കടൽ കാണാൻ: സാറാ ജോസഫ് (ആസ്വാദനം)

സ്ത്രീയെഴുത്തിൻ്റെ മൂല്യം മലയാളിസമൂഹത്തിനു ബോദ്ധ്യപ്പെടുത്തിയ എഴുത്തുകാരികളിൽ പ്രമുഖയാണ് സാറാ ജോസഫ്. മലയാളസാഹിത്യത്തിൻ്റെ വിവിധശാഖകളിലെല്ലാം സ്ത്രീയെഴുത്ത് ശക്തിപ്പെട്ടുവരികയാണ്. സാഹിത്യത്തിലും സമൂഹത്തിലും വേരുറപ്പിച്ച പുരുഷാധിപത്യപ്രവണതകളെ ചെറുത്തുനില്ക്കാനുള്ള പ്രചോദനം വളർന്നു വരുന്ന എഴുത്തുകാരികളിൽ പകരാനവർക്കു കഴിഞ്ഞു. സ്ത്രീ സമൂഹത്തിനു പ്രത്യാശ പകർന്ന സാഹിത്യ ജീവിതമാണ് സാറാ ജോസഫിൻ്റേതെന്നു പറയാം. ‘മനസ്സിലെ തീ മാത്രം’, ‘കാടിൻ്റെ സംഗീതം’, ‘പാപത്തറ’, ‘ഒടുവിലത്തെ സൂര്യകാന്തി’, ‘കാടിതു കണ്ടായോ കാന്താ’, ‘പുതുരാമായണം’ തുടങ്ങിയ ചെറുകഥാസമാഹാരങ്ങളും ‘ആലാഹയുടെ പെണ്മക്കൾ’, ‘മാറ്റാത്തി’, ‘ഒതപ്പ്’, ‘ഊരുകാവൽ’, ‘ആതി’, ‘ആളോഹരി ആനന്ദം’, ‘ബുധിനി’, ‘എസ്തേർ’ മുതലായ നോവലുകളും 'അടുക്കള തിരിച്ചു പിടിക്കുക’ തുടങ്ങിയ ലേഖന സമാഹാരങ്ങളും സാറാ ജോസഫിൻ്റേതായുണ്ട്. സ്ത്രീ പ്രശ്നങ്ങളെ അതിൻ്റെ അടിത്തട്ടിൽ ചെന്നിറങ്ങി സമീപിക്കുകയും ആവിഷ്കരിക്കുകയും ചെയ്യുന്ന സാറാ ജോസഫ് സ്ത്രീവാദത്തെ സാഹിത്യത്തിലും സമൂഹത്തിലും പ്രബലമാക്കി. 

ബാല്യത്തിലേ ചൂഷണത്തിനു വിധേയരാകുന്ന പെൺകുട്ടികളുടെ ദയനീയ ജീവിതവശങ്ങളെ തുറന്നുകാട്ടുന്ന കഥയാണ് ‘കടൽ കാണാൻ’. ‘കാടിതു കണ്ടായോ കാന്താ’ എന്ന കഥാസമാഹാരത്തിലാണ് ഈ കഥ പ്രസിദ്ധീകരിച്ചിട്ടുള്ളത്. മദ്ധ്യപ്രദേശിൽ നിന്നുള്ള കുട്ടിയായ ദുർഗ്ഗയുടെ കഥയാണിത്. ‘ദുർഗ്ഗ’യുടെ പ്രതികാരദാഹമൊന്നും ഇല്ലാത്ത നിഷ്കളങ്കയായ പെൺകുട്ടി. ജീവിതത്തിൻ്റെ സങ്കീർണ്ണ ഘട്ടങ്ങളെ എങ്ങനെ തരണം ചെയ്യണമെന്ന് ചിന്തിക്കാനും തീരുമാനമെടുക്കാനും ഉള്ള പ്രാപ്തി പോലും മുളക്കാത്ത കൊച്ചുപെണ്ണ്. ഒരിക്കലും കടൽ കാണാത്ത അവൾക്ക് പേരിട്ടതും, കടൽക്കഥകൾ പറഞ്ഞ് മോഹിപ്പിച്ചതും അവളുടെ മുത്തച്ഛനായിരുന്നു. ലഖൻ എന്ന ഏജൻ്റിന് മുന്നൂറ്റിരണ്ടു രൂപയ്ക്ക് അവളെ വില്ക്കാൻ പ്രേരിപ്പിച്ചത് കടുത്ത ദാരിദ്ര്യമായിരുന്നു. താല്ക്കാലികമായി വിശപ്പിനു ശമനമുണ്ടാക്കാൻ അതു മാത്രമേ അവളുടെ അമ്മയ്ക്ക് വഴിയുണ്ടായുള്ളൂ. അമ്മ അവളെ കൈപിടിച്ചു കൊടുക്കുമ്പോൾ അറക്കാൻ ഒരാട്ടിൻകുട്ടിയെ വാങ്ങുകയാണെന്നാണ് ലഖനു തോന്നിയത്. ദുർഗ്ഗ നിലവിളിച്ചപ്പോൾ അവൾക്ക് കടൽ കാണിച്ചു കൊടുക്കാമെന്ന് ലഖൻ വാക്കുനല്കി. അവൾ നിർത്താതെ കരഞ്ഞപ്പോൾ ഇനീം കരഞ്ഞാ പിടിച്ചു പോലീസിനു കൊടുക്കുമെന്ന് അവൻ ഭീഷണിപ്പെടുത്തി. ലഖൻ്റെ കയ്യിലുള്ള പണം മുഴുവൻ നല്കിയാണ് അവളെ മേടിച്ചത്. ഇനീം കരഞ്ഞാ അവളെ മാത്രല്ല, അമ്മയേയും മുലകുടിക്കുന്ന ചെറുതിനേയും പിടിപ്പിക്കും. 

