സംസ്കാരപഠനം -1 - സംസ്കാരം

 സംസ്കാരം എന്ന പദം

ആഗോളതലത്തിൽ വിജ്ഞാനമണ്ഡലങ്ങളിലുളവായ വികാസം കാരണം വളരെ വ്യതിരിക്തവും നൂതനവുമായ നിരവധി അർത്ഥതലങ്ങൾ  സൃഷ്ടിക്കുന്ന വാക്കായി സംസ്കാരം മാറിയിരിക്കുന്നു. 

കാലാനുസൃതമായും വ്യവസ്ഥിതിയിൽ - ഉൽപ്പാദനബന്ധങ്ങളിൽ -ഒക്കെ ഉണ്ടാകുന്ന മാറ്റങ്ങൾക്കനുസരിച്ചും സാമൂഹിക/രാഷ്ട്രീയ തലത്തിലും  വിജ്ഞാന മേഖലയിലുമുളവായ പുരോഗതിയെ ഉൾക്കൊണ്ടും ഇത്രമാത്രം സങ്കീർണ്ണമായിത്തീർന്ന മറ്റൊരു പദമില്ല. എങ്കിലും ആധുനികവിജ്ഞാനം ഈ പദത്തിന്റെ അർത്ഥസാദ്ധ്യതകളെ പരമാവധി വിപുലപ്പെടുത്തിയിരിക്കുന്നു. സംസ്കാരമെന്ന വാക്ക് നിരവധി വിജ്ഞാനശാഖകളുടെ ഉത്പന്നമായി  മാറിയിരിക്കുന്നു. ജീവശാസ്ത്രം, നരവംശശാസ്ത്രം, സാഹിത്യം, ചരിത്രം എന്നിങ്ങനെയുള്ള വിഷയമണ്ഡലങ്ങൾ നൂതനമായ പരിപ്രേക്ഷ്യമാണ് അതിനു നല്കിയിരിക്കുന്നത്.

സംസ്കാരം- നിഘണ്ടു നിർവചനങ്ങൾ

ഇതിന്റെ വൈപുല്യത്തിലേക്ക് പ്രവേശിക്കുന്നതിന്റെ ഭാഗമായി സംസ്കാരം എന്ന പദം കൊണ്ട് വിവക്ഷിക്കുന്നതെന്ത്, വിവിധ നിഘണ്ടുക്കളും മറ്റും ആ പദത്തെ എപ്രകാരമാണ് ഉപയോഗപ്പെടുത്തിയിട്ടുള്ളത് എന്നു പരിശോധിക്കാം. മലയാളത്തിലെ ആധികാരികനിഘണ്ടുവായ 'ശബ്ദതാരാവലി' സംസ്കാരം എന്ന പദത്തിന് ശുദ്ധീകരണം, വിദ്യാഭ്യാസം കൊണ്ടും മറ്റും മനസ്സിനുണ്ടാകുന്ന പ്രഭാവം, ഗുണവിശേഷത്തെ പ്രാപിക്കുന്ന സ്ഥിതി മുതലായ അർത്ഥങ്ങൾ നല്കിയിരിക്കുന്നു. ഓക്സ്ഫോഡ് നിഘണ്ടുവാകട്ടെ, മനുഷ്യന്റെ ബൗദ്ധിക നേട്ടങ്ങളായ കലകളുടെയും മറ്റ് ആവിഷ്കാരങ്ങളുടെയും സമന്വയമാണ് സംസ്കാരം എന്ന നിർവചനമാണ് നല്കിയിരിക്കുന്നത്. സംസ്കാരമെന്നത് ഒരു ജനതതിയുടെ കലകളും വിശ്വാസങ്ങളും നിയമങ്ങളും ഉൾപ്പെടെ തലമുറയിൽ നിന്ന് തലമുറയിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്ന ജീവിതത്തിന്റെ എല്ലാ മാർഗ്ഗങ്ങളും ഉൾച്ചേർന്നതത്രെ. ഒരു സമഗ്രസമുദായത്തിന്റെ ജീവിതരീതിയാകുന്നു സംസ്കാരം. അത് പെരുമാറ്റരീതികളെയും വേഷം, ഭാഷ, മതം, മര്യാദകൾ, അനുഷ്ഠാനങ്ങൾ എന്നിവയോടൊപ്പം കലകളേയും വഹിക്കുന്നു. 

പ്രശസ്തമായ കേംബ്രിഡ്ജ് നിഘണ്ടു സംസ്കാരത്തെ വീക്ഷിക്കുന്നത് ഇപ്രകാരമാണ്: "ഒരു പ്രത്യേകകാലഘട്ടത്തിലെ ഒരു പ്രത്യേകവിഭാഗം ജനങ്ങളുടെ പൊതുവായ ആചാരവിശ്വാസങ്ങൾ ഒക്കെയടങ്ങുന്ന ജീവിതരീതിയാണ് സംസ്കാരം." മറ്റൊരു നിർവചനം കൂടി പ്രസ്തുത നിഘണ്ടു നല്കിയിട്ടുണ്ട്: "ഒരു സമുദായത്തിലെ ഒരു പ്രത്യേക വിഭാഗം ജനങ്ങളുടെ മനോഭാവവും പെരുമാറ്റവും അഭിപ്രായങ്ങളും ഒക്കെകൂടിയാണ് അതിന്റെ സംസ്കാരം."

ബ്രിട്ടാനിക്ക നിഘണ്ടുവും സമാനമായിട്ടുള്ള നിർവചനങ്ങൾ തന്നെയാണ് നല്കിയിട്ടുള്ളത് - ഒരു പ്രത്യേക സമുദായത്തിന്റെയോ വിഭാഗത്തിന്റെയോ സ്ഥലം, കാലം എന്നിവയുടേയോ ആചാരങ്ങളും വിശ്വാസങ്ങളും കലകളുമൊക്കെയാണ് സംസ്കാരം.

കോളിൻസ് നിഘണ്ടു കുറേക്കൂടി ദാർശനികമാനമുള്ള നിർവചനം നല്കിയിരിക്കുന്നു. ജനതയുടെയും ജനമനസ്സുകളുടെയും വികാസത്തിന് വളരെ പ്രധാനമായി പരിഗണിക്കപ്പെടുന്ന കല, ദർശനം മുതലായവയിൽ അധിഷ്ഠിതമായ പ്രവർത്തനങ്ങളാണ് സംസ്കാരം.

