സാംസ്കാരികപഠനം - 5 - പ്രത്യയശാസ്ത്രം

സാംസ്കാരിക പഠനത്തിൽ സർവസാധാരണമായി ഉപയോഗിക്കപ്പെടുന്ന പദമായി പ്രത്യയശാസ്ത്രം പരിണമിച്ചിരിക്കുന്നു. 

Ideology എന്ന ഇംഗ്ലീഷ് പദത്തിന്റെ തർജ്ജമയായാണ് പ്രത്യയശാസ്ത്രം എന്ന പരികല്പന ഉപയോഗിക്കുന്നത്. പ്രസ്തുത സൈദ്ധാന്തിക സങ്കല്പനം അക്കാദമിക് പണ്ഡിതരുടെയും ഗവേഷകരുടെയും മാത്രമല്ല സാധാരണക്കാരുടെയും ഇഷ്ടവിഷയമാണ്. ഈ സങ്കല്പനം പക്ഷേ, സാമൂഹ്യശാസ്ത്രത്തിൽ ഉപയോഗിക്കപ്പെടുന്നതിൽ വെച്ച് ഏറ്റവും ദുർഗ്രഹമായതത്രെ. ഈ കാലഘട്ടത്തിൽ ഈ പദം സാർവത്രികമായി ഉപയോഗിക്കുന്നത് മാർക്സിയൻ ദർശനവുമായി ബന്ധപ്പെട്ടാണ്. ഫ്രഞ്ച് ദാർശനികനായ ദിസ്റ്റ്യൂറ്റ് ഡി ത്രാസിയാണ് 1796 ൽ ഒരു പ്രബന്ധത്തിൽ Ideology എന്ന പദം ആദ്യമായി പ്രയോഗിച്ചത്. ആശയങ്ങളുടെ ശാസ്ത്രം, മനസ്സിനെ സംബന്ധിച്ച തത്ത്വശാസ്ത്രം എന്നീ അർത്ഥതലങ്ങളിലാണ് അതിന്റെ ആദ്യപ്രയോഗം സാധിച്ചത്. ഈ വാക്ക് പല അർത്ഥകല്പനകളോടെ മാർക്സിയൻ ചിന്തകർ വികസിപ്പിച്ചെടുത്തു.

മാർക്സ്

മാർക്സിയൻ ദർശനം വളരെ പ്രധാനപ്പെട്ട മൂന്ന് അർത്ഥവിവക്ഷകളാണ് ഈ പദത്തിന് നല്കിയിട്ടുള്ളതെന്ന് റെയ്മണ്ട് വില്യംസ് എന്ന മാർക്സിസ്റ്റ് സൈദ്ധാന്തികൻ തന്റെ പ്രശസ്ത കൃതിയായ Marxism and Literature എന്ന കൃതിയിൽ പരാമർശിക്കുന്നു. 

ഒന്ന് - ഒരു പ്രത്യേക വർഗ്ഗത്തിന്റേയോ സാമൂഹ്യ വിഭാഗത്തിന്റേയോ വിശ്വാസസംഹിതയെന്ന നിലയിൽ. 

രണ്ട് - യഥാർത്ഥ വിജ്ഞാനത്തിനും ശാസ്ത്രീയ ജ്ഞാനത്തിനും എതിരായി ഒരു സമൂഹത്തിൽ നിലനില്ക്കുന്ന കപടവിശ്വാസം അഥവാ കപടാവബോധം എന്ന നിലയിൽ.

മൂന്ന് - ഒരു സമൂഹത്തിൽ അർത്ഥങ്ങളും ആശയങ്ങളും ഉത്പാദിപ്പിക്കപ്പെടുന്ന പ്രക്രിയയെന്ന നിലയിൽ. ഈ മൂന്ന് അർത്ഥകല്പനകൾക്കും മാർക്സിന്റെ കൃതികൾ സാഹചര്യാനുസൃതം ഇടമൊരുക്കുന്നു. 

