ചെറുകഥയുടെ വർത്തമാന സന്ദർഭം: പി.കെ. രാജശേഖരൻ (മുഖ്യാശയം)

ഉത്തരാധുനിക ചെറുകഥയിലേക്കൊരു പടിവാതിൽ



പ്രശസ്ത സാഹിത്യ നിരൂപകനായ പികെ. രാജശേഖരൻ്റെ ‘ഏകാന്തനഗരങ്ങൾ’ എന്ന കൃതി ഉത്തരാധുനിക മലയാളസാഹിത്യത്തിൻ്റെ സൗന്ദര്യശാസ്ത്രത്തിന് മികച്ച സംഭാവനയാണ്. 

ആധുനികതയ്ക്കു ശേഷം മലയാളസാഹിത്യത്തിൽ സംഭവിച്ച വികാസങ്ങളെ സൈദ്ധാന്തികമായി വിശകലനം ചെയ്യാൻ പി.കെ. രാജശേഖരൻ ശ്രമിക്കുന്നു. അദ്ദേഹത്തിൻ്റെ ‘പിതൃഘടികാരം’ എന്ന കൃതി സാഹിത്യനിരൂപണത്തിനുള്ള കേരളസാഹിത്യ അക്കാദമി അവാർഡ് നേടി. ‘അന്ധനായ ദൈവം’ എന്ന കൃതിയും ശ്രദ്ധേയമായി. 

‘ഏകാന്തനഗരങ്ങൾ’ എന്ന കൃതിയിലെ ‘ചെറുകഥയുടെ വർത്തമാന സന്ദർഭം’ എന്ന നിരൂപണം ഉത്തരാധുനിക (ആധുനികോത്തര)ചെറുകഥയുടെ സവിശേഷതകളും പരിണാമങ്ങളും വിവരിക്കുന്നു.

പ്രധാനാശയങ്ങൾ:

 1. ഉത്തരാധുനിക ചെറുകഥ അഭിമുഖീകരിക്കുന്നത് ഒരു പ്രശ്നലോകമാണെന്ന് പി.കെ. രാജശേഖരൻ പറയുന്നു. രണ്ടു മുഖ്യമായ വെല്ലുവിളികൾ ഉത്തരാധുനിക എഴുത്തുകാർ നേരിടുന്നു. അതിലൊന്ന്, പ്രമേയതലത്തെ സംബന്ധിച്ചുള്ളതാണ്. 

കഥാപ്രമേയമെന്ന നിലയിൽ വളരെക്കുറച്ചു മാത്രമേ പുതിയ കഥയുടെ മുന്നിലുള്ളൂ. ഇതൊരു മുഖ്യമായ വെല്ലുവിളിയാണ്. മറ്റൊന്ന്, കഥയും വിപണിയും തമ്മിലുള്ള ബന്ധമാണ്. കഥ പ്രസിദ്ധീകരിക്കുവാനുള്ള സൗകര്യം കിട്ടാത്തത് എഴുത്തുകാർക്ക് തടസ്സമുണ്ടാക്കുന്നു. ഈ സന്ദർഭത്തിൽ ചെറുകഥാകൃത്തും നോവലിസ്റ്റുമായ സുഭാഷ് ചന്ദ്രൻ ‘പറുദീസാനഷ്ടം’ എന്ന കഥാസമാഹാരത്തിനെഴുതിയ ആമുഖത്തിൽ, ഭാവുകത്വത്തിൽ വിപണി ചെലുത്തുന്ന സ്വാധീനം പരാമർശിക്കുന്നു. കഥയുടെ വിപണി കൊഴുത്തു തിടം വച്ചിരിക്കുന്നുവെന്നും സ്വന്തം ചരക്കിനെ (സൃഷ്ടിയെ) പുകഴ്ത്തുകയും അന്യൻ്റേതിനെ മോശമെന്ന് കുറ്റപ്പെടുത്തുകയും ചെയ്യുന്ന വാചകക്കസർത്തായി സാഹിത്യസംവാദങ്ങൾ അധ:പതിച്ചു കഴിഞ്ഞിരിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജീവിത സത്യാന്വേഷണങ്ങൾക്ക് സാഹിത്യത്തിൽ പ്രസക്തി കുറഞ്ഞിരിക്കുന്നു. 

