സമുദ്രലംഘനം (അദ്ധ്യാത്മ രാമായണം കിളിപ്പാട്ട്): എഴുത്തച്ഛൻ
എഴുത്തച്ഛൻ്റെ അദ്ധ്യാത്മരാമായണം കിളിപ്പാട്ട് സുന്ദരകാണ്ഡത്തിൽ നിന്നും ചേർത്ത സമുദ്രലംഘന ഭാഗം.
പതിനാറാം നൂറ്റാണ്ടിൽ കേരളത്തിൽ ജീവിച്ച മഹാകവിയാണ് തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ. ‘മലയാള ഭാഷയുടെ പിതാവ്’ എന്ന് ഇദ്ദേഹത്തെ വിശേഷിപ്പിക്കുന്നു. തിരൂരിലെ തുഞ്ചൻപറമ്പിലാണ് ജനനം. ചിറ്റൂർ ഗുരുമഠത്തിൽ വെച്ച് അന്ത്യം സംഭവിച്ചതായി കരുതുന്നു. അദ്ധ്യാത്മരാമായണം കിളിപ്പാട്ട്, മഹാഭാരതം കിളിപ്പാട്ട് എന്നീ കൃതികൾ എഴുത്തച്ഛൻ രചിച്ചവ തന്നെയെന്ന് പണ്ഡിതലോകം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഉത്തരരാമായണം, ഭാഗവതം കിളിപ്പാട്ട്, ഹരിനാമകീർത്തനം, ഇരുപത്തിനാലു വൃത്തം മുതലായ കൃതികൾ അദ്ദേഹം രചിച്ചതാണോയെന്ന സംശയാസ്പദമേഖലയിൽ പെടുന്നു. ഭക്തിയാണ് അദ്ദേഹത്തിൻ്റെ കൃതികളുടെ ജീവൻ. “ഹൃദയം നിറഞ്ഞ ഭക്തിയും തെളിവുറ്റ ആത്മജ്ഞാനവും അചഞ്ചലമായ ധർമ്മബോധവുമുള്ള ഒരു മഹാത്മാവാണ് എഴുത്തച്ഛനെന്ന്” ‘കൈരളിയുടെ കഥ’യിൽ എൻ. കൃഷ്ണപിള്ള എഴുതുന്നു. ഭക്തിരസപ്രവാഹത്തിൽ പെട്ടാൽ സകലതും അദ്ദേഹം വിസ്മരിക്കും. ഭക്തിപ്രസ്ഥാനത്തിൻ്റെ പോഷണത്തിനുപകരിച്ചവയായിരുന്നു എഴുത്തച്ഛൻ്റെ കൃതികൾ. അതിലൂടെ ഹിന്ദുധർമ്മത്തിനേറ്റ തിരിച്ചടിയെ മറികടക്കാനുള്ള പാലമായി സാഹിത്യം മാറുകയായിരുന്നു. വിദേശാധിപത്യശ്രമങ്ങളും ജാതിവ്യവസ്ഥിതിയുടെ ജീർണ്ണതയും നാടുവാഴി - ജന്മി- ഭൂപ്രഭുക്കളുടെ താണ്ഡവവും വലിയ അസ്വാസ്ഥ്യം വിതച്ച ഭൂമികയിൽ നിന്നാണ്, ഈശ്വരനിൽ വിശ്വസിക്കാനുള്ള ആഹ്വാനമെന്ന വണ്ണം എഴുത്തച്ഛൻ കൃതികളെഴുതുന്നത്.
ദൃക്സാക്ഷിയെന്ന മട്ടിൽ കഥാസന്ദർഭങ്ങളെ പ്രേക്ഷകൻ്റെ മനോമുകുരത്തിൽ നടനം ചെയ്യിക്കാൻ പോന്ന കവനവിരുത് എഴുത്തച്ഛനുണ്ട്. അദ്ധ്യാത്മരാമായണമെന്ന സംസ്കൃതകൃതിയെ ഉപജീവിച്ചാണ് അദ്ധ്യാത്മരാമായണമെന്ന കിളിപ്പാട്ട് എഴുത്തച്ഛൻ രചിച്ചത്. കാവ്യാത്മക ഭാഷയാൽ ചൈതന്യം പ്രസരിക്കുന്ന കൃതിയാണ് അദ്ധ്യാത്മ രാമായണം കിളിപ്പാട്ട്. ഏറെക്കുറെ മൂലഗ്രന്ഥകാരനെ ഈ കൃതിയിൽ പിന്തുടരാൻ എഴുത്തച്ഛൻ ശ്രമിക്കുന്നുണ്ട്. കിളിയെക്കൊണ്ട് കഥ പറയിക്കുന്ന മട്ടിൽ, കിളിപ്പാട്ടുരൂപത്തിലാണ് ഈ കാവ്യം രചിച്ചിട്ടുള്ളത്. സത്യധർമ്മാദിഭാവനകൾക്ക് പ്രചോദനമായ മഹദ്ഗ്രന്ഥങ്ങളിൽ പ്രധാനമായ രാമായണം ഇതിഹാസവുമാണ്, ആദികാവ്യവുമാണ്. തത്ത്വചിന്തയാലും ഭക്തിപ്രഹർഷത്താലും ജനങ്ങളെ ഉദ്ബുദ്ധമാക്കാനുള്ള പ്രത്യേക കഴിവ് അദ്ധ്യാത്മരാമായണത്തിനുണ്ടെന്ന് പറയപ്പെടുന്നു. സാമാന്യജനതയുടെ ആത്മശുദ്ധിയും ആത്മോത്കർഷവും വർദ്ധിപ്പിക്കാൻ അദ്ധ്യാത്മ രാമായണം കിളിപ്പാട്ടിനു സാധിക്കുന്നുവത്രെ.
