ദൈവത്തിൻ്റെ കണ്ണ്: എൻ.പി. മുഹമ്മദ്
എൻ.പി. മുഹമ്മദ് എഴുതിയ സാമൂഹിക- പരിസ്ഥിതി സംബന്ധമായ നോവലാണ് ‘ദൈവത്തിൻ്റെ കണ്ണ്.’ മലയാള നോവൽ സാഹിത്യത്തിലെ ഒരു നാഴികക്കല്ലായി പരിഗണിക്കാവുന്ന കൃതിയാണിത്. കാവ്യാത്മകത തുളുമ്പുന്ന ഭാഷയിലൂടെ ഒരു മുസ്ലീം തറവാട് നേരിടുന്ന ദുരന്തകഥയാണ് എൻ.പി. മുഹമ്മദ് പറയുന്നത്. അന്ധവിശ്വാസങ്ങളുടെയും ക്ഷുദ്രാചാരങ്ങളുടെയും കേദാരമായി ഒരു ഗൃഹം പരിണമിക്കുന്നു. അതോടൊപ്പം, നിധിക്കു വേണ്ടിയുള്ള മോഹവും അതു തേടിപ്പിടിക്കാൻ കാട്ടുന്ന ഉത്സാഹത്തിൽ ഹോമിക്കപ്പെടുന്ന യുവതയും ഈ നോവലിലെ മുഖ്യമായ പൊരുളാണ്. ജാതിമതഭേദമെന്യേ ഏതു വിഭാഗത്തെയും ഗ്രസിച്ചിട്ടുള്ള തീവ്ര വിപത്തുകളാണ് അന്ധവിശ്വാസവും മന്ത്രവാദം പോലുള്ള ദുരാചാരങ്ങളും. ഇവ സമ്മിശ്രമാകുമ്പോൾ, അതിൽ വേവുന്നത് നിഷ്കളങ്ക ബാല്യജന്മങ്ങളാണ്. ചുറ്റിലും നടമാടുന്ന യഥാർത്ഥ ജീവിതത്തിൻ്റെ വഴിതെറ്റിയ പാതകളെ, അതിൻ്റെ ഇരകളെ, തുറന്ന വതരിപ്പിക്കാൻ എൻ.പി.യ്ക്കു സാധിച്ചിട്ടുണ്ട്. അനുഭവങ്ങളെ അതിൻ്റേതായ തീക്ഷ്ണതയോടെയും സത്യസന്ധതയോടെയുമാണ് നോവലിസ്റ്റ് അവതരിപ്പിച്ചിട്ടുള്ളത്. പ്രകൃതിയും പ്രകൃതിയെ അഭയമാക്കുന്ന ജീവജാലങ്ങളും ഈ നോവലിൽ ഒരു ഹരിതലയം തന്നെ സൃഷ്ടിക്കുന്നു. മഴ, നിലാവ്, തുമ്പികൾ, പുരാവൃത്തങ്ങൾ - നോവലിൻ്റെ അകത്തളത്തിൽ ഇവയൊക്കെ പാരസ്പര്യമാർന്നിരിക്കുന്നു. മനസ്സിൻ്റെ നിഗൂഢതയാർന്ന കയങ്ങൾ, പിടിതരാത്ത ആ തമോഗർത്തം, വ്യക്തിജീവിതത്തെയും തമസ്സിലേക്കു തന്നെയാണ് നയിക്കുന്നത്. മിത്തുകളും വിശ്വാസങ്ങളും കെട്ടുകഥകളും അനുഭവകഥകളും ഒക്കെച്ചേർന്ന വിചിത്ര ജീവിതപരായണമാണ് 'ദൈവത്തിൻ്റെ കണ്ണ്'. പത്തുവയസ്സുകാരനായ അഹമ്മദ് എന്ന കോയ മോനെ ഭ്രാന്താരോപിച്ചു നെടുമ്പുരയുടെയുള്ളിൽ ചങ്ങലയ്ക്കിടാൻ പോന്ന അന്ധവിശ്വാസഭ്രാന്ത് നെഞ്ചേറ്റുന്ന ഒരു കൂട്ടം അന്ധവിശ്വാസികളുടെ ദുരന്തകഥയാകുന്നു, ഈ കൃതി.
ഈ നോവലിലെ നായക കഥാപാത്രമാകുന്നു പത്തുവയസ്സുകാരനായ അഹമ്മദ്. കോയമോനെന്നും അവനു വിളിപ്പേരുണ്ട്. നാരകംപുരത്തറവാട്ടിലെ അബ്ദുവിൻ്റെ മകനാണ് കോയമോൻ. കോയമോൻ്റെ കാഴ്ചകളും അനുഭവങ്ങളും ചിന്തകളുമാണ് നോവലിനെ മുന്നോട്ടുനയിക്കുന്നത്. മറ്റൊരു പ്രധാന കഥാപാത്രം, മൂത്താപ്പയെന്ന് കോയമോൻ വിളിക്കുന്ന കോയസ്സനാണ്. ക്ഷുദ്രമായ ആചാരവിധികളുടെ സമ്മർദ്ദവും വഹിച്ച് ഒരു കുടുംബം നീറിക്കഴിയുന്ന പ്രമേയമാണ് എൻ.പി. ഗൗരവത്തോടെ കൈകാര്യം ചെയ്യുന്നത്. സഹൃദയരുടെ മുക്തകണ്ഠമായ പ്രശംസ ഏറ്റുവാങ്ങിയ കൃതിയാണ് ‘ദൈവത്തിൻ്റെ കണ്ണ്.’ ഈ നോവൽ എഴുത്തുകാരൻ സമർപ്പിച്ചിരിക്കുന്നത് പരിസ്ഥിതിസംരക്ഷണ പ്രവർത്തകരുടെ സേവനത്തിനു മുന്നിലാണ്.‘അമ്മയുടെ മാറ് കുത്തിത്തുരന്നാൽ അവസാനത്തെത്തുള്ളി മുലപ്പാലും ഊറ്റിയെടുക്കാമെന്ന് അഹങ്കരിച്ച് സാങ്കേതികവിദ്യകളിൽ പുളകം കൊള്ളുന്നവർക്കെതിരെ ശബ്ദമുയർത്തുന്നവരാണ് പരിസ്ഥിതി സംരക്ഷണ പ്രവർത്തകർ എന്ന് എൻ.പി. വിശേഷിപ്പിക്കുകയും ചെയ്യുന്നുണ്ട്. മലയാളത്തിലെ സമഗ്രമായ പരിസ്ഥിതിനോവലാണ് ദൈവത്തിൻ്റെ കണ്ണ്. പരിസ്ഥിതി പ്രധാനമായ ഘടകങ്ങൾ ഈ നോവലിൻ്റെ ജീവനാണ്. കോയമോനും ഉമ്മുവും പ്രകൃതിയെ അറിയുകയും സ്നേഹിക്കുകയും ചെയ്യുന്നു. മരങ്ങളും ചെടികളും കുളവും മറ്റും നിറഞ്ഞുനില്ക്കുന്ന പുരയിടം പരിസ്ഥിതിപ്രേമത്തെ ഘോഷിക്കാൻ പറ്റിയ ഇടം തന്നെ. ഈ മരങ്ങളെയും പുരയിടത്തെയും അടിസ്ഥാനമാക്കി ചില വിശ്വാസങ്ങളും അവിടെ കുടികൊള്ളുന്നുണ്ട്. മഴയും കുളവും ഈ കൃതിയിലെമ്പാടും ജലസാന്നിദ്ധ്യമായി വരുന്നുവെന്നും ജലവുമായുള്ള ആത്മബന്ധം എൻ.പി.യുടെ ഭാവനയുടെ മാത്രമല്ല, ദർശനത്തിൻ്റെയും സ്രോതസ്സാണെന്നും നിരൂപകനായ ജി. മധുസൂദനൻ അഭിപ്രായപ്പെടുന്നു.