2. പരമ്പരാഗത കഥപറച്ചിൽ രീതികൾ മറികടക്കാനാണ് 1990 കളിൽ പുതിയൊരു കഥാഭാവുകത്വത്തിനു തുടക്കമിട്ടത്. കഥപറയുന്ന രീതിപദ്ധതികൾ മാറ്റിയെഴുതുവാനുള്ള പരിശ്രമമാണ് ഉത്തരാധുനിക കഥാഭാവുകത്വത്തെ രേഖപ്പെടുത്തിയത്. അതിൻ്റെ പ്രധാന കാരണം, വ്യത്യസ്തമായ യാഥാർത്ഥ്യമാണ് സമകാലിക സമൂഹത്തിൻ്റേതെന്ന ബോദ്ധ്യമായിരുന്നു. കഥയുടെ രൂപശില്പത്തിലും ആഖ്യാനശൈലിയിലും പ്രമേയ ഘടനയിലും മാറ്റങ്ങൾ വന്നു. പൂർവരൂപങ്ങൾ പാരഡി (അനുകാരം) കളായി. സാഹിത്യവും രചനാപ്രക്രിയയും പ്രമേയങ്ങളായി. അപൂർവം ചില കഥകളെങ്കിലും പുതിയ സാങ്കേതിക ലോകത്തെ അഭിമുഖീകരിച്ചു. ഈ വ്യതിയാനങ്ങൾക്കു ഒരു കാരണം ഉത്തരാധുനിക സാഹിത്യസിദ്ധാന്തമാണ്. 



അതു കാരണമുണ്ടായ ന്യൂനതകൾ:

i) രൂപഭ്രമം സമകാലിക ചെറുകഥാകൃത്തുക്കളിൽ രൂപപ്പെടാൻ കാരണമായി.

ii) കഴമ്പില്ലാത്ത രചനകളുണ്ടായി.

iii) അനാവശ്യവും ഔചിത്യമില്ലാത്തതുമായ രൂപപരിഷ്കരണം ഒരു ദൗർബല്യമായി.

iv) ഉപശീർഷകങ്ങൾ നല്കിയാൽ ഉത്തരാധുനിക ഭാവുകത്വമുള്ള കഥയായി എന്ന ചിന്തയുയർന്നു.

സാഹിത്യസിദ്ധാന്തത്തിനു വ്യാഖ്യാനസാദ്ധ്യത നല്കാനല്ല, പുതിയ ഉപകരണങ്ങൾ കണ്ടെത്താൻ സാഹിത്യസിദ്ധാന്തത്തെ നിർബദ്ധമാക്കുന്ന തരത്തിലാകണം പുതിയ കഥയെഴുതേണ്ടതെന്ന് പി.കെ. രാജശേഖരൻ പറയുന്നു. വിപണിക്കനുസരിച്ചു നീങ്ങാനുള്ള വാസനകൾ ഇല്ലാതാകണം. എങ്കിലേ ഉത്തരാധുനിക ഭാവുകത്വത്തിന് ശോഭിക്കാനാവുകയുള്ളൂ. കേരളത്തിലെ ആധുനികാനന്തര സാമൂഹികയാഥാർത്ഥ്യങ്ങളെ അഭിമുഖീകരിക്കാനാകണം. വിവരസാങ്കേതികവിദ്യയുടെ പ്രതീതി യാഥാർത്ഥ്യത്തെ നേരിടാൻ സാധിക്കണം. മാറ്റങ്ങളെ ഉൾക്കൊണ്ട് അവതരിപ്പിക്കാനുള്ള കെല്പ് ചെറുകഥയ്ക്ക് ഇന്നു കുറവാണ്. പുതിയ ലോകത്തെ അഭിമുഖീകരിക്കേണ്ടതുണ്ട്. പുതുതായി കണ്ടെത്താനാവശ്യമായ മനസ്ഥിതി കഥാകൃത്തിനു വേണം. ഒരു ചന്തസ്ഥലത്തു നിന്നാണ് പുതിയ കഥാകൃത്ത് എഴുതുന്നത്. അവിടെ ഉപയോഗിക്കാത്തതായി ഒന്നും ശേഷിച്ചിട്ടില്ല. ഈ പ്രശ്നലോകത്തെ സംബോധന ചെയ്യുമ്പോൾ മാത്രമേ കഥയ്ക്ക് പല്ലും നഖങ്ങളുമുണ്ടാവൂ.