കൂടെ വന്ന് മര്യാദയ്ക്കു ജോലി ചെയ്താൽ നല്ല കാശു സമ്പാദിക്കുകയും ചെയ്യാം. മോഹിച്ചതൊക്കെ വാങ്ങാം. കടുത്ത ദാരിദ്ര്യത്തിൽ കുഞ്ഞു സഹോദരൻ മുന്നയുടെ ജീവൻ നഷ്ടമായത് അവളോർത്തു. നീലക്കടലും പച്ചത്തെങ്ങും വെളുത്ത ചോറുമുള്ള ഒരു നാടിനെപ്പറ്റി ലഖൻ വിസ്തരിച്ചുവെന്ന് കഥാകൃത്ത് എഴുതുന്നുണ്ട്. അത് കേരളം തന്നെ. പക്ഷേ, മനുഷ്യത്വത്തിൻ്റെ അഭാവം ഇവിടെ ഗൗരവാവഹമായി കൂടുതലാണെന്ന് ദുർഗ്ഗ നേരിട്ട ദുരന്തം വ്യക്തമാക്കുന്നു. ലഖൻ കച്ചവടക്കണ്ണുള്ളവനാണ്. ദാരിദ്ര്യം കാരണം ആ സ്ത്രീ ഇനിയും, അല്ലെങ്കിൽ അതുപോലുള്ളവർ, പെൺകുഞ്ഞുങ്ങളെ വിൽക്കാൻ തയ്യാറാകും. അവരെ വാണിഭം ചെയ്ത് തനിക്ക് പണക്കാരനാകാം. അവർക്ക് ജീവിക്കുകയുമാകാമെന്ന് അയാൾ സമാധാനിക്കുന്നുമുണ്ട്. മകനായ മുന്നയുടെ മരണത്തിൽ തപിച്ച് തൻ്റെ പെൺമക്കളെ പ്രാകി വിശന്ന് തളർന്നിരിക്കെയാണ് ലഖൻ എത്തിയത്. ലഖൻ്റെ ചില സ്പർശങ്ങൾ ദുർഗ്ഗയ്ക്ക് അസ്വസ്ഥതയുണ്ടാക്കി. ദുർഗ്ഗയുടെ ശീലങ്ങൾ എഴുത്താൾ വിവരിക്കുന്നുണ്ട്. ഉറക്കമുണർന്നാൽ ഒരുകാര്യവും അവൾക്ക് ഓർമ്മ വരില്ല. കടൽ അവളെ നടുക്കുന്ന അനുഭവമായി അടുത്തു വരികയാണ്. ജീവിതത്തിലാദ്യമായാണ് കടലിൻ്റെ അലർച്ച കേൾക്കാൻ പോകുന്നത്. ഞെട്ടിപ്പോകുമവൾ. അവളുറങ്ങാൻ പോകുന്ന മുറിയുടെ വിശാലതയും അവളെ ഭയപ്പെടുത്താൻ പോന്നതാണ്. അവളുടെ നിലവിളിയെ കടലിൻ്റെ ഇരമ്പം മുക്കിക്കളയും. 

