സംസ്കാരപഠനം -3 - നേതൃത്വം പ്രമുഖർ

ബർമിങ്ഹാം സർവകലാശാലയും

സംസ്കാര പഠന കേന്ദ്രവും [CCCS ]

ഇംഗ്ലണ്ടിലെ പ്രശസ്തമായ സർവകലാശാലയാണ് ബർമിങ്ഹാം സർവകലാശാല. റിച്ചാർഡ്‌ ഹൊഗാർട്ടിന്റെ നേതൃത്വത്തിലാണ് ഇവിടെ സംസ്കാരപഠന കേന്ദ്രം ആരംഭിച്ചത്. സെന്റർ ഫോർ കണ്ടമ്പററി കൾച്ചറൽ സ്റ്റഡീസ് (CCCS) എന്ന് അത് വിളിക്കപ്പെട്ടു. സർവകലാശാലയിലെ ഇംഗ്ലീഷ് വിഭാഗത്തിന്റെ അനുബന്ധമായാണ് അത് സ്ഥാപിച്ചത്. രാഷ്ട്രീയ പ്രതിജ്ഞാബദ്ധതയോടെ പ്രത്യയശാസ്ത്രവിമർശം നിർവഹിച്ച ആദ്യത്തെ സർവകലാശാലാ പഠനവിഭാഗമാണിത്. (സംസ്കാരപഠനം ഒരു ആമുഖം, പി.പി.രവീന്ദ്രൻ,പു.52). ബർമിങ്ഹാം സെന്ററിനു മുമ്പ് ജർമനിയിൽ ഫ്രാങ്ക്ഫർട്ട് സർവകലാശാലയിൽ ആരംഭിച്ച സാമൂഹ്യ ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടും (ഫ്രാങ്ക്ഫർട്ട് സ്കൂൾ എന്ന പേരിൽ അറിയപ്പെട്ടു) നിർവഹിച്ചത് ഇതേ ദൗത്യമായിരുന്നുവെന്ന് പി.പി.രവീന്ദ്രൻ ചൂണ്ടിക്കാട്ടുന്നു. എന്നാൽ ഇവ തമ്മിൽ കാര്യമായ വ്യത്യാസവുമുണ്ട്. ബർമിങ്ഹാം കൾച്ചറൽ സെന്ററിലേതു പോലെ സംഘടിതവും ലക്ഷ്യബോധവുമുള്ള പ്രവർത്തനമായിരുന്നില്ല അവരുടേത്. ബർമിങ്ഹാം സംസ്കാരപഠന കേന്ദ്രത്തിന്റെ മികവ് എന്താണ്? പി.പി.രവീന്ദ്രൻ വ്യക്തമാക്കുന്നു:" ഒരർത്ഥത്തിൽ ഗ്രാംഷിയുടേയും അൽത്ത്യൂസറിന്റെയും ഫൂക്കോവിന്റെയും ആശയങ്ങളെ സമർത്ഥമായി സമന്വയിപ്പിച്ചു കൊണ്ട് ഒരു പുതിയ സംസ്കാര പഠന സമീപനം രൂപപ്പെടുത്തി എന്നതാണ് ബർമിങ്‌ഹാം സ്കൂളിന്റെ ഏറ്റവും സമഗ്രമായ സംഭാവന". മാർക്സിസത്തിലെ ചിന്താധാരകൾ മാത്രമല്ല, സ്ത്രീവാദം, കീഴാള പഠനം, കോളനിയനന്തര പഠനം മുതലായ സമീപനങ്ങളെയും അവർ ചേർത്തുപിടിച്ചു. അങ്ങനെ കാലത്തിനു ചേർന്ന വിധത്തിലുള്ള ദിശാബോധം അതു കൈവരിച്ചു. സിനിമ, ചിത്രകല, നഗര സംവിധാനം, ഗൃഹനിർമ്മാണം ഒക്കെയടങ്ങുന്ന പുതിയ ദൃശ്യസംസ്കാരപഠനത്തിലേക്കും മാദ്ധ്യമ പഠനത്തിലേക്കും അത് വഴിതുറന്നു. ജനപ്രിയസംസ്കാര പഠനവും അതിന്റെ ഭാഗമായി.  റിച്ചാർഡ് ഹൊഗാർത്, റെയ്മണ്ട് വില്യംസ്, ഇ.പി. തോംസൺ, സ്റ്റുവർട്ട് ഹാൾ മുതലായ പ്രമുഖർ ഇതുമായി സഹകരിച്ചു പ്രവർത്തിച്ച ചിന്തകരാണ്.

