150. മുലകുടി : വൈലോപ്പിള്ളി (ആശയം )

മലയാളകവിയായ വൈലോപ്പിള്ളിയുടെ മുലകുടി എന്ന കവിതയിലെ ആശയങ്ങൾ വിശകലന സൂചനകളോടെ

വിണ്ണിൽ പറന്നു വിഹരിക്കുന്ന വെളുത്ത പൂമ്പാറ്റയ്ക്ക് പൂന്തേൻ പകരുന്ന മൃദുലതയാർന്ന, സുന്ദരമായ പുഷ്പം പോലെ സ്വന്തം ഓമനക്കുട്ടിക്ക് വാത്സല്യദാനമായി തന്റെ മുലപ്പാൽ കൊടുക്കുന്നവളേ, അല്ലയോ സുന്ദരി, നീ എന്റെ പ്രണയത്തിന്റെ ചന്ദനക്കാവിലും പുണ്യതീർത്ഥം അർപ്പിക്കുകയാണ്.

ചെല്ലക്കുട്ടികളെ ഭംഗിയായി പുതപ്പിയ്ക്കുന്ന തള്ളക്കിളിയുടെ ചിറകുപോലെ, അവനെ നോക്കി രക്ഷിക്കാനുള്ള വ്യഗ്രതയോടെ, പാതിയടഞ്ഞ നിന്റെ കൺപോളകൾ കുട്ടിയിൽ പതിയുന്നു. നെറ്റിയിൽ നിന്നും കീഴ്പോട്ടേക്ക് ഞാന്നു പടർന്നുകിടക്കുന്ന മനോഹരങ്ങളായ നിന്റെ മുടിയിതളുകൾ കുട്ടിയുടെ പൊന്നിനു സദൃശമായ ശരീരം തലോടാനായി ആശ്ചര്യം പൂണ്ട് കീഴേക്ക് വരുന്നതാണോ?

നിന്റെ മുലക്കണ്ണ് നുണയുന്നതിനൊപ്പം, ഇവൻ പാലമൃതിനു സമാനമായ നിന്റെ സുന്ദരമായ പുഞ്ചിരി തന്റെ രണ്ടു കണ്ണുകളാലും ആസ്വദിക്കുകയും ചെയ്യുന്നുണ്ട്.

സുന്ദരനായ കുഞ്ഞിലും നിന്റെ കവിൾത്തടങ്ങളിലും മാറിലും ശുഭ്രവസ്ത്രത്തിലും അനശ്വരമായ ശാന്തിയും സൗന്ദര്യവും മിന്നിത്തിളങ്ങുന്നു. നീ കന്യകയായ മേരിയായി ശോഭിക്കുന്നു. ഈ കുട്ടിയോ ഉണ്ണിയേശുവും. ഓമനക്കിടാവും പെറ്റമ്മയും: നിങ്ങൾ ഒരു ശരീരത്തിന്റെ അവയവങ്ങളാകുന്നു.

ഒരുമിച്ച് സ്പന്ദിയ്ക്കുന്ന ഹൃദയങ്ങൾ - അഥവാ ഒരു റോസാപ്പൂച്ചെടിയിലെ പൂവും മൊട്ടുമാണ് നിങ്ങൾ.

അമ്മേ, വാത്സല്യം കൊണ്ട് നിന്റെ ചെഞ്ചോര വെളുപ്പ് നിറം പകർന്ന മുലപ്പാലായി മാറിയിരിക്കുന്നു. അതു വഴിയാണ് ആയിരമായിരം ദിവ്യവീര്യം നീ പകരുന്നത്. നല്ല പുഞ്ചിരി പൊഴിക്കാൻ കുട്ടന് പല്ലുമുളപ്പിക്കുന്ന പോഷക സത്താണത്. സംഗീതവും സാഹിത്യവും കൂടിച്ചേർന്ന് കുട്ടിയുടെ കൊഞ്ചലിന് കാരണമാകുന്ന മാധുര്യസത്താണത്. ജീവിതമാകുന്ന ഒറ്റക്കമ്പിയിലൂടെ അടി പതറാതെ മുന്നേറാൻ ഭാവിയിൽ ആവശ്യമായ മനോധൈര്യമാണത്. 

