എക്കോ - ബാഹുൽ - ദിൽജിത്ത്
എക്കോ: മലയാളസിനിമയിലെ പച്ചപ്പ്
കിഷ്കിന്ധാകാണ്ഡത്തിലെ നിഗൂഢവന്യത എക്കോവിൽ കൂടുതൽ പ്രകടനാത്മകവും കൂടുതൽ ദുരൂഹവുമാകുന്നുവെന്നതാണ് ഏറ്റവും പ്രധാന സവിശേഷതയായി ഞാൻ ശ്രദ്ധിച്ചത്. കിഷ്കിന്ധാകാണ്ഡത്തിൻ്റെ തച്ചൊരുക്കലുകാർ മലയാളികൾക്ക് ആസ്വദനീയമായ വിഭവമൊരുക്കിയിരിക്കുന്നുവെന്ന് സാരം. കഥ, തിരക്കഥ, സംഭാഷണം, ക്യാമറ മുതലായ സാഹിത്യപരവും സാങ്കേതികവുമായ പ്രവർത്തനങ്ങൾ നടത്തിയിരിക്കുന്നത് ബാഹുൽ ആർ ആണ്. സംവിധാനം ദിൻജിത്തും. ഇവർ തന്നെയാണ് കിഷ്കിന്ധാകാണ്ഡമെന്ന, കേരളമാകെ ചർച്ച ചെയ്ത പ്രകൃതിയുടെ മായികതയും വന്യതയുമൊപ്പിയ സിനിമയുടെ പ്രവർത്തകർ. നമുക്ക് മികച്ച സിനിമകൾ ഇനിയും ഇവരിൽ നിന്നും പ്രതീക്ഷിക്കാം. ഇവരുടെ സിനിമകൾ തട്ടിക്കൂട്ടുകളല്ല. സിനിമയെന്ന സ്വപ്നത്തെ തപസ്യയായിക്കണ്ട് ആ മേഖലയിലിറങ്ങിത്തിരിച്ചവരാണിവർ. കഥയെഴുത്തിലുള്ള ബാഹുലിൻ്റെ മിടുക്ക് നാം അനുഭവിച്ചറിഞ്ഞതാണ്. കഥ ആഖ്യാനം ചെയ്കെ, അപ്രതീക്ഷിതമായ ട്വിസ്റ്റിലേക്ക്, ഉരുണ്ടു മനോഹരമായ കയ്യക്ഷരങ്ങളിലൂടെ പരിവർത്തിപ്പിക്കാനുള്ള കയ്യൊതുക്ക് സ്വായത്തമാക്കിയ, ഭാവനാ നിഷ്‌ഠത വേണ്ടുവോളമുള്ള കലാകാരൻ. അധികം പരത്തിപ്പറയാതെ, സാന്ദ്രവും തീവ്രവുമായിപ്പറയുകയാണ് ബാഹുൽസ്റ്റൈലെന്ന് നേരിട്ടറിയാവുന്നതു കൊണ്ട് ധൈര്യമായി എനിക്കു പറയാം. ഒരു ഇരുണ്ടഹാസ്യത്തെ അദ്ദേഹം കഥകളിൽ ഒളിപ്പിച്ചു വെക്കുന്നു. നിഗൂഢമായ പുഞ്ചിരി. അതിൻ്റെ പ്രകാശനമാകുന്നു ബാഹുലിൻ്റെ സിനിമകൾ. ലളിതസുന്ദരമല്ലാത്ത പ്രമേയങ്ങളെയാണ് രണ്ടു സിനിമകളിലും കൈകാര്യം ചെയ്തിട്ടുള്ളത്. ധാരാളം പ്രോപ്പർട്ടികളും വിചിത്രമായ കാസ്റ്റിങ്ങും ദുരൂഹമായ ഇടങ്ങളും സജ്ജീകരിച്ച ശേഷമാണ് ഇത്തരം സിനിമകൾ എടുക്കേണ്ടി വരുന്നത്. അതായത്, കടുത്ത അദ്ധ്വാനം വേണ്ടിവരുന്നുവെന്നർത്ഥം. നല്ലതിനുവേണ്ടി അദ്ധ്വാനിക്കാൻ തയ്യാറുള്ള മികവുറ്റ സിനിമാപ്രേമികളുടെ സുന്ദരഭാഷ്യങ്ങളാണ് ഈ സിനിമകൾ.