3. ആധുനിതയ്ക്കപ്പുറത്തേക്കുള്ള (ഉത്തരാധുനിക) നോട്ടത്തിന് ആദ്യമൊരുങ്ങിയ എഴുത്തുകാരാണ് വി.പി.ശിവകുമാറും എൻ. എസ്. മാധവനും. എൻ. പ്രഭാകരൻ, ടി.വി. കൊച്ചുബാവ, അശോകൻ ചരുവിൽ, കെ. രഘുനാഥൻ, പി.സുരേന്ദ്രൻ, അഷ്ടമൂർത്തി, തോമസ് ജോസഫ്, കെ.പി. രാമനുണ്ണി മുതലായവർ ഉത്തരാധുനിക സാദ്ധ്യതകൾ അന്വേഷിച്ചവരാണ്. പലപ്പോഴും ആധുനികതയുടെ നിഴൽ പ്രദേശത്തായിരുന്നു അവരുടെ വാസം.

4. എൻ. എസ്. മാധവൻ്റെ ‘ഹിഗ്വിറ്റ’യിലെ കഥകൾ, (1993), ഉത്തരാധുനിക കഥയുടെ സംഭ്രമജനകമായ തുടക്കമായി കാണാം.

‘ഹിഗ്വിറ്റ’ എന്ന കഥ നവീനമനുഷ്യബോധത്തിൻ്റെ പ്രകാശനമാണ്. കൊളംബിയൻ ഗോളിയായ റെനെ ഹിഗ്വിറ്റ ഉത്തരാധുനിക കാലത്തിൻ്റെ ഗോളിയായി. ഒരു വ്യവസ്ഥയായിത്തീർന്ന ജീവിതത്തിൻ്റെ ലംഘനം ആ കഥയിൽ കാണാം. ‘കാണി’യിൽ പുതിയ സ്ത്രീത്വബോധവും നാലാം ലോകത്തിൽ പുതിയ മനുഷ്യ ചരിത്രബോധവും കാണാം. ഇത്തരം നവീന തിരിച്ചറിവുകൾ ഹിഗ്വിറ്റയെ മലയാള കഥാസാഹിത്യത്തിലെ ആദ്യത്തെ പോസ്റ്റ്മോഡേണിസ്റ്റ് (ഉത്തരാധുനിക) കൃതിയാക്കുന്നു.

എൻ.എസ്.മാധവൻ്റെ ‘ഹിഗ്വിറ്റ’ എന്ന സമാഹാരത്തിലുള്ള ‘നാലാംലോകം’ എന്ന കഥ, എൺപതുകൾക്കു ശേഷം എഴുതപ്പെട്ട ഏറ്റവും മികച്ച കഥകളിലൊന്നാണ്. സോവിയറ്റ് യൂണിയൻ്റെ തകർച്ചയുടെ പശ്ചാത്തലത്തിൽ മനുഷ്യ സ്വത്വത്തെക്കുറിച്ചുള്ള അന്വേഷണമായി അതു മാറുന്നു. ആധുനികാനന്തര ജീവിതത്തിൻ്റെ വ്യത്യസ്തമായ ആവർത്തനങ്ങൾ ‘എൻ്റെ മകൾ ഒരു സ്ത്രീ’, ‘കാണി’ എന്നീ കഥകളിൽ കാണാം. പുതിയ സംവേദനശീലത്തിൻ്റെ ശിശുവാണ് ‘ഹിഗ്വിറ്റ’ എന്ന സമാഹാരം. 

5. ടി.വി. കൊച്ചുബാവയുടെ കഥകളിൽ ജീവിതം പീഡാഗൃഹമാകുന്നു. ഭാവിയെക്കുറിച്ചുള്ള ഉത്കണ്ഠാകുലമായ ഭയം, ടെക്നോക്രസി, വൃദ്ധജന്മത്തിൻ്റെ ദുരന്തം തുടങ്ങിയ വേവലാതികൾ മിക്ക കഥകളിലുമുണ്ട്. ക്രൂരതയും അക്രമാസക്തിയും നിറഞ്ഞ ലോകമാണ് കൊച്ചുബാവയുടെ കഥകളിലുള്ളത്. യാഥാർത്ഥ്യവും ഭ്രമകൽപ്പനയും അതിൽ ഇടകലരുന്നു. 

