നരകത്തിൽ- എസ്. ജോസഫ്
നരകത്തിൽ- എസ്. ജോസഫ്
പ്രശസ്ത ഉത്തരാധുനികകവിയാണ് എസ്.ജോസഫ്. ഉത്തരാധുനിക പരിതോവസ്ഥകളെ തൻ്റെ കവിതകളിൽ വളരെ ഫലപ്രദമായി അദ്ദേഹം ആവിഷ്കരിക്കുന്നു. സ്വത്വസംഘർഷവും ആത്മനിരാസവും സാമൂഹികതയുടെ ഭ്രംശവും ഭോഗപ്രിയതയിൽ നഷ്ടമാകുന്ന പ്രതിബദ്ധതയും മൂല്യത്തകർച്ചയുമൊക്കെ പല കവിതകളിലും അദ്ദേഹം വിഷയമാക്കിയിട്ടുണ്ട്. മഹത്തായ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും മഹത്തായ ചിന്തകളുടെയും വിളർച്ചകൾ ഉത്തരാധുനിക സമൂഹം അഭിമുഖീകരിച്ച യാഥാർത്ഥ്യമാണ്. കവികൾ കാലിക യാഥാർത്ഥ്യങ്ങളോടു സമരസപ്പെടുന്നവരും തങ്ങളുടെ ഉത്കണ്ഠകളും വ്യഥകളും കവിതകളിലൂടെ വരച്ചുകാട്ടുന്നവരുമാണ്. എസ്. ജോസഫിൻ്റെ ‘നരകത്തിൽ’ എന്ന കവിതയിലും ഉത്തരാധുനിക സമൂഹത്തിൻ്റെ സങ്കീർണ്ണതകൾ കൊണ്ടുവരുന്നുണ്ട്.
കവി എന്ന സ്വത്വം മുൻനിർത്തി സമൂഹത്തിലെ മേൽത്തട്ടിലുള്ളവർ തന്നോടു കാണിച്ച ഇഷ്ടവും സൗജന്യമനസ്ഥിതിയും ആഖ്യാനം ചെയ്തു കൊണ്ടാണ് കവിത ആരംഭിക്കുന്നത്. ജാതി, മതം, ലിംഗം എന്നിങ്ങനെയുള്ള വേർതിരിവുകൾ സമൂഹത്തിലെ വരേണ്യരെ-ശ്രേഷ്ഠസ്ഥാനത്തുള്ളവരെ- അലട്ടുന്നില്ല. സാമ്പത്തികമായ ഉന്നതി ഇത്തരം വേർതിരിവുകളെ അപ്രസക്തമാക്കുന്നു. സമൂഹത്തിൽ വേറിട്ട അനുഭവം പങ്കിടുന്ന കവികളെപ്പോലുള്ളവരെ - കലാകാരന്മാരെ - അവർ അംഗീകരിക്കുകയും ഇഷ്ടപ്പെടുന്നതായി ഭാവിക്കുകയും ചെയ്യുന്നു. ഈ അന്തരീക്ഷത്തിൽ നിന്നുമാണ്, സാമ്പത്തിക സമത്വം പ്രദാനം ചെയ്യുന്ന ഊഷ്മളതയിൽ നിന്നുമാണ് കവിതയാരംഭിക്കുന്നത്. കവിയെന്ന നിലയ്ക്ക് പല വീടുകളിലും താമസിച്ചിട്ടുണ്ട്. അതിൽ ജാതി, മതം എന്നിവയിൽ വിശ്വസിക്കുന്നവരുണ്ട്, വിശ്വസിക്കാത്തവരും ഉണ്ട്. ചിലർ മിശ്രവിവാഹിതരുമാണ്. പക്ഷേ, കവിയെന്ന നിലയ്ക്കുള്ള പരിഗണന എല്ലായിടത്തുനിന്നും ലഭിച്ചു. വീട്ടിൽ ജാതിചോദിക്കാതെ തന്നെ കയറ്റി. ജാതി ചോദിക്കാത്തതിനാൽ പറയേണ്ടിയും വന്നില്ല. ഭക്ഷണവും തന്നു. വസ്ത്രങ്ങൾ വാങ്ങിത്തന്നവരും വഴിച്ചെലവിന് പണം തന്നവരുമുണ്ട്. കവികളെ ഒരു വ്യവസ്ഥിതിയുടെ ഭാഗമായിട്ടാകണം അവർ അംഗീകരിച്ചത്. അതിനാൽ തങ്ങളുടെ സ്റ്റാറ്റസും പ്രൗഢിയും വിളംബരം ചെയ്യാനുള്ള ഉപാധിയായി ഇതിനെ മാറ്റാൻ ശ്രമിച്ചതുമാകാം. ഇടയ്ക്ക് അവർ വിളിച്ചു ചോദിക്കും:
“ജോസഫേ, നീ എവിടെയാണ്”
“അവിടെ എന്തെടുക്കുവാ”
അവർ ചോദിക്കുമ്പോൾ ജോസഫ് പറയുന്ന മറുപടി, താൻ പക്ഷികളെ നിരീക്ഷിക്കുകയാണ് എന്നാണ്.