റിച്ചാർഡ് ഹൊഗാർത് (1918 - 2014)

CCCS ന്റെ ആദ്യത്തെ ഡയരക്ടറാണ് ഹൊഗാർത്. സാമൂഹികശാസ്ത്രം, ഇംഗ്ലീഷ് സാഹിത്യം, സംസ്കാരപഠനം, ബ്രിട്ടീഷ് പോപ്പുലർ കൾച്ചർ എന്നീ പഠനമേഖലകളിൽ തന്റേതായ സംഭാവനകൾ അദ്ദേഹം നല്കുകയും പ്രശസ്തിയാർജ്‌ജിക്കുകയും ചെയ്തു. 1918 ൽ ഇംഗ്ലണ്ടിലെ ലീഡ്സിലായിരുന്നു ജനനം. ഒരു ദരിദ്രകുടുംബത്തിൽ. കുട്ടിക്കാലത്തുതന്നെ മാതാപിതാക്കന്മാർ നഷ്ടമായ ഹോഗാർത് ബന്ധുക്കളെ ആശ്രയിച്ചാണ് വളർന്നത്. ഉയർന്ന വിദ്യാഭ്യാസം നേടുകയും ചെയ്തു.

ഹൾ സർവകലാശാലയിൽ 1946 മുതൽ 1959 വരെ സ്റ്റാഫ് ട്യൂട്ടറായി അദ്ദേഹം പ്രവർത്തിച്ചു. W.H. ഓഡന്റെ കവിതയെക്കുറിച്ച് ഒരു പഠനം നടത്തി. 1957 ൽ The uses of Literacy എന്ന വിഖ്യാത കൃതി രചിച്ചു. ഇംഗ്ലണ്ടിലെ ബഹുജന മാദ്ധ്യമങ്ങളുടെ സ്വാധീനതയെ അപഗ്രഥിക്കുകയാണ് ഈ കൃതിയിൽ ഹൊഗാർത്. പ്രസ്തുത കൃതി ഇംഗ്ലീഷ് ചരിത്ര-മാദ്ധ്യമ പഠന മേഖലയിലും സംസ്കാരപഠനത്തിന്റെ സ്ഥാപനത്തിലും ഒരു നാഴികക്കല്ലായി ഗണിക്കപ്പെടുന്നു. ബ്രിട്ടനിൽ 19-ആം നൂറ്റാണ്ടിന്റെ അവസാനഘട്ടത്തിൽ സൗജന്യവും നിർബന്ധിതവുമായ പ്രാഥമികവിദ്യാഭ്യാസം നടപ്പിലാക്കി. ഈ നിയമാധിഷ്ഠിത വിദ്യാഭ്യാസപദ്ധതി പ്രചാരത്തിൽ വന്നതോടെ തൊഴിലാളികളിൽ അതുളവാക്കിയ മാറ്റമാണ് പ്രസ്തുത കൃതി ചർച്ച ചെയ്യുന്നത്. തൊഴിലാളികളുടെ സാക്ഷരതയിൽ വായനാശീലം, വിശ്രമവേളകൾ ചിലവഴിക്കുന്ന രീതികൾ, വിനോദങ്ങൾ മുതലായവ ഏതെല്ലാം തരത്തിലുള്ള ഫലങ്ങളാണ് ഉളവാക്കിയതെന്ന് അന്വേഷിക്കുന്നു. ബിർമിങ്ഹാം പ്രഫസറായിരുന്ന 1962 - 1973 കാലയളവിൽ സംസ്കാരപഠനത്തിന് ഉത്തമ വഴികാട്ടിയാകുന്ന പ്രവർത്തനങ്ങളിലേർപ്പെട്ടു. 1964 ൽ സെന്റർ ഫോർ കണ്ടംപററി കൾച്ചറൽ സ്റ്റഡീസ് - CCCS - സ്ഥാപിച്ചു. 1969 വരെ അതിന്റെ ഡയരക്ടറായിരുന്നു. 