ദു:ഖത്താൽ ചൂടേറിയതും, സ്നേഹത്താൽ ശീതളവും, ത്യാഗം കൊണ്ട് പരിശുദ്ധവുമാണ് നിന്റെ മുലപ്പാൽ.

അമ്മേ, നിന്റെ മികച്ച മുലപ്പാൽ പകരുന്ന ചൈതന്യ പ്രവാഹത്തിൽ ദേവലോകത്തെ സ്വപ്നം കാണുന്ന മനുഷ്യവർഗ്ഗത്തിന്റെ ഭാവനകളും, ഉയർന്നുവരുന്ന തലമുറയിൽ എത്തേണ്ട വാസനകളും ഒത്തുചേർന്നു കിടപ്പുണ്ടാകാം.

ഈശ്വരൻ എന്റെ കൊച്ചു കുടിലിൽ ഒറ്റത്തിരിയിട്ടു കത്തിച്ചു വെച്ച നിലവിളക്കേ, നിന്റെ പ്രഭയാർന്ന ഈ മണ്ണ് മാതൃത്വത്താൽ വളരെ മനോഹരമായിരിക്കുന്നു. പുല്ലിനെ നെഞ്ചിൽ ചേർത്ത് കുടിപ്പിച്ചു (മാതൃത്വം) മെല്ലെ വളർത്തുന്ന ഈ മുറ്റവും, തന്റെ ശാഖകളിൽ കായ്ച്ച കായകളിൽ മാധുര്യമാർന്ന സത്ത് ഉള്ളടക്കുന്ന മാവും, സ്വന്തം കുരുന്നിനെ മാറത്ത് ഒളിപ്പിച്ചു പറക്കുന്ന വവ്വാലും ഓമനപ്പൊൻ കുഞ്ഞിനെ തന്റെ മൂലയൂട്ടുന്ന നിന്റെ പര്യായവ്യത്യാസങ്ങൾ മാത്രമല്ലേ?

അല്ലെങ്കിൽ നമ്മളും അമ്മയുടെ നന്മുലയുണ്ണുന്ന ഉണ്ണിക്കിടാങ്ങൾ മാത്രമാണ്!

വിശകലനം:

1938 ലാണ് വൈലോപ്പിള്ളി 'മുലകുടി' എന്ന കവിത രചിക്കുന്നത്. സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായുള്ള തീക്ഷ്ണ സമരങ്ങൾ ഭാരതമെമ്പാടും നടക്കുന്നു. കേരളവും ഉജ്ജ്വലമായ സമരങ്ങളാലും പ്രവർത്തനങ്ങളാലും ഭാരതസ്വാതന്ത്ര്യത്തെ സ്വാഗതം ചെയ്തുകൊണ്ടിരിക്കുകയാണ്. 

ഈ വേളയിലാണ് ഒരു പുരുഷൻ തന്റെ സ്ത്രീയുടെയും കുഞ്ഞിന്റെയും സ്നേഹോദാരത കണ്ട് വിസ്മയിക്കുന്നത്! അമ്മയും കുഞ്ഞും തമ്മിലുള്ള സ്നേഹബന്ധത്തിന്റെ ആഴങ്ങൾ പ്രകാശിപ്പിക്കുക മാത്രമാണോ കവി ചെയ്യുന്നത്?