കോളിൻസ് നിഘണ്ടു രണ്ടാമതൊരു നിർവചനം കൂടി നല്കുന്നുണ്ട്. "തനതായ വിശ്വാസങ്ങൾ, ജീവിത രീതികൾ, കല എന്നിവയുമായി ബന്ധപ്പെട്ട് പര്യാലോചിക്കുമ്പോൾ സംസ്കാരം എന്നത് ഒരു നിശ്ചിത സമുദായത്തെയോ ജനതയേയോ സംബന്ധിച്ചതാകുന്നു".

ആചാരപരമോ അനുഷ്ഠാനപരമോ ആയ വിശ്വാസങ്ങളും സമൂഹചട്ടങ്ങളും വംശീയവും മതപരവും സാമുദായികവുമായ വിഭാഗങ്ങളുടെ ഭൗതികമായ സവിശേഷലക്ഷണങ്ങളുമാണ് സംസ്കാരമെന്ന് മെരിയം വെബ്സ്റ്റർ നിഘണ്ടു നിർവചിക്കുന്നു. ഒരു പ്രത്യേക സ്ഥലത്തോ കാലഘട്ടത്തിലോ കഴിയുന്ന ജനത പങ്കുവയ്ക്കുന്ന നിത്യജീവിതത്തിന്റെ നൈസർഗ്ഗികമായ സവിശേഷതകൾ സംസ്കാരത്തിൽ ഉൾക്കൊള്ളിക്കാം.

ഒരു വ്യവസ്ഥയേയോ സ്ഥാപനത്തേയോ സവിശേഷമായി മുദ്രകുത്തുന്ന ചിന്തകളും മൂല്യങ്ങളും ലക്ഷ്യങ്ങളും പ്രയോഗങ്ങളുമാണ് സംസ്കാരം. 

സംസ്കാരമെന്നത് മനുഷ്യനാർജ്ജിക്കുന്ന വിജ്ഞാനം, വിശ്വാസം, പെരുമാറ്റം മുതലായവയുടെ ഏകീകൃത മാതൃകയാണ്. അതാശ്രയിക്കുന്നത് അഭ്യസിക്കാനും തലമുറകളിലേക്ക് അറിവു പകരാനുമുള്ള അതിന്റെ കഴിവിലാണ്.

ഇതേ നിഘണ്ടു നല്കുന്ന മറ്റൊരു നിർവചനമുണ്ട്.: "ബൗദ്ധികവും സൗന്ദര്യശാസ്ത്രപരവുമായ പരിശീലനത്തിന്റെ ഫലമായി ആർജ്ജിക്കുന്ന നവോത്ഥാനപരവും ഉത്കൃഷ്ടവുമായ അഭിരുചിയാണ് സംസ്കാരം."

സംസ്കാരമെന്നത് സുകുമാരകലകളുമായും മാനവികാദി വിഷയങ്ങളുമായും ശാസ്ത്രത്തിന്റെ വിശാലകാഴ്ചപ്പാടുകളുമായുള്ള പരിചയവും ആസ്വാദനവുമായും ബന്ധപ്പെട്ടിരിക്കുന്നു. തൊഴിലധിഷ്ഠിതവും സാങ്കേതികവുമായ അറിവുകളിൽ നിന്നും വ്യതിരിക്തമായ സമീപനമാണ് അത് കൈക്കൊള്ളുന്നത്. മിക്ക നിഘണ്ടുക്കളും വ്യവസ്ഥാപിത നിർവചനം തന്നെയാണ് നല്കുന്നത്. വലിയ വ്യത്യാസമൊന്നും മേൽപ്പറഞ്ഞ നിർവചനങ്ങളിൽ നിന്നും കണ്ടെത്താനാകില്ല. 

കുറേക്കൂടി പുതുമ പുലർത്തുന്ന നിർവചനമാണ് മെരിയം വെബ്സ്റ്റർ നല്കിയിട്ടുള്ളത്. ഭൂരിഭാഗം സംസ്കാര നിർവചനങ്ങളും ഒരു പ്രത്യേകസമൂഹത്തിന്റെയോ വിഭാഗത്തിന്റെയോ ആചാരങ്ങളെയും വിശ്വാസങ്ങളെയും കലകളെയും സംബന്ധിച്ച സമന്വിതരൂപമാണ് സംസ്കാരം എന്നതിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഇവയൊക്കെയും കാലികമെങ്കിലും സാമ്പ്രദായിക സംസ്കാരനിർവചനങ്ങളുടെ ഉദാഹരണമാണ്. സംസ്കാരത്തെ ജീവിതരീതിയെന്നും ജാതിമത വിശ്വാസങ്ങളുടെ സംഹിതയെന്നും മുദ്രകുത്തുന്ന സമീപനം 1960കളിൽ സംസ്കാരപഠനത്തിന്റെ ആവിർഭാവത്തോടെ ഗണ്യമായ പരിവർത്തനത്തിനു വിധേയമായി.

പ്രമുഖരായ ചിന്തകരും സംസ്കാരപഠിതാക്കളും സംസ്കാരത്തിന് സവിശേഷമായ നിർവചനങ്ങൾ നല്കിയിട്ടുണ്ട്. 

അമേരിക്കൻ നരവംശശാസ്ത്രജ്ഞനായ ഹെർക്കോവിറ്റ്സ് പരിസ്ഥിതിയുടെ മനുഷ്യ നിർമ്മിത ഭാഗമാണ് സംസ്കാരം എന്നു നിർവചിക്കുന്നു.

കവിയും സംസ്കാരവിമർശകനുമായ മാത്യു അർണോൾഡ് മനുഷ്യന്റെ ബുദ്ധിയുടെയും സാമൂഹികബോധത്തിന്റെയും ആകെ തുകയാണ് സംസ്കാരം എന്ന് അഭിപ്രായപ്പെടുന്നു.

ജർമൻ സാമൂഹിക ശാസ്ത്രജ്ഞനും ചരിത്രകാരനുമായ മാക്സ് വെബർ മനുഷ്യന്റെ ധാർമ്മികവും ആത്മീയവും ബുദ്ധിപരവുമായ വികാസരേഖയാണെന്ന് സംസ്കാരത്തെ വിശേഷിപ്പിക്കുന്നു.