ഇ.പി. തോംസൺ (1924 - 1993)

ബ്രിട്ടീഷ് സാംസ്കാരിക പഠനങ്ങൾക്ക് പ്രോത്സാഹനം നല്കിയ പണ്ഡിതനാണ് ഇ.പി. തോംസൺ. റെയ്മണ്ട് വില്യംസിൽ നിന്നും ഹൊഗാർതിൽ നിന്നും വ്യത്യസ്തമായ സമീപനരീതിയാണ് ഇ.പി. തോംസണെ ശ്രദ്ധാകേന്ദ്രമാക്കുന്നത്. ഒരു പ്രോട്ടസ്റ്റന്റ് കുടുംബത്തിലാണ് തോംസന്റെ ജനനം. 1924 ൽ. രണ്ടാം ലോകയുദ്ധകാലയളവിൽ യുദ്ധകാലസേവനമനുഷ്ഠിച്ചു. യുദ്ധാനന്തരം കാംബ്രിഡ്‌ജ് സർവകലാശാലയ്ക്കു കീഴിലെ കോർപ്പസ് ക്രിസ്റ്റി കോളേജിൽ പൂർത്തിയാക്കി. അവിടെ വെച്ചാണ് ബ്രിട്ടീഷ് കമ്യൂണിസ്റ്റ് പാർട്ടി മെമ്പർഷിപ്പ് എടുത്തത്. അടിസ്ഥാന വർഗ്ഗത്തിനായി സ്വയം സമർപ്പിച്ച ജീവിതമായിരുന്നു തോംസണിന്റേത്. സമാധാനപ്രവർത്തനങ്ങളിലും പില്ക്കാലത്ത് അണ്വായുധ വിരുദ്ധ ആശയ പ്രചാരണത്തിലും ശ്രദ്ധേയനായി. ബ്രിട്ടീഷു കമ്യൂണിസ്റ്റ് പാർട്ടിയുടെ സജീവ ബുദ്ധി ജീവികളിലൊരാളായ തോംസൺ, 1956 ൽ സോവിയറ്റ് യൂണിയൻ ഹങ്കറിയുടെ മീതെ നടത്തിയ അധിനിവേശത്തിൽ പ്രതിഷേധിച്ച് പാർട്ടി മെമ്പർഷിപ്പ് ത്യജിച്ചു. എന്നാൽ മാർക്സിസ്റ്റായി തുടർന്നു. The New Left Review എന്ന ജേണലിന് കാരണഭൂതനായി. അതൃപ്തരായ നൂറുകണക്കിന് പാർട്ടി സ്നേഹികളെയും ഇടത് അനുഭാവികളെയും സംഘടിപ്പിച്ച് New Left എന്ന പേരിൽ ഒരു നോൺ കമ്യൂണിസ്റ്റ് പൊളിറ്റിക്കൽ മൂവ്മെന്റ്, സംഘടിപ്പിക്കുന്നതിലും ആശയപരമായ കരുത്ത് പകരുന്നതിലും നിർണ്ണായക പങ്കു വഹിച്ചു. 

