മേഘസന്ദേശം: കാളിദാസൻ
മേഘസന്ദേശം: കാളിദാസൻ
വിവ: തിരുനെല്ലൂർ കരുണാകരൻ
കാളിദാസൻ്റെ ഭാവനയുടെ ഉദാത്തമായ പ്രകാശനരംഗമാണ് മേഘസന്ദേശം.
സന്ദേശകാവ്യങ്ങൾക്കു മാർഗ്ഗദർശിയായ ഈ സംസ്കൃതകാവ്യത്തെ അതിശയിക്കുന്ന കാവ്യങ്ങളൊന്നും ഒരു ഭാഷയിലുമുണ്ടായില്ല. അതിനാൽ മേഘസന്ദേശപരിഭാഷകൾക്ക് ലോകസാഹിത്യത്തിൽ വിശേഷിച്ചൊരു സ്ഥാനമുണ്ട്.
മേഘസന്ദേശപരിഭാഷകളെക്കുറിച്ചെഴുതിയ ഡോ. ഇ.വി.എൻ. നമ്പൂതിരി മേഘസന്ദേശപരിഭാഷ എന്ന വിഷയം തിരഞ്ഞെടുക്കാൻ തന്നെ പ്രേരിപ്പിച്ച ഘടകങ്ങൾ എടുത്തു പറയുന്നുണ്ട്. രണ്ടു കാര്യങ്ങളാണ് വിശേഷിച്ചുള്ളത്. ഒന്നാമതായി, മേഘസന്ദേശത്തിന് അനവധി തർജ്ജമകൾ ഉണ്ടായിട്ടുണ്ട്. വൃത്താനുവൃത്ത തർജ്ജമ, പദാനുപദ തർജ്ജമ, സ്വതന്ത്രതർജ്ജമ, ഏകദേശ തർജ്ജമ, അനുകരണം, പുന:സൃഷ്ടി എന്നിങ്ങനെയുള്ള തർജ്ജമ പ്രകാരങ്ങളെല്ലാം അതിനുണ്ടായിട്ടുണ്ടു്. രണ്ടാമതായി, വിവർത്തനത്തിൻ്റെ ഭാഷാശാസ്ത്ര വശങ്ങളെക്കുറിച്ചു പഠിക്കാനും ഇതുപകാരപ്പെടും. കാളിദാസൻ്റെ മേഘസന്ദേശം മന്ദാക്രാന്ത വൃത്തത്തിലാണ്. [17 അക്ഷരം.] എന്നാൽ മൂലകൃതിയേക്കാൾ അക്ഷരങ്ങൾ അധികം വരുന്ന വൃത്തത്തിലാണ് പ്രസിദ്ധ തർജ്ജമകളിൽ പലതും. വി. ചന്ദ്രബാബു, ടി.ആർ. നായർ എന്നിവർ മന്ദാക്രാന്തയിൽ തന്നെയാണ് പരിഭാഷ നിർവഹിച്ചിട്ടുള്ളത്. എ.ആർ. രാജരാജ വർമ്മ, ജി.ശങ്കരക്കുറുപ്പ് എന്നിവരുടേതാണ് പ്രസിദ്ധതർജ്ജമകൾ. അവയിൽ മന്ദാക്രാന്തയേക്കാളും കൂടുതൽ അക്ഷരങ്ങൾ ഉപയോഗിച്ചിരിക്കുന്നു. എആർ. ശാർദ്ദൂലവിക്രീഡിതം- [19അക്ഷരം], ജി. ശങ്കരക്കുറുപ്പ് സ്രഗ്ധര [21 അക്ഷരം]
മലയാളത്തിലെ സ്വതന്ത്രസന്ദേശകാവ്യങ്ങളൊക്കെ എഴുതിയിട്ടുള്ള വൃത്തം മന്ദാക്രാന്തയാണെന്നു കൂടി ഓർമ്മിക്കുക. വലിയവൃത്തങ്ങളിൽ തർജ്ജമ ചെയ്തവർ, ആശയച്ചോർച്ചയുണ്ടാകാതിരിക്കാനാണ് ഇപ്രകാരമുള്ള രീതി സ്വീകരിച്ചതെന്ന് ലേഖകൻ വ്യക്തമാക്കുന്നു.