ഇംഗ്ലീഷ് നരവംശശാസ്ത്രജ്ഞനും പ്രൊഫസറുമായ ഇ.ബി.ടെയ്ലർ ഇപ്രകാരം സംസ്കാരത്തെ നിർവചിക്കുന്നു: "മനുഷ്യനെ അളകാനുള്ള ഉപാധിയാണ് സംസ്കാരം. സമൂഹത്തിലെ ഒരംഗമെന്ന നിലയിൽ മനുഷ്യൻ ആർജ്‌ജിക്കുന്ന വിജ്‌ഞാനം, വിശ്വാസം, കല, സദാചാരമൂല്യങ്ങൾ, നിയമങ്ങൾ, ശീലങ്ങൾ, മുറകൾ എന്നിവയുടെ ആകെത്തുകയാണ് സംസ്കാരം". 

ഇംഗ്ലണ്ടിൽ ജീവിതത്തിന്റെ വലിയൊരു ഭാഗം ചിലവഴിച്ച ആസ്ട്രേലിയൻ പുരാവസ്തു ശാസ്ത്രജ്‌ഞനും ലോകപ്രശസ്തനുമായ ഗോർഡൻ ചൈൽഡ്, സമൂഹം ഏതുരീതിയിൽ നിലനില്ക്കുന്നുവെന്ന് സൂചിപ്പിക്കുന്നതിനായുള്ള മാനദണ്ഡമായി സംസ്കാരത്തെ വിഭാവനം ചെയ്യുന്നു.

അമേരിക്കൻ - ബ്രിട്ടീഷ് എഴുത്തുകാരനായ ഹെൻട്രി ജെയിംസ് പ്രാകൃത സമൂഹത്തിൽ നിന്നും ആധുനിക സമൂഹത്തിലേക്കുള്ള വികാസത്തിൽ മനുഷ്യൻ നടത്തിയിട്ടുള്ള ചിന്താപരവും പ്രവർത്തനപരവുമായ എല്ലാ ഘടകങ്ങളും അടങ്ങുന്നതാണ് സംസ്കാരമെന്ന് കരുതുന്നു.

സ്കോട്ടിഷ് നരവംശ ശാസ്ത്രജ്ഞനായ ജെയിംസ് ഫ്രെയിസറാകട്ടെ, സംസ്കാരമെന്നത് മനുഷ്യന്റെ ചിന്തകളുടെയും പ്രവർത്തനങ്ങളുടെയും സമാഹൃത രൂപമാണെന്ന് പറയുന്നു.

അമേരിക്കൻ ആന്ത്രപ്പോളജിസ്റ്റായ ജൂലിയൻ എച്ച് സ്റ്റിവാഡ്സ് സംസ്കാരത്തെ ഇപ്രകാരമാണ് പരാമർശിക്കുന്നത്: "മനുഷ്യന്റെ ഉൽപ്പാദനപരവും ചിന്താപരവുമായ പ്രവർത്തനങ്ങളുടെ ഒരു ഏകീകൃതമാനദണ്ഡമായി സംസ്കാരത്തെ കണക്കാക്കാം. സാംസ്കാരിക കൈമാറ്റം ഒരു പുതിയ പ്രവണതയല്ല. സംസ്കാരം പല ഘട്ടങ്ങളിലൂടെയാണ് കടന്നുപോകുന്നത്."

നമ്മുടെ രാഷ്ട്രപിതാവും സ്വാതന്ത്ര്യസമര നേതാവും നിയമജ്ഞനും രാഷ്ട്രീയ ചിന്തകനുമായ മഹാത്മാഗാന്ധി സംസ്കാരത്തെ വീക്ഷിക്കുന്നത്, ഒരു വ്യക്തി ആർജ്ജിക്കുന്ന ശാരീരികവും മാനസികവുമായ ഉത്തമാംശങ്ങളാണ് അയാളുടെ സംസ്കാരം എന്ന നിലയിൽ വ്യക്ത്യധിഷ്ഠിതമായാണ്.

പ്രശസ്ത കവിയും പ്രബന്ധകാരനും നിരൂപകനുമായ ടി.എസ്.എലിയറ്റ് സാഹചര്യത്തിന് സമാനമായ മനുഷ്യന്റെ പ്രവർത്തനഫലമാണ് സംസ്കാരമെന്ന് അഭിപ്രായപ്പെടുന്നു.

ഇപ്രകാരമുള്ള നിർവചനങ്ങളിലൂടെ കടന്നുപോകുമ്പോൾ വൈയക്തികവും സാമൂഹ്യവുമായ കാഴ്ച്ചപ്പാടുകളാണ് ചിന്തകരെ ഭരിക്കുന്നതെന്ന് മനസ്സിലാക്കാം. എല്ലാവരും അംഗീകരിച്ച ഒരു പൊതുനിർവചനം സംസ്കാരത്തിനുണ്ടായിട്ടില്ല. അതുതന്നെ ആ വിഷയത്തിന്റെ സങ്കീർണ്ണത വെളിപ്പെടുത്തുന്നു. സംസ്കാരത്തിന്റെ ചില സ്വഭാവങ്ങൾ ഈ നിർവചനങ്ങൾ വിശകലനം ചെയ്താൽ രൂപപ്പെടുത്താവുന്നതാണ്.

1. കാലഘട്ടങ്ങളിലൂടെ ആർജ്ജിച്ചെടുത്ത പല ഘടകങ്ങളും ഉൾച്ചേർന്നതാണ് സംസ്കാരം. ഓരോ വ്യക്തിയും സമൂഹത്തിൽ നിന്നും മറ്റും നേടിയെടുക്കുന്നതാണിത്. എന്നാൽ ജനിതക പാരമ്പര്യത്തിന് വലിയ സ്ഥാനമൊന്നും ഇതിൽ ലഭ്യമാകുന്നില്ല.

2. സംസ്കാരം തലമുറകളിലൂടെ പകർന്നു നല്കാൻ സാധിക്കും. ഇപ്രകാരം പകരുന്ന പ്രക്രിയയാണ് സംസ്കാരവൽക്കരണം. പകർന്നു നല്കാവുന്നതും സ്വാംശീകരിക്കാവുന്നതുമാണ് സംസ്കാരം. വ്യക്തി താനുൾപ്പെട്ട സമൂഹത്തിന്റെ അവിഭാജ്യഘടകമാകുന്നത് ഇപ്രകാരമാണ്.

