മരത്തിൽ കേട്ടത്:എൻ.പ്രഭാകരൻ (കഥാസ്വാദനം)
ഉത്തരാധുനിക സാഹിത്യത്തിൻ്റെ പരിധിയിലാണ് നിരൂപകനായ പി.കെ.രാജശേഖരൻ പ്രഭാകരൻ മാഷുടെ കഥകൾ ഉൾപ്പെടുത്തിയിട്ടുള്ളത്. ആധുനികതയ്ക്കപ്പുറത്തേക്കുള്ള നോട്ടത്തിന് ആദ്യമൊരുമ്പെട്ട വി.പി. ശിവകുമാറിനും എൻ.എസ്. മാധവനും പിന്നാലെ ആധുനികതയിൽ നിന്നും വേറിട്ട സാദ്ധ്യതകൾ അന്വേഷിച്ച നിരവധിയെഴുത്തുകാരിലൊരാളായിട്ടാണ് എൻ.പ്രഭാകരനെ ഉൾക്കൊള്ളിച്ചിട്ടുള്ളത്. കത്തുന്ന വീടു പോലെയാണ് നമ്മുടെ കാലമെന്ന് എൻ.പ്രഭാകരൻ വായനക്കാരെ ഓർമ്മിപ്പിക്കുന്നുവെന്നും, കാലം ഒരു ഒഴിയാബാധയായി പ്രഭാകരൻ്റെ ഓരോ കഥയിലും കടന്നുവരുന്നുണ്ടെന്നും പി.കെ.രാജശേഖരൻ ഓർമ്മിപ്പിക്കുന്നു. കാലത്തിൻ്റെ വിലക്ഷണത കഥകളിൽ തീവ്രമായ രാഷ്ട്രീയപ്രജ്ഞ നിറയ്ക്കുകയാണ്. ‘ദൈവത്തിൻ്റെ പൂമ്പാറ്റ’, ‘സ്ഥാവരം’, ‘മറുപിറവി’, ‘മായാമയൻ’, ‘നിലാവിൽ ഒരു വഴി’ മുതലായ കഥകൾ പുതിയ കാലത്തിൻ്റെ അർത്ഥശൂന്യതയിലേക്കുള്ള പാത കാട്ടുന്നവയാണ്. പി.കെ.രാജശേഖരൻ എഴുതുന്നു: “കഥയും കാലവും തമ്മിലുള്ള ബന്ധം ഒരു നിഗൂഢതയല്ല പ്രഭാകരൻ്റെ കഥകളിൽ. ആ പ്രത്യക്ഷബന്ധം കൊണ്ടുതന്നെ ഈ കഥകളിൽ പലതും സാഹിത്യത്തിൻ്റെ ഗുണപരമായ വ്യത്യാസത്തെക്കുറിച്ചുള്ള പഴയ സങ്കൽപ്പനത്തിനു വിരുദ്ധമായി നില്ക്കുന്നു. ഈ രചനകൾ ഉത്തരാധുനികമായ ഭാവുകത്വത്തിൻ്റെ മാതൃകകളായിത്തീരുന്നത് ആ വിധത്തിലാണ്.”
ഇപ്രകാരം ഉത്തരാധുനികതയുടെ വക്താവായാണ് (പലപ്പോഴും അത് ഉല്ലംഘിക്കുന്നുണ്ടെങ്കിലും) പ്രഭാകരൻ മാഷിനെ പി.കെ. രാജശേഖരൻ അടയാളപ്പെടുത്തുന്നത്.കമ്പോളത്തിൻ്റെ പിടിയിൽ നീറുന്ന സാധാരണീയരുടെ നിശ്വാസമായി മാഷിൻ്റെ കഥകളെ കാണാവുന്നതാണ്. സ്വന്തം കഥകളെക്കുറിച്ച് എൻ.പ്രഭാകരൻ ഇപ്രകാരം രേഖപ്പെടുത്തുന്നു: “കഥാപാത്രങ്ങൾ, കഥയിലെ സംഭവങ്ങൾ, വികാരങ്ങൾ, ആശയങ്ങൾ എന്നിവയ്ക്കെല്ലാം പരിചിതരും അപരിചിതരുമായ ആയിരക്കണക്കിന് മനുഷ്യരോടും അവർ വ്യവഹരിച്ച ജീവിതമേഖലകളോടും പ്രകൃതിയോടുമെല്ലാം ഞാൻ കടപ്പെട്ടിരിക്കുന്നു. പലതും പലതിൽ നിന്നും പലരിൽ നിന്നുമായി വേർതിരിച്ചെടുത്ത് ഓരോ കഥയും ആവശ്യപ്പെടുന്ന പാകത്തിൽ സംയോജിപ്പിക്കുക മാത്രമാണ് ഞാൻ ചെയ്തിട്ടുള്ളത്.”