കുട്ടികൃഷ്ണമാരാർ പദാനുപദ ഗദ്യതർജ്ജമ പ്രശംസനീയമാം വണ്ണം നിർവഹിച്ചിരിക്കുന്നു.
ആശയാനുവാദമെന്ന നിലയിൽ ക്കൂടിയാണ് ഏ.ആർ, ജി എന്നിവരുടെ തർജ്ജമകൾ ശ്രദ്ധേയമാകുന്നത്. അതോടൊപ്പം തിരുനല്ലൂർ കരുണാകരൻ നടത്തിയ തർജ്ജമയും ആശയാനുവാദമാണ്.
തിരുനെല്ലൂരിൻ്റെ വിവർത്തനം ദ്രാവിഡവൃത്തത്തിലാണെന്നതും സവിശേഷമായ വസ്തുതയാണ്.
അതിൽ നിന്നും 12 ഗീതങ്ങളുടെ സംഗ്രഹമാണ് ഇവിടെ നല്കിയിട്ടുള്ളത്.
കാളിദാസൻ്റെ മേഘസന്ദേശം ഒരു യക്ഷൻ തൻ്റെ പ്രിയതമയ്ക്കയക്കുന്ന സന്ദേശവുമായി ബന്ധപ്പെട്ടതാണ്. യക്ഷചക്രവർത്തിയായ വൈശ്രവണൻ്റെ (കുബേരൻ) ആജ്ഞ അനുസരിക്കാത്തതിൻ്റെ പേരിൽ തൻ്റെ അനുചരനെ, അവനുള്ള സിദ്ധികളെല്ലാം പിൻവലിച്ചു അളകാപുരിയിൽ നിന്നും രാമഗിരിയിലേക്ക് നാടുകടത്തുന്നു. യക്ഷൻ തൻ്റെ പ്രേമചാപല്യത്താലാണ് കുബേരൻ്റെ ആജ്ഞ മറന്നുപോയത്. അതിനവന് കടുത്ത ശിക്ഷതന്നെയാണ് ലഭ്യമാകുന്നതും. പ്രിയയെ വേർപിരിഞ്ഞിരിക്കുകയെന്നതാണ് ശിക്ഷ. അതാകട്ടെ, അവനെ സംബന്ധിച്ച് ദുസ്സഹവും. നാടുകടത്തിയതോ? രാമഗിരിയിലേക്കാണ്. രാമഗിരി പുരാണപ്രസിദ്ധമായ നാടാണ്. വനവാസകാലത്ത് രാമനും സീതയും ലക്ഷ്മണനും വിഹരിച്ച ഇടമാണിത്. അതിമനോഹരമായ ഇടം. സ്വാഭാവികമായും പൂക്കളും തളിരുകളും പച്ചപ്പുമൊക്കെ യക്ഷൻ്റെ ഹൃദയവികാരങ്ങളെ ഉജ്ജ്വലിപ്പിക്കാൻ ശക്തിയുള്ളതുമാണ്.
1
തൻ്റെ സിദ്ധികൾ ഇല്ലാതായവനും, പ്രിയയെ വേർപെട്ടവനും, കുബേരനാൽ ഒരു വർഷത്തെ ഏകാന്തവാസം വിധിക്കപ്പെട്ടവനുമായ യക്ഷൻ അതിമോഹനമായ സീതാ സ്നാനം ചെയ്തു പുണ്യതമങ്ങളായ ചോലകളും തണൽമരങ്ങളും നിറഞ്ഞ രാമഗിര്യാശ്രമഭൂമിയിൽ ദുഃഖിതനായി ദിനങ്ങൾ തള്ളിനീക്കി.
2
പ്രിയയെ വേറിടുകയും അപൂർവസിദ്ധികളേകുന്ന സുവർണ്ണവള കയ്യിൽനിന്നൂർന്നു പോവുകയും ചെയ്ത യക്ഷൻ, ആ പർവതപ്രാന്തത്തിൽ കഴിച്ചുകൂട്ടവേ, ആഷാഢമാസത്തിൻ്റെ പ്രാരംഭത്തിൽ, നല്ല ഓജസ്സോടുകൂടി തിണ്ടുകുത്തിയിളക്കി വിനോദിക്കുന്ന മട്ടിൽ കൊമ്പനാനയുടെ രൂപത്തിൽ, നല്ല അഴകോടെ താഴ് വരയെ തഴുകിയെത്തിയ കാർമേഘത്തെ ആ കാമുകൻ കണ്ടു.