3. സംസ്കാരം ഷെയർ ചെയ്യാവുന്ന ഒന്നാണ്. വ്യക്തി സംസ്കാരം അഭ്യസിക്കുന്നത് സമൂഹത്തിൽ നിന്നാണ്. സംസ്കാരം വൈയക്തികമോ ഒറ്റപ്പെട്ടതോ ആയ പ്രതിഭാസമല്ല. സമൂഹത്തിലെ എല്ലാ മെമ്പർമാരും സ്വാംശീകരിക്കുന്നതും പരസ്പരം പങ്കുവെയ്ക്കുന്നതുമാണെന്ന സവിശേഷത അതിനുണ്ട്. വ്യക്തിക്ക് സംസ്കാരം സമ്പാദിക്കുന്നതിനുള്ള വഴികൾ സാമൂഹ്യസാഹചര്യങ്ങളാണ് സൃഷ്ടിക്കുന്നത്. 

4. പലതരം അവയവങ്ങളോടു കൂടിയ ജീവശരീരം മാതിരിയാണ് സംസ്കാരം. ഇംഗ്ലീഷ് ദാർശനികനായ ഹെർബർട്ട് സ്പെൻസറാണ് ഈ സാദൃശ്യം നല്കിയിട്ടുള്ളത്. പലതിന്റെയും സമന്വിതരൂപമാണ് സംസ്കാരമെന്ന് കാണാൻ കഴിയും. സംസ്കാരത്തിന്റെ വിവിധഘടകങ്ങൾ പാരസ്പര്യത്തോടെ യോജിച്ചു പ്രവർത്തിക്കുന്നു. ഇങ്ങനെ ഒറ്റ ശരീരമായി പ്രവർത്തിക്കാനുള്ള അതിന്റെ പ്രവണതയാണ് സാംസ്കാരികോദ്‌ഗ്രഥനം.

5. സംസ്കാരം ചിഹ്നങ്ങളാൽ ഉറപ്പിക്കപ്പെട്ട ഒന്നാണ്. നമ്മുടെ പെരുമാറ്റങ്ങൾ തന്നെ ചിഹ്നത്തിൽ അധിഷ്ഠിതമാണ്. ഏറ്റവും പ്രധാനപ്പെട്ട സാംസ്കാരിക ചിഹ്നം ഭാഷ തന്നെ. കല, സാഹിത്യം, നാടോടി വിജ്ഞാനീയം എന്നിവയും ചിഹ്നങ്ങൾ തന്നെ.

6. സംസ്കാരം ചലനാത്മകമാണ്. സാഹചര്യത്തിനനുസരിച്ച് മാറാൻ കഴിയും. അത് മനുഷ്യവൃത്തികൾക്ക് ഏകീകൃത രൂപം നല്കുന്നു. പ്രത്യേക രൂപഭാവങ്ങൾ പ്രദാനം ചെയ്യുന്നു. അത് ആദർശത്തിലും വ്യക്തികൾ തമ്മിലുളള പെരുമാറ്റച്ചട്ടത്തിലും അധിഷ്ഠിതമാണ്. 

7.സാഹചര്യാനുസൃതമുളള മാറ്റത്തിന് വിധേയമാണ് സംസ്കാരം. 

സംസ്കാരത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളുടെ വൈവിദ്ധ്യം പോലെ തന്നെ സംസ്കാരത്തെ മാനദണ്ഡമാക്കുന്നതിലും വളരെ ഭിന്നമായ രീതികളാണ് നിലവിലുള്ളതെന്ന് മേല്പറഞ്ഞ വസ്തുതകൾ സാക്ഷ്യപ്പെടുത്തുന്നു.

ഇ.ബി.ടെയിലർ രണ്ടു വാള്യങ്ങളായി പ്രസിദ്ധീകരിച്ച കൃതിയാണ് 'പ്രാകൃത സംസ്കാരം.'(Primitive culture). അതിൽ സംസ്കാരത്തിന്റെ സവിശേഷതകൾ വിവരിച്ചിട്ടുണ്ട്. 

സംസ്കാരം എപ്പോഴും ഒരു സമുദായത്തേയോ അല്ലെങ്കിൽ ഏതെങ്കിലും മേഖലയിലെ സമൂഹത്തെയോ അർത്ഥമാക്കുന്നു.

പ്രാകൃതജീവിതത്തിൽ നിന്നും പരിഷ്കൃതജീവിതത്തിലേക്കുള്ള പ്രയാണത്തെ സൂചിപ്പിക്കുന്നതാണ് സംസ്കാരം.  സംസ്കാരം ചില ഘട്ടങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്.

ഒരു വ്യക്തിക്ക് തന്റെ സ്ഥാനം കണ്ടെത്താനും കർമ്മങ്ങളുടെയും ധർമ്മങ്ങളുടെയും തോത് മനസ്സിലാക്കാനും സംസ്കാരത്തെ സൂക്ഷ്മമായി അപഗ്രഥിച്ചാൽ മതി.

 (എ.പി.രാധാകൃഷ്ണൻ, നരവംശശാസ്ത്രം - സാമൂഹിക സാംസ്കാരിക സമീപനങ്ങൾ, പുറം 35 ). 

ഈ വിധത്തിൽ ചില സവിശേഷതകളുടെ സാന്നിദ്ധ്യത്തിൽ സംസ്കാരത്തെ വിലയിരുത്താനുള്ള പ്രകടമായ ശ്രമങ്ങളും ഉണ്ടായിട്ടുണ്ട്.

സംസ്കാരത്തിന്റെ ഘടകങ്ങൾ

ഭാഷ, വേഷഭൂഷാദികൾ, പാനീയങ്ങൾ, പാർപ്പിടങ്ങൾ, പണിയായുധങ്ങൾ, കലകൾ, ഐതിഹ്യപരവും ശാസ്ത്രീയവുമായ അറിവുകൾ, വിശ്വാസങ്ങൾ, അനുഷ്ഠാനങ്ങൾ, കുടുംബം, വിവാഹം, സാമൂഹികനിയന്ത്രണങ്ങളും സാമൂഹികസ്ഥാപനങ്ങളും,നിയമം, ഭരണകൂടം, യുദ്ധം മുതലായവയൊക്കെ സംസ്കാരത്തിന്റെ ഘടകങ്ങളായി വരും. അതിനാൽ നരവംശശാസ്ത്രത്തെ സംബന്ധിച്ച് സംസ്കാരത്തിന്റെ പഠനസാദ്ധ്യതകൾ അനന്തമാണ്.

