സംസ്കാരപഠനം - 4- സംസ്കാരവിശകലനം

റെയ്മണ്ട് വില്യംസിന്റെ സംസ്കാര വിശകലനം - Analysis of Culture എന്ന പ്രബന്ധത്തിലെ മുഖ്യ ആശയങ്ങൾ 

സംസ്കാര നിർവചനങ്ങളെ മൂന്ന് വിഭാഗങ്ങളാക്കി തിരിക്കാം എന്ന് റെയ്മണ്ട് വില്യംസ് പറയുന്നു. 

1.സംസ്കാരം ഐഡിയൽ - ആശയപരം / ആദർശപരം Culture is ideal-ആണ്. ചില സാർവലൗകിക മൂല്യങ്ങളുടെ അടിസ്ഥാനത്തിൽ പൂർണ്ണത പ്രാപിക്കാൻ മനുഷ്യൻ നടത്തുന്ന പ്രക്രിയയാണത്. മനുഷ്യ ജീവിതത്തിന്റെ എല്ലാ തലത്തിലുമുള്ള വികാസത്തിലെത്താനുള്ള ശ്രമമായാണ് സാംസ്കാരിക വിശകലനം സംസ്കാരത്തെ വീക്ഷിക്കുന്നത്. കാലവും ചരിത്രവും ബാധകമല്ലാത്ത സാർവലൗകികതയെ മൂല്യങ്ങൾ മുഖേന കണ്ടെത്തുകയും വിശദീകരിക്കയുമാണ് ആശയവാദസംസ്കാരം. സത്യസന്ധത, നീതി, ദയ മുതലായ ഗുണങ്ങളിൽ ഊന്നിയാണത നിലകൊള്ളുന്നത്.

2.സംസ്കാരം രേഖപ്പെടുത്തലാണ്. Culture is a document.

മനുഷ്യന്റെ ബൗദ്ധികവും ഭാവനാപരവുമായ നേട്ടങ്ങളായി ഇവിടെ സംസ്കാരത്തെ ഗണിക്കുന്നു. ഇത് കല, സാഹിത്യം, ശാസ്ത്രം തുടങ്ങിയ മണ്ഡലങ്ങളിൽ ബാധകമാണ്. ഇവിടെ സാംസ്കാരിക വിശകലനം കലയും ശാസ്ത്രവുമൊക്കെ സാംസ്കാരിക ജീവിതത്തെ എത്രത്തോളം രേഖപ്പെടുത്തുന്നുവെന്ന് പരിശോധിക്കുന്നു. ഇപ്രകാരമൊരു നിർവചനത്തെ അടിസ്ഥാനമാക്കിയുള്ള സംസ്കാരവിശകലനം വിമർശനമെന്ന പ്രവർത്തനം തന്നെ. ചിന്തയുടെ സ്വഭാവം, അനുഭവം, ഭാഷാ സംബന്ധമായ വിശദാംശങ്ങൾ, ഈ അംശങ്ങൾ സജീവമാകുന്ന രൂപം, പൈതൃകം മുതലായവ ഇവിടെ വിശദമാക്കപ്പെടുകയും മൂല്യമാർജ്ജിക്കുകയും ചെയ്യും. മനുഷ്യസംസ്കാരത്തിന്റെ പരിണാമത്തിലാണ് അത് ഊന്നുന്നത്. അപ്രകാരമുള്ള വിശകലനം ചരിത്രപരമായിരിക്കും.

3. സംസ്കാരമെന്നത് സാമൂഹികമാണ്. Culture is social. ഇവിടെ സംസ്കാരത്തെ ഒരു സവിശേഷ ജീവിതമാതൃകയായി കാണുന്നു. ഇതനുസരിച്ച് കല, സാഹിത്യം മുതലായവ മാത്രമല്ല, ദൈനംദിന ജീവിതം സമഗ്രമായി തന്നെ സംസ്കാരമാണ്. ഈ നിർവചനപ്രകാരം സംസ്കാരവിശകലനം ഒരു പ്രത്യേക ജീവിതരീതിയുടെ അർത്ഥം വിശദീകരിയ്ക്കലായിരിക്കും.

ഈ മൂന്നുവിധം സംസ്കാര നിർവചനങ്ങളിൽ കുറേക്കൂടി മെച്ചപ്പെട്ടത് മൂന്നാമത്തെ നിർവചനമാണ്. ഇതിൽ മനുഷ്യജീവിതവുമായി ബന്ധമുള്ള എല്ലാം പരിഗണിക്കപ്പെടുന്നു. സമൂഹം=സംസ്കാരം എന്നും വായിക്കാം. 

കാലത്തെയും ചരിത്രത്തെയുമൊക്കെ അവഗണിച്ചു കൊണ്ടുള്ള ശാശ്വതമൂല്യങ്ങൾക്കായുള്ള നിലപാടെന്ന് ആശയവാദ സംസ്കാര(ഐഡിയൽ ) നിർവചനങ്ങൾ വിമർശിക്കപ്പെട്ടു.

സംസ്കാരത്തെ നിർവചിക്കുകയെന്നത് എളുപ്പമുള്ള പ്രക്രിയയല്ല, വളരെ സങ്കീർണ്ണമാണത്. സംസ്കാരമെന്ന വിഷയത്തിന്റെ ഒരു കുഴപ്പമല്ല അത്. സംസ്കാരമെന്ന വിഷയം നൂതന വിജ്ഞാന മണ്ഡലങ്ങളുമായി ബന്ധപ്പെട്ട് ആർജ്ജിച്ച ആശയപരമായ വൈപുല്യത്തിന്റെ പ്രതിഫലനമാകയാലാണ് അത് സങ്കീർണ്ണമായത്.