ഈ ഇടപാട് തനിക്ക് നഷ്ടമാണുണ്ടാക്കിയതെന്ന് ലഖൻ കണക്കുകൂട്ടുന്നുണ്ട്. ലഖന് മകളുണ്ട്. അവൾ ഋതുമതിയായിരിക്കുന്നു. അവൾക്ക് മധുരപലഹാരങ്ങൾ വാങ്ങി നല്കണം. സാൽവാർ കമ്മീസും വാങ്ങി തൻ്റെ മോൾക്കു നല്കണം. പറ്റുമെങ്കിൽ, മോൾക്കൊരു പൊന്നിൻ്റെ കാതിപ്പൂവു തന്നെ വാങ്ങണം. അതിന് ലഖൻ ഇരയാക്കുന്നതോ, ദുർബലയും നിഷ്കളങ്കയുമായ, ആരോരുമില്ലാത്തവളായ, തൻ്റെ മകളെപ്പോലെ ഒരു മകളായ ദുർഗ്ഗയുടെ ജീവിതം! 

ജീവിതത്തിൽ ദുർഗ്ഗ ഇതുവരെ കിടന്നിട്ടില്ലാത്ത മൃദുവായ മെത്തയിൽ അവളെ കിടത്തി, തിലകൻ എന്ന സുഹൃത്ത് വരുന്നതും പ്രതീക്ഷിച്ച് ലഖൻ ഇരുന്നു. നാളെ അവളെ കൈമാറേണ്ടതാണ്. അതിനു മുന്നേയുള്ള രാത്രി തനിക്കു ലാഭമുണ്ടാക്കാനുള്ളതാണ്. സായിപ്പന്മാരായ ടൂറിസ്റ്റുകളെ തിലകൻ കൊണ്ടുവരും. “ഇളന്നീര് കാമ്പോടെ അടിച്ചു കൊടുക്കുന്ന പാനീയം ഇഷ്ടപ്പെടുന്നവരാണ് ടൂറിസ്റ്റുകൾ” എന്ന വാക്യത്തിൽ നിന്നും ടൂറിസ്റ്റുകളുടെ ഭോഗപ്രിയത വ്യക്തമാകുന്നു. തിലകൻ പക്ഷേ, കൊണ്ടുവന്നത് മൂന്നു നാടന്മാരെയാണ്. സാക്ഷരരായ കേരളാ സായ്പന്മാരെ. തൻ്റെ കയ്യിലുള്ളത് ഫ്രഷാണ്. പൈസ കുറക്കാനാകില്ല. കുടിയന്മാർ നോട്ടുകൾ പറത്തി. ദുർഗ്ഗ അവരടുത്തപ്പോൾ പേടിച്ച് മുറിയുടെ മൂലയിലേക്കോടിയിട്ടുണ്ടാകും. കടൽപ്പിശാചുകൾ കാളകളെപ്പോലെ മുക്രയിട്ടു വരും. ചെറുകുട്ടികളുടെ കിളുന്നു മാംസം തിന്നും. അവൾ വെറും ആട്ടിൻകുട്ടിയാണെന്ന് ലഖൻ പറഞ്ഞു. ദുർഗ്ഗയ്ക്കു സംഭവിച്ചത് പ്രതീകാത്മകമായി കഥാകൃത്ത് എഴുതുന്നു: “ദുർഗ്ഗയുടെ കൈയിൽനിന്ന് വെള്ളിരൂപ തെറിച്ചുപോയി. അതിൽ പറ്റിപ്പിടിച്ച ശർക്കരയും മണത്ത് ഉറുമ്പുകൾ വന്നു. വലിയ തലയുള്ള ചുവന്ന ഉറുമ്പുകൾ. ഏതു ചുവപ്പു പരവതാനിയിലും ഇഴഞ്ഞുകയറാൻ ധൈര്യമുള്ളവ. ഉറുമ്പുകൾ സാവധാനം വെള്ളിരൂപയെ വിഴുങ്ങി”

ദുർഗ്ഗ തീവ്രവേദനയനുഭവിക്കെ ലഖനും തിലകനും പണം പങ്കുവെച്ച് സരസഭാഷണത്തിലായിരുന്നു. വീണ്ടും ചരക്കുവാങ്ങാൻ താനവിടെ പോകുമെന്നും, അതിനായി 100 രൂപ മാറ്റിവെക്കുമെന്നും ലഖൻ പറഞ്ഞു. 