നാഗങ്ങളും പൂതങ്ങളുമടങ്ങുന്ന ഇരുട്ടിൻ്റെ സങ്കല്പങ്ങൾ സുരക്ഷിതമായി വാഴുന്നത് മനുഷ്യൻ്റെ കാൽപ്പെരുമാറ്റം അന്ധവിശ്വാസത്താൽ പതിയാത്ത ഇടത്താണല്ലോ. മൂത്താപ്പയ്ക്ക് ആഭിചാരം നടത്താൻ കൂമൻ്റെ കണ്ണു വേണമെന്ന് തുപ്രനോടു പറയുമ്പോൾ പാവം കൂമൻ എന്ന് സഹതപിക്കുകയാണ് കോയമോൻ. മൂത്താപ്പയുടെ അധികാരത്തെ ചോദ്യം ചെയ്യാൻ പോന്ന ആർജ്ജവം കോയമോനില്ല.
മനസ്സിൻ്റെ വിശകലനമാണ് ഈ നോവലിൻ്റെ മറ്റൊരു പ്രത്യേകത. കോയമോൻ്റെ കാഴ്ചകളിലൂടെയും അനുഭവങ്ങളിലൂടെയുമാണ് നോവൽ കഥ വികസിക്കുന്നത്. ‘മനസ്സ് എൻ്റെ മുത്ത്. തിളക്കം അണയാതെ അതു കാത്തു പോരുന്ന കാലത്തിനു നമസ്കാരം’ എന്ന് ആമുഖത്തിൽ എൻ.പി.പരാമർശിക്കുന്നുണ്ട്. മനസ്സ് നിഗൂഢതകളുടെ പാരാവാരമാണ്. അതിൻ്റെ സമർത്ഥമായ ആവിഷ്കാരമാണ് കോയ മോനിൽ കാണുന്നത്. കോയമോൻ്റെ ചിന്തകൾ വിടരുന്നത് ഉമ്മു പറഞ്ഞുകൊടുത്ത പുരാവൃത്തങ്ങളിൽ മറഞ്ഞു കിടക്കുന്ന വിശ്വാസങ്ങളെ കേന്ദ്രീകരിച്ചാണ്.
കോയമോൻ്റെ മനസ്സിനെ നിയന്ത്രിക്കാൻ അവനു സാധിക്കാത്തിടത്ത് ചങ്ങലകൾ അഭയമായി മാറുന്നു.
ഇതിവൃത്തവും കഥാപാത്രങ്ങളും
അഹമ്മദ് എന്ന കോയ മോനാണ് ഈ നോവലിലെ നായകൻ. കോഴിക്കോട് കുണ്ടുങ്ങലിൽ നിന്നും പരപ്പനങ്ങാടിയിലെ തറവാട്ടു വീട്ടിലേക്ക് വന്നിരിക്കുകയാണ് കോയമോനും ഉമ്മയും. പരപ്പനങ്ങാടിയിലെ
ജീവിതത്തോട് ആദ്യം ആഭിമുഖ്യം തോന്നിയില്ലെങ്കിലും സാവധാനത്തിൽ അതുമായി പൊരുത്തപ്പെടുകയും പിന്നെ അതുവിട്ടു നില്ക്കാനാകില്ലെന്ന തലത്തിലേക്ക് കോയമോൻ പരിണമിക്കുകയും ചെയ്യുന്നു. പക്ഷേ, പരപ്പനങ്ങാടിയിലെ തറവാട്ടു വീട്ടിൽ അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും തടവിൽ പെടുകയായിരുന്നു അവൻ. അതിൽ നിന്നും രക്ഷനേടാൻ അവനു സാധിക്കുന്നില്ല. ഒസ്സാൻ ഇബ്രായിക്ക കോയമോൻ്റെ മുടിയിൽ പെരുമാറി മുണ്ഡനം ചെയ്യുന്നിടത്ത് ആചാരങ്ങളുടെ ശാസന ആരംഭിക്കുകയാണ്. ഇവിടെയാണ് നോവലിൻ്റെ ആരംഭവും. പ്രാകൃതമായ ആചാരാനുഷ്ഠാനങ്ങൾ നിലവിലുള്ള തറവാടാണ് നാരകംപുരത്തറവാട്. അവിടെ കോയമോന് അഭയമാകുന്നത് മറിയമ്മായിയുടെ മൂത്തമകൾ ഉമ്മുവാണ്.
ഉമ്മു പ്രകൃതിയുടെയും പുരാവൃത്തങ്ങളുടെയും ബാലപാഠങ്ങൾ കോയമോന് പറഞ്ഞു കൊടുക്കുന്നു. കോയമോന് ഏറ്റവും പ്രിയപ്പെട്ടയാൾ ഇവിടെ ഉമ്മുവാണ്. തറവാട്ടുകാരണവർ മൂത്താപ്പയായ, കോയമോൻ്റെ പിതാവിൻ്റെ ജ്യേഷ്ഠനായ കോയസ്സനാണ്. അദ്ദേഹത്തെ എല്ലാവർക്കും പേടിയാണ്. മതകാര്യങ്ങൾ വളരെ കർക്കശമായി അനുഷ്ഠിക്കുന്നതോടൊപ്പം, കാര്യസിദ്ധിയ്ക്കായി ആഭിചാരക്രിയകൾക്ക് തുനിയുന്ന അന്ധവിശ്വാസിയുമാണ് അയാൾ. മറിയമ്മായി അയാളുടെ ജ്യേഷ്ഠത്തിയാണ്. കോയസ്സൻ്റെ തീരുമാനങ്ങൾക്ക് ആരും എതിരു നിന്നില്ല. ചോദ്യം ചെയ്യപ്പെടാത്ത പ്രവൃത്തികൾ പല അപകടങ്ങളും കുടുംബത്തിന് സമ്മാനിക്കുകയും ചെയ്തു. അന്ധവിശ്വാസജടിലവും യാഥാസ്ഥിതികവുമായ മനസ്സാണ് കോയസ്സൻ്റേത്. നാഗങ്ങളും പൂതങ്ങളും നിയന്ത്രിക്കുന്ന, നിധി വേട്ടയാടാൻ ആഭിചാരം നടത്തുന്ന, അന്ധവിശ്വാസത്തിൽ തളച്ചിടപ്പെട്ട ഒരു ജീവിതമാണ് പരപ്പനങ്ങാടിയിലെ തറവാട്ടു ജീവിതം.