മേല്പറഞ്ഞ മൂന്നു വിഭാഗം നിർവചനങ്ങളെയും ഉൾക്കൊള്ളാൻ പര്യാപ്തമായ ഒരു നിർവചനമാണ് വേണ്ടത്.

ഒന്നാമത്തെ വിഭാഗം നിർവചനം മൃഗത്തിൽ നിന്നും മനുഷ്യനിലേക്കുള്ള സംസ്കാര പരിണാമത്തെ കുറിക്കുന്നതു മാത്രമാകയാൽ അപൂർണ്ണമാണ്.

രണ്ടാമത്തെ വിഭാഗം രേഖപ്പെടുത്തിയതോ അച്ചടിച്ചതോ ആയവയെ മാത്രം പരിഗണിച്ച് ഒതുങ്ങിപ്പോകുന്നു.

മൂന്നാമത്തെ വിഭാഗം സംസ്കാര നിർവചനമാകട്ടെ, ഒരു സാമാന്യപ്രക്രിയയെന്ന നിലയിൽ സംസ്കാരത്തെ കാണുന്നില്ല. കണ്ണാടി പോലെ നിഷ്ക്രിയ പ്രതിഫലനം മാത്രം നടത്തുന്ന ഒന്നായാണ് സംസ്കാരത്തെ കാണുന്നത്. അതായത് ഈ വീക്ഷണത്തിൽ ജീവനില്ലെന്നർത്ഥം. ഇവ മൂന്നും ചേർന്ന ഒരു വിശകലനരീതിയാണ് ആവശ്യം.

2

ഏതൊരു കലാരൂപത്തിന്റെയും ഉള്ളടക്കവും രൂപവും കാലത്തെ ആശ്രയിച്ചിരിക്കുന്നു. കവിത രൂപപ്പെട്ട കാലഘട്ടത്തിന്റെ അനുഭവങ്ങളും ആ കാലത്തെ സാമൂഹികരൂപങ്ങളും അതിന്റെ രൂപത്തിൽ ഇടപെടുന്നുണ്ട്. ഒരു പ്രത്യേക കാലഘട്ടത്തിലൂടെ കടന്നുപോകുന്ന കലാരൂപത്തെ നിസ്സംശയമായും ആ കാലം സ്വാധീനിക്കും. 

ഒരു കാലഘട്ടം ജന്മം നല്കിയതാണെങ്കിലും ഒരു കലാരൂപം ആ കാലത്തും ആ സമൂഹത്തിലും മാത്രമേ അർത്ഥോത്പാദനം നടത്തൂ എന്നു ധരിക്കരുത്. ഒരു പ്രത്യേക ചരിത്ര സന്ദർഭത്തിൽ നിന്ന് ആ കലാരൂപം പുറത്തേയ്ക്ക് വളരും. കാലത്തിനും സമൂഹത്തിനുമുണ്ടാകുന്ന മാറ്റങ്ങൾ അതിന്റെ അർത്ഥത്തിലും മാറ്റമുണ്ടാക്കും.

ഈ വ്യതിയാനത്തോടെ വേറിട്ടൊരു സമൂഹത്തിൽ ഒരു സംസ്കാരരൂപമായി അതു നിലനില്ക്കും.

സംസ്കാരത്തിലെ ഒരു പാഠത്തേയും ഒരു പ്രാദേശിക സംസ്കൃതിയിലേയ്ക്ക് ചുരുക്കാനോ സാർവലൗകികമായ ഒരു അമൂർത്തതയിലേയ്ക്ക് കൊണ്ടുപോകാനോ കഴിയില്ല. 

മിക്കവയും പൊതുവായ, സാർവലൗകികമായ ചില മാനങ്ങൾ അടങ്ങിയതായിരിക്കും. സംസ്കാരവിശകലനം അതിനകത്തു പ്രവർത്തിക്കുന്ന ഘടനാതത്വങ്ങളെ പുറത്തുകൊണ്ടുവരുന്നു. മറ്റുള്ളവയിൽ നിന്നും അവയെ തീർത്തും ഇഴപിരിച്ചെടുക്കാനായെന്നു വരില്ല. 

സംസ്കാരവിശകലനം സാർവലൗകികതയുള്ള ഈ തത്വങ്ങൾ എങ്ങനെ പൂർണ്ണമായും പ്രാദേശീയമായ പശ്ചാത്തലത്തിൽ പ്രവർത്തിക്കുന്നുവെന്ന് വിശദീകരിക്കുന്നു. 

ഒരു കലാസൃഷ്ടി ഉരുവംകൊണ്ട സാഹചര്യവും കാലഘട്ടവും അറിയാതെ ആ കലാരൂപത്തെ വിശകലനം ചെയ്താൽ അത് ശരിയാകില്ല. 

ഒരു നിയതകാലഘട്ടത്തിന്റെ ഉപോത്പന്നം മാത്രമായി കലയെ കാണുന്നത് ശരിയല്ല. 

പാഠത്തെ സംസ്കാരത്തിന്റെ ഉപോത്പന്നമായി കാണുന്നതും സംസ്കാരത്തെ പാഠത്തിൽ നിന്നകറ്റി നിർത്തി കാണുന്നതും ശരിയല്ല.

