മലയാള കഥയുടെ സഞ്ചാരം: കെ.പി.അപ്പൻ (മുഖ്യാശയം)
നവോത്ഥാനകാലം മുതൽ ഉത്തരാധുനിക കാലം വരെ
മലയാള സാഹിത്യ നിരൂപണ മേഖലയിൽ വളരെ ശ്രദ്ധേയമായ ശബ്ദമാണ് കെ.പി.അപ്പൻ്റേത്. അപാരമായ വായനയും നിരീക്ഷണപാടവവുമുള്ള ഈ നിരൂപകൻ തനതു കാഴ്ചപ്പാടുകൾ അവതരിപ്പിക്കുകയും അവ ഉയർത്തിക്കാട്ടുകയും ചെയ്തു. ‘മലയാള കഥയുടെ സഞ്ചാരം’ എന്ന ലേഖനം മലയാള ചെറുകഥയുടെ വളർച്ചയിലേക്ക് ശ്രദ്ധയൂന്നുന്നു. കെ.പി.അപ്പൻ എന്തൊക്കെ മൗലിക നിരീക്ഷണങ്ങളാണ് ഈ ലേഖനത്തിൽ അവതരിപ്പിച്ചിട്ടുള്ളതെന്നു നോക്കാം:
കഥയെ ജീവിതത്തിൻ്റെ ചെറു ലോകചിത്രമായും ചെറിയ അനുഭവലോകമായും അപ്പൻ നിരീക്ഷിക്കുന്നു. ഓരോ കാലത്തിലും രൂപപ്പെടുകയും പ്രയോഗിക്കപ്പെടുകയും ചെയ്യുന്ന പ്രത്യയശാസ്ത്രങ്ങൾ, സൗന്ദര്യബോധം, സാംസ്കാരികനിമിഷങ്ങൾ മുതലായവ അനുഭവചിത്രങ്ങളായി ആദ്യം ആവിഷ്കൃതമാകുന്നത് കഥയിലാണ്. ഇത് വളരെ പ്രധാനപ്പെട്ട, കഥയുടെ ഗതിയെ സംബന്ധിക്കുന്ന കെ.പി.അപ്പൻ്റെ ഒരു ചിന്തയായി കാണാം.
2. കഥ നോവലിൻ്റെ വെല്ലുവിളികളെ അതിജീവിച്ചു മുന്നേറുന്നുവെന്നത് കഥയുടെ കരുത്തിന് ഉദാഹരണമാണ്. ഉദാഹരണമായി ടി. പത്മനാഭനെയും പട്ടത്തു വിളയെയും ചൂണ്ടിക്കാട്ടുന്നു.
3. അരനൂറ്റാണ്ടിനുള്ളിൽ തന്നെ മലയാളകഥയിൽ പ്രത്യയശാസ്ത്രപരമായ മാറ്റങ്ങളുണ്ടായിട്ടുണ്ട്. ആഖ്യാനരൂപങ്ങളിൽ അടി മുടി മാറ്റം വന്നിരിക്കുന്നു. അഭിരുചി തലമുറതോറും മാറുകയാണ്.
4. മലയാള ചെറുകഥയിലെ പ്രവണതകളെയാണ് കെ.പി.അപ്പൻ അപഗ്രഥിക്കുന്നത്. തകഴിയുടെ തലമുറ പ്രവർത്തിക്കുന്ന മനുഷ്യരെ കഥാപാത്രങ്ങളായി അവതരിപ്പിച്ചു. സമൂഹത്തിൽ പ്രതിഷേധിക്കുന്നവൻ്റെ അനുഭവചിത്രങ്ങൾ തകഴി വരച്ചു. ചരിത്രത്തിൻ്റെ ലക്ഷ്യത്തെയും അതിനു പിന്നിലെ പ്രേരകശക്തിയെയും സംബന്ധിച്ച വിശ്വാസവും അന്നത്തെ കഥകളിലടക്കിയ പ്രത്യയശാസ്ത്രമായിരുന്നു. ഒരു സാമ്പത്തികാവസ്ഥ (മുതലാളിത്തം)യിൽ നിന്ന് മറ്റൊരു സാമ്പത്തികാവസ്ഥയിലേക്കു (സോഷ്യലിസം) മാറുന്ന സമൂഹത്തിൻ്റെ കൊച്ചുപതിപ്പുകളായി ആ കാലഘട്ടത്തിലെ കഥകൾ. പുതിയ മനുഷ്യനെക്കുറിച്ചുള്ള സ്വപ്നങ്ങൾ തകഴിയുടെ കഥകളിൽ കാണാം. യാഥാർത്ഥ്യവും ഭാവനയും കൂടിക്കലർന്ന സമീപനമായിരുന്നു അത്.
