ഫോട്ടോ: എം.മുകുന്ദൻ (കഥാസ്വാദനം)

അരക്ഷിതബാല്യത്തിൻ്റെ ആവിഷ്കാരം - ഫോട്ടോ

ആധുനികതാവാദത്തിൻ്റെ മുഖ്യപ്രയോക്താവായ സാഹിത്യകാരനാണ് എം. മുകുന്ദൻ. നോവലിസ്റ്റ്, ചെറുകഥാകൃത്ത് എന്നീ നിലകളിലും ആധുനികതയുടെ സൈദ്ധാന്തികൻ എന്ന വിലാസത്തിലും (‘എന്താണ് ആധുനികത’ എന്ന കൃതി) അദ്ദേഹം അറിയപ്പെടുന്നു. അത്യാധുനിക സാഹിത്യകാരനായാണ് എം. മുകുന്ദനെ പരിഗണിച്ചിട്ടുള്ളത്. മുകുന്ദൻ്റെ കഥകളിൽ അസ്തിത്വദർശനത്തിൻ്റെ അന്തർദ്ധാര സ്ഥായിയായി കാണുന്നുവെന്ന് എം.അച്യുതൻ നിരീക്ഷിക്കുന്നു. അത്യാധുനിക കഥകളുടെ വിശേഷതയായ ദുർഗ്രഹതയിൽ നിന്നും മുകുന്ദൻ കഥകൾ വേറിട്ടുനിൽക്കുന്നത് അതിലടങ്ങിയ ആത്മാർപ്പണത്തിൻ്റെ തിളക്കം കൊണ്ടുമാണ്.  

1942 ൽ ഫ്രഞ്ചുകാരുടെ കൈവശമുണ്ടായിരുന്ന മയ്യഴിയിലാണ് ജനിച്ചത്. 1961 ൽ മുകുന്ദൻ്റെ ആദ്യകഥ വെളിച്ചം കണ്ടു. മയഴിപ്പുഴയുടെ തീരങ്ങളിൽ, ഹരിദ്വാറിൽ മണികൾ മുഴങ്ങുന്നു, ആവിലായിലെ സൂര്യോദയം, രാവും പകലും, ദൽഹി, നൃത്തം, കേശവൻ്റെ വിലാപങ്ങൾ, ഒരു ദളിത് യുവതിയുടെ കദനകഥ എന്നീ നോവലുകൾ രചിച്ചിട്ടുണ്ട്. മുകുന്ദൻ്റെ കഥകൾ, തേവിടിശ്ശിക്കിളി, തട്ടാത്തിപ്പെണ്ണിൻ്റെ കല്യാണം, കണ്ണാടിയുടെ കാഴ്ച, കൈക്കുമ്പിളിലെ വെള്ളം, പാവാടയും ബിക്കിനിയും മുതലായവ കഥാസമാഹാരങ്ങളാണ്. കഥ എല്ലാവർക്കും പ്രിയപ്പെട്ടതാണെന്നും, ഏറ്റവും ജനപ്രിയമായ സാഹിത്യരൂപം എക്കാലവും കഥയാണെന്നും ‘എൻ്റെ പ്രിയപ്പെട്ട കഥകളിൽ’ എം.മുകുന്ദൻ എഴുതുന്നു. കഥാകാരന് എഴുത്ത് പൊള്ളിക്കുന്ന അനുഭവമാണെന്ന് മുകുന്ദൻ വ്യക്തമാക്കുന്നു. ഫോട്ടോ എന്ന കഥ ഇതിന് ഉത്തമോദാഹരണമാണ്. ഒരാൾ നല്ല എഴുത്തുകാരനാകുന്നത് അയാളുടെ രചനകളിൽ മാനവികതയുടെ വെളിച്ചം അന്തർലീനമായി കിടക്കുന്നതു കൊണ്ടാണെന്ന് മുകുന്ദൻ സൂചിപ്പിക്കുന്നു. മാനവികതയിലും കാരുണ്യത്തിലും വിശ്വസിക്കാത്ത ഒരാൾക്ക് എങ്ങനെയാണ് നല്ല എഴുത്തുകാരനാകാൻ സാധിക്കുക?