ഒരു കലാരൂപത്തിന് സംസ്കാരവുമായുള്ള ബന്ധം എന്താണെന്ന് അന്വേഷിക്കുകയാണ് സംസ്കാരവിശകലനം ചെയ്യേണ്ടത്.

സംസ്കാരം വേറെ, കലാരൂപം വേറെ -ഈ സമീപനം തെറ്റാണ്.

എല്ലാം ചേർന്ന ഒരു സമഗ്രതയാണ് സംസ്കാരം.

ഒരു കല സമൂഹത്തിൽ എങ്ങനെയാണ് സജീവമായി നിലനിന്നിരുന്നതെന്ന് എന്ന് പഠിച്ചാലേ അത് തൃപ്തികരമായ പഠനമാകൂ.

കലയെ മാത്രം വേറിട്ടു പഠിക്കാനാകില്ല. കാരണം, ആ കാലഘട്ടത്തിൽ നിലനിന്നിരുന്ന ജൈവരൂപങ്ങളുമായി ബന്ധം സ്ഥാപിച്ചു മാത്രമേ കലയെപ്പറ്റി പഠിക്കാനാകൂ. 

ഒരു സംസ്കാരരൂപത്തെ മറ്റുള്ളവയിൽ നിന്ന് പൂർണ്ണമായി വേർതിരിച്ചെടുക്കാനാകില്ല. അക്കാലത്തുള്ള മറ്റു കലാരൂപങ്ങൾ അതിലും മറ്റു കലാരൂപങ്ങളിൽ ആ കലാരൂപവും പരസ്പരം പ്രതിഫലിക്കും. സംസ്കാരവിശകലനം നടത്താൻ ഇവയെ പരസ്പരം മനസ്സിലാക്കേണ്ടതുണ്ട്.

വിശകലന പഠനത്തിന് സ്വീകരിക്കുന്ന കലാരൂപം ഇല്ലായിരുന്നുവെങ്കിൽ അന്നത്തെ സമൂഹജീവിതം അപൂർണ്ണമാവുമായിരുന്നുവെന്ന സങ്കല്‌പം വളരെ പ്രധാനമാണ്.

ഉത്പാദനം പോലെ, വ്യാപാരം പോലെ, രാഷ്ട്രീയം പോലെ, മനുഷ്യജീവിതത്തിൽ ഒഴിച്ചുകൂടാൻ വയ്യാത്ത ഒന്നാണ് കലാപ്രവർത്തനം.

കലയെക്കുറിച്ച് പഠിക്കണമെങ്കിൽ അത് സമൂഹത്തിൽ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് പഠിക്കണം.

കലയും സമൂഹവും തമ്മിലുള്ള ബന്ധം മനസ്സിലാക്കാൻ മനുഷ്യർ പരസ്പരം പുലർത്തുന്ന ബന്ധവും അതുപോലെ മറ്റുള്ളവയും മനുഷ്യനും തമ്മിലുള്ള ബന്ധവും സമഗ്രമായി എടുത്തു പഠിക്കുകയാണ് സംസ്കാര പഠനത്തിൽ ചെയേണ്ടത്.

മനുഷ്യന്റെ പ്രവർത്തനങ്ങൾ ഏതെങ്കിലും ലക്ഷ്യത്തെ കേന്ദ്രീകരിക്കുന്നവയായിരിക്കും. പലപ്പോഴും അവ പരസ്പരവിരുദ്ധം പോലുമാകാം. പക്ഷേ, അവയിൽ സാമാന്യമായി ആവർത്തിക്കുന്ന, പൊരുത്തപ്പെടാൻ പ്രേരിപ്പിക്കുന്ന ചില പ്രതിപ്രവർത്തനങ്ങൾ കാണാം. ഇത് കണ്ടെത്താൻ സംസ്കാരപഠനം ശ്രമിക്കുന്നു. 

3

സംസ്കാരം ഏതു സാമൂഹികഘടനയ്ക്കകത്താണോ ആവിഷ്കരിക്കപ്പെട്ടിരിക്കുന്നത് ആ ഘടനയെക്കുറിച്ചുള്ള സവിശേഷമായ തെളിവുകൾ സംസ്കാര വിശകലനം നല്കും.

കലയെ സമൂഹവുമായി ബന്ധപ്പെടുത്തി പഠിക്കുമ്പോൾ മാത്രമാണ് കലയെക്കുറിച്ച് എന്തെങ്കിലും നമ്മൾ മനസ്സിലാക്കുന്നത്.

സംസ്കാരത്തിന്റെ ചരിത്രമെഴുതുമ്പോൾ സവിശേഷമായ ഒരു പാഠത്തിൽ നിന്നുമാണ് നാം ആരംഭിക്കുക.

മനുഷ്യന്റെ പ്രവൃത്തികളെ അവയുടെ തുല്യതയിൽ .പരിഗണിക്കാൻ സാംസ്കാരികചരിത്രത്തിന്  കഴിയണം.

മനുഷ്യർ ചെയ്യുന്ന പ്രവൃത്തികൾക്കിടയിൽ രൂപപ്പെടുന്ന ബന്ധത്തെയാണ് സംസ്കാരചരിത്രം പരിഗണിക്കുന്നത്.

സമഗ്രഘടന സൃഷ്ടിക്കുന്ന സവിശേഷരൂപങ്ങളാണ് സംസ്കാരചരിത്രത്തിന്റെ വിശകലനവസ്തു. 