ആധുനികതയും സംസ്കാരവും

വിജ്ഞാനം നൂതനമായ അന്വേഷണങ്ങളുടെയും മനനങ്ങളുടെയും ഭാഗമായി വളർന്നുകൊണ്ടിരുന്നു. അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും ബന്ധിതമായ സമൂഹമനസ്സിന് വിജ്ഞാനം തെളിച്ചമേകി. മതവും അജ്‌ഞതയും ഫ്യൂഡൽ വ്യവസ്ഥിതിയും ചേർന്നു സൃഷ്ടിച്ച ഇരുട്ടിന്റെ കയങ്ങളെ ജീവൻത്യജിച്ചു പോലും വെല്ലുവിളിക്കാനും ചെറുക്കാനും വിജ്ഞാനികൾ സജ്ജരായിരുന്നു. ഇറ്റാലിയൻ ദാർശനികനായ ബ്രൂണോ ഉദാഹരണം. അശാസ്ത്രീയമായ മതസമീപനങ്ങളും മതം വിതച്ച ദൈവചിന്തയുമെല്ലാം മനുഷ്യന്റെ ഐക്യത്തിനും പുരോഗമനത്തിനും സാംസ്കാരികമുന്നേറ്റത്തിനും എതിരായിരുന്നു. യുക്തിചിന്തയുടെ വക്താക്കൾ കുറവായിരുന്നെങ്കിലും ശക്തമായ മുന്നേറ്റമാണ് സ്ഥാപിത മതവീക്ഷണങ്ങൾക്കു നേരെ അത് നേടിയെടുത്തത്. 1750 കളിലും തുടർന്നും പ്രചരിച്ച വ്യവസായവിപ്ലവത്തോടെ വിജ്ഞാനാർജനം സാർവത്രികവും വൈവിദ്ധ്യമുള്ളതുമായിത്തുടങ്ങി. നൂതനമായ വിജ്ഞാന വിഷയ മണ്ഡലങ്ങൾ ഉയർന്നുവന്നു. ശാസ്ത്രത്തിലും മാനവികമേഖലയിലും വളരെ പുതുമയുള്ള വിഷയങ്ങൾ ഉരുത്തിരിയാനാരംഭിച്ചു. ചരിത്രവും ദർശനവും സൗന്ദര്യശാസ്ത്രവും ഗണിതവും സാഹിത്യവും ശാസ്ത്രചിന്തകളും ഒരു കുടക്കീഴിലാവുന്ന സാഹചര്യം രൂപപ്പെട്ടു. വ്യവസായവിപ്ലവത്തോടെ - ഇറ്റലിയിൽ പൊട്ടിപ്പുറപ്പെട്ട് യൂറോപ്പിലെമ്പാടും പ്രചരിച്ച - ആധുനികലോക നിർമിതിക്കുതകുന്ന ആശയങ്ങളും ചിന്താപദ്ധതികളും പുതിയ വിഷയ/ വിജ്ഞാന മണ്ഡലങ്ങളായെനർത്ഥം. ഇതോടെ പ്രപഞ്ചത്തെ കൂടുതൽ സൂക്ഷ്മമായി അറിയാനും യുക്തിയോടെ വിശദീകരിക്കാനും അതോടൊപ്പം നിയന്ത്രിക്കാനും കഴിവുളളവനായി മനുഷ്യൻ രൂപപ്പെട്ടത് ആധുനിക കാലഘട്ടത്തിലാണ്. പ്രപഞ്ചത്തെ അറിയാനും യുക്തിസഹമായി വിശദീകരിക്കാനും ശേഷിയുളള വ്യക്തിയെന്ന സങ്കല്പം ഉയർന്നുവന്നത് ആധുനികതയുടെ കാലഘട്ടത്തിലായിരുന്നു. അതിനാൽ ആധുനികതയുടെ ആധാരസാമഗ്രികളിലൊന്നായി വ്യക്തിയെന്ന സങ്കല്പത്തെ ചിന്തകനായ പി.പി.രവീന്ദ്രൻ ഉയർത്തിക്കാട്ടുന്നു. പ്രപഞ്ചയാഥാർത്ഥ്യങ്ങളെ വിശദീകരിക്കുന്നതിനുള്ള മനുഷ്യന്റെ അതിതീവ്രമായ അദ്ധ്വാനമാണ് പലതരം ജ്ഞാനവിഷയങ്ങൾക്ക് ഉരുവം നല്കിയത്. പ്രകൃതിശാസ്ത്രം, ജീവശാസ്ത്രം, നരവംശശാസ്ത്രം, മന:ശ്ശാസ്ത്രം എന്നിങ്ങനെ അത് പലതാകുന്നു. കൂടുതൽ പഠന മനനങ്ങളും അന്വേഷണങ്ങളും ഗവേഷണവും നടക്കുമ്പോൾ അവ വീണ്ടും വീണ്ടും വിഭജിതമാവുകയും നൂതനവിജ്ഞാനമണ്ഡലങ്ങൾക്ക് പിറവി നല്കുകയും ചെയ്യുന്നു. അറിവുകളെ ആധുനികത അറകളാക്കിമാറ്റിയെന്ന നിരീക്ഷണമാണ് പി.പി.രവീന്ദ്രൻ മുന്നോട്ടു വെക്കുന്നത്. അവ്വിധം ചൂഷണത്തിലധിഷ്ഠിതമായ ആധുനികലോകം സജ്ജമായി. യന്ത്രസംസ്കാരവും മുതലാളിത്തവും നഗരവൽക്കരണവും കെട്ടുപിണഞ്ഞ ഒരു ലോകമാണ് ആധുനികതയുടെ സംഭാവന. വികസനാനുകൂലവും തൊഴിലാളിവിരുദ്ധവും പരിസ്ഥിതിവിരുദ്ധവുമായ കാഴ്ചപ്പാടുകളുടെ കേന്ദ്രമായും ആധുനികത പരിവർത്തിക്കാനിടയായി.