3
മേഘനാദം കൈത പൂവിടാൻ കാരണമാണ്. അപ്രകാരമുള്ള മേഘത്തിൻ്റെ മുമ്പിൽ ശോകാർദ്രനായി കുബേരൻ്റെ കിങ്കരൻ ചിന്തിച്ചു നിന്നു. യാതൊരു ദുഃഖവുമില്ലാതെ സുഖിക്കുന്നവർക്ക് ഈ മേഘം കണ്ടാൽ ഭാവമാറ്റമുണ്ടാകും. അപ്പോൾപ്പിന്നെ, താൻ പുണരാൻ കൊതിക്കുന്ന ഒരുവൾ അകലെയിരിക്കുന്ന ഒരുവൻ്റെ കഥയെന്തു പറയാൻ!
4
താൻ തിരിച്ചെത്തുന്നതുവരെ, തൻ്റെ പ്രിയതമ ജീവിച്ചിരിക്കണം. അതിന് ഒരുപാധി മാത്രമേയുള്ളൂ. ഓമലാളെ തൻ്റെ ക്ഷേമവാർത്ത മേഘം മുഖേന അറിയിക്കുകയെന്നതേ നിർവാഹമുള്ളൂ. അതിനാൽ കുടകപ്പാലയുടെ മനോഹരങ്ങളായ ഇളംപൂക്കൾ വാരിയിട്ട് പൂജിച്ച ശേഷം, സന്തോഷഭരിതമായ വാക്കുകളാൽ അവൻ സ്വാഗതം പറഞ്ഞു.
5
ജലം, തീ, പുക, കാറ്റ് എന്നിവയുടെ ചേരുവയായ കാർമേഘവും സജീവ ഇന്ദ്രിയങ്ങളോടു കൂടിയവരാകുന്നു ജീവികൾ പകരേണ്ട സന്ദേശവും വളരെ വ്യത്യസ്തമല്ലേ? എന്നാൽ ഉത്കണ്ഠാകുലനായ യക്ഷൻ ഇങ്ങനെയുള്ള കാര്യമൊന്നുമോർക്കാതെ, മേഘത്തോടിരന്നു. അല്ലെങ്കിൽത്തന്നെ കാമപീഡയനുഭവിക്കുന്നവർക്ക് ചരമെന്നോ [ജീവനുള്ളത് /ചലിക്കുന്നത്] അചരമെന്നോ [സ്ഥിരതയുള്ളത് /ജീവനറ്റത് / ജീവനുണ്ടെങ്കിലും ഇളകാത്തത്] ഭേദബോധമില്ലല്ലോ.
6
വിശ്വപ്രസിദ്ധമായ സപ്തമേഘങ്ങളിൽ പുഷ്കലാവർത്തകമേഘങ്ങളുടെ വംശത്തിൽ പെട്ട നീ ദേവരാജനായ ഇന്ദ്രന് പ്രിയപ്പെട്ടവനും ഇഷ്ടംപോലെ രൂപം മാറാൻ സാധിക്കുന്നവനുമാണ്. ആ നിലയ്ക്കാണ് ദുർവിധിയിൽ പ്രിയ അകലത്തായ ഞാൻ നിന്നോടിരക്കുന്നത്. ശ്രേഷ്ഠകുലത്തിൽ പിറന്ന ഒരു വനോട് ഇരന്നത് കിട്ടിയില്ലെങ്കിലും അത് നീചൻ തരുന്നതിനേക്കാളും നല്ലതാണ്.
7
നീറുന്നവർക്ക് ഏക ആശ്രയമാണ് നീ. അതിനാൽ, എടോ ജീവൻ നല്കുന്നവനേ, ധനാധിപനായ കുബേരൻ്റെ ഇഷ്ടക്കേടു കൊണ്ട് അകലെയായ എൻ്റെ പ്രിയയ്ക്ക്, അളകാപുരിവരെ പോയി, ഒരു സന്ദേശം നല്കണം. ആരാമപ്രാന്തത്തിൽ കാണുന്ന, മഹേശ്വരൻ മുടിയിൽ ചൂടുന്ന നിലാവിനാൽ വെളുത്തു വിളങ്ങുന്ന അളകയാകുന്ന യക്ഷരാജവസതി നീ പൂകണം.
