെറ്റാക്കി സർവീസ്ദാതാക്കളെ നിർവാഹകരാക്കി മാറ്റുന്ന പ്രവർത്തനത്തിന്റെ വിപരീതമാണിതെന്ന് പറയാം.


പ്രസ്തുത ലേഖനത്തിലൂടെ മൊബൈൽഫോൺ ഏതുവിധത്തിലാണ് നമ്മുടെ സ്വത്വത്തെ നിർണ്ണയിക്കുന്നതെന്നും സാമൂഹികവിഭജനം രൂപപ്പെടുത്തുന്നതെന്നും ലേഖകന്മാർ വിശദീകരിക്കുന്നു. റിങ്ടോണിലും കോളർ ടോണിലും വ്യക്തിയുടെ സ്വത്വം അടങ്ങിയിട്ടുണ്ട്. അതേസമയം തന്നെ മികച്ച ഫോണുകളില്ലാത്തവർക്ക് സ്വത്വപ്രകാശനം അസാദ്ധ്യമാവുകയാണ്. പണമാണ് സ്വാതന്ത്ര്യത്തിനും ഇച്ഛകൾക്കുമുള്ള മാനദണ്ഡമെന്ന നടുക്കുന്ന യാഥാർത്ഥ്യമാണ് മൊബൈൽകിളി ആത്മത്തെ ചിലയ്ക്കുമ്പോൾ എന്ന ലേഖനം അവതരിപ്പിക്കുന്നത്.














 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹിമവാൻ്റെ മുകൾത്തട്ടിൽ: രാജൻ കാക്കനാടൻ, ഭാഗം1

കരുണ - കുമാരനാശാൻ

സഭാപ്രവേശം - കുഞ്ചൻ നമ്പ്യാർ