മാർക്സിയൻ സംസ്കാരപഠനത്തിന്റെ ഉത്തമപ്രയോക്താവാണ് തോംസൺ. 1963 ൽ അദ്ദേഹം The Making of the English working Class എന്ന കൃതി രചിച്ചു. സംസ്കാരപഠനത്തിന്റെ അടിസ്ഥാന ടെക്സ്റ്റുകളിലൊന്നായി അത് ഗണിക്കപ്പെടുന്നു. പോരാട്ടത്തിന്റെ സമഗ്രമായ ശൈലിയാണ് സംസ്കാരമെന്ന് അദ്ദേഹം നിർവചിക്കുന്നു. സംസ്കാരപഠനത്തിന്റെ രാഷ്ട്രീയപ്രവണതയ്ക് മികച്ച സംഭാവനകൾ അദ്ദേഹം നല്കി.

സ്റ്റുവർട്ട് ഹാൾ (1932 - 2014)

സ്റ്റുവർട്ട് ഹാൾ ജനിച്ചത് ജമൈക്കയിലാണ്. കരീബിയൻ ദ്വീപസമൂഹങ്ങളിലൊന്നാണിത്. തുടർന്ന് ഓക്സ്ഫോർഡിൽ പഠിക്കാനവസരം കിട്ടിയപ്പോൾ ഇംഗ്ലണ്ടിലേക്ക് കുടിയേറുകയായിരുന്നു. റിച്ചാർഡ് ഹൊഗാർട്ട്, റെയ്മണ്ട് വില്യംസ് എന്നിവർക്കൊപ്പം ബ്രിട്ടീഷ് സംസ്കാര പഠനത്തിന് തുടക്കമിട്ടു. ന്യൂ ലെഫ്റ്റ് റിവ്യൂവിന്റെ സ്ഥാപക എഡിറ്ററായിരുന്നു. 

ഹൊഗാർതിന്റെ ക്ഷണമനുസരിച്ച് 1964 ൽ ബിർമിങ്ഹാം സർവകലാശാലയിലെ സംസ്കാര പഠനകേന്ദ്രത്തിൽ ചേർന്നു. 1968 ൽ ഹൊഗാർതിൽ നിന്നും അതിന്റെ ആക്ടിങ് ചുമതലയേറ്റെടുത്തു. 1972 മുതൽ അതിന്റെ ഡയരക്ടറായി പ്രവർത്തിച്ചു. 1979 വരെ തുടർന്നു. പ്രസ്തുതകേന്ദ്രത്തിൽ തുടരുന്ന സന്ദർഭത്തിൽ ഹാൾ സംസ്കാരപഠനത്തിന്റെ പ്രസക്തി വംശം (race), gender (ലിംഗം) എന്നിങ്ങനെയുള്ള മേഖലകളിലേക്കു കൂടി വ്യാപിപ്പിച്ചു. സാംസ്കാരിക പഠനത്തിൽ മിഷേൽ ഫൂക്കോയുടേതടക്കം പുതിയ ആശയങ്ങളെ സ്വാംശീകരിക്കാനും ശ്രമിച്ചു. കറുത്തവംശജനെന്നതും കുടിയേറ്റക്കാരനെന്നതും സംസ്കാരപഠനത്തിൽ കൂടുതൽ സാദ്ധ്യതകൾ തുറന്നു.