ഓരോ കഥാപാത്രത്തിനും അനുസൃതമായ ഭാവാഭിനയം കഥയെ കൂടുതൽ ആഴമുള്ളതാക്കി. ഉചിതമായ സംഭാഷണവും വ്യക്തതയും ഇന്നത്തെ കാലഘട്ടത്തിൽ ദൃഢതയാർന്നതുമായ സംഭാഷണവും സിനിമയ്ക്ക് കരുത്തുപകർന്ന ഘടകങ്ങളാണ്. നായകളെ അവയുടെ ക്രൗര്യത്തെ, വിധേയത്വത്തെ കഥയ്ക്കനുസൃതമായി പരിവർത്തിപ്പിക്കുകയെന്നത് ദുഷ്കരമായ പ്രവൃത്തി തന്നെ. ആ ‘ സാങ്കേതിക’ വൃത്തിയും ഉചിതമായി പടത്തിലാവിഷ്കരിക്കാൻ സാധിച്ചിട്ടുണ്ട്.
ചില ലാറ്റിനമേരിക്കൻ സിനിമകളിൽ കാണുമ്പോലെ, കഥ നടക്കുന്ന പ്രകൃത്യന്തരീക്ഷം മുകളിൽ നിന്നുമൊപ്പിയെടുത്ത് ആവിഷ്കരിക്കുന്ന രീതി, അഭിനന്ദനാർഹം തന്നെ. കിഷ്കിന്ധാകാണ്ഡത്തിലും പച്ചയുടെ ഊർജ്ജസാദ്ധ്യത , നിഗൂഢതയുടെ ഉൾക്കരുത്താകാനുള്ള അതിൻ്റെ ശേഷി വേണ്ടുവോളം ഉൾക്കൊണ്ടിട്ടുണ്ട്. വനത്തിൻ്റെ വശ്യതയും അതിൻ്റെ കരാളതയും ഉൾക്കൊണ്ടവരാണ് ഇതിലെ മുഖ്യകഥാപാത്രങ്ങൾ. കുര്യച്ചനും മോഹൻ പോത്തനും പീയൂസെന്ന മണികണ്ഠനും മ്ലാത്തിച്ചേടത്തിയുമൊക്കെ അളക്കാനാവാത്ത രഹസ്യങ്ങൾ വഹിക്കുന്നവരാണ്. മ്ലാത്തി ച്ചേടത്തിയായി വന്ന താരമുഖം കഥാനിഗുഢതയെ മുഖത്തു പകർത്തിയ മട്ടിലായിരുന്നു. പീയൂസായി വന്ന യുവതാരവും കഥാപാത്രത്തിൻ്റെ ദുരൂഹത ഉള്ളിലേന്തി. കഥയ്ക്കനുസൃതമായ താരസ്വരൂപണം സിനിമയെ സംബന്ധിച്ച് അനിവാര്യമാണ്. അതുപോലെ ലൊക്കേഷനുകളും കഥയ്ക്കു ചേർന്നതുതന്നെ. മാലാഖയെന്ന ലോറിയുടെ കാഴ്ച പോലും പ്രേക്ഷകൻ്റെ ചിന്തയ്ക്ക് വൈവിദ്ധ്യം പകരും. യഥാർത്ഥത്തിൽ നിഗൂഢ മല്ലാത്ത ഒന്നും ഈ സിനിമയിലില്ലെന്നു പറയാം. അഥവാ അതാണ് ഈ സിനിമയുടെ ജീവൻ. പച്ചപ്പിൻ്റെ ആകർഷണീയത സ്വാഭാവികതയ്ക്കപ്പുറമുള്ള ആർദ്രതലങ്ങളിലേക്കും, അതിൻ്റെ നിബിഡത സങ്കീർണ്ണമായ പ്രകൃതിയുടെ ഘടനകളിലേക്കുമുള്ള പ്രവേശികയാകുന്നു.
യഥാർത്ഥത്തിൽ, ഈ ഗൗരവമുഖമുള്ള ചിത്രം കൂടുതൽ ആഴമുള്ള വായനകളിലേക്ക് പ്രേക്ഷകനെ നയിക്കുന്നു. ഒരു അന്താരാഷ്ട്ര സിനിമാസ്വാദനസുഖം ലഭ്യമാക്കുകയും ചെയ്യുന്നു.