സമഗ്രമായ ജീവിതത്തിലെ ഘടകങ്ങൾക്കിടയിലുള്ള ബന്ധത്തെക്കുറിച്ചുള്ള പഠനമാണ് സംസ്കാര പഠനം എന്ന് നിർവചിക്കാം. 

ഈ ബന്ധങ്ങളുടെ സങ്കീർണ്ണതയാണ് സംസ്കാരത്തിൽ ഘടന. 

ഒരു സമഗ്രഘടനയുടെ ഭാഗമായി നിലകൊള്ളുന്ന കൃതിയുടെയോ സ്ഥാപനത്തിന്റേയോ വിശകലനം യഥാർത്ഥത്തിൽ പ്രസ്തുത കൃതി അഥവാ സ്ഥാപനം എപ്രകാരമാണ് ആ സമഗ്രഘടനയ്ക്ക് രൂപം നല്കുന്നത് എന്ന കാര്യമാണ് വിശദീകരിയ്ക്കാൻ ശ്രമിക്കുന്നത്. ഇവിടെയാണ് ക്രമം - പാറ്റേൺ - എന്ന പദം പ്രസക്തമാകുന്നത്. അതൊരു താക്കോൽ പദം(കീ വേർഡ്) ആണ്. 

അർത്ഥപൂർണ്ണമായ ഏതൊരു സാംസ്കാരികവിശകലനവും സവിശേഷമായ ഒരു സാംസ്കാരിക ക്രമത്തെ

-കൾച്ചറൽ പാറ്റേൺ - കണ്ടെത്തിക്കൊണ്ടാണ് ആരംഭിക്കുന്നത്. ഇങ്ങനെ ക്രമങ്ങൾക്കിടയിലുള്ള ബന്ധം പലപ്പോഴും അപ്രതീക്ഷിതമായ സാരൂപ്യങ്ങളും പാരസ്പര്യവും വെളിപ്പെടുത്തും. അതുവരെ വേർതിരിഞ്ഞു നില്ക്കുന്ന ഘടകമായിട്ടാകാം അനുഭവപ്പെട്ടിട്ടുണ്ടാവുക. ചിലപ്പോൾ അവിചാരിതമായ വേർപിരിയലിലേക്കും വെളിച്ചം വീശാം.

ഏതു സമുദായത്തിലെ അനുഭൂതിഘടനയാണോ (സ്ട്രക്‌ച്ചർ ഓഫ് ഫീലിങ്ങ്) കലാസൃഷ്ടിയുൾക്കൊള്ളുന്നത്, ആ സമൂഹത്തെ അതിവർത്തിച്ച് നിലനില്ക്കാനുള്ള ശേഷി കലാസൃഷ്ടിയിലെ സമൂഹത്തിനുണ്ട്. അതിനാലാണ് ആ സമൂഹത്തെ ആഴമേറിയ സമുദായം എന്നു വിളിക്കുന്നത്. പക്ഷേ ആ കാലഘട്ടത്തെ മുഴുവനായി തിരിച്ചുപിടിക്കാനാകില്ല. അമൂർത്തമായോ സൈദ്ധാന്തികമായോ മാത്രമേ തിരിച്ചു പിടിക്കാനാകൂ… 

ഒരു കാലത്ത് ഒരു സമൂഹത്തിൽ വെണ്ണപോലെ ലയിച്ചു ചേർന്നിരുന്ന ഒരു കലാരൂപമോ സാംസ്കാരികരൂപമോ ഇന്ന് അതിന്റെ കാലഘട്ടത്തിൽ നിന്നും സന്ദർഭത്തിൽ നിന്നും വേറിട്ട് കടഞ്ഞെടുത്ത രൂപത്തിലാണ് നമുക്ക് ലഭിക്കുന്നത്. സംസ്കാരവിശകലനം നേരിടുന്ന വലിയ പ്രശ്നമാണിത്.

ഒരു പ്രത്യേക കാലത്തിന്റെ ബാഹ്യരേഖകളെ മാത്രമേ നമുക്ക് സംസ്കാരവിശകലനത്തിലൂടെ തിരിച്ചുപിടിക്കാനാവൂ. അതായത്, സാമൂഹ്യസ്വഭാവത്തേയോ സംസ്കാരത്തിന്റെ ക്രമത്തേയോ മാത്രമേ തിരിച്ചുപിടിക്കാനാകൂ.

എന്താണ് സാമൂഹ്യസ്വഭാവം?

പെരുമാറ്റം, സമീപനം എന്നിവയെക്കുറിച്ച് ഒരു സമൂഹം പുലർത്തുന്ന മൂല്യബോധമാണ് സാമൂഹ്യസ്വഭാവം. അത് സമൂഹത്തിലെ അംഗങ്ങളെ ഔപചാരികമായോ അനൗപചാരികമായോ പഠിപ്പിയ്ക്കുന്നു. അത് ഒരേ സമയം ഒരു ആദർശവും ഒരു രീതിയുമാണ്.

എന്താണ് സംസ്കാരക്രമം? (കൾച്ചറൽ പാറ്റേൺ)

ഒരു സമൂഹത്തിന്റെ താല്പര്യങ്ങളുടെയും പ്രവൃത്തികളുടെയും തെരഞ്ഞെടുപ്പും രൂപം നല്കലുമാണ് സംസ്കാരക്രമം. അവയുടെ മൂല്യനിർണ്ണയനവും അതിന്റെ ഭാഗമത്രെ. ഇതെല്ലാം ചേർന്ന് ഉത്പാദിപ്പിക്കപ്പെടുന്ന വ്യത്യസ്ത സാമൂഹ്യഘടനയത്രെ ജീവിതരീതിയെന്നത്. എന്നാൽ അമൂർത്ത പരികല്പനകളായേ സംസ്കാരക്രമം, സാമൂഹ്യസ്വഭാവം, ജീവിതരീതി എന്നിവയെ വീണ്ടെടുക്കാനാകൂ. 