ബ്രിട്ടീഷ് വർത്തമാനപത്രമായ ദി ഒബ്സേർവർ രാജ്യത്ത് നേതൃസ്ഥാനം വഹിക്കുന്ന പ്രമുഖ സാംസ്കാരിക സൈദ്ധാന്തികരിൽ ഒരാളായാണ് സ്റ്റുവർട്ട് ഹാളിനെ വിശേഷിപ്പിക്കുന്നത്. ഹാൾ ബ്ലാക്ക് ആർട്സ് മൂവ്മെന്റിലും സജീവമായിരുന്നു. തന്റെ സംസ്കാര പഠനങ്ങളിൽ മാർക്സിസത്തോടുള്ള അനുഭാവം എപ്പോഴും പ്രകടമാക്കിയിരുന്ന സൈദ്ധാന്തികൻ കൂടിയാണ് ഹാൾ. 'എഴുതിയതോ അച്ചടിച്ചതോ ആയ ഒരു പഠനത്തിൽ ഉപഗൂഹനം ചെയ്തിരിക്കുന്ന ഒന്നല്ല അർത്ഥമെന്നും അത് വായിച്ചെടുക്കുന്ന ആളുടെ രാഷ്ട്രീയ സാമൂഹ്യ പശ്ചാത്തലവും പരിശീലനവും അനുസരിച്ച് സൃഷ്ടിച്ചെടുക്കുന്ന ഒന്നാണെന്നും ഉള്ള ഹാളിന്റെ കണ്ടെത്തലിന് വ്യാപകമായ അംഗീകാരം ലഭിച്ചിട്ടുണ്ട്.' സ്റ്റുവർട്ട് ഹാളിനെ സംബന്ധിച്ച് സംസ്കാരം ലളിതമായ ആസ്വാദനമോ പഠനമോ അല്ല. പക്ഷേ, സാമൂഹിക പ്രവർത്തനങ്ങളുടെയും ഇടപെടലുകളുടെയും വിമർശാത്മകമായ ഇടമാണ്.

റെയ്മണ്ട് വില്യംസ് (1921 - 1988)

ഇടതുപക്ഷ രാഷ്ട്രീയചിന്തകൻ, സൈദ്ധാന്തികൻ, സാഹിത്യനിരൂപകൻ, മാദ്ധ്യമപഠനത്തിന്റെ പ്രയോക്താവ് എന്നീ നിലകളിലൊക്കെ ശ്രദ്ധേയനാണ് റെയ്മണ്ട് വില്യംസ്. മുപ്പതോളം ഗ്രന്ഥങ്ങളും നിരവധി ലേഖനങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. ജീവിതാന്ത്യദശയിൽ 'ആധുനികതയും അവാങ്ഗാർഡും' എന്ന കൃതിയുടെ രചനയിലായിരുന്നു.

വെയിൽസിലെ - ഇംഗ്ലണ്ട് - തൊഴിലാളിവർഗ്ഗ കുടുംബത്തിലാണ് ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് ഒരു റെയിൽവേ തൊഴിലാളിയായിരുന്നു. യുദ്ധഭീഷണിയും നാസിസത്തിന്റെ വളർച്ചയും നിലനിന്ന കാലഘട്ടത്തിലായിരുന്നു വില്യംസിന്റെ വളർച്ച. വിദ്യാഭ്യാസത്തിലൂടെ തൊഴിലാളി ഉന്നമനം ലക്ഷ്യമിട്ട വർക്കേഴ്സ് എഡ്യുക്കേഷണൽ അസോസിയേഷനിൽ നിരവധി വർഷം അദ്ധ്യാപകനായിരുന്നു. ഇടതുപക്ഷ വളർച്ചയ്ക്ക് ഗണ്യമായ സംഭാവനകൾ നല്കിയ ലെഫ്റ്റ് ബുക്ക് ക്ലബ്ബിൽ കൗമാരം മുതലേ അദ്ദേഹം അംഗമായിരുന്നു. 'സാംസ്കാരികവും രാഷ്ട്രീയവുമായ അധീശത്വത്തിന്റെ വ്യവഹാരങ്ങൾ നിശ്ശബ്ദമാക്കിയ സാമൂഹികസ്വരങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനും അവ സമൂഹത്തിന്റെ ശ്രദ്ധയിൽ പെടുത്തുന്നതിനും വില്യംസ് നിരന്തരം യത്നിച്ചെന്ന് ' അഭിപ്രായമുണ്ട്.