മാർക്സിന്റെ ആദ്യകാലകൃതികളിലൊന്നാണ് 1846 ൽ എഴുതിയ ജർമ്മൻ ഐഡിയോളജി. മീതെ പറഞ്ഞ ഒന്നാമത്തെയും രണ്ടാമത്തെയും അർത്ഥതലത്തിൽ പ്രത്യയശാസ്ത്രം എന്ന പദം ഉപയോഗിച്ചിരിക്കുന്നു. സമൂഹത്തിൽ മേൽക്കോയ്മയുള്ള വിഭാഗത്തിന്റെ/വിഭാഗങ്ങളുടെ ഭൗതികബന്ധങ്ങളുടെ ഉത്പന്നമാണ് സാമൂഹികാംഗീകാരമുള്ള ആശയങ്ങളെന്നും അതുകൊണ്ടു തന്നെ ആശയങ്ങളെ ഉത്പാദനബന്ധങ്ങളുടെ പ്രകാശനമായി കാണണമെന്ന് മാർക്സ് എഴുതി. (പി.പി.രവീന്ദ്രൻ, സംസ്കാരപഠനം ഒരു ആമുഖം,പു. 40). ഇവിടെ ഒരു പ്രത്യേക സാമൂഹിക വിഭാഗത്തിന്റെ വിശ്വാസസംഹിതയായി പ്രത്യയശാസ്ത്രം പരിഗണിക്കപ്പെടുന്നു. അതോടൊപ്പം, എന്തുകൊണ്ടാണ് പ്രത്യയശാസ്ത്രത്തിന് കപടവിശ്വാസം എന്ന അർത്ഥം വന്നുചേർന്നതെന്നതും പി.പി.രവീന്ദ്രൻ വ്യക്തമാക്കുന്നുണ്ട്: "സമൂഹത്തിൽ മേൽക്കോയ്മയുള്ള വിഭാഗത്തിന്റെ വിശ്വാസസംഹിതയെ സമൂഹത്തിന്റെ താഴെയുള്ള തലങ്ങളിലേക്ക് എത്തിക്കാനും മേലാളരുടെ വിശ്വാസത്തെ കീഴാളർക്കുകൂടി സ്വീകാര്യമാക്കാനും അധീശവിഭാഗം എല്ലായ്പ്പോഴും യത്നിക്കും. സാമൂഹിക മാറ്റത്തിനു തടയിടാൻ ഈ സ്വീകാര്യത അനിവാര്യമാണ്". പ്രുറം, 40). യാഥാർത്ഥ്യത്തെ തെറ്റിദ്ധരിപ്പിക്കാനാണ് പ്രത്യയ ശാസ്ത്രം പണിയെടുക്കുന്നതെന്നത് ബോദ്ധ്യപ്പെടുത്താനായി മിച്ചമൂല്യസിദ്ധാന്തമെന്ന കൃതിയിൽ, മോഷ്ടിച്ചു കൊണ്ടുവരുന്ന പശുക്കളെ, അവ ഗുഹയിൽ നിന്നും രക്ഷപ്പെട്ടോടുമ്പോൾ പിടികൂടിയതാണെന്ന തോന്നലുണ്ടാക്കാൻ പിൻഭാഗം വലിച്ചിഴയ്ക്കുന്ന കാക്കസ് എന്ന മോഷ്ടാവിനെക്കുറിച്ച് പറയുന്നുണ്ട്. സത്യത്തെ തലതിരിച്ചവതരിപ്പിക്കുകയാണ് പ്രത്യയശാസ്ത്ര ധർമ്മം എന്ന് ഇത് ബോദ്ധ്യപ്പെടുത്തുന്നു. കപടാവബോധം എന്ന അർത്ഥവും ഇതുവഴി പ്രത്യയശാസ്ത്രത്തിനു ലഭിക്കുന്നു. കീഴാളവിഭാഗങ്ങളെ സംബന്ധിച്ച് യാഥാർത്ഥ്യത്തിന്റെ തലതിരിഞ്ഞ രൂപമത്രേ പ്രത്യയശാസ്ത്രം. ഏതെങ്കിലും പ്രത്യേകവിഭാഗത്തിന്റെ വിശ്വാസസംഹിത എല്ലാ വിഭാഗങ്ങളുടെയും പൊതുവിശ്വാസമായി അവതരിപ്പിക്കപ്പെടുന്നു. വിമർശാത്മകയുക്തി കൊണ്ടേ ഇതിനെ ശരിയായി വായിക്കാൻ പറ്റൂ. എന്നാൽ 1859 ലെ ' ടു ദി ക്രിട്ടിക് ഓഫ് പൊളിറ്റിക്കൽ എക്കണോമി' യിൽ സാമ്പത്തികമേഖലയിലെ സംഘർഷത്തിന്റെ ബാഹ്യപ്രകാശനമാണ് പ്രത്യയശാസ്ത്ര രംഗമെന്ന പരാമർശത്തിനപ്പുറം പ്രത്യയശാസ്ത്രമേഖല വഴിയാണ് സാമ്പത്തിക മേഖലയിലെ സംഘർഷങ്ങളെക്കുറിച്ച് ജനങ്ങൾ ബോധവാന്മാരാകുന്നതെന്ന പാഠവും ഉൾക്കൊള്ളുന്നു. പില്ക്കാല ചിന്തകർ ഈ ആശയതലം വികസിപ്പിക്കുന്നുണ്ട്.

അടിത്തറയും മേൽപ്പുരയും

സംസ്കാര സംബന്ധമായ മാർക്സിയൻ വിചാരത്തിലെ കേന്ദ്രപരികൽപ്പനയാണ് അടിത്തറ മേൽപ്പുര സിദ്ധാന്തം. ഇതിനെ ഒരു സ്ഥലരൂപകമായി (Spatial Metaphor) കണക്കാക്കുന്നു. സാമ്പത്തിക ഘടനയാണ് ഒരുസാമൂഹികഘടനയുടെ അടിത്തറയായി പ്രവർത്തിക്കുന്നത്. ഈ അടിത്തറയ്ക്കു മീതെയാണ് നിയമപരവും രാഷ്ട്രീയവുമായ ഘടകങ്ങൾ ഉൾക്കൊള്ളുന്ന മേൽപ്പുര നിർമ്മിതമായിട്ടുള്ളത്. മേൽപ്പുരയിൽ കല, നിയമം, മതം, ആചാരം, സംസ്കാരം, മൂല്യബോധം മുതലായ ഘടകങ്ങൾ അടങ്ങിയിരിക്കുന്നു. മാർക്സിയൻ കാഴ്ച്ചപ്പാടിൽ മൂലധനത്താൽ നിർമ്മിതമായ അടിത്തറയാണ് ഒരു സമൂഹത്തിന്റെ സംസ്കാരത്തെ നിർണ്ണയിക്കുന്നതെന്നു വരുന്നു. സാമ്പത്തികാടിത്തറയ്ക്കു വരുന്ന മാറ്റം മേൽപ്പുരയെയും ബാധിക്കും. 1890 ൽ ബ്ലോഹിനയച്ച കത്തിൽ ഇത് സംബന്ധിച്ച് - സാമ്പത്തികാടിത്തറയുടെ പ്രാമാണ്യം സംബന്ധിച്ച് - എംഗൽസ് നിലപാട് വ്യക്തമാക്കുന്നു. യഥാർത്ഥ ജീവിതത്തിന്റെ ഉൽപ്പാദനവും പുനരുൽപ്പാദനവുമാണ് ചരിത്രത്തിലെ അന്തിമമായ നിർണ്ണായക ഘടകമെന്ന് അദ്ദേഹം പറയുന്നു. അടിത്തറയും മേൽപ്പുരയും പരസ്പരം പ്രതിപ്രവർത്തിക്കുന്നുണ്ട്. സമൂഹത്തിലെ ഭൗതികോൽപ്പാദനശക്തികൾ അവയുടെ വികാസത്തിന്റെ ഒരു ഘട്ടമെത്തുമ്പോൾ നിലവിലുള്ള ഉത്പാദനബന്ധങ്ങളുമായി സംഘട്ടനത്തിലേർപ്പെടുന്നു. അത് സാമൂഹികവിപ്ലവത്തിൽ കലാശിക്കുന്നു. വിമോചനത്തെ മാനസികപ്രക്രിയയായല്ല, ചരിത്രപരമായ കൃത്യമായാണ് മാർക്സ് വീക്ഷിക്കുന്നത്. മനുഷ്യരുടെ ബോധമല്ല അവരുടെ ജീവിതത്തെ നിർണ്ണയിക്കുന്നത്, പ്രത്യുത, ജീവിതമാണ് ബോധത്തെ നിർണ്ണയിക്കുന്നത് എന്നത് പ്രസിദ്ധമായ മാർക്സിയൻ സിദ്ധാന്തമാണ്. 

