സംസ്കാരപഠനം - 2 -സവിശേഷതകൾ

      സംസ്കാരം മനുഷ്യജീവിതവുമായി ബന്ധപ്പെട്ടതാണ്. മനുഷ്യനെ ബാധിക്കുന്നതും സമൂഹത്തിൽ അടങ്ങിയിരിക്കുന്നതുമായ മതം, ജാതി, ആചാരം, വിശ്വാസം, ഭക്ഷണക്രമം, കല-സാഹിത്യം തുടങ്ങി മനുഷ്യനെ സ്വാധീനിക്കുന്ന എല്ലാ ഘടകങ്ങളും സംസ്കാരത്തിന്റെ ഭാഗമാണെന്നു പറയാം. ജീവവായു പോലെ നമ്മിലും നമ്മുടെ ചുറ്റിലും അത് പ്രസരിച്ചിരിപ്പുണ്ട്. അതിന്റെ ഗുണദോഷങ്ങളുടെ അനുഭവോക്താക്കളാണ് നാം. വ്യക്തിയെ കേന്ദ്രീകരിക്കുന്നതും സമൂഹാധിഷ്ഠിതവുമായ പ്രക്രിയയാകുന്നു സംസ്കാരം. കാലം, സ്ഥലം, കുടുംബം, സമൂഹം ഇവയെല്ലാം സംസ്കാരനിർവഹണത്തിൽ പങ്കാളികളാണ്. ഇത്തരം ഘടകങ്ങൾ ചെലുത്തുന്ന സ്വാധീനതയാൽ ഒരു വ്യക്തി സ്വായത്തമാക്കുന്ന ഭൗതികവും ആത്മീയവുമായ ശേഷികളുടെ ചേർച്ചയെ സംസ്കാരം എന്നു വിളിക്കാം. "സംസ്കാരത്തിൽ നിന്ന് വേർപെട്ട് നില്ക്കുന്ന മനുഷ്യസ്വഭാവം തന്നെയില്ലെന്ന" രൂഢമായ നിലപാടാണ് അമേരിക്കൻ നരവംശ ശാസ്ത്രജ്ഞനായ ക്ലിഫോർഡ് ഗീർട്സ് പങ്കുവെക്കുന്നത്.(Clifford Geerts-The interpretation of Cultures). സംസ്കാരം ചലനാത്മകമാണ്. സംസ്കാരം അനാദിയല്ലെന്നും ജനങ്ങളുടെ ജീവിതം കൊണ്ട് വീണ്ടും വീണ്ടും നിർവചിക്കപ്പെട്ടുകൊണ്ടിരിക്കുന്നതാണെന്നും എം.എൻ.വിജയൻ മാഷ് എഴുതുന്നു. (അധികാരം, അനുരാഗം, ആത്മരഹസ്യങ്ങൾ - എഡി. താഹ മാടായി). മനുഷ്യന്റെ പുരോഗതിയാണ് സംസ്കാരം എന്ന അർത്ഥത്തിൽ സിവിലൈസേഷൻ എന്ന പദം സംസ്കാരത്തിന് പകരം ഉപയോഗിച്ച ചിന്തകന്മാരുണ്ടെന്ന് പി.ഗോവിന്ദപ്പിള്ള ചൂണ്ടിക്കാട്ടുന്നു. (സംസ്കാരപഠനം: പുതുമ, പഴമ, പ്രസക്തി എന്ന ലേഖനം. കൃതി - സംസ്കാരപഠനം - ചരിത്രം സിദ്ധാന്തം പ്രയോഗം ). സംസ്കാരമെന്ന പദത്തിന്റെ അർത്ഥവ്യാപ്തി നാഗരികത, പരിഷ്കാരം മുതലായ വാക്കുകൾക്കില്ലതന്നെ. സംസ്കാരത്തെ അപരസ്വത്വങ്ങളെ ഇല്ലാതാക്കുന്ന അധികാരരൂപങ്ങളുടെ ആയുധമായി എഡ്വേഡ്‌ സെയ്ദ് വീക്ഷിക്കുന്നു. 

[സംസ്കാരത്തിന് നല്കപ്പെട്ട നിർവചനങ്ങൾ അദ്ധ്യായം ഒന്നിൽ നാം ചർച്ചചെയ്തിട്ടുണ്ട്. ]

