വീണപൂവ്(പഠനം): ഇ.പി.രാജഗോപാലൻ
ഇ.പി.രാജഗോപാലൻ മാഷുടെ 'മീനും കപ്പലും എന്ന കൃതിയിലെ ലേഖനമാണ് 'കണ്ണേ മടങ്ങുക …വീണപൂവും കാഴ്ചയുടെ പ്രത്യയശാസ്ത്രവും'. ആധുനിക കാലഘട്ടത്തിൽ കാഴ്ചയ്ക്ക് നേരിട്ട വിപര്യയങ്ങളെ കുമാരനാശാന്റെ വീണപൂവ് എന്ന ഖണ്ഡകാവ്യവുമായി കോർത്തിണക്കി വിവരിക്കുകയാണ് ലേഖകൻ. ഭരണ യന്ത്രത്തിന്റെ പ്രധാനപ്പെട്ട ഒരു സാങ്കേതികവിദ്യയായി മാറുന്ന കാഴ്ച(യെ)യാണ് വികസിതമുതലാളിത്തത്തിൽ നാം കാണുന്നതെന്ന് ടി.കെ.രാമചന്ദ്രൻ അഭിപ്രായപ്പെടുന്നു. (കാഴ്ചയുടെ കോയ്മ, പു. 23 -24 ). കാഴ്ചകൾ പരസ്യങ്ങളുടെ മായാപ്രപഞ്ചത്തിൽ മുങ്ങുകയാണ്.
വീണപൂവ് കാഴ്ചയെക്കുറിച്ചുള്ള കാവ്യപ്രബന്ധമാണെന്നു പറഞ്ഞുകൊണ്ടാണ് ഇ.പി.രാജഗോപാലൻ മാഷ് ലേഖനം ആരംഭിക്കുന്നത്. കാലങ്ങളിലൂടെ കാഴ്ചയ്ക്കു സംഭവിക്കുന്ന മാറ്റം അദ്ദേഹം പരാമർശിക്കുന്നു. മാറുന്ന സാമൂഹ്യാവസ്ഥകൾക്ക് വിധേയമാണ് കാഴ്ചയും എന്നതാണ് നിലപാട്. ഉദാഹരണത്തിന് നവോത്ഥാനം കാഴ്ചയുടെ സ്വഭാവം മാറ്റുന്നുണ്ട്. വീണപൂവിൽ ദൃശ്യബിംബങ്ങൾ നിരവധി. കാഴ്ചയുമായി ബന്ധപ്പെടുന്ന നിരവധി വാക്കുകൾ വീണപൂവിലുണ്ട്.
കാണുന്നതെല്ലാം കാഴ്ചയാകുന്നില്ല. ശ്രദ്ധകൊണ്ട് ഉയർത്തപ്പെടുന്നതാണ് കാഴ്ച. എങ്ങനെയാണ് കാഴ്ച രൂപപ്പെടുന്നത്? ഇ.പി. വിശദീകരിക്കുന്നു:" കണ്ണു കൊണ്ട് വസ്തുവിനെ ശ്രദ്ധിച്ച് ആ ശ്രദ്ധയെ അറിവിലും അനുഭവത്തിലും സ്ഥാനപ്പെടുത്തുമ്പോഴാണ് കാഴ്ച ഉണ്ടാകുന്നത് ". അതുമായി ബന്ധപ്പെട്ട പ്രക്രിയയെന്തെന്ന് ഇവിടെ വ്യക്തമാക്കുന്നുണ്ട്. കൂട്ടായ പ്രവർത്തനത്തിലേർപ്പെട്ട ഒരു കൂട്ടം വസ്തുക്കളിൽ നിന്ന് ഒന്നിനെ മാത്രം തിരഞ്ഞ് കണ്ടെത്തി അതിന്റെ ഭൂതവും ഭാവിയും ഒക്കെ ആലോചനയാലും ഭാവനയാലും മനസ്സിലാക്കി വസ്തുവിനെ സവിശേഷപാഠമായി മനസ്സിൽ വെക്കുമ്പോഴാണ് കാഴ്ചയുണ്ടാകുന്നത്. ഇ.പി. ഇവിടെ വിദഗ്ദമായ ഒരു നിരീക്ഷണം അവതരിപ്പിക്കുന്നുണ്ട്: "കാണുന്നതിനെ ചരിത്രവൽക്കരിക്കുന്നതിൽ നിന്നുണ്ടാകുന്ന കനിയാണ് കാഴ്ച."