അടിത്തറ മേൽപ്പുരയെ നിർണ്ണയിക്കുന്നുവെന്നതിനേക്കാൾ അസ്തിത്വം ബോധത്തെ നിർണ്ണയിക്കുന്നുവെന്നതിനെയാണ് മാർക്സിസ്റ്റ് സംസ്കാരവിചാരത്തിൽ കേന്ദ്ര തത്ത്വമായി പരിഗണിക്കേണ്ടതെന്നാണ് റെയ്മണ്ട് വില്യംസിന്റെ നിലപാട്. മാർക്സിസ്റ്റ് സംസ്കാരസങ്കല്പങ്ങളെ പരിമിതപ്പെടുത്തുന്നതിൽ അടിത്തറ / മേൽപ്പുര രൂപകാത്മകത വഹിച്ച പങ്ക് സൃഷ്ടിച്ച ആശയക്കുഴപ്പം മറികടക്കുവാൻ കൂടിയാണ് ഈ പ്രയോഗം. "വീണ്ടെടുപ്പുകൾ" എന്ന കൃതിയിൽ സുനിൽ പി. ഇളയിടം അടിത്തറ, മേൽപ്പുര പരികല്പനകളുടെ ഉള്ളടക്കം സംഗ്രഹിക്കുന്നു:

ഒന്ന്:

സംസ്കാരം എന്നത് കേവലാശയങ്ങളുടെ മേഖലയല്ല. അതതുകാലയളവിലെ ഉൽപ്പാദനവ്യവസ്ഥയുമായി ബന്ധപ്പെട്ടതും അന്തിമമായി ഉൽപ്പാദന വ്യവസ്ഥ യാൽ നിർണ്ണയിക്കപ്പെടുന്നതുമാണ് അത്.

രണ്ട്:

എന്നാൽ സാമ്പത്തികഘടനയാണ് സംസ്കാരത്തിലെ ഒരേയൊരു നിർണ്ണായകഘടകം എന്നു കരുതുന്നത് അർത്ഥരഹിതവും ബുദ്ധിശൂന്യവുമാണ്.

മൂന്ന്:

സാംസ്കാരിക ഉപരിഘടനയിലെ ഓരോ മണ്ഡലവും അതാതിന്റേതായ നിയമാവലികൾക്കും വ്യവസ്ഥകൾക്കും അനുസൃതമായി പ്രവർത്തിക്കുന്നവയാണ്.

നാല്:

ഉപരിഘടനയിലെ വിവിധ ഘടകങ്ങൾ പരസ്പരം പ്രതിപ്രവർത്തിക്കാനും ഫലമുളവാക്കാനും കഴിയുന്നവയാണ്.

അഞ്ച്:

അടിത്തറ ഉപരിഘടനയിലെന്ന പോലെ ഉപരിഘടന അടിത്തറയില്യം പ്രതിപ്രവർത്തിക്കുകയും സ്വാധീനം ചെലുത്തുകയും ചെയ്യും. അടിത്തറയുടെ അന്തിമമായ നിർണ്ണയനശേഷി നിലനില്ക്കുമ്പോൾത്തന്നെ ഉപരിഘടനയ്ക്ക് ആധിപത്യം (Dominance) കൈവരുന്ന ചരിത്ര സന്ദർഭങ്ങൾ ഉണ്ടാകാം. (വീണ്ടെടുപ്പുകൾ, പു. 132).

ഈ രൂപകത്തിന്റെ അടിസ്ഥാനത്തിൽ വിവിധ ചിന്തകർ സംസ്കാരത്തെ പലമട്ടിൽ വ്യാഖ്യാനിച്ചിട്ടുണ്ട്. 

ഗ്രാംഷി (1891 - 1937)

മാർക്സ്, എംഗൽസ്, ലെനിൻ, മാവോ എന്നിവർ ഉൾപ്പെട്ട മാർക്സിയൻ സൈദ്ധാന്തികരിൽ മാർക്സിസം - ലെനിനിസത്തിന് പുതിയ തലങ്ങൾ കണ്ടെത്തി വികസിപ്പിച്ച വിപ്ലവകാരിയും രക്തസാക്ഷിയുമാണ് അന്തോണിയോ ഗ്രാംഷി. വളരെ ദരിദ്രമായ ഒരു കുടുംബത്തിലായിരുന്നു ഗ്രാംഷിയുടെ ജനനം. രോഗം ജീവിതത്തിലെമ്പാടും അദ്ദേഹത്തെ അലട്ടി. ഗ്രാംഷി അനുഭവിച്ച ഫാസിസ്റ്റ് പീഡനം കടുത്തതായിരുന്നു. 1924 ൽ നടന്ന തിരഞ്ഞെടുപ്പിൽ കമ്യൂണിസ്റ്റ് പാർട്ടി മുഖ്യപ്രതിപക്ഷമായി. വിജയിച്ച ഗ്രാംഷി പ്രതിപക്ഷനേതാവായി. കൂടാതെ ഇറ്റാലിയൻ കമ്യൂണിസ്റ്റുപാർട്ടിയുടെ ജനറൽ സെക്രട്ടറിയുമായി. 1925 മെയ്മാസത്തിൽ പാർലിമെന്റിൽ ഗ്രാംഷിയുടെ ഉജ്ജ്വല ഫാസിസ്റ്റ് വിരുദ്ധ പ്രസംഗം. നവംബറിൽ അടിയന്തരാവസ്ഥ. തുടർന്ന് ഗ്രാംഷിയെ അറസ്റ്റു ചെയ്തു. 20 വർഷത്തേക്ക് ഈ മസ്തിഷ്കം മരവിപ്പിക്കണമെന്ന ഉദ്ദേശ്യത്തോടെ 20 വർഷം തടവുശിക്ഷ നടപ്പിലാക്കി. രോഗാവസ്ഥയും തടവും ഗ്രാംഷിയുടെ ജീവിതം കഠിനമാക്കി. ആരോഗ്യനില മോശമായി. മരിക്കുമെന്ന് തീർച്ചയുള്ളതിനാൽ നേരത്തേ മോചിപ്പിച്ചെങ്കിലും മോചിതനായ മാസം തന്നെ ഗ്രാംഷി നിര്യാതനാവുകയും ചെയ്തു. പക്ഷേ ഗ്രാംഷിയുടെ മരണശേഷം സഹോദരി ജയിലിൽ നിന്നും ഗ്രാംഷി രഹസ്യമായി തയ്യാറാക്കിയ  23 നോട്ടു പുസ്തകങ്ങൾ കൈക്കലാക്കുകയും പ്രസിദ്ധീകരിക്കാനുള്ള സാഹചര്യമൊരുക്കുകയും ചെയ്തു. വളരെ സുപ്രധാനമായ ചിന്തകളായിരുന്നു അതിൽ അടങ്ങിയിട്ടുള്ളത്.