തൻ്റെ ജീവിതത്തെ അർത്ഥപൂർണ്ണമാക്കിയ പ്രവൃത്തിയാണ് ചെറുകഥാരചനയെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.
‘മരത്തിൽ കേട്ടത്’ എന്ന കഥ പ്രകൃതിയും മനുഷ്യരും തമ്മിൽ അവശ്യമായി രൂപപ്പെടേണ്ടുന്ന പാരസ്പര്യത്തെ പരാമർശിക്കുന്നു. പ്രകൃതിക്കും മനുഷ്യനും വേറിട്ട അസ്തിത്വമില്ല. പ്രകൃതിയുടെ പതിപ്പു തന്നെയാണ് മരങ്ങളും മനുഷ്യരും മറ്റു ജീവജാലങ്ങളും. ഒന്ന് നാമാവശേഷമായാൽ മറ്റൊന്നില്ല. എന്നാൽ, വികസനഭ്രമത്താൽ അന്ധത ബാധിച്ച മനുഷ്യൻ സഹജീവികളെ കൊന്നൊടുക്കിയും സഹജരെ വേട്ടയാടിയും മാമരങ്ങളെരിച്ചും ഭാവിയെക്കുറിച്ചോ സന്താനങ്ങളെക്കുറിച്ചോ ഓർക്കാതെ സംഹാരനൃത്തം ചവിട്ടുകയാണ്. മനുഷ്യൻ്റെ ആസുരത സൃഷ്ടിച്ച അന്ധകാരത്തെയാണ് മരത്തിൽ കേട്ടത് എന്ന കഥ ആവിഷ്കരിക്കുന്നത്.
ചേരൽ മരം സൃഷ്ടിച്ച ചൊറിച്ചിൽ അല്ലെങ്കിൽ അസ്വസ്ഥതയകറ്റാൻ താന്നിയോട് പ്രാർത്ഥിക്കുന്ന ഒരു പഴയകാലം ഇവിടെയുണ്ടായിരുന്നു. പണ്ടൊക്കെ ആളുകൾ ഈ രീതി സ്വീകരിച്ചുവന്നു. മനുഷ്യർ മരത്തോട് പരാതിപറയുന്ന കാലം! കുഞ്ഞൻ എന്ന കഥാപാത്രം കാടുതേടി വന്ന കഥാകൃത്തിന് കാടിൻ്റെ കഥകളും അനുഭവങ്ങളും പറഞ്ഞു കൊടുക്കുകയാണ്. കുഞ്ഞൻ കുറച്ചുകാലം ഫയർവാച്ചറായി ജോലി ചെയ്തിരുന്നയാളാണ്. ഇപ്പോൾ ജോലിയില്ല. എങ്കിലും കാടു തന്നെ ഉപജീവനമാർഗ്ഗം. നാട്ടിൽ വെച്ചു പരിചയപ്പെട്ട പോലെയല്ല. കാട്ടിലെത്തിയപ്പോൾ നിർത്താതെയുള്ള സംസാരമാണ്. കാടിനെക്കുറിച്ചും കാട്ടുജന്തുക്കളെക്കുറിച്ചും പക്ഷികളെക്കുറിച്ചും ഒരുപാടു പറയാനുണ്ട്. വേങ്ങയുടെ കറയ്ക്ക് ചോപ്പു നിറം വന്നത്, ദൈവം രൂപം മാറി വേങ്ങയായി നിന്നതിനാലാണ്. മനുഷ്യനും ദൈവത്തിനും ഒരു ചോരയാ. വേങ്ങമരത്തിൻ്റെ കറയാണ് കാട്ടുപന്നിയുടെ മുറിവിനുള്ള ഔഷധം. അത്ഭുതാദരങ്ങളോടെ വേങ്ങമരത്തെ കഥാകൃത്ത് കെട്ടിപ്പിടിച്ചു. അതിൻ്റെ മിനുപ്പിൽ കാതുചേർത്തു. അപ്പോൾ മനുഷ്യശബ്ദത്തോടു സദൃശമായ ഒരിരമ്പം കേട്ടു. കുഞ്ഞൻ അത്ഭുതപ്പെട്ടു. തനിക്കു മാത്രം കേൾക്കാൻ സാധിക്കുകയുള്ളൂവെന്ന് കരുതിയതാ. വീണ്ടും കാത് വെച്ചപ്പോൾ, പഴയ ഒരു താരാട്ടുപാട്ട് കേട്ടു. തങ്ങളുടെ വംശം മക്കളെ ഉറക്കുന്ന പാട്ടാണതെന്ന് കുഞ്ഞൻ സ്ഥിരീകരിച്ചു.