“കാവ്യം സുഗേയം, കഥ രാഘവീയം
കർത്താവു തുഞ്ചത്തുളവായ ദിവ്യൻ
ചൊല്ലുന്നതോ, ഭക്തിമയ സ്വരത്തിൽ,
ആനന്ദലബ്ധിക്കിനിയെന്തു വേണം?”
എന്നു വള്ളത്തോൾ പാടിയിട്ടുണ്ട്. എഴുത്തച്ഛനെ ‘പുതുമലയാണ്മതൻ മഹേശ്വരനെന്ന്’ വിശേഷിപ്പിച്ച മഹാകവിയാണ് വള്ളത്തോൾ നാരായണമേനോൻ.
രാമകഥയാണ് അദ്ധ്യാത്മ രാമായണത്തിൽ പ്രതിപാദിക്കുന്നത്. ബാലകാണ്ഡം, അയോദ്ധ്യാകാണ്ഡം, ആരണ്യകാണ്ഡം, കിഷ്കിന്ധാകാണ്ഡം, സുന്ദരകാണ്ഡം, യുദ്ധകാണ്ഡം എന്നിങ്ങനെ ആറ് കാണ്ഡങ്ങൾ അദ്ധ്യാത്മ രാമായണത്തിലുണ്ട്.
പാഠസന്ദർഭം സുന്ദരകാണ്ഡത്തിൻ്റെ തുടക്കമാണ്. കിഷ്കിന്ധാകാണ്ഡത്തിൻ്റെ അവസാനഭാഗത്തിൽ ആരാണ് സീതാദേവിയെ കണ്ടെത്തുന്നതിനായി തെക്കേ സമുദ്രം ചാടിക്കടന്ന് ലങ്കയിലെത്തുക എന്നതിനെ സംബന്ധിച്ച് വാനരന്മാരുടെ ഇടയിൽ ഗഹനമായ ചർച്ച നടക്കുന്നു. അതിനു സമർത്ഥനായ ഒരാളേയുള്ളൂ. ഹനുമാനാണത്. അവശ്യസന്ദർഭങ്ങളിൽ ശക്തിയെക്കുറിച്ചു വർണ്ണിച്ചാൽ മാത്രമേ അതിൻ്റെ ഗൗരവം ഹനുമാനുണ്ടാകാറുള്ളൂ. ജാംബവാൻ ഹനുമാൻ്റെ ശക്തിയും വേഗവും ഓർമ്മിപ്പിച്ചു. രാമൻ തൻ്റെ അംഗുലീയകം (മോതിരം) ഹനുമാൻ്റെ കയ്യിലാണ് ഏൽപ്പിച്ചിട്ടുള്ളത്. ഇതിൻ്റെ അർത്ഥമെന്താണ്? ഹനുമാനിത് സാധിക്കുമെന്നല്ലേ? ഹനുമാനേ ഇതു സാധിക്കൂ. ജാംബവാൻ്റെ വാക്കുകൾ കേട്ട ഹനുമാൻ തൻ്റെ ശക്തിയെക്കുറിച്ച് ബോധവാനായി. വളർന്ന്, മലയിൽ അള്ളിപ്പിടിച്ച് ചാട്ടത്തിനു സജ്ജനായി. ഇതുവരെയാണ് കിഷ്കിന്ധാകാണ്ഡത്തിൽ പ്രതിപാദിച്ചിട്ടുള്ളത്. തുടർന്നുള്ള ഭാഗം -സമുദ്രലംഘനം, മാർഗ്ഗവിഘ്നം, ലങ്കാലക്ഷ്മീമോക്ഷം,സീതാസന്ദർശനം, ഹനുമൽ സീതാ സംവാദം, ലങ്കാമർദനം, ലങ്കാദഹനം, ഹനുമാൻ്റെ തിരിച്ചുവരവ് മുതലായ ഭാഗങ്ങളാണ് സുന്ദരകാണ്ഡത്തിലുള്ളത്.