നേതൃത്വം, ആധിപത്യം, അധീശത്വം എന്നീ മൂന്നു തലങ്ങളിലൂടെ തന്റെ പ്രത്യയശാസ്ത്രചിന്തയെ ഗ്രാംഷി വികസിപ്പിക്കുന്നു. അധീശത്വം (hegemony) എന്ന സങ്കല്പനമാണ് ഗ്രാംഷിയുടെ മികച്ച സംഭാവന. ജയിൽക്കുറിപ്പുകളിലൂടെയാണ് ഗ്രാംഷിയുടെ ചിന്തകൾ പുറംലോകം അറിഞ്ഞത്. മാർക്സിനു ശേഷം വഴിപിഴച്ച പ്രത്യയശാസ്ത്രചിന്തയെ നേരായ വഴിയിലേക്ക് കൊണ്ടുപോയത് ഗ്രാംഷിയത്രെ. സംസ്കാരത്തെ രാഷ്ട്രീയവൽക്കരിക്കുകയും ചരിത്രവൽക്കരിക്കുകയും ചെയ്യുന്ന സംസ്കാരപഠനത്തിന്റെ പ്രോദ്ഘാടകനാണ് ഗ്രാംഷി. (രവീന്ദ്രൻ, പു. 42). അധികാരപ്രയോഗവും പൗരസമൂഹവും തമ്മിലുള്ള ബന്ധമാകുന്നു ഗ്രാംഷിയുടെ അധീശസങ്കല്പനത്തിന്റെ സത്ത. 

സംസ്കാരം, പ്രത്യയശാസ്ത്രം, അധീശത്വം എന്നീ സംവർഗ്ഗങ്ങളെ സൈദ്ധാന്തികവികാസത്തിലെ പടവുകളായി ഗണിക്കാമെങ്കിൽ സംസ്കാരപഠനത്തിലെ സൈദ്ധാന്തികത്തികവിന്റെ ലക്ഷണമായി ഗ്രാംഷിയുടെ സങ്കല്പനങ്ങളിലെ സൂക്ഷ്മതയെ നമുക്ക് പരിഗണിക്കാമെന്ന് പി.പി.രവീന്ദ്രൻ അഭിപ്രായപ്പെടുന്നുണ്ട്. പ്രുറം 43). 

അതോടൊപ്പം പ്രത്യയശാസ്ത്രമെന്ന പദത്തിന്റെ വിവക്ഷയും അദ്ദേഹം വ്യക്തമാക്കുന്നു: "ഒരു ലോകബോധമായി വ്യാഖ്യാനിക്കാവുന്ന അർത്ഥങ്ങളുടെയും വിശ്വാസങ്ങളുടെയും മൂല്യവ്യവസ്ഥയുടെയും സംഘാതമാണല്ലോ പ്രത്യയശാസ്ത്രം. ഒരു സമൂഹത്തിലെ മുഖ്യധാരയും പാർശ്വവത്കൃതധാരകളും ഒരേപോലെ പങ്കുവെയ്ക്കുന്ന ബോധമാണിത്. മുഖ്യധാരയിൽ ഈ ബോധം അതിന്റെ ശുദ്ധരൂപത്തിൽ തന്നെ നിലനില്ക്കും. പാർശ്വവൽകൃതധാരകളിൽ - കീഴാളവിഭാഗങ്ങളിൽ - ഈ ബോധം സ്വാഭാവികമായി വന്നുചേരുകയോ മുകളിൽനിന്നും നിർബന്ധപൂർവം അടിച്ചേല്പിക്കപ്പെടുകയോ ചെയ്യുന്നു." (അതേ പുസ്തകം, പി.പി.രവീന്ദ്രൻ, പു. 43).