സംസ്കാരം എന്ന പദത്തേക്കാൾ ആഴവും വ്യാപ്തിയുമുള്ള ഒന്നായാണ് സംസ്കാരപഠനത്തെ കണക്കാക്കുന്നത്. അറിവിന്റെ വ്യാപനവും വിവിധവിജ്ഞാന മണ്ഡലങ്ങളുടെ വളർച്ചയും സംസ്കാരപഠനത്തെ മുഖ്യവിഷയമാക്കിത്തീർത്തു. സംസ്കാരപഠനമെന്ന പദം സാംസ്കാരികപഠനമെന്നും വ്യവഹരിച്ചുകാണുന്നുണ്ട്. സംസ്കാരപഠനമെന്ന പദത്തിന്റെ പ്രാധാന്യം അത് സംസ്കാരത്തിന് പുതിയ നിർവചനം നല്കിയെന്നതും ജീവിതത്തിന്റെ എല്ലാ മേഖലകളെയും ഉൾക്കൊള്ളുന്നുവെന്നതുമാണ്. ജീവിതത്തിന്റെ സർവമേഖലകളെയും സംബന്ധിക്കുന്ന വിശകലനങ്ങളും പഠനങ്ങളുമാണ് ഇതിന്റെ കാതൽ എന്നു പറയാം. ഭാഷ, സാഹിത്യം, നാടോടിവിജ്ഞാനീയം, സ്ത്രീപഠനം, ദളിത് വാദം, പരിസ്ഥിതി, സിനിമ, മാദ്ധ്യമപഠനം, ഒക്കെയുൾക്കൊള്ളുന്ന വിപുലമേഖലയാണത്. ഇവയിലൂടെ സമകാലിക രാഷ്ട്രീയ സമസ്യകളിലേക്ക് പഠിതാക്കളെ എത്തിക്കാൻ സംസ്കാരപഠനത്തിന് സാധിച്ചിട്ടുണ്ട്. മനുഷ്യജീവവാസം സാദ്ധ്യമായ എല്ലാ വൻകരകളിലും ഈ വിഷയത്തിൽ പഠനവകുപ്പുകളും കോഴ്സുകളും നിലവിൽ വന്നിട്ടുണ്ട്. പ്രസ്തുതപഠനശാഖയുടെ ചില സ്വഭാവ സവിശേഷതകൾ അതിനെ വേറിട്ട ഒന്നാക്കിത്തീർത്തിരിക്കുന്നു. സംസ്കാരപഠനം രാഷ്ട്രാന്തരവ്യാപ്തിയും പ്രസക്തിയുമുള്ള പഠനശാഖയാണ്. വളരെ ഗൗരവമുള്ള ബൗദ്ധിക ഇടപെടലുകൾ അതിൽ നടന്നിട്ടുണ്ട്. ഇന്ന് ഏത് രാജ്യത്തിലും സംസ്കാരപഠനമെന്നത് അസാധാരണമാംവിധം ബഹ്വർത്ഥക്ഷമമായ ഒരു ചിഹ്‌നമാണ്. ഇംഗ്ലീഷിൽ ഉപയോഗിക്കുന്ന Cultural Studies എന്ന പദം ഏകവചനമായിത്തന്നെയാണ് ഉപയോഗിക്കുന്നത്. മിൽനർ ആന്റ് ബ്രോവിറ്റ് തയ്യാറാക്കിയ Contemporary Cultural Theory വ്യക്തമാക്കുന്നു:

   "സംസ്കാരത്തെക്കുറിച്ചുള്ള പഠനം എന്ന പ്രാഥമികാർത്ഥം അതിനുണ്ടെങ്കിലും സംസ്കാരമെന്ന സംജ്ഞ തന്നെ പ്രശ്നഭരിതമായി നിലനില്ക്കുകയാണ്. നിഘണ്ടുക്കളിൽ ഏറ്റവും അമൂർത്തമായി വ്യാഖ്യാനിക്കപ്പെടുന്ന നാമപദങ്ങളിലൊന്നത്രേ സംസ്കാരം. ആളുകൾ തങ്ങളുടെ ദേശീയ സംസ്കാരത്തിന്റെ സ്വാതന്ത്ര്യത്തെക്കുറിച്ച് ആകുലപ്പെടുന്നു. അതേസമയം തന്നെ തങ്ങൾ സാംസ്കാരികമായി എത്രത്തോളം വളർന്നുവെന്നതിൽ സംശയിക്കുകയും ചെയ്യുന്നു. ഒരു ബഹുസംസ്കാരസമൂഹത്തിൽ ജീവിക്കേണ്ടിവരുന്നതിന്റെ ആശങ്ക - സന്ദിഗ്ദ്ധത - അവർക്കുണ്ട്."

( വിവർത്തനം - പി.ഗോവിന്ദപ്പിളള, സംസ്കാരപഠനം ചരിത്രം സിദ്ധാന്തം പ്രയോഗം)

ഇരുപതാം നൂറ്റാണ്ടിന്റെ അവസാനദശകത്തിൽ ഏറ്റവും ശ്രദ്ധ പിടിച്ചുപറ്റിയ അക്കാദമികമേഖലകളിലൊന്നായി സംസ്കാരപഠനം ഉയർന്നുവന്നിരിക്കുന്നു. മൂല്യപരമായ മുൻവിധികളെ ചോദ്യം ചെയ്യുന്ന പദ്ധതിയാണ് സംസ്കാരപഠനത്തിന്റേതെന്ന് അഭിജ്ഞർ അഭിപ്രായപ്പെടുന്നു. സംസ്കാരം ഉള്ളവൻ / ഇല്ലാത്തവൻ, സംസ്കൃതം / പ്രാകൃതം, പുരോഗമിച്ചത് / അധ:പതിച്ചത് എന്നിങ്ങനെ മുൻധാരണ പ്രകാരമുള്ള നിർണ്ണയനരീതികളെ സംസ്കാരപഠനം വിമർശിക്കുന്നു. സാഹിത്യപഠനമെന്ന സങ്കല്പത്തെ തന്നെ പൊളിച്ചെഴുതാൻ അഥവാ ആ സങ്കല്പനത്തെ തിരുത്താൻ സംസ്കാരപഠനത്തിന് സാധിച്ചിട്ടുണ്ട്. Neelanjana Gupta തന്റെ Approaches in Literary Theory എന്ന കൃതിയിൽ സംസ്കാരപഠനത്തിന്റെ സാദ്ധ്യതകൾ വിവരിക്കുന്നു.