പക്ഷികൾ സ്വതന്ത്രരാണ്. പക്ഷങ്ങളാൽ- ചിറകുകൾ - ഇഷ്ടാനുസരണം വിഹരിക്കാൻ സാധിക്കുന്നവയുമാണ്. അവയുടെ ചന്തവും സ്വാതന്ത്ര്യവും ആരെയും ആകർഷിക്കും. അതിനാൽ പക്ഷിനിരീക്ഷണം തൻ്റെ സ്വത്വ നഷ്ടത്തെ സംബന്ധിച്ച കവിയുടെ തിരിച്ചറിവിനെ സൂചിപ്പിക്കുന്നു.
തന്നെ ഇഷ്ടപ്പെട്ട, സ്നേഹിച്ച ഇക്കൂട്ടർക്കു വേണ്ടി താനൊന്നും ചെയ്തില്ലെന്ന പശ്ചാത്താപം കവിയുടെ ഉള്ളിലുണ്ട്. തനിക്കു വേണ്ടി സഹായങ്ങൾ ചെയ്തവരെ തിരിച്ചു സഹായിക്കാതെ മറ്റുള്ളവർക്ക് പല പരോപകാരങ്ങളും കവി ചെയ്യുന്നു. പലരേയും വീട്ടിൽ കൊണ്ടുവരികയും അവർക്ക് ഉടുപ്പുകൾ വാങ്ങിക്കൊടുക്കുകയും ചെയ്തു. അവരുടെ ചികിത്സാച്ചെലവു വഹിച്ചു. വേണ്ടവർക്ക് പണമയച്ചു സഹായിച്ചു. അവരെ ‘ശ്രമണൻ’ എന്ന് ജോസഫാകുന്ന കവി വിളിച്ചു. ശ്രമണൻ എന്ന വാക്കിന് അലഞ്ഞുതിരിയുന്ന സന്യാസി, യാചകൻ എന്നൊക്കെ അർത്ഥം. താണ ജാതിക്കാരൻ എന്നുമുണ്ട് അർത്ഥം. അതുകൊണ്ടുതന്നെ, കവി നിലകൊണ്ടത് അധ:സ്ഥിതവർഗ്ഗത്തിനു വേണ്ടിയാണെന്നു മനസ്സിലാകുന്നു. അവരുടെ ഉന്നമനം കവി ലക്ഷ്യമാക്കുന്നു.
ശ്രമണർക്കായി പ്രവർത്തിക്കെ ധനിക സുഹൃത്തുക്കൾ നുണയനെന്ന് തന്നെ തെറ്റിദ്ധരിക്കുമോ എന്ന ഭയം കവിക്കുണ്ട്. എന്തായാലും തിരിച്ചൊന്നും ചെയ്തില്ല എന്നവർ വിചാരിക്കില്ല. കാരണം, അവർ അത്രമാത്രം വലിയവരാണ്.
കവി വ്യക്തമാക്കുന്നു:
“എൻ്റെ വഴിയാത്രകളിൽ വലിയവരെ മാത്രമേ കണ്ടുള്ളൂ”
ചുറ്റിലുമുള്ള ആഡംബരക്കാഴ്ചകൾ കവിയെ നിരന്തരം വേട്ടയാടി.
തുടർന്ന് തൻ്റെ നിലപാടിലേക്ക് കവി എത്തിച്ചേരുന്നു.
“ഏത് സമനിരപ്പിൽ നിന്ന് നേരേ നോക്കിയാലും നിരപ്പിലുള്ളതു മാത്രമേ കാണാനാവുകയുള്ളു. എല്ലാ സമനിരപ്പുകൾക്കും അവസാനവുമുണ്ട്.”
സമനിരപ്പുകൾ സമൂഹത്തിൻ്റെ നിശ്ചലതയുടെ പ്രതീകമാണ്. സമത്വദർശനമെന്ന ചിന്തയിലേക്കും വായനക്കാരനെ ഈ വാക്ക് കൊണ്ടുപോകുന്നു. സമനിരപ്പുകൾ സമനിരപ്പുകളെ മാത്രം കാട്ടിത്തരുന്നു. തങ്ങൾക്കു സമരായവരെ മാത്രമേ മനുഷ്യരായി നാം അംഗീകരിക്കാറുള്ളൂ. സാമ്പത്തികമായി ഉന്നതിയിലുള്ളവർ അത്തരക്കാരെ മാത്രമേ കാണുന്നുള്ളൂ. കവിയുടെ വഴിയാത്രകളിൽ കാണുന്നത് മുഴുവൻ വലിയവരെയാണ് എന്നു പറയുന്നുണ്ടല്ലോ. സാമ്പത്തികമായും സാമൂഹികമായും ഉന്നതിയിലുള്ളവരാണ് അവർ. സാമൂഹികോന്നമനം സാദ്ധ്യമാകുന്നത് സമ്പത്തിന്റെ മാനദണ്ഡത്തിലാണ്.