പൂന്തേൻ നുകരുന്ന പൂമ്പാറ്റയ്ക്ക് അത് ആവോളം സമ്മാനിക്കുന്ന മന്ദാരപുഷ്പം പോലെ തന്റെ കുഞ്ഞിന് വേണ്ടുവോളം മുലപ്പാൽ നല്കുകയാണ് അമ്മ. അത് കാണുന്ന അവളുടെ പ്രേയാൻ സന്തോഷിക്കുന്നു. അമ്മ മുലപ്പാൽ നല്കവേ, അതാസ്വദിക്കുന്നതിനൊപ്പം അമ്മയുടെ ചുണ്ടുകളിലുതിരുന്ന ഹാസം അവൻ കണ്ണുകളാൽ കുടിക്കുന്നുമുണ്ട്. ഈ സന്ദർഭത്തിൽ അമ്മയെ കന്യക മേരിയായും കുഞ്ഞിനെ ഉണ്ണിയേശുവായും വിഭാവനം ചെയുന്നു. നാടിന് നന്മ ചെയ്യാനായി അവതരിച്ചവനാണ് ഈ കുട്ടി എന്നു നമുക്ക് മനസ്സിലാക്കാം. യേശു സദാചാരവിരുദ്ധർക്കെതിരെയും അധികാരശക്തികൾക്കെതിരെയും അഴിമതിക്കാർക്കെതിരായും ആഞ്ഞടിച്ച വിവരങ്ങൾ നമുക്കറിയാവുന്നതാണ്. അത്തരമൊരു സത്ശക്തി ഈ കുട്ടിയിൽ ആവർത്തിക്കുമെന്ന പ്രതീക്ഷ വായനക്കാരന് ഈ കല്പന സമ്മാനിക്കുന്നുണ്ട്.

അമ്മയും കുഞ്ഞും തമ്മിലുള്ള ഐക്യം / പൊരുത്തം കവി വ്യക്തമാക്കുന്നുണ്ട്. തന്റെ മുലപ്പാലിലൂടെ അവൾ പകരുന്നത് ദിവ്യവീര്യമാണ്. അത് അവനെ ഊർജ്ജിതനാക്കുന്നു. മുലപ്പാലിലൂടെ ഭാവിയിൽ നേരിടാൻ പോകുന്ന പ്രതിസന്ധികളെ തരണം ചെയ്യാനുള്ള വീര്യം അവനു ലഭിക്കുന്നു. ജീവിതത്തെ ഓജസ്സോടെ അഭിമുഖീകരിക്കാനാകുന്നു. സ്നേഹവും ത്യാഗവും 

ശോകവും ഒക്കെ മുലപ്പാലിലൂടെ ഒഴുകുകയാണ്. 

അത് മാത്രമല്ല, കവി വ്യക്തമാക്കുന്നു:

"വാനവർനാടിനെ സ്വപ്നത്തിൽ കാണുന്ന

മാനവവർഗ്ഗത്തിൻ ഭാവനകൾ"

എന്ന വരികളിലൂടെ വളരെ വ്യക്തമായ സാമൂഹിക സന്ദേശം കവി നല്കുന്നു. മഹത്തായ സമത്വസങ്കല്പത്തിന്റെ ഉദാത്തതയെ ഹൃത്തടത്തിലേന്തുന്ന ഒരു വിഭാഗത്തിന്റെ പ്രതിനിധിയായി ഈ കുട്ടി മാറുമെന്ന പ്രത്യാശ അതിലുണ്ട്. 

പുല്ലിനെ നെഞ്ചിൽ ചേർത്തു വളർത്തുന്ന മുറ്റവും, മാധുര്യമാർന്ന മാമ്പഴത്താൽ സമൃദ്ധമായ മാവും, കുഞ്ഞിനെ വഹിച്ചു പറക്കുന്ന കടവാതിലും മാതൃത്വത്തിന്റെ കാര്യത്തിൽ നിന്റെ പര്യായങ്ങൾ മാത്രമല്ലേ?

മാതൃത്വത്തിന്റെ മഹനീയത, അമ്മയും കുഞ്ഞും തമ്മിലുള്ള ആത്മബന്ധം തുടങ്ങിയവ ആഖ്യാനം ചെയ്യുന്നതിലൂടെ സ്വാതന്ത്ര്യസമരത്തിന് കൂടുതൽ ഊർജ്ജം പകരാൻ ശ്രമിക്കുകയാണ് കവി ചെയ്യുന്നത്.