പിന്നെ ആ മരത്തിൽ നിന്നും കേട്ടത് ഒരു കഥയാണ്. ഒരു പണിച്ചിയുടെ മോഹം സാക്ഷാൽക്കരിക്കപ്പെട്ട കഥ. കാതെടുക്കാതെ അതും കേട്ടു നിന്ന കഥാകൃത്തിനെ അമ്പരപ്പിച്ചു കൊണ്ട് അതിൻ്റെ ഉള്ളിൽ നിന്ന് വെടിയൊച്ചയും നിലവിളിയും മുഴങ്ങി. ആണും പെണ്ണും കുഞ്ഞുങ്ങളും പേടിച്ചു നിലവിളിക്കുന്നു. ഓടി രക്ഷപ്പെടുന്നവരുടെ തീവ്രമായ കിതപ്പുകൾ. പാഞ്ഞു പോകുന്ന വെടിയുണ്ടകളുടെ മുഴക്കം. എങ്ങനെയൊ കാതു പറിച്ചെടുത്ത് കഥാകൃത്ത് ഓടി രക്ഷപ്പെടുകയാണ്. കുഞ്ഞൻ്റെ നിലവിളിയോ അലർച്ചയോ ഏതു നിമിഷവും കാതിൽ വന്നു വീഴാം.
2003 ജൂണിൽ എഴുതിയ കഥയാണിത്. മനുഷ്യൻ്റെ നല്ല പ്രവൃത്തികൾ മരം ആസ്വദിക്കുകയും, അവനോടൊപ്പം ആഹ്ലാദിക്കുകയും ചെയ്യുന്നു. മനുഷ്യനും മരവും ഒന്നുതന്നെയെന്നർത്ഥം. പരസ്പരം ഹൃദയമറിയുന്നവർ. അതിനാൽ അവൻ്റെ ഭാഷയും ഗാനവും കഥകളും അതുൾക്കൊണ്ടു. പക്ഷേ, അവനിലെ നന്മയെ മാത്രമല്ല, തിന്മയെയും അതു പ്രതിഫലിപ്പിക്കുകയാണ്. മനുഷ്യൻ ചെയ്യുന്ന നന്മകൾ മാത്രമല്ല, അവൻ ചെയ്യുന്ന തിന്മകളും പ്രകൃതിയിൽ പ്രതിഫലിക്കുമെന്ന സന്ദേശമാണ് ഈ കഥ നല്കുന്നത്. എല്ലാം തകർക്കുന്ന, ചാമ്പലാക്കുന്ന ആസുരതയാർന്ന ആക്രമണ ഘോഷമാണ് മരത്തിൽ കേട്ടത്; അഥവാ ഇപ്പോഴും നാം കേട്ടുകൊണ്ടിരിക്കുന്നത്.


കാക്കനാടൻ എഴുതിയ ശ്രീചക്രം എന്ന കഥയെ കുറിച്ച് എഴുതാമോ 😊
മറുപടിഇല്ലാതാക്കൂശ്രമിക്കാം
ഇല്ലാതാക്കൂ