"നിലവിലുളള പഠനമേഖലകളിൽ വലിയ സ്വാധീനം ചെലുത്താനും സാംസ്കാരികപഠനത്തിനായിട്ടുണ്ട്. ഉദാഹരണത്തിന് സാഹിത്യപഠനമെന്ന സങ്കല്പം തന്നെ ഈ സമീപനം തിരുത്തിയെഴുതിക്കഴിഞ്ഞു. സ്ഥൂലമായി പറഞ്ഞാൽ,രണ്ടുതരം സമീപനങ്ങളാണ് സാംസ്കാരികപഠനം മുന്നോട്ടുവെക്കുന്നത്. സാഹിത്യകൃതികളും അവ എഴുതപ്പെട്ട സാമൂഹ്യ- ഭൗതിക- ചരിത്ര -പ്രത്യയശാസ്ത്ര പരിസരങ്ങളും തമ്മിലുള്ള സങ്കീർണ്ണമായ ബന്ധങ്ങൾക്കുള്ളിൽ സാഹിത്യത്തെ പഠിക്കുക എന്നതാണ് ഒന്ന്. മഹത്തായ കൃതികൾ മാത്രം ചർച്ചചെയ്തുപോരുന്ന പരമ്പരാഗതപഠനത്തിന് വെളിയിൽ കടന്ന് അലിഖിതവും സാഹിത്യേതരം തന്നെയുമായ രചനകൾ ഉൾപ്പെടെയുള്ളവയെ പഠിക്കുകയെന്നതാണ് രണ്ടാമത്തെ രീതി. ചില കാനോനകളിൽ മാത്രം പെടുന്ന കൃതികളുടെ സൗന്ദര്യശാസ്ത്രത്തിന് ഊന്നൽ നല്കിയിരുന്ന രീതി ഇവിടെ മാറി വരുന്നു. ഓരോ സർഗ്ഗപ്രക്രിയയും അതുനിലനില്ക്കുന്ന ഭൗതികതയുടെ സൃഷ്ടിയാണെന്ന നിലപാട് സംസ്കാര പഠനം മുന്നോട്ടുവെക്കുന്നു".

(വിവർത്തനം - പി.ഗോവിന്ദപ്പിളള, കൃതി -സംസ്കാരപഠനം ചരിത്രം സിദ്ധാന്തം പ്രയോഗം, ലേഖനം - സാംസ്കാരികപഠനം: പുതുമ, പഴമ, പ്രസക്‌തി.)

[കാനോന എന്നത് Canon എന്ന ഇംഗ്ലീഷ് പദത്തിന്റെ വിവർത്തനം. സാഹിത്യരചനയ്ക്കും മറ്റ് കലകളുടെ ആവിഷ്കാരത്തിനും ചില അംഗീകൃതനിയമങ്ങളും നിലവാരങ്ങളും ഉണ്ടെന്നാണ് പരമ്പരാഗത ധാരണ. ഇംഗ്ലീഷിൽ അവയ്ക്ക് Canon എന്ന് പറയുന്നു.]

20-ാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ നിരവധി കലാ സാഹിത്യസിദ്ധാന്തങ്ങൾ പിറന്നിട്ടുണ്ട്. ഇത്തരം കലാസാഹിത്യസിദ്ധാന്തങ്ങളെ പ്രയോഗവൽക്കരിക്കാനുള്ള ഇടം കൂടി സംസ്കാരപഠനം സന്ദർഭോചിതം നേടിയിട്ടുണ്ട്. ആധുനികത, ആധുനികോത്തരത, ഘടനാവാദം, ഓറിയന്റലിസം, ഘടനാവാദോത്തരത, അപനിർമ്മാണം, നവചരിത്രവാദം മുതലായവ ഇതിന്റെ പ്രയോഗവൽകരണം നടന്ന ഇടങ്ങളാണ്. സംസ്കാരത്തെക്കുറിച്ച് പരമ്പരാഗതമായി നാം പുലർത്തിപ്പോന്ന സമീപനം പദകോശങ്ങളിൽ ആ വാക്കിനു ലഭിക്കുന്ന അർത്ഥങ്ങളിൽ തെളിഞ്ഞുകാണാമെന്ന് പി.പി.രവീന്ദ്രൻ 'എതിരെഴുത്തുകൾ' എന്ന കൃതിയിൽ അഭിപ്രായപ്പെടുന്നു. "സംസ്കാരമെന്ന പദത്തിന്റെ അർത്ഥവ്യാപ്തി നിർവചനാതീതമാണെന്നും സമുത്കൃഷ്ടമായ ആശയാദർശങ്ങൾ, വിശാല വീക്ഷണം, ചിന്താശക്തി , വിവേചനശേഷി, കുലീനത, അനുരഞ്ജനശീലം, പക്വത തുടങ്ങിയ സത്ഗുണങ്ങളുള്ള വ്യക്തി സംസ്കാര സമ്പന്നനാണെന്ന് കരുതാമെന്നും പന്മന രാമചന്ദ്രൻ നായർ കേരള സംസ്കാരപഠനങ്ങളിൽ പ്രസ്താവിക്കുന്നു. ഈ വീക്ഷണം സാമ്പ്രദായികമട്ടിലുള്ള നിർവചനമാണെന്ന് പറയേണ്ടതില്ലല്ലോ. 