4

യഥാർത്ഥ അനുഭവം - റിയൽ എക്സ്പീരിയൻസ് - മേല്പറഞ്ഞ ഘടകങ്ങൾക്കെല്ലാമപ്പുറത്തുള്ള സുപ്രധാനമായ ഒരു സാമാന്യഘടകമാണ്. ഈ അനുഭവത്തിലൂടെയാണ് സാമൂഹ്യസ്വഭാവവും സംസ്കാരക്രമവുമെല്ലാം ജീവിച്ചതെന്ന് വില്യംസ് പറയുന്നു. കലാരൂപങ്ങളിലൂടെയാണ് ഈ അനുഭവങ്ങളിലേക്ക് നാം എത്തിച്ചേരുന്നത്. ഒരു കാലഘട്ടത്തിന്റെ വൈകാരിക പ്രപഞ്ചം ആ കാലഘട്ടത്തിലെ കലയിൽ അടങ്ങിയിരിക്കും. ഒരു കലയുടെ സാംസ്കാരിക സവിശേഷതകൾ ആ കല നിലനിന്ന കാലത്തു ജീവിച്ച അതിന്റെ വക്താക്കളിലൊതുങ്ങി നില്ക്കാതെ പില്ക്കാലത്തും അതേ അർത്ഥത്തിൽ ആ കലാരൂപത്തിൽ അതേ അർത്ഥത്തിൽ തന്നെ നിലനില്ക്കുന്നു. ഇതുകൊണ്ടാണ് ഒരു കാലത്തിന്റെ സാംസ്കാരിക സവിശേഷതകൾ മനസ്സിലാക്കാൻ ആ കലാരൂപത്തെ വിശകലനം ചെയ്താൽ മതിയെന്നു പറയുന്നത്. ഒരു സമൂഹത്തിന്റെ സാമൂഹ്യസ്വഭാവവും സംസ്കാര ക്രമവും അനന്യമാണ്- മറ്റൊരേടത്തും കാണാൻ കഴിയാത്തതാണ്. നമ്മുടെ തന്നെ സംസ്കാരത്തെ നാം വിട്ടുനിന്ന് മനസ്സിലാക്കാൻ ശ്രമിക്കുമ്പോൾ മാത്രമേ നമ്മുടെ സമൂഹത്തിന്റെ സാമൂഹ്യസ്വഭാവവും സംസ്കാരക്രമവുമെല്ലാം അനന്യമാണെന്ന് കാണാൻ കഴിയുകയുള്ളൂ. നിസ്സാരമെന്നു തോന്നാമെങ്കിലും സംസ്കാരവിശകലനത്തിലെ മുഖ്യപ്രമേയമാണിത്.

അനുഭൂതിയുടെ ഘടന:

ഈ നാമം സംസ്കാരപഠനത്തിൽ റെയ്മണ്ട് വില്യംസിന്റെ സംഭാവനയാണ്. ഒരു കാലഘട്ടത്തിലെ സംസ്കാരത്തെ സൂചിപ്പിക്കുന്ന പദമാണത്. ഉറച്ചതും നിശ്ചിതവുമായ വാക്കാണ് ഘടനയെന്നത്. നമ്മുടെ പ്രവർത്തന മണ്ഡലങ്ങളിലെ ചഞ്ചലമായ, കണ്ണുകളാൽ കാണാൻ കഴിയാത്ത മേഖലകളിലാണ് ഈ ഘടനയുടെ പ്രവർത്തനം. ഒരു കലാസൃഷ്ടിയിലെ സവിശേഷമായ സമീപനങ്ങളായും ഭാവസ്വരൂപങ്ങളായും ഇതു കടന്നുവരുന്നു. 

[സുനിൽ പി. ഇളയിടം 'അനുഭൂതികളുടെ ചരിത്രജീവിതം' എന്ന കൃതിയിൽ അനുഭൂതി ഘടനയെ വിശകലനം ചെയ്യുന്നു. റെയ്മണ്ട് വില്യംസ് അനുഭൂതി ഘടനയെന്ന പരികല്പനയെ വിശദീകരിക്കുന്നത് 1977 ൽ പ്രസിദ്ധീകരിച്ച 'മാർക്സിസവും സാഹിത്യവും,' എന്ന കൃതിയിലാണെന്ന് ഇളയിടം വ്യക്തമാക്കുന്നു. സംസ്കാരസ്വരൂപത്തെ ഭൂതകാലാനുഭവമായി ചുരുക്കിയെഴുതുന്ന പ്രവണതയെ മറികടക്കാനും സൗന്ദര്യാവിഷ്കാരങ്ങൾ അടക്കമുള്ളവയെ ചരിത്രബന്ധങ്ങൾ എന്ന നിലയിൽ നോക്കിക്കാണാനും സഹായിക്കുന്ന ഒന്നായാണ് അനുഭൂതി ഘടന എന്ന പരികല്പന റെയ്മണ്ട് വില്യംസ് അവതരിപ്പിക്കുന്നത്. ഘടന എന്ന സങ്കല്പനത്തിന്റെ ഘനീകൃത സ്വഭാവത്തെ നിരസിക്കാനും അതേ സമയം ഒരു സവിശേഷ ചരിത്ര സന്ദർഭം ജന്മം നല്കുന്ന ലോകാവബോധപരമായ ക്രമീകരണങ്ങളെ മുൻനിർത്തി കലാവിഷ്കാരങ്ങളുടെ വർത്തമാന ജീവിതത്തെ വിശദീകരിക്കാനും ഉതകുന്ന ഒന്നെന്ന നിലയിലാണ് റെയ്മണ്ട് വില്യംസ് ഈ പരികല്പന ഉപയോഗപ്പെടുത്തുന്നത്. " ) (ഇളയിടം, പു.19). 