കെ.ജീവൻകുമാറിന്റെ 'റെയ്മണ്ട് വില്യംസ്' എന്ന പഠനത്തിനെഴുതിയ ആമുഖത്തിൽ പി.പി.രവീന്ദ്രൻ ആധുനികത മുന്നോട്ടുവെച്ച വിചാരധാരകളെ വിശകലനം ചെയ്യുന്നുണ്ട്. വ്യാവസായിക മുതലാളിത്തത്തിന്റെയും കോളനിവാഴ്ചയുടെയും സാങ്കേതികവിപ്ലവത്തിന്റെയും ശാസ്ത്രബോധത്തിന്റെയും യുക്തിചിന്തയുടെയും മാനവികതയുടെയും മതേതരമനസ്സിന്റെയും ദേശീയതയുടെയും സാർവ്വദേശീയതയുടെയും സാമൂഹികപരിഷ്കരണത്തിന്റെയും പുരോഗമനചിന്തയുടെയും കാൽപ്പനികദർശനത്തിന്റെയും സാമ്രാജ്യത്വചൂഷണത്തിന്റെയും അധിനിവേശവാഞ്ഛയുടെയും മറ്റും യുഗമായി വിശേഷിപ്പിക്കുന്ന കാലഘട്ടമാണ് - പത്തൊമ്പത്, ഇരുപത് നൂറ്റാണ്ടുകൾ - ആധുനികതയുടെ മൂർത്ത കാലം. മനുഷ്യന്റെ ചിന്തയിലും ദർശനത്തിലും വമ്പിച്ച മാറ്റങ്ങൾ ഉണ്ടായ കാലം. മറ്റേത് നൂറ്റാണ്ടുകളെക്കാളും വൈജ്ഞാനികവും പരിവർത്തനപരവുമായ നൂതന ആശയങ്ങളും വിപ്ലവധ്വനികളും മുഴങ്ങിയ കാലം. ഒറ്റ നോട്ടത്തിൽ വളരെ ലളിതമായ വിവക്ഷയാണ് ആധുനികതയ്ക്കുള്ളത്. പി.പി.രവീന്ദ്രൻ വ്യക്തമാക്കുന്നു : പാരമ്പര്യത്തിനു വിപരീതമായി നില്ക്കുന്ന പുതിയകാലത്തിന്റെ മൂല്യങ്ങൾ എന്ന അർത്ഥമാണ് പ്രസ്തുത പദത്തിനുള്ളത്. ഈ വിവക്ഷയിൽത്തന്നെ കുടികൊള്ളുന്ന സങ്കീർണ്ണതയും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. പാരമ്പര്യത്തിനെതിരെയുള്ള പുതിയകാല മൂല്യങ്ങൾ സമൂഹത്തിനെമ്പാടും സ്വീകാര്യമാകണമെന്നില്ല. മോഡേൺ എന്ന വാക്കിന്റെ ചരിത്രത്തിൽത്തന്നെ ആയതിന്റെ സങ്കീർണ്ണത അടങ്ങിയിട്ടുണ്ട്. ഫ്രഞ്ച്മൂലത്തിൽ 'കാലികം' എന്ന അർത്ഥത്തിൽ ഉപയോഗിച്ച വാക്കിന് 16, 17 നൂറ്റാണ്ടുകൾ വരെ ഗുണകരമായ അർത്ഥമല്ല ഉണ്ടായിരുന്നത്. ഒരു ആശയരൂപമായി ആധുനികതയ്ക്ക് സ്വീകാര്യതയുണ്ടാകുന്നത് 19-ാം നൂറ്റാണ്ട് മുതലാണ്. കാലത്തെയും ചരിത്രത്തെയും സംബന്ധിച്ച പുതിയൊരു അനുഭവമായി ആധുനികത തിരിച്ചറിയപ്പെടുന്നു. 1910 - നോട് അടുപ്പിച്ച് മനുഷ്യപ്രകൃതിക്കു തന്നെ അടിസ്ഥാനപരമായ പരിണാമം സംഭവിച്ചതായി വിർജീനിയാ വൂൾഫ് നിരീക്ഷിക്കുന്നു. ആധുനികതയുടെ ചില സവിശേഷതകളിലേക്ക് പി.പി.രവീന്ദ്രൻ ദൃഷ്ടി പതിപ്പിക്കുന്നു:

"വിദ്യാഭ്യാസത്തിലൂടെയും നാഗരികതയിലൂടെയും നേടുന്ന മാനസികൗന്നത്യവും ഹൃദയവിശാലതയും സാർവലൗകികവീക്ഷണവും മറ്റുമാണ് ആധുനികതയുടെ ലക്ഷണങ്ങളായി പലപ്പോഴും പറയാറ്. സങ്കുചിതമായ ലിംഗ- ജാതി- മത - വർഗ്ഗ-വർണ്ണ- ദേശ-പ്രദേശ ബോധങ്ങളിൽ നിന്നും മനുഷ്യനെ മോചിപ്പിച്ച് ഉദാത്തമായ വിശ്വമാനവസങ്കൽപ്പത്തിലേക്ക് ഉയർത്തിക്കൊണ്ടുവരിക എന്നതാണ് ആധുനികതയുടെ ആത്യന്തികലക്ഷ്യമായി പറയുക"

പാരമ്പര്യത്തിൽ നിന്നും വേറിട്ട പുതിയ ചില മൂല്യങ്ങളും ബന്ധങ്ങളും ആധുനികതയുടെ അടിത്തറയായി കണക്കാക്കപ്പെടുന്നുണ്ട്. നാഗരികബോധം, മതേതരചിന്ത, വ്യാവസായികസംസ്കാരം, ശാസ്ത്രീയാവബോധം, സാർവ്വദേശീയത മുതലായവ ഉദാഹരണം. ആധുനികത നിർമ്മിക്കപ്പെട്ടത് പുതിയമൂല്യവ്യവസ്ഥയും സാമൂഹികകാലാവസ്ഥയും ലോകബോധവും ചേർന്നാണ്. ബന്ധങ്ങളിൽ വന്ന പുന:ക്രമീകരണം അതിനു സഹായകമായി. പക്ഷേ, ഈ ക്രമീകരണത്തിൽ വന്ന ഭൗതികമായ അസമത്വം ആധുനികതയുടെ ആദർശാത്മകതയോട് യോജിക്കുന്നതായിരുന്നില്ല. ഗുണകരവും ഒപ്പം നിഷേധപരവുമായ ഗുണങ്ങളുടെ സംഗമമായി അതിനാലതു മാറി.