അഹമ്മദിൻ്റെ (കോയമോൻ) വികാരവിചാരങ്ങൾ രൂപപ്പെടുന്നത് ഉമ്മുവിനെ കേന്ദ്രീകരിച്ചാണ്. താൻ മനസ്സിലാക്കിയ കാര്യങ്ങൾ അവൾ കോയമോന് പറഞ്ഞുകൊടുക്കുന്നു. തറവാടിനെ ചുറ്റിപ്പറ്റിയുള്ള, ആചാരങ്ങൾ, വിശ്വാസങ്ങൾ, കെട്ടുകഥകൾ മുതലായവ ഉമ്മു പറഞ്ഞു കൊടുക്കുമ്പോൾ കോയമോന് അതിയായ സന്തോഷം. നാരകം പുര തറവാട് കുളങ്ങളും വിവിധമരങ്ങളും മുളങ്കാടുകളും ഒക്കെ നിറഞ്ഞുനില്ക്കുന്ന പുരയിടമാണ്. അവിടെ പണി ചെയ്യാൻ ചെറുമനായ തുപ്രനുണ്ട്. മൂത്താപ്പയുടെ സഹായിയാണ് തുപ്രൻ. ട്രെയിനിൽ പരപ്പനങ്ങാടിയിലേക്കു വരവെ, തൻ്റെ പ്രമാണിത്തം അധികാരം പ്രകടിപ്പിച്ച് ടിക്കറ്റെടുക്കാത്തയാളെ പുറന്തള്ളിയ ടി.ടി.യെ കോയമോൻ ആദരവോടെ കാണുന്നു. ഭാവിയിൽ താനും ഒരു ടിക്കറ്റുചോദിക്കുന്നയാളാകും. പാമ്പുകളെക്കുറിച്ചു പറയുന്നതും പരിചയപ്പെടുത്തുന്നതും ഉമ്മുവാണ്. സർപ്പദംശത്തിൽ നിന്നും ഭാഗ്യവശാൽ ഒരിക്കൽ കോയമോൻ രക്ഷപ്പെടുന്നുമുണ്ട്. തറവാടിൻ്റെ വിശ്വാസവുമായി ഘടിപ്പിച്ചാണ് സത്യപ്പാമ്പുകളെ അവതരിപ്പിക്കുന്നത്. മുളങ്കാട്ടിൽ പൊന്നിൻ്റെ നിറമുള്ള പാമ്പുകളെ ഉമ്മു കണ്ടിട്ടുണ്ടത്രെ. പാമ്പിനെക്കണ്ടാൽ നിലവിളിക്കരുത്. ആദംമക്കൾ (മനുഷ്യർ) പാമ്പിനെക്കണ്ടാൽ കൊല്ലും. അതിനു മുമ്പേ പാമ്പ് ആളെക്കണ്ടാൽ കൊത്തുന്നു. അതിൻ്റെ മണ്ട വീർത്തുവീർത്തു പ്ലാവില പോലെയാകും… പാമ്പു തല പൊക്കി ഉയർന്നു നിന്നാൽ ആടും. ഊതും. ഫൂ… പിന്നെ ഒരൊറ്റ ഊത്ത്. കൊത്തു കൊണ്ടാൽ മയ്യത്ത്. ഉമ്മു ഇങ്ങനെ യാഥാർത്ഥ്യബോധത്തോടെയാണ് കാര്യങ്ങൾ പറയുക. പാമ്പുകളെ ഒന്നും ചെയ്യാൻ പാടില്ല. തറവാട്ടിലെ കാക്കക്കാരണവന്മാർ പറമ്പിലാകെ കുഴിച്ചിട്ട നിധി കാത്തുസൂക്ഷിക്കുന്നത് സത്യപ്പാമ്പുകളാണ്. പാമ്പുകളുടെ സമ്മതത്താൽ നിധികളെടുക്കാം.
അവിടത്തെ പുര കോയമോന് പിടിച്ചില്ല. പറമ്പിൻ്റെ നടുവിൽ കല്ലുകൊണ്ടുള്ള വലിയ തറയുണ്ട്. അതിൻ്റെ പണി തുടങ്ങാനായില്ല. കൊല്ലം കൊല്ലം ഓരോരുത്തര് മരിക്കുകയാണ്. പുരകെട്ടാ നിറക്കിയ കല്ലുകൾ ഖബറു കെട്ടാൻ കൊണ്ടുപോയി. ഖിയാമം(അന്ത്യനാൾ) വരെ കഴിയാൻ ഖബർ അത്യന്താപേക്ഷിതമാണെന്നും മരിച്ചവരുടെ റൂഹുകൾ (ആത്മാക്കൾ) സന്തുഷ്ടരായിരിക്കേണ്ടതുണ്ട് എന്നൊക്കെ അവൾ പറഞ്ഞു കൊടുക്കുന്നു.
പൂതങ്ങൾ വെളുത്തിട്ടാണെന്നും അവയ്ക്കു ചിറകുകളുണ്ടെന്നും, തലയിൽ വളഞ്ഞുപുളഞ്ഞ കൊമ്പുകളുണ്ടെന്നും, അവ വീശിയപ്പോൾ ചിറകുകൾ വിരിയുകയും അവ കൂറ്റൻ പക്ഷികളെപ്പോലെയാവുകയും ചെയ്തെന്ന് ഉമ്മു പറഞ്ഞു. ആനറാഞ്ചിപ്പക്ഷികൾ പോലെ അവ പറന്നു.
പറങ്കിമാവ് പള്ളിക്കു പോകാത്തതിനാൽ മൂസാ നബി ശപിച്ചതിൻ്റെ ഫലമായി പറങ്കിമാവിന് മറ്റു മരങ്ങളുടെ കൂട്ടത്തിൽ ചേരാൻ പറ്റാതായ കഥയും ഉമ്മു പറഞ്ഞു. പറങ്കിമാവിൻ്റെ അണ്ടി മാത്രം പുറത്ത്. മറ്റുമരങ്ങളുടേതോ, അകത്തും.