5. ബഷീർ, കഥയിൽ ആർദ്രമായ (ദയയും വേദനയും മോദവും സമ്മിശ്രമായ) മനുഷ്യനിമിഷങ്ങൾ സൃഷ്ടിച്ചു. ഈ ലോകത്തെ സ്വർഗ്ഗമാക്കാനായിരുന്നു തകഴിയുടെ തലമുറ (ബഷീർ ഉൾപ്പെടെ) എഴുതിയത്. യാഥാർത്ഥ്യത്തിൻ്റെ ഒരു വശത്തെ മാത്രമേ അവർ കണ്ടുള്ളൂവെന്നത് ഒരു പരിമിതിയാണ്.
6. ടി. പത്മനാഭൻ, എം.ടി.വാസുദേവൻ നായർ എന്നിവർ ഏകാന്തതയനുഭവിക്കുന്ന കഥാപാത്രങ്ങളെ സൃഷ്ടിച്ചു. കുറേക്കൂടി തിങ്ങിയ മനുഷ്യനിമിഷങ്ങളായിരുന്നു അവർ ആവിഷ്കരിച്ചത്. സ്നേഹിക്കാനുള്ള കഴിവു നഷ്ടപ്പെട്ട മനസ്സുകളെക്കുറിച്ചുള്ള വിലാപങ്ങളായിരുന്നു അവരുടെ ആദ്യകാല കഥകൾ. മനുഷ്യനിലെ മനുഷ്യനെ (ആ ഏകാകിയെ) തേടുന്ന കഥകൾ.
7. മാധവിക്കുട്ടി ഭാവനയെ അങ്ങേയറ്റം സ്വാഭാവികമാക്കി. യാഥാർത്ഥ്യം അതിൻ്റെ അസ്വസ്ഥമായ അനുഭവമായി. അർത്ഥ വ്യക്തതയുള്ള ഭാഷ ഉപയോഗിച്ചു.
8. നിഷേധമായിരുന്നു ആധുനികതയുടെ അടിസ്ഥാന ഭാവം. ബുദ്ധിപരമായി വളർച്ച നേടിയ എഴുത്തുകാരനെ ഇതിൽ കാണാം. ‘വിഭ്രമാത്മകതയുടെ നിറയൊഴിക്കൽ’ എന്നാണ് കെ.പി.അപ്പൻ ആധുനികതയെ വിശേഷിപ്പിക്കുന്നത്. യുക്തിക്കു നിരക്കാത്ത യാഥാർത്ഥ്യങ്ങൾ അവതരിപ്പിക്കാൻ സ്വാഭാവികമാർഗ്ഗങ്ങളില്ലാതെ വന്നപ്പോൾ ഒ.വി.വിജയനും കൂട്ടുകാരും ഭാഷയെ അനുഭവമാക്കി മാറ്റി. മനുഷ്യൻ്റെ പ്രശ്നങ്ങൾ ഭൗതികമല്ലെന്ന് (പഞ്ചഭൂതനിർമ്മിതമല്ലെന്ന്) അവർ കണ്ടു. കഥകളിൽ യോഗാത്മകതലം അവതരിപ്പിച്ചു. മനുഷ്യൻ്റെ നേരിട്ടുള്ള അനുഭവങ്ങൾക്കപ്പുറമുള്ള ലോകത്തെയാണ് വിജയൻ്റെയും കൂട്ടരുടെയും കഥകൾ പരിഗണിച്ചത്. പതിവു യാഥാർത്ഥ്യബോധത്തെ വെടിഞ്ഞ്, ഭാഷയുടെ കേവലമായ അനുഭൂതിയിൽ എഴുത്തുകാർ പ്രവേശിച്ചു. ഇപ്രകാരം ചില ആധുനിക കഥാകാരന്മാർ പ്രപഞ്ചസത്തയെ സാക്ഷാത്കരിക്കുകയുണ്ടായി. ചരിത്രം ആഖ്യാനം ചെയ്യുമ്പോഴും, ഒ.വി.വിജയൻ കഥകൾ ചരിത്രത്തിൻ്റെ ദൈവശാസ്ത്രപരമായ ശാഖകളായി.