പി.പി.രവീന്ദ്രൻ പ്രസ്താവിക്കുന്നത് ഇപ്രകാരമാണ്: "ആധുനികതയുമായി ബന്ധപ്പെട്ട് ലോകത്താകമാനം നടപ്പിൽ വന്ന സാമൂഹികവും സാംസ്കാരികവും വിദ്യാഭ്യാസപരവും മറ്റുമായ പരിഷ്കാരങ്ങൾ ഏറ്റക്കുറച്ചിലുകളോടെ സമൂഹങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിന് സഹായമായിട്ടുണ്ടെന്നുള്ളത് നിസ്തർക്കമാണ്. അതേസമയം ജീവിതനിലവാരത്തിന്റെ കാര്യത്തിൽ ഒന്നാം ലോകസമൂഹങ്ങളുടെയും മൂന്നാം ലോകസമൂഹങ്ങളുടെയും ഇടയ്ക്ക് നിലനില്ക്കുന്ന ഭീകരമായ അന്തരവും മൂന്നാം ലോകത്തിനകത്തുതന്നെയുള്ള സാമൂഹികാസമത്വങ്ങളും ആധുനികതയുടെ നേട്ടങ്ങൾ വിതരണം ചെയ്യുന്നതിലെ നീതിരാഹിത്യത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്".

ഇതു കൂടി ചേർത്തു വായിക്കുമ്പോൾ മാത്രമേ ആധുനികത ഉയർത്തിയ പ്രത്യയശാസ്ത്രത്തിന്റെ സങ്കീർണ്ണത വ്യക്തമാവുകയുള്ളൂ. ആധുനികതയുടെ വിചാരമാതൃകയ്ക്ക് സംഭവിച്ച വിഛേദമാണ് സാംസ്കാരികപഠനത്തിന്റെ രംഗപ്രവേശത്തിന് കാരണമായതെന്ന പി.പി.രവീന്ദ്രന്റെ നിഗമനം വസ്തുതാപരമാണെന്ന് പറയാം.

സംസ്കാരവും നരവംശശാസ്ത്രവും

         നരവംശശാസ്ത്രമെന്ന പദം ആദ്യമായി ഉപയോഗിച്ചത് ഗ്രീക്ക് ചിന്തകനായ അരിസ്റ്റോട്ടിലാണത്രെ. എന്നാൽ 1655 ൽ പ്രസിദ്ധീകൃതമായ 'ആന്ത്രപ്പോളജിക് അബ്സ്ട്രാക്ടഡ്' എന്ന ഗ്രന്ഥത്തിലാണ് ഈ പദത്തെ ആദ്യമായി നിർവചിച്ചത്. ലേഖകൻ ആരെന്ന് വ്യക്തമല്ല. 'മനുഷ്യന്റെ ആത്മാവിന്റെയും മനുഷ്യശരീരത്തിന്റെയും ചരിത്രം' എന്ന നിർവചനമാണ് നല്കിയിരിക്കുന്നത്. പ്രാകൃതസമൂഹങ്ങളെക്കുറിച്ചുള്ള അനുഭവാധിഷ്ഠിതപഠനമാണ് നരവംശശാസ്ത്രമെന്നും സാമൂഹ്യഘടന, സാമൂഹ്യസ്ഥാപനങ്ങൾ മുതലായവ അതിന്റെ പരിധിയിൽ വരുന്നു. മനുഷ്യനോളം പഴക്കമുള്ള പദമാണ് സംസ്കാരം. പുരാതനസംസ്കാരം, മദ്ധ്യകാല സംസ്കാരം, നവീന സംസ്കാരം എന്നിങ്ങനെയുള്ള പ്രയോഗങ്ങൾ നോക്കുക. പത്തൊമ്പതാം നൂറ്റാണ്ടിലാണ് നരവംശശാസ്ത്രം വികസിച്ച് ഭൗതിക നരവംശ ശാസ്ത്രമെന്നും സാംസ്കാരിക നരവംശശാസ്ത്രമെന്നും രണ്ടായി തിരിഞ്ഞത്. സംസ്കാരത്തെ സംബന്ധിച്ച് നരവംശശാസ്ത്രത്തിന് തനത് കാഴ്ചപ്പാടുകളുണ്ട്. സമൂഹത്തിലെ ഒരംഗമെന്ന നിലയിൽ വ്യക്തികളുടെ എല്ലാ ചിന്താരീതികളുടെയും പ്രവൃത്തികളുടെയും പൂർണ്ണതയെന്നാണ് സംസ്കാരത്തെ നരവംശശാസ്ത്രം വിശേഷിപ്പിക്കുന്നത്. മനുഷ്യനെ ജന്തുക്കളിൽ നിന്നും വേർതിരിക്കുന്നത് സംസ്കാരമാണെന്ന് നരവംശ ശാസ്ത്രകാരന്മാർ പറയുന്നുണ്ടല്ലോ. അറിവിന്റെ വികാസമനുസരിച്ചുവളർന്ന വിജ്ഞാനശാഖയത്രെ നരവംശശാസ്ത്രം. 

അറിവാണ് മനുഷ്യ സംസ്കാരത്തിന്റെ വളർച്ചയുടെ അടിസ്ഥാനമെന്നു പറയാം. ഇവിടെ ശാസ്ത്രവിഷയങ്ങൾ പ്രധാനപങ്കു വഹിക്കുന്നു. ശാസ്ത്രവിഷയങ്ങളിൽ നടക്കുന്ന ഗവേഷണപഠനങ്ങളും അന്വേഷണങ്ങളും സാങ്കേതികവിദ്യയുടെ വളർച്ചയിലെത്തുമ്പോൾ അതേ സാങ്കേതികവിദ്യകൾ മനുഷ്യജീവിതത്തെ അയത്നലളിതവും സുഗമവുമാക്കുന്നുണ്ടല്ലോ. നരവംശശാസ്ത്രത്തെയും സാമൂഹികശാസ്ത്രത്തെയും വേറിട്ടുകാണാനാഗ്രഹിക്കാത്തവരുണ്ട്. അവ സഹോദരരാണെന്നും മനുഷ്യൻ കൈവരിച്ച സാമൂഹിക സാംസ്കാരിക പുരോഗതിയെക്കുറിച്ച് അവ വിപുലമായ പഠനം നടത്തുന്നുവെന്നും അമേരിക്കൻ നരവംശശാസ്ത്രകാരനായ എ.എൽ. ക്രോബർ അഭിപ്രായപ്പെടുന്നു. മനുഷ്യനിലാണ് നരവംശശാസ്ത്ര പഠനം ഊന്നുന്നത്. അതിന്റെ വിശകലനരീതിയും അതിന്നു വേണ്ടി ഉപയോഗിക്കുന്ന വസ്തുതകളും ഭൗതികമനുഷ്യനെക്കുറിച്ചും അവന്റെ സംസ്കാരത്തെക്കുറിച്ചും ശരിയായ ബോധം നല്കുന്നുവെന്ന് എ.ബി. ടെയ്ലർ അഭിപ്രായപ്പെടുന്നു. 