കലയിലെ സമുദായം വളരെ ആഴമുള്ള ഒന്നാണ്. 

ഏതൊരു സമൂഹത്തിലെ അനുഭൂതി ഘടനയാണോ ഒരു കലാസൃഷ്ടിയെ ഉൾക്കൊള്ളുന്നത്, ആ കലയിലെ സമുദായം ആ സമൂഹത്തെ അതിവർത്തിച്ചു നിലനില്ക്കുന്നു. അതിനാൽ കലയിലെ സമുദായത്തെ ആഴമേറിയത് എന്നു വിളിക്കുന്നു. (ഈ അതിജീവനശേഷിയാണ് കലയുടെ മൗലിക സത്ത). ഒരു കാലഘട്ടത്തിൽ നിലനിന്ന സമൂഹം കലയിൽ പ്രത്യക്ഷമാകുമ്പോൾ അത് കൂടുതൽ ആഴമുള്ളതായി മാറുന്നു. അതിനാൽ ഒരു കാലഘട്ടത്തിലെ സമൂഹത്തെ ഒരു കലാരൂപം പകർത്തി വെച്ചതാണെന്നു കരുതാനാവില്ല. ഇങ്ങനെ ആവിഷ്കൃതമായ സമൂഹത്തെ ആശ്രയിച്ചു കൊണ്ട് ഒരു കലാരൂപത്തിന്റെ ആഴവും പരപ്പും നിലനില്ക്കുന്നു. 

ഒരു തലമുറ അടുത്ത തലമുറയെ സാമൂഹ്യ സ്വഭാവവും സംസ്കാര ക്രമവും പഠിപ്പിക്കാൻ ശ്രമിക്കുന്നു. എന്നാൽ പുതിയ തലമുറയ്ക്ക് അവരുടേതായ അനുഭൂതി ഘടനയാണുള്ളത്. ആ സമൂഹത്തിന്റെ ഘടനയിൽ വന്ന മാറ്റത്തിന്റെ ഫലമാണത്. മാറ്റത്തിന് വിധേയമായ സാമൂഹികഘടന അതിന്റെ ജൈവ ശരീരത്തിൽ നടത്തുന്ന പ്രകടനമാണ് ഈ പുതിയ അനുഭൂതി ഘടന. ഒരു തരത്തിൽ നിലവിലുള്ള സാമൂഹികഘടനയോടുള്ള വ്യത്യസ്തമായ പ്രതികരണമാണത്.

ഒരു അനുഭൂതിഘടനയുടെ വക്താക്കൾ ഇല്ലാതായാൽ അവരുടെ കഥയും കവിതയും നിർമ്മാണവും മറ്റും അവശേഷിക്കുന്നു. ഇവയും സംസ്കാരത്തിന്റെ രേഖപ്പെടുത്തലുകളാണ്. അവ അതിനുള്ളിൽ ഒതുങ്ങി നില്ക്കുന്നില്ല. 

ഏത് അനുഭൂതിഘടനയേയും സമഗ്ര സാമൂഹികഘടനയുമായി ബന്ധിപ്പിക്കണം. എങ്ങനെയത് സമൂഹത്തിൽ ജീവത്തായി നിലനില്ക്കുന്നുവെന്ന് പരിശോധിയ്ക്കണം. അതിനാൽ നാം അന്വേഷിക്കുന്നത് ഒരു സമൂഹഘടന എങ്ങനെയാണ് ഒരു അനുഭൂതിഘടനയെ ജൈവികമായി നിലനിർത്തുന്നത് എന്നാണ്. ഇവിടെ കല പ്രസക്തമാവുന്നു. ജീവിതത്തെ ഋജുവായി കല ആവിഷ്കരിക്കുന്നു. ആ ജീവിതം നയിച്ചവർ നിശ്ശബ്ദരാകുമ്പോഴും. മരിച്ചവർക്കായി അതു സംസാരിക്കുന്നു. ഏതെങ്കിലും വിധത്തിൽ അതിനു സദൃശമായ ഒന്നിനെ വീണ്ടെടുക്കാനേ കഴിയൂ. പൂർണ്ണത എന്നത് സംസ്കാരത്തിനകത്തില്ല.

സംസ്കാരത്തിന് മൂന്നു തലങ്ങളുണ്ട്. ഒന്ന്, പ്രചലിതസംസ്കാരം (lived culture of a particular time and place). ഒരു പ്രത്യേകസ്ഥലത്ത് പ്രത്യേക കാലയളവിലെ ജീവൽസംസ്കാരമാണ് അത്. ഇത് അനുഭവിക്കാൻ സാധിക്കുന്നത് ആ പ്രത്യേക സ്ഥല കാലയളവുകളിൽ ജീവിക്കുന്നവർക്കാണ്. 