9. ആനന്ദ് വ്യക്തിസത്തയേക്കാളും ചരിത്രത്തിന് പ്രാധാന്യം നല്കി. സി.വി.ശ്രീരാമൻ രാഷ്ട്രീയത്തെ കഥയുടെ ഘടനയിൽ കൊണ്ടുവരുന്നു. പിളർന്ന ബോധത്തിനെതിരായ ആശയവും ലോകചിത്രവുമാകുന്നു ആ കഥകൾ.
10. സാമ്പ്രദായിക ആഖ്യാനരീതിയെ നിഷേധിച്ചു കൊണ്ടാണ് ആഖ്യാനത്തിൻ്റെ വിപ്ലവസാദ്ധ്യത ആധുനിക എഴുത്തുകാർ തേടിയത്. യാഥാർത്ഥ്യവും ഭ്രമകൽപ്പനയും മാറി മാറി പ്രത്യക്ഷപ്പെടുന്ന കഥകളാണ്, സക്കറിയ, കാക്കനാടൻ,സേതു എന്നിവരുടേത്. ദാർശനിക സമസ്യകൾ മാത്രമല്ല ആധുനിക കഥകൾ ആവിഷ്കരിച്ചത്.
11. യുക്തിയില്ലായ്മ ഭാഷയിൽ തേടുന്ന കഥകളാണ് കെ.പി.നിർമൽകുമാർ എന്ന എഴുത്തുകാരൻ്റെ ‘സതി’, ‘സ്വച്ഛന്ദമൃത്യു’ എന്നീ കഥകൾ. ‘ഭാഷയിൽ ഒരാൾക്കു സൃഷ്ടിക്കാൻ കഴിയുന്ന ശൂന്യതാദർശനത്തിൻ്റെ ഏറ്റവും മൗലികമായ രചനകൾ’ എന്ന് കെ.പി.അപ്പൻ വിശേഷിപ്പിക്കുന്നു. അനുഭവമൊഴിച്ച് മറ്റൊന്നും ഗ്രഹിക്കാനില്ലാത്ത ഒരിടത്ത് കഥ എത്തിച്ചേരുകയായിരുന്നു. പിന്നീട് എഴുത്തുകാരൻ ദീർഘകാലം മൗനത്തിലായിരുന്നു. എഴുത്തിൻ്റെ ലോകത്തിൽ ഒരു പ്രവാസം. എൻ.എസ്. മാധവനും ‘ചൂളൈമേടിലെ ശവങ്ങൾ’ എന്ന കഥയ്ക്കു ശേഷം ഒരു പ്രവാസബോധം സ്വയം തിരഞ്ഞെടുക്കുന്നുണ്ട്.12. ചരിത്രം കഥയ്ക്ക് പ്രത്യക്ഷമായ പ്രചോദനവുമേകാം, വ്യത്യസ്ത സൗന്ദര്യ നിർമ്മാണത്തിന് വഴിയുമാകാം. അടിയന്തരാവസ്ഥയുടെ പ്രേരണകൾ ഉദാഹരണം. ദേശീയമനസ്സിനെ വ്രണപ്പെടുത്തിയ സംഭവമായിരുന്നു അത്. ഏത് അടിച്ചമർത്തലും അതിൻ്റേതായ കലാരൂപങ്ങൾ സൃഷ്ടിക്കാറുണ്ട്. അത്തരം രണ്ടു കഥകളാണ്, ഒ.വി.വിജയൻ്റെ ‘അരിമ്പാറ’യും എം. സുകുമാരൻ്റെ ‘ജലജീവികളുടെ രോദന’വും. ഭരണകൂടമെന്ന മർദ്ദനയന്ത്രത്തെ പ്രഹരിക്കുന്ന കഥയാണ് ‘ജലജീവികളുടെ രോദനം’.