6. ‘കത്തുന്ന വീടുപോലെയാണ് നമ്മുടെ കാലമെന്ന്’ എൻ.പ്രഭാകരൻ ഓർമ്മിപ്പിക്കുന്നു. പുതിയ കാലത്തിൻ്റെ പൊള്ളത്തരങ്ങളെ കഠിനമായി അദ്ദേഹം വിമർശിക്കുന്നു. കഥയും കാലവും തമ്മിൽ പ്രത്യക്ഷ ബന്ധമുണ്ട് എൻ.പ്രഭാകരൻ്റെ കഥകളിൽ. 

7. പൊതുവെ അവഗണിക്കപ്പെട്ട ശരീരത്തിൻ്റെ ലോകത്തേക്കു തുറക്കുന്ന വാതിലുകളാണ് കെ.പി. രാമനുണ്ണിയുടെ കഥകൾ. സാംസ്കാരിക നിർമിതിയുടെ മികച്ച ഉപാദാനമാണ് ശരീരം. ശരീരം ആഘോഷിക്കപ്പെടുകയാണ് ‘പുരുഷവിലാപം’ എന്ന സമാഹാരത്തിലെ രചനകളിൽ. രാമനുണ്ണിയുടെ കഥകളിൽ രോഗം ഒരു അവസ്ഥയാണ്. ശരീരത്തിനു മേൽ മനസ്സിനു പ്രാധാന്യം നല്കിയ മാധവ്ജിയെന്ന ആത്മീയവാദ രാഷ്ട്രീയ നേതാവ് ചിക്കൻപോക്സു ബാധിച്ച് ചൊറിഞ്ഞ് പരിഹാസ കഥാപാത്രമാകുന്നു. 

8. അശോകൻ ചരുവിലിൻ്റെ കഥകൾ ലളിതമായ ആഖ്യാനത്തിൽ തീവ്രമാകുന്ന രാഷ്ട്രീയ ബോധത്തെ പ്രകാശിപ്പിക്കുന്നു. നമ്മുടെ സമൂഹത്തിനും ജീവിതത്തിനും സംഭവിച്ച വേദനാജനകമായ മാറ്റം അവതരിപ്പിക്കുന്നു. 

9. സമാന്തരലോകങ്ങളാണ് തോമസ് ജോസഫ് അവതരിപ്പിക്കുന്നത്. അപരിചിതമായ ഒരു ബദൽലോകമാണ് അവിടെ കാണുന്നത്. 

10. ആധുനികതാപാരമ്പര്യത്തെ അസ്ഥാനത്താക്കാൻ പുതിയ കഥ പരിശ്രമിക്കുന്നു. പ്രതീതികളാൽ നിർമ്മിക്കപ്പെടുന്നതാണ് സമകാലികജീവിതമെന്നും അതു നേരിടാനുള്ള ഭാഷയിലെ രൂപതന്ത്രമാണ് കഥയെന്നും ഇന്നത്തെ (ഉത്തരാധുനിക) കഥാകൃത്തുക്കൾക്ക് അറിയാം. വലിയൊരു കമ്പോളമാണ് തങ്ങൾ അകപ്പെട്ടിരിക്കുന്ന സമൂഹം എന്ന ബോധം പുതിയ കഥയിലെ വാക്കുകളിലടങ്ങിയിട്ടുണ്ട്. 

11.പാരമ്പര്യത്തിൽ നിന്നു ഭിന്നമായ പ്രമേയലോകമാണ് ഉത്തരാധുനിക കഥയ്ക്കുള്ളത്. കഥ എന്ന സാഹിത്യരൂപവും കഥയെഴുത്ത് എന്ന പ്രക്രിയയും സാഹിത്യസിദ്ധാന്തവും അവിടെ പ്രമേയമായിത്തീരുന്നുവെന്ന് ലേഖകൻ നിരൂപിക്കുന്നു.

12.ഉത്തരാധുനിക കഥ വികാരാധിക്യത്തോടെ സ്പർശിക്കുന്ന പ്രമേയങ്ങളാണ് മനുഷ്യശരീരം, ഉപഭോഗ - മാദ്ധ്യമ സംസ്കാരം, കമ്പോളം, ചരിത്രം തുടങ്ങിയവ. ബി.മുരളിയുടെ ‘ഉമ്പർട്ടോ എക്കോ’യിലെ കഥകളുടെ ലോകം നമ്മുടെ പരിചയത്തിലേക്കു വന്നു കൊണ്ടിരിക്കുന്ന ലോകമാണ്. മുരളിക്ക് കഥാഖ്യാനം കാര്യമുള്ള കളിയാണെന്നാണ് നിരൂപകൻ്റെ അഭിപ്രായം. മുരളിയുടെ ‘ച വർഗം താലവ്യമോ’ എന്ന കഥ ഉത്തരാധുനികതയുടെ നാട്യവശത്തെ അപനിർമ്മിക്കുന്നു. 