രേഖപ്പെടുത്തിയ സംസ്കാരമാണ് രണ്ടാമത്. രേഖപ്പെടുത്തിയ സകല തും ഇതിന്റെ പരിധിയിൽ വരുന്നു. കലയും നിത്യജീവിത വസ്തുതകളും ഒക്കെ. പ്രചലിതസംസ്‌കാരത്തെ രേഖപ്പെടുത്തിയ സംസ്കാരവുമായി ബന്ധിപ്പിക്കുന്ന തിരഞ്ഞെടുത്ത പാരമ്പര്യത്തിന്റെ സംസ്കാരമാണ് മൂന്നാമത്തേത്. താത്വികമായി, ഒരു കാലഘട്ടം രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു, പ്രയോഗത്തിൽ തിരഞ്ഞെടുത്ത പൈതൃകത്തിലേക്ക് ഈ രേഖ ആഗിരണം ചെയ്യപ്പെടുന്നു. ഇവ രണ്ടും ജീവൽ സംസ്കാരത്തിൽ നിന്ന് വളരെ വ്യത്യസ്തമാണ്. 

കൂടുതൽ സൂക്ഷ്മതയോടെ മാത്രമേ നിലവിലില്ലാത്ത ഒരു സംസ്കാരത്തെക്കുറിച്ച് പഠിക്കാവൂ. അതിനെക്കുറിച്ച് പഠിക്കുമ്പോൾ കൂടുതൽ ശ്രദ്ധിക്കണമെന്നർത്ഥം. അക്കാലത്തെ സൃഷ്ടികളുടെ സ്വഭാവവും മൂല്യവും അറിയേണ്ടതുണ്ട്. അനുഭൂതിഘടനയുടെ ഭാഗമായി അറിയാനാകണം. രേഖപ്പെടുത്തിയ സംസ്കാരത്തെ ഉപയോഗിക്കാൻ ഇതാണ് ഫലപ്രദമായ വഴി. വിദഗ്ദ്ധർക്കു പോലും രേഖപ്പെടുത്തിയ സംസ്കാരത്തിന്റെ ചെറിയ അംശമേ വീണ്ടെടുക്കാനാകൂ. 

പത്തൊമ്പതാം നൂറ്റാണ്ടിലെ നോവലുകൾ പഠിക്കാൻ അവ മുഴുവൻ കണ്ടെടുത്ത് വിശകലനം ചെയ്യുക അസാദ്ധ്യമാണ്. പ്രസ്തുത നോവലുകൾ രചിക്കപ്പെട്ട പ്രചലിതസംസ്കാരത്തെ വീണ്ടെടുക്കുക പ്രയാസമാണ്. സിദ്ധാന്തതലത്തിൽ ആ കാലം നോവലുകളിലുണ്ട്. അതിൽ നിന്ന് ഒരു പാരമ്പര്യത്തെ പഠിതാക്കൾ നിർദ്ധാരണം ചെയ്തെടുത്തിരിക്കുന്നു. ഇങ്ങനെ നോക്കുമ്പോൾ സംസ്കാരപഠനം ഒരു തിരഞ്ഞെടുപ്പുപ്രക്രിയയാണെന്ന് വരുന്നു. 

ഏതൊരു കാലത്തെ സംസ്കാരത്തിലും ഭാവുകത്വ വിഷയത്തിൽ വ്യത്യസ്തരായ മൂന്ന് തലമുറയെങ്കിലും കാണും. സംസ്കാരപരിണാമത്തിൽ മൂന്ന് വിധത്തിലുള്ള മാറ്റങ്ങൾ കണ്ടെത്താനാകും. 

പ്രചലിത സംസ്കാരം രേഖപ്പെടുത്തു ക മാത്രമല്ല ചെയ്യുന്നത്. ചിലതിനെ തിരഞ്ഞെടുത്ത് ചരിത്രത്തെയത് പുന:സൃഷ്ടിക്കാൻ ശ്രമിക്കുന്നു. സംസ്കാര നിർദ്ധാരണത്തിൽ മൂന്ന് പ്രക്രിയകൾ ഉള്ളടങ്ങിയിട്ടുണ്ട്. 

1.പൊതു സംസ്കാരത്തിലേക്ക് വിലയിക്കുക.

2.ചരിത്രത്തിന്റെ ഭാഗമായിത്തീരുക.

3.പൂർണമായും ഉപേക്ഷിക്കപ്പെടുക എന്നിവയാണവ. 

ഇതിൽ ഏതാണ് സ്വീകരിക്കപ്പെടുന്നത്, ഏതാണ് തള്ളിക്കളയപ്പെടുന്നത് എന്നത് പ്രധാനമാണ്. 

സമകാലതാൽപ്പര്യങ്ങളുമായും മൂല്യങ്ങളുമായും പാരമ്പര്യം സമൂഹസംവാദത്തിലേർപ്പെട്ടുകൊണ്ടിരിക്കുന്നു. ഇവയിൽ ചിലത് തിരഞ്ഞെടുക്കപ്പെടുകയും വ്യാഖ്യാനിക്കപ്പെടുകയും ചെയ്യുന്നു. പാരമ്പര്യം എന്നത് തുടർച്ചയായി നടക്കുന്ന ഈ തിരഞ്ഞെടുപ്പും വ്യാഖ്യാനവുമത്രെ. ഒരു പരിധിയോളം പ്രായോഗികമായും സൈദ്ധാന്തികമായും പാരമ്പര്യത്തെ നിലനിർത്താൻ ശ്രമിക്കുന്നത് വിദ്യാഭ്യാസസ്ഥാപനങ്ങളാണ്. 