സംസ്കാരം വർഗ്ഗപരമായ ആധിപത്യത്തിനുള്ള ഉപകരണമായി എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് വിശദീകരിക്കുന്ന സന്ദർഭത്തിലാണ് ഗ്രാംഷി ഹെജിമണി (Hegemony) എന്ന പരികല്പന പ്രയോഗിക്കുന്നത്. ഇതിന് യോജിച്ച മലയാളതർജ്ജമ മേൽക്കോയ്മ, അധീശത്വം എന്നിവയാണ്. രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക ശക്തികളുടെ സങ്കീർണ്ണത നിറഞ്ഞ പരസ്പരബന്ധത്തിലൂടെ ഒരു വർഗ്ഗത്തിന് സ്വാഭാവികമായി കൈവരുന്ന മേൽക്കൊയ്മയെയാണ് ഗ്രാംഷി അധീശത്വം എന്ന് പേരിട്ട് വിളിച്ചത്. (Selections from the prison notes,1966:182). അനേകം അധികാരശക്തികൾ പ്രവർത്തിക്കുന്ന സാമൂഹ്യമണ്ഡലത്തിൽ ഒരു പ്രത്യേക വിഭാഗത്തിനുണ്ടാകുന്ന മേൽക്കോയ്മയാണിത്. ഇത് ബുദ്ധിപരവും സദാചാരപരവുമായ നേതൃത്വത്തിലൂടെയും ആധിപത്യത്തിലൂടെയും (domination) വ്യക്തമാകും. അധീശവിഭാഗം ഒരു സമൂഹത്തിൽ നേടുന്ന സാമൂഹികസമ്മതിയാണ് പൗരസമൂഹത്തിൽ ആധിപത്യം നേടാൻ അവരെ സഹായിക്കുന്നത്. അതിന് സഹായിക്കുന്ന, സാമൂഹികസമ്മതി സാമാന്യബോധത്തിലൂടെയാണ് നേടിയെടുക്കുന്നത്. സാമാന്യബോധമെന്തെന്ന് ഗ്രാംഷി വ്യക്തമാക്കുന്നുണ്ട്: അത് തത്ത്വചിന്തകരല്ലാത്തവരുടെ തത്ത്വചിന്തയാണ് (Philosophy of Non Philosophers). "അഥവാ ഒരു ശരാശരി മനുഷ്യന്റെ സദാചാര സങ്കല്പം രൂപപ്പെടുത്തുന്ന വിവിധ സാമൂഹികസാംസ്കാരിക അന്തരീക്ഷത്തിൽ വിമർശനമില്ലാതെ സ്വീകരിക്കപ്പെടുന്ന ലോകസങ്കല്‌പം " എന്ന് സാമാന്യബോധത്തെ വിശേഷിപ്പിക്കാം. അധീശവർഗ്ഗ താൽപ്പര്യം പൊതുസമ്മതി നേടുന്നത് അത് സാമാന്യബോധമായി മാറുമ്പോഴാണ്. ഭരണവർഗ്ഗത്തിന്റെ മേൽകൊയ്മ സഹിക്കാവുന്നതാക്കിത്തീർക്കുന്നത് ഈ സാമാന്യബോധമത്രെ. 

ഭരണവർഗ്ഗത്തിന്റെ മൂല്യങ്ങളും വിശ്വാസങ്ങളും സമൂഹത്തിന്റെ വിവിധതലങ്ങളിലേക്ക് വ്യാപിക്കുന്നുവെന്ന് വിവരിക്കാൻ അധീശത്വ സങ്കൽപ്പനത്തിനുള്ള കഴിവ് വേറെയാണെന്ന് പി.പി.രവീന്ദ്രൻ സൂചിപ്പിക്കുന്നു. ഗ്രാംഷിയുടെ സിദ്ധാന്തം വ്യക്തമാക്കുന്നത്, അധികാരശക്തിയല്ല ഭരണകൂട മേൽക്കൊയ്മയെ ഉറപ്പിക്കുന്നത്, പ്രത്യുത, ആധിപത്യത്തിന്റെ സാമൂഹികമായ അംഗീകാരമാണ്. ഭരണവർഗ്ഗാധീശത്വം സമൂഹത്തിന്റെ പൊതുബോധമായി നിലനില്ക്കുന്നതിനാലാണിത്. പ്രത്യയശാസ്ത്രത്തെ ഒരു സമൂഹത്തിന്റെ പ്രായോഗിക പ്രത്യയ ശാസ്ത്രമായി അഥവാ പ്രത്യയശാസ്ത്ര പ്രയോഗമായി - അതായത് ഒരു ജനതയുടെ ചിത്തവൃത്തിയുടെയും പെരുമാറ്റത്തിന്റെയും അബോധമായി - തിരിച്ചറിഞ്ഞു എന്നതാണ് ഗ്രാംഷിയുടെ അധീശത്വ വിചിന്തനങ്ങളുടെ സവിശേഷതയായി അന്തിമവിശകലനത്തിൽ തെളിഞ്ഞുവരികയെന്ന് പി.പി. രവീന്ദ്രൻ ചൂണ്ടിക്കാട്ടുന്നു. (പുറം 45). 

ഡോ.പി.കെ പോക്കർ എഴുതുന്നു: "ഒരു സന്ദർഭത്തിൽ ഭരണകൂടത്തെ ഗ്രാംഷി നിർവചിക്കുന്നത് ഇപ്രകാരമാണ്: ഭരണകൂടം= രാഷ്ട്രീയസമൂഹം + പൊതുസമൂഹം, അതായത് ബലപ്രയോഗത്താൽ സംരക്ഷിക്കപ്പെടുന്ന പ്രത്യയശാസ്ത്രനായകത്വം." (അന്തോണിയോ ഗ്രാംഷിയും സാംസ്കാരിക പഠനവും, പു. 68). അധിനിവേശത്തിന്റെ ഉയർന്നഘട്ടത്തിൽ കാണുന്നതിതാണെന്ന് അദ്ദേഹം കൂട്ടിച്ചേർക്കുന്നു. 