ഇംഗ്ലീഷിൽ Culture എന്ന പദത്തിന് മനസ്സംസ്കരണം അല്ലെങ്കിൽ മനസ്സിനെ പാകപ്പെടുത്തൽ എന്ന അർത്ഥം ലഭിക്കുന്നത് പതിനെട്ടാം നൂറ്റാണ്ടിനു ശേഷമാണ്. അതുവരെ കാർഷികവൃത്തി, ഭൂസംസ്കരണം തുടങ്ങിയവയുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കായിരുന്നു പ്രസ്തുത പദം ഉപയോഗിച്ചത്. സംസ്കാരപഠനത്തിന്റെ അമരക്കാരിലൊരാളായ റെയ്മണ്ട് വില്യംസ് വ്യാവസായിക- കൊളോണിയൽ വ്യവസ്ഥയിൽ വികസിച്ചുവന്ന ആധുനിക ലോക ബോധത്തെ പ്രതിഫലിപ്പിക്കുന്ന പല അർത്ഥ സൂചനകളും കൾച്ചർ എന്ന പദത്തിന് ലഭിക്കുന്നത് പതിനെട്ടാം നൂറ്റാണ്ടിനു ശേഷമാണെന്ന് പറയുന്നുണ്ട്. (എതിരെഴുത്തുകൾ, പി.പി.രവീന്ദ്രൻ, പുറം 13 ).

സംസ്കാരം എന്ന പദത്തിന് വലിയ അളവിൽ അംഗീകരിക്കപ്പെട്ട നിർവചനം നൽകിയത് റെയ്മണ്ട് വില്യംസാണ്. കീവേഡ്സ് -Keywords-1976- എന്ന കൃതിയിൽ " ഒരു സമഗ്ര ജീവിത രീതിയുടെ ഘടകങ്ങൾ തമ്മിലുള്ള സങ്കീർണ്ണമായ ബന്ധമാണ് " സംസ്കാരം. (ഒരു സമൂഹത്തിന്റെ സമഗ്രമായ ജീവിത ശൈലിയാണ് സംസ്കാരം) ഈ ബന്ധങ്ങളുടെ ഘടനാപരമായ സ്വഭാവം മനസ്സിലാക്കാനുള്ള ശ്രമമാണ് സാംസ്കാരിക വിശകലനം.

ഈ ആശയത്തെ കുറേക്കൂടി രാഷ്ട്രീയവൽക്കരിച്ചു കൊണ്ട് സംസ്കാരപഠനത്തിന്റെ മുഖ്യ ബുദ്ധികേന്ദ്രങ്ങളിലൊരാളായ ഇ.പി. തോംസൺ - അദ്ദേഹം റെയ്മണ്ട് വില്യംസിന്റെ സുഹൃത്തും സഹപ്രവർത്തകനുമായിരുന്നു - ഒന്നുകൂടി പരിഷ്കരിച്ചു. പോരാട്ടത്തിന്റെ സമഗ്രമായ ശൈലിയാണ് സംസ്കാരം എന്നാണ് അദ്ദേഹത്തിന്റെ വിവക്ഷ. എതിരെഴുത്തുകൾ എന്ന കൃതിയിൽ പി.പി.രവീന്ദ്രൻ എഴുതുന്നു: "ഒരു സമൂഹത്തിന്റെ സാംസ്കാരികമായ ബഹുസ്വരതയെ ഉൾക്കൊള്ളുന്നതാണ് തോംസന്റെ ഈ നിർവചനം. സമൂഹത്തിലെ വിവിധ വിഭാഗങ്ങൾ അക്ഷരങ്ങളുടെയും വാക്കുകളുടെയും അർത്ഥത്തിനു വേണ്ടി നിരന്തരം മത്സരിക്കുകയും പോരടിക്കുകയും ചെയ്യും. അവിശിഷ്ടവും സർവസാധാരണവുമായ ഈ മത്സരവും പോരാട്ടവും സംസ്കാരത്തെ സംബന്ധിച്ച പരമ്പരാഗത വ്യാഖ്യാനത്തിന്റെ കാഴ്ചയിൽ വരുന്നതേയില്ല. അവിശിഷ്ടമായതാണ് സംസ്കാരം എന്ന റെയ്മണ്ട് വില്യംസിന്റെ നിരീക്ഷണത്തിന്റെ സാംഗത്യം ഇതാണ്. അതിവിശിഷ്ടമായതാണ് സംസ്കാരമെന്ന മാത്യു അർണോൾഡിന്റെ ആദ്യകാല വീക്ഷണത്തിൽ നിന്ന് വില്യംസിന്റെ നിരീക്ഷണത്തിലേക്കുള്ള ദൂരം രണ്ടു ജ്ഞാനമാതൃകകൾ തമ്മിലുള്ള അകലം കൂടിയാണ്." ഇവിടെ സംസ്കാരപഠനത്തിന്റെ ചില സവിശേഷതകൾ കൂടി രംഗത്തു വരുന്നു. വരേണ്യവും സ്ഥാപിതവുമായ എല്ലാ സംസ്കാര താൽപ്പര്യങ്ങളേയും ചെറുത്തു കൊണ്ട് നിലയുറപ്പിച്ച പഠനമേഖലയാണ് സംസ്കാരപഠനം എന്ന വസ്തുതയാണ് ഇവിടെ ഏറ്റവും പ്രധാനം. സംസ്കാരസങ്കല്‌പനത്തിൽ വലിയ പരിവർത്തനമുണ്ടായത് റെയ്മണ്ട് വില്യംസിന്റെ രചനകൾ പുറത്തു വന്നതോടെയാണ്. ഡോ.ഷീബ എം കുര്യൻ എഴുതുന്നു:

" മൂന്ന് പ്രധാന തലങ്ങൾ സംസ്കാര നിർണ്ണയനത്തിലൂടെ വില്യംസ് കണ്ടെത്തി. 1.സംസ്കാരം ഒരു പ്രത്യേക കാലത്തും സ്ഥലത്തും സവിശേഷമായി ജീവിക്കുന്ന ഒന്നാണ്. അത് ആ കാലത്തിലും സമയത്തിലും 'ജീവിക്കുന്ന' ഏതൊരാൾക്കും മുഴുവനായും എത്തിപ്പിടിക്കാവുന്നതും മനസ്സിലാക്കുന്നതുമാണ്.

2. സമൂഹത്തിൽ രേഖപ്പെടുത്തപ്പെട്ട ഒരു സംസ്കാരവുമുണ്ട്. കലകൾ തൊട്ട് ദൈനംദിന വസ്തുക്കൾ വരെ എല്ലാം ആ കാലഘട്ടത്തിലെ സംസ്കാരമാണ്.

3. ജൈവികമായ സംസ്കാരത്തോടും കാലഘട്ട സംസ്കാരത്തോടുമൊപ്പം തന്നെ ഒരു പാരമ്പര്യ സംസ്കാരവും നിലവിലുണ്ട്. ഈ മൂന്നു തലങ്ങളുടെയും അർത്ഥം മനസ്സിലാക്കി സംസ്കാര നിർവചനത്തിലെത്താനും അർത്ഥങ്ങളുടെ അടിസ്ഥാനബന്ധങ്ങളെ തിരിച്ചറിയാനും ഫലപ്രദമായി സംസ്കാരത്തെക്കുറിച്ച് സംസാരിക്കാനും വില്യംസിനു കഴിഞ്ഞു. പിന്നീടാണ് സംസ്കാരത്തെ 'ഒരു സർഗാത്മക പ്രവർത്തനം' എന്നും സമഗ്ര ജീവിതവഴിയെന്നുമുള്ള നിലപാടിൽ വില്യംസ് എത്തിയത്."

 (റെയ്മണ്ട് വില്യംസ് സംസ്കാരം സാഹിത്യം രാഷ്ട്രീയം. പുറം 43)

റെയ്മണ്ട് വില്യംസിന്റെ ഏറ്റവും പ്രശസ്തിയാർജ്ജിച്ച രചനയാണ് Culture and Society,1958. വ്യാവസായിക വിപ്ലവത്തിനു ശേഷം ബ്രിട്ടനിൽ ഉയർന്നുവന്ന സംസ്കാരമെന്തെന്ന് അന്വേഷിക്കുകയാണ് വില്യംസ് ചെയ്യുന്നത്. മാത്യു അർണോൾഡിനെ വിമർശിച്ചു കൊണ്ട് സംസ്കാരം വരേണ്യമായതല്ല, ഏറെ പരിചിതമായ, സാധാരണമായ ഒന്നാണെന്ന് വില്യംസ് വാദിക്കുന്നു.

പൊതുസമൂഹത്തിലെ ന്യൂനപക്ഷ സംസ്കാരമെന്ന വേർതിരിവിനെ വില്യംസിന്റെ പഠനങ്ങൾ അപ്രസക്തമാക്കി.