കറപ്പൻ്റെ മകൾ ദേവു ഉമ്മുവിന് പറഞ്ഞു കൊടുത്ത ഒരു കഥയുമുണ്ട്: ഒരു രാജാവ് തൻ്റെ മകൾക്ക് നീന്തൽപ്പൊയ്ക പണിതു. അതിൽ പൂക്കൾ ഉണ്ടായിരുന്നില്ല. പടച്ചോൻ ആകാശത്തിൽ നിന്നും നോക്കുമ്പോൾ മുങ്ങിക്കുളിക്കുകയായിരുന്ന രാജകുമാരിയും തോഴിമാരും ഒരേ സമയത്ത് ഉയർന്നു വന്നു. രാജകുമാരിയുടെ മുഖത്തിനു ചുറ്റും നാല്പതു ദാസിമാരും ഒരേ സമയത്ത് ഉയർന്നുവന്നു. മദ്ധ്യത്തിൽ രാജകുമാരിയുടെ മുഖം. ചുറ്റിലും ദാസിമാരുടെ മുഖങ്ങൾ. പൊയ്കയിൽ പൂവുണ്ടാകാൻ പടച്ചോൻ കല്പിച്ചു. അതൊരു താമരപ്പൂവായിരുന്നു. അവരുടെ മുഖം കൊണ്ടാണ് പൂവ് നിർമിച്ചത്.
മണ്ണുമായി ദൃഢബന്ധമുണ്ട് ഉമ്മുവിന്. മണ്ണിൻ്റെ മാറി മാറി വരുന്ന ഗന്ധം അറിഞ്ഞ് അതിൻ്റെ ഗുണത്തിൽ വന്ന മാറ്റം അവൾക്കു പറയുവാനാകും. ഉമ്മുവിൻ്റെ നട്ടികൃഷിയും കോയമോന് പാഠമാകുന്നു. പയർ മുളച്ചുവരുമ്പോൾ പ്രാവു വന്നു തിന്നുന്നു. അപ്പോൾ കോയമോൻ അനുഭവിക്കുന്ന നിരാശയും രോഷവും ഉമ്മുവിനോടുള്ള അവൻ്റെ മമതയുടെ അടയാളമാകുന്നു. വയസ്സറിയിച്ച ഉമ്മുവിനെ കൊച്ചിയിലേക്ക് കെട്ടിച്ചയക്കുന്നു. വയസ്സറിയിച്ചാൽ പെണ്ണിനെ നിർത്തരുതെന്ന് തങ്ങൾ പറഞ്ഞിട്ടുണ്ട്. ഉമ്മുവിൽ നിന്നും വേറിട്ടതോടെ കോയമോൻ്റെ ജീവിതം ദുസ്സഹമാകുന്നു. ഏകാന്തതയും ദൂഷിതമായ ചുറ്റുപാടും അവനെ ഭരിക്കുന്നു.
മൊയമ്മതാലിക്ക :
ഈ നോവലിലെ ദുരന്തകഥാപാത്രം. തൻ്റേതല്ലാത്ത കാരണത്താൽ തൻ്റെ ജീവിതം ഇരുട്ടിനു സമർപ്പിക്കേണ്ടി വന്ന പാവം. മറിയമ്മായിയുടെ അനുജത്തിയും, പെട്ടെന്ന് ഒരു ദിനം മരിച്ചു പോവുകയും ചെയ്ത ആയിസമ്മായിയുടെ മകനാണ് മൊയമ്മതാലിക്ക. കോയമോൻ ഇക്കയെ ആദ്യമായി കാണുന്നത് ആയിസമ്മായി മരിച്ച വേളയിലാണ്. നല്ല ഓർമ്മകൾ മാത്രമാണ് മൊയമ്മതാലിക്കയെ സംബന്ധിച്ചുള്ളത്. കോലുമിഠായി വാങ്ങിച്ചു തന്നതും മറ്റും. ഇപ്പോൾ നെടുമ്പുരയിൽ ചങ്ങലയിൽ ബന്ധിച്ചിരിക്കുകയാണ്. കുണ്ടിൽ താണ കണ്ണുകൾ. വസ്ത്രങ്ങളില്ല. കട്ടപിടിച്ച മുടി. ഇക്കാക്കയുടെ കൂക്കിവിളിയും, ചെമ്പോത്തിൻ്റെ ശബ്ദാനുകരണവും, ജാക്കരാം എന്ന പാട്ടുമാണ് കോയമോന് കേൾക്കാനായത്. ഇക്കാക്കാൻ്റടുത്ത് നില്ക്കരുതെന്നു പറഞ്ഞത് ഉമ്മുവാണ്. എങ്ങനെയൊ ചങ്ങല പൊട്ടിച്ചിറങ്ങിയ മൊയമ്മതാലിക്കാക്കയെ മൂത്താപ്പ കഠിനമായി മർദ്ദിക്കുന്നു. ഓൻ്റെ സക്തിയല്ലിത് എന്നു പറഞ്ഞുപദ്രവിക്കുന്നു. ഇതൊന്നും ഓൻ്റെ സക്തിയല്ല… മന്സൻ്റെ സക്തിയല്ല (ശക്തി). പുതത്തിൻ്റെ സക്തിയാണ്. മൂന്ന് മൂർത്തികളാ ഓൻ്റെ മേത്ത്’ എന്ന് മൂത്താപ്പ ആക്രോശിക്കുന്നു.
ചങ്ങലകൊണ്ടുവന്നപ്പോൾ ചങ്ങലകൊണ്ടും മർദ്ദിച്ചു. കെട്ടി, മണ്ണിലൂടെ തുപ്രൻ്റെ സഹായത്തോടെ വലിച്ചിഴച്ചാണ് തിരികെ കൊണ്ടുപോകുന്നത്. ഓലമടൽ വലിച്ചു കൊണ്ടുപോകുമ്പോലെ- എന്നാണ് കോയമോന് തോന്നിയത്. ആയിസാത്ത ഇതു കാണാതെ കണ്ണുചിമ്മിയതു നന്നായെന്ന് ഉമ്മയും അമ്മായിയും അടക്കം പറഞ്ഞു. കോയമോൻ ഉള്ളിൽ പറയുന്നു: ‘മൊയമ്മതാലിക്കാക്ക, നിങ്ങൾക്ക് ഞാനുണ്ട്. ഞാൻ വലുതായി, നിങ്ങളെ സുഖക്കേടു മാറ്റിച്ചു’... തരുമെന്ന് നോവലിസ്റ്റ് കോയമോനെക്കൊണ്ട് പറയിക്കുന്നില്ല. എന്തായാലും മൂത്താപ്പയോടും അദ്ദേഹത്തിൻ്റെ ഹിംസാത്മക ഭാവത്തോടുമുള്ള എതിർപ്പ് കോയമോൻ്റെയുള്ളിൽ വളർന്നുകഴിഞ്ഞുവെന്നു വേണം ഊഹിക്കാൻ.