അവസാന വരികൾ ഇപ്രകാരമാണ്:

'നമ്മളുമല്ലെങ്കിൽ നന്മുലയുണ്ടീടു- മമ്മതന്നുണ്ണിക്കിടാങ്ങൾ മാത്രം !"

ഈ വരികളിലൂടെ മാതാവിന്റെ മഹത്വം കവി വ്യക്തമാക്കുന്നു. മാതാവ് എന്നത് മുമ്പേയുള്ള വരികളുടെ ഇടപെടലിനാൽ അമ്മ -സ്ത്രീയെന്ന സ്വത്വം കൈവിടുകയും ഭാരതാംബയെന്ന സ്വത്വത്തിലേക്ക്, ലക്ഷക്കണക്കിന് നിസ്വരായ അമ്മമാരുടെ പ്രതീകമെന്ന നിലയിൽ, ഐക്യദാർഢ്യമെന്ന രീതിയിൽ, വളരുകയും ഉയരുകയും ചെയ്യുന്നു. അതിനാൽ നൂറുകണക്കിന് സൂര്യപുത്രന്മാരുടെ പിറവിയാൽ ഭാരതാംബ അടിമത്തത്തിന്റെ ചങ്ങല തകർക്കുമെന്ന സൂചന ഇതിലടങ്ങിയിട്ടുണ്ട്.

സ്വാതന്ത്ര്യസമര കാലഘട്ടത്തിൽ വൈലോപ്പിളളിയെപ്പോലൊരു കവിക്ക് വെറും സൗന്ദര്യവർണ്ണന സാധിക്കില്ല. അതിനാൽ ഊഷ്മളമായ ദേശാഭിവാദ്യം ഈ കവിതയിലെ അന്തർദ്ധാരയായി മാറുന്നതു കാണാം. കൂട്ടത്തിൽ സ്ഥിതിസമത്വത്തിനു വേണ്ടിയുള്ള ദാഹവും ഇതിൽ പ്രത്യക്ഷമാണ്. പ്രസാദം ചൊരിയുന്ന ആഖ്യാനത്തിലൂടെ മുലപ്പാലിന്റെ മാധുര്യം നിറഞ്ഞ, സ്നേഹത്തിന്റെ ആലിംഗനവും ശുഭപ്രതീക്ഷയുള്ള ഒരു കാലത്തെ സ്വാഗതം ചെയ്യുന്നു. വർണ്ണം, അതിര്, ജാതി, മതം, ഗോത്രം, ഭാഷ മുതലായവയൊന്നും സ്നേഹത്തിന് പരിധി ചമയ്ക്കാൻ പോന്നവയല്ല. മാതൃത്വത്തിന്റെ ഭാഷ കൊണ്ട് പ്രപഞ്ചത്തെ ആവിഷ്കരിക്കുമ്പോൾ അമ്മ പെറ്റ എല്ലാം - ചരങ്ങളും അല്ലാത്തവയും ഉൾപ്പെടെ - ഒന്നാണ് എന്ന ബോദ്ധ്യം കവിക്കുണ്ട്. അതിന് വിഘാതമാകുന്നവരെ ചെറുക്കുക എന്നതും പ്രധാനം തന്നെ. അപ്രകാരമൊരു വിപ്ലവാവേശവും ഈ കവിതയിൽ അന്തരാ വർത്തിക്കുന്നുണ്ടെന്ന് കാണാം.