മനുഷ്യന്റെ സാമൂഹികഘടന, ജീവിതരീതി, സംസ്കാരവിശേഷങ്ങൾ മുതലായവ വളരെവേഗം മാറിക്കൊണ്ടിരിക്കുകയാണ്. വ്യവസായവത്കരണം ഇന്ന് അതിവേഗതയിൽ മുന്നേറുകയാണ്. 1789 ൽ ജർമൻ ചിന്തകനും ആശയവാദിയുമായ ഇമ്മാനുവൽ കാന്റ് നരവംശ ശാസ്ത്രം എന്ന ഗ്രന്ഥം രചിച്ചു 19-ാം നൂറ്റാണ്ടിൽത്തന്നെ നരവംശ ശാസ്ത്രത്തിന്റെയും അതിന്റെ പഠനസാദ്ധ്യതകളെയും ലോകം അംഗീകരിച്ചു.

ഭൗതികനവംശശാസ്ത്രം, സാംസ്കാരിക നരവംശശാസ്ത്രം എന്നിങ്ങനെ രണ്ടുപ്രധാന വിഭാഗമായി നരവംശശാസ്ത്രം ഉരുത്തിരിഞ്ഞു. അവയ്ക്ക് നിരവധി ഉപശാഖകളുമുണ്ടായി. സാംസ്കാരിക നരവംശശാസ്ത്രത്തിന്റെ ഉപവിഭാഗമായാണ് സാമൂഹികനരവംശശാസ്ത്രം ഇടം പിടിച്ചത്. നരവംശശാസ്ത്രത്തിലെ ഒരു പ്രധാനശാഖയായി പരിണമിച്ച സാമൂഹികനരവംശ ശാസ്ത്രം, മനുഷ്യന്റെ പ്രാചീനതയിൽ നിന്നുള്ള പരിണാമം, സാമൂഹികസ്ഥാപനങ്ങൾ, സാമ്പത്തിക വിനിമയം, രാഷ്ട്രീയ ക്രമം, നാടോടിവിജ്‌ഞാനീയം പോലുള്ള സംസ്കാരഘടകങ്ങൾ മുതലായവ അതിന്റെ പഠനവിഷയമാകുന്നു. മനുഷ്യസംസ്കാരത്തിന്റെ ഉത്ഭവവികാസ പരിണാമങ്ങൾ പഠിക്കുന്ന വേറൊരുശാസ്ത്രവുമില്ല. ശാസ്ത്രീയരീതികളെ അവലംബിച്ചുകൊണ്ടാണ് സാമൂഹ്യനരവംശശാസ്ത്രം പഠനം നടത്തുന്നത്. വസ്തുതകളെ അവലംബിച്ചു കൊണ്ടുള്ള പഠനമാണെന്നതാണ് മറ്റൊരു സവിശേഷത. നരവംശ ശാസ്ത്രത്തിന് സാമൂഹികശാസ്ത്രവുമായി അടുത്ത ബന്ധമുണ്ട്. നരവംശ ശാസ്ത്രത്തെ ഭൗതിക ശാസ്ത്രങ്ങളുടെ കൂട്ടത്തിൽ പെടുത്തണോ, അതോ, സാമൂഹികശാസ്ത്രങ്ങളുടെ കൂട്ടത്തിൽ പെടുത്തണോ എന്നതിനെ സംബന്ധിച്ച ഭിന്നാഭിപ്രായങ്ങൾ നിലവിലുണ്ട്. ഇവ ഇരട്ടസഹോദരങ്ങളാണെന്ന വാദവും നിലനില്ക്കുന്നു. സാമൂഹികശാസ്ത്രമെന്നത് സമൂഹത്തെക്കുറിച്ചുള്ള ശാസ്ത്രീയപഠനമാണ്. എന്നാൽ അത് വർത്തമാനകാലസമൂഹത്തെക്കുറിച്ചുള്ള പഠനത്തിലാണ് ഊന്നുന്നത്. സാമൂഹികപ്രശ്നങ്ങളെക്കുറിച്ചു പഠിക്കുകയും പ്രശ്നപരിഹാരം നിർദ്ദേശിക്കുകയും ചെയ്കയാൽ പ്രായോഗികശാസ്ത്രമായി ഇതിനെ കണക്കാക്കുന്നു. നരവംശശാസ്ത്രമാകട്ടെ, സാമൂഹികപ്രശ്നങ്ങളെ സാംസ്കാരികാടയാളങ്ങളുടെ സഹായത്താൽ പഠിക്കാൻ ശ്രമിക്കുന്നുവെന്നല്ലാതെ പ്രശ്ന പരിഹരണം ലക്ഷ്യമാക്കുന്നില്ല.

[സംസ്കാരം എന്ന വിഷയത്തെ മുഖ്യമായും കൈകാര്യം ചെയ്ത വിജ്ഞാന മേഖലയെന്ന നിലയിലാണ് നരവംശശാസ്ത്രത്തെ കുറച്ച് പരിഗണിച്ചത്. ഈ ഭാഗമെഴുതാനുള്ള ആശയങ്ങൾക്കും വരികൾക്കും കടപ്പെട്ടിരിക്കുന്നത് എ.പി.രാധാകൃഷ്ണന്റെ 'നരവംശശാസ്ത്രം സാമൂഹിക സാംസ്കാരിക സമീപനങ്ങൾ ' എന്ന കൃതിയോടാണ്. ]









 








 


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹിമവാൻ്റെ മുകൾത്തട്ടിൽ: രാജൻ കാക്കനാടൻ, ഭാഗം1

കരുണ - കുമാരനാശാൻ

സഭാപ്രവേശം - കുഞ്ചൻ നമ്പ്യാർ