പണ്ടൊരിക്കൽ ഒരിടവപ്പാതിക്ക്, ഇടിവെട്ടി കൂണുകൾ മുളച്ചപ്പോൾ, അതിൽ ഭ്രാന്തൻ കുണു ഭക്ഷിച്ചതിനു ശേഷമാണ് മൊയമ്മതാലിക്കാക്കയുടെ മനോനില തെറ്റിയത്. പൂതങ്ങൾ മോഹിച്ച കൂണുതിന്നതിനാലാണ് ഇങ്ങനെ സംഭവിച്ചതെന്ന് വ്യാഖ്യാനിക്കപ്പെടുകയുമുണ്ടായി. പൂതങ്ങളാണത്രെ സർവകുഴപ്പങ്ങളുമുണ്ടാക്കുന്നത്. അവയുടെ അസംതൃപ്തി അസുഖങ്ങളും അസ്വസ്ഥതകളുമുണ്ടാക്കുന്നു. കൂണിലൂടെ പൂതങ്ങൾ വയറ്റിലെത്തി. മരുന്നും മന്ത്രവും ചെയ്തപ്പോൾ ഇക്കാക്കയുടെ തലയിലായി വാസം. മാറ്റാൻ വന്ന പണിക്കർ നിസ്സഹായനായി. ഇതിലിടപെട്ടാൽ തനിക്കു ജീവനുണ്ടാകില്ല. പൂതങ്ങൾ 14 കൊല്ലം ഈ ശരീരത്തിൽ പാർക്കുമത്രെ. അങ്ങനെ, നൂതനമായ ചികിത്സാവിധികൾക്കും ഔഷധങ്ങൾക്കും വിധേയമാകാതെ, മന്ത്രവാദത്തിനും ഒറ്റമൂലിക്കും കീഴ്പെട്ട് നരകിച്ച് കഴിയേണ്ടുന്ന അവസ്ഥ മൂത്താപ്പയുടെ മലീമസവും സ്വാർത്ഥപൂരിതവുമായ മനസ്സ് മൊയമ്മതാലിക്കായ്ക്ക് സമ്മാനിച്ചു.
ഒരു വിശേഷദിനത്തിൽ, (മൗലൂദ്) ചങ്ങലയിൽ നിന്നും മോചിതനായി പുറത്തുവന്ന മൊയമ്മതാലിക്കാക്ക പള്ളിയിലേക്ക് കൊണ്ടുപോകാനായി തയ്യാറാക്കുകയായിരുന്ന കറികൾ തട്ടിമറിക്കുന്നു. രോഷാകുലനായ മൂത്താപ്പയുടെ ചവിട്ടേറ്റ് മൊയമ്മതാലിക്കാക്ക മരണമടയുന്നു.
അബ്ദു:
കോയമോൻ്റെ ബാപ്പ. കുടുംബ സ്നേഹി. നിരുപദ്രവി. അദ്ദേഹത്തെ ഒരു നിസ്സഹായ കഥാപാത്രമായിട്ടാണ് നോവലിസ്റ്റ് ചിത്രീകരിച്ചിരിക്കുന്നത്. നാരകം പുരത്തറവാട്ടിനെ ഗ്രസിച്ച ദുർചിന്തകളിൽ നിന്ന് അതിനെ മോചിപ്പിക്കാൻ, ചുരുങ്ങിയ പക്ഷം തൻ്റെ ഭാര്യയ്ക്കും മക്കൾക്കും രക്ഷപ്രാപിക്കാൻ വേണ്ടതൊന്നും ചെയ്യാത്ത കഥാപാത്രമായി അബ്ദു മാറിയിരിക്കുന്നു. പുറംലോകബന്ധമുള്ള അബ്ദുവിനെപ്പോലുള്ളവർ വെളിച്ചത്തിൽ കഴിയുമ്പോഴും മനസ്സ് ഇരുട്ടിന് സമർപ്പിച്ചവരാണെന്ന് വിലയിരുത്തേണ്ടിവരും.
നാട്ടുകാരൊക്കെ ആദരിക്കുന്ന വ്യക്തിത്വമാണയാൾ. അദ്ദേഹം മേടിച്ചു കൊടുത്ത തൊപ്പിയണിയുന്ന കോയമോൻ പിതാവിനെക്കുറിച്ചോർത്ത് അഭിമാനിക്കുന്നുണ്ട്.
കുഞ്ഞയമ്മദു മാസ്റ്റർ
കുഞ്ഞയമ്മദ് മാസ്റ്റരെ നാട്ടുകാർ നായിക്കുഞ്ഞമ്മത് എന്നു പരിഹസിച്ചു വിളിക്കുന്നുണ്ട്. മാസ്റ്റർക്ക് നായയോട് നല്ല സ്നേഹമാണ്. സ്വതന്ത്രചിന്താഗതി വെച്ചുപുലർത്തുന്ന ഒരാളായി ഈ കഥാപാത്രത്തെ കാണാം. പാണൻ താമിയുടെ മന്ത്രവാദവും നിധിവേട്ടയും തറപൊളിക്കലും, പൂതങ്ങൾക്കു പാർക്കാൻ പൂങ്കൊമ്പു വേണമെന്ന അരുളപ്പാടും ഒക്കെച്ചേർന്ന് കലുഷമായ അന്തരീക്ഷത്തിൽ, പക്ഷാഘാതം വന്ന മൂത്താപ്പയെ സന്ദർശിക്കാൻ വരുമ്പോൾ കോയമോനോട് ഇവിടെ നില്ക്കണ്ട, നീ കോഴിക്കോട്ടു തന്നെ പോയ്ക്കോ, അതാണു നല്ലത് എന്ന് മാസ്റ്റർ പറയുന്നുണ്ട്. എന്നാൽ അതനുസരിക്കാൻ സാധിക്കാത്ത മട്ടിൽ അവിടത്തെ മാമൂലുകളുമായും രീതികളുമായും പ്രകൃതിയുമായും അവൻ ഇണങ്ങിയിരുന്നു. മുമ്പൊരിക്കൽ ‘കോമളവല്ലി’ എന്ന കഥാപുസ്തകം കോയമോന് വായിക്കാൻ നല്കിയിരുന്നു. ഊണുപോലും മറന്ന് കഥവായിക്കാൻ തുടങ്ങി. മൂത്താപ്പയോടൊപ്പം ഊണിനെത്തുന്ന കുഞ്ഞാറു മൊയ്ല്യാർ, ഈ കുട്ടി കാഫറീറ്റിങ്ങളെ കിത്താബാണല്ലോ ഓതുന്നത്, പെഴച്ചു പോയി എന്ന് അഭിപ്രായപ്പെട്ടു. ഇത് മൂത്താപ്പ കണക്കിലെടുത്തു.