എല്ലാ സമനിരപ്പുകൾക്കും അവസാനവുമുണ്ടെന്നും കവി കൂട്ടിച്ചേർക്കുന്നു. അവിടെ നിന്ന് താഴോട്ടു നോക്കുമ്പോഴാണ് നരകം കാണുന്നത്. അതിൻ്റെ ഘോരമായ ചിത്രം കവി നല്കുന്നു.
“തീയിൽ വീണ് നിലവിളിക്കുന്നവർ അപമാനിതർ
കീറിമുറിക്കപ്പെടുന്ന പെണ്ണുങ്ങൾ
ഭ്രാന്തുപിടിച്ചവർ
മതത്തിൽ നിന്നും ജാതിയിൽ നിന്നും താഴെവീണവർ
പിച്ചക്കാർ
ചിതലരിക്കുവോർ”
സമൂഹത്തിൻ്റെ മേൽത്തട്ട് ഭദ്രമാണെങ്കിലും കീഴ്ത്തട്ട് ഭദ്രമല്ലാത്ത സാമ്പത്തിക സാമൂഹികാവസ്ഥയിലേക്ക് പതിച്ച പിന്നോക്കവിഭാഗങ്ങളെയും പ്രാന്തവത്കൃത സമൂഹങ്ങളെയും ഉൾക്കൊള്ളുന്നു. ഭരണകൂടത്തിൻ്റെയും മേലാള വിഭാഗത്തിൻ്റെയും മർദ്ദനങ്ങളും ഉപദ്രവങ്ങളും ഏറ്റുവാങ്ങി നരകത്തിലെന്നപോലെ കഴിയുന്ന മനുഷ്യരെയാണ് കവി ഇവിടെ പരിചയപ്പെടുത്തുന്നത്. കവി തീർച്ചയായും അവർക്കൊപ്പമാണ്. ആരോരുമില്ലാത്ത, നിസ്വർക്കൊപ്പം നിലയുറപ്പിക്കുകയെന്നതാണ് കവിയുടെ ചുമതല. അതിനാൽ അവരെ സഹായിക്കാനുള്ള ദൗത്യത്തിൽ അദ്ദേഹം ഏർപ്പെടുന്നു. മേലാളർ തന്നവയിൽ ചിലതൊക്കെ നരകത്തിലെത്തിച്ചു. പക്ഷേ, തിരികെയെത്താനാവാതെ തീയിൽ കവിയും വെന്തെരിയുന്നു. അപ്പോഴും ആദ്യത്തെ കൂട്ടർ വിളിച്ചന്വേഷിച്ചു. ജോസഫേ നീയെവിടെയാ? ഞാൻ ഈ ഇല്ലിക്കൂട്ടത്തിലുണ്ടെന്ന് കവി പ്രതിവചിക്കും. അവിടെ എന്തെടുക്കുവാ എന്നു ചോദിക്കുമ്പോൾ, പഴയ പടി പക്ഷികളെ നിരീക്ഷിക്കുകയാണെന്ന് ഉത്തരം നല്കും.
ഈ കവിതയിൽ പക്ഷിനിരീക്ഷണമെന്നത്, പാവപ്പെട്ടവരുടെ പ്രയാസങ്ങൾ കണ്ടറിയലാകുന്നു. പാവപ്പെട്ടവർക്കായി നുണ പറയേണ്ടി വരുന്നു കവി. സമൂഹത്തിലെ വരേണ്യവർഗ്ഗം കീഴാളർ അനുഭവിക്കുന്ന വൈഷമ്യങ്ങളൊന്നും അറിയാതെ സുഖമായി കഴിയുന്നു. പക്ഷേ, കവിക്ക് അവരെയുപേക്ഷിക്കാൻ സാധിക്കുന്നില്ല. അവരുടെ പക്ഷത്തു നില്ക്കുമ്പോൾ അവരുടെ ദുരിതമാകുന്ന അഗ്നി തന്നെയും വിഴുങ്ങുന്നതായി തിരിച്ചറിയുന്നു. കവിയുടെ നിലപാടുകൾ അധ:സ്ഥിതവർഗ്ഗത്തിനൊപ്പമാകണമെന്നും ഇന്നത്തെ കാലഘട്ടത്തിൽ സമത്വമെന്നത് സാങ്കല്പിക സമീപനമാണെന്നും കവിത വ്യക്തമാക്കുന്നു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