നൂറുയോജന വിസ്തൃതിയുള്ള സമുദ്രം മറികടന്ന് ലങ്കയിൽ ചെല്ലാനുറച്ച വായുപുത്രനായ (മാരുതി) ഹനുമാൻ ഏറ്റവും ശ്രേഷ്ഠ മനുഷ്യനായ രാമൻ്റെ കാലടികളാകുന്ന താമരകളെ മനസ്സിലോർത്ത് നിശ്ചലനായി നിന്ന ശേഷം തൻ്റെ കൂട്ടാളികളോട്, തൻ്റെ ഉരത്തബലം പ്രകടിപ്പിച്ചു കൊണ്ട് ഇപ്രകാരം പറഞ്ഞു: “ എൻ്റെ പിതാവായ വായുവിന് തുല്യനായി ഈ ഞാൻ ആകാശമാർഗ്ഗത്തിലൂടെ അതിവേഗത്തിൽ അസുരചക്രവർത്തിയായ (ആശരേശാലയേ) രാവണൻ്റെ കൊട്ടാരത്തിലേക്ക് പോകുകയാണ്. രഘുവംശത്തിലെ അജൻ്റെ മകനാണ് ദശരഥൻ. ആ ദശരഥൻ്റെ പുത്രനായ ശ്രീരാമൻ്റെ അസ്ത്രം പായും പോലെ രാമപത്നിയായ സീതയെ ഇന്നുതന്നെ ഞാൻ കാണും. ആ വിവരം അഖില ജഗത്തിൻ്റെയും അധിപനായ, മുഴുവൻ ലോകങ്ങളുടെയും നാഥനായ രാമനെ അറിയിക്കുകയും ചെയ്യും. തന്നെ ആരാധിക്കുന്ന ജനങ്ങളുടെ ജനന മരണങ്ങളെ ഇല്ലാതാക്കുന്ന (നാമസ്മരണയാൽത്തന്നെ അവർക്കു മോക്ഷം നല്കുന്ന) ബഹുനാമധാരിയാണ് രാമൻ. പ്രാണൻ പോകുന്ന സന്ദർഭത്തിൽ സംസാരസമുദ്രം കടക്കാൻ രാമനാമം സഹായകമാകും. ജനനവും മരണവും ഉൾച്ചേരുന്ന ഈ ജീവിതസമുദ്രത്തെ വേഗത്തിൽ തരണം ചെയ്യാൻ സാധിക്കുമെന്നതിൽ, അദ്ദേഹത്തിൻ്റെ ദൂതനായ ഞാൻ സംശയിക്കുന്നതെന്തിന്? രാമൻ കൂടെ / ഹൃദയത്തിൽ ഉള്ളപ്പോൾ തോൽവിയെങ്ങനെ ഉണ്ടാവാൻ?
എൻ്റെ കരളിൽ രാമനുണ്ട്. എൻ്റെ ശിരസ്സിൽ അദ്ദേഹത്തിൻ്റെ മോതിരവുമുണ്ട്. പിന്നെയെന്തു ഭയം? സമുദ്രം ഉടനടി ഞാൻ ചാടിക്കടക്കുന്നുണ്ട്. വാനരപ്രമുഖരേ, നിങ്ങൾ ഒരു കാരണവശാലും ദുഃഖിക്കരുത്. നിങ്ങളാരും ഭയപ്പെടരുത്, രാമനൊപ്പമുണ്ട് എന്നതു കൂടിയാണ് ഹനുമാൻ ഉദ്ദേശിക്കുന്നത്. ഇപ്രകാരം പറഞ്ഞ് വായുപുത്രനായ (പവന തനയൻ) ഹനുമാൻ വാലുയർത്തിപ്പിടിച്ച്, കൈകൾ വിടർത്തി, കഴുത്ത് നേരെയാക്കി, കാലല്പം വളച്ച്, കണ്ണുകൾ മുകളിലേക്കുറപ്പിച്ച്, രാവണൻ്റെ (ദശവദനൻ) പുരിയിൽ (ലങ്ക) മനസ്സുറപ്പിച്ച്, ദക്ഷിണദേശം നോക്കി ഊക്കിൽ ചാടി.
ഈശ്വര വർണ്ണന നടത്തുമ്പോഴുള്ള എഴുത്തച്ഛൻ്റെ ഭക്തിവിലാസവും, ഹനുമാൻ്റെ ചാട്ടം ആവിഷ്കരിക്കുന്ന സന്ദർഭത്തിൽ ദൃക്സാക്ഷിവിവരണ പടുതയും ഈ കാവ്യഭാഗത്തിൽ കാണാം. വളരെ മനോജ്ഞവും, മലയാള ഭാഷയ്ക്കു പ്രൗഢിയും നല്കുന്ന ഭാഷാ സേവനമാണ് എഴുത്തച്ഛൻ നിർവഹിച്ചിട്ടുള്ളതെന്നതിന് മികച്ച ഉദാഹരണമാണ് ഈ പാഠഭാഗം.


അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