മാസ്റ്ററാണ് നല്കിയതെന്ന് കോയമോൻ പറഞ്ഞപ്പോൾ, നായിക്കുഞ്ഞമ്മദാണോ എന്ന് മൂത്താപ്പ പരിഹസിച്ചു. നായ അഴുക്കാണ്. അതിനെയും കൂട്ടി വേട്ടക്കു പോകുന്ന മാസ്റ്ററെ മൂത്താപ്പ വെറുത്തു. കോമളവല്ലി വായിക്കുന്ന ഹരത്തിൽ മൂത്താപ്പയെ കണ്ടപ്പോൾ എഴുന്നേറ്റു നില്ക്കാത്തതും ഒരു കാരണമായി. ഓനെ പള്ളിമേധാവിയാക്കണമെന്ന് മൊയില്യാർ പറഞ്ഞു. അതോടെ കോയമോനെ ദറസ്സെന്ന നിശാപാഠശാലയിലാക്കി. ഒരുപാട് ദുരനുഭവങ്ങളാണ് അതു നല്കിയത്.
നഫീസു താത്ത
മൗലൂദിന് സ്ത്രീകൾ പത്തിരിയും ഇറച്ചിയും ഉണ്ടാക്കുന്നു. ദറസ്സിലേക്ക് (നിശാപാഠശാല) രാത്രി നേർച്ച വരും. റബീ ഉൽ അവ്വലിന് മൊയില്യാർക്കും മൊയില്യാരു കുട്ടികൾക്കും ഭക്ഷണം ദറസ്സിലെത്തിക്കും. ഇത്തവണ നാരകംപുര തറവാടിൻ്റെ വകയാണ് ഭക്ഷണം. ഭക്ഷണമുണ്ടാക്കാൻ നഫീസു താത്തയും വരുന്നു. അവരുടെ അകന്ന ബന്ധുവാണ് നഫീസുതാത്ത. പത്തിരിപ്പലകയും പത്തിരിക്കുഴലുമായുള്ള വരവ് ഗംഭീരം. തുള്ളിത്തുള്ളിയുള്ള നടത്തം, ചുകന്ന ചുണ്ടുകൾ, മുല്ലപ്പല്ലുകൾ, ഇടതുകണ്ണിനു കീഴിൽ ഉണക്കമുന്തിരി പോലെയുള്ള അരിമ്പാറ. മൂത്താപ്പ നഫീസു താത്തയെ ഇഷ്ടപ്പെട്ടില്ല. കണ്ടാൽ തെറിപറയും. തെറിച്ചി. പുരയിൽ കേറ്റാൻ കൊള്ളൂല. താത്തയോട് കോയമോൻ അടുക്കുന്നു. താത്തയുടെ ശാരീരിക സുഖം അവന് പുതിയ അനുഭൂതി നല്കുന്നു. പുരയിൽ നടക്കുന്ന ആഭിചാരങ്ങളിൽ തൽപ്പരയല്ലെങ്കിലും അത് കാണാൻ നിർബന്ധിയാകുന്നു. കുഞ്ഞയമ്മദ് മാസ്റ്ററുമായുള്ള അടുപ്പവും വ്യക്തം. എന്നാൽ, അവസാനം, കോയമോൻ്റെ മനോവ്യാപാരങ്ങളിലെ ക്ഷുദ്രപാoങ്ങളിൽ നഫീസു താത്തയും മറിയമ്മായിയും തനിക്കും ഉമ്മയ്ക്കും എതിർ നില്ക്കുന്നവരായി മാറുന്നു.
മറിയമ്മായി
മൂത്താപ്പയുടെയും അബ്ദുവിൻ്റെയും മൂത്ത സഹോദരിയാണ് മറിയമ്മായി. മൂത്താപ്പയുടെ ആഭിചാരങ്ങളെയും യാഥാസ്ഥിതികത്വത്തെയും തറവാടിൻ്റെ നിലനിൽപ്പോർത്ത് പിന്തുണയ്ക്കേണ്ടി വരുന്നു. കോയസ്സൻ്റെ (മൂത്താപ്പ) വാക്കുകളെ അവർ എതിർക്കുന്നില്ല. എങ്കിലും ആയിസാബിയുടെ മകനായ മൊയമ്മതാലിക്കായെ മൂത്താപ്പ ചവിട്ടി വീഴ്ത്തിയപ്പോൾ പുത്തിയില്ലാഞ്ഞിട്ടല്ലേ എന്ന് മറിയമ്മായി സഹതപിക്കുന്നുണ്ട്. കൂട്ടാൻ മറിച്ചിടാനുള്ള പുസ്തീ (ബുദ്ധി)ണ്ടായോ എന്നായി മൂത്താപ്പ. പള്ളിയിൽ കൊണ്ടുപോകേണ്ട ഭക്ഷണം അലങ്കോലമായതിൽ ഖേദിക്കുന്ന മൂത്താപ്പയ്ക്ക് പകരം ഭക്ഷണം ഉടൻ ഉണ്ടാക്കി നല്കാനും തറവാടിൻ്റെ മാനം രക്ഷിക്കാനും അവർ തയ്യാറാവുന്നു. നിയ്യ് കുന്തിരിക്കം കണ്ട ചെയ്ത്താനെപ്പോലെ ഉരുണ്ടു മറിയല്ലാ കോയസ്സാ എന്ന് ഗുണദോഷിക്കുന്നു. എന്നാൽ, മൊയമ്മതാലിക്കയുടെ മരണം വലിയൊരാഘാതമായിരുന്നു. ഉമ്മുവിൻ്റെ വിവാഹാനന്തരം കൊച്ചിയിൽ കുറച്ചുനാൾ കഴിഞ്ഞ ശേഷം തിരികെ വരുമ്പോഴാണ് കലങ്ങിമറിഞ്ഞ തറവാട്ടുസാഹചര്യം മനസ്സിലാക്കുന്നത്. നിധിവേട്ടയ്ക്കു വേണ്ടി തറയാകെ കുത്തിക്കിളച്ചിരിക്കുന്നു. പൂതങ്ങൾക്കു പാർക്കാനായി തറവാട്ടിലെ ഇളങ്കൊമ്പിനെ തേടുകയാണ്. പാണൻ താമിയുടെ പ്രേരണയിൽ തറയാകെ കുത്തിപ്പൊളിച്ചിരിക്കുക മാത്രമല്ല, മുറ്റത്തെ വലിയ മാവ് മുറിക്കാൻ തീരുമാനിച്ചിരിക്കുന്നു. ഇതിലൊക്കെ കോയസ്സനെ കുറ്റപ്പെടുത്തുന്നു. ഒപ്പംതന്നെ, മരം മുറിക്കാൻ വന്നവരെയിട്ടോടിക്കുകയും ചെയ്യുന്നു. വൃക്ഷനശീകരണവും നിധിക്കൊതിയും ഒരുപോലെ ആപൽക്കരമാണെന്ന് മറിയം തൻ്റെ സഹജാവബോധത്തിലൂടെ അറിയുന്നുണ്ടെന്ന് പ്രശസ്ത നിരൂപകയായ ഡോ.എം.ലീലാവതിട്ടീച്ചർ ചൂണ്ടിക്കാട്ടുന്നു.