ഫോട്ടോ എന്ന കഥ ഇതും സാക്ഷ്യപ്പെടുത്തുന്നു. രണ്ടു കുട്ടികൾ [അവരുടെ പേര് ഷീന, അഭിലാഷ് എന്നിങ്ങനെയാണെന്ന് വായനക്കാർ സാവധാനം മനസ്സിലാക്കും] ഒരു ഫോട്ടോഗ്രാഫറുടെ നിർദ്ദയ ചൂഷണത്തിനു വിധേയമാകുന്നതും, പൊലീസിലേല്പിക്കുമെന്ന ഭീഷണിയിൽ അവർ പേടിച്ച് വീട്ടിൽ പറയാതിരിക്കുന്നതും, ചൂഷണത്തിൻ്റെ നികൃഷ്ടതയുടെ പ്രതീകമായി പെൺകുട്ടിയെ കടത്തി കൊണ്ടു പോകുന്നതും നിസ്സഹായനായി അവന് അതു നോക്കി നില്ക്കേണ്ടി വരുന്നതുമാണ് ഫോട്ടോ എന്ന കഥ. സമൂഹത്തിൽ ബാലകർ നേരിടേണ്ടി വരുന്ന നിർദ്ദയ ചൂഷണമാണ്, ഒരു വായനക്കാരൻ ഞെട്ടലോടെ കടന്നുപോകുന്ന ഈ കഥയുടെ പ്രമേയം. ചെറിയൊരു മോഹം വലിയൊരു ദുരന്തത്തിലേക്ക് അവരെ തള്ളിവിടുകയാണ്. വിവാഹപ്പരസ്യങ്ങൾ കണ്ടാണ് കുട്ടികളിൽ ഒരു ഫോട്ടോയെടുക്കാൻ ആഗ്രഹമുണ്ടാകുന്നത്. നോട്ടുബുക്കിലൊട്ടിച്ചു വെച്ച വിവാഹഫോട്ടോകൾ രഹസ്യമായി നോക്കുന്നത് അവരുടെ വിനോദമായിരുന്നു. അങ്ങനെ മോഹം വർദ്ധിച്ച് അവർ ഫോട്ടോയെടുക്കാൻ തീരുമാനിക്കുന്നു. ആദ്യം ആ നിർദ്ദേശം വെച്ചത് അവനായിരുന്നു. സ്വന്തം കുടുംബത്തിൻ്റെ പ്രാരബ്ധം അച്ഛൻ്റെയും അമ്മയുടെയും വാക്കുകളിൽ നിന്നുമറിഞ്ഞ അവൻ അവരോട് ചോദിക്കാൻ ധൈര്യപ്പെട്ടില്ല.

അതുപോലെ, അതിനുവേണ്ടി അച്ഛനോടു പൈസ ചോദിക്കാൻ അവളും ധൈര്യപ്പെട്ടില്ല. നൂറുചോദ്യങ്ങൾ തിരികെച്ചോദിക്കും. അതിനാൽ തൻ്റെ പിഗ്മി ബേങ്കിൽ (നാണയക്കുടുക്ക) നിന്നും കിട്ടിയ നാണയങ്ങൾ കൊണ്ട് അവർ ഫോട്ടോയെടുക്കാൻ പോവുകയാണ്. ഫോട്ടോഗ്രാഫർ അവരോടു തയ്യാറാകാൻ പറഞ്ഞു. അച്ഛനോടും അമ്മയോടും ചോദിച്ചിട്ടല്ല വന്നതെന്ന് അയാൾ മനസ്സിലാക്കി. എന്നാൽ ഫോട്ടോയെടുത്തിട്ട് ആവശ്യമായ തുക (12 രൂപ) അവരുടെ കയ്യിലില്ലെന്നു (മൂന്നര രൂപയേയുള്ളൂ) മനസ്സിലാക്കിയ അയാൾ തൻ്റെ അടവ് എടുത്തു. മുഴുവൻ പൈസയും തന്നില്ലെങ്കിൽ ഫോട്ടോ തരില്ല. താൻ പറയുന്നതു കേട്ടാൽ കാശ് തരണ്ട, ഫോട്ടോ തരാമെന്ന് പറഞ്ഞു. കുപ്പായം ഊരാൻ പറഞ്ഞു. ഫോട്ടോയെടുത്തിട്ട് പൈസേല്ലാന്ന് പറഞ്ഞില്ലേ, രണ്ടിനേം പിടിച്ച് പോലീസില് ഏൽപ്പിക്കുമെന്നായി. കുട്ടികൾ മിണ്ടാതെ നിന്നു. പോലീസിനെപ്പേടിച്ച് കുപ്പായം ഊരി. മുഴുവനും അഴിക്കാൻ പറഞ്ഞു. എനിക്ക് വീട്ടീപ്പോണമെന്ന് അവൾ പറഞ്ഞുകൊണ്ടിരുന്നു. അങ്ങനെ ചോർന്നുപോയ ഉത്സാഹത്തോടെ, കൂടു തുറന്നു വിട്ട കുരുവികളെപ്പോലെ അവർ പുറത്തു വന്നു. എന്നാൽ ദുരന്തം ഒഴിഞ്ഞിരുന്നില്ല. അയാൾ പിറ്റേന്ന് കൊപ്പരമില്ലിനു സമീപം ആളൊഴിഞ്ഞ സ്ഥലത്ത് കുട്ടികളെ കാത്തുനില്ക്കുകയായിരുന്നു. അയാൾ അവരുടെ ഫോട്ടോ കാട്ടി. അവൾക്ക് വലിയ സന്തോഷമായി. അവർ പോകാനൊരുങ്ങെ, അയാൾ അവളോട് നില്ക്കാൻ പറഞ്ഞു. അവൻ പോകാൻ വിസമ്മതിച്ചപ്പോൾ, പോലീസിനെ വിളിക്കണോ എന്നായി. ഷീനയെ അയാൾ മറ്റൊരു ഫോട്ടോ കാണിച്ചു. അവൾ ഉരുകി. ഓടാൻ ഭാവിച്ചപ്പോൾ കൈയിൽ പിടിച്ചു. എനിക്ക് സ്കൂളിപ്പോണം എന്നവർ പറഞ്ഞെങ്കിലും, സ്റ്റുഡിയോവിലേക്ക് വരണമെന്നായി അയാൾ. വന്നില്ലെങ്കി ആ ഫോട്ടോ സ്കൂൾ മതിലിൽ ഒട്ടിക്കുമത്രെ. അയാൾ അവളെ എടുത്ത് തൻ്റെ സൈക്കിളിൻ്റെ ബാറിന്മേൽ ഇരുത്തി. അയാൾ ഷീനയെയും കൊണ്ട് സൈക്കിളോടിച്ചു പോകുന്നത്, കണ്ണിൽ നിന്നു മറയുന്നതുവരെ അവൻ നോക്കി നിന്നു. 