പിതാവിന്റെ തൊഴിൽ സാഹചര്യവും കഠിന ജീവിത പ്രയാസങ്ങളും തൊഴിലാളിവർഗ്ഗ ചിന്തയിലേക്കും പ്രസ്ഥാനത്തിലേക്കും വില്യംസിനെ അടുപ്പിച്ചു. ജന്മനാടായ വെയിൽസുമായുള്ള തീവ്രബന്ധം പൊളിറ്റിക്സ്‌ ആന്റ് ലെറ്റേഴ്സ് (1979) എന്ന കൃതിയിൽ പ്രകടിപ്പിക്കുന്നു.

ഇംഗ്ലീഷ് സാഹിത്യം പഠിക്കാനായി കേംബ്രിഡ്ജ് സർവകലാശാലയിലേക്ക് വില്യംസ് എത്തിച്ചേർന്നു. 1939 ലാണ് അവിടത്തെ ട്രിനിറ്റി കോളേജിൽ പ്രവേശിക്കുന്നത്. വളരെ സജീവമായ ചിന്തകളാൽ ഉജ്വലമായിരുന്നു കേംബ്രിഡ്ജ്. തൊഴിലാളിവർഗ്ഗ ഇടതുപക്ഷ ചിന്തയും ഐ.എ. റിച്ചാഡ്സിന്റെ പ്രായോഗിക വിമർശനവും ചർച്ചാ വിഷയമായി. വരേണ്യ ജീവിത മൂല്യങ്ങളോടുള്ള അഭിനിവേശവും എഫ്.ആർ. ലീവീസിന്റെ ചിന്തകളും പ്രസരിച്ചിരുന്നു. ലീവീസിന്റെ സ്ക്രൂട്ടിനി എന്ന പേരിലുള്ള ജേണൽ മറ്റൊരു സവിശേഷതയായിരുന്നു. വില്യംസ് കേംബ്രിഡ്ജിൽ ഒരു സോഷ്യലിസ്റ്റ് ക്ലബ്ബ് സ്ഥാപിക്കുകയും അതിന്റെ പേരിൽ ഒരു ബുള്ളറ്റിൻ ഇറക്കുകയും ചെയ്തു. ഈ പഠനകാലയളവിലാണ് ഗ്രേറ്റ് ബ്രിട്ടൻ കമ്യൂണിസ്റ്റു പാർട്ടിയിൽ വില്യംസ് അംഗമാകുന്നത്. പഠനകാലയളവിനിടയിലെ യുദ്ധസേവനാനന്തരം തിരികെ കേംബ്രിഡ്ജിലെത്തി ബിരുദ പഠനം പൂർത്തിയാക്കി. പിന്നീട് 1969 ൽ കേംബ്രിഡ്‌ജ് ഡോക്ടറേറ്റു ബിരുദം നല്കി. യുദ്ധസേവനത്തിന് നിയുക്തനാകയാൽ വില്യംസിന് പാർട്ടി അംഗത്വം നഷ്ടമായി. കേംബ്രിഡ്ജിൽ നിന്നും 1946 ൽ ബിരുദം നേടിയ ശേഷം ഓക്സ്ഫോഡ് സർവകലാശാലയിൽ വയോജന വിദ്യാഭ്യാസത്തിന്റെ അദ്ധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. (1946-1961). 1961 ൽ കേംബ്രിഡ്ജിലെ ജീസസ് കോളേജിൽ അദ്ധ്യാപകനായി നിയമിതനായി. 1974 മുതൽ 1983 വരെ കേംബ്രിഡ്ജ് സർവകലാശാലയിലെ നാടക പ്രൊഫസർ ആയി സേവനമനുഷ്ഠിച്ചു. 