എന്നാൽ, കോയമോൻ്റെ ഭ്രാന്തമായ സ്വപ്നങ്ങളിൽ മറിയമ്മായിയും എതിർപക്ഷത്താണ്. കോയമോനെ തളയ്ക്കാനുള്ള ചങ്ങല എടുത്തുയർത്തുന്നതും മറിയമ്മായിയാണ്. മതപരവും ആചാരപരവുമായ ബന്ധനങ്ങളിലമർന്ന സ്ത്രീത്വത്തിൻ്റെ പ്രതീകമാണ് ഉമ്മുവും മറിയമ്മായിയുമൊക്കെ.
മന്ത്രവാദവും ബന്ധനവും
നിധി കണ്ടെത്താനും പൂതങ്ങളെയും നാഗങ്ങളെയും ഒഴിപ്പിക്കാനും പാണൻ താമിയെ കൊണ്ടുവന്ന് മന്ത്രവാദം ചെയ്യിക്കുകയാണ് മൂത്താപ്പ. നെടുമ്പുരയിലാണ് അയാളുടെ ക്രിയകൾ. കണക്കു നോക്കാനാണ് താമി വന്നിരിക്കുന്നതെന്ന് നഫീസു താത്ത പറഞ്ഞു. കണക്കു വെക്കുന്നത് പൂതങ്ങളെ അടക്കാനാണ്. കണക്ക് പൂതങ്ങൾക്കു പേടിയുണ്ടാക്കുന്നു. പൂതങ്ങളെ അടക്കിയാൽ കള്ളപ്പാമ്പുകളെയും അടക്കാം. പൂതങ്ങളുടെ ‘ചെറുമരത്രെ’ പാമ്പുകൾ. മൊയമ്മതാലിക്കാക്ക മരിച്ചതിനുശേഷം പൂതങ്ങൾ നല്ലൊരു പൂങ്കൊമ്പു തേടി നടക്കുകയാണത്രേ - വസിക്കാൻ. ഒറ്റ പൂങ്കൊമ്പേ നാരകം പുര തറവാട്ടിലുള്ളൂ. അതാണ് നമ്മുടെ കോയമോൻ. കുണ്ടുങ്ങലെ വീടിൻ്റെ മുന്നിലുള്ള ഒരു പറമ്പിലുള്ള ആര്യവേപ്പിൽ ഒറ്റമുലച്ചി പാർത്തിരുന്നു. ഒറ്റമുലച്ചിയെ കണ്ടാൽ അന്നു രാത്രി മരിക്കുമെന്നാണ് പറയാറ്. അതിനാൽ അവിടെയെത്തുമ്പോൾ ഒറ്റയോട്ടമാണ് - വീട്ടിലേക്ക്. ഇവിടെ പൂതങ്ങളൊക്കെ ഭൂമിക്കടിയിലാണ്. പാണൻ താമിയുടെ മന്ത്രങ്ങൾ ഭൂമിക്കുള്ളിലേക്ക് ഊളിയിടും. അവ പൂതങ്ങളുടെ കൊമ്പിൽ തട്ടും. പൂതങ്ങളുടെ കൊമ്പിനു തീ പിടിക്കുന്നു. തീയിൽ വേവുമ്പോൾ അവ ആർത്തു കരയും. ഉമ്മ കോയമോനെ കുളിപ്പിച്ച് ഒരുക്കി. താമിയുടെ മുന്നിൽ മൂത്താപ്പ കോയമോനെ ഇരുത്തി. ഇക്കാ,കോയമോനെ നന്നായി നോക്കണം, താമിയുടെ സമീപത്ത് ഇരുത്തേണ്ട എന്ന് ഉമ്മ പറഞ്ഞിരുന്നു. താമിയുടെ മുന്നിൽ വരച്ച കളത്തിൽ തലയോടു കണ്ട കോയമോൻ ഭയന്നു. നാഗാരാധനയുടെ ഓജസ്സുറ്റ ചിത്രങ്ങൾ നോവലിലെമ്പാടുമുണ്ട്. ഗുരുതിക്കളവും, തലയോട്ടിയിൽ ജ്വലിപ്പിച്ച തീയും, രക്താർച്ചനയും.
താമി മന്ത്രം ചൊല്ലുകയും വെള്ളം ജപിച്ചുതെറിപ്പിക്കുകയും ചെയ്തു. താമിയുടെ കളത്തിൻ്റെ അന്തരീക്ഷവും പേടിയും കാരണം അവൻ അർദ്ധബോധാവസ്ഥയിലായി, താമിയുടെ പ്രാകൃത ഹിപ്നോട്ടിക്ക് തന്ത്രങ്ങൾക്കടിപ്പെട്ട്, അവൻ ഇച്ഛിക്കാതെ തന്നെ സ്വാമിയുടെ ചോദ്യങ്ങൾക്ക് മറുപടി നല്കാൻ തുടങ്ങി. താമി കോയമോൻ്റെ കൈ ഗ്രഹിച്ച് തറചുറ്റാൻ തുടങ്ങി. ഇവിടെ എന്ത്? പൂതം. അഞ്ചു സ്ഥലത്ത് പുതങ്ങളെ കണ്ടു. പിന്നെ മാവിൻ്റെ ചോട്ടിൽ. അവിടെയും വലിയ, തെങ്ങിൻ്റെ ഉയരമുള്ള പൂതം. ശേഷം, ക്ഷീണിതനായി ഉമ്മയുടെ പള്ള പറ്റിക്കിടക്കെ കിളക്കുന്ന ശബ്ദം കേട്ടു. നേരം പുലർന്നപ്പോൾ തന്നെ മറിയമ്മായി ബഹളമുണ്ടാക്കുന്നു. മൂത്താപ്പയെ അനുസരിച്ച് കോയമോനെ ഒരുക്കിയ ഉമ്മയെയും കുറ്റപ്പെടുത്തി. തറയാകെ പൊളിച്ചും കിളച്ചും കിടക്കുന്നു. കൊച്ചിയിൽ നിന്നും വന്നതിനു ശേഷം മറിയമ്മായിയുടെ സ്വഭാവവും ശരീരപ്രകൃതിയും മാറിയിരിക്കുന്നു. മാവു വെട്ടാൻ വന്നവരെയും അമ്മായി തടഞ്ഞു. പെണ്ണ് ഈറ്റപ്പുലി പോലെ എന്നു പറഞ്ഞ ഒരാളോട് അമ്മായി ചീറിയടുത്തു. തറപൊളിച്ച്, മാവു വെട്ടിനിധിയെടുത്തു തരാൻ പറഞ്ഞത് കോയസ്സനാണ്. കോയസ്സനെ അമ്മായി വഴക്കുപറഞ്ഞു: ഇന്നലെ കെളച്ചപ്പം നിനക്കെത്ര നിധി കിട്ടി? അപ്പോൾ അവരുടെ മുഖം ഗൗരവം പൂണ്ടു.