8
ആകാശമാർഗ്ഗത്തിലൂടെ സഞ്ചരിക്കുന്ന നിന്നെ കണ്ട്, പ്രതീക്ഷയാൽ വിരഹിണികൾ ആശ്വസിക്കും. സ്നേഹം പുരണ്ട നോട്ടത്താൽ, മോഹനങ്ങളായ കുറുനിരകൾ ഒതുക്കിപ്പിടിച്ചവർ നിന്നെ കാണും. നീ സന്നദ്ധനായാ, വിരഹത്തിൽ ദുഃഖിതയായി കഴിയുന്ന പ്രിയതമയെ കയ്യൊഴിയാൻ ആർക്കാണ് കഴിയുക? എന്നെപ്പോലെ പരാധീനനായി മറ്റൊരാളില്ലെന്നത് ഓർക്കുക.
9
നല്ല യോജിപ്പുള്ള കാറ്റ് അങ്ങയെ ഇതാ ഇളക്കുന്നത്. നിൻ്റെ മാർഗ്ഗത്തിൻ്റെ ഇടത്തിരുന്ന് കൂട്ടുകാരനായ വേഴാമ്പലിതാ കൂവുന്നു. വെള്ളിൽപ്പറവകൾ ആകാശമാർഗ്ഗത്തിൽ അങ്ങേയ്ക്ക് കൂട്ടായി, ഗർഭസമ്പാദനമോഹത്തോടുകൂടി വന്ന് അങ്ങയെ ബഹുമാനിക്കും.
10
നിൻ്റെ അനുജൻ്റെ ഭാര്യയെ, നാളുകൾ എണ്ണിയെണ്ണിക്കഴിയുന്ന ആ സതിയെ നിനക്ക് ജീവനോടെ കാണുവാൻ പെട്ടെന്നു തന്നെ പോയാൽ സാധിക്കും. വേർപാട് മനസ്സിനെ ഉലക്കുന്നതാണ്. ആ രാഗാർദ്രമായ മനസ്സ് അറ്റുവീഴുവാനൊരുങ്ങെ, ആശ, പ്രതീക്ഷ, അവർക്ക് പുതുജീവൻ നല്കിയെന്നു വരും.
11
കന്നിമണ്ണിൻ്റെ വന്ധ്യതയകറ്റുന്ന നിൻ്റെ (മേഘ) ഗർജനം ചെവികൾക്ക് എത്രമാത്രം മാധുര്യം പകരുന്നു! മാനസസരസ്സിലേക്ക് അണയാൻ വെമ്പിപ്പറക്കുന്നവരും ഭക്ഷണത്തിനായി താമര ആണ്ടുകളേന്തിപ്പറക്കുന്നവരുമായ രാജഹംസങ്ങൾ കൈലാസം വരെ അങ്ങേയ്ക്കു കൂട്ടാകും.
12
രാമൻ്റെ പരിശുദ്ധമായ പാദങ്ങൾ പതിഞ്ഞ ഈ താഴ്‌വരകളാൽ ശിരസ്സുയർത്തി സമീപത്തു നില്ക്കുന്ന ഈ പർവതസുഹൃത്തിനെ പുല്കി യാത്ര ചോദിക്കുക. ഈ പർവതശ്രേഷ്ഠൻ വർഷം വരുമ്പോൾ താങ്കളെ കണ്ടുകിട്ടുന്ന സന്ദർഭത്തിലൊക്കെ അങ്ങയോട് കൂറു പ്രകടിപ്പിക്കാറുണ്ട്.
കാളിദാസൻ്റെ വരികളുടെ ആശയപ്രൗഢിയും ഭാവനയുടെ ശ്രേഷ്ഠതയും ഉൾക്കൊണ്ടാണ് തിരുനെല്ലൂർ തൻ്റെ വിവർത്തനം തയ്യാറാക്കിയിട്ടുള്ളത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