സംസ്കാരമെന്നാൽ ചില ഘടകങ്ങളുടെ തിരഞ്ഞെടുപ്പും ചിലതിന്റെ നിരാകരണവുമാണ്. അതിന്റെ മാനദണ്ഡങ്ങളെ കൃത്യമായി പ്രയോഗിക്കാനാകില്ല. സംസ്കാരത്തിനകത്ത് സ്വീകരിക്കപ്പെട്ട ഘടകങ്ങളെ ആധാരമാക്കി ഒരു രേഖ - വര - സങ്കല്പിക്കാവുന്നതാണ്. വരയ്ക്കകത്തെ സംസ്കാരം കുറേക്കാലം നിലനില്ക്കും. ന്യൂറ്റാണ്ടുകൾക്കു ശേഷം ആ വര മാറ്റി വരയ്ക്കപ്പെടും. ഇതാണ് സാംസ്കാരികവിപ്ലവം. (നവോത്ഥാനം ഒരു സാംസ്കാരികവിപ്ലവമാണ്.)

സംസ്കാരം നിർദ്ധാരണം മാത്രമല്ല, വ്യാഖ്യാനം കൂടിയാണ്. ഭൂതകാലത്തിലെ ഒരു രചനയെ നാം നമ്മുടെ അനുഭവം വെച്ചാണ് വിലയിരുത്തുന്നത്. വ്യാഖ്യാനത്തിലൂടെ പുതിയൊരുമൂല്യം അതിനു ലഭ്യമാകുന്നു. 

ഒരു കൃതിയുടെ മൂല്യമെന്നത് സാർവകാലികമായിട്ടുള്ളതല്ല. ഒരു സൃഷ്ടി എന്തുകൊണ്ട് നിങ്ങളുടെ സന്ദർഭത്തിൽ പ്രധാനമായിരിക്കുന്നു എന്ന ചിന്ത ഉണ്ടാകണം. നമ്മുടെ സന്ദർഭത്തിന്റെ പ്രാധാന്യമാണ് ഇവിടെ പഠിക്കേണ്ടത്. 

ഒരു സാംസ്കാരിക രൂപം രണ്ടു വിധത്തിൽ പഠനാർഹമാണ്:

1. ആ കാലത്തെ സാമൂഹിക ഘടനയുമായി ചേർത്ത് വെച്ച് പഠനം. (Historical study)

2. ഇന്നത്തെ സാമൂഹിക ഘടനയുമായി ചേർത്ത്, അതിന്റെ സമകാലിക പ്രസക്തി പഠിക്കാം.

ദത്തത്തെ ഉൽപ്പാദിപ്പിച്ച സമൂഹത്തിന്റെ ഘടനയുമായോ അല്ലെങ്കിൽ സമകാലികസാമൂഹിക ഘടനയുമായോ ബന്ധപ്പെടുത്തി പഠിക്കുമ്പോഴാണ് അത് സംസ്കാരപഠനമാകുന്നത്. ഒരു കൃതിയുടെ സനാതനമൂല്യമല്ലാ, അത് നമ്മിലുണ്ടാക്കുന്ന അനുഭവമാണ് പ്രധാനം.

ഒരു സംസ്കാരത്തിന്റെ സൃഷ്ടിയും അവിടെത്തന്നെ അവസാനിക്കുന്നില്ല. ഒരു പാഠവും അതിനകത്തുതന്നെ പൂർണ്ണമല്ല. നാം വിശകലനം ചെയ്യുന്ന ഓരോ ഘടകത്തെയും യഥാർത്ഥ ബന്ധങ്ങൾ ആയി കാണണം. കേവലരൂപമല്ല പ്രധാനം. പ്രസ്തുത രൂപം എങ്ങനെ സാമൂഹികബന്ധങ്ങളെ സൃഷ്ടിച്ചു വെന്നതാണ്.

സംസ്കാരപഠനം സാമൂഹികബന്ധങ്ങളെക്കുറിച്ചുള്ള പഠനമാണ്. ഈ ബന്ധങ്ങളെ വിശദീകരിക്കുമ്പോൾ യഥാർത്ഥ സാംസ്കാരികപ്രക്രിയ വെളിപ്പെട്ടു വരും.

കടപ്പാട്

[ഇതെഴുതാൻ ഉപജീവിച്ചത് ഡോ.കെ.എം. അനിൽ എഡിറ്റ് ചെയ്ത 'സംസ്കാരനിർമ്മിതി' എന്ന കൃതിയിലെ സംസ്കാരവിശകലനം എന്ന അദ്ധ്യായമാണ്. കടപ്പാട് അറിയിക്കുന്നു. സമ്പൂർണ്ണമായ തർജ്ജമയല്ല യഥാർത്ഥത്തിൽ ആ ലേഖനം. സംക്ഷിപ്ത തർജ്ജമയാണ്. ഇവിടെ പഠിതാക്കളുടെ സൗകര്യാർത്ഥം മുഖ്യാശയങ്ങൾ ഖണ്ഡങ്ങളാക്കിത്തിരിച്ചുവെന്നേയുള്ളൂ.] 




അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹിമവാൻ്റെ മുകൾത്തട്ടിൽ: രാജൻ കാക്കനാടൻ, ഭാഗം1

കരുണ - കുമാരനാശാൻ

സഭാപ്രവേശം - കുഞ്ചൻ നമ്പ്യാർ