കാഴ്ചയ്ക്ക് സംഭവിക്കുന്ന മാറ്റത്തിൽ ആദ്യം വരുന്നത് മിത്തോപോയിക മനസ്സാണ്. കെട്ടുകഥകളുടെയും പുരാണകഥകളുടെയും കാലാനുസൃതമായ ആഖ്യാനരീതിയാണത്. മിത്തുകളുടെ പുനരാഖ്യാനം.
ആ മനസ്സിന് വസ്തുവും പ്രതീകവും തമ്മിലുള്ള ഭേദമറിയില്ല. ഈ സന്ദർഭത്തിൽ ഇന്ന് സംഭവിച്ച മാറ്റം ഇ.പി. വിവരിക്കുന്നുണ്ട്. കണ്ണ് ഇന്ന് ചരിത്രപരമായ ഉൽപ്പന്നമായി മാറിയിരിക്കുന്നു. ആരുടെ ഉടമസ്ഥതയിലാണ് കാണുന്നത് എന്ന ചിന്തയാണ് ഈ മാറ്റത്തിനു പിന്നിൽ. കാണുമ്പോൾ കാണുന്നതിന്റെ സ്വന്തം പാഠം (കണ്ടറിവ് ) ഉണ്ടാക്കുന്ന കാണി ഉടമസ്ഥതയുടെ സമാന്തര വ്യവസ്ഥ സൃഷ്ടിക്കുന്നു. ഇതിനെ പ്രതിരോധിക്കാൻ ഉടമ വസ്തുക്കളെ കെട്ടിപ്പൊതിയുന്നു. കെട്ടിപ്പൊതിയൽ ജനാധിപത്യവിരുദ്ധമാണ്.
പുരോഗമനാത്മക ചരിത്രം പുതിയ കാഴ്ചകളിലേക്കുള്ള പ്രവേശമാണ്. കാഴ്ചകളുടെ ഉത്സവമാണ് നവോത്ഥാനം. കണ്ണുകൾ കൂടുതൽ പ്രവർത്തിച്ചു. കണ്ണിനുള്ള വിലക്കുകൾ മറഞ്ഞുതുടങ്ങി. വഴികളും വാതിലുകളും തുറക്കപ്പെട്ടു. [ക്ഷേത്ര പ്രവേശന വിളംബരം ഒക്കെ ഓർക്കുക. ] കൊട്ടാരങ്ങൾ പ്രദർശനശാലകളായി. [മ്യൂസിയങ്ങൾ ]. സുതാര്യത എല്ലാവർക്കും അനുഭവിക്കാൻ സാധിച്ചു. ജനങ്ങളുടെ ആത്മവിശ്വാസം, ഭാഷാബലം, സംവാദശേഷി, അവകാശ ബോധം ഇവ വർദ്ധിച്ചു. കാരണം? നവോത്ഥാനത്തിനു ശേഷം കാഴ്ചകളിലുണ്ടായ വർദ്ധനവ് തന്നെ.
ഇപ്പോൾ ഇതിനെതിരെയുള്ള കാര്യങ്ങളാണ് നടപ്പിലുള്ളത്. മുതലാളിത്തം അതിവികസിതഘട്ടത്തിലെത്തിയിരിക്കുന്നു. അത് കാഴ്ചയെ ഉപഭോഗ വസ്തുവാക്കുന്നു. ഉത്തരാധുനികകാലമെന്ന് അറിയപ്പെടുന്നു. മുമ്പ് ജനങ്ങൾ കാണുകയായിരുന്നു. ഇപ്പോൾ കാണിക്കുകയാണ്. എന്തു കാണണമെന്ന് നിശ്ചയിക്കുന്നത് മുതലാളിത്തമാണ്. വ്യക്തികളെ കുഴയ്ക്കുന്ന കാഴ്ചകൾ നിർമ്മിക്കപ്പെടുന്നു. ജീവിതം ടെലിവിഷനിലെ ദൃശ്യങ്ങളുടെ നീട്ടലാകുന്നു. ടെലിവിഷന്റെ കാഴ്ചയുൽപ്പാദനം സാധാരണക്കാർക്ക് അപ്രാപ്യമാണ്. വൻമൂലധന നിക്ഷേപം വേണ്ടതാണത്. ഉയർന്ന സാങ്കേതികതയിൽ ഊന്നുന്നതാണ്. നിത്യവും മാറ്റത്തിന് വിധേയവുമാണ് അത്തരം കാഴ്ച. ലാഭവും രാഷ്ട്രീയലക്ഷ്യങ്ങളും നേടാൻ പുതിയ മുതലാളിമാർ നവോത്ഥാനം ഉയർത്തിയ കാഴ്ചയുടെ വർദ്ധനയെന്ന പുരോഗമനാത്മക വസ്തുതയെ കൃത്രിമമാർഗ്ഗങ്ങളിലൂടെ വഴിതിരിച്ചുവിട്ട് ലാഭമുണ്ടാക്കുന്നു.