സംസ്കാരം വ്യക്തിനിഷ്ഠാഖ്യാനമല്ലെന്ന് സംസ്കാരപഠനം വ്യക്തമാക്കുന്നു. ഒരു സമൂഹത്തിന്റെ സമഗ്രമായ ജീവിതശൈലിയാണ് സംസ്കാരമെന്നാണല്ലോ വില്യംസിന്റെ പക്ഷം. എന്താണ് സംസ്കാരപഠനം? സമകാലിക സിദ്ധാന്തത്തിന്റെ ജ്ഞാനവിവക്ഷകൾ സുലഭമായി ഉപയോഗപ്പെടുത്തുന്ന ഈ ജ്ഞാനമണ്ഡലം വിഷയാന്തരതയുളളതും രാഷ്ട്രീയാഭിമുഖ്യമുള്ളതുമാണ്. ഒരു നിർവചനം രൂപപ്പെടുത്തുകയാണെങ്കിൽ അത് ഇപ്രകാരമാകാം : "സമകാലികസാഹിത്യസിദ്ധാന്തത്തിന്റെ കാഴ്ച്ചപ്പാടുകൾ ഉചിതമായി ഉപയോഗിക്കുന്നതും അന്തർ വൈജ്ഞാനികസ്വഭാവത്തോടു (Interdisciplinary)കൂടിയതും പൂർണ്ണമായും രാഷ്ട്രീയാഭിമുഖ്യമുള്ളതുമായ പഠനപദ്ധതിയാണ് സംസ്കാരപഠനം."

സംസ്കാരവിമർശനം, സാംസ്കാരികവിശകലനം തുടങ്ങിയ പരമ്പരാഗതരീതികളിൽ നിന്നും വ്യത്യസ്തമാണ് അത്. ഇതിന്റെ മൂന്നു ഘടകങ്ങൾ വളരെ സവിശേഷവും അതിന്റെ സ്വഭാവം നിർണ്ണയിക്കുന്നതിൽ സുപ്രധാനവുമാണ്.

1. സൈദ്ധാന്തികച്ചായ് വ്

2.വിഷയാന്തരത്വം അഥവാ അന്തർവൈജ്‌ഞാനിക സ്വഭാവം.

3. രാഷ്ട്രീയാഭിമുഖ്യം.

വൈജ്ഞാനികവിഷയങ്ങളെ സംബന്ധിച്ച് രണ്ടുതരം സമീപനങ്ങൾ നിലവിലുണ്ട്.

 1.വിഷയനിഷ്ഠസമീപനം.

2.അന്തർവൈജ്ഞാനിക സമീപനം.

എന്താണ് വിഷയനിഷ്ഠസമീപനം, അതിന്റെ പ്രത്യേകതകൾ എന്തൊക്കെ എന്ന് വിശദമാക്കുന്നു:

വിഷയനിഷ്ഠസമീപനം പഠനം, അറിവ്, അന്വേഷണം, ഗവേഷണം മുതലായ വൈജ്‌ഞാനികതലങ്ങളെ ഒരു വിഷയത്തിൽ മാത്രം കേന്ദ്രീകരിക്കുന്ന രീതി അവലംബിക്കുന്നു. മറ്റു വിഷയങ്ങളുമായി ബന്ധിപ്പിക്കാനോ, മറ്റൊരു വിഷയം മുഖേന അറിവിനെ വിപുലപ്പെടുത്താനോ ഇവിടെ ശ്രമം നടക്കുന്നില്ല. ഒരു തുരുത്തിൽ ഒതുങ്ങിപ്പോകുന്ന അവസ്ഥ.

അന്തർവൈജ്‌ഞാനിക സമീപനം

അന്തർവൈജ്ഞാനികസമീപനമെന്നത് ഒരുസംഘമോ ഒരു വ്യക്തിയോ നടത്തുന്ന പഠനത്തിന്റെയോ അന്വേഷണത്തിന്റെയൊ രീതിയാണ്. രണ്ടോ അതിലധികമോ പഠനശാഖകളിൽ നിന്നോ വൈജ്ഞാനികവിഷയങ്ങളിൽ നിന്നോ അറിവ്, ദത്തം, രചനാ സമീപനങ്ങൾ, ഉപകരണങ്ങൾ, കാഴ്ച്ചപ്പാടുകൾ, ആശയങ്ങൾ മുതലായവ അടിസ്ഥാനപരമായ അറിവിനെ വിപുലപ്പെടുത്താൻ സ്വീകരിക്കുകയും പ്രശ്നപരിഹാരാർത്ഥം ഈ മാർഗ്ഗം അവലംബിക്കുകയും ചെയ്യുന്ന രീതിയാണ് അന്തർവൈജ്ഞാനികപഠനത്തിനുള്ളത്. എന്തായാലും ഒന്നിൽ കൂടുതൽ വൈജ്ഞാനികവിഷയങ്ങളുമായുള്ള ബന്ധം അതിനുണ്ടായിരിക്കും. വിജ്ഞാനം വ്യത്യസ്ത വിഷയമേഖലകളാകാൻ പാടില്ലെന്നും അങ്ങനെ സംഭവിച്ചാൽ പ്രശ്നങ്ങളെ സമഗ്ര വീക്ഷണത്തിൽ കാണാനുള്ള സാദ്ധ്യതകൾ അടയുകയാണ്. വിജ്ഞാനം ശകലീകരിക്കപ്പെടാൻ പാടില്ലെന്ന തിരിച്ചറിവ് - എല്ലാവിധ ജ്ഞാനങ്ങളുടെയും സമന്വയമായിരിക്കണമതെന്ന ബോദ്ധ്യം - ഗ്രീക്ക് ചിന്തകരായ പ്ലേറ്റോ, അരിസ്റ്റോട്ടിൽ മുതലായവർ സ്വീകരിച്ചിരുന്നു. വിഷയങ്ങളുടെ അതിരുകൾ ലംഘിക്കുമ്പോഴാണ് യഥാർത്ഥ ജ്ഞാനം വിതരണം ചെയ്യപ്പെടുന്നത് എന്നർത്ഥം.