ബർമിങ്ഹാം സർവകലാശാലയിലെ CCCS ൽ സുഹൃത്തുക്കളോടൊപ്പം സംസ്കാര പഠനത്തിന്റെ വളർച്ചയ്ക്ക് വലിയ സംഭാവനകൾ നല്കി. പരിസ്ഥിതി പ്രശ്നങ്ങൾ, അണുവായുധ നിരായുധീകരണം, വെൽഷ് ദേശീയത, സാമ്രാജ്യത്വ വിരുദ്ധ പ്രസ്ഥാനങ്ങൾ എന്നിവയിലെല്ലാം തല്പരനായിരുന്നു. 1983 ൽ കേംബ്രിഡ്ജിൽ നിന്നും വിരമിച്ചു. 1988 ൽ അന്തരിച്ചു.

പ്രമുഖ കൃതികൾ: 

റീഡിങ്ങ് ആന്റ് ക്രിട്ടിസിസം (1950)

കൾച്ചർ ആന്റ് സൊസൈറ്റി 1780-1950 (1958)

ദി ലോംഗ് റവലൂഷൻ (1961)

കമ്യൂണിക്കേഷൻസ് (1962)

ടെലിവിഷൻ: ടെക്നോളജി ആന്റ് കൾച്ചറൽ ഫോം (1974)

കീവേർഡ്സ് : എ വൊക്കാബുലറി ഓഫ് കൾച്ചർ ആന്റ് സൊസൈറ്റി (1976)

മാർക്സിസം ആന്റ് ലിറ്ററേച്ചർ (1977)

പൊളിറ്റിക്സ് ആന്റ് ലെറ്റേഴ്സ് (1979)

കൾച്ചർ (1981)

ചില നോവലുകളും അദ്ദേഹം രചിച്ചിട്ടുണ്ട്. സംസ്കാരപഠനത്തെ സംബന്ധിച്ച് അദ്ദേഹത്തിന്റെ പ്രധാനകൃതി കൾച്ചർ ആന്റ് സൊസൈറ്റി യാണ്. അതോടൊപ്പം കീ വേഡ്സ് , ദി ലോംഗ് റവലൂഷൻ, മാർക്സിസം ആന്റ് ലിറ്ററേച്ചർ എന്നിവയും പ്രധാനം തന്നെ. മാദ്ധ്യമപഠനത്തെ ആധാരമാക്കുവാൻ അദ്ദേഹത്തിന്റെ കൃതികൾ ഉപയോഗപ്പെടുത്താവുന്നതാണ്.

സംസ്കാരത്തെക്കുറിച്ചുള്ള വില്യംസിന്റെ ആശയങ്ങൾ 'റെയ്മണ്ട് വില്യംസ്' എന്ന പഠനത്തിൽ കെ. ജീവൻകുമാർ സൂചിപ്പിക്കുന്നുണ്ട്. ചിലത് ഇവിടെ പരാമർശിക്കാം:

  • സംസ്കാരം ഒരു ജീവിതരീതിയെയും അതിന് പൊതുവെയുള്ള അർത്ഥങ്ങളെയും പരാമർശിക്കുന്നു.
  • അറിവിനെയും കലകളെയും സൂചിപ്പിക്കുന്ന പദം കൂടിയാണ് സംസ്കാരം.
  • മേൽ സൂചിപ്പിച്ച ആശയങ്ങൾ പരസ്പരപൂരകങ്ങളാണെന്ന ബോദ്ധ്യത്തോടെ വേണം സാംസ്കാരികവിശകലനങ്ങളിൽ ഏർപ്പെടാൻ. 
  • സാംസ്കാരികപ്രവണതകളെ അഭികാമ്യം, അനഭികാമ്യംഎന്ന് വേർതിരിക്കുന്നത് ശരിയല്ല. [നല്ലത് / ചീത്ത, ഉന്നതം / നീചം, വരേണ്യം/അധമം എന്നിങ്ങനെ വേർതിരിക്കുന്നത് ശരിയല്ലെന്നർത്ഥം.]