ടെലിവത്കൃത ദൃശ്യങ്ങളോടാണ് ജനതയ്ക്ക് ഇന്ന് മമത. ഇതു വഴി പഴയ തരത്തിലുള്ളതല്ലാത്ത ഒരു മിത്തോപോയിക മനസ്സ് രൂപപ്പെട്ടു വരുന്നുണ്ട്. ഇതിനെതിരെ കലയുടെ ജനകീയശീലത്തിന്റെ ചരിത്രത്തെ നിർത്തുകയെന്നത് പ്രധാനമാണ്. ഇതിന്റെ ഭാഗമായാണ് വീണപൂവിനെ കാഴ്ചയുടെ പ്രബന്ധമായി കാണുന്നത്.
"വീണു കിടക്കുന്ന പൂവ് എന്ന കണി ഒരു കാഴ്ചയാകുന്നതെങ്ങനെയെന്നാണ് കവിത വിവരിക്കുന്നത്. വസ്തുവിനോട് കവിക്കുള്ള ആത്മബന്ധമാണ് കവിതയിൽ വികാരമായി പ്രവർത്തിക്കുന്നത്." - ഇ.പി. ചൂണ്ടിക്കാട്ടുന്നു. രാജ്ഞിയായിരുന്നു പൂവ് - നവോത്ഥാനപൂർവ കാലഘട്ടത്തിൽ കവി (കാഴ്ച്ചക്കാരൻ) പ്രതിനിധാനം ചെയ്യുന്ന സമൂഹത്തിന് രാജ്‌ഞിയുടെയും സമാനതയുള്ളവയുടേയും കാഴ്ചകൾ വിലക്കപ്പെട്ടിരുന്നു. നിഗൂഢമായ അധികാരങ്ങളെ മനസ്സിലാക്കാനാവില്ല. അധികതുംഗപദം സാധാരണക്കാർക്ക് അപ്രാപ്യം തന്നെ. എന്നാൽ അതങ്ങനെയല്ലാതാകണം എന്ന് കൂടുതൽ പേരും ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. ഈ സാമൂഹ്യാവസ്ഥ കവിതയിലെ കാഴ്ചാപ്രമേയത്തെ നവീകരിക്കുന്നു. നവോത്ഥാനകാലത്ത് രാജാവും രാജ്ഞിയും അവശിഷ്ട കീർത്തിമാത്രമുള്ളവരാണ്.[പ്രശസ്തി മാത്രം ബാക്കിയായവർ ]
ഈ കാണിക്ക് (കവിക്ക് ) വാഴ്ചയിലെന്ന പോലെ വീഴ്ചയിലും കണ്ണുണ്ട്. രണ്ടും ചരിത്രപരമാണെന്ന അറിവുമുണ്ട്.
പൂവിൽ കവി പ്രണയ കഥ ആരോപിക്കുന്നുണ്ട്. അപ്പോൾ കാണിയുടെ പ്രത്യയ ശാസ്ത്രമാണ് തെളിയുന്നത്. അതായത്, ആ ജീവിതത്തിൽ ഒരു പങ്കാളിത്തവും ഇല്ലാതെ പുറത്തു നില്ക്കുന്ന ഒരാളിന്റെ പ്രതീതാത്മകമായ ഉടമസ്ഥതയാണ് തെളിയുന്നത്.