മൂത്താപ്പ തലകറങ്ങി വീണു. കുഞ്ഞാറു മൊയ്ല്യാരെ വിളിക്കാനായി കോയമോൻ പാഞ്ഞു. കോമു മൊയ്ല്യാരും കുഞ്ഞാറു മൊയ്ല്യാരും എത്തി. മന്ത്രം ചൊല്ലി. മൂത്താപ്പ എഴുന്നേറ്റിരുന്നു. തനിക്കിഷ്ടപ്പെട്ട ഭക്ഷണം തരാൻ പറഞ്ഞു. പക്ഷേ ശരീരത്തിൻ്റെ ഒരു ഭാഗത്തിന് കോട്ടം വന്നു.
താമി അപ്പോഴും നെടുമ്പുരയിൽത്തന്നെയുണ്ട്. തറ പൊളിച്ചിട്ടും നിധി കിട്ടാഞ്ഞതെന്തേയെന്ന് അമ്മായി ചോദിച്ചു. മന്ത്രം അവറ്റയ്ക്ക് ഏറ്റില്ലെന്ന നിലപാടിലാണ് താമി. പൂതങ്ങൾ വാശിയിലാണ്. അവർക്കിവിടെ നിന്നു പോകാൻ എന്തൊക്കെ ചെയ്തു കൊടുക്കണമെന്ന് ചോദിച്ചില്ലേ എന്നായി അമ്മായി. അത് നിങ്ങളോടെങ്ങനെ പറയുമെന്നായി താമി. ഒന്നുകിൽ പൂതങ്ങൾക്കു താമസിക്കാൻ തറവാട്ടിലെ ഇളങ്കൊമ്പ് നല്കണം. അതിലൂടെ തൃപ്തിപ്പെടുത്തിയാൽ പിന്നീടുണ്ടാകുന്ന കുട്ടികൾക്ക് ദോഷം വരില്ല. കോയസ്സൻ ചെറുപ്പമാണല്ലോ. രണ്ടാമത്തെ വഴി തറവാട്ടിലെ ഇളം പൂവിൻ്റെ ചോര നല്കലാണ്. ചോര കൊടുത്താൽ ആപത്തില്ല. പിന്നെ സുഖം. ഇവ രണ്ടും ചെയ്തില്ലെങ്കിൽ? ചെയ്തില്ലെങ്കിൽ നാല്പതുദിവസത്തിനുള്ളിൽ താൻ (താമി) ചാകുമെന്ന് താമി വിക്കിപ്പറഞ്ഞു. അമ്മായി കോയസ്സനു മുന്നിൽ ആക്രോശിച്ചു: കോയസ്സാ, നിനക്കു നിധി വേണ്ടേ? ഈ കുരുന്നിനെ കൊന്നു ചോര കൊടുത്തോളാ. ഇന്നാ, ബേം കൊല്ല്. അമ്മായി മൂത്താപ്പയുടെ നേർക്ക് കോയമോനെ ഉന്തി. മൂത്താപ്പ നെഞ്ചിൽ കൈവെച്ചു. മൂത്താപ്പയെ കാണാൻ വന്ന കുഞ്ഞയമ്മദ് മാസ്റ്റർ കോയ മോനോട് നീ കോഴിക്കോട്ടേക്കു പോകുന്നതാ നല്ലത് എന്നു പറഞ്ഞു. പണ്ടത്തെപ്പോലെ കോഴിക്കോട്ടേക്കു പോകാൻ ആശയൊന്നുമില്ല. അവിടെ മഞ്ഞക്കിളികളും പനംതത്തയുമില്ല. ബാപ്പയുടെ അടുത്താക്കിത്തരാമെന്നു മാസ്റ്റർ പറഞ്ഞിട്ടും കോയമോന് മാറ്റമുണ്ടായില്ല. അഥവാ വിഭ്രാത്മകമായ അവസ്ഥയിലൂടെ മനസ്സ് സഞ്ചരിക്കാൻ തുടങ്ങിയിരുന്നു. അത് പിടികിട്ടാത്ത പാതകളിലൂടെയുള്ള ഭ്രമണം ആരംഭിച്ചിരിക്കുകയാണ്. അതിൻ്റെ ഭാഗമായാണ് തൻ്റെ ഉമ്മ താമിയെ ആക്രമിക്കുന്നതും, അരിവാളുകൊണ്ടു കൊത്തുന്നതും, താമി പേടിച്ചോടുന്നതും ഉമ്മയെ താത്തയും അമ്മായിയും പിടിച്ചു വെക്കുന്നതും ഒക്കെ കാണുന്നത്. ഉമ്മയെ രക്ഷിക്കേണ്ടത് തൻ്റെ ഉത്തരവാദിത്തമാണ്. കോയമോൻ ശത്രുക്കളെ തട്ടിവെട്ടി മുന്നേറുന്നു. ശത്രുക്കൾ പൂതങ്ങൾ മാത്രമല്ല, അമ്മായിയും താത്തയും അവരിലുണ്ട്. അവർ ശത്രുക്കളുടെ കൂടെയാണ്. കോയമോൻ്റെ കുതിരയെ അവർ പിടിച്ചു കെട്ടുന്നു. വാൾ തട്ടിത്തെറിപ്പിക്കുന്നു. അമ്മായി പിടി വിട്ടിട്ടും താത്ത പിടിവിടുന്നില്ല. അമ്മായി തറയിൽ നിന്നും ചങ്ങലയെടുത്തു. മൊയമ്മതാലിക്കാക്കയെ കെട്ടിയിട്ട ചങ്ങല. ഉമ്മ തരിച്ചു നില്ക്കുകയാണ്. കാലിൽ ചങ്ങലയുമായി കോയമോൻ തൻ്റെ അമ്മയുടെ സാമീപ്യം ആഗ്രഹിക്കുമ്പോൾ നോവൽ പര്യവസാനിക്കുന്നു.


അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