അൽത്തൂസർ

തങ്ങളുടെ യഥാർത്ഥ ജീവിതാവസ്ഥകളോട് വ്യക്തികൾക്കുള്ള ഭാവനാത്മകബന്ധമെന്നാണ് അൽത്തൂസർ പ്രത്യയശാസ്ത്രത്തെ നിർവചിക്കുന്നത്. ഇപ്രകാരമുള്ള ബന്ധം അധീശവർഗ്ഗത്തിന്റെ ഇടപെടലിലൂടെയാണ് രൂപം കൊള്ളുന്നത്. വ്യക്തികളെ അധികാരവ്യവസ്ഥയ്ക്കുള്ളിലേക്ക് വലിച്ചടുപ്പിക്കുന്ന ഒന്നാണ് പ്രത്യയശാസ്ത്രം. പ്രത്യയശാസ്ത്രത്തിന്റെ സാക്ഷാത്കാരത്തിന് ഉതകുന്ന ചില സംവിധാനങ്ങളെ അൽത്തൂസർ പരിചയപ്പെടുത്തുന്നു. അതിലൊന്ന് മർദ്ദകഭരണകൂടോപകരണങ്ങളാണ്. (Repressive State Apparatus-RSA). രണ്ടാമത്തേത് പ്രത്യയശാസ്ത്രഭരണകൂടോപകരണങ്ങളാണ്. (Ideological State Apparatus-ISA).RSA എന്നത് ബലപ്രയോഗത്തിലൂടെ ഭരണകൂടത്തിന്റെ അധികാരവും പ്രത്യയശാസ്ത്രവും ഉറപ്പിക്കുന്ന വിഭാഗമാണ്. ഉദാഹരണത്തിന്, പൊലീസ്, പട്ടാളം, ജയിൽ, കോടതി മുതലായവയെ പറയാം. ISA ജനകീയസമ്മതം സൃഷ്ടിക്കുന്നതിലാണ് മുൻകൈയെടുക്കുന്നത്. ജനങ്ങളെ അതുവഴി ഭരണകൂടത്തിന് വിധേയരാകാൻ പ്രേരിപ്പിക്കുന്നു. ആരാധനാലയങ്ങൾ, വിദ്യാഭ്യാസകേന്ദ്രങ്ങൾ, മാദ്ധ്യമങ്ങൾ തുടങ്ങി ജനപ്രിയനോവലുകൾ അടക്കം പ്രത്യയശാസ്ത്രഭരണകൂടോപകരണങ്ങളത്രെ. സർവയിടത്തും വ്യാപിച്ചുനില്ക്കുന്ന ഒന്നാണ്  പ്രത്യയശാസ്ത്രഭരണകൂടോപകരണങ്ങളുടെ പ്രയോഗം. സമൂഹത്തിന്റെ ഓരോ അണുവിലും അതു വ്യാപരിക്കുന്നു. 

ഭരണകൂടം, അധികാരം, പ്രത്യയശാസ്ത്രം എന്നിവയെക്കുറിച്ച് ചർച്ചചെയ്യവേ അൽത്തൂസർ ഇന്റർപ്പലേഷൻ - ഹെയിലിങ്ങ് - വിളി - സംബോധന - എന്ന പ്രക്രിയ വിശദമാക്കുന്നു. ISA എപ്രകാരമാണ് വ്യക്തികളെ അതിന്നനുകൂലമാക്കുന്നതെന്ന് വിശദീകരിക്കാനാണ് ഈ വാക്കുപയോഗിക്കുന്നത്. 

വ്യക്തികളെ സംബോധന ചെയ്യുന്നതിലൂടെ വ്യക്തികളെ കർത്തൃത്വമുള്ളവരാക്കി മാറ്റുകയാണ്. സംബോധനയിലൂടെ - വിളിയിലൂടെയാണ് - അത് പ്രത്യയ ശാസ്ത്രം നിർവഹിക്കുന്നത്. നീ ഇന്നതാണെന്ന് സ്ഥാപിച്ചുകൊണ്ടുള്ള വിളി വ്യക്തികളെ അതുതന്നെയാക്കിത്തീർക്കാൻ പര്യാപ്തമാണ്. ഇപ്രകാരം വ്യക്തികളെ കർത്താവാക്കുന്ന പ്രത്യയശാസ്ത്രത്തിന്റെ സംബോധനാ കർമ്മമാണ് ഇന്റർപ്പലേഷൻ. സംസ്കാരവിമർശകനായ ടി.കെ.രാമചന്ദ്രൻ ഇപ്രകാരം വിവരിക്കുന്നു: "ഇന്റർപെല്ലേഷൻ അഥവാ ഹെയ്ലിങ് - വിളി - എന്നു പേരിടാവുന്ന ഒരു കണിശ പ്രക്രിയയിലൂടെയാണ് പ്രത്യയശാസ്ത്രം വ്യക്തികളെ കർത്തൃത്വങ്ങളാക്കി മാറ്റുന്നത്. - അൽത്തൂസർ സിദ്ധാന്തിക്കുന്നു. ഒരു നാടകീയരംഗത്തിന്റെ സഹായത്തോടെ ഈ വിളിയുടെ സവിശേഷത അദ്ദേഹം വരച്ചുകാട്ടുന്നുണ്ട്. തിരക്കുള്ള ഒരു വഴിയിൽ വെച്ച് ഒരു പോലീസുകാരൻ പെട്ടെന്നൊരാളോട് ഏയ്, അവിടെ നില്ക്കു എന്ന് ആജ്ഞാപിക്കുന്നു. അയാൾ അനുസരണയോടെ .തിരിഞ്ഞുനില്ക്കുന്നു. അതോടെ ആ മനുഷ്യൻ ഒരു കർത്തൃത്വമായി പരിണമിക്കുന്നു."