കാണിയാണ് കാഴ്ചയെ സൃഷ്ടിക്കുന്നതെന്ന് വീണപൂവിൽ നിന്നുമറിയാം. ഒരുതരം ദൃക്സാക്ഷി വിവരണം തന്നെ,വർത്തമാനകാലത്തിൽ. പൂവിനേക്കാൾ കാണിയാണ് വിചാരവികാരങ്ങളായി വെളിപ്പെടുന്നത്. പൂവ് കാണിയുടെ പൂവായിത്തീരുന്നു. നശ്വരതാബോധം - [നാശമുണ്ടെന്ന ചിന്ത ] ആണ് വീണപൂവിലെ പ്രമേയം. എന്തും അതിന്റെ ഉടലിൽത്തീരുന്നു. ഇതാണ് നൈമിഷികത -[ ഇത്രയേ ഉള്ളൂ എന്ന അവസ്ഥ]. ഈ വേവലാതി ഉടമസ്ഥന്റേതാണ്. സ്വാർത്ഥതയുടെ ടെൻഷൻ അതിലുണ്ട്. കെട്ടിപ്പൊതിയൽ കാലത്തെ ചിന്തയുമാണ്.[അനാവരണം ചെയ്താൽ കഴിഞ്ഞു എന്നത്]
പൂവ് വിസ്മൃതമായാലും കാഴ്ചയുടെ ചരിത്രം അവസാനിക്കുന്നില്ല. കാണികളുടെ ഓർമ്മകളിലൂടെ ജീവിക്കുകയാണ് കാഴ്ചവസ്തു. ഇതാണ് ചരിത്രത്തിന്റെ പ്രവർത്തനമെന്ന് ഇ.പി. പറയുന്നു. അനശ്വരതയ്ക്ക് പലമാർഗ്ഗങ്ങളും നാം കണ്ടെത്തിയിട്ടുണ്ട്. പകർപ്പെടുക്കലും[കോപ്പി ] ഒരു വഴിയാണ്. കാഴ്ച വസ്തുവിനെ ക്ഷണികതയിൽ നിന്നും രക്ഷിക്കുന്നു. കലയുടെ പ്രധാന ധർമ്മം ഈ സംരക്ഷണമത്രെ.
വൈദികനും ഭീരുവും കാണുന്നത് ഒരേ പൂവിനെയാണ്. മിഴിയുള്ളവരൊക്കെ പ്രവർത്തിച്ചു തുടങ്ങുന്ന കാലമാണിത്. ജീവശാസ്ത്രപരമായി മിഴികൾ ഒരുപോലെ. എന്നാൽ പ്രത്യയശാസ്ത്രപരമായി വേറെവേറെ കാണലുകളാണുള്ളത്. വ്യത്യസ്ത കാഴ്ചകൾ ഉണ്ടാക്കുന്ന ഉപാധി മാത്രമാകുന്നു പൂവ്. ആധികാരികജ്ഞാനം ജനാധിപത്യകാലത്ത് അസാദ്ധ്യമാണ്.
സൗന്ദര്യം ചില പ്രസിദ്ധഗുണങ്ങളുടെ ചേർച്ചയല്ല. ചരിത്രസാഹചര്യത്താൽ കാണിയുണ്ടാക്കുന്ന വിശേഷമാണത്. കാണലോടുകൂടി സൗന്ദര്യത്തിന്റെ അദ്ധ്യായങ്ങൾ ആരംഭിക്കുന്നു. സൗന്ദര്യത്തിന്റെ കേന്ദ്രം വസ്തുവാണെന്ന കാഴ്ച്ചപ്പാട് ജന്മിത്വത്തിന്റേതാണ്. പുതിയ കാണി തന്റെ പ്രതീതികൾക്കും[ തോന്നൽ ] ബോദ്ധ്യങ്ങൾക്കും അനുസൃതമായാണ് സൗന്ദര്യപാഠം സൃഷ്ടിക്കുന്നത്. ഇതൊരു സമരമാണ്. സ്വന്തം ജീവിതത്തിന്റെ അധികാരം ഫ്യൂഡൽ - നാടുവാഴികേന്ദ്രങ്ങളിൽ നിന്ന് തിരിച്ചു പിടിക്കാനുള്ള സമരത്തിന്റെ ഭാഗമാണ് ഈ അറിവ്. ഇപ്രകാരം സൗന്ദര്യത്തിന്റെ നവ നിർവചനമാകുന്നു, വീണപൂവ്. ഇത് കുമാരനാശാന്റെ ഒറ്റയ്ക്കുള്ള നിലപാടല്ല. കെട്ടിപ്പൊതിഞ്ഞ ഇടങ്ങളുടെ [ ക്ഷേത്രം, തറവാട് ] സംരക്ഷണയിൽ നിന്ന് മോചിപ്പിക്കാനാണ് കേരളകലാമണ്ഡലത്തിനായി വള്ളത്തോൾ അദ്ധ്വാനിച്ചത്. ഇ.പി. വ്യക്തമാക്കുന്നു: "കേരള കലാമണ്ഡലം എന്നാൽ ആ സ്ഥാപനമല്ല. വലിയ അർത്ഥത്തിൽ മതേതരവും ജനാധിപത്യാധിഷ്ഠിതവും ചലനശേഷിയുള്ളതുമായ പുതിയ ആസ്വാദനബന്ധങ്ങളുടെ മണ്ഡലമാണത്. അവിടെ ഒന്നിനും ഒറ്റയർത്ഥമല്ല."
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