മനുഷ്യൻ ചരിത്രത്തിൻ്റെയോ രാഷ്ട്രീയത്തിൻ്റെയോ ഇരയാണെന്ന് ഈ കഥകൾ ബോദ്ധ്യപ്പെടുത്തുന്നു.
13. പുതുമ തുടരണമെന്ന, അതാവശ്യമാണെന്ന ബോദ്ധ്യമാണ് ഉത്തരാധുനിക പ്രവണതകളെ സൃഷ്ടിച്ചത്. പുതിയ സിദ്ധാന്തങ്ങൾ പ്രയോഗിക്കുമ്പോഴും,കഥകൾ ഉന്നയിക്കുന്ന അനുഭവങ്ങളാണ് മുഖ്യം. ബുദ്ധിപരമായ അന്തരീക്ഷത്തേക്കാളും കഥയിൽ പ്രധാനം വൈവിദ്ധ്യത്തിനു വേണ്ടിയുള്ള അഭിരുചി ഒരു സാംസ്കാരിക സമരം പോലെ രൂപപ്പെടുന്നുവെന്നുള്ളതാണെന്ന് കെ.പി.അപ്പൻ പറയുന്നു. സാംസ്കാരിക ഭിന്നാത്മകതയുടെ കൊണ്ടാടൽ ഉത്തരാധുനികതയുടെ മുഖ്യപ്രവണതയാണ്. ഒരു സംഭവം ആവിഷ്കരിക്കുന്നതിൽ ആഖ്യാനം എത്രത്തോളം പങ്കുവഹിക്കുന്നുണ്ടെന്ന സംശയം ഉയർന്നത് ഈ കാലഘട്ടത്തിലെ കഥകളിലൂടെയാണ്. വെളിപ്പെടുത്തലല്ല - ആഖ്യാനമാണു മുഖ്യം. ഹൈദഗറിൻ്റെ ചിന്തകൾക്ക് ഇവിടെ പ്രസക്തി വർദ്ധിക്കുന്നു. ആഖ്യാനമാണ് സത്തയെ കണ്ടെത്തുന്നതെന്ന് അദ്ദേഹം വാദിക്കുന്നു. ഉത്തരാധുനികചിന്തകൾ ഹൈദഗറിൻ്റെ നിരീക്ഷണങ്ങളെ പിന്തുടരുന്നു.
14. ഒരു സാംസ്കാരിക പരിത:സ്ഥിതിയിലെ സിദ്ധാന്തങ്ങൾ മറ്റൊരു സാംസ്കാരിക പരിത:സ്ഥിതിയിൽ മാറ്റത്തിനു വിധേയമാകുന്നുവെന്ന യാഥാർത്ഥ്യമാണ് ‘സഞ്ചരിക്കുന്ന സിദ്ധാന്തം’ എന്നറിയപ്പെടുന്നത്. എഡ്വേഡ് സെയ്ദാണ് ഇതിൻ്റെ ആവിഷ്കർത്താവ്. ഒരു ധൈഷണിക (ബുദ്ധിസംബന്ധമായ) സ്ഥലത്തു നിന്നും മറ്റൊരു ധൈഷണിക സ്ഥലത്തേക്കു സഞ്ചരിക്കുമ്പോൾ സിദ്ധാന്തങ്ങൾ മാറ്റത്തിന് വിധേയമാകുന്നു. (യൂറോപ്യൻ ചിന്തകൾ കേരളീയ സാഹചര്യത്തിലെത്തുമ്പോൾ മാറ്റമുണ്ടാകുമല്ലോ.)