ഇതിൻ്റെ രാഷ്ട്രീയവീക്ഷണതലങ്ങളും ചർച്ചചെയ്യേണ്ടതുണ്ട്. അത് മൃഗങ്ങളും മനുഷ്യരും തമ്പിലുള്ള പാരസ്പര്യത്തിനനുസൃതമാണ്. പട്ടികളെ മനുഷ്യരേക്കാളും വിശ്വസിക്കാം. യജമാനനോട് വിധേയത്വം കാണിക്കുന്ന അനുചരവൃന്ദം. കക്ഷിരാഷ്ട്രീയവും യജമാന- ആശ്രിതബന്ധങ്ങളിലേക്ക് ഈ ഉത്തരാധുനിക കാലഘട്ടത്തിൽ പരിണമിച്ചിരിക്കുകയാണല്ലോ. അധികാരത്തിൻ്റെ വ്യാപനത്തിനും പ്രയോഗത്തിനും ഇത്തരം ചോദ്യം ചെയ്യാക്കൂട്ടങ്ങൾ അനിവാര്യമാണ്. യജമാനൻ പഠിപ്പിക്കുന്നതും പറയുന്നതും അവ അനുസരിക്കുന്നു. മറ്റെല്ലാം അവഗണിക്കുന്നു. ഈ പട്ടികൾ സമകാലിക സമൂഹത്തിൻ്റെ പരിച്ഛേദം തന്നെയല്ലേ.? മ്ലാത്തിയുടെ പൂർവാശ്രമത്തിൽ മലേഷ്യയിൽ ഭർത്താവൊത്തു കഴിയുമ്പോൾ അവൾ തടവറയിലാണ്. അവൾ സുരക്ഷയാണ് എന്നല്ലേ ജനം കരുതുക ? എന്നാൽ പരിധിവിട്ട സംരക്ഷണം തടവുതന്നെയാകുന്നു. മ്ലാത്തിക്ക് മലേഷ്യയിലായാലും ബ്രഹ്മഗിരിയുടെ മടിത്തട്ടിലായാലും വിധിക്കപെട്ടിരിക്കുന്നത് തടവു (സംരക്ഷണം) തന്നെ. മ്ലാത്തിച്ചേടത്തി പക്ഷേ, നിഗൂഢമായി തൻ്റെ ചെങ്കോൽ മറച്ചുവെക്കുകയാണ്. അത് പ്രേക്ഷകനു ബോദ്ധ്യമാകുന്നിടത്ത് സിനിമ അവസാനിക്കുന്നു. പീയൂസിന് തൻ്റെ ആയുധം പുറത്തെടുക്കാനാകുന്നില്ല. മ്ലാത്തിയുടെ പട്ടാളം അപ്പോഴേക്കും നിയന്ത്രണമേറ്റെടുക്കുന്നു. കുര്യച്ചൻ മ്ലാത്തിയുടെ പടയ്ക്കു കീഴ്പെട്ടിരിക്കുകയാണെന്ന വസ്തുതയും ഒരു നടുക്കത്തോടെ പ്രേക്ഷകൻ മനസ്സിലാക്കുന്നു.
ഈയൊരു സിനിമ പല വിധ അംഗീകാരങ്ങളും നേടാൻ സാദ്ധ്യതയുള്ളതാണ്. കഥ, തിരക്കഥ, സംഭാഷണം, കാസ്റ്റിങ്, അഭിനയം, സംവിധാനം, കലാസംവിധാനം, എഡിറ്റിങ് എന്നിങ്ങനെ സർവമേഖലകളിലും ഈ പടം മികച്ച അനുഭവമായിരിക്കുന്നു!
എങ്കിലും, ന്യൂനതകളില്ലേ? സംഭാഷണം ചില തലങ്ങളിൽ കൂടിപ്പോകുന്നത് അരോചകമാകുന്നില്ലേ എന്ന് സംശയമുണ്ട്. സംഭാഷണത്തിൻ്റെ പെരുപ്പം കുറക്കാൻ, ദൃശ്യമാനതയെയും പ്രതീകങ്ങളെയും ഉപയോഗപ്പെടുത്തുക വഴി സാധിക്കും. ഈ കലാകാരന്മാർക്ക് ആ വഴി ദുർഗ്ഗമമല്ല.
ഗണേശൻ വി.9495900209

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