പ്രത്യയശാസ്ത്ര പ്രവർത്തനം കർത്തൃത്വ രൂപീകരണത്തോടും സ്വത്വ സങ്കല്പങ്ങളോടും ആഴത്തിൽ ബന്ധപ്പെട്ടാണ് കിടക്കുന്നതെന്ന് ടി.കെ. ചൂണ്ടിക്കാട്ടുന്നു. ഈ ബന്ധത്തെ അദൃശ്യവും സർവസമ്മതവുമാക്കി പ്രത്യയശാസ്ത്രം നിലനിർത്തുന്നു. അദ്ദേഹം വിശദമാക്കുന്നു : ' വിളി കേൾക്കുന്നയാൾ അതു കേൾക്കാൻ വിധിക്കപ്പെട്ടവനാണെന്ന് അംഗീകരിക്കുന്നു. അതു 'ദൈവവിളി'യാകാം. അല്ലെങ്കിൽ കള്ളനെ കയ്യോടെ പിടിക്കുന്ന പൊലീസുകാരന്റെ അശ്ലീലചുവ കലർന്ന വിളിയാകാം… ഏതായാലും അലംഘനീയമായ ഒരാജ്ഞ പോലെയാണ് അതു പ്രവർത്തിക്കുന്നത്." മർദ്ദനം, ചൂഷണം എന്നിവയുടെ നൂറ്റാണ്ടുകൾ നീണ്ട അനുഭവം തന്നെയാണ് മനുഷ്യനിൽ ഈ 'ചൊല്ലുവിളി' ഉണ്ടാക്കിയെടുത്തിരിക്കുന്നത്. എന്നാൽ അധികാരഘടനയുടെ ചരിത്രപരതയിലേക്ക് നമ്മുടെ ശ്രദ്ധതിരിയാതെ നോക്കുന്നുവെന്നതാണ് പ്രത്യയശാസ്ത്രത്തിന്റെ കൗശലമെന്ന് ടി.കെ.രാമചന്ദ്രൻ വ്യക്തമാക്കുന്നു. ഇത്തരം പ്രത്യയശാസ്ത്ര സംബന്ധമായ അയഥാർത്ഥ സങ്കല്പങ്ങളെ അകറ്റാനുള്ള പോംവഴിയായി ചരിത്രവത്കരണം മാറുന്നു. അധികാരഘടനകളുടെ ആവിർഭാവവും വളർച്ചയും വ്യക്തമാക്കുന്നതോടൊപ്പം ആ ഘടനയുടെ മേൽക്കൊയ്മയില്ലാത്ത കാലത്തെക്കുറിച്ചുള്ള സൂചനകളും അതു നല്കുന്നു. ഇത് മാറ്റത്തിനുള്ള പ്രേരണ നല്കുന്നു. 

പിയറി ബോർദ്യു - സാംസ്കാരികമൂലധനം.

ഫ്രഞ്ച് സാമൂഹികശാസ്ത്രജ്ഞനാണ് പിയറി ബോർദ്യു (1930 - 2002). വിദ്യാഭ്യാസവും സാമൂഹികശാസ്ത്രവും, സാമൂഹികശാസ്ത്ര സിദ്ധാന്തങ്ങൾ, സൗന്ദര്യശാസ്ത്രവും സാമൂഹികശാസ്ത്രവും മുതലായ വിഷയങ്ങളിൽ മഹത്തായ സംഭാവനകൾ സമർപ്പിച്ച ബോർദ്യുവിന്റെ ചിന്തയുടെ മൗലികത സംസ്കാരപഠനവും പ്രയോജനപ്പെടുത്തിയിട്ടുണ്ട്. സമുദായത്തിൽ അധികാരത്തിന്റെ ചലനാത്മക ശക്തിയെക്കുറിച്ച് അദ്ദേഹം പഠനം നടത്തി. അധികാരം തലമുറകളിലൂടെ കൈമാറാൻ സ്വീകരിക്കുന്ന വിവിധവും സൂക്ഷ്മവുമായ മാർഗ്ഗങ്ങളെക്കുറിച്ചും വ്യവസ്ഥിതി നിലനിർത്തിക്കൊണ്ടുപോകേണ്ടതിന്ന് അത് സ്വീകരിക്കുന്ന വഴികളെക്കുറിച്ചും ബോർദ്യു ചിന്തിച്ചു. പഠനാർഹമായ നിരവധി പ്രബന്ധങ്ങളുടെയും കൃതികളുടെയും രചയിതാവാണദ്ദേഹം. "Distinctions:A Social Critic of the Judgement of Taste" എന്ന കൃതിയാണ് ഏറെ പ്രസിദ്ധം.

ബോർദ്യു സംസ്കാരത്തെ സാംസ്കാരികമൂലധനമെന്ന സ്വന്തം പരികല്പനയുമായി കോർത്തിണക്കുന്നു. സാംസ്കാരികമേഖലയെ വളരെ ശാന്തമായ ഒരു ഇടമായിട്ടല്ല അദ്ദേഹം കാണുന്നത്. അത് പലതരത്തിലുള്ള നിരവധി അധികാരവ്യൂഹങ്ങൾ സന്ധിച്ച് പരസ്പരം നേരിടുന്ന ഒരിടമാണ്. മൂലധനത്തെ അടിസ്ഥാനമാക്കിയാണ് സാമൂഹ്യാധിപത്യം നിശ്ചയിക്കപ്പെടുന്നതെന്ന മാർക്സിയൻകാഴ്ചപ്പാടിനെ സാംസ്കാരികമേഖലയുമായി ബന്ധപ്പെടുത്തി ബോർദ്യു വിശദീകരിക്കുന്നു. അതിനായി സാംസ്കാരികമൂലധനം എന്ന പരികല്പന അദ്ദേഹം ഉരുത്തിരിച്ചു.

വിവിധ സാമൂഹ്യവിഭാഗങ്ങൾ സാംസ്കാരികവിഭാഗങ്ങളുടെ മേൽ സാമൂഹികമായ മേൽക്കോയ്മ നേടുന്നതിനായി കലാസാംസ്കാരികമണ്ഡലങ്ങളിൽ ശക്തമായ മത്സരത്തിൽ ഏർപ്പെടുമെന്നും അതുവഴി സാംസ്കാരികമണ്ഡലത്തിൽ നേടുന്ന മേൽക്കൊയ്മയാണ് സാംസ്കാരിക മൂലധനം എന്നും ബോർദ്യു പറയുന്നു.

[പേര്, പ്രശസ്തി, പെരുമ, അംഗീകാരം തുടങ്ങിയവയ്ക്ക് വേണ്ടിയാണ് ഈ മത്സരം]

സാമ്പത്തിക രംഗത്ത് മൂലധനത്തിനായി നടക്കുന്ന മത്സരത്തിന് സമാനം ശക്തമാണ് ഈ മത്സരവും. അതു മാത്രമല്ല, സാമൂഹ്യാധീശത്വത്തിന് വളരെ അത്യന്താപേക്ഷിതമാണ് സാംസ്കാരിക മൂലധനം.