രാവിലെ കടലോരത്ത് നടക്കാനിറങ്ങിയ ഒരമേരിക്കൻ ടൂറിസ്റ്റ്, നിലവിളിച്ച്, പൂർണ്ണനഗ്നയായി, കൈ രണ്ടും ഉയർത്തിപ്പിടിച്ച് ഓടി വരുന്ന കൊച്ചു പെൺകുട്ടിയെ കണ്ടു. മറ്റെവിടെയോ ഈ ദൃശ്യം കണ്ടിട്ടുണ്ടല്ലോ എന്നോർത്തു. വിയറ്റ്നാം ഓർമ്മ വരുമ്പോഴേക്കും, അവൾ കടന്നുപോയി. തൊണ്ട പൊട്ടിയ കിളിയുടെ കരച്ചിൽ അയാൾ ആ കടലിരമ്പത്തിലും കേട്ടു. തൻ്റെ ക്യാമറ അയാൾ ഫോക്കസ്സു ചെയ്കെ, ലഭിച്ചത് ഓടിയകലുന്ന പെൺകുട്ടിയുടെ പിൻഭാഗക്കാഴ്ച്ചയാണ്.

ഇവിടെ കഥ അവസാനിക്കുകയാണ്. പക്ഷേ, തീക്ഷ്ണമായ സമകാലിക പെൺദുരന്തങ്ങൾ തുടരുകയുമാണ്. സമൂഹ മനസ്സാക്ഷിയെ ഉണർത്താൻ പര്യാപ്തമാണ് ഈ കഥ. ഒരു വിങ്ങലോടെ മാത്രമേ ഈ കഥയിലൂടെ അനുവാചകന് കടന്നുപോകാനാവൂ. ചൂഷണത്തിനിരയാകുന്ന അസംഖ്യം നിരാശ്രയരും ദുർബലരും നിഷ്കളങ്കരുമായ ബാലകരുടെ ദുരിതജീവിതമാണ് ഈ കഥയിൽ പ്രതിഫലിക്കുന്നത്. ആഗോളകമ്പോള താൽപ്പര്യങ്ങൾക്കെതിരായ ആശയവും ഈ കഥയുടെ പ്രമേയപരിധിയിൽ വരുന്നു. വിയറ്റ്നാം ആഭ്യന്തര യുദ്ധകാലത്ത്, ഗൊറില്ലകളെ (വിപ്ലവ ഒളിപ്പോരാളികളെ) തുരത്താൻ അമേരിക്ക നാപ്പാം ബോംബ് വർഷിച്ചു. പല സന്ദർഭങ്ങളിലായി നടന്ന ആ ആക്രമണം വലിയ ദുരന്തം വിതച്ചു. 1972 ജൂൺ 8 ന് നാപ്പാം ബോംബ് പതിച്ചുണ്ടായ അഗ്നിബാധയേറ്റ് വസ്ത്രങ്ങളില്ലാതെ, കൈ ഉയർത്തിപ്പിടിച്ച്, കരഞ്ഞോടുന്ന ഒമ്പതു വയസ്സുകാരിയായ ഫാൻ തി കിംഫുക്കിൻ്റെ ചിത്രം നിക് ഉട്ട് എന്ന ഫോട്ടോഗ്രാഫർ പ്രകാശിപ്പിച്ചതോടെ അമേരിക്കൻ യുദ്ധതാൽപ്പര്യങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധമുണ്ടായി. പിന്നീട് അമേരിക്ക സൈന്യത്തെ പിൻവലിക്കുകയും ചെയ്തു. ഈ രാഷ്ട്രീയവിഷയത്തോടു ചേർത്തു നിർത്തിയാണ് ഈ കഥ അവസാനിപ്പിക്കുന്നത് എന്നിടത്ത് ഇതിൻ്റെ ആഗോളതാൽപ്പര്യങ്ങളിലേക്കു കൂടി സാറാ ജോസഫ് വിമർശനപരമായി വിരൽ ചൂണ്ടുന്നു. ദാരിദ്ര്യത്തെ ചൂഷണം ചെയ്ത്, പണക്കാരൻ്റെ ഭോഗപാത്രങ്ങളായി പെൺകുട്ടികളെ ഇരകളാക്കുന്ന ടൂറിസ്റ്റുരീതികളെ അപലപിക്കുകയും ചെയ്യുന്നു. പെൺകുട്ടികൾക്ക് സാമാന്യനീതി ലഭിക്കണമെന്നും, ജീവിക്കാനുള്ള അവരുടെ അവകാശം ചോദ്യം ചെയ്യപ്പെടരുതെന്നും, പുരുഷനെപ്പോലെ സന്തോഷവും സ്വാതന്ത്ര്യവും അവളർഹിക്കുന്നുവെന്നും ഈ കഥ സമർത്ഥിക്കുന്നു.


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സഭാപ്രവേശം - കുഞ്ചൻ നമ്പ്യാർ

കരുണ - കുമാരനാശാൻ

നീർമാതളം പൂത്ത കാലം : മാധവിക്കുട്ടി