അന്തർവൈജ്ഞാനിക സമീപനത്തിന്റെ സവിശേഷതകൾ നോക്കാം -

1. രണ്ടു വിഷയങ്ങൾ തമ്മിലുള്ള ആശയവിനിമയത്തിന് ഇത് ഉപകരിക്കും. ഉദാ: സാഹിത്യപഠനവും തത്ത്വചിന്തയും. സമൂഹശാസ്ത്രവും സാമ്പത്തികശാസ്ത്രവും. ഇവിടെ രണ്ടു വിഷയങ്ങളുടെയും അതിരുകളിലേക്ക് വ്യാപിക്കുന്ന ഇടമേഖല രൂപം കൊള്ളുകയും അത് മറ്റൊരു വൈജ്ഞാനിക മേഖലയായോ കൂടുതൽ അന്വേഷണം വേണ്ടുന്ന മേഖലയായോ പരിണമിക്കാറുണ്ട്. അന്തർവൈജ്ഞാനിക സമീപനത്തിന്റെ വളർച്ചയോടെ അറിവിന്റെ ചത്വരം വികസിച്ചുവെന്ന് പറയാം.

2. ഒരു വിഷയത്തിലെ കണ്ടെത്തലുകൾ, തിരിച്ചറിവുകൾ എന്നിവ മറ്റൊരു വിഷയത്തിന്റെ വീക്ഷണത്തിൽ വിലയിരുത്തുന്നു. ഉദാ: ഒരു ഭാഷയിലെ സമൂഹമൊഴികളുടെ സ്വഭാവത്തെക്കുറിച്ചുള്ള ഭാഷാശാസ്ത്രപഠനങ്ങളിലെ വിവരങ്ങളെ സമൂഹശാസ്ത്രസിദ്ധാന്തങ്ങളുടെ അടിസ്ഥാനത്തിൽ വിലയിരുത്തുക.

3. ഒരു വിഷയത്തിൽ അറിവ് / സിദ്ധാന്തങ്ങൾ/ രീതി പദ്ധതികൾ എന്നിവ മറ്റൊരു വിഷയത്തിൽ പ്രയോഗിക്കുന്ന തും അന്തർവൈജ്ഞാനികമാണ്.  സാഹിത്യത്തിന്റെ ദർശനം, സാഹിത്യത്തിന്റെ സമൂഹശാസ്ത്രം തുടങ്ങിയവ ചില ഉദാഹരണങ്ങൾ.

4. ഒരു പ്രശ്നത്തെ വ്യത്യസ്ത വിഷയങ്ങളിലെ വീക്ഷണങ്ങൾ ഉപയോഗിച്ച് വിശകലനം ചെയ്യുക. 

5. വിവിധവിഷയങ്ങളുടെ അതിരുകൾ അവഗണിച്ചു കൊണ്ട് ഒരു വിഷയമേഖല പുതുതായി സൃഷ്ടിക്കുക. ഈവിധം നിരവധി വിഷയങ്ങൾ വൈജ്‌ഞാനിക മേഖലയിൽ ഉരുത്തിരിഞ്ഞിട്ടുണ്ട്.

ഇവയോടൊപ്പം നിരന്തരം ഉപയോഗിക്കുന്ന പദങ്ങളാണ് Multidisciplinary,Transdisciplinary എന്നിവ. Multidisciplinary (ബഹുവൈജ്ഞാനികം) സമീപനത്തിൽ ഒരു പ്രശ്നത്തെ വ്യത്യസ്ത വിഷയങ്ങളിലുള്ളവർ സ്വതന്ത്രമായി പരിഗണിക്കുന്നു. Transdisciplinary യിൽ (ബഹിർവൈജ്ഞാനിക സമീപനം) അക്കാദമികമേഖലയിൽ നിന്നുള്ള വിദഗ്ദ്ധരോടൊപ്പം നിർദ്ദിഷ്ട പ്രശ്നങ്ങളിലെ തൽപ്പരവ്യക്തികൾ പ്രശ്നാന്വേഷണം നടത്തുന്നു. 

വിജ്ഞാനത്തെ വ്യത്യസ്ത വിഷയമേഖലകളാക്കിത്തിരിക്കുമ്പോൾ പ്രശ്നങ്ങളെ സമഗ്രവീക്ഷണത്തിൽ കാണാനുള്ള സാദ്ധ്യത അടച്ചു കളയുകയാണെന്നും വിജ്ഞാനം ശകലീകരിക്കപ്പെടുന്നുവെന്നുമുള്ള അറിവ് പുരാതനകാലത്തേ ഉണ്ട്. 

വിഷയനിഷ്ഠമായി വിജ്‌ഞാനം ഒതുങ്ങിപ്പോകുന്നതിനെതിരാണ് അന്തർവൈജ്ഞാനിക സമീപനം.