15. സംഭവം ഗ്രഹിക്കാവുന്ന ഒന്നല്ലെന്ന് ദലൂസ് പറയുന്നു. ആത്യന്തികയാഥാർത്ഥ്യം നമ്മിൽ നിന്നും അകന്നു നില്ക്കും. ഒരു സംഭവത്തെ അതായി മാത്രം ആഖ്യാനം ചെയ്യാനാകില്ല. ഒരു സംഭവത്തിൻ്റെ തികവുറ്റ യാഥാർത്ഥ്യമല്ല, ആഖ്യാനം. സംഭവത്തിൻ്റെ മോഡൽ മാത്രമാണെന്ന് കെ.പി.അപ്പൻ പറയുന്നു. എം. മുകുന്ദൻ്റെ ‘ഫോട്ടോ’ എന്ന കഥ കേട്ടറിഞ്ഞ സംഭവങ്ങളുടെ മോഡലാണ്. ധാർമ്മികനീതീകരണത്തിൻ്റെ മഹാകഥകൾക്ക് അവയുടെ പരിവേഷം നഷ്ടപ്പെടുകയാണ്. രാഷ്ട്രീയ മഹാവ്യവഹാരങ്ങളിലുള്ള വിശ്വാസവും ഇല്ലാതാകുന്നു. മതത്തോടുള്ള ആദരവും അപ്രത്യക്ഷമാകുന്നു. കലയെ പ്രതിഷേധപ്രസ്ഥാനമാക്കാൻ ഇന്നത്തെ എഴുത്തുകാരന് താൽപ്പര്യമില്ല. എഴുത്തുകാരൻ സംഭവിച്ചതു പറയുകമാത്രമാണ് വേണ്ടത്. ഭാവിപറയാനും ഉണർത്താനും അയാൾ വേണ്ട. അതിനാൽ പത്രങ്ങളിലെ വാർത്താ പാഠങ്ങളെ കഥയുടെ പ്രശ്നരൂപമാക്കി, അയാൾ പരീക്ഷണം നടത്തുന്നു. അതാണ് ‘ഫോട്ടോ’ എന്ന കഥ.
16. സക്കറിയയുടെ ‘ഒരു ദിവസത്തെ ജോലി’ എന്ന കഥ, ഫിക് ഷനെ ഒഴിവാക്കി ആശയങ്ങളുടെ അഭാവമുള്ള സാധാരണജീവിതത്തെ സൂചിപ്പിക്കുന്നു. വായിച്ചതു തന്നെ ദർശനമാകുന്നു.
17. ദൃശ്യമാദ്ധ്യമത്തിൻ്റെ സാങ്കേതികത്വത്തിനൊപ്പം സഞ്ചരിക്കുന്ന കഥയായി എൻ.എസ്.മാധവൻ്റെ ‘അമ്മ: യാ ദേവി സർവഭൂതേഷു സ്ഥിതി രൂപേണ സംസ്ഥിതാ…’ നിലകൊള്ളുന്നു.
18.രാഷ്ട്രീയ സാഹചര്യങ്ങളെ അസ്തിത്വ സാഹചര്യങ്ങളായി തിരിച്ചറിയാനുള്ള ശ്രമവും കഥയുടെ ഉത്തരാധുനിക ഘട്ടത്തിൻ്റെ സവിശേഷതയാണ്. കഥയിൽ ആരും ആരെയും അഭിമുഖീകരിക്കുന്നില്ലെന്നും, പുതിയ തലമുറ അവരുടേതായ കഥ നിർമ്മിക്കുകയാണെന്നും കെ.പി.അപ്പൻ പ്രസ്താവിക്കുന്നു.


അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