സാഹോദര്യത്തിന്റെ ഉൾവിളി -ഇപ്രകാരമൊരു വീക്ഷണവും ഈ കവിത അവതരിപ്പിക്കുന്നതായി കാണാം. മാതാവ്, കുഞ്ഞ് ഇവർ തമ്മിലുള്ള പാരസ്പര്യവും സ്നേഹബന്ധവും എന്നും ഒരു മാതൃകയാണ്. 1938 ആകുമ്പോഴേക്കും ചില ലോകരാഷ്ട്രങ്ങളിൽ ഫാസിസം കൊടികുത്തി വാഴുന്നു. ജനാധിപത്യവിശ്വാസികൾക്കും സോഷ്യലിസ്റ്റ് പ്രവർത്തകർക്കും മർദ്ദനങ്ങൾ നേരിടേണ്ടി വന്നു. കൊടിയ പീഡനങ്ങൾ. രക്തസാക്ഷികൾ ഉണ്ടായി. ഫാസിസമാകട്ടെ, ദേശം വർണ്ണം രക്തം എന്നിവയിലധിഷ്ഠിതമായ സങ്കുചിത ചിന്താഗതിയാൽ മുന്നോട്ടു പോയി. ആര്യരക്തമാണ് ഏറ്റവും വിശുദ്ധരക്തമെന്ന കാഴ്ചപ്പാട് ഉയർത്തി. സങ്കുചിത ദേശീയതാവാദം അവതരിപ്പിച്ചു. ഈ സന്ദർഭത്തിൽ വൈലോപ്പിള്ളിയുടെ 'മുലകുടി' ഇത്തരം സങ്കുചിതവാദങ്ങളെ അപലപിക്കുന്ന, മാതൃത്വത്തിന്റെ മഹിമയിൽ ഊന്നുന്ന, എല്ലാ ജന്മങ്ങളുടെയും പവിത്രതയെ ആഖ്യാനം ചെയ്യുന്ന, സ്നേഹത്തിനും സൗഹാർദ്ദത്തിനും ഊന്നൽ നല്കുന്ന കവിതയായി മാറുന്നു. 

സ്ത്രീകളെ വിലമതിക്കേണ്ടതിന്റെ പാഠം

കുടുംബം, സമൂഹം, തൊഴിൽ സ്ഥാപനം മുതലായ ഇടങ്ങളിലും ജീവിതസന്ദർഭങ്ങളിലും സ്ത്രീകളെ വിലകുറച്ചു കാണാനും അവമതിക്കാനും ഉള്ള ശ്രമങ്ങൾ വർദ്ധിച്ചു വരുന്നുണ്ടെന്നത് നിസ്തർക്കമായ വസ്തുതയാണ്. ഈ പശ്ചാത്തലത്തിൽ, വിശേഷിച്ച് സ്ത്രീകളെ ചരക്കുവത്കരിക്കുകയും പരസ്യങ്ങളുടെ അടിമകളാക്കുകയും ചെയ്യുന്ന ആഗോളീകരണകാലഘട്ടത്തിൽ

എന്താണ് സ്ത്രീ, അവളുടെ മഹിമയെന്താണ് എന്നിങ്ങനെ സ്ത്രീസ്വത്വത്തെ സ്ഥാപിക്കാൻ പ്രേരണ നല്കുന്ന കവിതയായി മുലകുടിയെ കാണാം. അതോടൊപ്പം ധനത്തിന്റെയും ആടോപത്തിന്റെയും ഭാണ്ഡമായി മാറിയിട്ടുള്ള സ്ത്രീകൾക്ക്, സൗന്ദര്യം ചോർന്നുപോകുമെന്ന വിശ്വാസത്താൽ സ്വന്തം കുഞ്ഞിന് സ്തന്യം നിഷേധിക്കുന്നവർക്ക് ഒക്കെയുള്ള മറുപടിയാണ് ഈ കവിത. ആ ഒരു പശ്ചാത്തലത്തിലും ഇക്കവിതയെ വിശകലനം ചെയ്യാവുന്നതാണ്.


 




അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹിമവാൻ്റെ മുകൾത്തട്ടിൽ: രാജൻ കാക്കനാടൻ, ഭാഗം1

കരുണ - കുമാരനാശാൻ

സഭാപ്രവേശം - കുഞ്ചൻ നമ്പ്യാർ