അരക്ഷിതമായ ബാല്യ, കൗമാരങ്ങളെ വളരെ സൂക്ഷ്മമായി മുകുന്ദൻ പകർത്തിയിരിക്കുന്നു. സാങ്കേതികവിദ്യയും വികസനവും കൊണ്ടുചെന്നെത്തിക്കുന്ന ദുരൂഹമായ കയങ്ങളെയാണ് കഥാകൃത്ത് മറനീക്കിക്കാട്ടുന്നത്. സമൂഹത്തിൻ്റെ നിശ്ചേതന നിറഞ്ഞ മനോഭാവത്തെയും കഥാകൃത്ത് വിമർശിക്കുന്നു. പത്രങ്ങളിലെ വാർത്താപാഠങ്ങളെ കഥയുടെ പ്രശ്നരൂപത്തിലേക്കു കൊണ്ടുവന്ന് എഴുത്തുകാരൻ പരീക്ഷണം നടത്തുകയാണെന്നും, അതാണ് ‘ഫോട്ടോ’ എന്ന കഥയിൽ നാം വായിക്കുന്നതെന്നും പ്രശസ്ത നിരൂപകനായ കെ.പി.അപ്പൻ അഭിപ്രായപ്പെടുന്നു. ജനമനസ്സാക്ഷിയുടെ പിന്തുണ കുഞ്ഞുങ്ങളുടെ മീതെ വേണമെന്നു പറയുന്ന ഫോട്ടോ, സമകാലികജീവിതത്തിൻ്റെ വിഹ്വലതകളെ ഉള്ളിലേന്തുന്ന മികച്ച കഥയാണ്. കുട്ടികളുടെ സംഭ്രമവും ഫോട്ടോഗ്രാഫറുടെ കാപട്യവും സമൂഹത്തിൻ്റെ നിരാർദ്രതയും നിഗൂഢതകളുടെ വേദിയായി, ദുരൂഹതകളുടെ കാന്താരമായി സമൂഹം പരിണമിക്കുന്നതും ഉള്ളിൽത്തട്ടും വിധം സമർത്ഥമായി ആവിഷ്കരിക്കാൻ കഥാകൃത്തിനു സാധിച്ചിട്ടുണ്ട്. ലളിതമായ പ്രതിപാദനം. കരുത്തുറ്റ കഥാപാത്രാവതരണം. കാലികതയുള്ള പ്രമേയം. മുകുന്ദൻ അഭിനന്ദനമർഹിക്കുന്നു.


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സഭാപ്രവേശം - കുഞ്ചൻ നമ്പ്യാർ

കരുണ - കുമാരനാശാൻ

നീർമാതളം പൂത്ത കാലം : മാധവിക്കുട്ടി