  • സംസ്കാരത്തെക്കുറിച്ച് ഉന്നയിക്കപ്പെടുന്ന ചോദ്യങ്ങൾ മൂല്യങ്ങളെ സംബന്ധിച്ചതും അതിനാൽത്തന്നെ രാഷ്ട്രീയത്തെ സംബന്ധിക്കുന്നതുമാണ്.
  •  ജനപ്രിയ സംസ്കാരത്തിന്റെ ഉപഭോക്താക്കളുടെ മാനസികാവസ്ഥയോ വികാരങ്ങളോ ജീവിതത്തിന്റെ ഗുണനിലവാരമോ അവർ ആസ്വദിക്കുന്ന ഉൽപ്പനത്തിന്റെ സ്വഭാവത്തിൽ നിന്നും നിർണ്ണയിക്കാനാവില്ല.  (കെ.ജീവൻകുമാർ, പു. 37-38).

ഗാഢമായ പഠനങ്ങൾക്കും സംവാദത്തിനും ഉപയോഗപ്പെടുത്തുന്ന ഭാഷ മാറ്റത്തിന് വിധേയമായതും മാറിക്കൊണ്ടിരിക്കുന്നതുമാണെന്നയാഥാർത്ഥ്യം തിരിച്ചറിയണമെന്ന് വില്യംസ് കൾച്ചർ ആന്റ് സൊസൈറ്റി എന്ന കൃതിയിൽ പറയുന്നു. സംസ്കാരപഠനത്തിൽ വലിയ സ്വാധീനം ചെലുത്തിയ പഠനമാണ് വില്യംസിന്റെ Culture is Ordinary- സംസ്കാരം സർവസാധാരണമാണെന്ന് പറയുന്ന ഈ പ്രബന്ധം ദൈനംദിനാനുഭവങ്ങൾക്ക് സംസ്കാരരൂപീകരണത്തിലുള്ള പ്രാധാന്യം വിളിച്ചോതുന്നു. 

1950 കളിലാണ് വില്യംസ് ആണവായുധ നിരായുധീകരണ പ്രസ്ഥാനത്തിന്റെ (Campaign for Nuclear Disarmament -CND). സജീവപ്രവർത്തകനാകുന്നതും പ്രതിഷേധങ്ങളിൽ പങ്കാളിയാകുന്നതും. ഇക്കാലത്താണ് നവഇടതുപക്ഷവുമായുള്ള (New Left) ബന്ധം സുദൃഢമാകുന്നതും. 1961 ൽ പുന:സംഘടിപ്പിച്ച 'ന്യൂ ലെഫ്റ്റ് റിവ്യൂ'വിന്റെ എഡിറ്റോറിയലിൽ വില്യംസും അംഗമായിരുന്നു. പരിസ്ഥിതിപ്രശ്നങ്ങളിൽ രാഷ്ട്രീയവും സംസ്കാരവും കോർത്തിണക്കിയ അപഗ്രഥനത്തിന് അദ്ദേഹം മുൻഗണന നല്കി.

രാഷ്ട്രീയവീക്ഷണത്തിൽ ഇടതുപക്ഷ കാഴ്ചപ്പാടാണ് വില്യംസിന്റേതെങ്കിലും സംസ്കാരം, രാഷ്ട്രീയം, സമൂഹം,സാമ്പത്തികം എന്നിങ്ങനെ സകല പ്രധാന വിഷയങ്ങളെയും സമന്വയിപ്പിച്ചുകൊണ്ടുള്ള വിശാലമായ അടിസ്ഥാന വർഗ്ഗസമീപനമാണ് അദ്ദേഹം സ്വീകരിച്ചത്.


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹിമവാൻ്റെ മുകൾത്തട്ടിൽ: രാജൻ കാക്കനാടൻ, ഭാഗം1

കരുണ - കുമാരനാശാൻ

സഭാപ്രവേശം - കുഞ്ചൻ നമ്പ്യാർ