13. ചന്ദ്രമതി നിലവിലുള്ള കഥാപാരമ്പര്യത്തെയും ആഖ്യാനരീതിയെയും കുറിച്ച് വ്യക്തമായി അറിവുള്ള എഴുത്തുകാരിയാണ്. അത് ലംഘിക്കേണ്ടത് അനിവാര്യതയാണെന്ന് അവൾക്കറിയാം. ‘റെയ്ൻ ഡിയർ’ എന്ന കഥ സ്വപ്നത്തിൽ നിന്ന് യാഥാർത്ഥ്യത്തിലേക്കുള്ള യാത്രയ്ക്കിടയിൽ സ്ത്രീയ്ക്കു സംഭവിക്കുന്ന ആത്മത്തകർച്ചയെക്കുറിച്ചുള്ള വീക്ഷണമാകുന്നു. 

14. കഥ അതിൻ്റെ രൂപത്തിലേക്ക് നോക്കുന്നുവെന്നതിന് ഉദാഹരണമാണ് പി.സുരേന്ദ്രൻ, (രവിയുടെ ഇതിഹാസാനന്തര ജീവിതം), സുഭാഷ്ചന്ദ്രൻ (സതിസാമ്രാജ്യം), ഹരിദാസ് കരിവെള്ളൂർ (പകർപ്പവകാശം) എന്നിവരുടെ കഥകൾ. 

15. ‘ഉച്ചരിച്ച വാക്കുകൾ ഞാൻ തള്ളിപ്പറയുന്നു. അവ പ്രസക്തമല്ല’ എന്ന് എസ്കിമോ എന്ന കഥയിൽ എം. നന്ദകുമാർ എഴുതുന്നു. നിഷേധപ്രസ്താവം നന്ദകുമാറിൻ്റെ കഥയിലേക്കുള്ള പ്രവേശകമാകുന്നു. പഴയതിൻ്റെ പുത്തൻ വേഷമായ സമകാലികതയെ നിരാകരിക്കുകയും, യഥാർത്ഥ സമകാലികതയെ അവതരിപ്പിക്കുകയും ചെയ്യുന്ന ഭാവുകത്വമാണ് ഈ കഥകൾ കൊണ്ടുവരുന്നത്. ഉത്തരാധുനിക ചെറുകഥകൾ, a)യാഥാർത്ഥ്യത്തെപ്പറ്റിയുള്ള സാമ്പ്രദായിക ധാരണകളെ പ്രശ്നവൽക്കരിക്കുന്നു.

b) നിരവധി ലോകങ്ങൾ, സാദ്ധ്യതകൾ എന്നിവ ഒത്തുചേരുന്നതാണ് ഉത്തരാധുനിക കഥകളുടെ ലോകം.

c) സൈബർ സ്പെയ്സ് ഒരു പുതിയ സ്ഥലമാനമായി മലയാളഭാവനയിലേക്ക് തീവ്രതയോടെ പ്രവേശിക്കുന്നു.

d) ‘വിവരയുഗ’ത്തിലെ ആശയവിനിമയം താത്വിക പ്രശ്നമാകുന്നു.

e)ശാസ്ത്രം, സാങ്കേതികവിദ്യ, പ്രതീതിയാഥാർത്ഥ്യം മുതലായവ കഥയുടെ ഉള്ളിലേക്കും ആഖ്യാനത്തിലേക്കും പ്രവേശിക്കുന്നു.

പി.കെ. രാജശേഖരൻ്റെ ലേഖനത്തിലെ മുഖ്യമായ നിരീക്ഷണങ്ങളാണ് ഉൾച്ചേർത്തിട്ടുള്ളത്. കഥകളുടെ വിശദാംശങ്ങൾക്കും കൂടുതൽ സൂചനകൾക്കും നിരൂപണം വായിക്കേണ്ടതാണ്.






അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സഭാപ്രവേശം - കുഞ്ചൻ നമ്പ്യാർ

കരുണ - കുമാരനാശാൻ

നീർമാതളം പൂത്ത കാലം : മാധവിക്കുട്ടി