സാമൂഹികാസമത്വം വിദ്യാഭ്യാസ സമ്പ്രദായത്തിലൂടെ പുനരുൽപ്പാദിപ്പിക്കുന്നതിനെ കുറിച്ച് വിശദീകരിക്കാനാണ് സാംസ്കാരികമൂലധനമെന്ന സങ്കല്പനം മുന്നോട്ടുവെച്ചത്. മൂലധനത്തെ സാമ്പത്തികേതരമേഖലയിലേക്ക് അദ്ദേഹം പരിവർത്തിപ്പിച്ചു. സംസ്കാരത്തിൽ വ്യക്തികൾക്കും വിഭാഗങ്ങൾക്കും കൈവരുന്ന സവിശേഷരീതിയിലുള്ള അധികാരമായാണ് സാംസ്കാരികമൂലധനം അവതരിപ്പിക്കപ്പെട്ടത്. The Forms of Capital (1986) എന്ന കൃതിയിൽ സമൂഹത്തിൽ ഉന്നതപദവി നേടിയെടുക്കാൻ സഹായിക്കുന്ന ഒരു വ്യക്തിയുടെ വിദ്യാഭ്യാസമെന്ന് സാംസ്കാരികമൂലധനത്തെ ബോർദ്യൂ വിശദീകരിക്കുന്നു. സാംസ്കാരികശേഷി പ്രകടിപ്പിച്ച് സാമൂഹ്യപദവി നേടിയെടുക്കാനുതകുന്ന വിധത്തിൽ ഒരാളിൽ നിക്ഷേപിതമാകുന്ന അറിവ്, സ്വഭാവശീലാദികൾ, മറ്റ് കഴിവുകൾ എന്നിവയുടെ സഞ്ചയമാണ് സാംസ്കാരികമൂലധനം. മികച്ച സാംസ്കാരിക ചിഹ്നങ്ങൾ പ്രകടിപ്പിക്കുന്ന വിഭാഗം സാംസ്കാരികമൂലധനമുളളതായി കണക്കാക്കപ്പെടുന്നു. അധികാരം കയ്യാളാൻ സാംസ്കാരികമൂലധനത്തിന്റെ സഹായം കൂടി വേണം. സാംസ്കാരികമൂലധനത്തിലെ പിന്നോക്കാവസ്ഥ സാമൂഹികാധികാരാവസ്ഥയിലും പിന്നോക്കനിലയേ പ്രദാനം ചെയ്യൂ.

പ്രതീകാത്മകമൂലധനമെന്ന സങ്കല്പനവും ബോർദ്യു ഉപയോഗിക്കുന്നുണ്ട്. പി.പി.രവീന്ദ്രൻ "സംസ്കാര പഠനം ഒരാമുഖം" എന്ന കൃതിയിൽ വ്യക്തമാക്കുന്നു: "അറിവും അംഗീകാരവും തമ്മിലുള്ള വൈരുദ്ധ്യാത്മകബന്ധത്തിലൂടെ ഉരുത്തിരിഞ്ഞുവരുന്ന പ്രശസ്തിയുടെയും പെരുമയുടെയും തോതാണ് പ്രതീകാത്മകമൂലധനം. ചിലതരം അറിവുകളും കഴിവുകളും ഭാവുകത്വങ്ങളുമായും ബന്ധപ്പെട്ടതാണ് സംസ്കാരികമൂലധനം. സാംസ്കാരികവസ്തുക്കളെ തിരിച്ചറിയാന്യം മനസ്സിലാക്കാനും ആസ്വദിക്കാനുമുള്ള സാമർത്ഥ്യമാണത് . സ്ഥാപനവൽകൃതവും അല്ലാത്തതുമായ അനുശീലനത്തിലൂടെ വ്യക്തികളും സാമൂഹികവിഭാഗങ്ങളും നേടിയെടുക്കുന്നതാണ് ഈ സാമർത്ഥ്യം." . (പുറം 93 ). ഉൽപ്പന്നങ്ങൾക്ക് പരസ്യവും മറ്റും ലഭിക്കുന്നത് പ്രതീകാത്മകമൂല്യമാണ്. പ്രതീകാത്മകമൂലധനത്തിന്റെ ഉടമസ്ഥത വ്യക്തികളെ സമൂഹത്തിൽ ഉന്നതരാക്കുന്നു.

"പ്രതീകാത്മകമൂലധനത്തിന്റെയും സാംസ്കാരികമൂലധനത്തിന്റെയും സങ്കലനത്തിലൂടെയാണ് ഒരു സമൂഹത്തിലെ സാംസ്കാരിക മൂല്യവ്യവസ്ഥ വളർന്നുവരുന്നതെന്നാണ് ബോർദ്യുവിന്റെ സാംസ്കാരികസിദ്ധാന്തം നല്കുന്ന പാഠം" - പി.പി.രവീന്ദ്രൻ എഴുതുന്നു. സാംസ്കാരികമൂല്യത്തെ സമഗ്രമായി കാണാനുള്ള ബോർദ്യുവിന്റെ ശ്രമം സംസ്കാരപഠനം എത്തിച്ചേർന്ന ഉന്നതനിലയെ സൂചിപ്പിക്കുന്നു.

[പ്രത്യയശാസ്ത്ര മേഖലയിൽ നിരവധി കൃതികൾ ലഭ്യമാണ്. ഇവിടെ നല്കിയത് സംസ്കാരപഠനത്തിൽ നമുക്ക് ഉപയോഗിക്കാവുന്ന, അത്തരം പഠനത്തിന് താങ്ങാവുന്ന ചില സൂചനകൾ മാത്രമാണ്. വിശദ വായനയ്ക്ക് മറ്റു കൃതികളെ സമീപിക്കുക.].







അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹിമവാൻ്റെ മുകൾത്തട്ടിൽ: രാജൻ കാക്കനാടൻ, ഭാഗം1

കരുണ - കുമാരനാശാൻ

സഭാപ്രവേശം - കുഞ്ചൻ നമ്പ്യാർ