വിഷയനിഷ്ഠസമീപനത്തിന്റെ പരിമിതികൾ :

വിജ്ഞാനത്തെ അത് ശകലീകരിക്കുന്നു. എന്നുവെച്ചാൽ, മറ്റു വിഷയങ്ങളുമായി ബന്ധപ്പെടുത്താതെ വെള്ളം കടക്കാത്ത അറകൾ പോലെ ഉപയോഗിക്കുന്നു എന്നർത്ഥം.

സമഗ്രതയെ ഇതുമുഖേന ശിഥിലമാക്കുന്നു.

പ്രതിഭാസങ്ങളെക്കുറിച്ചുള്ള പഠനസാധ്യതകൾക്ക് ഈ അപൂർണ്ണസമീപനം വഴി മങ്ങലേല്‌പിക്കുന്നു.

സ്വതന്ത്രമേഖലയായി പരിണമിക്കപ്പെട്ട വിഷയം അതിന്റെ പഠനപദ്ധതികളും ജ്ഞാനവ്യവഹാരങ്ങളും മാത്രം സ്വീകരിക്കുകയും അതിനുവെളിയിലുള്ളവയെ ബഹിഷ്‌കരിക്കുകയും ചെയ്യുന്നു.

സർഗ്ഗാത്മകതയ്ക്കുപോലും എതിരായ നിലപാടാണിത് കൈക്കൊള്ളുന്നത്.

വിഷയങ്ങളുടെ അതിരുകളിൽ സ്ഥിതിചെയ്യുന്ന ചിന്താപരമായ പരികല്പനകൾ അവഗണിക്കപ്പെടാം.

വിഷയനിഷ്ഠ സമീപനം സാമ്പ്രദായികരീതി കൈക്കൊള്ളുന്നു.

പഴഞ്ചൻ ഗവേഷണസമീപനമാണിത് സ്വീകരിക്കുന്നത്.

 കൂടുതൽ വഴക്കമുള്ളതും ഗവേഷണരീതി ശാസ്ത്രവും സമീപനങ്ങളും നവീകരിക്കാനും രൂപപ്പെടുത്താനും പ്രായോഗികമായി ഇണങ്ങുന്നത് അന്തർവൈജ്ഞാനികസമീപനത്തിലാണ്.

 അന്തർവൈജ്ഞാനികർ വിഷയനിഷ്ഠസമീപനത്തിനെതിരെ മുന്നോട്ടുവെക്കുന്ന വിമർശനങ്ങളെ ചിന്തകനായ ജെറി എ ജേക്കബ്സ് അഞ്ചു വിഭാഗങ്ങളാക്കി തിരിക്കുന്നുണ്ട്.

1. ആശയവിനിമയം തടയുന്നു.

2. കണ്ടുപിടുത്തം നിരുത്സാഹപ്പെടുത്തുന്നു.

3. സാമൂഹിക പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ സമഗ്രമായ അടിത്തറയിൽ നിന്നുകൊണ്ടുള്ള സമീപനത്തെ തടസ്സപ്പെടുത്തുന്നു.

സാമ്പത്തികനേട്ടമുണ്ടാക്കുന്ന ജ്ഞാനനിർമ്മിതികളെ തടയുന്നു.

ബിരുദവിദ്യാർത്ഥികൾക്ക് ശകലീകരിച്ച വിദ്യാഭ്യാസം മാത്രം ലഭിക്കുന്നു. 

 അന്തർവൈജ്ഞാനിക സമീപനത്തിനെതിരെ വിമർശനങ്ങൾ ഉള്ളവരുണ്ട്. ഒരു വിഷയത്തിന്റെ അതിർത്തിയിൽ നിന്നും പുറത്തുകടന്ന് വീക്ഷണം കൂടുതൽ സാമാന്യമാകുന്തോറും നിർദ്ദിഷ്ട പ്രശ്നത്തെ| പ്രതിഭാസത്തെക്കുറിച്ചുള്ള സൂക്ഷ്മമായ ചിന്തകളും ബലമില്ലാത്തവയാകുന്നു എന്നാണ് ആരോപണം. എല്ലാ വിഷയങ്ങളും വ്യത്യസ്ത സമീപനങ്ങളെ വരിക്കാൻ തക്കവണ്ണം വിശാലമാണെന്നാണ് ഇക്കൂട്ടരുടെ നിലപാട്.

യഥാർത്ഥത്തിൽ സാഹിത്യപഠനം അന്തർവൈജ്ഞാനികമാണ്. കാരണം, വ്യത്യസ്ത ജ്‌ഞാനമണ്ഡലങ്ങളിലുള്ള ചിന്തകളും സമീപനങ്ങളും അവിടെ പ്രയോഗിക്കേണ്ടി വരുന്നു.

(അന്തർവൈജ്ഞാനികതയെ സംബന്ധിച്ച വിവരങ്ങൾക്ക് സാഹിത്യഗവേഷണം സിദ്ധാന്തവും പ്രയോഗവും എന്ന കൃതിയോട് കടപ്പാട്)



അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹിമവാൻ്റെ മുകൾത്തട്ടിൽ: രാജൻ കാക്കനാടൻ, ഭാഗം1

കരുണ - കുമാരനാശാൻ

സഭാപ്രവേശം - കുഞ്ചൻ നമ്പ്യാർ